ല്ല ഭക്ഷണം എന്നും ഒരു നല്ല ഓര്‍മയാണ്. അതിനാല്‍ തന്നെ ഇവിടെ കുറിച്ചിരിക്കുന്നത് കുറച്ചു സാധാരണ റെസിപ്പികളും കുറച്ചു നല്ല ഓര്‍മകളുമാണ്. ഇവയില്‍ ചിലത് എന്റെ അമ്മ എനിക്ക് ഉണ്ടാക്കി തന്നതും ബാക്കി ചിലത് മറ്റു വീടുകളില്‍ നിന്നും ഞാന്‍ രുചിച്ചതുമാണ്. പല പല വീടുകളിലെ പല പല അമ്മമ്മാര്‍ ഇതൊക്കെ  അവരുടെ കൂട്ടുകാരുടെയടുത്തു നിന്നും, അവരുടെ സ്വന്തം അമ്മയില്‍ നിന്നും, അമ്മായിമാരില്‍ നിന്നും  പല കാലങ്ങളിലായി മനസിലാക്കിയെടുത്തതാവാം. 

അതവര്‍ തങ്ങളുടെ കൈപ്പുണ്യവും സ്നേഹവുമായി കലര്‍ത്തി വീടുകളിലെ പാത്രങ്ങളില്‍ വീതിച്ചു നല്‍കി, സ്റ്റീല്‍ പാത്രങ്ങളില്‍ അടച്ചു സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും കൊടുത്തയച്ചു. ഒരു കുടുംബത്തിന്റെ ഓര്‍മകളില്‍ തീര്‍ച്ചയായും നല്ല കുറെ അടുക്കള ഗന്ധങ്ങളും രുചികളും ഇഴചേര്‍ന്ന് കിടപ്പുണ്ട്. ഈ ലേഖനങ്ങളില്‍ എന്റെ കുട്ടികാലത്തെ നിത്യ ജീവിത സന്ദര്‍ഭങ്ങളും അവയുടെ ഓര്‍മകളും കാലഘട്ടത്തിന്റെ നിഷ്‌കളങ്കതയും വിവിധ രുചികളുമായി സ്നേഹത്തോടു കൂടി കെട്ടുപിണഞ്ഞു കിടക്കുന്നു.

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കിട്ടാത്ത പാചകക്കുറിപ്പുകള്‍ ഇല്ല. ഇവിടെ ഞാന്‍ പറഞ്ഞു തരാന്‍ പോകുന്ന റെസിപ്പികള്‍ സര്‍വ സാധാരണവുമാണ്. അതിനാല്‍ തന്നെ വെറും റസിപ്പികള്‍ക്കു വേണ്ടി നിങ്ങള്‍ ഇത് വായിക്കരുത്. ഓര്‍ക്കുക... ഇത് ഓര്‍മകളുടെ ഒരു സീരീസ് ആണ്. വെളിച്ചെണ്ണയില്‍ വഴറ്റിയ ഉള്ളിയുടെ മണമുള്ള ഒരു റെസിപി സീരീസ്.  

ഹോ! എന്തായിരുന്നു ആ കാലം!
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ലോക ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു സമയം 1980- 90 ന് ഇടയ്ക്കാണ്. അതിപ്പോ എന്താ അങ്ങനെ എന്നു ചോദിച്ചാ...അതങ്ങനെയാ! അന്ന്, എന്റെ ജന്മസ്ഥലമായ ആലപ്പുഴയില്‍ നിന്ന് നോക്കുമ്പോള്‍ ലോകം ഇത്ര ചെറുതല്ല. അന്ന് എന്നു പറഞ്ഞാ... ഏതാണ്ട് കേരളത്തിലെ പെണ്ണുങ്ങള്‍ തമ്മില്‍ ''എടി'' എന്നതിനു പകരം ''എടാ'' എന്നു വിളിച്ചു തുടങ്ങുന്നതിനും പത്തു വര്‍ഷങ്ങള്‍ മുന്‍പ്.... ടൂത്ത് പേസ്റ്റ് അലുമിനിയം ട്യൂബുകളില്‍ വന്നു കൊണ്ടിരുന്നപ്പോള്‍... എല്ലാ വീടുകളിലും ടി.വി. വന്ന് ആളുകള്‍ ഞായറാഴ്ച വൈകുന്നേരം ഹിന്ദി പടവും, ശനിയായ്ഴ്ച വൈകുന്നേരം മലയാളം പടവും, കുട്ടികളായ ഞങ്ങള്‍ രാമാനന്ദ സാഗറിന്റെ രാമായണവും, നാല് മണി നേരത്തെ ജയന്റ് റോബോട്ടും കാണുവാന്‍ കൊതിച്ചിരുന്ന ആ കാലത്ത്... ലോക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ആ കാലത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്! 

