ഞാന്‍ ആറാം ക്ലാസ്സില്‍ ആയപ്പോള്‍ ഞങ്ങളുടെ വേദപാഠ കാസ്സില്‍ പുതിയ കുറെ അതിഥികള്‍ എത്തി. മറ്റേ ക്ലാസ്സിലെ ടീച്ചര്‍ കല്യാണം കഴിച്ചു പോയത് കാരണം അവരെ പഠിപ്പിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് ആ ഡിവിഷനെ ഞങ്ങളുടെ ക്ലാസ്സില്‍ ലയിപ്പിക്കുകയായിരുന്നു. ഏതായാലും സംഗതി ജോറായി. കാരണം ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍ ആയിരുന്നു. ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്കു പിന്നെ ക്ലാസ്സില്‍ ഇരിക്കാന്‍ എന്തോ ഒരു സന്തോഷമൊക്കെ തോന്നി.

ഞാന്‍ എനിക്ക് പറ്റാവുന്ന പോലെയൊക്കെ ഒരുങ്ങി ക്ലാസ്സില്‍ പോയിത്തുടങ്ങി. ചേച്ചിക്ക് വേണ്ടി അമ്മ തുളസിയും, കുരുമുളകുമൊക്കെ ഇട്ടു കാച്ചി വെച്ചിരിക്കുന്ന എണ്ണയൊക്കെ തലയില്‍ തേച്ച് കുളിച്ച് കുട്ടിക്കൂറ പൌഡര്‍ ഒക്കെ മുഖത്ത് പൊത്തി ഷര്‍ട്ടിന്റെ മുകളിലത്തെ ബട്ടണ്‍ ഒക്കെ തുറന്നിട്ട് ഞാന്‍ ഒരു സ്റ്റൈലന്‍ ആയി. എവിടെയോ ഒരു ഉത്സാഹം പോലെ! 

ഈ വന്ന കുട്ടികളില്‍ എന്റെ മുമ്പിലത്തേതിന്റെ മുമ്പിലെ ബെഞ്ചിലിരിക്കുന്ന ഒരു കുട്ടിയാണ് കൂട്ടത്തില്‍ മിടുക്കി. മുടി നന്നേ കുറവാണ്, ബോയ് കട്ട്. ഞാന്‍ വന്നപ്പോഴേ ശ്രദ്ധിച്ചു, സുന്ദരി (പക്ഷെ ലിഡിയ ദിവേഗയുടെ അത്രേം പോര), എന്നാലും നല്ല കിളി നാദം. ലിഡിയ ദിവേഗയ്ക്ക് കിളി നാദമാണോ? ആര്‍ക്കറിയാം? 

കായേന്‍ അബേലിനെ കല്ല് കൊണ്ടടിച്ചു കൊന്ന ബൈബിളിലെ കഥ പഠിപ്പിക്കുന്ന ദിവസം ടീച്ചര്‍ എന്നോട് ആ പാഠം വായിക്കാന്‍ പറഞ്ഞു. ഞാന്‍ എണീറ്റ് നിന്ന് സ്ഫുടമായി ആദ്യത്തെ ഖണ്ഡിക വായിച്ചു. മുമ്പോട്ടു വായിക്കുവാന്‍ തുനിഞ്ഞ എന്നെ ടീച്ചര്‍ തടഞ്ഞു. "ഇനി ജോസ് വായിക്കൂ," ടീച്ചര്‍ പറഞ്ഞു. ജോസ് എന്റെ കൂട്ടുകാരനാണ്, പ്രധാന ശിങ്കിടിയുമാണ്. ഞാനും അവനും കൂടി കശുവണ്ടി വീട്ടില്‍ നിന്നും മോഷ്ടിച്ച് വിറ്റ് മദാമ്മ പൂട മേടിച്ചു തിന്നാറുണ്ട്.

