ചട്ടയും മുണ്ടുമുടുത്തൊരു ചേടത്തിയാണിപ്പോൾ യൂട്യൂബിലെ താരം. അന്നാമ്മച്ചേടത്തി സ്പെഷ്യൽ എന്ന യൂട്യൂബ് ചാനലിൽ നാടൻവിഭങ്ങളൊരുക്കി ഭക്ഷണപ്രേമികളുടെ ചങ്കായി മാറിയിരിക്കുന്നു ഈ എഴുപത്തിയെട്ടുകാരി. പഴമയുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ചേടത്തിയെ മലയാളികൾ സ്വന്തമാക്കിക്കഴിഞ്ഞു. വയനാട് നടവയൽ പുളിവേലിൽ വീടിന്റെ അടുക്കളപ്പുറത്തെ മീൻകറിയുടെ സുഗന്ധം ലോകമെമ്പാടും അലയടിക്കുകയാണ്. മലയാളികൾക്കിടയിൽ നാടൻ വിഭവങ്ങളുടെ ബ്രാൻഡ് അംബാസിഡറായിമാറിയ അന്നാമ്മച്ചേടത്തിയുടെ യൂട്യൂബ് ചാനൽ പിന്തുടരുന്നത് ആറരലക്ഷം പേർ. ലോകം ചുറ്റിയടിക്കുന്ന യൂത്തൻമാരെപ്പോലും അമ്പരപ്പിച്ച ഓൾഡ് ജനറേഷൻ യൂട്യൂബറുടെ വിശേഷങ്ങളറിയാം.
ഓണംതുരുത്ത് ടു നടവയൽ
കോട്ടയം ജില്ലയിലെ ഓണംതുരുത്താണ് അന്നാമ്മച്ചേടത്തിയുടെ സ്വദേശം. മൂന്നാംതരം വരെയേ പഠിക്കാനായുള്ളൂ. പതിനെട്ടാം വയസിൽ വയനാട്ടിലെത്തി. കുടിയേറ്റകാലത്ത് ചുരംകയറുമ്പോൾ പട്ടിണിയും പരിവട്ടവുമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. കൂലിപ്പണിയും പാചകവുമായി ആയകാലത്തെല്ലാം അധ്വാനിച്ചു. ആറുമക്കളെ അല്ലലില്ലാതെ വളർത്താനുളള ഒറ്റയാൾപോരാട്ടമായിരുന്നു അത്. വയനാട്ടിലെത്തിയതിനുശേഷമുളള ആറുപതിറ്റാണ്ടുകൾ ഓർത്തെടുക്കുമ്പോൾ ഒന്നിനെയോർത്തും ദു:ഖമില്ല അന്നാമ്മച്ചേടത്തിക്ക്. എല്ലാ പ്രതിന്ധികളെയും മനോധൈര്യംകൊണ്ട് നേരിട്ട ചേടത്തിയിന്ന് വേറെ ലെവലാണ്. ലോകോത്തര ബ്രാൻഡുകളുടെ പരസ്യമുളള യൂട്യൂബ് ചാനലിന്റെ ഉടമ. ഒന്നിടവിട്ട ദിവസങ്ങളിൽ നാവിൽ കൊതിയൂറും വിഭവങ്ങളുമായി സ്ക്രീനിൽ തെളിയുന്ന അന്നാമ്മച്ചിയെ ലോകമെമ്പാടുമുളള മലയാളികൾ കാത്തിരിക്കുന്നു.
