പുന്നപ്ര നല്ല ഭംഗിയുള്ള ഒരു സ്ഥലമാണ്. റോഡില്‍ ചുമ്മാ ചിരിച്ചു കൊണ്ട് നടക്കുന്ന സ്‌നേഹമുള്ള ആള്‍ക്കാരുള്ള ലോകത്തെ ഒരു സ്ഥലം പുന്നപ്രയാണ്.

അവധിക്കു ഞങ്ങള്‍ മൂന്നുപേരും കൂടി പുന്നപ്രയിലുള്ള ഞങ്ങളുടെ അമ്മയുടെ അനിയത്തിയുടെ; ഉഷ ആന്റിയുടെ, വീട്ടില്‍ പോകും, നടന്നാണ് പോകുന്നത്. വീട്ടില്‍ നിന്ന് പ്രാതല്‍ കഴിച്ചു കുപ്പിയില്‍ വെള്ളവുമായി രാവിലെ എട്ടു മണിയാവുമ്പോള്‍ ഇറങ്ങും. വാടയ്ക്കല്‍ പള്ളിയുടെ പറമ്പില്‍ കൂടെ നടന്ന് സ്‌കൂട്ടര്‍ ഫാക്ടറിയുടെ മുന്നിലൂടെയുള്ള റോഡിലൂടെയാണ് പോകേണ്ടത്. 

സ്‌കൂട്ടര്‍ ഫാക്ടറിയില്‍ പണ്ടെങ്ങോ ലാംബ്രട്ട സ്‌കൂട്ടര്‍ ഉണ്ടാക്കിയിരുന്നു പോലും. ഇപ്പോള്‍ എല്ലാം പൊളിഞ്ഞു കാടു പിടിച്ചു കിടക്കുകയാണ്. പക്ഷെ എനിക്ക് അതിന്റെ സമീപത്തു കൂടെ പോകുവാന്‍ ഇഷ്ടമാണ്. ദീപിക ആഴ്ചപതിപ്പില്‍ വരുന്ന ക്രൈം നോവലില്‍ ഡിറ്റക്ടീവ് കോട്ടയം പുഷ്പരാജ് ഇങ്ങനത്തെ കെട്ടിടങ്ങളിലാണ് ശത്രുചാരന്മാരുമായി ഏറ്റുമുട്ടുക. ശത്രുക്കള്‍ ലേസര്‍ ബീം തോക്കുകള്‍ കൊണ്ട് അദേഹത്തെ തുരു തുരാ വെടി വെയ്ക്കും. എന്നാല്‍ അദ്ദേഹം നിഷ്പ്രയാസം അതില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറും. ആ ലേസര്‍ ബീമുകള്‍ ഭിത്തിയില്‍ പാടുകള്‍ വീഴ്ത്തുന്നുണ്ടാവണം. കേറി നോക്കിയാല്‍ പാടുകള്‍ കാണാന്‍ പറ്റിയേക്കും. 

"ഒന്നു കേറി നോക്കിയാലോ?" 

ഫാക്ടറിയുടെ മുന്നിലൂടെയുള്ള റോഡില്‍ നിന്നും ചുറ്റും നോക്കുമ്പോള്‍ കണ്ണെത്താത്ത ദൂരത്തു വെള്ളമണല്‍ ആണ്. അവിടെയും ഇവിടെയുമായി തലപൊക്കി നില്‍ക്കുന്ന തെങ്ങുകള്‍ക്ക് കീഴെയായി കൊച്ചു കൊച്ചു വീടുകള്‍ കാണാം. ആന്റിയുടെ വീട്ടിലെത്താന്‍ കുറെ നടക്കണം. നല്ല വെയിലും ഉണ്ടാവും. നടപ്പിന്റെ ബോറടി മാറ്റാന്‍ ചേച്ചി ഞങ്ങള്‍ക്ക് 'റഹ്മാന്‍ സിനിമ'കളിലെ കഥ പറഞ്ഞു തരും.

