ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ കോവിഡ് ബാധിച്ച താരം രോഗമുക്തനായതോടെ ഷൂട്ടിങ്ങുകളില്‍ സജീവമാവുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്തുന്ന താരമാണ് അദ്ദേഹം. ഇപ്പോഴിതാ ബച്ചൻ രസകരമായൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
ഒരു കയ്യില്‍ ഗുലാബ് ജാമുനും മറുകൈയില്‍ രസഗുളയും പിടിച്ചു നില്‍ക്കുന്ന ചിത്രമാണത്. എന്നാല്‍ സംഗതി ബച്ചനു കഴിക്കാന്‍ വച്ചിരിക്കുന്നതാണെന്നു ധരിച്ചാല്‍ തെറ്റി. ഒരു ഫോട്ടോഷൂട്ടിനു വേണ്ടി അവ പിടിച്ചു നില്‍ക്കുക മാത്രമാണ് ചെയ്തത്.
എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മധുരം പാടേ ഉപേക്ഷിച്ച താരത്തെ സംബന്ധിച്ചിടത്തോളം ആ ഫോട്ടോഷൂട്ട് അത്ര ആസ്വാദ്യകരമായിരുന്നില്ല. അതിനെക്കുറിച്ച് രസകരമായൊരു കുറിപ്പും താരം പങ്കുവച്ചു.
നിങ്ങള്‍ മധുരം ഉപേക്ഷിക്കുകയും ഗുലാബ് ജാമുനും രസഗുളയും വച്ച് നന്നായി ആസ്വദിക്കുന്ന രീതിയില്‍ പോസ് ചെയ്യാനും പറയുന്നതിനേക്കാള്‍ വലിയ 'പീഡനം' ജീവിതത്തില്‍ വേറെയില്ല എന്നു പറഞ്ഞാണ് ബച്ചന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
Content Highlights: Amitabh Bachchan feels there is no bigger torture in his life than this