പുട്ടും മട്ടനും പോലെ അടിപൊളിയാണ്  കല്ലു-മാത്തു കോംബോയും|കൊച്ചിയിലെത്തിയ കൊതിയന്മാര്‍


എഴുത്ത്: രമ്യ ഹരികുമാര്‍/ ചിത്രങ്ങള്‍: സിദ്ദീക്കുല്‍ അക്ബര്‍

കലേഷ്, മാത്തുക്കുട്ടി

കല്ലുവും മാത്തുവും...പരസ്പരം കൊണ്ടും കൊടുത്തും ചളിയടിച്ചും മലയാളിയുടെ ഖല്‍ബില്‍ കസേര വലിച്ചിട്ടിരുന്ന് 'ഒരു നാരങ്ങാവെളളം ഇങ്ങ് പോരട്ടേ' എന്നുപറഞ്ഞ 'അവതാര'ക കോംബോ. ഉരുളയ്ക്കുപ്പേരി പോലുളള കൗണ്ടറുകള്‍ക്കൊപ്പം രാജ് കലേഷിന്റെയും മാത്തുക്കുട്ടിയുടെയും സൗഹൃദത്തിന്റെ കെമിസ്ട്രിക്ക് പിന്നില്‍ വേറെയും ചില സംഗതികളുണ്ട്. അതിലൊന്ന് യാത്രയാണെങ്കില്‍ മറ്റൊന്ന് കല്ലുവിന്റെയും മാത്തുവിന്റെയും ഭാഷയില്‍ പറഞ്ഞാല്‍ 'നല്ല വിശപ്പിന്റെ അസുഖമാണ്'. കേരളത്തിന്റെ ഒരറ്റം മുതല്‍ ഇങ്ങേയറ്റം വരെ രുചി തേടി അലഞ്ഞ ഈ തീറ്റക്കൊതിയന്മാര്‍ കണ്ടെത്തിയ കിടിലന്‍ ഭക്ഷണം കിട്ടുന്ന എറണാകുളത്തെ ചില സ്പോട്ടുകളിലേക്ക്..


ലുവയിലെ ഗ്രാന്റ് ഹോട്ടലില്‍ നിന്ന് നല്ല 'ഗ്രാന്റാ'യി പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട് 'തീറ്റയാത്ര'ആരംഭിക്കാം എന്നുപറഞ്ഞത് കല്ലുവാണ്. ടേസ്റ്റ് ഓഫ് കേരള അഥവാ കേരളത്തിന്റെ രുചികള്‍ സമം രാജ് കലേഷ് എന്നതാണ് നമ്മുടെ സമവാക്യം എന്നതുകൊണ്ടുതന്നെ മറ്റൊന്നും ആലോചിച്ചില്ല വണ്ടി നേരെവിട്ടു ഗ്രാന്റിലേക്ക്. ചെന്നിറങ്ങിയപ്പോള്‍ പഴമയുടെ പ്രൗഢി വിളിച്ചോതി ഗ്രാന്റ് തലയുയര്‍ത്തി നില്‍ക്കുന്നു. തിരക്ക് ആരംഭിക്കുന്നതേയുളളൂ. 1905-ല്‍ ഇപ്പോഴത്തെ ഉടമ നൗഷാദിന്റെ അച്ഛന്റെ അച്ഛനാണ് ഗ്രാന്റ് ഹോട്ടലിന് തുടക്കമിട്ടത്. അന്ന് ഹോട്ടല്‍ തുടങ്ങിയ അതേ ബില്‍ഡിങ് തന്നെയാണ് ഇന്നും. കാലാനുസൃതമായി അല്പം അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഒമ്പതേകാലോടെ ബ്ലാക്ക് ജീപ്പ് കോമ്പസില്‍ കല്ലുവും മാത്തുവും ഗ്രാന്റിന് മുന്നില്‍ വന്നിറങ്ങി. 'അപ്പോ എങ്ങനാ തീറ്റയാത്ര തുടങ്ങല്ലേ' എന്നുചോദിച്ചാണ് കല്ലു സംസാരിച്ചുതുടങ്ങിയത് തന്നെ. ഗ്രാന്റിലെ പുട്ടും മട്ടന്‍ റോസ്റ്റുമാണ് കല്ലുവിന്റെയും മാത്തുവിന്റെയും ഫേവറിറ്റ്.

കലേഷ്- ഇവിടുത്തെ മട്ടന്‍ എന്നുപറഞ്ഞാല്‍ ചെറിയ ചെറിയ പീസുകളാണ്. മസാല അതിനകത്തിങ്ങനെ പറ്റിയിരിക്കും. ചൂട് പുട്ടിന്റെ കൂടെ അതിങ്ങനെ മിക്സ് ചെയ്ത് കഴിക്കുമ്പോഴുണ്ടല്ലോ..ഒരു പ്രത്യേക സ്വാദാണ്. (കേട്ടിരിക്കുന്നവരുടെ വായില്‍ പോലും കപ്പലോടിക്കാനുളള വെളളം നിറച്ചുകൊണ്ട് കല്ലു ബില്‍ഡപ്പ് ഇടുന്നതിനിടയില്‍ വെയ്റ്റര്‍ എത്തി.)ചേട്ടാ പുട്ടും മട്ടണും പോരട്ടേ..
മാത്തുക്കുട്ടി - ഗ്രാന്റായിക്കോട്ടേ
കലേഷ്- എന്നാ പിന്നെ ഒരു പഴം നിറച്ചതും കൂടി ആവാലേ..ചേട്ടാ ഒരു പഴം നിറച്ചത് കൂടെ എടുത്തോ..

ഓര്‍ഡര്‍ കൊടുത്ത് പുട്ടും മട്ടനും കാത്തിരിക്കുന്ന കൊതിപ്പിക്കുന്ന ഇടവേളക്കിടയില്‍ ഗ്രാന്റ് എന്ന ഫുഡ് ഡെസ്റ്റിനേഷന്‍ കണ്ടെത്തിയ കഥ ചോദിച്ചു

കലേഷ്- സാധാരണ കേരളത്തിലെ അടിപൊളി ഭക്ഷണം കിട്ടുന്ന ഒട്ടുമിക്ക ഹോട്ടലുകളും ഞാനാണ് മാത്തുവിന് പരിചയപ്പെടുത്തികൊടുക്കാറുളളത് പക്ഷേ ഇത് മാത്തുക്കുട്ടി പരിചയപ്പെടുത്തിയ ഹോട്ടലാണ്. മാത്തുവിന്റെ ബിരിയാണി സങ്കേതമായിരുന്നു ഗ്രാന്റ്. പക്ഷേ ഇവിടത്തെ ബിരിയാണിയേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് പുട്ടും മട്ടനും പഴംനിറച്ചതും ബീഫും ആണ്