അന്ന് ഒരു വര്‍ഷം ഏതാണ്ട് പത്തു പതിനഞ്ചു റഹ്മാന്‍- രോഹിണി സിനിമകള്‍ ഇറങ്ങും. ഞങ്ങളെ അങ്ങനെ സിനിമയ്ക്ക് കൊണ്ടു പോകാറില്ല. സിനിമാ കഥകള്‍ ചേച്ചിയുടെ കൂട്ടുകാര്‍ ചേച്ചിക്ക് പറഞ്ഞു കൊടുക്കുന്നതാണ്. ഈ സിനിമകളിലെല്ലാം റഹ്മാന്‍ വെള്ള പാന്റ്‌സും വെള്ള ഷര്‍ട്ടും വെള്ള ഷൂസും ഇട്ടു ചിരിച്ചു കൊണ്ട് രോഹിണിയെ പ്രേമിക്കും. മിക്ക സിനിമകളിലും മമ്മൂട്ടിയും ഉണ്ടാവും. മിക്കവാറും ആദ്യ പകുതിയില്‍ തന്നെ പാവം റഹ്മാന്‍ അടിയോ ഇടിയോ വെടിയോ കൊണ്ട് മരിക്കും. ചേച്ചി ഭയങ്കര റഹ്മാന്‍ ഫാന്‍ ആണ്. 'റഹ്മാന്‍ ഒരിക്കല്‍ ശരിക്കും രോഹിണിയെ കെട്ടും. അയാളുടെ പൊടി മീശയ്ക്കു സ്വര്‍ണനിറമാണ്...' അവസാനം പറഞ്ഞ രണ്ടു വാക്യങ്ങളും വലിയ രഹസ്യങ്ങളെന്ന പോലെ ചേച്ചി പറയുന്നതാണ്. ചേച്ചി ഇതെക്കെ എങ്ങനെ അറിഞ്ഞു?

ഉഷ ആന്റിയുടെ വീട്ടില്‍ ചെന്നാല്‍ ആകപ്പാടെ സന്തോഷമാണ്. അമ്മയുടെ അത്രയും കര്‍ക്കശക്കാരിയല്ല അമ്മയുടെ ഈ ഇളയ അനിയത്തി. സത്യത്തില്‍ അമ്മയുടെ അത്രയും കര്‍ക്കശക്കാരി ലോകത്ത് ആരുമില്ല. 

Vallinikkaritta recipes 6th storyനിറച്ചും മരമുണ്ട് ഉഷ ആന്റിയുടെ വീട്ടില്‍. ഗ്ലോവിക്ക, പേരയ്ക്ക, ചക്ക, ഇല്ലുബിപുളി, ചാമ്പ, നെല്ലിപുളി, റംബുട്ടാന്‍... അങ്ങനെ എല്ലാമുണ്ട്. ചെന്നപാടെ ഞാനും ചേട്ടനും ഓടി ചെന്ന് എല്ലാ മരത്തിലും കേറും. ആന്റിക്ക് അന്ന് രണ്ട് ആണ്‍മക്കളുണ്ട്. ജയരാജും പ്രേമരാജും. ജയരാജാണ് മൂത്തത്. എന്നെക്കാളും ഇളയതാണ് രണ്ടും. ഞാന്‍ ഒരു പവര്‍ കാണിക്കാന്‍ "ഡാ ഇവിടെ വാടാ, നീ ഇങ്ങോട്ട് പോടാ" എന്നൊക്കെ അവന്മാരോട് ഉച്ചത്തില്‍ പറയും. ഞാനും ചേട്ടനുമാണ് അന്ന് അവരുടെ റോള്‍ മോഡല്‍. ഞങ്ങള്‍ മരത്തില്‍ ഇരിക്കുമ്പോള്‍ ചേച്ചി അയല്‍പക്കത്തെ വീട്ടില്‍ നിന്നും വായിക്കാന്‍ മലയാള മനോരമ, മാമാങ്കം, കേരളശബ്ദം തുടങ്ങിയ മാസികകള്‍ എടുത്തു കൊണ്ടുവന്ന് താഴെ നിന്ന് "ഡാ! എനിക്കും കൂടെ താടാ" എന്നൊക്കെ പറയും. കൂട്ടത്തില്‍ ഏറ്റവും ചെറുതും, കറുത്ത കുത്തുള്ളതുമായ പേരയ്ക്കകള്‍ ചേച്ചിക്ക് ഇട്ടു കൊടുക്കും. പാവം! പരിഭവപ്പെടാതെ ചേച്ചി അതെടുത്തു പാവാടയില്‍ തുടച്ചു മാസികയും വായിച്ചു പോകും.

