സ്വർണ ഘേവർ | Photo: A.N.I.
ഇന്ത്യയില്‍ പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ വിപുലമായി കൊണ്ടാടുന്ന ആഘോഷങ്ങളിലൊന്നാണ് രക്ഷാബന്ധന്. അന്നേദിവസം സഹോദരന്മാരുടെ ക്ഷേമത്തിനായി സഹോദരിമാര്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ഇതിന് പകരമായി സഹോദന്മാര് സഹോദരിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. മധുരപലഹാരങ്ങള്‍ക്കും രക്ഷാബന്ധനോട് അനുബന്ധിച്ച് വലിയ പ്രധാന്യമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മധുരപലഹാരമാണ് ഘേവര്‍. മൈദ, നെയ്യ്, പഞ്ചസാര പാനി, ഡ്രൈ ഫ്രൂട്ട് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണിത്. ശ്രാവണ്‍ മാസം, തീജ്, രക്ഷാബന്ധന് എന്നിവയോട് അനുബന്ധിച്ചാണ് ഘേവര്‍ പരമ്പരാഗതമായി തയ്യാറാക്കുന്നത്.
ഇപ്പോഴിതാ ഒരു സ്പെഷ്യല്‍ ഘേവര്‍ തയ്യാറാക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ആഗ്രയില്‍ നിന്നുള്ള ഒരു ബേക്കറി. 24 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഈ ഘേവര്‍ തയ്യാറാക്കിയിരിക്കുന്നത്. ആഗ്രയിലെ ഷാ മാര്‍ക്കറ്റിലുള്ള ബ്രാജ് രസായന്‍ മിത്താന് ബന്ധാര്‍ എന്ന സ്ഥാപനത്തിലാണ് ഈ സ്പെഷ്യല്‍ വിഭവം വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. കിലോയ്ക്ക് 25,000 രൂപയാണ് ഈ സ്വര്‍ണ ഘേവറിനെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഘേവറിന്റെ രുചി തേടി നിരവധി പേരാണ് കടയില്‍ ദിവസവും എത്തുന്നത്.
ഓഗസ്റ്റ് 11-നാണ് ഈ വര്‍ഷം രക്ഷാബന്ധന് ആഘോഷിക്കുന്നത്. വിപുലമായ ആഘോഷങ്ങള്‍ക്കായി വിപണികള്‍ ഉണര്‍ന്നു കഴിഞ്ഞു. സമ്മാനങ്ങളും മധുരവിഭവങ്ങളും രാഖികളുമൊക്കെ വില്‍പ്പനയ്ക്കായി എത്തിക്കഴിഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..