എന്റെ വീടിന്റെ അടുത്താണ് അവന്റെയും വീട്. ഓണത്തിന് പട്ടം പറത്താന്‍ എനിക്ക് പട്ടം ഉണ്ടാക്കി തരുന്നത് അവനാണ്. ഈ ക്രിസ്തുമസ്സിനു അവന്റെ വീട്ടിലെ പുല്‍കൂട്ടില്‍ ഇടാന്‍ കച്ചി കൊടുത്തത് ഞാനാണ്. കച്ചി കൂടുതല്‍ കൊടുത്തതു കൊണ്ട് ഞങ്ങളുടെ പുല്‍കൂടിനു പുല്ലു തികഞ്ഞില്ല. ഞാന്‍ തിരിച്ചു മേടിക്കാന്‍ തുനിഞ്ഞതാണ്. "കൊടുത്തതല്ലേ, തിരിച്ചു വാങ്ങിക്കേണ്ട," അച്ഛന്‍ പറഞ്ഞു. ശരിയാണ്, മോശമല്ലേ? ഞാന്‍ വിചാരിച്ചു. 

Vallinikkaritta Recipes 9ജോസ് എഴുന്നേറ്റു നിന്ന് ബാക്കി വായിച്ചു. അപ്പോള്‍ ടീച്ചര്‍ ഇടയ്ക്ക് കയറി എല്ലാവരോടുമായി ചോദിച്ചു, "കായേനോട് ദൈവം ചോദിച്ചത് എന്താണ്?" അമ്മേ! എന്താണ് ദൈവം ചോദിച്ചത്? ഒരു പിടിയും കിട്ടുന്നില്ല. ക്ലാസ്സില്‍ എനിക്ക് ശ്രദ്ധ കുറവാണ്. എല്ലാം അറിയുന്ന ദൈവം എന്തിനാണ് ആളുകളോട് അതും ഇതും ഒക്കെ ചുമ്മാ ചോദിക്കുന്നത്? പെട്ടെന്ന് ആ കുട്ടി കൈ പൊക്കി, എന്നിട്ട് എണീറ്റ് നിന്ന് ഉത്തരം പറഞ്ഞു. എന്തോ നീണ്ട ഉത്തരമാണ്. എനിക്കൊന്നും മനസിലായില്ല. ടീച്ചര്‍ ജോസിനെയും ആ കുട്ടിയേയും ഇരുത്തിയിട്ട് വീണ്ടും ക്ലാസ് തുടര്‍ന്നു. 

"ആ കുട്ടിക്ക് എല്ലാം അറിയാമെന്നു തോന്നുന്നു," ജോസ് ഇരുന്നുകൊണ്ട് എന്നോട് പറഞ്ഞു. "എന്ത് അറിയാമെന്ന്?" ഞാന്‍ ചോദിച്ചു. "അതെ! ആ കുട്ടിക്കേ... എല്ലാം അറിയാം!" ഇത് പറയുമ്പോള്‍ ഒരു ചെറു ചിരിയോടു കൂടെ അവന്റെ കണ്ണുകള്‍ പകുതി അടഞ്ഞുകൂമ്പി. തല ചെറുതായി മേല്‍പോട്ട് പൊന്തി. ഇടയ്ക്ക് ഞാന്‍  ഞങ്ങളുടെ വളര്‍ത്തു പട്ടി കിഷോറിന്റെ തലയില്‍ തടവുമ്പോള്‍, കിഷോര്‍ ഇങ്ങനെ ചെവി താഴ്ത്തി കണ്ണു കൂമ്പി തല ഉയര്‍ത്താറുണ്ട്. എന്തുകൊണ്ടോ അപ്പോള്‍ എന്റെ ശബ്ദം ഇടറി. ഞാന്‍ വിളിച്ചു, "ജോസേ!" ഒച്ച കൂടി പോയെന്നു തോന്നുന്നു. ജോസ് ഒഴിച്ച് എല്ലാരും എന്നെ തല തിരിച്ചു നോക്കി. അവന്‍ ഒന്നും കേള്‍ക്കാതെ തല ചരിച്ചു പിടിച്ചു പകുതി ചിരിച്ചു കൊണ്ട് ബുക്കില്‍ എന്തോ കുത്തി വരയ്ക്കുന്നു.

