ദിവസവും അഞ്ചും ആറും ചായ ചൂടോടെ കുടിക്കുന്നവരാണ് മലയാളികൾ. പക്ഷേ തേയിലയെക്കുറിച്ച് അവരോട് ചോദിച്ചുനോക്കൂ.. കൈമലർത്തും മിക്കവരും. ഇഷ്ടപാനീയമായ തേയിലപ്പൊടിയുടെ ചരിത്രമറിയണമെന്നാഗ്രഹമുണ്ടെങ്കിൽ എച്ച്.എം.എൽ. കമ്പനിയുടെ അച്ചൂർ ടീ മ്യൂസിയത്തിലേക്ക് പോകാം. കേരളത്തിൽ, പ്രത്യേകിച്ച് വയനാട്ടിൽ തേയിലച്ചെടികളും ഫാക്ടറികളും പാടികളും ബംഗ്ലാവുകളും കടന്നുവന്ന കാലംമുതലുള്ള ചരിത്രം ഈ മ്യൂസിയത്തിൽ ലിഖിതങ്ങളായും ഉപകരണങ്ങളായും ഫോട്ടോകളായും രേഖപ്പെടുത്തിയിട്ടുണ്ട്.

അച്ചൂരിൽ തലയുയർത്തി നിൽക്കുന്ന ഈ പഴയ തേയില ഫാക്ടറിയിലെ മ്യൂസിയത്തിൽ രാജ്യത്തെ തേയില വ്യവസായത്തിന്റെ പരിണാമം തെളിയിക്കുന്ന 100 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുകയാണ്. ബ്രീട്ടീഷുകാലത്ത് പണിത പഴയ ബംഗ്ലാവുകളുടെയും പാടികളുടേയും ഫോട്ടോകൾ, മാതൃകകൾ, പതിറ്റാണ്ടുകൾക്ക് മുമ്പ് എസ്റ്റേറ്റുകളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, ഫാക്ടറികളിൽ തേയിലയുണ്ടാക്കാനുപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ചായയുടെ സവിശേഷതകളും ഗുണങ്ങളും രുചിച്ചറിയുന്നതിന് മ്യൂസിയത്തിൽ ടീ ടേസ്റ്റിങ്ങ് സെന്ററും ടീ ബാറും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ സന്ദർശകർക്ക് വിവിധയിനം തേയില വാങ്ങാനും കഴിയും. എട്ട് വയസ്സ് വരെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. എട്ട് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപ. ഇതിന് മുകളിൽ പ്രായമുള്ളവർക്ക് 50 രൂപയാണ് പ്രവേശനനിരക്ക്. ഇപ്പോൾ കേരളത്തിൽ വണ്ടിപ്പെരിയാറിൽ മാത്രമാണ് ടീ മ്യൂസിയമുള്ളത്. അടുത്ത ആറ് മാസത്തിനുള്ളിൽ അച്ചൂർ ടീ മ്യൂസിയത്തെ മികച്ച കേന്ദ്രമാക്കിത്തീർക്കുകയാണ് ലക്ഷ്യമെന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻ) മെർലിൻ ജിയോ, വയനാട് ഗ്രൂപ്പ് മാനേജർ ബെനിൽ ജോൺ എന്നിവർ പറഞ്ഞു.