ഞാനും ജയരാജും പ്രേമരാജും കൂടെ വീടിനു വെളിയില്‍ പോയി കളിക്കും. വീടിന്റെ തൊട്ടു മുന്നില്‍ക്കൂടി ഒരു തോട് ഒഴുകുന്നുണ്ട്. അതില്‍ കടലാസ് ബോട്ട് ഓടിക്കും. ഓടിച്ചെന്നു കാലുകൊണ്ട് വെള്ളം തെറ്റി തെറുപ്പിച്ച് 'പട പട' ശബ്ദം കേള്‍പ്പിക്കും, കുടക്കമ്പി കൊണ്ട് അമ്പും വില്ലുമുണ്ടാക്കി മീനുകളെ എയ്തു പിടിക്കും. എയ്തു പിടിക്കും എന്നുവച്ചാല്‍ എയ്തു പിടിക്കാന്‍ ശ്രമിക്കും എന്ന്. യഥാര്‍ത്ഥത്തില്‍ ഒരൊറ്റ മീനിനെ പോലും കിട്ടില്ല.

ഇങ്ങനെ ഒരു ദിവസമാണ്, ഒരു ഞായറാഴ്ചയാണ്, ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ആ സംഭവം നടക്കുന്നത്. 

ഏകദേശം ഒരു പന്ത്രണ്ടു പന്ത്രണ്ടരയായി കാണും. അന്ന് ഞങ്ങള്‍ മൂന്നുപേരും കൂടി തോടിന്റെ ഇപ്പുറത്തെ കരയില്‍ ഓരോന്ന് ചെയ്തു കൊണ്ട് നില്‍ക്കുകയാണ്. ഉച്ചയ്ക്ക് വേദപാഠം കഴിഞ്ഞ് കുട്ടികള്‍ അപ്പോള്‍ ദൂരെ നിന്നും കൂട്ടം കൂട്ടമായി വരുന്നുണ്ടായിരുന്നു. ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഞങ്ങള്‍ ഇങ്ങനെ സ്‌റ്റൈല്‍ ആയിട്ട് നില്‍ക്കുന്നത് അവര്‍ കാണുന്നുണ്ട്. പ്രത്യേകിച്ചും 'ബ്രുസ് ലീ'യുടെ ടീ ഷര്‍ട്ട് ധരിച്ച എന്നെ അവര്‍ ഉറപ്പായിട്ടും ഇടം കണ്ണിട്ടു നോക്കുന്നുണ്ട്. എന്നിലെ സാഹസി ഉണര്‍ന്നു. ഒറ്റ ചാട്ടത്തിനു ഞാന്‍ തോടിന്റെ കരയിലുള്ള മരത്തിന്റെ വെള്ളത്തിന് മീതെ നില്‍ക്കുന്ന ശിഖരത്തില്‍ രണ്ടു കൈയും പിടിച്ചു തൂങ്ങി. എന്നിട്ട് കാലു രണ്ടും മുമ്പോട്ടും പിമ്പോട്ടുമാക്കി ആയത്തില്‍ തൂങ്ങി ആടുവാന്‍ തുടങ്ങി. കുറച്ചു പെണ്‍കുട്ടികള്‍ എന്നെ അപ്പോള്‍ വിടര്‍ന്ന കണ്ണുകള്‍ കൊണ്ട് നോക്കുന്നുണ്ട്. 