ക്ലാസ് കഴിഞ്ഞു തിരിച്ചു വീട്ടില്‍ പോകുമ്പോള്‍ ജോസ് എന്നോട് രഹസ്യമായി പറഞ്ഞു, "എനിക്ക് മേരി അഗസ്തിയെ ഇഷ്ടമാണ്." അമ്പടാ! അപ്പോ കാര്യങ്ങള്‍ മുമ്പോട്ടു പോയിട്ടുണ്ട്. അവനു പേരൊക്കെ അറിയാം. "ഞാന്‍ പാലു കൊടുക്കാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ മേരിയാണ് എന്റെ കൈയില്‍ നിന്നും പാലു മേടിക്കുക. ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. എന്നോട് ഇന്ന് അവള്‍ പേര് പറഞ്ഞു. എനിക്ക് അവളെ ഇഷ്ടമാണ്," ഇത് പറഞ്ഞു ജോസ് ഒന്ന് നിറുത്തി, എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു, "അവരുടെ വീട്ടില്‍ പട്ടിയുണ്ട്." അപ്പോള്‍ അതാണ് കാര്യം. 

ജോസിന്റെ വീട്ടില്‍ അഞ്ചാറ് എരുമകളും പശുക്കളുമുണ്ട്. പശുവിനു കറവയുമുണ്ട്. ജോസിന്റെ അമ്മ അതിരാവിലെ എണീറ്റ് പശുവിനെ കറന്ന് ഓരോരോ വീടുകളിലേക്കും പാല്‍ കൊടുത്തുവിടും. ജോസാണ് കൊണ്ട് കൊടുക്കുന്നത്. മേരിയുടെ വീട്ടിലും അങ്ങനെ പാലു കൊടുക്കുന്നുണ്ട്. അപ്പോള്‍ അവര്‍ തമ്മില്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ഭയങ്കരന്‍! പ്രേമകുട്ടന്‍! പക്ഷെ അവിടെ ഒരു പട്ടിയുള്ള കാര്യം ഇപ്പോള്‍ എന്തിനാണ് എന്നോട് പറഞ്ഞത്? എന്തായാലും എനിക്ക് അവനോടു അപ്പോള്‍ ഭയങ്കര അസൂയ തോന്നി. പുല്‍ക്കൂടിനു കൊടുത്ത കച്ചി തിരിച്ചു ചോദിച്ചാലോ? 

അന്ന് ആറാം ക്ലാസ്സില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുണ്ട്. എല്ലാ പള്ളികളില്‍ നിന്നും മിടുക്കന്മാരും മിടുക്കികളുമായ കുറച്ചു പിള്ളേരെ ഒരു സാമ്പിള്‍ പരീക്ഷ നടത്തി തിരഞ്ഞെടുത്തു രൂപതാ തലത്തില്‍ മത്സരത്തിനായി അയക്കും. ഈ പരീക്ഷയ്ക്ക് വേണ്ടി ഞങ്ങള്‍ക്ക് എല്ലാ ശനിയാഴ്ചയും ടീച്ചറിന്റെ വീട്ടില്‍ വച്ച് സ്പെഷ്യല്‍ കോച്ചിംഗ് ഉണ്ട്. സാധാരണ ഞാനും ജോസും കൂടെയാണ് പോകാറ്. ഞാന്‍ എന്റെ വീട്ടില്‍ നിന്നുമിറങ്ങി ജോസിന്റെ വേലിക്ക് അരികില്‍ പോയി നിന്ന് ഒരു പ്രത്യേക തരത്തില്‍ ശൂളമിട്ട് അവനെ വിളിക്കും, എന്നിട്ട് അവനെയും കൂട്ടി പോകും. അങ്ങനെ ഒരു ശനിയാഴ്ച ഞാന്‍ ശൂളമടിച്ചു കഴിഞ്ഞു വേലിയും ചാരി അവനെ കാത്തു നില്‍ക്കുവാണ്. 

