കോവിഡ് മഹമാരി പടര്‍ന്നു പിടിച്ചതോടെ വിവാഹമടക്കമുള്ള പലചടങ്ങുകളും വലിയ ആഘോഷമോ ആള്‍ക്കൂട്ടമോ ഇല്ലാതെ ഒതുങ്ങിയ രീതിയിലാണ് നടക്കുന്നത്. എന്നാല്‍ കോവിഡിന് മുമ്പ് നടന്ന പല ആഘോഷങ്ങളിലെയും രസകരമായ നിമിഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അത്തരത്തില്‍ വൈറലായ വീഡിയോ 'കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന' ഒരു യുവതിയുടേതാണ്. 

കൈകൊണ്ട് ഭക്ഷണം വാരി കഴിക്കുന്നതില്‍ വൈറലാകാന്‍ എന്തിരിക്കുന്നു എന്നാവും. എന്നാല്‍ വീഡിയോ കണ്ടാല്‍ ആ ധാരണ മാറും. ഏതോ വിവാഹ ചടങ്ങിനിടയിലാണ് സംഭവം. പാത്രത്തില്‍ നിന്ന് ഭക്ഷണം കൈനിറയെ വാരി എടുത്ത് ആസ്വദിച്ച് കഴിക്കുകയാണ് യുവതി. എന്നാല്‍ താന്‍ ഭക്ഷണം കഴിക്കുന്ന രംഗം വീഡിയോ ഗ്രാഫര്‍ പകര്‍ത്തുന്നുണ്ട് എന്ന് കണ്ടതോടെ യുവതിയുടെ ഭാവമാണ് വീഡിയോയെ രസകരമാക്കുന്നത്. കൈയില്‍ എടുത്ത് വായുടെ അടുത്തുകൊണ്ടുവന്ന ചോറ് അങ്ങനെ തന്നെ പാത്രത്തിലേക്ക് ഇട്ട ശേഷം സമീപമിരുന്ന സ്പൂണുകൊണ്ട് ഒന്നും അറിയാത്തപോലെ ഭക്ഷണം കഴിക്കുകയാണ് യുവതി ചെയ്യുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പലരും തങ്ങള്‍ക്കും ഇതുപോലെ പാര്‍ട്ടികള്‍ക്കിടയില്‍ പറ്റിയ അബദ്ധങ്ങള്‍ കമന്റ് ബോക്‌സില്‍ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോ ഗ്രാഫര്‍മാര്‍ ഇത്തരത്തില്‍ തങ്ങളെ കുടുക്കിയ അവസരങ്ങളാണ് ഏറെയും. ആ സ്ത്രീയെ സമാധാനമായി ഭക്ഷണം കഴിക്കാന്‍ സമ്മതിക്കൂ എന്നാണ് ചിലരുടെ കമന്റ്.

Content Highlights: A woman was caught on camera eating with hands at a wedding, and what she did next viral video