അന്ന് ലോകം നീണ്ടു നിവര്‍ന്നു ഇങ്ങനെ കിടക്കുകയായിരുന്നു. ബട്ടണ്‍ പൊട്ടിയ നിക്കര്‍ ഒന്ന് വലിച്ചു കുത്തി തെക്കോട്ടോ, വടക്കോട്ടോ, കിഴക്കോട്ടോ എങ്ങോട്ട് ഓടിയാലും, പ്ലാവും, മാവും, തെങ്ങും തലയാട്ടി നിന്ന് ഞങ്ങളെ വരവേല്‍ക്കും. ഇന്നത്തെ പോലെ അന്ന് വീടുകള്‍ക്ക് അതിരുകളായി മതിലുകള്‍ ഇല്ലെന്നു തന്നെ പറയാം. ഉണ്ടെങ്കില്‍ തന്നെ, അത് വളഞ്ഞു പുളഞ്ഞു നില്‍ക്കുന്ന, ''ഇപ്പം വീഴും' എന്നു തോന്നുന്ന, പാവം വേലികള്‍ ആണ്. ചിരിക്കുന്ന ആളുകളും കുറേശ്ശെ കൂടുതല്‍ ഉണ്ട്. ആരുടെ പറമ്പിലോട്ടും ഓടി കയറി, അവരുടെ മുറ്റത്ത് കൊത്തി പെറുക്കുന്ന കോഴികളെ പേടിപ്പിച്ചു പറത്തി, കൈയെത്തി ആ പറമ്പിലെ ഒരു പേരയ്ക്കയോ, മാങ്ങയോ ചോദിക്കാതെ പറിക്കാം.. കഴുകാതെ, നിക്കറില്‍ ഉറച്ചു വൃത്തിയാക്കി കഴിക്കാം. എന്തുകൊണ്ടോ ലോകം അന്ന് വളരെ പരന്നതായിരുന്നു, ഞങ്ങള്‍ കുട്ടികളെക്കാള്‍ സര്‍വതും വലുതുമായിരുന്നു. 

ആലപ്പുഴയില്‍ വട്ടയാല്‍ എന്നു പേരുള്ള ഒരു ചെറിയ സ്ഥലത്ത് 34 സെന്ററില്‍ വേലിയാല്‍ ചുറ്റപ്പെട്ട് എന്റെ വീട് സ്ഥിതി ചെയ്യുന്നു. വീട് സിമിന്റും ഓടും കൊണ്ട് ഉണ്ടാക്കിയതാണ്. പറമ്പിന്റെ തെക്കു- പടിഞ്ഞാറു മൂലയ്ക്കായി തെങ്ങിന് നനയ്ക്കാനായി സാമാന്യം വലിയ ഒരു കുളമുണ്ട്. പുരയിടമാകെ ഓരോരോ മരങ്ങളും ചെടികളും കൂടി ഇഷ്ടമുള്ളത് പോലെ വളരുന്നു. മുറ്റമാകെ വെള്ള മണലാണ്. വീട്ടില്‍ അച്ഛന്‍, അമ്മ, ചേട്ടന്‍, ചേച്ചി എന്നിവര്‍ക്കൊപ്പം ഞാനും കിഷോര്‍ എന്നു പേരുള്ള, നെഞ്ചില്‍ വെള്ള വരയുള്ള ഒരു കിടിലന്‍ കറുത്ത പട്ടിയും സന്തോഷമായി ജീവിക്കുന്നു. എന്റെ ചേട്ടന്‍ പൊടിക്കുഞ്ഞായിരുന്നപ്പോള്‍ കുടിച്ചു ബാക്കി വച്ചിരുന്ന ഫാരെക്സ് കുടിച്ചു വളര്‍ന്നത് കൊണ്ടാവണം കിഷോര്‍ നല്ല തടിച്ചു ഗുണ്ടുമണിയായിരുന്നു. 

എന്റെ അമ്മ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നേഴ്സ്സും, അച്ഛന്‍ ഹൈ സ്‌കൂള്‍ ടീച്ചറും. ചേച്ചി സദാ സമയം എന്തെങ്കിലും ബുക്ക് വായിച്ചും, ഞാനും ചേട്ടനും ക്രിക്കറ്റ് ക്ലബ് ഉണ്ടാക്കി നാട്ടിലെ പിള്ളേരുമായി കുഴമണ്ണില്‍ മാച്ച് കളിച്ചും സസന്തോഷം ജീവിതം മുന്നോട്ടു നീക്കിയിരുന്ന ആ കാലം! എന്റെ വീടിന്റെ അടുത്ത് കൂടിയാണ് ആലപ്പുഴ ബൈപ്പാസ് പോകുന്നത്. എന്നുവെച്ചാല്‍ ആലപ്പുഴ ബൈപ്പാസ് എന്നെങ്കിലും വരുമ്പോള്‍ വരാനുള്ള നീണ്ട ഒരു മണ്‍കൂന പോകുന്നത്. ഞാന്‍ ജനിച്ചു ബോധം വെച്ച കാലം തൊട്ടു കേള്‍ക്കുന്നതാണ് ഇപ്പ ബൈ പാസ് വരും, ഇപ്പ ബൈപ്പാസ് വരുമെന്ന്... 

