Maggi cooking"നൂറ് പായ്ക്കറ്റ് മാഗിയോ..." എന്നു ചോദിച്ച് അന്തംവിട്ട് "അവര്‍ക്ക് വട്ടാണ്" എന്നു പറയാന്‍ വരട്ടെ. ഇത്രയധികം ന്യൂഡില്‍സ്  അവര്‍ എന്താണ് ചെയ്തത് എന്നറിയണ്ടേ... തെരുവില്‍ ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തിരുന്ന കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്തു. ഭക്ഷണപ്പൊതിയുമായി എത്തിയവരെ കണ്ടപ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും കൂടെക്കൂടി. എല്ലാവരും സന്തോഷത്തോടെ ഭക്ഷണം വാങ്ങിക്കഴിച്ചു. കുട്ടികള്‍ക്ക് ന്യൂഡില്‍സ്  ഏറെ ഇഷ്ടമായി എന്നറിയാന്‍ അവരുടെ മുഖഭാവം തന്നെ ധാരാളമായിരുന്നു. 

ജോലിക്കായും പഠനത്തിനായുമൊക്കെ മറ്റൊരു നാട്ടില്‍ പോയി സ്വന്തമായി വീടൊക്കെ എടുത്ത് പാചകം ചെയ്യേണ്ടി വരുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് മാഗി. ഇടയ്ക്ക് കേസും പുക്കാറുകളുമൊക്കെ ഉണ്ടായെങ്കിലും എല്ലാം മറികടന്ന് തിരികെയെത്തിയ മാഗിക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. 100 പായ്ക്കറ്റ് മാഗി ന്യൂഡില്‍സ് ഉണ്ടാക്കിയ ഈ അമ്മൂമ്മയും കൂട്ടാളികളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. 

തെരുവിലെ കുട്ടികള്‍ക്കാണ് എന്നു കരുതി അലംഭാവത്തോടെയല്ല മറിച്ച് ഏറ്റവും നല്ല രീതിയിലാണ് ഇവര്‍ ന്യൂഡില്‍സ്  ഉണ്ടാക്കിയത്. ദേസി കിച്ചണ്‍ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. എന്റെ അമ്മൂമ്മയുടെ പാചകം എന്ന തലക്കെട്ടോടെ തുടങ്ങുന്ന വീഡിയോയില്‍ പ്രധാന പാചകക്കാരിയായി എത്തുന്ന അമ്മൂമ്മയോടൊപ്പം സഹായത്തിനായി മറ്റു രണ്ടു പേരും കൂടെയുണ്ട്. കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന മാഗി പാക്കറ്റുകള്‍ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. 

മാഗി കവറുകള്‍ പൊട്ടിച്ച് അവ ചെറുതായി നുറുക്കിയാണ് വലിയ പാത്രത്തിലേക്ക് മാറ്റുന്നത്. അമ്മൂമ്മമാരില്‍ ഒരാള്‍ പായ്ക്കറ്റ് പൊട്ടിച്ചു കൊടുക്കുമ്പോള്‍ മറ്റേയാള്‍ അവ പായ്ക്കറ്റില്‍ നിന്നും പുറത്തെടുത്ത് ചെറിയ കഷണങ്ങളാക്കി പൊട്ടിച്ച് പാത്രത്തിലേക്ക് മാറ്റുന്നു. മാഗി മസാല പൊട്ടിച്ച് മറ്റൊരു പാത്രത്തിലേക്കും മാറ്റുന്നു. ഇതിനിടയിലെല്ലാം ന്യൂഡില്‍സ് കട്ട പൊട്ടിക്കേണ്ട രീതിയെക്കുറിച്ചും മസാല മാറ്റി വയ്‌ക്കേണ്ടതിനെപ്പറ്റിയും അമ്മൂമ്മ വിശദീകരിക്കുന്നുണ്ട്. 

Maggi Cookingഅടുത്തതായി ന്യൂഡില്‍സിനൊപ്പം വേവിക്കേണ്ടുന്ന പച്ചക്കറികളെ പരിചയപ്പെടുത്തലാണ്. കാരറ്റ്, സവാള, ബീന്‍സ്, പച്ചമുളക്, ഗ്രീന്‍പീസ്, കറിവേപ്പില, മല്ലിയില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് മാഗി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍. പച്ചക്കറികള്‍ അരിയേണ്ട രീതിയും അമ്മൂമ്മമാര്‍ കാണിച്ചും പറഞ്ഞും തരുന്നുണ്ട് വീഡിയോയില്‍. കാരറ്റും ഉള്ളിയും ബീന്‍സും എല്ലാം ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കണം. പച്ചമുളക് രണ്ടായി നെടുകെ പിളര്‍ന്ന ശേഷം വേണം ചെറിയ കഷണങ്ങളാക്കി അരിയാന്‍. 