മാത്തുക്കുട്ടി- യുസി കോളേജിലാണ് ഞാന്‍ പഠിച്ചിരുന്നത്. അന്ന് ഇവിടെ വളരെ ചുരുക്കം ഹോട്ടലുകളേ ഉളളൂ. ഫുഡ് എക്സ്പ്ലോര്‍ ചെയ്യാന്‍ ഹബ്ബുകളൊക്കെ കുറവുളള സമയത്ത് സുഹൃത്തുക്കളുമൊത്ത് ഉച്ചയ്ക്ക് ബീഫ് ബിരിയാണി കഴിക്കാന്‍ വരുന്ന സ്ഥലമാണ് ഇത്. അന്ന് ആലുവയിലെ സുഹൃത്തുക്കളാണ് ഇവിടുത്തെ ബീഫ് ബിരിയാണി അടിപൊളിയാണെന്ന് എന്നോട് പറയുന്നത്. പിന്നീട് കോളേജ് കാലത്ത് വന്നിരുന്ന ഓര്‍മയില്‍ ഇതുവഴി പോകുമ്പോഴെല്ലാം ഇവിടെ കയറും. അങ്ങനെ ഒരിക്കല്‍ ഇവിടെ നിന്ന് പുട്ടും മട്ടന്‍ കറിയും കഴിച്ചു. അതിന്റെ ഓര്‍മയിലാണ് കലേഷേട്ടനെ കൊണ്ടുവന്നത്. പക്ഷേ കലേഷേട്ടന് ഇഷ്ടമാവുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എനിക്ക് നല്ലതാണെന്ന് തോന്നുന്ന പല ഭക്ഷണവും കലേഷേട്ടന് അങ്ങനെ തോന്നണമെന്നില്ല. ഭക്ഷണം രുചിക്കുമ്പോള്‍ തന്നെ ഇതില്‍ അജിനോമോട്ടോ ചേര്‍ത്തിട്ടുണ്ട്, വനസ്പതിയാണ് എന്നൊക്കെ പറയുന്ന ആളാണ്. എനിക്കതൊന്നും അറിയില്ല.

കലേഷ് - എനിക്ക് വനസ്പതി ചേര്‍ത്ത ഭക്ഷണം ഇഷ്ടമല്ല. കാരണം അത് കഴിച്ചുകഴിഞ്ഞാല്‍ ക്ഷീണം വരും. വനസ്പതി ചേര്‍ത്ത ബിരിയാണി കഴിച്ച് കൈ കഴുകുമ്പോള്‍ അറിയാം. അത്തരം ബിരിയാണിയൊക്കെ കഴിച്ചാല്‍ ഉച്ച കഴിയുമ്പോഴേക്കും നമ്മള്‍ ഉറങ്ങിപ്പോകും. ക്ലാസിലാണെങ്കില്‍ ക്ലാസിലിരുന്ന് ഉറങ്ങും.

മാത്തുക്കുട്ടി-അതിന് നിങ്ങള്‍ സ്‌കൂളില്‍ പോയിട്ടുണ്ടോ.. കൗണ്ടറടിച്ചുകൊണ്ട് മാത്തു കഥ തുടര്‍ന്നു. കലേഷേട്ടന് ഇവിടുത്തെ ഫുഡ് ഇഷ്ടപ്പെട്ടപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ വീക്ഷണത്തിനും വലിയ പ്രശ്നമില്ലെന്ന്.

അതിനിടയില്‍ ആവി പറക്കുന്ന പുട്ടും മട്ടണുമായി വെയ്റ്റര്‍ ചേട്ടനെത്തി. ഒപ്പം പഴം നിറച്ചതും പപ്പടവുമുണ്ട്. സംശയമില്ല സംഗതി ഗ്രാന്റ് തന്നെ.

മാത്തുക്കുട്ടി- നമ്മള്‍ പുട്ട് ഉടച്ചിട്ട് അതിന്റെ കൂടെ ഈ മട്ടന്‍ ഒരു പിടി പിടിക്കുമ്പോള്‍ ഈ ചെറിയ ചെറിയ കഷ്ണങ്ങള്‍ ഇങ്ങനെ ചതഞ്ഞുകിട്ടും. കണ്ടോ പുട്ടിലേക്ക് മട്ടനങ്ങോട്ട് ബ്ലെന്‍ഡ് ആകുന്നത്. മാത്തു പുട്ട് ഉടച്ചുകൊണ്ട് ദൗത്യത്തിലേക്ക് കടന്നു.
കലേഷ്- കറിയുടെ കളര്‍ ദാ ഈ പുട്ടിലേക്ക് ഇങ്ങനെ പറ്റും. മട്ടനും പുട്ടും ചേര്‍ത്ത് കുഴച്ച് കലേഷ് തുടര്‍ന്നു.. സാധാരണ കറി ഒഴിച്ചിട്ടല്ലേ നാം പുട്ട് കഴിക്കുക. മട്ടണ്‍ റോസ്റ്റില്‍ ഗ്രേവി ഇല്ലെങ്കിലും നമുക്ക് നന്നായി കഴിക്കാന്‍ പറ്റും. കഴിക്കുന്നതിന്റെ കൂട്ടത്തില്‍ മൊരിഞ്ഞ ഒരു പപ്പടം കൂടെ ഇതിന്റെ കൂടെ ചേര്‍ത്താല്‍ അടിപൊളി. മാന്യമഹാജനങ്ങളേ, ഇത് കഴിക്കേണ്ട സമയത്ത് ശ്രദ്ധിക്കേണ്ട കാര്യം ഇതിനകത്ത് എല്ലുണ്ടാകും. ആ എല്ല് വിഴുങ്ങാനുളള സാധ്യതയുണ്ട്.
മാത്തുക്കുട്ടി- ഏറ്റവും രസമെന്താണെന്നറിയോ ഇതില്‍ അധികം മുറുക്കമില്ലാത്ത എല്ലുണ്ട്. ആ എല്ല് കടിച്ചുമുറിച്ച് കഴിക്കുന്നതാണ് ഏറ്റവും സുഖമുളള കാര്യം. പുട്ട് പിന്നെ അതിന്റെ കൂടെ ഒരു നോണ്‍വെജ് കോമ്പോയും ഇതാണ് നമ്മള്‍ എപ്പോഴും പ്രിഫര്‍ ചെയ്യുന്നത്. പുട്ടും ബീഫും പുട്ടും മട്ടനും പുട്ടും ഓയിസ്റ്ററും.
കലേഷ് - എനിക്ക് ഇഡ്ഡലി ഇഷ്ടമാണ് പക്ഷേ മാത്തൂന് പുട്ടാണ് ഇഷ്ടം. മാത്തു ഒരു ഇഡ്ഡലിയൊക്കെയാണ് കഴിക്കുക
മാത്തുക്കുട്ടി - അതേ പുട്ടാണ് നമ്മുടെ ദേശീയഭക്ഷണം

നിങ്ങളുടെ സൗഹൃദത്തിന്റെ കെമിസ്ട്രി ഭക്ഷണപ്രിയം തന്നെയാണോ?
'ഒരു കെമിസ്ട്രി ഫുഡ് തന്നെയാണ്.' ഉത്തരം തന്നത് കലേഷാണ്..

