തിരുവനന്തപുരം സേവാഭാരതി വിതുര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക്കാശുപത്രിയിൽ നടക്കുന്ന ഉച്ചക്കഞ്ഞി വിതരണം അഞ്ചുവർഷം പൂർത്തിയാക്കുന്നു. വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തിലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞി നൽകുന്നത്. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതലാണ് അന്നംവിളമ്പൽ.

മലയോര മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ ഇവിടെയെത്തുന്ന രോഗികളുടെ ബുദ്ധിമുട്ട് അറിഞ്ഞതിനാലാണ് സേവാഭാരതി ഈ യജ്ഞത്തിന് തുടക്കമിട്ടത്. ദുരിതമനുഭവിക്കുന്ന ബോണക്കാടൻലായങ്ങൾ, വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസി ഊരുകൾ എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിനു രോഗികളാണ് താലൂക്കാശുപത്രിയിലെത്തുക.

പലപ്പോഴും ചികിത്സച്ചെലവുനുള്ള പണം പോലും ഇവരുടെ കൈയിലുണ്ടാവില്ല. ഇത്തരം രോഗികളും കൂട്ടിരിപ്പുകാരുമനുഭവിക്കുന്ന ദുരിതം മനസ്സിലാക്കി 2014-ലാണ് കഞ്ഞിവിതരണം തുടങ്ങുന്നത്. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും പിന്തുണയും ഇവർക്കുണ്ട്.

ആദ്യകാലങ്ങളിൽ പ്രവർത്തകർ തന്നെയാണ് ഇതിനുള്ള ചെലവ് വഹിച്ചത്. പിന്നീട് സഹായവുമായി പലരുമെത്തി. രോഗികളുടെ എണ്ണം കൂടിയതോടെ ചെലവ് വർധിക്കുകയും തുടർന്ന് അംഗങ്ങൾ ഇതിനുള്ള തുക തേടിയിറങ്ങുകയും ചെയ്തു. വിവാഹസദ്യ വിളമ്പലാണ് പണത്തിനായി കണ്ടെത്തിയ മാർഗം. വിളമ്പിക്കിക്കിട്ടുന്ന പണം അന്നമായി വിളമ്പുകയാണിപ്പോൾ.

ചായം അപ്പുക്കുട്ടൻനായർ, തള്ളച്ചിറ ഗിരികുമാർ, സി.വി.ബൈജു തുടങ്ങിയവരാണ് കഞ്ഞിവിതരണത്തിന് മേൽനോട്ടം വഹിക്കുന്നത്. വിശേഷദിവസങ്ങളിൽ ചിലർ സദ്യയും നൽകാറുമുണ്ട്. കൂടുതൽ പേരേ ഈ യജ്ഞത്തിൽ പങ്കാളികളാക്കാനാണ് സേവാഭാരതിയുടെ തീരുമാനം.

Content Highlight: annam in Vithura taluk hospital celebrate fifth anniversary