'എന്നാണ് ഞാന്‍ ആദ്യമായി ജോണ്‍ പ്രാന്തനെ കാണുന്നത്, അറിയില്ല. എനിക്ക് ഓര്‍മ വെച്ച നാള്‍ മുതല്‍ വഴിവക്കിലും കടത്തിണ്ണയിലും പൊന്തക്കാട്ടിലും ഞാന്‍ അയാളെ കണ്ടിട്ടുണ്ട്... കണ്ടു പേടിച്ചിട്ടുണ്ട്. അയാളുടെ മുമ്പിലൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളാരും ഒച്ചയുണ്ടാക്കില്ല. ദേ! ഞങ്ങളൊന്നും ഇവിടെ ഇല്ല കേട്ടോ എന്ന മട്ടില്‍ ഞങ്ങള്‍ പമ്മി നടക്കും! ഒച്ച ഉണ്ടാക്കിയാല്‍ ഞങ്ങളെ കേറി പിടിച്ച് ഉപദ്രവിച്ചാലോ? 

ദേഹം മുഴുവന്‍ പൊടിയും ചെളിയുമാണ് ജോണ്‍ പ്രാന്തന്. നല്ല വെളുത്തശരീരം, മുട്ടുവരെ നീളമുള്ള നീലനിറമുള്ള നിക്കര്‍, ഷര്‍ട്ട് ബനിയന്‍ അങ്ങനെ ഒന്നുമില്ല. ചെരുപ്പിടാതെ കാലില്‍ സാമാന്യം വലിയ മന്തുണ്ട്. ശബ്ദമുണ്ടാക്കാതെയാണ് പുള്ളിയുടെ നടപ്പ്. എപ്പോഴും ഏതെങ്കിലും കടത്തിണ്ണയില്‍ കുത്തിയിരിപ്പുണ്ടാകും. പക്ഷെ മുഖം  എപ്പോഴും പ്രസന്നമായിരിക്കും. എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന മുഖം. 

ഈ പ്രാന്തന്‍മാരുടെയെല്ലാം മുഖം എപ്പോഴും എന്താ പ്രസന്നമായിരിക്കുന്നേ? 

''ചെക്കാ! ദേ അയാള് വരുന്നുണ്ട്. തല പൊക്കി നോക്കാതെ നേരെ നടന്നോ,'' പള്ളിയില്‍ പോകുമ്പോള്‍ ഞങ്ങളുടെ എതിരെ വരുന്ന ജോണ്‍ പ്രാന്തനെ കണ്ടു ചേച്ചി എന്നോടായി പറഞ്ഞു. ''ഇന്നലെ  അയാള് വട്ടു മൂത്ത് ഒരു പട്ടിയെ വാലില്‍ പിടിച്ച് സിമെന്റ് തറയില്‍ അടിച്ചു കൊന്നു. ദേവകി ചേച്ചീടെ വെള്ളയില്‍ പുള്ളിക്കുത്തുള്ള ആ പട്ടിയെ! പട്ടി അയാളെ നോക്കി കുരച്ചത് അങ്ങേര്‍ക്കു പിടിച്ചില്ല! പിന്നെ അയാള്‍ക്ക് ചീത്തപ്പിള്ളേരെ ഒട്ടും ഇഷ്ടമല്ല കേട്ടോ. നിന്നെ ഉറപ്പായിട്ടും എടുത്തെറിയും!  

Vallinikkaritta recipesഅമ്മേ! എനിക്ക് കേട്ടിട്ട് പേടിയായി. ശരിയാണ്, എന്നെ പലര്‍ക്കും അത്ര ഇഷ്ട്മല്ല. എന്റെ ചേട്ടനെയാണ് കൂടുതല്‍ ഇഷ്ടം. ചേട്ടന്‍ ഫാരെക്‌സ് ഒക്കെ കുടിച്ചു വലുതായ ഒരു തടിയനാണ്. എന്നെക്കാളും സുന്ദരനാണ്, വെളുത്തിട്ടുമാണ്. വീട്ടില്‍ ഓരോ ചടങ്ങിനു ബന്ധുക്കളായ അമ്മച്ചിമാരൊക്കെ വരുമ്പോള്‍ അവര്‍ ചേട്ടനെ കൊഞ്ചിക്കും. പക്ഷെ എന്നെ കാണുമ്പോള്‍ തന്നെ ചിരിച്ചു കൊണ്ടിരിക്കുന്ന അവരുടെയൊക്കെ മുഖം പെട്ടെന്ന് ഒന്ന് കറുക്കും.

അടുക്കളയില്‍ പണിയില്‍ മുഴുകിയിരിക്കുന്ന അമ്മയോടായി എന്റെ മുഖത്ത് തുറിച്ചു നോക്കിക്കൊണ്ട് അവര്‍ കണ്ണില്‍ ചോരയില്ലാതെ വിളിച്ചു ചോദിക്കും, "എടി മണിയേ! നിന്റെ ചെറിയ കൊച്ചെന്താടി ഗ്രഹണി പിടിച്ച പോലെ എല്ലൊക്കെ ഉന്തി ഇരിക്കുന്നെ? ഇവന് നീ ഒന്നും കഴിക്കാന്‍ കൊടുക്കുന്നില്ലേ?" ഇത് കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് സങ്കടം വരും. എന്ത് ചെയ്യാനാണ്? സത്യത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്നതില്‍ എണ്‍പത് ശതമാനം ഭക്ഷണവും കഴിക്കുന്നത് ഞാനാണ്. പക്ഷെ ഒന്നും എന്റെ ദേഹത്ത് പിടിക്കില്ല. അമ്മ എന്റെ കാര്യം ഒരുപാടു വൈദ്യന്മാരോടൊക്കെ പറഞ്ഞ് ഓരോ അരിഷ്ടമൊക്കെ വാങ്ങിച്ചു തരും. എവിടെ? അരിഷ്ടവും കൂടി ഞാന്‍ കുടിച്ചു തീര്‍ക്കുന്നത് മിച്ചം. 