'നോക്കിക്കൊളൂ നോക്കിക്കൊളൂ... ഇതാ നിങ്ങള്‍ക്കായി ഒരു സാഹസികവീരന്‍ അവതരിച്ചിരിക്കുന്നു', പക്ഷെ മൂന്നാമത്തെ മുമ്പോട്ടുള്ള ആട്ടത്തില്‍ അത് സംഭവിച്ചു! എന്റെ ബട്ടണ്‍ പൊട്ടിയ നിക്കര്‍ കാലുകളില്‍ കൂടി ഒരു കുഴല്‍ പോലെ ഊരി തോടിന്റെ അപ്പുറത്തെ വശത്തേയ്ക്ക് തെറിച്ചു. നിക്കര്‍ ഇങ്ങനെ പറന്നു പോകുന്നത് എനിക്ക് കാണാം, പക്ഷെ എന്ത് ചെയ്യാന്‍! 'ബ്രുസ് ലീ'യുടെ ടീ ഷര്‍ട്ട് ധരിച്ച  ഞാന്‍ ആകാശത്തിനും തോടിനും ഇടയില്‍ അടിവസ്ത്രമൊന്നും ഇല്ലാതെ നഗ്‌നനായി തൂങ്ങി നില്‍ക്കുകയാണ്. 

ഞാന്‍ നോക്കുമ്പോള്‍ പിള്ളേരെല്ലാം കൂടി അലമുറയിടുന്നു. രണ്ടു പെണ്‍കുട്ടികള്‍ ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് അടുത്തുള്ള വേലിയില്‍ ചാരി വേലിയുമായി മറിയുന്നു. കുറച്ച് ആമ്പിള്ളേര്‍ അട്ടഹസിച്ചു കൊണ്ട് എന്നെ കൈ കൊണ്ട് ചൂണ്ടി എന്തോ ആഗ്യങ്ങള്‍ കാണിച്ചു കൊണ്ട് ചാടുന്നു. ഒരു കൊച്ചു പെണ്‍കുട്ടി ഉച്ചത്തില്‍ കരഞ്ഞു കൊണ്ട്, തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കിക്കൊണ്ട് ഓടുന്നു. അപ്പോഴേക്കും രണ്ടു പിള്ളേര്‍ എന്നെ നോക്കി എറിയാനായി കുനിഞ്ഞു കല്ലെടുക്കുന്നത് ഞാന്‍ കണ്ടു!

"ചേട്ടാ! ചാടിക്കോ, കൈ വിട്ടോ..." ജയരാജാണ്. ശരിയാണ്, വേറെ നിവര്‍ത്തിയില്ല. അവന്മാര്‍ എന്നെ കല്ലെറിയും. 'അമ്മേ!' അന്തോനീസു പുണ്യാളനെ ഓര്‍ത്തു കൊണ്ട് ഞാന്‍ കൈ വിട്ടു, എന്നിട്ട് നേരെ നെഞ്ചും കുത്തി വെള്ളത്തില്‍ വീണു. 'വെള്ളത്തില്‍ വീണു' എന്ന് ഭംഗിക്ക് പറയാം എന്നേ ഉള്ളൂ, വീണത് തോട്ടില്‍ മുക്കിയിട്ടിരുന്ന ഒരു കൂട്ടം കൈതച്ചക്കയുടെ മുള്ളുള്ള നീണ്ട ഇലകളിലേക്കാണ്. അന്ന് പായയും മറ്റും നെയ്യാന്‍ കൈതച്ചക്കയുടെ ഇലകള്‍ വെള്ളത്തിലിട്ട് ചീയിച്ച് എടുക്കും. അങ്ങനെ ചീയ്ക്കാന്‍ വച്ചതിലേക്കാണ് ഞാന്‍ നെഞ്ചും കുത്തി വീഴുന്നത്. 

ഒന്ന് മുങ്ങിപ്പൊങ്ങിയപ്പോഴേക്കും കാണുന്നത് ചുറ്റും കൂടി പിള്ളേര്‍ ആര്‍പ്പു വിളിക്കുന്നതാണ്. ജയരാജും പ്രേമരാജും അവരുടെ കൂടെ കൂടി ചിരിച്ചു മറിയുന്നുണ്ട്. ദുഷ്ടന്മാര്‍! അവന്മാര്‍ക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്. 