Vallinikkaritta Recipes 9"ആ! ഇതാര്, മോന്‍ ഇങ്ങോട്ട് കേറി വാ. ഇച്ചിരി ഊണ് കഴിച്ചിട്ട് പോകാം. ഇന്ന് മാമ്പഴ പുളിശ്ശേരി ഉണ്ട്! കേറി വാ!" ജോസിന്റെ അമ്മയാണ്. മാമ്പഴ പുളിശ്ശേരിയാണ്. നിരസ്സിക്കാന്‍ ആവില്ല. ഞാന്‍ കേറി ചെല്ലുമ്പോള്‍ ജോസ് കുളി കഴിഞ്ഞു മുടിയും ചീകി വരുവാണ്. ഞങ്ങള്‍ രണ്ടു പേരും ഭക്ഷണത്തിനിരുന്നു. ഞാന്‍ കഴിച്ചതാണ്, ഇപ്പോള്‍ പുളിശ്ശേരി കൊതി കൊണ്ട് മാത്രമിരുന്നതാണ്. ഞാന്‍ കുറച്ചു പുളിശ്ശേരി കോരി കുടിച്ചു മാങ്ങാ അണ്ടി എടുത്തു ചപ്പാന്‍ തുടങ്ങി.

അങ്ങോട്ടും ഇങ്ങോട്ടും നോക്കി ആരുമില്ലാ എന്നുറപ്പിച്ചിട്ടു ജോസ് പതുക്കെ എന്നോട് പറഞ്ഞു, "നമുക്ക് ഇന്ന് മേരിയുടെ വീട്ടില്‍ പോയിട്ട് ക്ലാസ്സില്‍ പോകാം. ഞാന്‍ കാണാന്‍ വരുമെന്ന് അവളോട് പറഞ്ഞിട്ടുണ്ട്." "ഉവ്വോ!" ഞാന്‍ വാ പൊളിച്ചു, "എന്നിട്ട്?" "നമ്മള്‍ പോകുന്ന വഴിക്കാണ് അവളുടെ വീട്. ഇന്ന് ഞാന്‍ ഇഷ്ടമാണെന്നു പറയും, ഉറപ്പായിട്ടും പറയും." 

അവസാന രണ്ടു വാചകങ്ങളും ഇച്ചിരി ഉറക്കെയാണ് ജോസ് പറഞ്ഞത്. ആരെങ്കിലും കേട്ടോ? ഞാന്‍ ചുറ്റും നോക്കി. ഭാഗ്യം! ആരുമില്ല! ചപ്പിക്കൊണ്ടിരുന്ന മാങ്ങാണ്ടി തിരിച്ചു പാത്രത്തില്‍ ഇട്ടു കൊണ്ട് ശക്തിയായി പറഞ്ഞു "നമുക്ക് പോകാം." എനിക്കെന്തോ മൊത്തം ഒരു ത്രില്ല് തോന്നി. എന്റെ കണ്‍മുമ്പില്‍ ഒരു പ്രേമം ജനിക്കാന്‍ പോകുന്നു. 'ഏക് ദു ഛെ കേലിയെ'യില്‍ കമലഹാസന്‍ പ്രേമിച്ച പോലെ! 'ഏക് ദു ഛെ കേലിയെ'യില്‍ പക്ഷെ അവസാനം കമലഹാസന്‍ ആത്മഹത്യ ചെയ്യും. എന്നാല്‍ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല! ജോസ് അങ്ങനെ ആത്മഹത്യ ചെയ്യില്ല. ഭയങ്കര കട്ടിയുള്ള മനസാണ്. പശു അറിയാതെ ഓടിച്ചെന്നു അതിന്റെ അകിടില്‍ പിടിച്ചു വലിച്ചിട്ടൊക്കെ ജോസ് ഓടിക്കളയാറുണ്ട്. ധൈര്യശാലി! ഭയങ്കരന്‍!