''നിന്റെ വയറ്റില്‍ നിറച്ചും കൊക്കോപ്പുഴു ഉണ്ട്. കൊക്കോപ്പുഴു എല്ലാം തിന്നു തീര്‍ക്കും. ആറ് ഇഡ്ഡലി നീ കഴിക്കുമ്പോള്‍ കൊക്കോ പുഴു അഞ്ച് ഇഡ്ഡലിയും തിന്നും. നിനക്ക് ഒന്നും കിട്ടുന്നില്ല, അതാ നീ ഇങ്ങനെ മെല്ലിച്ചു മെല്ലിച്ച് ഇരിക്കുന്നെ.'' ചേച്ചി എന്നോട് പറയും. ''കൈയും കാലുമൊന്നും കഴുകാതെ എല്ലാം വാരി തിന്നുമ്പോള്‍ ഓര്‍ക്കണം. ഏതായാലും നീ കുഴലൂതുന്ന പാമ്പാട്ടിയുടെ  അടുത്തൊന്നും പോകേണ്ട. വയറ്റിലെ പുഴു ഒക്കെ എണീറ്റ് നിന്ന് ആടും. അപ്പൊ നീയും എണീറ്റ് നിന്ന് ആടും. എല്ലാര്‍ക്കും പിടികിട്ടും. ആകെ നാണക്കേടാകും'' ചേച്ചി ഉപദേശിച്ചു. 

ശരിയാണ്, എനിക്ക് എന്തൊക്കെയോ വലിയ പ്രശ്‌നമുണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഉടനെ എന്റെ വയറ്റിലാകെ ഒച്ചയും ബഹളവുമാണ്. വെള്ളമൊഴിക്കുന്ന ശബ്ദം, മിക്‌സി കറങ്ങുന്ന ശബ്ദം, തിരമാല അടിക്കുന്ന ശബ്ദം എന്നിങ്ങനെ. ചില സമയത്ത് ആരൊക്കെയോ സംസാരിക്കുന്നതു പോലെ വരെ എനിക്ക് തോന്നും. ഒന്നോ രണ്ടോ തവണ എന്റെ പേരു വിളിക്കുന്ന പോലെ തോന്നിയിട്ട് ഞാന്‍ അറിയാതെ വിളി വരെ കേട്ടിട്ടുണ്ട്! 

Vallinikkaritta recipes''ഇങ്ങനെ ഇടവിടാതെ എല്ലാം വാരിക്കഴിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടാണ് നിനക്ക് എപ്പോഴും ഗ്യാസിന്റെ ഉപദ്രവം,'' അച്ഛന് പറഞ്ഞു. ഞാന്‍ മുറ്റത്ത് മുറിച്ചിട്ട തെങ്ങും തടിയില്‍ ഇരുന്നു കാലൊക്കെ ആട്ടിക്കൊണ്ട് കപ്പലണ്ടിയും വറുത്ത അരിയും തേങ്ങ ചിരണ്ടിയതും കൂട്ടി പഞ്ചസാരയും ചേര്‍ത്ത് കഴിച്ചു കൊണ്ടിരിക്കുകയാണ്. നീ ഇങ്ങനെ ഗ്യാസ് വിട്ടു നടന്നു ചീത്ത പേരുണ്ടാക്കരുത്. സൈക്കിള്‍ റിക്ഷക്കാരന്‍ എപ്പോഴും നിന്റെ കാര്യം പറഞ്ഞു ചിരിക്കും. അച്ഛന്‍ പറഞ്ഞതില്‍ കാര്യമില്ലാതെയില്ല. സൈക്കിള്‍ റിക്ഷയില്‍ പോകുമ്പോള്‍ വണ്ടി ഗട്ടറിലൊക്കെ വീഴുമ്പോള്‍ ഞാന്‍ അറിയാതെ ഒരു ഗ്യാസൊക്കെ വിട്ടു പോകും. ഞാന്‍ മാത്രമല്ല, ചേട്ടനും, ചേച്ചിയും സൈക്കിള്‍ റിക്ഷ ചവിട്ടുന്ന സദാശിവന്‍ ചേട്ടനുമൊക്കെ ഗ്യാസ് വിടുന്നുണ്ട്. പക്ഷെ ചീത്തപ്പേര് എനിക്ക് മാത്രം. 

ആരു ഗ്യാസ് വിട്ടാലും എല്ലാരും കൂടി എന്നെ നോക്കും. എപ്പോഴും ഇങ്ങനെയാണ്. ഒരിക്കല്‍ പള്ളിയില്‍ പാട്ട് കുര്‍ബാന നടന്നു കൊണ്ടിരിക്കുമ്പോള്‍ ഉച്ചത്തില്‍ ഒരു ശബ്ദം. ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. എന്റെ കൂടെ നിന്ന് പാട്ടുപാടുന്ന കപ്യാര് പറ്റിച്ച പണിയാണ്. പക്ഷെ എല്ലാരും എന്നെ നോക്കി ചിരിക്കുന്നു. കപ്യാരാകട്ടെ ഒന്നുമറിയാത്ത പോലെ ഭക്തിയില്‍ മുഴുകിനില്‍ക്കുവാണ്. ഫാദര്‍ ഇഗ്നേഷ്യസ് കുര്‍ബാന കഴിഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് എന്നോടു പറഞ്ഞു. ''ഇന്ന് പെരുന്നാള്‍ കുര്‍ബാനയൊന്നും അല്ലായിരുന്നു ഗുണ്ടും വെടിയുമൊക്കെ പൊട്ടിക്കാന്‍.'' എനിക്ക് സങ്കടം വന്നു. ഞാന്‍ കരയുന്ന മുഖത്തോടെ കപ്യാരെ നോക്കി. പുള്ളി ഒന്നും അറിയാത്ത ഭാവത്തില്‍ അച്ചന്റെ ളോഹ മടക്കി വെച്ചുകൊണ്ടിരിക്കുന്നു. 

എന്ത് കഷ്ടമാണ്! 