അതിപ്പോ ഞാന്‍ ജനിച്ചു കഴിഞ്ഞിട്ട് എന്തൊക്കെ കാര്യങ്ങള്‍ നടന്നു? രണ്ടു മാര്‍പാപ്പമാര്‍ മാറി, അഞ്ചു ലോക നേതാക്കന്മാര്‍ക്ക് വെടിയേറ്റു, പതിനാല് പുതിയ രാജ്യങ്ങള്‍ ഉണ്ടായി, അന്‍പത്തിയാറു തവണ റിസേര്‍വ് ബാങ്ക് പുതിയ പത്തു രൂപാ നോട്ടു അടിച്ചു, നൂറ്റി എണ്‍പത്തി എട്ടു വാല്‍നക്ഷത്രങ്ങള്‍ ഭൂമിക്കു സമീപം കൂടി വന്നു പോയി, എഴുനൂറ്റി ഇരുപത്തിയാറു തവണ പെട്രോളിന് വില കൂടി, കേരളത്തില്‍ മൂവായിരത്തി മുന്നൂറ്റി അറുപത്തി ഏഴ് കമ്പനികള്‍ പൂട്ടി, അഞ്ചു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി മുപത്തിനാല് പേര്‍ പാമ്പ് കടിയേറ്റു ലോകത്താകമാനം മരിച്ചു. എന്നിട്ടും ആലപ്പുഴ ബൈപ്പാസ് വന്നില്ല. വരുമോ? ആ എന്നെങ്കിലും വരുമായിരിക്കും! ആലപ്പുഴക്കാര്‍ ക്ഷമയുള്ളവരാണ്. 

അന്നൊക്കെ റേഷനരിയാണ് വീട്ടില്‍ മേടിക്കുക. നല്ല അരി വല്ലപ്പോഴുമേ വരൂ. കടയില്‍ അരിയെത്തുമ്പോള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞാണ് എല്ലാരും അറിയുക. 'ചേച്ചി, ദേ നല്ല പൂ പോലത്തെ അരി വന്നിട്ടുണ്ട് കേട്ടോ', അയല്‍ക്കാരികള്‍ അമ്മയോടായി വിളിച്ചു പറയും. ഞാനും ചേട്ടനും കൂടി സ്‌കൂളില്‍ നിന്നും വന്നു കഴിഞ്ഞു റേഷന്‍ കടയില്‍ പോകാന്‍ അമ്മ കാര്‍ഡ് ഏല്‍പ്പിക്കും. നടന്നാണ് പോകുക.

ചിലപ്പോള്‍ മണ്ണെണ്ണ മേടിക്കുവാന്‍ ഉണ്ടെങ്കില്‍ അതിന്റെ പെര്‍മിറ്റ് കൂടെ കൊണ്ട് പോകും. മിക്കവാറും എന്നെയും ചേട്ടനെയും കൂടിയാണ് കടയില്‍ വിടുക. കാശിന്റെ കണക്കില്‍ എനിക്ക് തെറ്റുപറ്റും എന്നാണ് അമ്മയുടെ വിചാരം.

vallinikkeritta recipikal 3

ശരിക്കും ഞാന്‍ ഒറ്റയ്ക്കാണ് പോകുന്നതെങ്കില്‍ റേഷന്‍ മേടിച്ചു തിരിച്ചു വരുമ്പോള്‍ 25 പൈസ അടിച്ചുമാറ്റി കപ്പലണ്ടിയോ, 75 പൈസയക്ക് പോപ്പിന്‍സോ മേടിച്ചു തിന്നും. എന്നിട്ട് കടക്കാര്‍ നാലണ, എട്ടണ, എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് ഒന്നും മനസിലായില്ല, കടക്കാര്‍ എന്നെ പറ്റിച്ചു എന്നൊക്കെ അമ്മയോട് നുണ പറയും. ഇത് ഒഴിവാക്കാനാണ് ചേട്ടനുമൊത്തു വിടുക. 

മുടിവെട്ടുകാരന്‍ കറുമ്പന്റെ കടയുടെ മുമ്പില്‍ കൂടിയാണ് റേഷന്‍ കടയില്‍ പോകുന്നത്. മുടിവെട്ടാന്‍ പോകുമ്പോള്‍ സാധാരണ അച്ഛന്‍ കൂടെ വരാറുണ്ട്. കറുമ്പന്‍ കുട്ടികളോട് ഒന്നും സംസാരിക്കാത്ത ഒരു ക്രൂരനാണ്. എന്റെയും ചേട്ടന്റെയും മുടി വെട്ടുന്നത് കറുമ്പനാണ്. മുടി വെട്ടുകയെന്നു പറഞ്ഞാല്‍ പറ്റ വെട്ടും, അല്ലാതെ വേറെ സ്റ്റൈല്‍ ഒന്നും അങ്ങേര്‍ക്ക് അറിഞ്ഞുകൂടാ.