തൊട്ടതെല്ലാം വൈറൽ
വീടിനടുത്ത് ഓസാനാം ഭവൻ അഗതിമന്ദിരത്തിൽ പാചകക്കാരിയായിരുന്നു മൂന്നുവർഷം മുമ്പുവരെ. കഴിഞ്ഞവർഷം ഒരു സ്വകാര്യ ചാനലിനായി കുക്കറിഷോ ചെയ്തു. ആ അനുഭവത്തിൽനിന്നാണ് സ്വന്തംചാനൽ എന്ന ആശയമുദിക്കുന്നത്. സാങ്കേതികസഹായത്തിന് യൂട്യൂബറും അയൽവാസിയുമായ സച്ചിനെ കിട്ടിയതോടെ സംഗതി ഉഷാറായി. പുളിവേലിൽ വീടിന്റെ പിന്നാമ്പുറത്ത് അന്നാമ്മച്ചേടത്തി സ്പെഷ്യലിന്റെ അടുക്കളയൊരുങ്ങി. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ആദ്യവീഡിയോ പുറത്തിറങ്ങി. ചട്ടയും മുണ്ടുമുടുത്ത് നല്ല വടിവൊത്ത കോട്ടയം ഭാഷയിൽ പാചകവിശേഷങ്ങളുമായി ചേടത്തി സ്ക്രീനിലെത്തി. സഹായത്തിന് മകൻ ബാബുവും. കപ്പബിരിയാണിയുടെ ആദ്യ വീഡിയോ യൂട്യൂബിൽ ഇതുവരെ കണ്ടത് പതിമൂന്നുലക്ഷത്തിലധികം പേരാണ്. കാന്താരിമുളകിൽ പൊരിച്ച മീൻ, പുളിയൻമാങ്ങയിട്ട മത്തിക്കറി, പോർക്ക് ഉലർത്ത്, അമ്മച്ചിയുടെ പൊതിച്ചോർ അങ്ങനെ വിഭവങ്ങളെല്ലാം നാട്ടിൽ പാട്ടായി. ലോകമെമ്പാടുമുളള മലയാളികൾ അന്നാമ്മച്ചേടത്തി ഫാൻസായി. ഒമ്പതുമാസം കൊണ്ട് ആറരലക്ഷം സബ്സ്ക്രൈബേഴ്സ്, ഓരോ വീഡിയോയ്ക്കും ഒരുലക്ഷംമുതൽ പതിമൂന്നുലക്ഷംവരെ കാഴ്ചക്കാരും. സുഖമായി ജീവിക്കാനുളള വരുമാനവും യുട്യൂബിൽ നിന്ന് കിട്ടുന്നു. ഒരു മില്യൺ സബ്സ്ക്രൈബേഴ്സ് എന്ന സ്വപ്നത്തിലേക്ക് അതിവേഗം കുതിക്കുകയാണിപ്പോൾ. ഒരുപക്ഷേ, കേരളത്തിൽ ഈ കടമ്പ കടക്കുന്ന ഏറ്റവും പ്രായമേറിയ യൂട്യൂബർ അന്നാമ്മച്ചേടത്തിയായേക്കാം.
ഒന്നൊന്നര മീൻകറി
മുളകിട്ട മീൻകറിയാണ് അന്നാമ്മച്ചേടത്തിയുടെ സ്പെഷ്യൽ ഐറ്റം. കുടംപുളിയുടെ സത്തെടുത്ത് മുളകുപൊടിയും ചേർത്തുളള മീൻകറി തിളക്കുമ്പോൾ വായിൽ കപ്പലോടും. വീഡിയോ തീരുംമുമ്പ് കാഴ്ചക്കാർ മീൻവാങ്ങാൻ കടയിലേക്കോടും. ചക്കപ്പുഴുക്കിന്റെ വീഡിയോ കണ്ട് അമേരിക്കയിൽ നിന്നൊരാൾ ഫോണിൽ വിളിച്ചു. എന്റെ അമ്മച്ചീ ഈ രാത്രിയിൽ ഞാനിവിടെ ഏത് പ്ലാവിന്റെ മുകളിൽ കയറാന, ഇങ്ങനെ കൊതിപ്പിക്കല്ലേ... അത്ര ലളിതവും ആകർഷകവുമാണ് അന്നാമ്മച്ചേടത്തിയുടെ പാചകവിവരണം. ചാനൽകണ്ട് നല്ല പാചക്കാരായവർ കമന്റ് ബോക്സിൽ അനുഭവം പങ്കുവെക്കും. ശുദ്ധവെജിറ്റേറിയനായിരുന്ന മക്കൾക്കിപ്പോൾ മീനും പോർക്കുമില്ലാതെ പറ്റില്ലെന്ന് ചിലർ. ചക്കക്കുരു മാങ്ങാക്കറിയുടെ വീഡിയോ വരുന്നതുംകാത്ത് ചക്കക്കുരു വാങ്ങിവെച്ച് കാത്തിരിക്കുകയാണെന്ന് ഗൾഫിലെ ദമ്പതികൾ. ഇംഗ്ലണ്ടിലെ മലയാളിയുടെ രണ്ടു ഹോട്ടലുകളിൽ പ്രധാനവിഭവങ്ങളിലൊന്ന് കപ്പബിരിയാണിയാണ്. അതിന്റെ പാചകക്കൂട്ട് അന്നാമ്മച്ചേടത്തിയുടേതും. കപ്പബിരിയാണിയുടെ വീഡിയോകണ്ട് ഹോട്ടലുടമ പലതവണ വിളിച്ചു. അന്നാമ്മച്ചേടത്തി സംശയങ്ങൾ തീർത്തുകൊടുത്തു. മൂന്നാലുമാസമായി കപ്പബിരിയാണിയാണ് അവിടെ താരം. ചേനപ്പൂവ് തോരൻ, പുറ്റുമണ്ണിൽ വേവിച്ച കോഴി, കൂർക്കയിട്ട പോർക്ക് അങ്ങനെ വിഭവങ്ങളുടെ പട്ടിക നീളുന്നു.