ദൈവമേ! ജോണ്‍ പ്രാന്തന് ഇതൊക്കെ അറിയാമോ? സാധ്യതയില്ല. ആരെങ്കിലും പറഞ്ഞു കൊടുത്തു കാണുമോ? എനിക്ക് പട്ടിയെ പോലെ വാലില്ലാത്തതു കൊണ്ട് കാലില്‍ പിടിച്ച് എറിയുമായിരിക്കും! ആണ്‍പട്ടിയെയാണോ അയാള്‍ എടുത്തു നിലത്തടിച്ചത്? ആരോട് ചോദിക്കാനാണ്? ചേച്ചി പറഞ്ഞാല്‍ അച്ചട്ടാണ്. പണ്ടൊരിക്കല്‍ വീട്ടിലെ കോഴിയെ കണ്ട് എനിക്ക് സ്‌നേഹം മൂത്തു. അടയിരുന്നു മുട്ടയൊക്കെ വിരിയിച്ച നല്ല സ്‌റ്റൈലന്‍ കോഴി! കുറച്ച് അരി ഞാന്‍ എന്റെ കൈയില്‍ വെച്ച് അതിനു കൊടുക്കാന്‍ തുനിഞ്ഞതാണ്. അന്ന് ചേച്ചി എന്നെ തടഞ്ഞു. ഞാന്‍ പക്ഷേ അത് വകവെയ്ക്കാതെ ഒരു പിടി എടുത്ത് കൈപ്പത്തിയില്‍ വെച്ച് കോഴിക്ക് കൊടുത്തത് മാത്രം ഓര്‍മ്മയുണ്ട്. കൈയ്യൊക്കെ നന്നായി വേദനിച്ചെന്നു മാത്രമല്ല അമ്മയുടെ അടുത്തു നിന്നു നല്ല അടിയും കിട്ടി. അതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് ഒരു വിറയല്‍ വരുന്നു! 

ഇപ്പോള്‍ ഞങ്ങളുടെ എതിരെ നടുന്നു വരുന്ന ജോണ്‍ പ്രാന്തനെയും കൂടി കണ്ടപ്പോള്‍... അന്നു വൈകിട്ട് ഞാന്‍ ചേട്ടനോട് ജോണ്‍ പ്രാന്തനെ കുറിച്ച് ചോദിച്ചു. മുല്ലയ്ക്കല്‍ അമ്പലത്തിലെ ചിറപ്പ് ഉത്സവത്തിനു മേടിച്ച കളിപ്പാട്ട കാറിന്റെ വീല്‍ നന്നാക്കുവായിരുന്നു അപ്പോള്‍ ചേട്ടന്‍. ''നിനക്ക് ഒരു മണ്ണാങ്കട്ടയും അറിയാന്‍ മേലേ? ചുമ്മാതല്ല നീ പണ്ട് രണ്ടാം ക്ലാസ്സില്‍ തോറ്റത്!'' ചേട്ടന്‍ പറഞ്ഞു. എടാ, ജോണ്‍ പ്രാന്തന്റെ അപ്പൂപ്പന്‍ ഒരു സായിപ്പായിരുന്നു. അയാളുടെ മൂത്തമോന് ഒരു ഐസ് ഫാക്ടറി ഉണ്ടായിരുന്നു, ആലപ്പുഴ കടപ്പുറത്ത്'' ഇത്രയും പറഞ്ഞിട്ട് ചേട്ടന്‍ തല എന്റെ ചെവിയുടെ അടുത്ത് കൊണ്ടുവന്നിട്ടു സ്വരം താഴ്ത്തി പറഞ്ഞു. ''അയാള്‍ക്ക് അവിടെ ജോലി ചെയ്തിരുന്ന ഒരു മീന്‍കാരിയില്‍ ഉണ്ടായതാ ഈ ജോണ്‍ പ്രാന്തന്‍. അതാ അയാള്‍ ഇങ്ങനെ വെളുത്തിരിക്കുന്നേ. കൊച്ചിലെ തന്നെ വട്ട് വന്നതുകൊണ്ട് വീട്ടില്‍ നിന്നും ഇറക്കി വിട്ടതാ. നീ സൂക്ഷിച്ചോ, അയാള്‍ക്ക് ചന്തപ്പിള്ളേരെ ഇഷ്ടമല്ല''! 

Vallinikkaritta recipes''അയാളെന്തിനാ മീന്‍കാരിയെ കല്യാണം കഴിച്ചേ? സായിപ്പന്മാര്‍ മീന്‍കാരിയെ കല്യാണം കഴിക്കുമോ?'' ഞാന്‍ ചോദിച്ചു. ആരു കല്യാണം കഴിച്ചു? കഴുത! നീ നാലാം ക്ലാസ്സിലും തോറ്റു പോകും, കണ്ടോ!  എനിക്കൊന്നും മനസിലായില്ല. പക്ഷെ എന്തുകൊണ്ടോ എനിക്കപ്പോള്‍ ജോണ്‍ പ്രാന്തനോട് ഒരിഷ്ടം തോന്നി. അയാളെ കുറിച്ചുള്ള ഭയം എന്നില്‍ നിന്നകന്നു. 