കലേഷ്- മാത്തു ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്ന ആളല്ല. എന്റെ കൂടെ കൂടിയതിന് ശേഷമാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ തുടങ്ങിയത്.
മാത്തുക്കുട്ടി- ഞാന്‍ ബ്രഞ്ചായിരുന്നു കൂടുതലും. ഒരു പതിനൊന്നരയൊക്കെ ആകുമ്പോള്‍ ലഞ്ചും ബ്രേക്ക്ഫാസ്റ്റും കൂടെ ഒരുമിച്ച് കഴിക്കും.
കലേഷ്- നേരം വെളുക്കുമ്പോള്‍ എനിക്ക് വിശക്കാന്‍ തുടങ്ങും. രാവിലെ കഴിച്ചില്ലെങ്കില്‍ എനിക്ക് പ്രാന്താവുകയും ചെയ്യും. ഇപ്പോള്‍ ഇങ്ങോട്ട് വരുമ്പോള്‍ തന്നെ വിശന്ന് പണ്ടാരമടങ്ങിയിട്ടാണ് വന്നത്.
മാത്തുക്കുട്ടി-പുള്ളിക്ക് പ്രാന്താവുന്നതിന്റെ കഥകള്‍ ഒരു ലോഡുണ്ട്. (മാത്തു കല്ലുവിന്റെ ഭക്ഷണഫലിതങ്ങളുടെ കെട്ടഴിച്ചു.) മധ്യപ്രദേശിലെ ബാന്ധവഗഢിനുളളില്‍ മഹാമന്‍ ടൈഗര്‍ ഫാമിലിയെ കാണാന്‍ ഒരിക്കല്‍ പോയി. മഹാമന് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. മൃഗശാലയില്‍ പോയി കാണുന്നത് പോലെയല്ലല്ലോ കാട്ടിനുളളില്‍ പോയി കടുവകളെ കാണുന്നത്. രാവിലെ നാലുമണിക്ക് ജീപ്പില്‍ യാത്ര പുറപ്പെടും. അതിനിടയില്‍ ഒരിടത്ത് വണ്ടി നിര്‍ത്തി വെളളവും പഴവും സാന്‍ഡ്വിച്ചും കയറ്റും. സാന്‍ഡ് വിച്ച് കണ്ടയുടനെ കലേഷേട്ടന്‍ ചാടിയിറങ്ങി. അതുവരെ അതിഥി ദേവോ ഭവ എന്ന ആംഗിളില്‍ നമ്മളോട് സൗമ്യനായി ഇടപെട്ടുകൊണ്ടിരുന്ന ജീപ്പിന്റെ ഡ്രൈവര്‍ ഒരലര്‍ച്ച. 'നീയൊക്കെ തിന്നാന്‍ വേണ്ടി വന്നതാണോ അതോ കടുവയെ കാണാന്‍ വന്നതാണോയെന്ന്' അതും അവന്റെ ഭാഷയില്‍.
കലേഷ്- എനിക്ക് പുളളി ഭക്ഷണം തന്നില്ല. ആ ഗേറ്റ് കടന്നാല്‍ പിന്നെ വനമാണ്. വനത്തിനുള്ളില്‍ കയറിയാല്‍ പിന്നെ ഒരിക്കലും കഴിക്കാന്‍ പറ്റില്ല
മാത്തുക്കുട്ടി - പിന്നെ അവിടെ നിന്നുളള സീന്‍ എന്താന്നറിയോ..നമ്മള്‍ കടുവയെ നോക്കിക്കൊണ്ടിരിക്കുന്നു. കലേഷേട്ടന്‍ ഭക്ഷണത്തെ നോക്കിക്കൊണ്ടിരിക്കുന്നു.
കലേഷ് - നിങ്ങളാലോചിക്കണം നാലുമണിക്ക് എണീറ്റ എനിക്ക് അവന്‍ ഫുഡ് തരുന്നത് സെന്‍ട്രല്‍ പോയിന്റിലെത്തിയതിന് ശേഷം പതിനൊന്നുമണിക്കാണ്. ഞാന്‍ അപ്പോഴേ പറഞ്ഞു കേരളത്തിലെ ഒരു അവതാരകന്‍ വിശന്നുമരിച്ചു എന്നുപറഞ്ഞ് സെന്‍ട്രല്‍ പോയിന്റിലെത്തി എന്റെ ബോഡി പൊതുദര്‍ശനത്തിന് വെക്കണമെന്ന്...
മാത്തുക്കുട്ടി-നമ്മള്‍ കടുവയെ കാണാം എന്ന ഗംഭീര എക്സൈറ്റ്മെന്റില്‍ ഇരിക്കുമ്പോള്‍ ഈ മനുഷ്യന്‍ അതങ്ങ് കെടുത്തിക്കളയും. നമ്മള്‍ കടുവ, മഹാമന്‍ എന്ന് പറഞ്ഞിരിക്കുമ്പോള്‍ കലേഷേട്ടന്‍ എനിക്ക് വിശക്കുന്നു, ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുപ്പോകും എനിക്ക് ഫുഡ് കിട്ടിയില്ലെങ്കില്‍ ഞാന്‍ കടുവയ്ക്ക് ഫുഡായി മാറും. എന്നൊക്കെ സെന്റിയടിച്ച് ആ യാത്രയെ അങ്ങ് കെടുത്തിക്കളയും. പ്രഭാതഭക്ഷണം കിട്ടാത്ത സ്ഥലത്തൊന്നും ഇനി ഞാന്‍ പുള്ളിയെ കൊണ്ടുപോകില്ല.
കലേഷ് - എനിക്ക് ബ്രേക്ക് ഫാസ്റ്റ് കിട്ടാത്തതുകൊണ്ട് എന്തൊക്കെ ഗുണമുണ്ടായി. നീ ഖജുരാഹോ കണ്ടോ, മാര്‍ബിള്‍ റോക്ക്സ് കണ്ടോ? നാലുദിവസമായിരുന്നു വനത്തിലെ ട്രിപ്പ്. ബ്രേക്ക്ഫാസ്റ്റ് തരാത്ത ഒരുത്തന്റേം കൂടെ ഞാന്‍ പോകില്ലെന്ന് പറഞ്ഞിട്ട് അവസാനത്തെ രണ്ടുദിവസം നമ്മള്‍ കട്ട് ചെയ്തു. മാത്തുവിനേയും കൂട്ടി ഖജുരാഹോയും മാര്‍ബിള്‍ റോക്ക്സും കാണാന്‍ പോയി. നമുക്ക് ബ്രേക്ക് ഫാസ്റ്റ് മുഖ്യം ബിഗിലേ.
മാത്തുക്കുട്ടി- അതേ ബാക്കിയുളള രണ്ടുദിവസം ഞങ്ങള്‍ വനയാത്ര ബഹിഷ്‌ക്കരിച്ചു. ഞാനല്ല കലേഷേട്ടന്റെ നേതൃത്വത്തില്‍ ബഹിഷ്‌ക്കരിച്ചു. പക്ഷേ ഒരു ഭാഗ്യമുണ്ടായി പോകുന്നതിന്റെ തൊട്ടുതലേന്ന് നമുക്ക് മഹാമനെയും രണ്ടുപിളേളരേയും കാണാന്‍ പറ്റി. ഒരു പൊന്തക്കാടിന്റെ ഉളളില്‍ നിന്ന് മഹാമന്‍ രണ്ടുപിളേളരുടെ കൂടെ ഇറങ്ങിവരുന്ന കാഴ്ചയുണ്ടല്ലോ അസാധ്യകാഴ്ചയായിരുന്നു അത്.

