കഴിഞ്ഞ വർഷമാണ് ബാബാ കാ ദാബയുടെ കഥ സമൂഹമാധ്യമത്തിൽ നിറഞ്ഞുനിന്നത്. കൊറോണ മൂലം ജീവിതം ദുരിതത്തിലായെന്നു പറയുന്ന വൃദ്ധ ദമ്പതികളും അവരുടെ കൊച്ചുചായക്കടയുമായിരുന്നു വൈറലായത്. പിന്നാലെ ഇരുവർക്കും സഹായപ്രവാഹമെത്തുകയും ചെയ്തു. അതിനു സമാനമായ മറ്റൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. കുടുംബം പുലർത്താൻ പലഹാരം വിറ്റ് ജീവിക്കുന്ന പതിനാലുകാരനാണ് ഇക്കുറി ശ്രദ്ധിക്കപ്പെടുന്നത്. 

അഹമ്മദാബാദിൽ കച്ചോരി(ഒരിനം സ്നാക്സ്) വിൽക്കുന്ന പതിനാലുകാരന്റെ വീഡിയോ വൈറലാവുകയായിരുന്നു. കുടുംബത്തെ പോറ്റാൻ കഷ്ടപ്പെടുന്ന ആൺകുട്ടി എന്ന ക്യാപ്ഷനോടെ വിശാൽ പരേഖ് എന്നയാളാണ് വീഡിയോ പങ്കുവച്ചത്.  വെറും പത്തുരൂപയ്ക്കാണ് അവൻ കച്ചോരി വിൽക്കുന്നതെന്നും പറ്റുന്നവർ സഹായിക്കണമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

വീഡിയോ വൈറലായതോടെ ഭക്ഷണപ്രേമികളൊന്നാകെ അണിനിരക്കുകയും ചെയ്തു. കൊച്ചുകടയ്ക്ക് മുന്നിലാകെ കച്ചോരിക്കു വേണ്ടി ആളുകൾ വരിനിൽക്കുന്നതിന്റെ വീഡിയോ ആണ് പിന്നീട് പുറത്തുവന്നത്. സമൂഹമാധ്യമത്തിന്റെ ശക്തിയാണ് ഇതെന്നു പറഞ്ഞാണ് പലരും വീ‍ഡിയോ പങ്കുവെക്കുന്നത്. 

Content Highlights:  14-YO Sells Dahi Kachori To Support Parents