അങ്ങനെ ഒരു ദിവസം രാവിലെ ഞാനും ചേച്ചിയും കൂടി നടന്ന് സ്‌കൂളില്‍ പോകുവാണ്. അന്ന് എന്തോ കാര്യം കൊണ്ട് സൈക്കിള്‍ റിക്ഷ ഇല്ല. വഴിയില്‍ ഒരു പെട്ടിക്കടയില്‍ നിന്ന് ചേച്ചിക്ക് തലയില്‍ കെട്ടാനായി ഒരു രൂപയ്ക്ക് നീല റിബ്ബണ്‍ മേടിക്കണം. ചേച്ചിയുടെ സ്‌കൂളിലെ  യൂണിഫോം വെള്ള ഷര്‍ട്ടും നീല പാവാടയും നീല റിബ്ബണുമാണ്. ഞാനും ചേച്ചിയും കൂടി നേരെ കടയില്‍ കയറി. എനിക്ക് കടയില്‍ കയറി നോക്കുവാന്‍ വലിയ ഇഷ്ട്മാണ്. കടയില്‍ ഗ്ലാസ് ഭരണികളില്‍ നിറച്ചും പല പല കളറുകളിലുള്ള മിട്ടായികള്‍, തടിപ്പെട്ടിയില്‍ മൂക്കിപ്പൊടി, ചാര്‍മിനാര്‍ സിഗരറ്റുകള്‍, നമ്പൂതിരീസ് ദന്തചൂര്‍ണം, വിക്‌സ് മിട്ടായി, ഒരു വശത്തായി വട്ടു സോഡാക്കുപ്പികള്‍, മുറിച്ച നാരങ്ങ, ഉപ്പുപാത്രം, തെര്‍മോകോള്‍ ഐസ് പെട്ടി, കടയുടെ മുകള്‍ ഭാഗത്തായി കഥാപുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും മഞ്ചാടി, മാമാങ്കം, മനോരമ, മംഗളം, അമ്പിളി അമ്മാവന്‍ ചിത്രകഥ മുതലായവ. 

ചേച്ചിക്ക് റിബ്ബണ്‍ മുറിച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഇവയെല്ലാം കണ്ടു രസിച്ചു. പെട്ടെന്നാണ് ഞാന്‍ കണ്ടത്! എന്റെ ഇടതുവശത്ത് തറയിലായി എന്നെ നോക്കി ചിരിക്കുന്ന രണ്ടു കണ്ണുകള്‍. ജോണ്‍ പ്രാന്തന്‍ ദേ എന്റെ തൊട്ടടുത്ത് കടയുടെ തറയില്‍ ഇരിക്കുന്നു. ഞാന്‍ ഞെട്ടി പുറകോട്ടു മാറി. ആ ഞെട്ടലില്‍ എന്റെ കൈയ്യില്‍ നിന്നും ബാഗ് തറയില്‍ വീണു. അതില്‍ നിന്നും തെറിച്ചു വീണ എന്റെ സ്റ്റീല്‍ ചോറ്റുപാത്രം ഉരുണ്ട് അയാളുടെ അടുത്ത് ചെന്നു. ചേച്ചി എന്നെ പിടിച്ചു പുറകിലോട്ടു വലിച്ചു കൊണ്ട് പറഞ്ഞു ''എടാ... അടുത്ത് പോകല്ലേ, അയാള്‍ മാന്തും. ഇങ്ങോട്ട് മാറി നിക്കെടാ''. 

''ജോണേ! പിള്ളേരെ പേടിപ്പിക്കാതെ നീ അതങ്ങ് കൊടുത്തേ!'',  കടക്കാരന്‍ ജോണ്‍ പ്രാന്തനോടായി ഉച്ചത്തില്‍ പറഞ്ഞു. അയാള്‍ ഒരു നിമിഷം ചിരിച്ചു കൊണ്ട് ഞങ്ങളെയും പാത്രത്തെയും മാറി മാറി നോക്കി. എന്നിട്ട് ചിരിച്ചു കൊണ്ട് തന്നെ ചോറുപാത്രമെടുത്ത് എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ''പേടിക്കേണ്ട, എടുത്തോ. ഞാന്‍ ഒന്നും ചെയ്യുകേല! പഠിക്കണ പിള്ളേരെ എനിക്ക് ഇഷ്ടമാ. ഇന്നാ... എടുത്തോ... 

Vallinikkaritta recipesഞാന്‍ പതുക്കെ കുനിഞ്ഞ് അയാളുടെ കൈയില്‍ നിന്നും എന്റെ പാത്രം സൂക്ഷിച്ചു വാങ്ങിച്ചു, എന്റെ കൈ അയാളുടെ കൈയില്‍ തൊട്ടോ? അപ്പോള്‍ ചെറുശബ്ദത്തില്‍ ചിരിച്ചു കൊണ്ട് ജോണ്‍ പ്രാന്തന്‍ എന്നോട് ചോദിച്ചു. ''ഇതില്‍ ചെമ്മീന്‍ കറിയുണ്ടല്ലേ? എനിക്ക് തരുവോ ഇച്ചിരി?'' ഞാന്‍ അന്തിച്ചു പോയി. അയാള്‍ എങ്ങനെ അറിഞ്ഞു ചെമ്മീന്‍കറിയെപ്പറ്റി? അമ്മ തേങ്ങാക്കൊത്തും ചെറു ഉള്ളിയും ഒക്കെയിട്ട് ഉണ്ടാക്കിയതാണ്. കൊതിയോടെ ഉച്ചയ്ക്ക് കഴിക്കേണ്ടതാണ്!

ഞാന്‍ പാത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. താഴെ വീണത് കാരണം പാത്രത്തിന്റെ അടപ്പ് ചെറുതായി പൊങ്ങിയിരിക്കുന്നു. ഞാന്‍ അത് പൂര്‍ണമായി തുറന്നപ്പോഴേക്കും വഴറ്റിയ ഉള്ളിയുടെയ ചെമ്മീനിന്റെയും മണം അവിടെയാകെ പരന്നു. ഞാന്‍ ചോദ്യരൂപത്തില്‍ ചേച്ചിയെ നോക്കി. ചേച്ചി ഒന്നും മിണ്ടാതെ കടക്കാരനെ നോക്കി. കടക്കാരന്‍ ഞങ്ങളെ രണ്ടു പേരെയും നോക്കി കുഴപ്പമില്ലാ എന്ന് കൈകൊണ്ട് ആംഗ്യം  കാണിച്ചു. ഒരു ചെറിയ ചെമ്മീന്‍ കഷണമെടുത്തു ഞാന്‍ അയാള്‍ നീട്ടിയ കൈവെള്ളയില്‍ വെച്ചുകൊടുത്തു. 