കേരളത്തില്‍ സ്വാദിഷ്ഠമായ പ്രഭാതഭക്ഷണങ്ങള്‍ കിട്ടുന്ന ഹോട്ടലുകളും മാത്തുവിന്റെ പുട്ട് പ്രണയവും ഓരോ ഭക്ഷണത്തിന്റെ പ്രത്യേകരുചിയും ഉള്‍പ്പടെ രസകരമായ ഒരുപാട് കഥകള്‍ കൂടെ വിളമ്പി ഗ്രാന്റില്‍ നിന്ന് പുട്ടും മട്ടന്‍കറിയും പഴംപത്തിരിയും ചായയും കഴിച്ച് ഇക്കയോട് സലാം പറഞ്ഞിറങ്ങി. അടുത്ത ഡെസ്റ്റിനേഷന്‍ മട്ടാഞ്ചേരിയിലെ ഹനീഫ്ക്കയുടെ നൂരിയ ആണ്. മട്ടാഞ്ചേരിക്കാരുടെ സ്വന്തം ഇറച്ചിച്ചോറ് ഏറ്റവും രുചികരമായി തയ്യാറാക്കുന്ന ഇടമാണ് മട്ടാഞ്ചേരി പളളിയുടെ സമീപത്തുളള ഹനീഫ്ക്കയുടെ കട. ആലുവയില്‍ നിന്ന് മട്ടാഞ്ചേരിയിലേക്കുളള ട്രാഫിക് കുരുക്കുകള്‍ നിറഞ്ഞ യാത്രക്കിടയിലും കല്ലുവും മാത്തുവും രുചിക്കഥകള്‍ തുടര്‍ന്നു.

ഭക്ഷണത്തോടുളള ഈ ആക്രാന്തം വരുന്നത് എങ്ങനെയാണ്? ചോദിക്കാതിരിക്കാനായില്ല

കലേഷ് - മാനുഫാക്ചറിങ് ഡിഫക്ട് ആയിരിക്കും. കാറിനുളളില്‍ ഉച്ചത്തില്‍ കൂട്ടച്ചിരിയുയര്‍ന്നു.
മാത്തുക്കുട്ടി- കഴിഞ്ഞ ജന്മത്തില്‍ പട്ടിണി കിടന്നുചത്ത ഏതോ ആത്മാവാണ്.
കലേഷ് - ഞാന്‍ പണ്ട് ടേസ്റ്റ് ഓഫ് കേരള ചെയ്യുന്ന സമയത്ത് മലപ്പുറത്തെ ഒരു ഉമ്മൂമ്മ ഇതേകാര്യം പറഞ്ഞിട്ടുണ്ട്. ഓന്‍ കഴിഞ്ഞ ജന്മത്തില്‍ പട്ടിണി കിടന്ന് മരിച്ച ആളുടെ ആത്മാവായിരിക്കും. അവന് ഈ ജന്മത്തില്‍ ഭക്ഷണം കൊടുക്കാമെന്ന് പടച്ചോന്‍ തീരുമാനിച്ചിട്ടുണ്ടായിരിക്കും. ഓന്റെ പേരിലായിരിക്കും ഈ ഭക്ഷണത്രയും എഴുതിവച്ചേക്കുന്നത്. അതുകൊണ്ടാണ് ഓന് ഇത്രയും ഭക്ഷണം വാരിവലിച്ച് തിന്നാന്‍ പറ്റുന്നതെന്ന്. വീണ്ടും കൂട്ടച്ചിരി.
മാത്തുക്കുട്ടി- അതേയതേ കലേഷേട്ടന് വിശന്നാ പ്രാന്താണ്.
കലേഷ് - രാവിലെ നന്നായിട്ട് കഴിക്കും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല
മാത്തുക്കുട്ടി- വേറൊന്നുമല്ല വിശപ്പിന്റെ അസുഖാ..

കഴിച്ചുകഴിച്ചു മടുത്തിട്ടില്ലേ?

കലേഷ് - ഇല്ല, ഇല്ല.. കൊതി കൂടിക്കൊണ്ടിരിക്കുകയാണ്.
മാത്തുക്കുട്ടി- നല്ല കള്ളുകുടിയന്‍മാരില്ലേ ഇവര്‍ക്ക് ഒരു കാലത്തും കളളുകുടി മടുക്കില്ല. മറിച്ച് വല്ലപ്പോഴും അടിക്കുന്നവര്‍ നിര്‍ത്തും. ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അത് കഴിക്കുന്തോറും അതിനോടുളള ആക്രാന്തം കൂടിക്കൊണ്ടേയിരിക്കും. എന്തിനോടാണ് നമുക്ക് ക്രേസ് ഉളളത് അത് കൂടിക്കൊണ്ടിരിക്കും.

പലതരം ഭക്ഷണം പല നാടുകളില്‍ നിന്ന് കഴിച്ചിട്ടുളള കക്ഷികളല്ലേ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം?

മാത്തുക്കുട്ടി- എനിക്ക് കഴിച്ചതില്‍ ഏറ്റവും ഇഷ്ടം ഏതാണ് എന്ന് ഇതുവരെ കിട്ടിയിട്ടില്ല. കഴിച്ചില്‍ യെമനി മന്തി അസാധ്യമാണ്.
കലേഷ് - എനിക്ക് ലംപ്രെയ്‌സ്‌ ഞാന്‍ ഞെട്ടിപ്പോയ നൂറില്‍ നൂറ് കൊടുക്കാന്‍ പറ്റുന്ന സാധനമാണ്. ശ്രീലങ്കയില്‍ കാന്‍ഡി എന്ന സ്ഥലത്ത് കിട്ടുന്ന ഭക്ഷണമാണ്. ശ്രീലങ്കന്‍ ലംപ്രെയ്‌സ്‌ എന്നാണ് ലോകം മുഴുവന്‍ പ്രശസ്തമായിക്കുന്നത്. കാന്‍ഡിയന്‍ ലംപ്രെയ്‌സ്‌ എന്നാണ് ശ്രീലങ്കക്കാര്‍ പറയുന്നത്. ജീരകശാല പോലെ നല്ല മണമുളള ഒരു അരിയുണ്ട്. ആ അരികൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. അത് മഞ്ഞള്‍പൊടി ഇട്ട് വേവിക്കും. കുറച്ച് നെയ് ചേര്‍ക്കുന്നുണ്ടാകും. എന്നിട്ട് നല്ല വാഴയില വാട്ടിയിട്ട് അതിനകത്ത് ചൂടോട് കൂടി ഇതിടും. അതിനകത്ത് ഒന്നുകില്‍ ചിക്കന്‍ കറി അല്ലെങ്കില്‍ മട്ടനോ ബീഫോ കറി ഒഴിക്കും. ഇതിനൊപ്പം ഒരു വെജിറ്റബിള്‍ കട്ലെറ്റ്, ഒരു മീറ്റ് ബോള്‍, ഒരു മുട്ട പിന്നെ അച്ചാര്‍ ഇത്രയും ഉണ്ടാകും. അച്ചാര്‍ എന്ന് പറഞ്ഞാല്‍ ഒരു നാരങ്ങ മുഴുവനും ഉണ്ടാകും. മസാല മുകളില്‍ തേച്ച് രണ്ടുവര്‍ഷം കുഴിച്ചിട്ടാണ് ഈ അച്ചാര്‍ ഉണ്ടാക്കുന്നത്. ഒരു ലംബ്രൈസിന് ഒരു മുഴുവന്‍ നാരങ്ങ..ആ നാരങ്ങയുടെ കയ്പും ഈ ലംപ്രെയ്‌സും കൂടിയാല്‍ ആഹ്..അതിനാണ് ഏറ്റവും രുചി എനിക്ക് തോന്നിയിട്ടുളളത്. രാവിലെ ഒരു പതിനൊന്നുമണിക്ക് ചൂടോടെ പൊതിഞ്ഞുവെക്കുന്ന സാധനം ഒരു രണ്ടരയക്ക് കഴിക്കുകയാണെങ്കില്‍ ഇത് തുറക്കുന്ന സമയത്ത് ആ പ്രദേശം മുഴുവന്‍ മണമായിരിക്കും. പിന്നെ ചുറ്റുമുളളതൊന്നും കാണാന്‍ പറ്റില്ലെന്റെ സാറേ...