ഇടിവെട്ട് ഡയലോഗുകൾ
തുടക്കത്തിലെ ഹായ്... ഒടുക്കം ഒരു ബായ്... യൂട്യൂബ് വിഡിയോകളിൽ അന്നാമ്മച്ചേടത്തിയുടെ ട്രേഡ്മാർക്കാണത്. കൊതിപ്പിക്കുന്ന പാചകവിദ്യയ്ക്കിടെ ഇടിവെട്ട് ഡയലോഗുകൾ തട്ടിവിടും. പാചകത്തിന്റെ ഇടവേളകളിൽ രസകരമായ ജീവിതാനുഭവങ്ങൾ പങ്കുവെക്കും. വീഡിയോ മുഴുവൻ കാണാൻ പിടിച്ചിരുത്തുന്നത് സംഭാഷണമാണ്. 'ഈ മീൻകറി കളളുഷാപ്പിലെങ്ങാനും കിട്ടിയാലുണ്ടല്ലോ പിടിച്ചുപറിയായിരിക്കും, കളളിനൊപ്പം നല്ല അടിപൊളി കോമ്പിനേഷനാ ഈ കറി'- സ്പെഷ്യൽ മീൻകറി കയ്യിലുയർത്തി അന്നാമ്മച്ചേടത്തി പറയുന്നു. അഞ്ചാംവയസിൽ അപ്പന്റെകൂടെ നാട്ടിലെ കളളുഷാപ്പിൽ കപ്പയും മീൻകറിയും കഴിച്ച ഓർമയിലേക്ക് പോകുമ്പോൾ ആവേശമേറുന്നു. 'കളളിനെക്കുറിച്ച് പറഞ്ഞാൽ നൂറുനാവാണ് അമ്മച്ചിക്ക്, പക്ഷേ ഞങ്ങളെക്കൊണ്ടൊരു തുളളി കുടിക്കാൻ സമ്മതിക്കത്തില്ല'- മകൻ ബാബുവിന്റെ വാക്കുകൾ. ഞങ്ങൾ കറിവെച്ചാ മീൻകറിയ്ക്ക് വെളളച്ചുവയാണല്ലോ അമ്മച്ചീ എന്ന പെൺമക്കളുടെ പരിഭവത്തിന് 'നിങ്ങൾ ഒരുകിണറ്റിലെ വെളളംമുഴുവൻ കറിയിൽ കോരിയൊഴിച്ചാലെങ്ങനാടീ കറി നന്നാകുന്നേ' എന്നാണ് അമ്മച്ചിയുടെ മാസ് മറുപടി.
ആറരലക്ഷം മക്കൾ
യൂട്യൂബിലെ ലൈക്കും ഷെയറും സബ്സ്ക്രൈബേഴ്സുമൊന്നും അമ്മച്ചിയെ ബാധിക്കുന്ന വിഷയമേയല്ല. അമ്മയെപ്പോലെ സ്നേഹിക്കുന്ന ലക്ഷങ്ങളുടെ കരുതലാണ് അന്നാമ്മച്ചേടത്തിയുടെ കരുത്ത്. മുഖഭാവം മാറിയാൽ, കുറച്ചുദിവസം കാണാതായാൽ അപ്പോൾ വിളിയെത്തും. അമേരിക്കയിലും ഓസ്ട്രേലിയയിലും ഗൾഫിലുമെല്ലാം എനിക്ക് മക്കളുണ്ട്. എന്തൊരു സ്നേഹമാണെന്നോ.. അന്നാമ്മച്ചേടത്തി പറയുന്നു.
