പതിനെട്ടാം നൂറ്റാണ്ടിൽ ലണ്ടനിലെ കോഫി ഹൗസുകളായ കൊക്കൊ, വിൽസ് തുടങ്ങിയവവെറും കാപ്പിക്കടകൾ മാത്രമായിരുന്നില്ല. പ്രഗല്ഭരായ സാഹിത്യകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും കൂടിച്ചേരുന്ന ഇടങ്ങൾകൂടിയായിരുന്നു. അവംബർക്കും ഗോൾഡ്‌സ്മിത്തും ഡോക്ടർ ജോൺസണുമൊക്കെ അവിടങ്ങളിലെ നിത്യ സന്ദർശകരായിരുന്നു.


Ye that delight in wit and mirth
And love to hear such news...
Go hear it at a coffee house,It cannot but be true..

എന്ന് അക്കാലത്തെ കവി ജോർദൻ കോഫിഹൗസുകളെപ്പറ്റി എഴുതി. കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലെ കോഫിഹൗസും ഇതുപോലെ ഒരു പാരമ്പര്യത്തിന് അവകാശിയാണ്. നൂറ്റാണ്ടുകളോളം ചൂടുപിടിച്ച സാഹിത്യരാഷ്ട്രീയ ചർച്ചകളുടെ ഉറവിടമായിരുന്നു അത്. ഇന്നും അതെ.

കോഴിക്കോട്ട് ഇത്തരത്തിലുള്ള ഒരു കൂടിച്ചേരലിന്റെ കേന്ദ്രമായിരുന്നു 1945 ജനവരി എട്ടാം തീയതി അന്നത്തെ മലബാർ കളക്ടറായിരുന്ന ബൗഷ്യർ ഉദ്ഘാടനംചെയ്ത വീറ്റ്ഹൗസ്. രുചികരമായ ഭക്ഷണമൊരുക്കിയ ഭക്ഷണശാലയെന്നതിലുപരി സാഹിത്യകാരന്മാരുടെയും സംഗീതജ്ഞരുടെയും സങ്കേതമായിരുന്നു അത്. ബഷീറും ഉറൂബും എം.ടി.യും പൊറ്റെക്കാട്ടും തിക്കോടിയനും വി.കെ.എന്നുമൊക്കെ നിരന്തര സന്ദർശകരായിരുന്നു അവിടെ. ബഷീർ, ഫാബിയെ പെണ്ണുകാണാൻ പോയത് അവിടെ താമസക്കാരനായിരുന്നപ്പോഴാണ്. വി.കെ.എൻ. വീറ്റ്ഹൗസിനെപ്പറ്റി രസകരമായ ഒരു കഥ 'യൂറോപ്യൻ ഹോട്ടൽ' എഴുതുകയും ചെയ്തു.


   വീറ്റ്ഹൗസിലെ അതി രുചികരമായ ഭക്ഷണത്തെപ്പറ്റി പഴമക്കാർ ഇന്നും കൊതിയോടെ പറയുന്നുണ്ട്. രാവിലത്തെ മട്ടൻ സ്റ്റ്യൂവും വെള്ളപ്പവും ഉച്ചക്കത്തെ അയക്കൂറ തേങ്ങ അരച്ചതും മുളകിട്ടതും പൊരിച്ചതും കല്ലുമ്മക്കായ ഫ്രൈയും ഞെണ്ടുകറിയും ചേർന്ന ഊണും കഴിക്കാൻ കോഴിക്കോട്ടുകാർ ക്യൂനിന്ന ഒരു കാലമുണ്ടായിരുന്നു. നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ കിട്ടുമായിരുന്ന അപൂർവം ഇടങ്ങളിൽ ഒന്നായിരുന്നു വീറ്റ്ഹൗസ്. ബിസിനസ്സുകാരായ സർദാർജിമാർ കൂട്ടത്തോടെ വീറ്റ്ഹൗസിലായിരുന്നു താമസിച്ചത്. വൈകുന്നേരങ്ങളിൽ ജോലിക്കുശേഷം കുളിച്ച് നീണ്ട മുടി അഴിച്ചിട്ട് ലോണിലിരിക്കുന്ന ദീർഘകായരായ സർദാർജിമാർ, ഗസൽസദിര് നടത്തുന്ന വടക്കെ ഇന്ത്യൻ സംഗീതപ്രേമികൾ... വീറ്റ്ഹൗസ് ലോൺ എന്നും കോഴിക്കോട്ടുകാർക്ക് ആകർഷണകേന്ദ്രമായിരുന്നു. 'വീറ്റ്ഹൗസ് മുതലാളി ബഡാ ദയാലു ഹെ' എന്നുപാടി രസിക്കുന്ന എ.ടി. ഉമ്മറും സംഘവും. ഇടയ്ക്ക് തന്റെ കുലുങ്ങിച്ചിരിയോടെ കെ.പി. ഉമ്മറും... വീറ്റ്ഹൗസ് നിശകൾ സംഗീതമുഖരിതമായിരുന്നു.

