വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനെക്കാള്‍ മഹത്തരമായ ഒന്നും തന്നെയില്ല. എന്നാല്‍ കുറച്ച് പേര്‍ക്കെങ്കിലും വ്യത്തിയുള്ള നല്ല ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ഈ സംഘടന. റസോയി ഓണ്‍ വീല്‍സ് എന്ന പേരുള്ള ഈ ഭക്ഷണ വണ്ടി കാത്ത് ആയിരത്തോളം പാവങ്ങളുണ്ട്. ഡല്‍ഹി ആസ്ഥാനമാക്കിയുള്ള എന്‍.ജി.ഒയാണ് ഈ ഭക്ഷണവണ്ടിയുടെ നടത്തിപ്പുകാര്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്പത് പേര്‍ക്ക് ഭക്ഷണം കൊടുത്ത് തുടങ്ങിയ ഈ സംരംഭം ഇന്ന് 1500ല്‍ അധികം പേര്‍ക്ക് ഇവര്‍ ഭക്ഷണം നല്‍കുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയ കാലത്ത് പതിനഞ്ച് ലക്ഷം ഭക്ഷണപ്പൊതികള്‍ ഇവര്‍ വിതരണം ചെയ്തു.

പുലര്‍ച്ചെ മൂന്ന് മണിക്ക് റസോയി ഓണ്‍ വീല്‍സിന്റെ അടുക്കള ഉണരും. 9 മണിയോടെ ഭക്ഷണം തയ്യാറാക്കി വിതരണം ആരംഭിക്കും. ട്രാഫിക്ക് സിഗ്നലില്‍ നില്‍ക്കുന്ന കുട്ടികള്‍, ചേരികള്‍, വ്യദ്ധസദനങ്ങള്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകള്‍, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം എത്തിക്കുന്നു.

സാധാരണ ദിവസങ്ങളില്‍ ചോറ്, പച്ചക്കറി ഉപയോഗിച്ചുള്ള കറികള്‍, പഴങ്ങള്‍ എന്നിവ നല്‍കുന്നു. വിശേഷ ദിവസങ്ങളില്‍ ഹല്‍വ, നൂഡില്‍സ്, ചോക്‌ളേറ്റുകള്‍, മഫിനുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നു.

ഇന്ത്യയിലെ പാവങ്ങള്‍ക്ക് പോഷകാഹാരം എത്തിക്കുക എന്നതാണ് ലക്ഷ്യം സ്ഥാപകരില്‍ ഒരാളായ മണിക ബദ്വാര്‍ പറയുന്നു.

Content Highlights: A Mobile Kitchen Served 15 Lakh Meals To The Poor In Delhi