പള്ളിക്ക് മുമ്പിലുള്ള മറുതാച്ചി അമ്പലത്തിനു കിഴക്കുള്ള റോഡിലൂടെയാണ് മേരിയുടെ വീട്ടിലേക്കു പോകേണ്ടത്. ചെറിയ ഒരു ഇടവഴിയാണ്. ഇരുവശങ്ങളിലും മുള്ളുവേലിയിട്ടിരിക്കുന്നു. ജോസ് വേഗത്തില്‍ മുമ്പേയാണ് നടക്കുന്നത്. ചെറുതായി കിതയ്ക്കുന്നുമുണ്ട്. ഞാന്‍ ആകപ്പാടെ വെപ്രാളത്തിലാണ്. പല വിധ ചിന്തകള്‍ എന്നെ കീഴ്പ്പെടുത്തി. ജോസ് 'ഐ ലവ് യു' പറയുമ്പോള്‍ മേരി പ്രശ്നമാക്കുമോ? ഉച്ചത്തില്‍ കരഞ്ഞാലോ? മേരിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടാവില്ലേ? ചിലപ്പോള്‍ അവര്‍ ഞങ്ങളെ പിടിച്ചു തെങ്ങില്‍ കെട്ടിയിടും. എന്നിട്ട് പട്ടിയെ അഴിച്ചു വിട്ടാലോ? അമ്മേ! എനിക്ക് പേടിയായി. തിരിച്ചു ഓടിയാലോ? പക്ഷെ ജോസ് കിതച്ചു കൊണ്ട് മുന്നോട്ടു തന്നെ നടക്കുവാണ്. "ദേ, നമ്മള്‍ എത്തി," അവന്‍ പറഞ്ഞതും ഒരു ചെറിയ വളവു തിരിഞ്ഞു ഞങ്ങള്‍ ഒരു വീടിന്റെ മുറ്റത്തെത്തി.

മുറ്റത്തോട്ടു കേറിയതും ഞാന്‍ കാണുന്നത് സാമാന്യം നല്ല ഒരു ഓടിട്ട വീടും, വീടിനു മുമ്പിലായി ഒരു പൂന്തോട്ടവും അതിനു വലതു വശത്തായി ഒരു കിണറും, കിണറിനു താഴെ സ്റെപ്പില്‍ ഇരിക്കുന്ന മേരിയേയും, മേരിക്ക് അടുത്തായി ഇരിക്കുന്ന ഒരു അപ്പൂപ്പനെയുമാണ്. അവര്‍ ഞങ്ങളെ കണ്ടിട്ടില്ല. 

Vallinikkaritta Recipes 9ഓടിയാലോ? ഇനിയും സമയമുണ്ട്. ഞാന്‍ വിചാരിച്ചു. വേണ്ട! വരുന്നത് വരട്ടെ. മുമ്പോട്ടു നടക്കുന്ന ഞങ്ങളെ അപ്പോള്‍ ഞങ്ങള്‍ക്ക് അഭിമുഖമായിരിക്കുന്ന ആ അപ്പൂപ്പന്‍ കണ്ടു. അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. അവരുടെ കാലുകള്‍ക്ക് അടുത്ത് മൂന്ന് നാലു പട്ടി കുഞ്ഞുങ്ങള്‍! അവറ്റകള്‍ പാല് കുടിക്കുകയാണ്. മേരി തിരിഞ്ഞു ഞങ്ങളെ നോക്കി. എന്നിട്ട് ഒട്ടും പകയ്ക്കാതെ ഒരു പട്ടി കുഞ്ഞിനേയും എടുത്തു ഞങ്ങളുടെ നേരെ വന്നു. എന്റെ ഹൃദയം പട പടാ ഇടിക്കാന്‍ തുടങ്ങി. ഈ പെണ്ണുങ്ങള്‍ എന്താ അപ്രതീക്ഷിതമായി ആണുങ്ങളെ കാണുമ്പോള്‍ ഒരിക്കലും പകയ്ക്കാത്തേ?