vallinikkaritta recipiekal 2 മുടിവെട്ട് കടയില്‍ ശരിക്കും സ്റ്റേഷന്‍ പിടിക്കാത്ത 'പറു പറു പറു' ശബ്ദം പുറപ്പെടുവിക്കുന്ന ഒരു റേഡിയോ ഉണ്ടാകും. വെട്ടിയ മുടിയൊക്കെ കടയുടെ ഒരു മൂലയ്ക്ക് കാലാകാലങ്ങളായി കൂന കൂട്ടിയിട്ടിട്ടുണ്ട്. ഞങ്ങള്‍ ഒച്ചയൊന്നും ഉണ്ടാക്കാതെ ബഞ്ചില്‍ ഇരുന്നു നാന, മംഗളം, മനോരമ ആഴ്ചപതിപ്പ് മുതലായവ മറിച്ചു നോക്കും. പക്ഷെ അച്ഛന്‍ കൂടെയുണ്ടെങ്കില്‍ നാന നോക്കാന്‍ സമ്മതിക്കില്ല.

പൊക്കമുള്ള തടി കസേരയില്‍ പൊക്കിയിരുത്തി ഞങ്ങളുടെ കഴുത്തിന് ചുറ്റും ഒരു കറുത്ത തോര്‍ത്ത് ചുറ്റിയാണ് മുടി വെട്ട്. മുടി അമ്പേ ചേര്‍ത്ത് വെട്ടും. അതുകൊണ്ട് സ്‌കൂളിലെ പിള്ളേര്‍ ബ്രുസ്ലി കട്ട്, സ്റ്റെപ്പ് കട്ട്, മിഥുന്‍ ചക്രവര്‍ത്തി കട്ട് ഒക്കെ ചെയ്തു വരുമ്പോള്‍, എന്റെ മുടി എപ്പോഴും കക്കൂസ് കഴുകുന്ന ബ്രഷ് വടിച്ച പോലെ ഇരിക്കും. ആരോട് പറയാന്‍? ട്യൂഷന്‍ എന്ന ഭീകര പരിപാടി അന്ന് ഇല്ല. അതുകൊണ്ടു തന്നെ വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞു വീട്ടില്‍ വന്നാല്‍ ആവശ്യത്തിനു സമയമുണ്ട്. രാവിലെ കഴിച്ച ഇഡ്ഡലിയോ, പുട്ടോ മറ്റോ കുറച്ചു ബാക്കിയുള്ളത് എടുത്തു തിന്നു മുറ്റത്തേക്ക് ഓടും. പിന്നെ ഒരു പ്രത്യേക തരം അഴിഞ്ഞാട്ടമാണ്. ഓട്ടവും ചട്ടവും വാള്‍ പയറ്റും... അങ്ങനെ അങ്ങനെ. ഒരു ആറ് ആറരയോടെ അമ്മ വന്നു വഴക്ക് പറഞ്ഞു എല്ലാവരെയും വീട്ടില്‍ കേറ്റും. അതായിരുന്നു രീതി. 

വീട്ടിലെ അക്രമം കൂടുന്നു എന്നു മനസിലാക്കിയ അമ്മ എന്നെയും ചേട്ടനെയും ഒന്ന് ഒതുക്കിയെടുക്കാന്‍ ഒരു ബുദ്ധി ഒപ്പിച്ചു. ഞങ്ങളുടെ അകന്ന ഒരു ബന്ധുവായ ആലീസ് ചേടത്തിയുടെ കൂടെ പോയി പള്ളീലെ അച്ഛനെ കണ്ടു കാര്യങ്ങള്‍ ഒരു തീര്‍പ്പാക്കി. അങ്ങനെ ഒരു ദിവസം രാത്രി, കഞ്ഞിപ്പാത്രത്തില്‍ സ്പൂണ്‍ ഇട്ടു ഉരച്ചു ശബ്ദം ഉണ്ടാക്കി കുടിച്ചു കൊണ്ടിരുന്ന എന്നോടും ചേട്ടനോടുമായി അച്ഛനെ കണ്ണിറുക്കി കാണിച്ചു കൊണ്ട് അമ്മ അത് പറഞ്ഞു, 'നാളെ മുതല്‍ നിങ്ങള്‍ രണ്ടു പേരും രാവിലെ പള്ളിയില്‍ പോകണം. കുര്‍ബാന കഴിഞ്ഞു വന്നു കുളിച്ചു സ്‌കൂളില്‍ പോയാല്‍ മതി. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമുണ്ടെങ്കിലേ ഇനി അങ്ങോട്ട് രക്ഷയുള്ളൂ. 