ധനഞ്ജയൻ,ശ്രീനിവാസൻ എന്നീ സഹോദരന്മാരായിരുന്നു വീറ്റ് ഹൗസ് നടത്തിയിരുന്നക്.ഇവരെപ്പറ്റി വി.കെ.എൻ. നർമംപൊതിഞ്ഞ ശൈലിയിൽ  എഴുതി 'ഹോട്ടൽ നടത്തുന്നത് കേരളീയരാണെങ്കിലും യൂറോപ്യൻമാരെന്ന് പരക്കെ വിളിക്കുന്ന ജ്യേഷ്ഠനും അനുജനും. രണ്ടുപേരും മധ്യവയസ്‌കർ. അനുജൻ യൂറോപ്യൻ, ഉറക്കത്തിൽകൂടി പാന്റിട്ടാണ് വിലസുക. ജ്യേഷ്ഠൻ അധികസമയവും മുണ്ടും ഷർട്ടുമാണ് ധരിക്കുക. പക്ഷേ, രണ്ടുപേരുടെയും ഡയലോഗ് പൂർണതമുറ്റിയ ഇംഗ്ലീഷിലാണ്. ഏറ്റവും പുതിയ മാതൃകയിലാണ് ഉച്ചാരണം. വല്ല സായിപ്പോ മറ്റൊ പെട്ടെന്നൊരു ദിവസം ഹോട്ടലിൽ കയറിവന്നു യൂറോപ്യന്മാരിൽ ആരെങ്കിലുമായി സംസാരിക്കാൻ സംഗതി വരികയാണെങ്കിൽ, താൻ കേരളീയനാണെന്നും മറ്റവരാണ് ശരിയായ സായിപ്പന്മാരെന്നും നിരുപാധികം സമ്മതിക്കേണ്ടിവരും.' 

1965 ഒക്ടോബർ ആറാം തീയതിയിലെ 'മാതൃഭൂമി' പത്രത്തിൽ വന്ന വാർത്ത: 'ഇന്നു രാത്രി (6.10.65) പത്തുമണിക്ക് ഇവിടത്തെ വീറ്റ്ഹൗസ് ഹോട്ടലിൽ വെച്ചു ഒരു കത്തിക്കുത്തുണ്ടായതിനാൽ ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റും സെനറ്റ് മെമ്പറുമായ എം. അബ്ദുറഹിമാനും, ബപ്പൻ എന്ന മറ്റൊരാളും മരിച്ചിരിക്കുന്നു.ആറുപേർ ചേർന്നു ടോക്കൻ സിസ്റ്റത്തിൽ ശീട്ടുകളിക്കുകയായിരുന്നു. കളി കഴിയാറായ സമയത്ത് കളിക്കാർ തമ്മിൽ പറഞ്ഞുതെറ്റുകയും അവസാനം കത്തിക്കുത്തുണ്ടാവുകയുമാണ് ചെയ്തതത്രെ.
സംഭവം സംബന്ധിച്ചു മുഹമ്മദ് സ്രാങ്കിനെ അറസ്റ്റു ചെയ്തിട്ടുണ്ട്...'