''അതുമതി, വാ പോകാം'', ചേച്ചി എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് നടന്നു. പെട്ടെന്ന് പുറകില്‍ നിന്നും ഉച്ചത്തിലുള്ള ഒരു ശബ്ദം ''ഇച്ചിരി കൂടി താ! കൊതി കൊണ്ടാ. ഇച്ചിരി മതി... താ!'' രാത്രി ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ ഞാന്‍ അമ്മയോട് ഈ സംഭവം പറഞ്ഞു. അമ്മ പറഞ്ഞു 'പാവം. അയാളൊക്കെ എന്താവും കഴിക്കുക? വല്ലതും കഴിക്കാന്‍ തന്നെ കിട്ടുന്നുണ്ടാകുമോ? നീയൊക്കെ എന്തൊക്കെയാ ഇവിടെ ബാക്കി വെച്ച് നശിപ്പിക്കുന്നേ! വെല്ല ചിന്തയും ഉണ്ടോ?'

'ബാക്കി വെക്കുന്നെന്നോ? ഇവനോ? ഇവന്‍ കഴിച്ചിട്ട് ബാക്കി എന്തെങ്കിലും മറ്റുള്ളവര്‍ക്ക് കിട്ടുന്നുണ്ടോ എന്നാ എന്റെ സംശയം'' അച്ഛന്‍ ചിരിച്ചോണ്ട് പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. അമ്മ എന്നെ  ചിരിച്ചു കാണിച്ചിട്ട് കണ്ണടച്ചു... 

ഇടയ്ക്കിടയ്ക്ക് എന്റെ മനസ്സില്‍ ചെറിയ വേദനയോടെ അന്നത്തെ സംഭവം പൊങ്ങി വരും. എന്തായാലും അവിചാരിതമായി ഞാന്‍ വീണ്ടും ജോണ്‍ പ്രാന്തനെ കണ്ടു. അത് ഞങ്ങളുടെ പള്ളിയിലെ പെരുന്നാളിനാണ്... 

അന്ന് പള്ളി പെരുന്നാള്‍ ഇടവകകള്‍ ബഹുകേമമായാണ് നടത്തുക. പെരുന്നാളിന് പങ്കെടുക്കാന്‍ എല്ലാ വീടുകളിലേക്കും ദൂരെ നിന്നും ബന്ധുക്കളൊക്കെ വരും. ഞങ്ങളുടെ വീട്ടില്‍ ഉഷ ആന്റിയും ബേബി അങ്കിളും മക്കളോടൊപ്പം വന്നു താമസിക്കും. ആകെപ്പാടെ നല്ല രസമാണ്. പെരുന്നാളിന് രണ്ടു ദിവസം മുമ്പു തന്നെ പള്ളി പരിസരത്ത് ഓരോരോ കടകള്‍ വന്നുനിറയും. ഞാനും ചേട്ടനും കളിത്തോക്കും കാറുമൊക്കെ മേടിക്കുന്നത് പള്ളി പെരുന്നാളിനാണ്. അമ്മയും അച്ഛനും കൂടി, കിടക്കാനുള്ള പായ, അടുക്കളയ്ക്ക് വേണ്ടിയുള്ള ചട്ടിയും കലവും ഒക്കെയായിരിക്കും ആ സമയത്ത് മേടിക്കുന്നത്.

അന്ന് പെരുന്നാളിന്റെ അവസാന ദിവസമായിരുന്നു. കുര്‍ബാന കഴിഞ്ഞ് വീട്ടില്‍ വന്നിട്ട് ഞങ്ങള്‍ പിള്ളേരെല്ലാം കൂടി ''കാറല്‍ മാന്‍'' ചക്രവര്‍ത്തിയുടെ കഥ പറയുന്ന ചവിട്ടുനാടകം കാണാന്‍ പ്ലാനിട്ടു. ചവിട്ടുനാടകം അങ്ങനെ എപ്പോഴും കാണാന്‍ കിട്ടുന്ന ഒരിനമല്ല. നാടകത്തില്‍ യഥാര്‍ത്ഥ കുതിരയെയൊക്കെ കാണിക്കുന്നുണ്ടത്രേ. ഞാന്‍ കുതിരയെ കണ്ടിട്ടില്ല. ചേച്ചിയും ചേട്ടനും സ്‌കൂളില്‍ നിന്നും ഊട്ടിയില്‍ ടൂറിന് പോയപ്പോള്‍ കണ്ടിട്ടുണ്ട്. അച്ഛന്റെ കാലില്‍ പിടിച്ചാണ് ഞാന്‍ നാടകം കാണാന്‍ പോകാന്‍ അനുവാദം മേടിച്ചത്. പക്ഷെ അവസാന നിമിഷം ചേട്ടനും ചേച്ചിയും കാലുമാറി. പോകുന്നെങ്കില്‍ ഇനി ഞാന്‍ ഒറ്റയ്ക്ക് പോകണം. 

Vallinikkaritta recipesഅമ്മ ചോദിച്ചു ''ഇവനെ രാത്രി എട്ടു മണിക്ക് ഒറ്റയ്ക്ക് വിടാമോ? വെല്ല കുളത്തിലോ മറ്റോ പോയി വീഴുമോ? എനിക്ക് അത്ര ധൈര്യം പോരാ.'' അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, 'വെല്ലോ എല്ല് പൊടി ഉണ്ടാക്കുന്ന കമ്പനിക്കാരും പിടിച്ചോണ്ടു പോകാതിരുന്നാല്‍ മതി. നല്ല ഉരുപ്പടിയാണ്! അവന്‍ വലുതായില്ലേ? ഒറ്റയ്ക്ക് പോയി ശീലിക്കട്ടെ.'' ഞാന്‍ ഏതായാലും ഒറ്റയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. റോഡിലൊക്കെ ആളുകളുണ്ടല്ലോ, പിന്നെ എന്തിനാണ് പേടിക്കുന്നത്? എല്ലായിടത്തും നല്ല വെട്ടവും വെളിച്ചവും കൂടാതെ പെരുന്നാള് പ്രമാണിച്ച് ആളുകള്‍ അവരുടെ  വീടുകള്‍ സീരിയല്‍ ലൈറ്റുകളും അലങ്കാര വിളക്കുകളും ഒക്കെയിട്ടു മനോഹരമായി അലങ്കരിച്ചിരിക്കുന്നു. 