ഇതു കേട്ട് ഞങ്ങള്‍ രണ്ടും ഞെട്ടിപ്പോയി. ഞാന്‍ നോക്കുമ്പോള്‍ ചേട്ടന്‍ സ്പൂണ്‍ വായില്‍ കടിച്ചു പിടിച്ചിട്ട് അന്തിച്ച് അച്ഛനെ നോക്കുന്നു. എന്റെ തല ചുറ്റി. എല്ലാ ദിവസവും വൈകുന്നേരം സന്ധ്യാ പ്രാര്‍ഥനയും അത് കഴിഞ്ഞു മുക്കാല്‍ മണിക്കൂര്‍ കൊന്ത ചൊല്ലലും അല്ലാതെ തന്നെ വീട്ടില്‍ ഉണ്ട്. നോയമ്പ് ദിവസങ്ങളില്‍ ഇത് കൂടാതെ ഒരു ''തിരുമണിക്കൂര്‍'' എന്ന പ്രാര്‍ഥനയും, പാട്ട് പാടി ഇരുന്നും, എണീറ്റും ചെയ്യേണ്ട കുരിശിന്റെ വഴിയും ഉണ്ടാകും. ഇതൊക്കെ തന്നെ പ്രാകിയും മുക്കിയുമാണ് ഞാന്‍ ഒരു തരത്തില്‍ കഴിക്കുന്നത്. ഇനിയിപ്പോള്‍ രാവിലെ പള്ളി കൂടിയാകുമ്പോള്‍, മരിച്ചാല്‍  മതിയെന്നാകും! 'തുറിച്ചൊന്നും നോക്കണ്ടാ, രണ്ടുപേരും കൂടി പള്ളിയില്‍ പോയേ പറ്റൂ,' അമ്മ പറഞ്ഞു. 

'ചേച്ചിയെയും പള്ളിയില്‍ വിടണം', ഞാന്‍ പറഞ്ഞു. എന്റെ ശബ്ദം എന്തോ ജീവി കരയുന്ന പോലെ ഇരിക്കുന്നു. ശരിയാണ്, എനിക്ക് കരച്ചില്‍ വരുന്നുണ്ട്. അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. 'നീ നിന്റെ കാര്യം നോക്കിയാല്‍ മതി. അവള്‍ പള്ളിയില്‍ പോകണോ വേണ്ടയോ എന്ന് ഞങ്ങള്‍ ആലോചിച്ചു കൊള്ളം. തല്‍ക്കാലം നീ കഞ്ഞി കുടിച്ചു കിടന്നുറങ്ങി രാവിലെ പള്ളിയില്‍ പോകാന്‍ നോക്ക്.' ദേഷ്യത്തോടെ ഞാന്‍ ചേച്ചിയെ നോക്കി.

ചേച്ചി ഇതൊന്നുമറിയാതെ സ്പൂണ്‍ കഞ്ഞിപ്പാത്രത്തിലിട്ട് ഇടത്തെ കൈയുടെ ചെറുവിരല്‍ കൊണ്ട് തലയുടെ പിന്‍വശം ചൊരിഞ്ഞുകൊണ്ട് ഏതോ ബുക്ക് വായിക്കുകയാണ്. പിന്നെ എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് അമ്മ എന്നെയും ചേട്ടനെയും വിളിച്ചെണീപ്പിച്ചു പള്ളിയില്‍ കുര്‍ബാനയ്ക്ക് വിടാന്‍ തുടങ്ങി. വിളിച്ചെണീപ്പിക്കുക എന്നു ഭംഗിയില്‍ പറയുന്നുവെന്നേ ഉള്ളൂ, യഥാര്‍ത്ഥത്തില്‍ അടിച്ചെണീപ്പിക്കുകയാണ് ചെയ്യാറ്. 

പതുക്കെ പതുക്കെ പള്ളിയില്‍ പോകുന്നത് ഒരു ശീലമായി. അതിനൊരു കാര്യവുമുണ്ട്. ഒന്നു രണ്ടു മാസത്തിനകം ഞങ്ങള്‍ ''അള്‍ത്താര പിശാചുക്കള്‍' എന്നു സ്നേഹപൂര്‍വം വിളിപ്പേരുള്ള ആള്‍ട്ടര്‍ ബോയ്സ് സംഘത്തിലെ പരിശുദ്ധ അംഗങ്ങളായി. അതുകൊണ്ട് തന്നെ ഉറക്കപ്പിച്ചോടു കൂടി ഇടവക പള്ളിയായ സെന്റ് പീറ്റേര്‍സ് ചര്‍ച്ചിലോട്ട് നടക്കുന്ന വഴിയില്‍ ദൈവ ഭയമില്ലാത്ത അസംഖ്യം പട്ടികള്‍ എന്നും ഞങ്ങളെ കാത്തിരുന്നു.

രണ്ടുപേരില്‍ ഏറ്റവും ചെറിയവനായ, അശക്തനായ എന്നെയായിരുന്നു പട്ടികള്‍ക്ക് ഏറെ ഇഷ്ട്ടം. പേടിച്ചു വിറച്ചു ഞാന്‍ വരുന്നത് കാണുമ്പോള്‍ തന്നെ പട്ടികള്‍ എല്ലാം സന്തോഷത്തോട് കൂടി എണീറ്റിരിക്കും, നാക്ക് പുറത്തിട്ടു ചിരിക്കും... ഞങ്ങള്‍ക്ക് നേരെ കുതിച്ചു വരുന്ന അവറ്റകളെ കണ്ടു അമറി കൂകിക്കൊണ്ട് ചേട്ടന്‍ ഏറ്റവും മുമ്പിലും, അതിന് ഒരു ഫര്‍ലോംഗ് പിന്നിലായി അമറി കൂകി ഞാനും എനിക്ക് അമ്പത്- അമ്പത്തഞ്ചു സെന്റി മീറ്റര്‍ പിന്നിലായി എന്റെ ചന്തിയില്‍ കടിച്ചു കടിച്ചില്ല എന്ന മട്ടില്‍ കുരച്ചു ചാടിക്കൊണ്ട് പട്ടികളിലെ മുമ്പനും, ഏകദേശം രണ്ടു രണ്ടര മിനിറ്റില്‍ എന്നും അങ്ങനെ ഉച്ചത്തിലുള്ള കുരയും കരച്ചിലുമായി പട്ടികളും പിള്ളേരും പള്ളിയുടെ മൈതാന കവാടം കടക്കും. 

vallinikkaritta recipiekal

പള്ളിയിലെ എന്റെ ഉത്തരവാദിത്തങ്ങള്‍ വളരെ വലുതാണ്. കുര്‍ബാനയ്ക്ക് മുമ്പേ പ്ലാസ്റ്റിക് പൂക്കളിലെ പൊടി തട്ടണം, വലിയ മഞ്ഞ മെഴുകുതിരിയില്‍ നിന്നും ഉരുകിയിറങ്ങിയ മെഴുക് ഒടിച്ച് ഒരു പാത്രത്തില്‍ ശേഖരിക്കണം, ഇടയ്ക്ക് ലത്തീന്‍ ഭാഷയില്‍ കപ്യാര്‍ പാട്ട് പാടുമ്പോള്‍ ചിരിക്കുന്ന ഒന്നാം ക്ലാസ്സിലെ പിള്ളേരുടെ പേര് നോട്ട് ചെയ്യണം, പ്രാര്‍ത്ഥന കഴിഞ്ഞ് അച്ചന്‍ അള്‍ത്താരയില്‍ നിന്നും ഇറങ്ങുമ്പോള്‍ ലോഹ താഴെ മുട്ടാതെ പിടിക്കണം, ഇത്യാദി. ലോഹ അള്‍ത്താര പിള്ളേരായ ഞങ്ങള്‍ക്കുമുണ്ട്. പക്ഷെ പെരുന്നാളോ, ക്രിസ്മസോ പോലുള്ള പുണ്യ ദിവസങ്ങളില്‍ മാത്രമേ അത് ഞങ്ങള്‍ക്ക് അണിയാനായി കിട്ടുള്ളൂ. കൂട്ടത്തില്‍ ഏറ്റവും പൊക്കം കുറഞ്ഞ എനിക്ക് ലോഹ കാല് കഴിഞ്ഞു കിടക്കും. 

അതുകൊണ്ടു തന്നെ അള്‍ത്താര ബാലന്മാര്‍ എല്ലാവരും കൂടെ ഏതെങ്കിലും പുണ്യ ദിവസം ലോഹ ഒക്കെ ഇട്ടു ഗമയില്‍ നിവര്‍ന്നു നടക്കുമ്പോള്‍ ഞാന്‍ മാത്രം തട്ടി തെറിച്ചു അവിടെയും ഇവിടെയുമൊക്കെ തട്ടി മുട്ടി ബുദ്ധിമുട്ടും. അള്‍ത്താര കര്‍ത്തവ്യ നിര്‍വഹണതിനിടയ്ക്ക് ഒരു കൈ പൊക്കി അനുഗ്രഹിച്ചു കൊണ്ട് നില്‍ക്കുന്ന കര്‍ത്താവിന്റെ പ്രതിമയ്ക്ക് കീഴിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ ഞാന്‍ മുഖം ഭക്ത പരവശമാക്കും, സ്‌കൂളില്‍ ജെസ്സി  മിസ്സിന്റെ പിച്ചില്‍ നിന്നും അടിയില്‍ നിന്നും കാക്കേണ്ടവനാണ്. ആള്‍ട്ടര്‍ ബോയ്യായി സര്‍വീസ് ചെയ്യുന്നത് പരിഗണിച്ചു കര്‍ത്താവില്‍ നിന്നും ഒരു പരിഗണന കിട്ടേണ്ടതാണ്. 

