അടിച്ചുപൊളിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഇഷ്ടപ്പെട്ടവര്‍ ഒത്തുകൂടിയാല്‍ പിന്നെ കാര്യങ്ങള്‍ ലാവിഷായി. ഔട്ടിങ്ങിനിടയില് നല്ലൊരു ഭക്ഷണം ആകര്‍ഷണീയമാണ്. ബ്രാന്‍ഡഡ് റസ്റ്റോറന്റിലെത്തിയാല്‍ കൈവെയ്ക്കുന്ന മെനുവിനൊരു ഇംഗ്ലീഷ് ടച്ചുണ്ടാകും.
ബര്‍ഗ്ഗര്‍, പീറ്റ്സ, ടാക്കോസ്, ഡോനട്സ്, സാന്ഡ്വിച്ച്, പാസ്ത... ന്യൂജനറേഷന്റെ ഇഷ്ടപ്പെട്ട വിഭവങ്ങള്‍. വിലനിലവാരം നോക്കാനൊന്നും അവര്‍ തയ്യാറല്ല. വെയ്റ്ററുടെ വാക്സാമര്ത്ഥ്യം കൂടിയാകുമ്പോള്‍ പ്ലെയിറ്റുകളിലെ വിഭവങ്ങളുടെ എണ്ണം കൂടും.
പരസ്പരം നിര്‍ബന്ധിച്ചും സ്നേഹിച്ചും കഴിച്ച് ഒടുവില്‍ ടേബിള്‍ വിട്ടെഴുന്നേല്ക്കുമ്പോള് എത്തുന്ന ബില്ലിന്റെ തളികപ്പാത്രം ചിലരുടെ മനോനില തെറ്റിക്കും. കഴുകിയ കൈ പലവട്ടം കഴുകി കൂട്ടത്തിലാരെങ്കിലും ബില്ല് അടയ്ക്കുന്നത് ചില്ലിലൂടെ കാണും വരെ വെള്ളവും വായില്കൊണ്ടൊരു നില്‍പ്പ്... നമ്മളില്‍ ചിലരെങ്കിലും നിത്യജീവിതത്തില്‍ കാണുകയോ അനുഭവിക്കുകയോ ചെയ്ത കഥാപാത്രങ്ങള്‍.
നിലവാരം കാത്തുസൂക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ പോക്കറ്റുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഓട്ടകൂട്ടാന് ധനകാര്യമന്ത്രി തോമസ് ഐസക് മുന്പിലുണ്ട്. ജങ്ക് ഫുഡായി സര്‍ക്കാര്‍ കാണുന്നവയ്ക്ക് കൊഴുപ്പ് നികുതി കൂട്ടി തിങ്കളാഴ്ച മുതല്‍ നടപ്പില്‍ വരുത്തിയതോടെയാണ് ആഘാതം ഇരട്ടിച്ചത്.
പുത്തന്‍തലമുറയ്ക്ക് പ്രിയങ്കരമായ ജങ്ക് ഫുഡുകള്‍ക്ക് ആറിലൊന്ന് വിലവര്‍ധനയാണ് വന്നിരിക്കുന്നത്. ബര്‍ഗ്ഗറുകള്‍ 40 രൂപ മുതല്‍ വിപണിയില്‍ കിട്ടുമ്പോള്‍ ബ്രാന്‍ഡഡ് ഹോട്ടലുകളില്‍ 250, 300 രൂപ നിരക്കിലാണ് വിളമ്പുന്നത്. ഇതിന്റെ ആറിലൊന്ന് നികുതികൂടി നല്‍കുമ്പോഴാണ് ധനതത്ത്വശാസ്ത്രം ശരിക്കും ന്യൂജെന്മാര്ക്ക് വെളിപ്പെടുക.
കൊഴുപ്പിലമരുന്ന ഭക്ഷണങ്ങളെ നിയന്ത്രിച്ച് ആരോഗ്യം വളര്‍ത്താനുള്ള അവസരമായി കണ്ടാല്‍ ബജറ്റ് നല്ലതും മറിച്ചാണെങ്കില്‍ ചീത്തയുമാണ്.