പള്ളിയിലോട്ട് പോകുന്ന വഴിയുടെ ഇരുവശത്തുമുള്ള വീടുകളിലെ മരങ്ങളും ചെടികളും എല്ലാം മിന്നിത്തിളങ്ങുന്നു. ഞാന്‍ ഇതെല്ലം ആസ്വദിച്ചു കൊണ്ട് മൂളിപ്പാട്ടൊക്കെ പാടി അങ്ങനെ നടന്നു പോകുകയാണ്. നടന്നു നടന്ന് പള്ളിയുടെ പരിസരത്ത് എത്തി. ദൂരെയായി ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരവും ഉച്ചത്തില്‍ പൊങ്ങുന്ന ചെണ്ടയടിയും മറ്റു ശബ്ദങ്ങളും കേള്‍ക്കാം. പക്ഷെ ഇനി പള്ളി എത്തുന്ന വരെയും വഴിവിളക്കുകള്‍ ഇല്ല. റോഡിന്റെ ഇരുവശത്തും കുറ്റിക്കാടുകളാണ്. ഒരു നൂറ് നൂറ്റിയമ്പത് മീറ്റര്‍ നടന്നാല്‍ പള്ളിയെത്തും. പക്ഷെ അവിടെവരെ എങ്ങനെ നടന്നെത്തും? ഭയങ്കര ഇരുട്ട്. എനിക്ക് ചെറിയ പേടി തോന്നി. റോഡിലാണെങ്കില്‍ ആരെയും കാണുന്നുമില്ല. 
 
മുന്നോട്ടു നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. എന്റെ നേരെ മുന്നില്‍ ഒരു ആറേഴ് പട്ടികള്‍. എന്നെ കണ്ടതും അവയില്‍ ചിലത് എഴുന്നേറ്റു നിന്ന് ചെവിയൊക്കെ അനക്കി എന്നെ തുറിച്ചു നോക്കുന്നുണ്ട്. ജന്തുക്കളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷ കിട്ടാന്‍ സെയിന്റ് ജോര്‍ജിനോട് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ എന്ത് സെയിന്റ് ജോര്‍ജ്? പേടിച്ചിട്ട് എനിക്ക് എന്റെ പേരു പോലും ഓര്‍മ്മ വരുന്നില്ല. കണ്ണടച്ചു പിടിച്ച് അമറിക്കൊണ്ട് തിരിച്ച് ഓടിയാലോ? 

പള്ളിയില്‍ പോകാനാ? പേടിച്ചു നില്‍ക്കണ്ട! എന്റെ കൂടെ വാ... പെട്ടെന്ന് പുറകില്‍ നിന്ന് ഒരു ശബ്ദം. ഇരുട്ടില്‍ നിന്നും ജോണ്‍ പ്രാന്തന്റെ ചിരിക്കുന്ന മുഖം പ്രകാശിച്ചു കൊണ്ട് എന്റെ മുന്നിലോട്ടു കേറി വന്നു. എവിടെയൊക്കെയോ കിടന്നത് കാരണം അയാളുടെ ദേഹത്തെല്ലാം മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നു. ദൈവമേ! ജോണ്‍ പ്രാന്തന്‍. ഇയാളിതിപ്പം എവിടെ നിന്ന് വന്നു? പക്ഷേ എന്തോ എനിക്ക് പഴയ പോലെ പേടി തോന്നിയില്ല. പകരം അയാളുടെ സാമീപ്യം എനിക്കൊരു ധൈര്യം നല്‍കി. 

ജോണ്‍ പ്രാന്തന്‍ എന്നെ ഒട്ടും ശ്രദ്ധിക്കാതെ നേരെ മുമ്പിലോട്ടു കയറി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പട്ടികളുടെ നേരെ നടന്നു ചെന്നു. അത്ഭുദം! മുറുമുറുത്തു ചാടി വീഴാനായി നിന്നിരുന്ന പട്ടികള്‍ പെട്ടെന്ന് തന്നെ ചെവിതാഴ്ത്തി തല താഴ്ത്തി റോഡില്‍ നിന്നും നടന്നു മാറി. അനങ്ങാതെ നില്‍ക്കുന്ന എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു, ''വാ! പേടിക്കേണ്ട, നേരെ വാ, എന്റെ പുറകെ വാ!'' ഇതും പറഞ്ഞു നടന്നു തുടങ്ങിയ ജോണ്‍ പ്രാന്തന്റെ പുറകെ ഞാന്‍ പതുക്കെ നടന്നു. വേറെ എന്ത് ചെയ്യാനാണ്? നടക്കുമ്പോള്‍ അയാള്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എനിക്കെന്തോ വല്ലാത്ത ഒരാശ്വാസം തോന്നി. ഓരോ അടി വയ്ക്കുന്തോറും എന്റെ ഉള്ളിലെ പേടി കുറേശ്ശെ കുറേശ്ശെ കുറഞ്ഞു വന്നു. മുന്നോട്ടു നീങ്ങുന്ന ഞങ്ങള്‍ക്ക് മുന്നിലായി പള്ളിയും, അതിനു മുകളിലായി ആകാശത്ത് പരന്ന വെളിച്ചവും, ശബ്ദങ്ങളും പതുക്കെ പതുക്കെ അടുത്തടുത്ത് വന്നു. 

പള്ളിയുടെ മതിലിനോട് ചേര്‍ന്നുള്ള ആന വാതിലില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു, എന്നിട്ടു പകുതി തിരിഞ്ഞ് എന്നോടു പറഞ്ഞു ''അകത്തോട്ടു ഞാന്‍ വരുന്നില്ല. എന്റെ ദേഹമാകെ അഴുക്കും പൊടിയുമാണ്. മോന്‍ ചെന്നോ.  ഞാനിവിടെ നിന്നോളാം. പട്ടിയൊന്നും വരില്ല!'' ഞാന്‍ പതുക്കെ നടന്നു പള്ളിയുടെ കവാടം കടന്നു. അപ്പോഴേക്കും പിന്നില്‍ നിന്നും വീണ്ടും വിളി! 

