ലതരം ഭക്ഷണ പരീക്ഷണങ്ങളിലായിരുന്നു ലോക്ഡൗണ്‍ കാലത്ത് പലരും. പലതും വായില്‍ വെള്ളം നിറയ്ക്കുന്നവയാണെങ്കിലും ചിലതൊക്കെ ഞെട്ടിക്കുന്നവയായിരുന്നു. മാഗി ചേര്‍ത്ത ഐസ്‌ക്രീമും ബട്ടര്‍ ചേര്‍ത്ത ചായയുമൊക്കെയായി ഇഷ്ടവിഭവങ്ങളെ വെറുപ്പിക്കുന്ന കോമ്പിനേഷനുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അത്തരത്തില്‍ കാപ്പി പ്രിയരെ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

കാപ്പി പലതരത്തില്‍ കിട്ടും. ഹോട്ട്, കോള്‍ഡ്, ക്രീം ചേര്‍ന്നത് എന്നിങ്ങനെ. എന്നാല്‍ കോഫിയില്‍ അല്‍പം ബട്ടര്‍ ചേര്‍ത്താലോ. അമര്‍ സിരോഹി എന്ന ഫുഡ് വ്‌ളോഗറാണ് ഡല്‍ഹിയിലെ ജുമാമസ്ജിദിന്‌ സമീപത്തുള്ള ഈ കോഫീ വില്‍പനക്കാരനെ പരിചയപ്പെടുത്തുന്നത്. 

അമുല്‍ ബട്ടര്‍ കോഫി എന്നാണ് ഈ കാപ്പിയുടെ പേര്. ഇരുപത് വര്‍ഷമായി ഈ കോഫിയാണ് ഇവിടെ വില്‍ക്കുന്നത്. സാധാരണ പാലും കാപ്പിപ്പൊടിയും മാത്രം ചേര്‍ത്തിരുന്നതില്‍ നിന്ന് അല്‍പം വ്യത്യസ്തമാക്കാനുള്ള കച്ചവടക്കാരന്റെ ശ്രമമാണ് ഈ ബട്ടര്‍ കോഫിക്കു പിന്നില്‍. കോഫീ മെഷീനില്‍ പാലിനൊപ്പം അമുല്‍ ബട്ടര്‍ കൂടി  ചേര്‍ക്കും. കോഫി തയ്യാറായാല്‍ കപ്പില്‍ പകര്‍ന്ന് മുകളില്‍ കുറച്ച് കൊക്കോ പൗഡറും വിതറിയാല്‍ സ്‌പെഷ്യല്‍ കോഫി റെഡി. ഈ കോഫി കുടിക്കാന്‍ ധാരാളം പേര്‍ വരുന്നുണ്ടെന്നാണ് സിരോഹി പറയുന്നത്.

എന്നാല്‍ വീഡിയോ കണ്ട കാപ്പി പ്രേമികളില്‍ സമിശ്രപ്രതികരണമാണ്. ചിലര്‍ ഇതിനെ കണ്ണടച്ച് എതിര്‍ക്കുന്നുണ്ട്. ചിലരാകട്ടെ ബട്ടര്‍ കോഫി പണ്ട് മുതലേയുള്ളതാണെന്നും രുചികരമാണെന്നുമാണ് കമന്റ് ചെയ്യുന്നത്.

Content Highlights: Amul Butter Coffee the vendor has been selling it for the past 20 years