കലേഷ്‌ ഫുഡിനെ പറ്റി പറഞ്ഞുതുടങ്ങിയാല്‍ കേള്‍ക്കുന്നവന്റെ അവസ്ഥയും ഇതുപോലെത്തന്നെയാണ്. ചുറ്റുമുളളതൊന്നും കാണാന്‍ പറ്റില്ല. ഇന്നുവരെ രുചിച്ചുനോക്കാന്‍ പോയിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ലംപ്രെയ്‌സിന്റെ രുചിയും മണവും വണ്ടിക്കുളളില്‍ നിറഞ്ഞു. അക്കാര്യം പറഞ്ഞപ്പോള്‍ കലേഷിന്റെ സുഹൃത്ത് അഖിലിന്റെ കമന്റ്, 'ലാഭായില്ലേ പുളളി ഇതിനുവേണ്ടി എത്ര ചെലവാക്കിയതാണ്.'

അയര്‍ലന്‍ഡില്‍ മാത്തു മുതലയിറച്ചി കഴിക്കാന്‍ പോയ കഥ പറഞ്ഞിരിക്കുന്നതിനിടയില്‍ മട്ടാഞ്ചേരിയിലെ ഹനീഫ്ക്കയുടെ നൂരിയയിലെത്തി. കഥയ്ക്ക് വിരാമമിട്ട് വണ്ടിയില്‍ നിന്നിറങ്ങിയതും കല്ലുവിനെയും മാത്തുവിനെയും കണ്ട് ഹോട്ടലില്‍ നിന്ന് ഒരാരവം..'വന്നല്ലോ വനമാല'. 'വയറുനിറച്ചാല്‍ പോര മനസ്സും നിറയ്ക്കാന്‍ അറിയണം എന്ന് ഉസ്ദാത് ഹോട്ടല്‍ എന്ന സിനിമയിലെ ഒരു ഡയലോഗില്ലേ..അങ്ങനെ വയറും മനസ്സും നിറയ്ക്കുന്ന ഉസ്താദാണ് ഈ നില്‍ക്കുന്നത്.' ഹനീഫ്ക്കയെ പരിചയപ്പെടുത്തി കലേഷ് പറഞ്ഞു.

ഹനീഫ് ഇക്കയ്‌ക്കൊപ്പം കല്ലുവും മാത്തുവും

കലേഷ് - 2006-ലാണ് ഞാനാദ്യം ഇവിടെ വരുന്നത്. അന്ന് 30 രൂപയായിരുന്നു ഇറച്ചിച്ചോറിന്റെ വില. ഇപ്പോള്‍ എണ്‍പതുരൂപയായി. ഒരു ബിരിയാണിക്ക് 250 രൂപയ്ക്ക് മേല്‍ വിലയുളള സമയത്താണ് ഇവിടെ ഹനീഫ്ക്ക 80 രൂപയ്ക്ക് ഇറച്ചിച്ചോര്‍ നല്‍കുന്നത്.
മാത്തുക്കുട്ടി-കഴിച്ച ഭക്ഷണത്തെ കുറിച്ച് കലേഷേട്ടന് ഏറ്റവും പറഞ്ഞുകേട്ടിട്ടുളളത് ഹനീഫ്ക്കയുടെ ഭക്ഷണത്തെ കുറിച്ചാണ്.
കലേഷ് -ലോകത്ത് ഞാന്‍ കണ്ടിട്ടുളള മികച്ച പത്തുഷെഫുമാരില്‍ എനിക്ക് പ്രിയപ്പെട്ട ആള്‍. ഹനീഫ്ക്കായുടെ ഫുഡിന്റെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാല്‍ മട്ടാഞ്ചേരിക്കാരുടേതാണ് ഇറച്ചിച്ചോറ്. എന്ത് അരികൊണ്ടും ഇറച്ചിച്ചോറും ഉണ്ടാക്കാം. ഏറ്റവും അവസാനം ഇത് റെഡിയായി വരുന്ന സമയത്ത് ഏറ്റവും അവസാനം പച്ചവെളിച്ചെണ്ണ ഒഴിക്കും. അതിന്റെ മണമടിച്ചാലുണ്ടല്ലോ..വയര്‍ എത്ര നിറഞ്ഞതാണെങ്കിലും അതെല്ലാം കത്തിപോകും.
മാത്തുക്കുട്ടി- ബ്രേക്ക് ഫാസ്റ്റ് നല്ല ഹെവിയായിട്ട് കഴിച്ചതാണ്. കറക്ടായിട്ട് പറഞ്ഞാല്‍ രണ്ടുകുറ്റുപുട്ട് മൂന്ന് മട്ടന്‍ ഒരു പഴം നിറച്ചത്..പക്ഷേ ഇറച്ചിച്ചോറിന്റെ മണമടിച്ചുകഴിഞ്ഞപ്പോള്‍ അതെല്ലാം പോയി.
ഹനീഫ്ക്ക -ഭയങ്കര കപ്പാസിറ്റിയാണല്ലോ. നൂരിയയ്ക്കുളളില്‍ കൂട്ടച്ചിരി മുഴങ്ങി.
മാത്തുക്കുട്ടി-- ഇറച്ചിച്ചോറല്ലാതെ ഉരുളക്കിഴങ്ങ് ഒക്കെയിട്ട് ഹനീഫ്ക്കയുടെ ഒരു സാധനമുണ്ട്. ഹനീഫ്ക്ക അതെനിക്ക് ഉണ്ടാക്കി തരാം എന്ന് പറഞ്ഞിട്ട് നടന്നിട്ടില്ല.
ഹനീഫ്ക്ക- അതിന്റെ പേരാണ് അക്കിണി.
മാത്തുക്കുട്ടി-ഹനീഫ്ക്കയുടെ ഗുരുനാഥന്‍ വലിയ കല്യാണം ചെയ്യന്ന ആളായിരുന്നു. മട്ടാഞ്ചേരിയിലെ വലിയ കല്യാണങ്ങള്‍ക്ക് ഉരുളക്കിഴങ്ങും മറ്റും ചേര്ത്ത് ഇറച്ചിച്ചോറുപോലത്തെ മറ്റൊന്നുണ്ടാക്കും.ഇതിനേക്കാള്‍ പതിന്മടങ്ങ് സ്വാദുളള ഒന്ന്. അതാണ് അക്കിണി
മാത്തുക്കുട്ടി- - അക്കിണി ഉണ്ടാക്കുന്ന സമയത്ത് എന്നേം വിളിക്കണം ഞാന്‍ നന്നായിട്ട് ഉരുളക്കിഴങ്ങ് അരിയും.