''കൊച്ച് ഒന്ന് നിന്നേ...'' 

ഒരു നിമിഷം ഞാന്‍ തിരിഞ്ഞു നിന്നു. അപ്പോള്‍ ജോണ്‍ പ്രാന്തന്‍ ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്കു നടന്നു വന്നു. എന്നിട്ട് അരയില്‍ ചുറ്റിയിരുന്ന തോര്‍ത്തിന്റെ മടക്കുകളില്‍ നിന്നും ഒരു കടലാസ് പൊതിയെടുത്ത് എന്റെ നേരെ നീട്ടി. 

Vallinikkaritta recipes''ഇതെടുത്തോ... കപ്പലണ്ടി മിട്ടായിയാണ്. നല്ലതാ... കൊച്ചു കഴിച്ചോ'. 

പക്ഷെ നീട്ടിയ അയാളുടെ കയ്യിലെ പൊതിയിലേക്ക്  നോക്കിയതല്ലാതെ ഞാനത് വാങ്ങിയില്ല. വാങ്ങാന്‍ അപ്പോള്‍ തോന്നിയില്ല. ഞാന്‍ വെറുതെ അയാളുടെ മുഖത്തേയ്ക്ക് നോക്കി. ഒന്നു രണ്ടു നിമിഷം നിശബ്ദമായി നീങ്ങി. പതുക്കെ ആ കണ്ണുകള്‍ മങ്ങുന്നതും മുഖത്തെ പ്രകാശിക്കുന്ന ചിരി മായുന്നതും നീട്ടിയ കൈകള്‍ പതുക്കെ ആടുന്നതും ഞാന്‍ കണ്ടു. എനിക്കെന്തോ ഒരു വിമ്മിട്ടം തോന്നി. ഒന്നും മിണ്ടാതെ ഞാന്‍ പതുക്കെ തിരിഞ്ഞു മുന്നോട്ടു നടന്നു. 

ചെണ്ടക്കാരുടെയും കുപ്പിവള കടക്കാരുടെയും കുഴലൂത്തുകാരുടെയും ഇടയില്‍ കൂടി പുറകോട്ടു നോക്കാതെ നടന്നു ഞാന്‍ തടിയില്‍ തീര്‍ത്ത കൂറ്റന്‍ പള്ളി വാതില്‍ കടന്നു പള്ളിയിലോട്ട് കയറി. എന്റെ ഹൃദയം എന്തുകൊണ്ടോ അപ്പോള്‍ നന്നായി വേദനിച്ചു. കണ്ണുകളില്‍ ചെറിയ കണ്ണീരു പൊടിഞ്ഞുവോ? മെഴുകുതിരികളുടെ പ്രകാശം കണ്ണുകളില്‍ ചിതറുന്ന പോലെ!

ഏകദേശം പത്തു- പതിനഞ്ചു വര്‍ഷങ്ങള്‍ മുന്നോട്ടു നീങ്ങിയിട്ടുണ്ടാവും. കാലവും കോലവും മാറി. വായും പൊളിച്ചു നടന്നിരുന്ന എല്ലുന്തിയ എനിക്ക് പൊടി മീശ വന്നു. ടൗണില്‍ കൂട്ടുകാരായി, ചിരിയായി, കളിയായി. ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയി തുടങ്ങി. പെണ്ണുങ്ങളെ കാണിക്കാനായി യമഹ ആര്‍ എക്‌സ് 100 മൂപ്പിച്ച് ഓടിക്കാന്‍ പഠിച്ചു... 

എപ്പോഴോ ഒരിക്കല്‍ ഒരു കൂട്ടുകാരന്റെ അച്ഛന്റെ ഒന്നാം ചരമവാര്‍ഷകദിനത്തിന് സെമിത്തേരിയില്‍ കുഴി വൃത്തിയാക്കവേ വെയിലില്‍ നിന്നും രക്ഷ നേടാനായി ഞാന്‍ അവിടെ ആകപ്പാടെ ഉണ്ടായിരുന്ന ഒരു ശുഷ്‌ക്കിച്ച കശുമാവിന്റെ തണലില്‍ അഭയം തേടി. താഴെ മണലില്‍ ഇരുന്ന് ഞാന്‍ കണ്ണു മഞ്ഞളിക്കുന്ന വെയിലിലേക്ക് നോക്കി തലയിലെ വിയര്‍പ്പു തുടച്ചു. 

''ഡാ! നീ അങ്ങേരുടെ മന്തുകാലിലാണ് കേറി ഇരിക്കുന്നത് കേട്ടോ. രാത്രി കുഴിയില്‍ നിന്നും കേറി വന്ന് അയാള് നിന്നെ കാലില്‍ പിടിച്ചു തൂക്കി തറയിലടിക്കും.'' സിഗരറ്റും വലിച്ചു കൊണ്ട് മതിലില്‍ ചാരി നിന്ന എന്റെ ഒരു കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു. എന്റെ സംശയം നിറഞ്ഞ മുഖം കണ്ടിട്ടാവണം അവന്‍ വീണ്ടും പറഞ്ഞു, 'മനസിലായില്ലേ? നമ്മുടെ ജോണ്‍ പ്രാന്തന്‍! അയാളുടെ കുഴിമാടത്തിലാണ് നീ ഇരിക്കുന്നേ. പുള്ളി രണ്ടു വര്‍ഷം മുമ്പ് തട്ടിപ്പോയി. രാവിലെ കപ്യാര് വന്നു നോക്കുമ്പോള്‍ പള്ളി മുറ്റത്ത് മരിച്ചു കിടക്കുവായിരുന്നു.' 