പൊതുവെ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ കാര്‍മേഘം നമ്മുടെ തലയ്ക്കുമീതെ മൂടിക്കെട്ടിക്കിടക്കുന്നുണ്ട്. അതിന്റെയിടയില് നികുതിയായി ഭക്ഷണങ്ങള്‍ക്ക് 14.5 ശതമാനം വര്‍ധിപ്പിച്ചതോടെ അടിച്ചുപൊളിയുടെ യുക്തി പരിശോധിക്കേണ്ടി ഇരിക്കുന്നു. നികുതിയിലൂടെ 10 കോടി രൂപയുടെ അധികവരുമാനം സര്‍ക്കാര്‍ നേടുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടതുണ്ടോ എന്ന ചോദ്യമുയര്‍ത്തിയാല്‍ യുക്തി പുറത്താകും.
ജങ്ക് ഫുഡില്‍ മാത്രമൊതുക്കാവുന്നതല്ല യുക്തി. നമ്മുടെ അടുക്കളയിലും ഒരു ശ്രദ്ധ വേണം. ഫ്ളാറ്റുകളിലും വീടുകളിലുമുള്ള തിരക്കു പിടിച്ച ജീവിതം മലയാളികളെ പായ്ക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലേക്ക് എത്തിക്കുന്നു. പായ്ക്കറ്റ് ഭക്ഷണങ്ങളെ നഖശിഖാന്തമെതിര്‍ക്കുന്ന മലയാളി അവയെ ഒരു മടിയും കാണിക്കാതെ അടുക്കളയില്‍ കൊണ്ടുവരും.
ഗോതമ്പും ഇവയുടെ ഉത്പന്നങ്ങളും നമ്മുടെ സ്ഥിരം ആഹാരമായി മാറി. ആട്ടയും മൈദയും സൂജിയും റവയുമൊക്കെ രാവിലെ അടുക്കളയിലെ പ്രധാന അസംസ്കൃതവസ്തുക്കളാണ്. പായ്ക്കറ്റില്‍ കിട്ടുന്ന ഇവയ്ക്ക് അഞ്ചു ശതമാനം നികുതി ചുമത്തിയതോടെ പായ്ക്കറ്റൊന്നിന് മൂന്നു രൂപ വരെ കൂടും.
വെളിച്ചെണ്ണയ്ക്കും ബസുമതി അരിക്കും അഞ്ചുശതമാനം നികുതി കൂട്ടിയതോടെ 260 കോടിയുടെ അധിക വിഭവസമാഹരണം അടുക്കളവഴി ശേഖരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2011- '12 സാമ്പത്തിക വര്‍ഷം ഒരു ശതമാനമാക്കി കുറച്ച നികുതിയുടെ മെച്ചം സാധാരണക്കാരന് ലഭിക്കാത്തതു കൊണ്ടാണ് അഞ്ചു ശതമാനത്തിലേക്ക് ഉയര്‍ത്തിയതായി പറയുന്നത്.
സാധാരണക്കാരന് ലഭിക്കേണ്ടിയിരുന്ന ഗുണം റെസ്റ്റോറന്റുകാരും ബേക്കറിക്കാരും അടിച്ചെടുത്തു കൊണ്ടു പോയത് വീണ്ടും ഭക്ഷണങ്ങള്‍ക്ക് വില കൂട്ടി ഈടാക്കാനുള്ള നീക്കം ഹോട്ടലുകളിലെ അണിയറയിലും നടക്കുന്നു. അല്പം യുക്തി കാണിച്ചാല്‍ വര്‍ഷം തോറും മിച്ചം വരുന്നത് ലക്ഷങ്ങളാണ്. കടക്കെണിയില്‍ അകപ്പെടാതെയുള്ള സാമ്പത്തിക ബജറ്റ് തയ്യാറാക്കാന്‍ വലിയ ഇക്കണോമിക്സ് വേണ്ട. നടത്താം നമുക്കൊരു ശ്രമം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..