വെണ്ടക്ക മപ്പാസും കോളിഫ്ലവർ പെപ്പർ മസാലയും
വെണ്ടക്ക മപ്പാസും കോളിഫ്ലവർ പെപ്പർ മസാലയും തയ്യാറാക്കുന്ന വിധം.
വെണ്ടക്ക മപ്പാസ്
ചേരുവകൾ
- വെണ്ടക്ക - 200g
- സവാള - 1 വലുത്
- തക്കാളി - 1
- ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടീസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- ചുവന്നുള്ളി - 2
- തേങ്ങയുടെ ഒന്നാംപാൽ - 1 കപ്പ്
- തേങ്ങയുടെ രണ്ടാംപാൽ - 2 കപ്പ്
- മുളകുപൊടി - 1 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 2+1 ടേബിൾസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- ഉപ്പ് - പാകത്തിന്
ഒരു ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞ വെണ്ടക്ക 2 മിനിറ്റ് വഴറ്റി മാറ്റി വെക്കുക. ബാക്കിയുള്ള എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് 1 മിനിറ്റ് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ സവാള കൂടെ ചേർത്ത് ചുവക്കെ വഴറ്റുക. പൊടികൾ ഓരോന്നായി ചേർത്ത് കൊടുക്കുക. മൂത്ത് വരുമ്പോൾ അരിഞ്ഞ തക്കാളി ചേർത്ത് യോജിപ്പിക്കുക.
ശേഷം തേങ്ങയുടെ രണ്ടാംപാൽ ചേർക്കുക. തിളച്ചു വരുമ്പോൾ വഴറ്റി മാറ്റി വച്ചിരിക്കുന്ന വെണ്ടക്കയും പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
വെണ്ടക്ക നന്നായി വെന്ത് ചാറു കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്ത് തിളച്ചു വരും മുൻപ് തീ അണക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിൽ ചേർക്കുക. ചോറിനൊപ്പം വിളമ്പാം.
കോളിഫ്ലവർ പെപ്പർ മസാല
ചേരുവകൾ
- കോളിഫ്ലവർ - 1
- സവാള - 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- തക്കാളി - 1 ചെറുത്
- പച്ചമുളക് - 2
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- മുളക്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- കുരുമുളക് - 1 ടേബിൾസ്പൂൺ
- പെരുംജീരകം - 2 ടീസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
- എണ്ണ - 2 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
.jpg?$p=ea05d0b&&q=0.8)
തയ്യാറാക്കുന്ന വിധം
ചൂടുവെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് വെക്കുക. കോളിഫ്ലവർ ചെറുതാക്കി അടർത്തി കഴുകി ഉപ്പ് വെള്ളത്തിൽ അൽപസമയം മുക്കി വെക്കുക.
കുരുമുളക്, പെരുംജീരകം, ജീരകം എന്നിവ ചൂടാക്കി വറുത്ത് പൊടിച്ച് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് 3 മിനിറ്റ് വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ചുവന്നു വരുമ്പോൾ അതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. അരിഞ്ഞ തക്കാളി കൂടെ ചേർത്ത് കൊടുക്കുക.
തക്കാളി ഉടഞ്ഞു വരുന്ന പരുവം ആകുമ്പോൾ കോളിഫ്ലവർ ചേർത്ത് യോജിപ്പിക്കുക. ഇനി വറുത്ത് പൊടിച്ച് വച്ചിരിക്കുന്ന കുരുമുളക് കൂട്ട് ചേർത്ത് കൊടുക്കുക. ശേഷം അല്പം വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി വെന്ത് വെള്ളം വറ്റി വരുന്ന പരുവം ആകുമ്പോൾ ഗരം മസാല, അരിഞ്ഞ മല്ലിയില എന്നിവ തൂകി അടുപ്പിൽ നിന്നും മാറ്റാം. ചപ്പാത്തി, ചോറ്, പത്തിരി എന്നിവയ്ക്കൊപ്പം വിളമ്പാം.
Content Highlights: vendakka mappas, cauliflower pepper masala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..