മുഹമ്മദ് സ്രാങ്ക് അസാധാരണനായ ഒരു മനുഷ്യനായിരുന്നു എന്ന് ഹോട്ടലുടമ ധനഞ്ജയൻ പറയുമായിരുന്നു. ഹോട്ടലിൽ ഒരിക്കലും കടം പറയാത്ത അഭിമാനിയായ വ്യക്തിയായിരുന്നത്രെ അയാൾ.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്രാങ്ക് എം.ടി. വാസുദേവൻനായരെക്കണ്ട് സ്രാങ്കുകളുടെ കഥ എഴുതണമെന്ന് ആവശ്യപ്പെട്ടതായി പഴമക്കാർ പറയുന്നു. ജയിലിലെ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണംചെയ്തതിനുശേഷം ചിരിച്ചുകൊണ്ടാണത്രെ അയാൾ തൂക്കിലേറിയത്! സ്രാങ്കുകളെപ്പറ്റി പിൽക്കാലത്ത് മലയാളത്തിൽ സിനിമയും ഉണ്ടായി.

അങ്ങനെ എത്രയെത്ര കഥകൾ വീറ്റ്ഹൗസുമായി ബന്ധപ്പെട്ടു കിടക്കുന്നു. എ.കെ.ജി.ക്ക് മുതലക്കുളത്തുനൽകിയ സ്വീകരണത്തിൽ ഭക്ഷണം വിളമ്പിയതിന് വീറ്റ്ഹൗസിന്റെ ലൈസൻസ് റദ്ദാക്കപ്പെടുകയും ധനഞ്ജയൻ മദിരാശിയിൽ പോയി ലൈസൻസ് വീണ്ടെടുക്കുകയും ചെയ്ത കഥയുണ്ട്.

കോഴിക്കോടിന്റെ ചരിത്രത്തിൽ അനേകം സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച വീറ്റ്ഹൗസ് 2002ൽ നിർത്തലാക്കി. കോർട്ട്‌റോഡിൽ ഇന്ന് 'വസന്തഭവൻ' പ്രവർത്തിക്കുന്ന  സ്ഥലം ഒരു നെയ്ത്തുകമ്പനിയായിരുന്നു. അതിന്റെ ഉടമയായ ഒരു ജർമൻകാരനാണ് ഒരു കാലത്ത് വീറ്റ്ഹൗസ് ബംഗ്ലാവിൽ താമസിച്ചിരുന്നത്. വിശാലമായ മുറികളുള്ള തനി യൂറോപ്യൻ രീതിയിൽ നിർമിച്ച ബംഗ്ലാവ്. പിൽക്കാലത്ത് അത് എം.എം. ഹൈസ്‌കൂൾ മാനേജ്‌മെന്റിന്റെ കൈവശമായി. അവരിൽനിന്നാണ് ധനഞ്ജയൻ 75 രൂപ മാസവാടകയ്ക്ക് കെട്ടിടം 1945ൽ വാങ്ങിയത്. 2002ൽ ധനഞ്ജയന്റെ മക്കൾ കെട്ടിടം തിരിച്ചേല്പിച്ചു. ഗതകാലസ്മരണകൾ നിറഞ്ഞ വീറ്റ്ഹൗസ് ഇന്നില്ല. അത് നിന്നസ്ഥലത്ത് ഇപ്പോൾ ഒരു ബഹുനില വ്യവസായകോംപ്ലക്‌സാണ്.

സംഗീതവും സാഹിത്യവും ഭക്ഷണപ്രിയതയും ഊടും പാവുമിട്ട കോഴിക്കോടൻ സംസ്‌കാരത്തിന്റെ തുടിക്കുന്ന ഓർമയായി വീറ്റ്ഹൗസ് ഇന്നും കോഴിക്കോട്ടുകാരുടെ മനസ്സിൽ നിലനിൽക്കുന്നു.