കോലാഹലം കേട്ട് ആന്റി അപ്പോഴേക്കും ഓടി വന്നു. ആദ്യം അന്തിച്ചു പോയ അവര്‍ അവിടെയുള്ള ഒരു ചെത്തിയുടെ കമ്പ് പറിച്ചു എല്ലാത്തിനെയും അടിച്ചു, ചീത്ത പറഞ്ഞ് ഓടിച്ചു. ജയരാജിനും പ്രേമരാജിനും കിട്ടി നല്ല അടി. എന്റെ ദേഹമാസകലം നീറുന്നുണ്ട്. ദേഹമാകെ മുള്ളുകള്‍ തറച്ചു ഭീഷ്മരെ പോലെ ഞാന്‍ കരയിലോട്ടു കേറി. 

അപ്പോഴാണ് ആന്റി അത് കാണുന്നത്. "നിന്റെ നിക്കര്‍ എന്തിയേടാ? ഇവിടെ എന്താടാ നടക്കുന്നത്?" എന്നൊക്കെ ചോദിച്ചുകൊണ്ട് എനിക്കിട്ടും തന്നു രണ്ടു മൂന്നടി. അടികൊണ്ട് എന്റെ ചന്തി നീളത്തില്‍ പഴുത്തു. വടിയുടെ ഇല പറിഞ്ഞു തെറിച്ചു! ഞാന്‍ കരയ്ക്ക് വലിഞ്ഞുകേറി പിള്ളേര്‍ ചവിട്ടിക്കൂട്ടിയ എന്റെ നനഞ്ഞ ട്രൗസര്‍ എടുത്തിട്ടു. 

Vallinikkaritta recipes 6th storyചേച്ചിയും ആന്റിയും കൂടി എന്നെ കുളിമുറിയില്‍ പിടിച്ചു കൊണ്ട് പോയി ഒരു സ്റ്റൂളില്‍ ഇരുത്തി മുള്ളുകള്‍ ഓരോന്നായി ഊരിയെടുത്ത് തേച്ചു കുളിപ്പിച്ചു. ഓരോ മുള്ളെടുക്കുമ്പോഴും ആന്റി ചോദിക്കും "നീ എന്തിനാടാ ട്രൗസര്‍ ഊരിയത്? എന്തുവാടാ അവിടെ നടന്നത്?" ഞാന്‍ ഒന്നും മിണ്ടാതെ ഏങ്ങിക്കൊണ്ടിരുന്നു. നല്ല നീറ്റല്‍. "വൈകുന്നേരം അങ്കിള്‍ വരട്ടെ. അപ്പോള്‍ കാണാം!", ദൈവമേ! അങ്കിള്‍ എന്നെ കാലില്‍ തൂക്കി എറിയുമോ?

അങ്കിള്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ ആന്റി ഒന്നും പറഞ്ഞില്ല. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ആണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഞങ്ങള്‍ കുട്ടികളുമായി വലിയ കൂട്ടാണ്. അങ്കിള്‍ ഞങ്ങള്‍ക്ക് റിപ്പയര്‍ ആയിപ്പോയ ടെലിഫോണിന്റെ അകത്തുള്ള ഇലക്ട്രോണിക് ബെല്‍റ്റിന്റെ കാന്തം കൊണ്ടു തരാറുണ്ട്. ഞങ്ങളെ കൈയില്‍ എടുത്തു കറക്കും, പൊക്കി എറിഞ്ഞു പിടിക്കും, ഓലപ്പന്ത് ഉണ്ടാക്കി തരും. സന്ധ്യയാവുമ്പോള്‍ ഞങ്ങളെയും കൂട്ടി മിക്കവാറും മീന്‍ മേടിക്കാനായി കടപ്പുറത്ത് പോകും.