ഇഷ്ടം പനംകുറുക്കും പരിപ്പുവടയും
കുടപ്പനയിൽ നിന്നുണ്ടാക്കുന്ന പനംകുറുക്കാണ് ഇഷ്ടവിഭവം. പിന്നെ പരിപ്പുവടയും. നൂറ്റമ്പതോളം വീഡിയോ ചെയ്തെങ്കിലും പനംകുറുക്ക് ഉണ്ടാക്കാനാകാത്ത വിഷമമുണ്ട്. നാട്ടിൽ അന്വേഷിച്ചിട്ടുപോലും കുടപ്പന കിട്ടാനില്ലാത്തതാണ് തടസം. മീൻകറിയാണ് പ്രധാന ഐറ്റമെങ്കിലും ചേടത്തിക്ക് ഇഷ്ടം പച്ചക്കറി വിഭവങ്ങളോടാണ്. പോത്തിറച്ചിയും പന്നിയിറച്ചിയും കുറച്ചുമാത്രം കഴിക്കും. പിന്നെ തൊടിയിൽ വിളയുന്ന പയറും ചേമ്പും കൂണുമെല്ലാമാണ് പ്രിയം. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കിന്റെ രഹസ്യമിതാണെന്ന് ചുരുക്കം.
അന്നാമ്മച്ചേടത്തിയെ സിനിമേലെടുത്തോ?
സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ പോകുമോയെന്ന് ആരാധകരിലൊരാളുടെ ചോദ്യം. ഈ പ്രായത്തിലിനി വേണോ? നിങ്ങൾക്കിഷ്ടമാണെങ്കിൽ അരക്കൈ നോക്കാം എന്ന് ചേടത്തിയുടെ മറുപടി. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയിൽ ഷീലയവതരിപ്പിച്ച ത്രേസ്യാമ്മച്ചേടത്തിയോട് സാമ്യമേറെയുണ്ട് അന്നാമ്മച്ചേടത്തിക്ക്. മോഹൻലാലിന്റെ സിനിമകളാണിഷ്ടം. അതിൽ തന്നെ ഇടിപ്പടങ്ങളോട് പ്രിയമേറെ. പണ്ടൊക്കെ തിയേറ്ററിൽപോയി സിനിമ കാണുമായിരുന്നു. ആർപ്പുവിളിയും ബഹളവുമായാണ് സിനിമകാണൽ. ഇനിയുളള ആഗ്രഹങ്ങളിൽ വലുതേതെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ: ''കോട്ടയത്തുപോകണം, ഓണംതുരുത്തിലെ പളളിക്കൂടത്തിലും പളളിമുറ്റത്തും നടക്കണം. ജനിച്ച നാടിനോടുളള ആത്മബന്ധം അങ്ങനെയൊന്നും മറക്കാനൊക്കത്തില്ലല്ലോ?''. ബാല്യകാലത്തിന്റെ ഓർമ്മകളിലെത്തുമ്പോൾ ചേടത്തി പഴയ ഓണംതുരുത്തുകാരിയാകുന്നു.
അന്നാമ്മച്ചേടത്തിയുടെ ഭർത്താവ് സ്റ്റീഫൻ 20 കൊല്ലംമുമ്പ് മരിച്ചു. മക്കൾ മോളി, തോമസ്, ലിസി, ബാബു, ഷൈമോൾ, പരേതയായ ഷൈനി. മകൻ ബാബുവിനൊപ്പമാണ് താമസം. ബാബുവും ഭാര്യ അന്നയും മക്കളായ അനു, അജു, അജയ് എന്നിവരും അമ്മച്ചിയുടെ യൂട്യൂബ് ചാനലിന് പിന്തുണനൽകി അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നു.
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
Content Highlights;Annammachedathi Special, A 72 year old women youtuber from kerala