ളര്‍ച്ചയുടെ നിരക്ക് മന്ദീഭവിക്കുകയും സ്വാതന്ത്ര്യത്തിന്റെ മുറവിളി ഉയരുകയും ചെയ്യുമ്പോള്‍ മിക്ക കുട്ടികള്‍ക്കും വിശപ്പില്ലായ്മയോ ഭക്ഷണത്തോട് തന്നെ ഇഷ്ടമില്ലായ്മയോ തോന്നാറുണ്ട്. ഇത് വളര്‍ച്ചയുടെ ഒരു ഘട്ടമാണെന്നും, അവര്‍ ഇതിനെ അതിജീവിക്കുമെന്നും അറിയാമെങ്കിലും, മിക്കവാറും അച്ഛനമ്മമാരും മക്കളോടുള്ള ഇഷ്ടം നിമിത്തം, വസ്തുതയെ വിസ്മരിച്ച് മക്കളുടെ ഭക്ഷണ രീതിയെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടേയിരിക്കും. 

കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കുകയും വളരുകയും, ദൈനംദിന ജീവിതത്തില്‍ ഊര്‍ജത്തോടെ കളിക്കുകയും മറ്റും ചെയ്യുന്നുണ്ടെങ്കില്‍ അച്ഛനമ്മമാര്‍ വിഷമിക്കേണ്ട കാര്യമില്ല. 

എന്നാല്‍, കുഞ്ഞുങ്ങളുടെ ഭക്ഷണരീതി കാരണം അവര്‍ക്കു വളര്‍ച്ചയ്ക്ക് വേണ്ടത്ര പോഷകങ്ങളും മറ്റും ലഭിക്കുന്നില്ല എന്ന് തോന്നുകയാണെങ്കില്‍ കുട്ടികളുടെ പീഡിയാട്രീഷ്യനോട് സംസാരിക്കണം. തീര്‍ച്ചയായും കുട്ടികളുടെ ഡോക്ടര്‍ക്ക് വിശപ്പില്ലായ്മയുടെ അടിസ്ഥാന കാരണങ്ങളെ തിരിച്ചറിയാനും വളര്‍ച്ചയ്ക്ക് ഉതകുന്ന പോഷക മൂല്യങ്ങളെ നിര്‍ണയിക്കാനും നിങ്ങളെ സഹായിക്കും. വിശപ്പ് വര്‍ധിപ്പിക്കാനുള്ള ചില നുറുങ്ങു വിദ്യകളാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്:

കുട്ടികളില്‍ വിശപ്പ് കുറയാനുള്ള ചില കാരണങ്ങള്‍

ഭക്ഷണം നല്‍കുന്നതിന് ഇടയിലുള്ള ഇടവേള കുറയുന്നത്:
ഭക്ഷണം കഴിച്ചതിനു ശേഷം 3 മുതല്‍ 4 മണിക്കൂര്‍ കഴിയുമ്പോഴാണ് കഴിച്ച ഭക്ഷണം നല്ലരീതിയില്‍ ദഹിക്കുന്നത്. അതിനാല്‍ ഭക്ഷണങ്ങള്‍ നല്‍കുന്ന ഇടവേള ഇതനുസരിച്ചായിരിക്കണം. 

അമിതമായി പാല് കുടിക്കുന്നത്
മുതിര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ധാരാളം പാല് കൊടുക്കുകയാണെങ്കില്‍ അവരുടെ കുഞ്ഞുവയറ്റില്‍ മറ്റു ഭക്ഷണം കഴിക്കാനുള്ള ഇടം ഉണ്ടാകില്ല. കൊടുക്കുന്ന പാലിന്റെ അളവ് കുറച്ചുകൊണ്ട് കൂടുതല്‍ ഖരഭക്ഷണം കഴിപ്പിക്കാന്‍ സാധിക്കും.

ഭക്ഷണക്രമത്തില്‍ കൂടുതല്‍  ജങ്ക് ഫുഡ് ഉള്‍പ്പെടുത്തുന്നത്

വളരെ ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയതും (പഞ്ചസാര അല്ലെങ്കില്‍ കൊഴുപ്പു കാരണം) എന്നാല്‍ കുറഞ്ഞ പോഷകമൂല്യം അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. ചിപ്സ്, ചോക്ലേറ്റ് മുതലായ ലഘുഭക്ഷണങ്ങള്‍ കഴിച്ച് വയറ് നിറയ്ക്കുകയാണെങ്കില്‍, പ്രധാന ഭക്ഷണത്തിനുള്ള സമയത്തു വിശപ്പുണ്ടാകാന്‍ സാധ്യതയില്ല.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നത്

വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുവാണ് സിങ്ക്. സിങ്കിന്റെ അഭാവം  വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, അണുബാധ, വയറിളക്കം എന്നിവ ഉണ്ടാക്കുന്നു. 

ശരിയായ രീതിയില്‍ ദഹനപ്രക്രിയ നടക്കാത്തത്

ശരിയായ രീതിയില്‍ ദഹനം നടക്കാത്തത് മലബന്ധം, ഗ്യാസ്, അസിഡിറ്റി, വയറിളക്കം എന്നിവ ഉണ്ടാക്കുകയും അതുവഴി വിശപ്പില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്യും.

പല്ലു മുളയ്ക്കുന്ന കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അത് കൊണ്ടുണ്ടാകുന്ന വേദന, അസ്വസ്ഥത കാരണവും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാറില്ല. സാധാരണ കാണുന്ന അസുഖങ്ങളായ പനി, ജലദോഷം, ചുമ, എന്നിവയുള്ള കുട്ടികളിലും വിശപ്പില്ലായ്മ കാണാറുണ്ട്. ശരീരം അസുഖങ്ങളില്‍ നിന്ന് മുക്തി നേടിയതിനു ശേഷവും, ദഹനപ്രക്രിയ പഴയ രീതിയില്‍ എത്തുന്നതിനു കുറച്ചു സമയം എടുക്കും.

കുട്ടികളില്‍ വിശപ്പ് കൂടാനുള്ള ചില പൊടിക്കൈകള്‍

കൃത്യമായ പ്രഭാതഭക്ഷണം

ആരോഗ്യകരമായ പ്രാതല്‍ കുട്ടിയുടെ വിശപ്പ് വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സമതുലിതമായ ബ്രേക്ഫാസ്റ്റ് പേരുപോലെ തന്നെ രാത്രിയില്‍ 'ഉപവാസം' ബ്രേക്ക് ചെയ്തുകൊണ്ട് ഉപാപചയ പ്രവര്‍ത്തനത്തെ സഹായിക്കും. വീട്ടില്‍ പ്രഭാതഭക്ഷണം നിര്‍ബന്ധഭക്ഷണമാണെന്ന് ഉറപ്പാക്കുക.

ചേരുവകള്‍ 

ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഉള്‍പ്പെടുത്തുന്ന ചില ചേരുവകള്‍ വിശപ്പ് കൂട്ടുന്നതായി കാണാം. താഴെ കൊടുത്തിരിക്കുന്നത് അവയില്‍ ചിലതാണ്:

കപ്പലണ്ടി -വിശപ്പ് വര്‍ധിപ്പിക്കാനും പ്രോട്ടീനുണ്ടാകുന്നതിനും വളരെ നല്ലതാണ് കപ്പലണ്ടി.
ഇഞ്ചി -വിശപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുരാതന പരിഹാരങ്ങളിലൊന്നാണ് ഇഞ്ചി. 
കായം -കുഞ്ഞിന്റെ വിശപ്പ് മാത്രമല്ല, ഗ്യാസ്, വയറുവേദന തുടങ്ങിയ വയര്‍ സംബന്ധിയായ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു അത്ഭുതകരമായ ഘടകമാണ്. കുഞ്ഞിന്റെ വയര്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ അവര്‍ സന്തോഷത്തോടെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു. 

നിങ്ങള്‍ നല്ല മാതൃകയാകുക

കുട്ടികള്‍ അവര്‍ ഇപ്പോഴും മാതാപിതാക്കളെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു. വൈവിധ്യവും, പോഷകസമൃദ്ധവുമായ ഭക്ഷണം നിങ്ങള്‍ കുട്ടികളുടെ ഒപ്പം ആസ്വദിച്ച് കഴിക്കൂ. അങ്ങനെ ഒരു നല്ല ഉദാഹരണം കാണിച്ചുകൊടുക്കാന്‍ തയാറാകൂ. പുതിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിച്ചുനോക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്കും ഒരു പ്രചോദനമാകും. 

ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതില്‍ കുട്ടികളെയും പങ്കാളിയാക്കുക 

പച്ചക്കറി ഷോപ്പിങ്ങിന്റെ ലിസ്റ്റ് തയ്യാറാക്കുന്നത് മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ വരെ കുട്ടികളെയും പങ്കെടുക്കാന്‍ അനുവദിക്കുക. പോഷകാഹാരത്തെക്കുറിച്ച് പഠിപ്പിക്കാനും അവരുടെ ഭക്ഷണ മുന്‍ഗണനകള്‍ അറിയാനും നിങ്ങള്‍ക്ക് ഈ അവസരങ്ങള്‍ ഉപയോഗിക്കാം.

ടി.വി-വീഡിയോ ഗെയിം കുറയ്ക്കുക 

ശരീരം അനങ്ങാതെ ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്നത് തടയുക. വിവിധയിനം കളികള്‍ക്കുള്ള അവസരം ഉണ്ടാക്കുക. വിശപ്പില്ലായ്മ ഉണ്ടാകുമ്പോള്‍ ശരീരം അനങ്ങിയുള്ള കളികള്‍ വര്‍ധിപ്പിക്കുക, സ്വാഭാവികമായി അത് കൂടുതല്‍ കലോറി കത്തിക്കുകയും അതുവഴി കൂടുതല്‍ വിശപ്പുണ്ടാക്കുകയും ചെയുന്നു. 

ഭക്ഷണം ആകര്‍ഷകമാക്കുക  

വൈവിധ്യമാര്‍ന്ന ആഹാരം കൊടുക്കുക. വിളമ്പുന്ന ഭക്ഷണം ആകര്‍ഷകമായ രീതിയില്‍ പ്ലേറ്റില്‍ ക്രമീകരിക്കുക. ഫുഡ് ആര്ട്ട് ഇതിനു സഹായിക്കും. 

Content Highlights: About Kids diet