തനി ഗ്രാമപ്രദേശത്ത് ചെമ്മണ്ണിട്ട റോഡില്‍ കൂടി നടന്നാണ് ഞങ്ങള്‍ പോകുക. ചിലപ്പോള്‍ നല്ല നിലാവെളിച്ചമുണ്ടാവും. റോഡിന് അപ്പുറവും ഇപ്പുറവും നിറയെ ചെറിയ ചെറിയ വീടുകള്‍. മിക്ക വീടുകളിലും അന്ന് മണ്ണെണ്ണ വിളക്കാണ്. ഈ വിളക്കില്‍ നിന്നുള്ള ചെറുവെട്ടം റോഡില്‍ അങ്ങിങ്ങായി വീണു കിടക്കും. ചില വീടുകളില്‍ കുട്ടികള്‍ രാമായണം വായിക്കുന്നത് കേള്‍ക്കാം, ചിലയിടത്ത് സന്ധ്യാപ്രാര്‍ത്ഥന. വഴിയിലും വീട്ടു മുറ്റത്തുമായി നില്‍ക്കുന്ന ചിലര്‍ ചോദിക്കും "എവിടെ പോകുന്നു? ഇതൊക്കെ ആരാ? അല്ലാ, വിരുന്നുകാരുണ്ടല്ലോ!", ഇതിനെല്ലാം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു മുന്നോട്ടു നടന്നു നീങ്ങുമ്പോള്‍ എപ്പോഴോ എവിടെവെച്ചോ ഇരമ്പുന്ന കടലിന്റെ ശബ്ദം ഞങ്ങളുടെ ചെവിയിലെത്തും; തണുത്തകാറ്റ് ചെവിയില്‍ ഊതികൊണ്ട്  ഞങ്ങളുടെ മുഖത്തും ഉടുപ്പിലും തലോടും.

റോഡ് സൈഡിലെ കുട്ടകളിലും അലുമിനിയം ചരുവങ്ങളിലുമായി അപ്പോള്‍ നിറയെ മീനുകള്‍ വില്‍ക്കുവാന്‍ വച്ചിട്ടുണ്ടാവും. മിക്കതിലും മണ്ണ് പുരണ്ടിട്ടുണ്ടാവും. നങ്ങ്, കിളിമീന്‍, മാന്തല്‍, പൂമീന്‍, പേരറിയാത്ത കുറെ നിറങ്ങളുള്ള മീന്‍ അങ്ങനെ പലതും. എല്ലാം ഇപ്പോള്‍ പിടിച്ചോണ്ട് വന്നതേ ഉള്ളു. മിക്കതിനും പൊടി ജീവനുണ്ടാവും. കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടം ഞണ്ടാണ്. അവറ്റകള്‍ ചരുവത്തില്‍ കിടന്നു വല്ലാതെ നുളയ്ക്കുമ്പോള്‍ കിരോ കിരോ ശബ്ദം കേള്‍ക്കും. വലിയ ഞണ്ട് ഇറുക്കാതിരിക്കാന്‍ അതിന്റെ കത്രിക കൈ കെട്ടിയിട്ടിരിക്കും. ഞങ്ങള്‍ പിള്ളേര്‍ ഞണ്ടിനെ കമ്പു കൊണ്ട് കുത്തി പ്രകോപിപ്പിക്കാന്‍ നോക്കും.

Vallinikkaritta recipes 6th storyഞങ്ങളുടെ വീട്ടില്‍ ഞണ്ട് മേടിക്കാറില്ല. മേടിക്കാന്‍ എനിക്കോ ചേട്ടനോ അറിയില്ല, അതുകൊണ്ടാണ്. പക്ഷെ ഞങ്ങള്‍ എല്ലാവര്‍ക്കും ഞണ്ടുകറി വലിയ ഇഷ്ടമാണ്. ഞണ്ട് ഞങ്ങളുടെ വീട്ടില്‍ മേടിച്ചു കൊണ്ട് തരുന്നത് ബേബിയങ്കിള്‍ ആണ്. അങ്കിള്‍ വളരെ വലുപ്പമുള്ള ഞണ്ട് വാങ്ങില്ല. അതിനു കാരണമായി പറയുന്നത് നിലാവുള്ള രാത്രിയിലാണ് സാധാരണയായി വലിയ ഞണ്ട് കിട്ടുന്നതെന്നാണ്. നിലാവുള്ള രാത്രിയിലെ ഞണ്ടിനു മാംസം കുറവായിരിക്കുമത്രേ!

ആണോ? ശരിയാണോ? ആ! അറിയില്ല. എന്നാലും ഞണ്ട് കറിക്ക് മറ്റൊന്നിനുമില്ലാത്ത അപാരമായ രുചിയാണ്. ക്വെന്റിന്‍ ടാരന്റിണോയുടെ പടം പോലെ, അനുഭവിച്ചവനെ അതിന്റെ സുഖം അറിയൂ എന്ന് മാത്രം.