"രാവിലെ വീണ്ടും കാണാന്‍ വരുമെന്ന് പറഞ്ഞപ്പോള്‍ ചോദിയ്ക്കാന്‍ പറ്റിയില്ല, എന്താ വരുമെന്ന് പറഞ്ഞെ? എന്തിനാ വന്നെ? ഞാന്‍ ക്ലാസ്സില്‍ പോകാന്‍ തുടങ്ങുവായിരുന്നു," മേരി ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കിക്കൊണ്ട് നിഷ്‌കളങ്കമായി ചോദിച്ചു. ഓ! എന്താ ഒരു കിളി നാദം. പക്ഷേ എന്റെ തൊണ്ട വരണ്ടു. എന്തോ പറയാന്‍ ഞാന്‍ ശ്രമിച്ചു. പറഞ്ഞത് "ബബ്ബ യപ്പ മ" എന്നോ എന്തോ മറ്റോ. പറഞ്ഞതല്ല, പേടിച്ചിട്ടു എന്തോ ശബ്ദം വന്നതാണ്. ഞാന്‍ തന്നെയാണോ ആ ശബ്ദം ഉണ്ടാക്കിയത്? ഛെ! 

പറഞ്ഞത് മനസിലാവാതെ മേരി നെറ്റി ചുളിച്ചപ്പോള്‍, ജോസ് പെട്ടെന്ന് ചോദിച്ചു "വേദപാഠ ക്ലാസ്സിലെ നോട്ട് ബുക്ക് ഉണ്ടോ? വരാത്ത ദിവസത്തെ എഴുതി എടുക്കാനാ... പരീക്ഷയ്ക്ക് പഠിക്കാന്‍..." അവന്റെ ശബ്ദവും എന്തുകൊണ്ടോ വല്ലാതെ ഇരിക്കുന്നു. അവന്‍ എന്താ ഇങ്ങനെ ചോദിച്ചത്. അപ്പോള്‍ 'ഐ ലവ് യു' പറയുന്നില്ലേ? മേരി അപ്പോള്‍ സാവധാനം കൈയിലുള്ള പട്ടികുട്ടിയെ താഴെ വച്ചു, എന്നിട്ട് ചെറുതായി അമ്പരന്നു കൊണ്ട് പറഞ്ഞു, "ഇല്ലാ, ഇന്നലെ വൈകിട്ട് നമ്മുടെ ബിജു ചെറിയാന്‍ വന്നു എന്റെ ബുക്ക് മേടിച്ചോണ്ട് പോയല്ലോ. ഇന്ന് രാവിലെ കുറച്ചു മുമ്പായി ഒരു കറുത്ത കുട്ടിയില്ലേ; ആ രാജേഷ്?, ആയാളും നോട്ട് ബുക്ക് ചോദിച്ചു വന്നായിരുന്നു. നിങ്ങള്‍ ബോയ്സ് എല്ലാരും ഭയങ്കര പഠിത്തമാണല്ലോ!"

എവിടെയോ ഒരു ഇടി വെട്ടിയോ? അതോ തോന്നിയതാണോ? ലോകത്തിനു എന്തോ കുഴപ്പം പോലെ. ഞാന്‍ വാ പൊളിച്ചു മേരിയെ നോക്കി. ചെറുതായി ചിരിച്ചു കൊണ്ട് മേരി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി. ജോസ് എന്റെ കൈയില്‍ പിടിച്ചു വലിച്ചപ്പോഴാണ് എനിക്ക് പൂര്‍ണ ബോധം വന്നത്. പോട്ടെ എന്നോ മറ്റോ അവന്‍ മേരിയോടു പറഞ്ഞു എന്ന് തോന്നുന്നു. മേരി എന്തെക്കെയോ പറയുന്നുണ്ട്. എന്റെ തോളില്‍ പിടിച്ച് എന്നെ തിരിച്ചു കൊണ്ട് ജോസ് പോകാനായി തിരിഞ്ഞു. ദൂരെ നിന്ന് അപ്പൂപ്പന്‍ അപ്പോള്‍ ഞങ്ങളെ നോക്കി ചിരിച്ചോ? യന്ത്രം പോലെ നടന്നു ഞങ്ങള്‍ ഗെയിറ്റിനടുത്തെത്തി, "അല്ല, അപ്പോള്‍, അത്..." എന്തൊക്കെയോ ഞാന്‍ ജോസിനോട് പറയാനായി ശ്രമിച്ചു. ജോസ് പറഞ്ഞു, "മിണ്ടാതിരി. ഇപ്പൊ ഒന്നും പറയണ്ട..."

"നാളെ രണ്ടു കുപ്പി പാല്‍ തരാന്‍ പറ്റുമോ എന്ന് അമ്മ ചോദിക്കാന്‍ പറഞ്ഞു, പറ്റുമോ?" മേരി പിന്നില്‍ നിന്നും വിളിച്ചു ചോദിച്ചു. "ഓ!" ജോസ് തിരിഞ്ഞു നോക്കാതെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. "എന്നാലും! എടാ, ബിജൂ, എടാ രാജേഷേ... നീയൊക്കെ!" 

Vallinikkaritta Recipes 9മാമ്പഴ പുളിശ്ശേരി
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത മാങ്ങാ, രണ്ടെണ്ണം ചീകിയത് 
മഞ്ഞള്‍പൊടി, ആവശ്യത്തിന്  
മുളകുപൊടി, 3 ടീസ്പൂണ്‍ 
ഉള്ളി, 6- 7 എണ്ണം, നന്നായി അരിഞ്ഞത് 
ജീരകപ്പൊടി, ആവശ്യത്തിന്  
വെളിച്ചെണ്ണ, നാല് വലിയ സ്പൂണ്‍ 
തേങ്ങ ചിരവി നന്നായി അരച്ചത്- അര മുറി 
തൈര്, ഒരു കപ്പു 
കടുക് ആവശ്യത്തിന് 
വറ്റല്‍മുളക്, നാലെണ്ണം, മുറിച്ചത് 
കറിവേപ്പില ആവശ്യത്തിന് 
ഉലുവ, പൊടിച്ചത് ആവശ്യത്തിന് 

എന്നാല്‍ ഉണ്ടാക്കിയാലോ?
പഴുത്ത മാങ്ങാ കഷണങ്ങള്‍ (മാങ്ങയുടെ അണ്ടിയും ഇതിനു കൂടെ ചേര്‍ക്കാറുണ്ട്) പാകത്തിന് വെള്ളവും ഉപ്പും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. തിള വന്നാല്‍ തേങ്ങയും ജീരകവും നന്നായി അരച്ചതും കൂടി ഈ കൂട്ടിലേക്ക് ചേര്‍ക്കുക. കറി നന്നായി വെന്തതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിയില്‍ ഒഴിക്കുക. അതിനു ശേഷം അല്‍പം ഉലുവ പൊടിച്ചത് കൂടി കറിയില്‍ തൂവുക. നല്ല നാടന്‍ മാമ്പഴപുളിശ്ശേരി തയ്യാര്‍. 

(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com)
വര: ദേവപ്രകാശ് 

വള്ളിനിക്കറിട്ട കൂടുതല്‍ റെസിപ്പികള്‍ വായിക്കാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യാം
ഒരു ഇഞ്ചിക്കറി ഗദ്ഗദം 
പോലീസ് പിടിച്ച മീന്‍പീര 
ഊരിപ്പോയ നിക്കറും ഞണ്ടുകറിയും 
ഉള്ളിത്തീയലും ഹിന്ദി ട്യൂഷനും തമ്മിലുള്ള അന്തര്‍ധാര 
മീന്‍കറിയുടെ എരിവും തോല്‍വിയുടെ പുളിയും 
മഴക്കാലവും മീന്‍ മപ്പാസും 
കശുവണ്ടി കുമ്പസാരവും ഞായറാഴ്ച ബീഫും 
'ഹോ! എന്തായിരുന്നു ആ കാലം!