ഒരു മത്തങ്ങ ലേലത്തിൽ വിറ്റുപോയത് 60,000 രൂപയ്ക്ക്. അബുദാബി കേരള സോഷ്യൽ സെന്റർ കേരളോത്സവത്തിലാണ് മത്തങ്ങ ഇത്രയും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റത്. 55 കിലോവരുന്ന മത്തങ്ങ വാശിയേറിയ ലേലം വിളിയിൽ 3000 ദിർഹത്തിന് (60,000രൂപ) കല അബുദാബിയാണ് സ്വന്തമാക്കിയത്.

കേരള സോഷ്യൽ സെന്ററിലെ സജീവപ്രവർത്തകൻ എടപ്പാൾ സ്വദേശി അബ്ദുൽ ഗഫൂർ സെന്ററിന് സംഭാവനയായി നൽകിയ മത്തങ്ങയാണ് ലേലത്തിന് വെച്ചത്. അബുദാബിയിൽ ശൈഖ ഫാത്തിമയുടെ രാജകൊട്ടാരത്തിലെ ജീവനക്കാരനായ ഗഫൂറിന് ഹോളണ്ടിൽനിന്ന് സമ്മാനമായി ലഭിച്ചതാണ് ലേലം വിളിച്ച മത്തങ്ങ.

ഇത്രയും വലിയ മത്തങ്ങ സ്വന്തമാക്കുന്നതിന് അബുദാബി ശക്തി, യുവകലാസാഹിതി തുടങ്ങിയ സംഘടനകളും നിരവധി വ്യക്തികളും പങ്കെടുത്തു. പത്ത് ദിർഹത്തിന് ആരംഭിച്ച മത്തങ്ങ ലേലമാണ് ഒടുവിൽ 3000 ദിർഹത്തിന് വിൽപ്പന നടത്തിയത്.

കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ നിസാൻ സണ്ണി കാറിന് കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മണികണ്ഠൻ അർഹനായി. ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ വിജയികളായ നൂറോളം പേർക്കും സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

content highlight: pumpkin sold for 60,000 rupees