ഞണ്ടുകറി (ആലപ്പുഴ സ്‌പെഷ്യല്‍)
ന്യൂ ജെനറേഷന്‍ സിനിമയില്‍ നായകനും നായികയും സീ ഫുഡ് റസ്റ്റോറന്റില്‍ പോകുമ്പോള്‍ സ്ഥിരമായി ക്യാമറയില്‍ കാണിക്കുന്ന ഒന്നാണ് ഞണ്ട് കറി. ഞണ്ടുകറി വയ്ക്കുക ദുഷ്‌കരമല്ല. എന്നാല്‍ പലരുടെയും ധാരണ അങ്ങനെയാണ്. അതുകൊണ്ട് തന്നെ ചന്തയില്‍ വച്ച് കാണുമ്പോള്‍ ഞണ്ടില്‍ നിന്നും മുഖം തിരിക്കും.

ഉപയോഗം: ചോറിന്റെ കൂടെ ഒരു കൂട്ടുകറിയായിട്ട് ചേരും. കറി എന്തു മാത്രം കുറുകണം എന്നത് ഓരോരുത്തരുടെയും രീതിക്ക് അനുസരിച്ച് തീരുമാനിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഞണ്ട് 7 ഏണ്ണം, തോട് കളഞ്ഞു രണ്ടായി നടുവേ പിളര്‍ന്ന് എടുത്തത് 
സവാള 7 എണ്ണം, നേര്‍പ്പിച്ചു അരിഞ്ഞത്
തക്കാളി  2 എണ്ണം, നന്നായി നുറുക്കിയത്
പച്ചമുളക് 4 എണ്ണം, നെടുകെ പിളര്‍ന്നത്
ഇഞ്ചി നന്നായി നുറുക്കിയത്, ആവശ്യത്തിന് 
വെളുത്തുള്ളി 6 അല്ലി, നന്നായി നുറുക്കിയത്
മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീ സ്പൂണ്‍
ഗരം മസാല 1 ടീ സ്പൂണ്‍
കുടംപുളി ഒരു നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ് പാകത്തിന്
കറിവേപ്പില 1 തണ്ട് 

crab curryഎന്നാല്‍ ഉണ്ടാക്കിയാലോ?
തോട് കളഞ്ഞ് ഞണ്ട് നന്നായി കഴുകി എടുക്കുക. അതിന്റെ കൈയും കാലുമൊക്കെ എടുക്കാവുന്നതാണ്. മണ്ണ് പൂര്‍ണമായും മാറ്റാനായി എത്ര വേണമെങ്കിലും കഴുകാവുന്നതാണ്. 

മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, കുടംപുളി, ഉപ്പ് എന്നിവയിട്ട് സാമാന്യം വലുപ്പമുള്ള ഒരു കറിച്ചട്ടിയില്‍ രണ്ടു കപ്പു വെള്ളമൊഴിച്ച് ഞണ്ട് വേവിക്കുക. ഇടയ്ക്ക് ഇവ ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി മറിക്കുക. പകുതിയായി വെള്ളം വറ്റി കഴിഞ്ഞു ചട്ടി മാറ്റുക.

സാമാന്യം വലുപ്പമുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. ഇഞ്ചിയും, വെളുത്തുള്ളിയും, സവാള അരിഞ്ഞതും, പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ചുവന്നു വരുന്ന കൂട്ടിലേക്ക് തക്കാളി കൂടെ ഇട്ടു വഴറ്റുക. നേരത്തെ  വേവിച്ചു വച്ചിരിക്കുന്ന ഞണ്ട് എടുത്തു ചാറോടു കൂടി ഇതിലേക്ക് ഒഴിക്കുക. കറിവേപ്പിലയിട്ടു വീണ്ടും വേവിക്കുക. ഇടയ്ക്ക്  ചെറുതായി ഇളക്കുക. ചാറു കുറുകിയതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങി ഉപയോഗിക്കാം. 

(കൊച്ചിയിലെ ഐഡിയസ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com) 

വര: ദേവപ്രകാശ്‌