ഞ്ചാം വയസ്സില്‍ വിവാഹിതനായി ഇരുപതാം വയസ്സില്‍ ഡല്‍ഹിയിലേക്കു ചേക്കേറി 'ബാബാ കാ ദാബ' എന്ന പേരില്‍ ചായക്കട നടത്തി ജീവിച്ച കാന്താപ്രസാദിനെ അത്ര പെട്ടെന്നാരും മറക്കില്ല. കോവിഡ് കാലത്ത് കച്ചവടം ദുരിതത്തിലായെന്ന് മിഴിനീരോടെ കാന്താപ്രസാദ് പറയുന്ന വീഡിയോ ഒറ്റ ദിവസം കൊണ്ട് സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ പലരും കാന്താപ്രസാദിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എണ്‍പതുകാരനായ കാന്താപ്രസാദിന്റെ ബാബാ കാ ദാബയിലെ രുചിയറിയാന്‍ ബോളിവുഡ് താരം അപര്‍ശക്തി ഖുറാന എത്തിയതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ബാബാ കാ ദാബയുടെ ദയനീയാവസ്ഥ പുറത്തുകൊണ്ടുവന്ന ഫുഡ് ബ്ലോഗര്‍ ഗൗരവ് വാസനൊപ്പമാണ് അപര്‍ശക്തി ദാബ സന്ദര്‍ശിച്ചത്. ബാബാ കാ ദാബ സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ടെന്നും എത്ര ആഹ്ലാദത്തോടെയാണ് അദ്ദേഹം ഓരോരുത്തര്‍ക്കും ഭക്ഷണം വിളമ്പുന്നതെന്നും അപര്‍ശക്തി പറഞ്ഞു. ഗൗരവ് ഈ സ്ഥലത്തെക്കുറിച്ച് പങ്കുവച്ചപ്പോള്‍ തന്നെ ഡല്‍ഹിയില്‍ എത്തിയാലുടന്‍  ഇവിടം സന്ദര്‍ശിക്കുമെന്ന് തീരുമാനിച്ചതായിരുന്നുവെന്നും അപര്‍ശക്തി പറയുന്നു. 

ഭക്ഷണത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും അപര്‍ശക്തി. ഉച്ചഭക്ഷണത്തിനായി അഞ്ചു റൊട്ടികള്‍ അടുത്തിടെയൊന്നും താന്‍ കഴിച്ചിട്ടില്ല. അത്ര രുചികരമായിരുന്നു അവിടെ തയ്യാറാക്കിയ മട്ടര്‍ പനീര്‍. തന്റെ മുത്തശ്ശിയുടെ പാചകത്തെയാണ് ഓര്‍മ വന്നതെന്നും അപര്‍ശക്തി. 

നിലവില്‍ കാന്താപ്രസാദിനെയും ഭാര്യയെയും സഹായിക്കാന്‍ രണ്ട് ചെറുപ്പക്കാരും കടയിലുണ്ട്. ആ ആണ്‍കുട്ടികള്‍ ചെയ്യുന്നതാണ് യഥാര്‍ഥ മനുഷ്യത്വം, രാവിലെ മുതല്‍ രാത്രിവരെ തിരക്കുള്ള ദാബയില്‍ ഓരോ സഹായവും ചെയ്ത് കൂടെയുണ്ട് അവര്‍. സാമ്പത്തിക സഹായത്തേക്കാളുപരി അധ്വാനിച്ച് ജീവിക്കണം എന്നാഗ്രഹിക്കുന്നവരാണ് കാന്താപ്രസാദും ഭാര്യയും. അറുപത്, എഴുപത് വര്‍ഷത്തോളം ജോലി ചെയ്താണ് ഇപ്പോള്‍ എണ്‍പതാം വയസ്സില്‍ കാന്താപ്രസാദിനെ അംഗീകാരം തേടിയെത്തിയത്. അതുകൊണ്ട് ആളുകള്‍ ബാബാ കാ ദാബയിലെത്തി ഭക്ഷണം കഴിക്കുകയും അതിനുള്ള പണം നല്‍കുകയുമാണ് ചെയ്യേണ്ടതെന്നും അപര്‍ശക്തി പറയുന്നു. 

ഗൗരവ് വാസന്‍ പകര്‍ത്തിയ വീഡിയോയാണ് ട്വിറ്ററിലൂടെ ബാബയുടെ ദുരിതം ലോകത്തെ അറിയിച്ചത്. ഭാര്യ ബദാമി ദേവിക്കൊപ്പം ഏറെക്കാലമായി ധാബ നടത്തുകയാണ് ബാബ. ഇവരുടെ അധ്വാനം ദിവസവും രാവിലെ ആറരയ്ക്കു തുടങ്ങും. മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയുമൊക്കെ ഇവിടെ കിട്ടും. എന്നാല്‍, കോവിഡ് കാലത്ത് നിത്യവൃത്തിക്കുള്ള പണംപോലും കച്ചവടത്തിലൂടെ കിട്ടുന്നില്ലെന്ന് ബ്ലോഗറോടു സംസാരിക്കവേ ബാബയുടെ മുഖം കണ്ണീരില്‍ക്കുതിരുകയായിരുന്നു. കോവിഡ് തകര്‍ത്തെറിഞ്ഞ നിസ്സഹായ ജീവിതങ്ങളെക്കുറിച്ചുള്ള ദൃശ്യവിവരണം ട്വിറ്ററില്‍ വൈറലായി. ക്രിക്കറ്റ്താരം ആര്‍ അശ്വിന്‍, ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, രവീണ ടണ്ഠന്‍, സുനില്‍ ഷെട്ടി തുടങ്ങിയവരും കാന്താപ്രസാദിന്റെ വീഡിയോ പങ്കുവച്ചിരുന്നു. 

Content Highlights: Aparshakti Khurana Enjoys “Best Matar Paneer Ever” At Baba Ka Dhaba