ഭക്ഷണം വിലകുറച്ച് വിളമ്പുന്നതിന്റെ രഹസ്യം ഹനീഫ്ക്കയോട് ചോദിച്ചു. കട തുടങ്ങിയ കാലത്തെ കുറിച്ചും ഇറച്ചിച്ചോറിന്റെ റെസിപ്പിയും ചോദിച്ചറിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ ഒരു പച്ചമനുഷ്യന്‍. 'മോനേ ഇത് വിലകുറച്ചല്ലല്ലോ, ന്യായമായ വിലയേ ഞാനെടുക്കുന്നുളളൂ. മുസല്‍മാന് പറഞ്ഞിട്ടുളളത് കച്ചോടമാണ്. കച്ചോടം ചെയ്യാ ഭയങ്കര ലാഭമെടുക്കരുത്. അവനവന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനുളള ഒരു ലാഭം അതെനിക്ക് കിട്ടുന്നുണ്ട്. ഞാനടക്കം ഏഴ് കുടുംബങ്ങളാണ് കഴിഞ്ഞുപോകുന്നത്.അധികം ഉയരത്തിലേക്ക് പോയാല്‍ ഒടയതമ്പുരാനെ മറന്നുപോകും.' ഹനീഫ്ക്ക പറഞ്ഞു. 1991-ലാണ് ഹനീഫ്ക്ക കട തുടങ്ങുന്നത്. അന്നുമുതല്‍ ഇന്നുവരെ ഇറച്ചിച്ചോറും ബിരിയാണിയും മാത്രമാണ് ഇവിടെ വില്‍ക്കുന്നത്. തുടക്കത്തില്‍ ഹനീഫ്ക്ക തന്നെയായിരുന്നു വെപ്പും വിളമ്പും. തിരക്കേറിയതോടെ സഹായത്തിനാളുകളെ വെച്ചു. ഇപ്പോള്‍ നാലുമക്കളില്‍ ഒരാള്‍ സഹായത്തിനുണ്ട്. ഒപ്പം ബന്ധുക്കളും. സിനിമാതാരങ്ങളുള്‍പ്പടെ കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുളളവര്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ഹനീഫ്ക്ക പറഞ്ഞു. ഹനീഫ്ക്കയെ കണ്ടെത്തിയ കഥ കലേഷ് പറഞ്ഞു.

കലേഷ്- ഞാന്‍ ആദ്യം ചെയ്ത കുക്കറി ഷോയില്‍ ആത്മാര്‍ഥമായി ഭക്ഷണം ഉണ്ടാക്കി നല്‍കുന്നവരെ കണ്ടെത്തി പരിചയപ്പെടുത്താനാണ് ശ്രമിച്ചിരുന്നത്. ഷിബു എന്നൊരു സുഹൃത്തിനോട് ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ ആദ്യം പറഞ്ഞ പേര് ഹനീഫ്ക്കയുടേതാണ്. മട്ടാഞ്ചേരി പള്ളിക്കടുത്താണ്. വെള്ളിയാഴ്ച പളളി കഴിഞ്ഞ് വരുന്നവരുടെ നടുക്കിരുന്ന് ഇറച്ചിച്ചോറ് കഴിക്കുന്നത് ഒരു പ്രത്യേക വൈബാണെന്ന് ഷിബു പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ഞാനിവിടെയെത്തി പള്ളി കഴിയുന്നത് വരെ കാത്തുനിന്ന് അവര്‍ക്കൊപ്പം കയറി ഭക്ഷണം കഴിച്ചുപോയി. പിന്നെ ഷൂട്ടിന് വന്നു. പിന്നെ സുഹൃത്തുക്കളുമായി പലതവണ വന്നു..വന്നുകൊണ്ടേയിരിക്കുന്നു.

കടയില്‍ തിരക്കേറിയതോടെ മെല്ലെ പുറത്തിറങ്ങി.. ഒരു നാരങ്ങാസര്‍ബത്ത് കുടിക്കാന്‍ ഇറങ്ങി തിരിച്ചെത്തുമ്പോഴേക്കും ഇറച്ചിച്ചോര്‍ കാലി. സമയം ഒന്നര ആകുന്നേയുളളൂ.. ഭാഗ്യം അതിനിടയില്‍ ഫോട്ടോഗ്രാഫര്‍ സിദ്ദിഖ് അടുക്കളയില്‍ കയറി ഇറച്ചിച്ചോറിന്റെ ഫോട്ടോസ് തലങ്ങും വിലങ്ങും എടുത്തിരുന്നു. ഇറച്ചിച്ചോര്‍ തീര്‍ന്നെങ്കില്‍ പോട്ടെ ബീഫ് ബിരിയാണിയില്‍ ക്ഷീണം തീര്‍ക്കാന്‍ തീരുമാനിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഹനീഫ്ക്കയുടെ കണ്ണ് നിറയുന്നു. ഉണ്ടിറങ്ങുന്നവന്റെ മനസ്സും.

ഇറച്ചിച്ചോര്‍ റെസിപ്പി ഹനീഫ്ക്കയുടെ ഭാഷയില്‍

ഇറച്ചിച്ചോര്‍

വീട്ടില്‍ നിങ്ങള്‍ എന്ത് മസാലയാണോ ഇറച്ചുകറിവെക്കാന്‍ ഉപയോഗിക്കുന്നത് ആ മസാല ചേര്‍ത്ത് അതില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് തിരുമ്മി 75 ശതമാനം വേവില്‍ ഇറക്കിവെക്കുക. മറ്റൊരുചെമ്പില്‍ കറുവപ്പട്ട, ജീരകം, ഏലയ്ക്കാ, ഗ്രാമ്പൂ, മഞ്ഞള്‍പൊടി, പൈനാപ്പി, സവാള എന്നിവ ചേര്‍ത്ത് വെളളം തിളപ്പിക്കുക. ഇതില്‍ സാധാരണ അരി കഴുകിയിടുക. വെന്ത് വരുമ്പോള്‍ നേരത്തേ തയ്യാറാക്കിയ ഇറച്ചി ഇതിലേക്ക് ചേര്‍ക്കുക അല്പനേരം കൂടി വേവിക്കുക. വിളമ്പാന്‍ നേരം അല്പം മല്ലിയില, കുറച്ച് കുരുമുളക് പൊടി, ഗരംമസാല ഇതെല്ലാം ചേര്‍ത്ത് ഇളക്കിയെടുക്കുക. അവസാനം അല്പം ആട്ടിയ പച്ച വെളിച്ചെണ്ണ ഇതിലേക്ക് ചേര്‍ക്കുക.