എവിടെ? കിട്ടാനുള്ള അടികള്‍ ഒക്കെ തന്നെ എന്നും എപ്പോഴും കിട്ടിക്കൊണ്ടേയിരുന്നു. ചേട്ടന്‍ പറഞ്ഞു തരും 'എടാ! വിചാരിക്കുന്നത് പോലെയല്ല, ഇതിലൊക്കെ ഒരുപാടു ട്രിക്കും പാര്‍ഷ്യലിറ്റിയും ഉണ്ട്'' ആണോ? ഞാന്‍ ചോദിക്കും. അമ്മേ...! ഇതെല്ലാം കഴിഞ്ഞു തിരിച്ചു വരിക ഏകദേശം എട്ടു മണിക്കാണ്. അപ്പോഴേക്കും വയറില്‍ വിശപ്പിന്റെ ''ചിത്രഹാര്‍'' നടക്കുന്നുണ്ടായിരിക്കും. വിശന്നാല്‍ ചേട്ടന്‍ അധികം മിണ്ടാറില്ല. വീടിന്റെ മുറ്റത്ത് എത്തി ഇരു വശവും ചെടിച്ചട്ടി വച്ചു ഭംഗി വരുത്തിയ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ വിശപ്പ് അധികരിച്ച് എനിക്ക് കരച്ചില്‍ വരും. രാവിലെ ജോലിക്ക് പോകേണ്ടത് കൊണ്ട് അമ്മ പ്രാതലുണ്ടാക്കി അടച്ചു വച്ചിട്ടുണ്ടാവും. ദോശയും ഇഡ്ഡലിയും പുട്ടും ഉപ്പുമാവുമാണ് സാധാരണ പതിവ്. കൂട്ടാനായി മിക്കവാറും ചുമന്ന തേങ്ങാ ചമ്മന്തിയും. 

വേഗം കുളിച്ചു വന്നിട്ട് പാത്രം തുറക്കുമ്പോഴേക്കും അതിഭയങ്കര വിശപ്പ് ഞങ്ങളെ കീഴ്പ്പെടുത്തും. ഇഡ്ഡലി ആണെങ്കില്‍ ഒരു ലിമിറ്റ് ഇട്ട് പത്തു പതിനഞ്ചു എണ്ണം മാത്രം ഞാന്‍ കഴിക്കും. ദോശ കഴുത്തറ്റം വരെ തിന്നും. എന്നിട്ട് പ്രായശ്ചിത്തം ചെയ്യാത്ത പാപിയുടെ ഭാവത്തോടെ ചേട്ടനെ തുറിച്ചു നോക്കും. ചേട്ടന്‍ അപ്പോള്‍, അമ്മയുടെ എന്നത്തെയും മാസ്റ്റര്‍ പീസ് ആയ ചുമന്ന തേങ്ങാ ചമ്മന്തി അഞ്ചു വിരലും കൊണ്ട് തൊട്ടു നക്കി പാത്രം തിളക്കുവായിരിക്കും. 

എരിവുള്ള നാടന്‍ ചുവന്ന തേങ്ങാ ചമ്മന്തി
കാര്യം അരകല്ലില്‍ അരച്ചാലെ ചമ്മന്തിക്ക് അതിന്റെ യഥാര്‍ത്ഥ ഗുണവും, സ്വാദും, മണവും കിട്ടൂ എന്നാണ്. പക്ഷെ ഇപ്പോള്‍ അരകല്ല് എവിടെ ഇരിക്കുന്നു? പലപ്പോഴും മിക്സി തന്നെ ശരണം. കാര്യം നടക്കും, കുഴപ്പമില്ലാത്ത ഫലവും കിട്ടും. മോഹന്‍ലാല്‍ അഭിനയിക്കേണ്ട റോളില്‍ ശങ്കരാടി അഭിനയിച്ചാല്‍ എന്നത് പോലെ റൂട്ട് അത്ര അങ്ങോട്ട് മാറി പോകാതെയിരുന്നാല്‍ മതി. 

ആവശ്യമുള്ള സാധനങ്ങള്‍ 

thenga chammanthiതേങ്ങ - ഒരു മുറി  (ചിരകിയത്)
ഉണക്ക മുളക് 4- 5 എണ്ണം
ഇടത്തരം പുളിയുള്ള പച്ച മാങ്ങ വിരല്‍ വലിപ്പത്തിലുള്ള നാലു കഷണം/ വാളന്‍ പുളി (നെലിക്ക വലുപ്പത്തില്‍)
ചുവന്നുള്ളി അഞ്ചെണ്ണം
ഒരു ചെറിയ കഷണം ഇഞ്ചി  
4- 5 കറിവേപ്പില 
ഉപ്പ് - ആവശ്യത്തിന്

എന്നാല്‍ ഉണ്ടാക്കിയാലോ?
മേല്‍പറഞ്ഞ ചേരുവകളില്‍ ചുവന്നുള്ളി ഒഴിച്ച് മറ്റെല്ലാം ഒന്നിച്ചു അരകല്ലില്‍ അരയ്ക്കുക. വെള്ളം ചേര്‍ക്കാതെ വേണം അരയ്ക്കാന്‍. ഉള്ളി അവസാനം അരച്ചു ചേര്‍ത്തതിനു ശേഷം  ചമ്മന്തി പാത്രത്തിലേക്ക് മാറ്റാം. ഉള്ളി ആദ്യം അരയ്ക്കാതെ അവസാനം അരച്ച് ചേര്‍ക്കുന്നത് രുചി വര്‍ധിപ്പിക്കും. തേങ്ങ കൂടുതല്‍ അരയാതെ സൂക്ഷിക്കുക. കൂടുതല്‍ അരയുന്നത്  അരപ്പ് ചുവയ്ക്കാന്‍ ഇടവരുത്തും. അതു കൊണ്ട് അരച്ചു തീരുമ്പോഴും തേങ്ങ ചെറു തരിയായി നിലനിര്‍ത്തുക. കൈകൊണ്ട് വടിച്ചു ഉരുളയായി പാത്രത്തിലേക്ക് മാറ്റാം.  

വാല്‍കഷ്ണം
ചമ്മന്തി ഒരു കാഴ്ച കൂടിയാണ്. ചമ്മന്തി കൈകൊണ്ടു തൊടാതെ, ഒരു പാത്രം ചോറ്  ചമ്മന്തി ''നോക്കി'' മാത്രം കഴിക്കാന്‍ സാധിക്കും. അതുകൊണ്ട് എപ്പോഴും ചമ്മന്തി കുറച്ചേ വിളമ്പാന്‍ പാടുള്ളൂ. ചോറുണ്ട് പകുതിയാകുമ്പോള്‍ ഇച്ചിരി കൊതി ബാക്കി വച്ച് ചമ്മന്തി തീരണം. അതായതു ചമ്മന്തി ഒരിക്കലും കൊതിക്കു തികയരുത്. അതാണ് രീതി. 

ഉണക്കചെമ്മീന്‍ ചമ്മന്തി
മുമ്പ് പറഞ്ഞ ചുവന്ന തേങ്ങ ചമ്മന്തിയുമായി ഇതിനു സാമ്യമുണ്ട്, പക്ഷെ മണവും സ്വാദും രീതിയും ഒന്നു വേറെതന്നെയാണ്. മോഹന്‍ലാലും അനൂപ് മേനോനും തമ്മിലുള്ളതു പോലെ എവിടെയോ എന്തോ ഒരു സാമ്യം തോന്നാം. ചോറിന്റെ കൂടെ ഒരു മേമ്പൊടിയായി ഇത് ബെസ്റ്റാണ്. ഉപ്പ് മുന്നില്‍ നില്‍ക്കുന്ന വിഭവങ്ങളില്‍ ഒന്നായതിനാല്‍ തൊട്ടു കൂട്ടാനും കേമമാണ്. 

ആവശ്യമുള്ള സാധനങ്ങള്‍ 
തേങ്ങ - ഒരു മുറി (ചിരകിയത്) 
ഉണക്കചെമ്മീന്‍ - വൃത്തിയാക്കിയത് അര കപ്പ്
പച്ച മുളക് മൂന്നെണ്ണം 
ചുവന്നുള്ളി അഞ്ചെണ്ണം 
ഒരു തണ്ട് കറിവേപ്പില
വാളന്‍ പുളി- (നെലിക്ക വലുപ്പത്തില്‍)
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന് 

എന്നാല്‍  ഉണ്ടാക്കിയാലോ?
ആദ്യം ഒരു കിണ്ണത്തില്‍ ഉണക്കചെമ്മീന്‍ വെള്ളവും ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് കുതിരാന്‍ വെയ്ക്കുക. ഒരു ചീനച്ചട്ടി ചെറുതീയില്‍ ചൂടാക്കി അതില്‍ വെളിച്ചെണ്ണ ഒഴിക്കുക. ഉണക്കചെമ്മീന്‍ വെള്ളമില്ലാതെ ഊറ്റിയെടുത്ത് എണ്ണയില്‍ വറുക്കുക. ആദ്യ ചുവന്നും പിന്നീട് വെളുത്തും നിറം മാറുമ്പോള്‍ ചെമ്മീന്‍ കോരി എടുക്കുക. അതേ ചട്ടിയിലെ ബാക്കിയുള്ള എണ്ണയിലേക്ക് മറ്റു ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഈ കൂട്ട് സ്വര്‍ണനിറമായി തുടങ്ങുമ്പോള്‍ തന്നെ അടുപ്പില്‍ നിന്നും വാങ്ങുക. ഇവ  ചൂടാറുമ്പോള്‍ വറുത്ത ചെമ്മീനും പുളിയും ഉപ്പും ചേര്‍ത്ത് അരകല്ലില്‍ അരച്ചെടുക്കുക. 

ഓര്‍ക്കുക
മണത്തിലും രുചിയിലും മുമ്പിലാണ് ഉണക്കചെമ്മീന്‍ ചമ്മന്തി. പക്ഷെ, ഭക്ഷണ മേശയില്‍ വെജിറ്റേറിയന്‍മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ ഈ മണം അരോചകമായേക്കാം. മറ്റു ഭക്ഷണ ഗന്ധങ്ങളെ ഹൈജാക്ക് ചെയ്യുമെന്നതിനാല്‍ അവയ്ക്ക് സമീപം കൂടുതല്‍ നേരത്തേയ്ക്ക് വയ്ക്കരുത്. പ്രത്യേകിച്ച് അവിയലിനോടൊപ്പം. 

chemmeen chammanthi

(കൊച്ചിയിലെ ഐഡിയസ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com) 

വര:  മനോജ്കുമാര്‍ തലയമ്പലത്ത്