ആഴ്ച ഞാനും എന്റെ കുടുംബവും സ്ട്രോബെറി പറിക്കുവാനായി സ്ട്രോബെറി തോട്ടത്തില്‍ പോയിരുന്നു. അങ്ങനെ സ്ട്രോബെറി പറിക്കല്‍ തകൃതിയായി നടക്കുമ്പോള്‍ ആണ് എന്റെ കടുകുമണിയുടെ (മൂന്നര വയസുകാരി മകള്‍) ചോദ്യം, സ്ട്രോബെറിയില്‍ എന്ത് മാത്രം  ' കുത്തുകള്‍ '( Dots ) ആണെന്ന്. എന്റെ ഒട്ടുമിക്ക ഫുഡ് ആര്‍ട്സിലും ഞാന്‍ ഉപയോഗിക്കുന്ന ഒന്നാണ് സ്ട്രോബെറി, എന്നിട്ടും അപ്പോഴാണ് അതിന്റെ തൊലിയിലുള്ള  ചിത്രപ്പണി കാര്യമായി ശ്രദ്ധിച്ചത്. 

വീട്ടില്‍ എത്തിയതിനു ശേഷം ഞാന്‍ സ്ട്രോബെറി എടുത്തു വച്ച് കാര്യമായി നോക്കിയിട്ടാണ് പിന്നീട് സ്ട്രോബെറിയെ കുറിച്ച് വിശദമായി വായിച്ചതും മനസ്സിലാക്കിയതും. അങ്ങനെ ഞാന്‍ മനസിലാക്കിയ കുറച്ചു രസകരമായതും, കൗതുകകരവുമായ ചില വസ്തുതകളാണ് ഇന്നത്തെ ലേഖനം. ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ട്രോബെറിയെ വിളിക്കുന്നത് 'ഫലങ്ങളുടെ രാജ്ഞി' എന്നാണ്. അത് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങള്‍ മാനിച്ചാണ് അതിനെ അങ്ങനെ വിളിക്കുന്നത്.

പോഷകഗുണ വസ്തുതകള്‍

സ്ട്രോബെറി എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുന്നത് ചുവന്നതും, മൃദുവായതും, സത്തുള്ളതുമായ വളരെ ചെറിയ ഒരു ഫലത്തെകുറിച്ചാണ്.  എന്നാല്‍ വൈറ്റമിന്‍ സി, കെ എന്നിവയുടെ നല്ലൊരു ഉറവിടമാണ് സ്ട്രോബെറി. ഫൈബര്‍, ഫോളിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയും സ്ട്രോബെറിയിലുണ്ട്. സ്ട്രോബെറിയുടെ കടും ചുവപ്പു നിറത്തിനു കാരണം അതില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റ്സ്  & ഫ്ളവനോയ്ഡ്സ് (phytonturients and flavanoids ) ആണ്.

ഫൈറ്റോന്യൂട്രിയന്റ്സ് അടങ്ങിയ ആഹാരം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗമാണെന്നു യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (The U.S. Department of Agriculture (USDA)) നടത്തിയിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ദഹനേന്ദ്രിയങ്ങള്‍, പല്ലുകളുടെ വെളുത്ത നിറം ലഭിക്കാന്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്കായി ചരിത്രത്തില്‍ ഉടനീളം സ്ട്രോബെറി ഒരു ഔഷധ പശ്ചാത്തലത്തില്‍ ഉപയോഗിച്ചുവരുന്നു. സ്ട്രോബെറിയുടെ നാരുകളും, അവയിലടങ്ങിയിട്ടുള്ള ഫ്രക്ടോസും (fructose ) രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും (സ്ട്രോബെറി സ്ലോറിലീസ് കാര്‍ബോ ഹൈഡ്രേറ്റ്സ് അടങ്ങിയതാണ്, പ്രമേഹ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള സഹായം). 

കഷണങ്ങളാക്കി മുറിച്ച അര കപ്പ് സ്ട്രോബെറിയുടെ പോഷണ പട്ടിക നമ്മളെ അത്ഭുതപ്പെടുത്തും.

  1. വിറ്റാമിന് സി  49 മില്ലിഗ്രാം
  2. ഫോളേറ്റ് (Folate ) 20 മൈക്രോഗ്രാം
  3. മഗ്നീഷ്യം (Magnesium ) 11 മില്ലിഗ്രാം
  4. വിറ്റാമിന് ബി6 0.04 മില്ലിഗ്രാം
  5. റിബോഫ്ളാവിന്‍ (riboflavin)  0.02 മില്ലിഗ്രാം
  6. അയണ്‍ (Iron ) 0.3  മില്ലിഗ്രാം

കൗതുകകരമായ വസ്തുതകള്‍

ഒരു റോസാപ്പൂവിന്റെ മണം നിങ്ങള്‍ ആസ്വദിക്കുമ്പോള്‍ നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ സ്ട്രോബെറി റോസയുടെ ഒരു അകന്ന ബന്ധുവാണെന്നുള്ളത്? സ്ട്രോബെറി 'ഫ്രാഗ്രറിയ' (Fragaria ) എന്ന ചെടിയില്‍ താഴ്ന്ന നിലങ്ങളില്‍ വളരുന്ന ഒരു കായയാണ്.  സ്ട്രോബെറി ജെനസ്, 'ഫ്രാഗ്രറിയ', റോസ് (റോസെസെ) കുടുംബത്തിന്റെ ഭാഗമാണ്.  മിക്ക സസ്യശാസ്ത്രജ്ഞരും പേരില്‍ 'ബെറി' ഉണ്ടെങ്കിലും 'ബെറി' ആയി സ്ട്രോബെറിയെ അംഗീകരിക്കാറില്ല. യഥാര്‍ത്ഥ ബെറികളില്‍ വിത്തുകള്‍ ഫലങ്ങളുടെ ഉള്‍ഭാഗത്താണ് കാണുക. എന്നാല്‍ സ്ട്രോബെറിയില്‍ വിത്തുകള്‍ പുറം തൊലിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു സാധാരണ സ്ട്രോബെറി പുറത്ത് ഏകദേശം 200 വിത്തുകള്‍ ഉണ്ട്, എന്നാല്‍ ആ വിത്തുകള്‍ ശരിക്കും വിത്തുകള്‍ അല്ല! കഴിക്കുമ്പോള്‍ പല്ലില്‍ തടയുന്ന ആ ചെറിയ 'വിത്തുകള്‍' യഥാര്‍ഥത്തില്‍ ചെറിയ ഒരു പഴം ആണ്, അവയെ അകീന്‍സ് (Achenes ) എന്നാണ് അറിയപ്പെടുന്നത്. ആ ചെറിയ പഴങ്ങളില്‍ ഓരോന്നിന്റെയും ഉള്ളില്‍ അതിലും ചെറിയ വിത്തുകള്‍ ഉണ്ട്. പുറം ഭാഗത്തുള്ള ഈ വിത്തുകള്‍ നാരുകളുടെ നല്ല ഉറവിടം നല്‍കുന്നു.

സ്ട്രോബെറി കുട്ടികള്‍ക്ക് എളുപ്പത്തില്‍ കഴിക്കാവുന്നതും ധാരാളം ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായ ഫലമാണ്. സ്ട്രോബെറിയുടെ നിറം, അതുല്യമായ രൂപവും, ആകൃതിയും  എല്ലാം തന്നെ കുട്ടികളെയും ആകര്‍ഷിക്കുന്നു. ഒരു ചെറിയ പുളി, മധുരം രണ്ടും സ്ട്രോബെറിയിലുണ്ട്.  നിങ്ങള്‍ക്കു പ്രഭാതഭക്ഷണങ്ങളായ ഓട്ട്സിന്റെ കൂടെയോ, കോണ്‍ഫ്ലേയ്ക്!സിന്റെ കൂടെയോ ചേര്‍ക്കാവുന്നതാണ്. വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണമായി സ്ട്രോബെറിയും മറ്റു പഴങ്ങളും നല്‍കാവുന്നതാണ്.  സ്ട്രോബെറി എളുപ്പത്തില്‍ ലഭ്യമാണെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ ദൈനംദിന ആഹാരത്തില്‍ തീര്‍ച്ചയായും ചേര്‍ക്കേണ്ട ഒരു പഴം തന്നെയാണ്.

ആരോഗ്യപരമായ പ്രയോജനങ്ങള്‍ 

സ്ട്രോബെറി നല്ല ചാറുള്ള ഒരു ഫലമാണ്. ഇതില്‍ വളരെ അധികം ധാതുക്കളും, കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കൂടാതെ ഇത് വൈറ്റമിന്‍ സിയുടെ വലിയൊരു  സ്രോതസ്സാണ്. വൈറ്റമിന്‍ സി യുടെ കുറവു കൊണ്ടുണ്ടാകുന്ന സ്‌കര്‍വി (scurvy ) പോലുള്ള അസുഖം ഉള്ളവര്‍ക്ക് സ്ട്രോബെറി അത്യുത്തമമാണ്. വൈറ്റമിന്‍ സി യുടെ കുറവ് കുട്ടികളില്‍ പല്ലുകള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വിറ്റാമിന്‍ സി കുട്ടികളില്‍ പ്രതിരോധശേഷി വളര്‍ത്തുന്നതിനാല്‍ ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, സിനസ്, വീക്കം, വിളര്‍ച്ച തുടങ്ങിയ രോഗപ്രതിരോധ സംവിധാനങ്ങള്‍ വളര്‍ത്താന്‍ കുഞ്ഞിന് ഇത് സഹായകരമാകും .  വൈറ്റമിന്‍ സി, സൂര്യപ്രകാശത്തിന്റെ ദൂഷ്യ ഫലങ്ങളില്‍ നിന്നും  കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യും. മാത്രമല്ല വൈറ്റമിന്‍ സി റെറ്റിന, കോര്‍ണിയ (retina and cornea) എന്നിവയെ കോട്ടമില്ലാതെ നില്ക്കാന്‍ സഹായിക്കുന്നു. സ്ട്രോബെറി അങ്ങനെ നമ്മളുടെ കുട്ടിയുടെ കണ്ണിന് വളരെ പ്രധാനമാണ്.

ഓരോ രക്ഷിതാവിനും അവരുടെ കുട്ടികള്‍ വളരെ മിടുക്കരും, ഉന്നതശ്രേണിയിലുള്ളവരാകണം എന്ന് ആഗ്രഹം ഉണ്ടാകും. സ്ട്രോബെറി കുട്ടിയുടെ മസ്തിഷ്‌ക ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. സ്ട്രോബെറിക്ക് നിങ്ങളുടെ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ കഴിയും .  സ്ട്രോബറിയുടെ ഗുണങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം നല്‍കുന്നു.  സ്ട്രോബെറിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, വിറ്റാമിന് കെ, മഗ്നീഷ്യം എന്നിവ അസ്ഥി ആരോഗ്യത്തിന് വളരെ നല്ലതാണ് . അതിനാല്‍ സ്ട്രോബെറിയുടെ ഗുണങ്ങള്‍ മനസിലാക്കുകയും, അത് കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

സ്ട്രോബെറിയില്‍ ബയോടിന്‍ അംശം അടങ്ങിയിട്ടുണ്ട്, അത് മുടിയുടെയും, നഖങ്ങളുടെയും ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉതകുന്നു . കൂടാതെ ആന്റിഓക്സിഡന്റ് ആയ എല്ലാജിക് ( ellagic ) ആസിഡ് അടങ്ങിയിട്ടുണ്ട്, അത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിക് നാരുകള്‍ ബലപ്പെടുത്തുകയും, അതുവഴി ചര്‍മം വലിഞ്ഞു തുങ്ങുന്നതില്‍ നിന്നും ഒരു പരിധിവരെ തടയുകയും ചെയ്യും . ബെറികള്‍ ചില ആളുകളില്‍ അലര്‍ജി  ഉണ്ടാക്കാറുണ്ട്, അതിനാല്‍ അങ്ങനെയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചാണ് ഇത് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

Content Highlights: about Benefits of Strawberry