വിലയേറിയ വിവാഹ സമ്മാനങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെ സാധാരണമാണ്. എന്നാല്‍ വിവാഹിതയായ മകള്‍ക്ക് പിതാവ് നല്‍കിയ സമ്മാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോള്‍. 1000 കിലോയുടെ മീന്‍, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീന്‍, 250 കിലോ പലഹാരങ്ങള്‍, 250 കിലോ പലചരക്ക് സാധനങ്ങള്‍, 250 കുപ്പി അച്ചാറുകള്‍, 50 കോഴികള്‍, പത്ത് ആട് എന്നിവയാണ് വിവാഹ സമ്മാനമായി പിതാവ് നല്‍കിയത്. 

ആന്ധ്രപ്രദേശിലെ ബിസിനസ്സുകാരനായ ബട്ടുല ബാലരാമ കൃഷ്ണ എന്നയാളാണ് തെലുങ്ക് ആചാരപ്രകാരമുള്ള ആഷാഡ മാസത്തിലെ ചടങ്ങിനായി ഇത്രയും സാധനങ്ങള്‍ മകളുടെ വീട്ടിലെത്തിച്ചത്. പുതുച്ചേരിയിലെ യാനത്തുള്ള ബിസിനസ്സുകാരന്റെ മകന്‍ പവന്‍ കുമാറിനാണ് ബാലരാമ മകള്‍ പ്രത്യുഷയെ വിവാഹം ചെയ്തു നല്‍കിയത്. മകളുടേയും മരുമകന്റേയും ആദ്യ ആഷാഡമാണിത്. ഈ അവസരത്തിലാണ് കൂറ്റന്‍ ഉപഹാരം പിതാവ് നല്‍കിയത്.

മകളോടോ വീട്ടുകാരോടോ സമ്മാനത്തെ കുറിച്ച് ബാലരാമ പറഞ്ഞിരുന്നില്ല. വലിയ ലോറിയില്‍ ഇത്രയധികം സാധനങ്ങള്‍ യാനത്തുള്ള വീട്ടിലേക്ക് എത്തിയപ്പോള്‍ ആദ്യം അമ്പരന്നു പോയതായി ബാലരാമയുടെ മകളും ഭര്‍ത്താവും വീട്ടുകാരും പറയുന്നു.

Content Highlights: Andhra father gifts 1000kg fish, 250kg sweets, 10 goats, 250 pickle jars to newlywed daughter