ഒരു പുക ആസ്വദിച്ചു വലിച്ചു വിട്ടിട്ട് അവന്‍ തുടര്‍ന്നു, ''മരിച്ചു കിടന്നപ്പോഴും ജോണ്‍ പ്രാന്തന്റെ മുഖത്ത് ചിരിയായിരുന്നു. അയാള്‍ എന്ത് കണ്ടിട്ടാണ് ഇങ്ങനെ ചിരിച്ചു കൊണ്ട് നടന്നിരുന്നത്'? വട്ടു തന്നെ!''
ഞാന്‍ പതുക്കെ എണീറ്റ് പുറകോട്ടു മാറി നിന്ന് നോക്കി. ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു ചെറിയ കുഴിമാടം. പക്ഷെ ഒരു പുല്ലു പോലും അതിനു മുകളില്‍ വളര്‍ന്നിട്ടില്ല. വെള്ള മണലില്‍ തട്ടി അതില്‍ സൂര്യന്റെ രശ്മികള്‍ തിളങ്ങുന്നു. 

ജീവിച്ചിരുന്നപ്പോള്‍ ഒന്നുമല്ലാതിരുന്ന വട്ടനായ ഒരു മനുഷ്യന്‍, ദേ, ഇവിടെ ഉറങ്ങുന്നു. ചിരിച്ചു കൊണ്ട് ജീവിച്ചവന്‍... മരിച്ചപ്പോഴും ചിരിച്ചവന്‍... ചിലരുടെ ആത്മാവിന് എന്ത് തേജസ്സാണ്! അവരുടെ കുഴിമാടത്തിനു പോലും എന്ത് പ്രകാശമാണ്! 

ചെമ്മീന്‍ ഉലര്‍ത്തിയത് Chemmeen Ularthiyath

അരച്ചു പുരട്ടാനായി
ചെമ്മീന്‍- അരക്കിലോ 
വെളുത്തുള്ളി - 4-5 അല്ലി 
ഇഞ്ചി- ഒരു ചെറിയ കഷണം 
പച്ചമുളക്- 4എണ്ണം 
മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍ 
മുളകുപൊടി- 2 ടീസ്പൂണ്‍ 
കുരുമുളകുപൊടി- 2 ടീസ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന് 
ചെറുനാരങ്ങാനീര്- ആവശ്യത്തിന് 

ഉലര്‍ത്താനായി
ചെറിയുള്ളി നീളത്തില്‍ അരിഞ്ഞത്- 1 കപ്പ് 
തേങ്ങ ചിരകിയത്- 1 കപ്പ് 
വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍ 
പച്ചമുളക്- 2 എണ്ണം 
പെരും ജീരകപ്പൊടി- 1 ടീസ്പൂണ്‍ 
ഗരം മസാല- 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി- 1 ടീസ്പൂണ്‍ 
കുരുമുളുക് തരിയായി പൊടിച്ചത്- 1 ടീസ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന് 
കറിവേപ്പില- ഒരു തണ്ട് 
വെളിച്ചെണ്ണ- ആവശ്യത്തിന്
 

തയ്യാറാക്കുന്ന വിധം 
ആദ്യം തന്നെ ചെമ്മീന്‍ നന്നായി കഴുകി വൃത്തിയാക്കി ആദ്യത്തെ ലിസ്റ്റിലുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് അരച്ചു പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. അടുത്തതായി സാമാന്യം വലിപ്പമുള്ള ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായ ശേഷം ചെമ്മീനിട്ട് ചെറിയ തീയില്‍ വറുത്തു കോരുക. 

ബാക്കി വരുന്ന വെളിച്ചെണ്ണയില്‍ ചെറിയുള്ളി, കറിവേപ്പില എന്നിവ വഴറ്റിയെടുക്കുക. ചെറിയുള്ളി വഴന്നുവരുമ്പോഴേക്കും ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടി ഇതിലേക്ക് ചേര്‍ത്തു വഴറ്റണം. 

ചേരുവകള്‍ നന്നായി മൂത്തുവരുമ്പോള്‍ ബാക്കി മസാലപ്പൊടികളും പാകത്തിന് ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. മസാലയുടെ പച്ചമണം മാറിവരുമ്പോള്‍ നേരത്തേ ചിരകി വച്ചിരിക്കുന്ന തേങ്ങ കൂടി ചേര്‍ത്ത് പതുക്കെ ഇളക്കി മൂപ്പിക്കുക. 

തേങ്ങ മൂത്തുവരുമ്പോഴേക്കും നേരത്തേ വറുത്തു കോരി വച്ചിരിക്കുന്ന ചെമ്മീന്‍ ഇതിലേയ്ക്കിട്ട് ഇളക്കുക. ഏകദേശം പത്തു- പതിനഞ്ചു മിനിറ്റു നേരം ഇളക്കി വേവിയ്ക്കുക. വാങ്ങുന്നതിനു മുമ്പായി കറിയുടെ മുകളില്‍ കറിവേപ്പില വിതറി ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം. 

 


(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com)     /  വര: ദേവപ്രകാശ് 

വള്ളിനിക്കറിട്ട കൂടുതല്‍ റെസിപ്പികള്‍ വായിക്കാം 

ഐ ലവ് യു മാമ്പഴ പുളിശ്ശേരി

ഒരു ഇഞ്ചിക്കറി ഗദ്ഗദം

പോലീസ് പിടിച്ച മീന്‍പീര! 

ഊരിപ്പോയ നിക്കറും ഞണ്ടുകറിയും

ഉള്ളിത്തീയലും ഹിന്ദി ട്യൂഷനും തമ്മിലുള്ള അന്തര്‍ധാര! 

മീന്‍കറിയുടെ എരിവും തോല്‍വിയുടെ പുളിയും! 

മഴക്കാലവും മീന്‍ മപ്പാസും 

കശുവണ്ടി കുമ്പസാരവും ഞായറാഴ്ച ബീഫും... 

'ഹോ! എന്തായിരുന്നു ആ കാലം!