അടുത്ത ലക്ഷ്യം ഹോളിഡേ ഇന്‍. അവിടെ ചായസല്‍ക്കാരത്തിനായി 501 തരം ചായകള്‍ തയ്യാറാക്കിയ എക്സിക്യൂട്ടീവ് ഷെഫ് ഷിഹാബ് കാത്തിരിപ്പുണ്ട്. പൊരിവെയിലാണെങ്കിലും മട്ടാഞ്ചേരിയിലെ മനുഷ്യരുടെ സ്നേഹം മുഴുവന്‍ ഏറ്റുവാങ്ങി, കൈവീശിക്കാണിക്കുന്നവരെ തിരിച്ച് അഭിവാദ്യം ചെയ്ത് ഓടിവന്ന് കെട്ടിപ്പിടിക്കുന്നവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് കല്ലുവും മാത്തുവും അടുത്തലക്ഷ്യത്തിലേക്കുളള യാത്ര തുടങ്ങി. ഹോളിഡേ ഇന്നിലേക്ക് ചെന്നുകയറിയതും ഷെഫ് ഷിഹാബ് ഓടിവന്നു. പരിചയപ്പെടുത്തലുകള്‍ക്കൊടുവില്‍ ഫുഡ് കോര്‍ട്ടിലെ തീന്‍മേശയിലേക്ക്..പിസ്തയും കാഷ്യുനട്സുമെല്ലാം ഇട്ട കശ്മീരി ചായയിലൂടെ സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ നിറഞ്ഞ ഊഷ്മള നിമിഷങ്ങളിലേക്ക് അവര്‍ കടന്നു.

ഷെഫ് ഷിഹാബിനൊപ്പം മാത്തുക്കുട്ടിയും കലേഷും

ഷെഫ് ഷിഹാബ്- ഇവരിലാണ് എന്റെ ചായ പരീക്ഷണം തുടങ്ങുന്നത്.
കലേഷ് - കൊറോണക്കാലത്ത് മുഴുവന്‍ പരിപാടികളുമായി ബന്ധപ്പെട്ട് നമ്മള്‍ ഹോളിഡേ ഇന്നിലായിരുന്നു താമസിച്ചിരുന്നത്. ഒരിക്കല്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയില്‍ ചീസ് ഓംലെറ്റ്് പറഞ്ഞു. ഷെഫ് അത് ഉണ്ടാക്കി തന്നു. കിടിലന്‍ സാധനം.
മാത്തുക്കുട്ടി- നമ്മള്‍ പലയിടത്തുനിന്നും ചീസ് ഓംലെറ്റ് കഴിച്ചിട്ടുണ്ട്. ഇത് നല്ല കട്ടിക്കാണ് ഉണ്ടാക്കുന്നത്. അട പോലെ മടക്കിയിട്ട്. പുറത്തേക്ക് ചീഫ് പോകില്ല. ഇത് കട്ട് ചെയ്ത് എടുക്കുമ്പോള്‍ ഇതില്‍ നിന്ന ചീസ് ഉരുകി ഒലിച്ചുവരും. ഭയങ്കര സ്വാദാണ്.
കലേഷ് - ഞങ്ങള്‍ ഷെഫ് ആരാണെന്ന് ചോദിച്ചു. പരിചയപ്പെട്ടു അതാണ് തുടക്കം. പിന്നെ ഒരിക്കല്‍ സംസാരിച്ചപ്പോള്‍ ഇശല്‍ ചായയെ കുറിച്ച് സംസാരിച്ചു. അങ്ങനെ ഒരുദിവസം ഞാനിവിടെ വന്ന് ഇശല്‍ ചായ കുടിച്ചു. ഇന്‍സ്റ്റഗ്രാമില്‍ അത് ലൈവില്‍ പോയിരുന്നു. വന്‍ റെസ്പോണ്‍സായിരുന്നു. ഒരു യൂറോപ്യന്‍ പൗരന്‍വരെ ഇത് ട്രൈ ചെയ്തു അടിപൊളിയാണെന്ന് എനിക്ക് മെസേജിട്ടിരുന്നു.
മാത്തുക്കുട്ടി-ഇശല്‍ ചായയുടെ ഗുണം എന്താണ് എന്നുവെച്ചാല്‍ അതിന്റെ ഫ്ളേവറുകള്‍ രസമായിട്ടാണ് ബ്ലെന്‍ഡ് ചെയ്തിരിക്കുന്നത്. ചായ കുടിക്കുമ്പോള്‍ ഏയ് ഇത് അതല്ലേ, ഇതല്ലേ എന്നൊക്കെ സംശയം തോന്നും. നമ്മുടെ ബ്രെയിനില്‍ കൂടി കയറിയിറങ്ങും.
കലേഷ് - ഞാന്‍ ചായയിലെ ചേരുവകള്‍ എന്തൊക്കെയാണെന്ന് ഷെഫിനോട് അങ്ങോട്ട് പറഞ്ഞു. അതോടെ ഞങ്ങള്‍ സിങ്കായി. ഇശല്‍ ചായ തന്ന സൗഹൃദം.പിന്നെ എപ്പോള്‍ ഇവിടെവരുമ്പോഴും നമ്മള്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് കഴിയുമ്പോള്‍ പുളളി നമ്മുടെ ഒപ്പം വന്നിരുന്ന് ഇന്ന് ഞാന്‍ ഇട്ട ഒരു ചായയുണ്ടെന്ന് പറഞ്ഞ് പുതിയ പുതിയ ചായകള്‍ പരിചയപ്പെടുത്തും.

