വീഡിയോയിൽ നിന്ന് | Photo: twitter.com|food24
നല്ല ബിരിയാണി എവിടെ കിട്ടിയാലും തപ്പിപ്പിടിച്ച് കഴിക്കുന്നവരുണ്ട്. അടുത്തിടെ വൈറലായൊരു വീഡിയോ അതിനുദാഹരണമാണ്. ബെംഗളൂരുവിൽ നിന്നുള്ള ആനന്ദ് ബിരിയാണി ഷോപ്പിനു മുന്നിലുള്ള ബിരിയാണിക്കായി കാത്തുനിൽക്കുന്നവരുടെ നീണ്ട നിരയായിരുന്നു അത്. ബിരിയാണിപ്രണയത്തിന്റെ മറ്റൊരുതലമായിരുന്നു അവിടെ കണ്ടത്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും ഒരു ബിരിയാണിയുടെ വീഡിയോ ആണ്. പക്ഷേ ഈ ബിരിയാണി കണ്ട് സഹതപിക്കുന്നവരാണ് ഏറെയും.
ഒരു സൗത്ത് ആഫ്രിക്കൻ ഫുഡ് വെബ്സൈറ്റിലൂടെ പുറത്തുവന്ന വീഡിയോയാണ് പ്രശംസകളേക്കാളേറെ വിമർശനങ്ങൾ കൊണ്ടു നിറയുന്നത്. ചിക്കൻ ബിരിയാണി തയ്യാറാക്കിയ വിധമാണ് ഇവിടെ ബിരിയാണി പ്രേമികളെ രോഷം കൊള്ളിച്ചിരിക്കുന്നത്. ചിക്കൻ പീസും റൈസും മാത്രമല്ല പരിപ്പും ഉരുളക്കിഴങ്ങും ഉള്ളിയും തക്കാളിയുമൊക്കെ ചേർത്താണ് ഇവിടെ ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്.
നന്നാക്കി വച്ചിരിക്കുന്ന കഷ്ണങ്ങൾ തൈരും മസാലയും മഞ്ഞളും ചേർത്ത് മാരിനേറ്റ് ചെയ്യുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇവ മാറ്റിവച്ച് മറ്റൊരു പാത്രത്തിൽ ബിരിയാണിക്കുള്ള ചോറും പരിപ്പും അൽപം മഞ്ഞൾ ചേർത്തു വേവിക്കുന്നു. മറ്റൊരു പാത്രത്തിൽ ചതുരാകൃതിയിൽ മുറിച്ചുവച്ച സവോള കഷ്ണങ്ങൾക്കു മുകളിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കനും തക്കാളിയും ഉരുഷക്കിഴങ്ങും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുന്നു. വെന്തുകഴിഞ്ഞാൽ ചോറും പരിപ്പും വേവിച്ചെടുത്തതു ചേർത്ത് മിക്സ് ചെയ്ത് പാത്രത്തിലേക്കു മാറ്റുന്നു.
ഈ ബിരിയാണി റെസിപ്പി സഹിക്കാനാവുന്നില്ലെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. പരിപ്പും ഉരുളക്കിഴങ്ങുമൊക്കെ ചേർത്ത ബിരിയാണി ആദ്യമായാണ് കാണുന്നതെന്നും ഈ ബിരിയാണി കണ്ടാൽ യഥാർഥ ബിരിയാണി നാടുവിടുമെന്നും റൈസും ചിക്കനും ചേർന്നാൽ ബിരിയാണി ആവില്ലെന്നു മനസ്സിലാക്കൂ എന്നുമൊക്കെ പോകുന്നു കമന്റുകൾ.
ബിരിയാണി ആരാധകരുടെ വിമർശനം സഹിക്കവയ്യാതെ ഡിഷിന്റെ പേരുമാറ്റി നൽകാനും അധികൃതർ തയ്യാറായി. ചിക്കൻ ബിരിയാണി എന്ന പേരിൽ റെസിപ്പി പങ്കുവച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും സ്പൈസി ചിക്കൻ റൈസ് കാസറോൾ എന്നാക്കി നൽകുന്നുവെന്നും വെബ്സൈറ്റ് അറിയിച്ചു.
Content Highlights: A ‘biryani’ recipe using lentils, diced potatoes horrifies social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..