ഇത്രയും തയ്യാറാക്കി വച്ചു കഴിഞ്ഞാല്‍ പാചകം തുടങ്ങാം. ഒരു വലിയ അണ്ടാവിലാണ് മാഗി വേവിക്കുന്നത്. ആദ്യമായി അണ്ടാവില്‍ എണ്ണയൊഴിച്ച് ചൂടാക്കണം. ചൂടായ എണ്ണയിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന പച്ചമുളക്, സവാള, കാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ്, കറിവേപ്പില എന്നിവയിട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിളക്കുക. ശേഷം വെള്ളമൊഴിച്ച് 10 മിനിറ്റ് അടച്ചുവച്ച് വേവിക്കുക. 

ഇപ്പോള്‍ പച്ചക്കറി പകുതി വേവായിട്ടുണ്ടാവും. ഇതിലേക്ക് നേരത്തേ പാത്രത്തിലാക്കി മാറ്റിവച്ചിരിക്കുന്ന മാഗി മസാലയില്‍ നിന്നും പകുതി മസാല ചേര്‍ത്തിളക്കുക. വെള്ളം ഒന്നു കൂടി തിളയ്ക്കാന്‍ അനുവദിക്കുക. ഇനി ഇതിലേക്ക് പൊട്ടിച്ചു മാറ്റിവച്ചിരിക്കുന്ന നൂറ് പായ്ക്കറ്റ് മാഗി ചേര്‍ക്കാം. മാഗി നന്നായി ഉടച്ചുകൊടുത്ത് വേവിക്കുക. മാഗി കുറച്ച് വേവായിക്കഴിഞ്ഞാല്‍ ഇതിലേക്ക് നേരത്തെയെടുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന മാഗി മസാല കൂടി ചേര്‍ക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. 

Maggi Cookingമസാല കട്ടയില്ലാതെ അലിയിച്ചു ചേര്‍ക്കുക ശേഷം അടച്ചുവച്ച് ചെറിയ തീയില്‍ വേവിക്കുക. അഞ്ചു മിനിറ്റിനു ശേഷം അടപ്പു തുറക്കാം. ഇപ്പോള്‍ നൂഡില്‍സിന്റെ വെള്ളമൊക്കെ വറ്റി കൃത്യം പാകമായിട്ടുണ്ടാകും. ഇത് നന്നായി ഒന്നിളക്കിയെടുക്കുക. ഇനി കൈകൊണ്ട്തന്നെ നുറുക്കിയ മല്ലിയില വിതറാം. ഒന്നുകൂടി നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം. നൂറ് പായ്ക്കറ്റ് മാഗി കൊണ്ട് തയ്യാറാക്കിയ ന്യൂഡില്‍സ് തയ്യാര്‍. 

അല്‍പം രുചിച്ചു നോക്കി... ഇഷ്ടപ്പെട്ടുവെന്ന തരത്തില്‍ ഒരു ചിരി സമ്മാനിച്ച ശേഷം അമ്മൂമ്മമാര്‍ ന്യൂഡില്‍സ് ചെറിയ പായ്ക്കറ്റികളില്‍ നിറച്ചു തുടങ്ങി. ന്യൂഡില്‍സ് നിറച്ച പായ്ക്കറ്റുകളുമായി അമ്മുമ്മയുടെ കൊച്ചുമക്കള്‍ തെരുവിലേക്കിറങ്ങി. നൂഡില്‍സ് കണ്ട കുട്ടികളുടെ കണ്ണുകള്‍ തിളങ്ങി. ആവശത്തോടെ ന്യൂഡില്‍സ് കഴിക്കുന്നതിനിടയിലും അവര്‍ വിളിച്ചു പറഞ്ഞു... ന്യൂഡില്‍സ് സൂപ്പര്‍. ഭക്ഷണം ഉണ്ടാക്കുന്നവരുടെ മനസ് നിറയുന്നത് അത് കഴിക്കുന്നവരുടെ കണ്ണിലെ സന്തോഷം കണ്ടാണ് എന്നു പറയുന്നത് എത്രയോ ശരിയാണ് എന്നു തെളിയിക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തി. 

Maggi cooking