പഞ്ചാമൃതം ചായ

ഷെഫ് - ചായയില്‍ കൂടി ഹൃദയത്തില്‍ കയറിപ്പറ്റിയ സൗഹൃദങ്ങളാണ് ഇവര്‍. സ്നേഹം ചേര്‍ത്താണ് ഞാന്‍ ചായ ഉണ്ടാക്കാറുളളത്.
മാത്തുക്കുട്ടി- മൊഹബത്താണല്ലോ മെയിന്‍
ഷെഫ് - ചായയില്‍ കൂടി ഹൃദയത്തില്‍ കയറിപ്പറ്റിയ സൗഹൃദങ്ങളാണ് ഇവര്‍. ഞാന്‍ പറയാറുളളത് ഇതാണ് എല്ലാ ചായയിലും ഇന്‍വിസിബിള്‍ ആയ ഒരു സാധനം ചേര്‍ക്കാറുണ്ട്. അതാണ് സ്നേഹം. കാരണം ആ പാഷനോടും സ്നേഹത്തോടും കൂടി ഉണ്ടാക്കിയാല്‍ മാത്രമേ കഴിക്കുന്നവരുടെ മനസ്സും വയറും നിറയൂ. കുടിച്ചവരില്‍ നിന്ന ലഭിച്ച മോട്ടിവേഷനാണ് അഞ്ഞൂറ്റി ഒന്നിലെത്തിച്ചത്. ആദ്യം ഒന്നായിരുന്നു പിന്നെ അമ്പതായി ഇപ്പോള്‍ അത് അഞ്ഞൂറ്റൊന്നായി.
കലേഷ്-ഷെഫിന്റെ പത്ത് മുപ്പത് ചായ ഞാന്‍ കുടിച്ചിട്ടുണ്ടാകും. വര്‍ഷത്തില്‍ 365 ദിവസമാണ്. ഒരു ദിവസം ഒരു ചായ വെച്ച് കുടിച്ചാല്‍ പോലും ഒരു വര്‍ഷത്തിന് മേലെ കുടിക്കാന്‍ ഉണ്ടാകും.
മാത്തുക്കുട്ടി- ലാസ്റ്റ് ഞാന്‍ കുടിച്ചത് പാഷന്‍ ഫ്രൂട്ട് മിക്സ് ചെയ്ത ഒന്നാണ്. എനിക്കത് ഒരു കോക്ടെയ്ല്‍ പോലെയാണ് ഫീല്‍ ചെയ്തത്.
കലേഷ് - പായസം മിക്സ് ചെയ്തുളള പാലടച്ചായ ഒക്കെയുണ്ട് പുളളിയുടെ കൈയില്‍.
ഷെഫ് - മനസ്സില്‍ തൊട്ടത് വിധുപ്രതാപിന്റെ അഭിനന്ദനമാണ്. ഇനിയും ഉണ്ടാക്കണം, ഞങ്ങള്‍ക്കത് കുടിക്കാന്‍ പറ്റട്ടേ എന്നൊക്കെ പറഞ്ഞതോടെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു. കണ്ണില്‍ കാണുന്നതും കയ്യില്‍ കിട്ടുന്നതെന്തും വെച്ച് ചായ ഇടാന്‍ തുടങ്ങി.
കലേഷ് - ഉളള കമ്യൂണിസ്റ്റ് പച്ച വരെ ഇട്ട് ചായ ഉണ്ടാക്കിയേക്കുവാണ്..ചിരി ഉയരുന്നു.

സംസാരത്തിനിടയില്‍ ഷെഫ് പഴം ചേര്‍ത്ത പഞ്ചാമൃതം ചായ പകര്‍ന്നു. ചായയാണോ പഴനിയിലെ പഞ്ചാമൃതമാണോ എന്ന് സ്വാഭാവികമായും സംശയിച്ചുപോകുന്ന അസാധ്യരുചി. ഷെഫിന്റെ ചായ ഭ്രാന്ത് മനസ്സിലാക്കിയ ഒരു ആയുര്‍വേദ ഡോക്ടര്‍ ദ്രവ്യഗുണ എന്ന പുസ്തകം തന്നെ അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. അതെല്ലാം വായിച്ചുപഠിച്ചാണ് ഷെഫിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍.

ഷെഫ്- ചില ചെടിയുടെ പൂക്കളിലായിരിക്കും ഔഷധഗുണം. ചിലതിന്റെ തണ്ടിലും ചിലതിന്റെ ഇലയിലും
മാത്തുക്കുട്ടി - ചുരുക്കിപ്പറഞ്ഞാല്‍ ചെത്തി,മന്ദാരം,തുളസി,പിച്ചകമാല അല്ലേ.. വീണ്ടും ചിരി..യാത്രകളില്‍ സമോവറുളള കടകള്‍ നോക്കിയാണ് ഞങ്ങള്‍ വണ്ടി ചവിട്ടുക.
കലേഷ് - കോപ്പര്‍ സമോവറിലുളള ചായയ്ക്ക് പ്രത്യേക രുചിയാണ്.
മാത്തുക്കുട്ടി - കോഫി നമ്മള്‍ ഏറ്റവുമധികം കുടിച്ചിട്ടുളളത് പുറത്തുപോയപ്പോഴാണ്. പിന്‍ലന്‍ഡില്‍ പോയ സമയത്ത്.
അത് പറയുമ്പോഴേക്കും എനിക്ക് കോഫിയുടെ മണം വരുന്നു. എക്സ്പ്രസോയുടെ ഡബിള്‍ഷോട്ടാണ് അടിക്കാറ്. ഫിന്‍ലന്‍ഡില്‍ കോഫിക്കായി ഒരു മെഷീന്‍ ഉണ്ടായിരുന്നു.
കലേഷ് - റോസറ്റ് ചെയ്ത കാപ്പിക്കുരു ഇതിനകത്തേക്ക് പോയി അത് പ്രസായി അതിനത്ത് ആവി കയറി വരുന്ന കോഫി. ഞങ്ങളതിന്റെ ഡബിള്‍ ഷോട്ട് മൂന്നുനേരം കുടിക്കാന്‍ തുടങ്ങി.
മാത്തുക്കുട്ടി- പിന്നെ നമ്മള്‍ വിയര്‍ക്കുമ്പോഴൊക്കെ മുഴുവന്‍ കോഫിയുടെ മണമാണ്.നമുക്ക് മൊത്തത്തില്‍ കോഫി മണം. മൊത്തത്തില്‍ ഒരു കോഫി മാനാകും. ഇപ്പോഴും എയര്‍പോര്‍ട്ടിലെത്തിയാല്‍ ഫിന്‍ലന്‍ഡ് കോഫിയുടെ ഓര്‍മയ്ക്ക് എക്സ്പ്രസോ ഡബിള്‍ഷോട്ടടിക്കും. ചവര്‍പ്പാണ് പക്ഷേ അതിനോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ പിന്നെ മധുരത്തില്‍ നാം ഛര്‍ദിക്കും. എനിക്ക് ഓറഞ്ച് ജ്യൂസില്‍ പഞ്ചസാര ചേര്‍ത്താല്‍ പറ്റില്ല
കലേഷ് - ഒരു നുളള് ഉപ്പിട്ട് കഴിക്കണം ഓറഞ്ച് ജ്യൂസ്. അപ്പോഴാണ് അതിന്റെ ടേസ്റ്റ് അറിയുക.
മാത്തുക്കുട്ടി- ഞാന്‍ അങ്ങനെ കഴിച്ചുതുടങ്ങിയതിന് ശേഷമാണ് ഓരോ ജ്യൂസിന്റെയും രുചിയുടെ വ്യത്യാസം എനിക്ക് മനസിലാകാന്‍ തുടങ്ങിയത്.
കലേഷ് - അത് ആരെ പരിചയപ്പെട്ടതിന് ശേഷം???
മാത്തുക്കുട്ടി-ചിരിച്ചുകൊണ്ട് കലേഷേട്ടനെ
കലേഷ് - അതേ ഈ ഞാന്‍ ആരാ...

അപ്പോഴേക്കും അടുത്ത ചായയുമായി ഷെഫ് എത്തി. കലേഷിന്റെയും മാത്തുക്കുട്ടിയുടേയും പ്രിയപ്പെട്ട ഇശല്‍ ചായ. പേരുപോലെ നാവില്‍ രുചിയുടെ ഇശലുകള്‍ വിടര്‍ത്തി ചായ..ഷെഫിന്റെ അവസാനിക്കാത്ത ചായകള്‍ക്കൊപ്പം കലേഷും മാത്തുവും യാത്രകളുടേയും രുചിയുടേയും ചായയുടേയും അവസാനിക്കാത്ത കഥകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു..


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.

Content Highlights: a food travel with kallu and mathu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented