"ഹിന്ദി ഹമാര രാഷ്ട്രഭാഷ ഹൈ ഔര്‍ ഹിന്ദി സീഗ്നാ ആസാന്‍ ഹൈ. കലം മേ സ്യാഹി ഹൈ ഔര്‍ ബച്ചെ ഖേല്‍തെ ഹൈ..." 

പപ്പരവെട്ടി സ്‌കൂളില്‍ മൂന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിക്കാനുണ്ട്. 'ട്ടട്ടി= കക്കൂസ്, സ്യാഹി= മഷി, ബില്ലി= പൂച്ച' ഇത്യാദി ചേട്ടന്‍ വീട്ടില്‍ ഇരുന്നു ഉച്ചത്തില്‍ ഹിന്ദി വായിച്ചു പഠിക്കുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. ഉച്ചത്തില്‍ വായിച്ചു പഠിക്കുമെങ്കിലും ഹിന്ദിക്ക് മിക്കവാറും ചേട്ടന്‍ തോല്‍ക്കും, നല്ല അടിയും കിട്ടും. എനിക്കാണെങ്കില്‍ രണ്ടാം ക്ലാസ്സിലെ തോല്‍വി സമ്മാനിച്ച ക്ഷീണം പതുക്കെ മാറി വരുന്നതേ ഉള്ളൂ, അപ്പോള്‍ മൂന്നാം ക്ലാസ്സില്‍ ഇനി ഹിന്ദി കൂടെ പഠിച്ചു തോല്‍ക്കണം എന്ന ചിന്ത എന്നെ തളര്‍ത്തി. അല്ലെങ്കില്‍ തന്നെ ക്ലാസ്സിലാണെങ്കില്‍ എന്റെ തൊട്ടടുത്തിരിക്കുന്ന സമീര്‍ എസ്. നവ്ഗി എന്ന ഗുജറാത്തി പയ്യന്‍ "ഇസീനെ മേരാ പെന്‍സില്‍ ലെ ലിയാ", "ഇസീനെ മേരാ ക്രയോണ്‍സ് തോട് ലിയാ" എന്നൊക്കെ ടീച്ചറിനോട് പറഞ്ഞു വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. പോരാത്തതിന് ആവശ്യത്തിനു പിച്ചും തല്ലുമൊക്കെ വീട്ടീന്നും അപ്പപ്പോള്‍ കിട്ടുന്നുണ്ട്. ഇനിയിപ്പോ ഇതിന്റെ കൂടെ... വരുന്ന പോലെ വരട്ടെ, ഞാന്‍ വിചാരിച്ചു. 

മൂന്നാം ക്ലാസ്സില്‍ പേന ഉപയോഗിക്കാം. ഞാന്‍ അച്ഛനോട് പറഞ്ഞു, "എനിക്കൊരു ഹീറോ പേന വേണം," "നീ ആദ്യം നേരെ ചൊവ്വേ എഴുതാന്‍ പഠിക്ക്. പെന്‍സില്‍ പിടിക്കുന്നത് തന്നെ കത്തി പിടിക്കുന്നതു പോലെയാണ്." ഞാന്‍ സങ്കടത്തോടെ അമ്മയെ നോക്കി. അമ്മ ചിരിച്ചു കൊണ്ട് എന്നെ ഒരു കണ്ണടച്ച് കാണിച്ചു. 

അച്ഛന്‍ എനിക്ക് ബിസ്മിയുടെ ഒരു നീല സ്റ്റൈലന്‍ പേന വാങ്ങി തന്നു. അതിന്റെ വശത്തു കൂടി നോക്കിയാല്‍ അകത്തെ മഷി കാണാം. ബസിലെ കണ്ടക്ടര്‍  പോക്കറ്റില്‍ പേന കുത്തി വച്ച് നടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. രാവിലെ കുളി കഴിഞ്ഞു മുടിയൊക്കെ ചീകിയൊതുക്കി ഞാന്‍ പേന എടുത്തു പോക്കറ്റില്‍ കുത്തി, കണ്ണാടിയില്‍ പോയി ചരിഞ്ഞും തിരിഞ്ഞുമെല്ലാം നോക്കി. കൊള്ളം, ഉഗ്രന്‍! അതുഗ്രന്‍! 

സൈക്കിള്‍ റിക്ഷ കാത്തു നില്‍ക്കുമ്പോള്‍ പണിക്കാര്‍ വീട്ടില്‍ വന്നു. തെങ്ങിന്റെ തടം തുറക്കാനായി അച്ഛന്‍ വിളിപ്പിച്ചതാണ്. പണിക്കാരുടെ മൂപ്പന്‍ പുഷ്‌ക്കരന്‍ ചേട്ടനാണ്. കിണറില്‍ നിന്നും വെള്ളം കോരി കുടിച്ചു, ഒരു ബീഡി വലിച്ചു അവര്‍ പതുക്കെ പണി തുടങ്ങി. ഞാന്‍ എല്ലാം നോക്കിക്കൊണ്ട് നില്‍ക്കുകയാണ്. ഒന്നോ രണ്ടോ തടം തുറന്നു കാണും, അപ്പോള്‍ എനിക്ക് അതിയായ മൂത്രശങ്ക. കുറച്ചു നേരം പിടിച്ചു വച്ച് നോക്കി, പക്ഷെ പറ്റുന്നില്ല. ഇപ്പോള്‍ പൊട്ടിപ്പോകും എന്ന അവസ്ഥ. അകത്തു ടോയിലറ്റിലെ പോകാവൂ എന്ന് അമ്മയുടെ കര്‍ശന ശാസനയുണ്ട്. പക്ഷെ ഇപ്പോള്‍ അമ്മയിവിടെയില്ല, ആരും നോക്കുന്നുമില്ല. ഞാന്‍ ഒന്നും അറിയാത്ത പോലെ കുളത്തിന്റെ അരികിലെ പൊന്തയില്‍ ചെന്നു. നിറച്ചും ചേമ്പുകള്‍ നിന്ന് കാറ്റത്തു തലയാട്ടുന്നു. പതുക്കെ ഒരു ചേമ്പിന്റെ പുറത്തേക്കു മൂത്രം ഒഴിച്ചുതുടങ്ങി. ഹോ! എന്ത് സുഖം.. ആകെ ഒരു തണുപ്പ്. നെഞ്ചില്‍ ഒരു പ്രത്യേക കുളിര്. നിക്കറിന്റെ ബട്ടന്‍സ് ഇടാന്‍ താഴോട്ട് നോക്കിയ ഞാന്‍ ഞെട്ടി പോയി. 

എന്റെ ഷര്‍ട്ടിന്റെ മുന്‍പില്‍ ഒരു വലിയ വട്ടത്തില്‍ നീല കളര്‍. പേനയുടെ മഷി പടര്‍ന്നതാണ്! മൊത്തം നനഞ്ഞിരിക്കുന്നു. ഞാന്‍ പരിഭ്രമിച്ച് ഓടി ചേച്ചിയുടെ അടുത്ത് ചെന്നു. 

"ചെറുക്കാ, ഇതെന്തു ഗോഷ്ട്ടിയാ? അമ്മയിന്നു നിന്നെ കൊല്ലും! നീ പേന ശരിക്കും അടയ്ക്കാത്ത കൊണ്ടാ, വേറെ ഷര്‍ട്ട് ഇല്ലാലോ? ഇനി എന്ത് ചെയ്യും?" ചേച്ചി എന്റെ ഷര്‍ട്ട് ഊരി ചരുവത്തില്‍ ഇട്ടു വെള്ളമൊഴിച്ച് നന്നായി കഴുകി. ബാര്‍ സോപ്പ് ഇട്ടു നന്നായി തിരുമ്മി. വെള്ളത്തില്‍ പലതവണ ഉലച്ചു പൊക്കി നോക്കി. മൊത്തത്തില്‍ മഷി പോയെങ്കിലും ചെറിയ ഒരു ഇളം നീല കറയുണ്ട്. ഇന്ത്യയുടെ ഭൂപടം പോലെ ഒരു പടം. 

"നന്നായി പിഴിഞ്ഞ് ഇട്ടോ. സ്‌കൂളില്‍ ചെല്ലുമ്പം ഉണങ്ങും," ചേച്ചി ഒരു അമ്മയുടെ കരുതലോടെ പറഞ്ഞു. 

അപ്പോഴേക്കും സദാശിവന്‍ ചേട്ടന്റെ ബെല്ല് കേട്ടു. ഞാനും ചേച്ചിയും ബാഗും വാട്ടര്‍ ബോട്ടിലും എടുത്തു ഓടി ചെന്ന് റിക്ഷയില്‍ കയറി. ഞങ്ങള്‍ കേറികഴിഞ്ഞപ്പോള്‍ ചേട്ടനും എവിടുന്നോ ഓടി എത്തി. കുറച്ചു നേരത്തിനു ശേഷമാണു ചേട്ടന്‍ എന്നെ ശ്രദ്ധിക്കുന്നത്. നനഞ്ഞൊട്ടിയ എന്റെ ഷര്‍ട്ടിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കിയ ശേഷം 'എടാ കള്ളാ' എന്നെ മട്ടില്‍ എന്നോട് ചോദിച്ചു. "നീ ട്രിന്‍കാ എടുത്തു കുടിച്ചോ? കുടിച്ചപ്പോള്‍ മൊത്തം ദേഹത്ത് വീണല്ലേ? കള്ളന്‍! വിക്രമന്‍! അല്ല? നീ ഇത് എപ്പോള്‍ കുടിച്ചു?"

അന്ന് 'ട്രിന്‍കാ' എന്ന് പേരുള്ള ഒരു ബ്രാന്‍ഡ് പൊടി മേടിക്കാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു പഞ്ചസാരയും ചേര്‍ത്ത് കലക്കിയാല്‍ നല്ല സൂപ്പര്‍ സോഫ്റ്റ് ഡ്രിങ്ക് ആവും. മുന്തിരി ഫ്ലേവര്‍ ആണ് എപ്പോഴും ഞങ്ങളുടെ വീട്ടില്‍ മേടിക്കുന്നത്. അന്ന് വൈകിട്ട് കൊല്ലത്ത് നിന്നും അല്‍ഫോന്‍സ് അങ്കിള്‍ വരുന്നുണ്ട് എന്ന് അമ്മ പറഞ്ഞിരുന്നു. അന്നേരം സമയം ലാഭിക്കാന്‍ വേണ്ടി അമ്മ ട്രിന്‍കാ നേരത്തെ കലക്കി വച്ചിട്ടുണ്ടാവണം. സാധാരണ ഞാന്‍ ഇതൊക്കെ മണത്തു കണ്ടുപിടിക്കുന്നതാണ്. അന്ന് അറിഞ്ഞില്ല. അപ്പോള്‍ ചേട്ടന്‍ അത് കട്ട് കുടിച്ചോ? എന്റെ മനസ്സില്‍ സംശയം തികട്ടി വന്നു. 

ചേട്ടന്‍ എന്നെ നോക്കി "ഈ" എന്ന് ഇളിച്ചു. എന്നിട്ട് നാക്ക് നീട്ടി കാണിച്ചു. നാക്കിനു നല്ല നീല നിറം! എനിക്ക് സങ്കടം വന്നു. ഞാന്‍ തിരിഞ്ഞു ചേച്ചിയെ നോക്കി. ചേച്ചി ഒന്നുമറിയാതെ ഇരുന്ന് ബുക്ക് വായിക്കുകയാണ്. 

നനഞ്ഞ ഷര്‍ട്ടില്‍ ഇരുന്നു ഞാന്‍ ചെറുതായി വിറച്ചു. 

ഏതായാലും വിചാരിച്ചത് പോലെ മൂന്നാം ക്ലാസ്സില്‍ ഹിന്ദി വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയില്ല. അതിനു രണ്ടുണ്ട് കാര്യം. ഒന്ന്, പുതുതായി പഠിപ്പിക്കുവാന്‍ എത്തിയ ഹിന്ദി ടീച്ചര്‍ മേബിള്‍ മിസ്സ് വളരെ ശാന്തശീലയായിരുന്നു. അതുപോലെ ചേച്ചിയോട് പറഞ്ഞ് അമ്മ എനിക്ക് ഹിന്ദിക്ക് പ്രത്യേകശ്രദ്ധയും തന്നിരുന്നു. അങ്ങനെ എല്ലാ വിഷയത്തിനും തോറ്റുകൊണ്ടിരുന്ന ഞാന്‍ ഹിന്ദിക്ക് എങ്ങനെയെങ്കിലും കരകയറും എന്നായി. അത് മാത്രമല്ല, പിന്നീടങ്ങോട്ട് പത്താം ക്ലാസ് വരെ എല്ലാ ഹിന്ദി പരീക്ഷയ്ക്കും അഞ്ചു മാര്‍ക്ക് കിട്ടുന്ന ഒരു സൂത്രവും ഞാന്‍ പഠിച്ചു. അത് "ഗായ്"യെ പറ്റിയും "ഓണത്തെ" പറ്റിയും തെറ്റാതെ എഴുതാനുള്ള അഞ്ചു ഹിന്ദി വാക്യങ്ങള്‍ ആണ്. 

"ഗായ് ഏക് പാല്തൂ ജാനവര്‍ ഹൈ" എന്നും "ഓണം കേരളാ കാ രാഷ്ട്രീയ് ത്യോഹാര്‍ ഹൈ എന്നും തുടങ്ങുന്ന ആ വാക്കു കൂട്ടങ്ങള്‍ 80കളിലും, 90കളിലും സ്‌കൂളില്‍ പഠിച്ച ആര്‍ക്കും സ്വന്തം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. അത് അവരുടെ തലച്ചോറില്‍ അഗാധത്തില്‍ കടുംകെട്ടു പിടിച്ചു കിടപ്പുണ്ട് എന്നുവേണം കരുതാന്‍. അതുകൊണ്ടാവണം ഈയിടയ്ക്ക്, വടക്കെവിടെയോ, തെങ്ങുംതടത്തില്‍ മൂത്രമൊഴിച്ചു കൊണ്ടിരുന്ന ഒരു 41 വയസുകാരന്റെ തലയില്‍ തേങ്ങാ വീണപ്പോള്‍, എന്താ എന്താന്നു ചോദിച്ചു കൊണ്ട് പരിഭ്രമിച്ചു ഓടി ചെന്ന ഭാര്യയോട് അയാള്‍ സ്വന്തം തലച്ചോര്‍ കുലുങ്ങിയപ്പോള്‍ "ഓണം കെ ദിന്‍ ബച്ചേ ബുട്ടെ സഭി ലോഗ് നയെ കപടെ പഹന്‍ തേ ഹൈ" എന്നു കണ്ണ് തുറിച്ചു കൊണ്ട് പകുതി ബോധത്തില്‍ പുലമ്പിയത്. 

Vallinikkaritta Recipes 5th storyഅഞ്ചാം ക്ലാസ് ആയപ്പോള്‍ എന്നെ പപ്പരവെട്ടിയില്‍ നിന്നും മാറ്റി ലീയോ തേര്‍ട്ടീന്ത് ഇംഗ്ലീഷ് സ്‌കൂളില്‍ ആക്കി. ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്റ്റേറ്റ് സിലബസാണ് പഠിപ്പിക്കുന്നത്. സിലബസ്സിന്റെ കട്ടി കുറയുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ രക്ഷപെട്ടേക്കും എന്ന് കരുതി അച്ഛന്‍ ചെയ്തതാണ്. എന്റെ ഹിന്ദി കൊണ്ടെങ്കിലും ഞാന്‍ എങ്ങനെയെങ്കിലും രക്ഷപെടട്ടെ എന്ന് കരുതിയിട്ടാകണം അപ്പോള്‍ അമ്മ അവസാനശ്രമം എന്ന നിലയില്‍ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയുടെ ഹിന്ദി കോഴ്സുകള്‍ എന്നെ പഠിപ്പിക്കുവാന്‍ ഏര്‍പ്പാടാക്കി. കളര്‍കോടുള്ള ഒരു സരോജനിയമ്മ സാറിന്റെ വീട്ടിലാണ് അതിനായി അമ്മ എന്നെ കൊണ്ട് വിട്ടത്. 

സരോജനിയമ്മ സാര്‍ ഹിന്ദിയില്‍ വിദുഷിയായിരുന്നു. കുട്ടികളെ ഹിന്ദി പഠിപ്പിക്കാന്‍ അവര്‍ തന്റെ വീട്ടില്‍ ഒരു മുറി തന്നെ സജ്ജമാക്കിയിരുന്നു. ആ മുറിയുടെ ഭിത്തിയില്‍ മുഴുവനും അവരുടെ ഡ്രോയിങ് മാഷായിരുന്ന ