കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ കമലത്താല്‍ എന്ന എണ്‍പതുകാരി ഒരു അത്ഭുതമാണ്. കമലത്താല്‍ എന്നു പറഞ്ഞാല്‍ അറിയണമെന്നില്ല. എന്നാല്‍, ഇഡ്ഡലി അമ്മ എന്നു പറഞ്ഞാല്‍ അറിയാത്തവര്‍ ഉണ്ടാവില്ല ഭക്ഷണപ്രേമികളില്‍. ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ്  ഹിറ്റായ ആളാണ് കമലത്താല്‍. മുപ്പത് വര്‍ഷമായി ഇഡ്ഡലി അമ്മ കോയമ്പത്തൂരിലെ ഒരു കൊച്ചു കടയില്‍ ഇങ്ങനെ ലാഭേച്ഛയില്ലാതെ വിറകടുപ്പില്‍ തീയൂതി ഇഡ്ഡലി ഉണ്ടാക്കി വിറ്റുവരുന്നു.

കഴിഞ്ഞ ദിവസം ഇഡ്ഡലി അമ്മയുടെ ഒരു വലിയ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. സ്വന്തമായൊരു വീടും ഒരു ഗ്യാസ് അടുപ്പും. വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയാണ് ഇഡ്ഡലി അമ്മയുടെ ജീവിതസാഹചര്യം കണ്ട് അവര്‍ക്ക് വീടും അടുപ്പുമെല്ലാം സമ്മാനിച്ചത്. കടയും വീടും കൂടി ചേര്‍ന്ന സ്ഥലം വാങ്ങി ഇഡ്ഡലി അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കുകയായിരുന്നു മഹീന്ദ്ര.

വിറകടുപ്പില്‍ കമലത്താല്‍ തീയൂതി ഇഡ്ഡലി ഉണ്ടാക്കുന്നതിന്റെ വീഡിയോ കണ്ടശേഷമാണ് മഹീന്ദ്ര അവര്‍ക്ക് സഹായഹസ്തവുമായി എത്തിയത്. ഒരു എല്‍.പി.ജി കണക്ഷന്‍ എടുത്ത് അവരുടെ ബിസിനസില്‍ 'നിക്ഷേപ'മിറക്കാന്‍ ഞാന്‍ സന്നദ്ധനാണ്. എന്നായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്. പിന്നീടാണ് വസ്തു അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കിയ തൊണ്ടമുത്തൂര്‍ രജിസ്റ്റര്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് മഹീന്ദ്ര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 ഇഡ്ഡലി അമ്മയുടെ ആവശ്യാര്‍ഥം മഹീന്ദ്രയുടെ റിയല്‍ എസ്‌റ്റേറ്റ് വിഭാഗം വീടും ഹോട്ടലും ചേര്‍ന്നൊരു കെട്ടിടം നിര്‍മിച്ചുനല്‍കുമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. അവര്‍ക്ക് ഒരു ഗ്യാസ് കണക്ഷനും സ്റ്റൗവും മഹീന്ദ്ര ഗ്രൂപ്പ് സംഘടിപ്പിച്ചുകൊടുത്തു.

അതേസമയം ഗ്യാസ് അടുപ്പ് ശരിയാവുകയും പുതിയ കെട്ടിടം ഉടന്‍ ശരിയാവാനുള്ള സാധ്യത തെളിയുകയും ചെയ്‌തെങ്കിലും തന്റെ ഇഡ്ഡലിക്ക് വില കൂട്ടുന്ന പ്രശ്‌നമില്ലെന്ന് അവര്‍ ദി ഹിന്ദുവിനോട് പറഞ്ഞു.

Content Highlights: Anand Mahindra fulfills the dream of Idli Amma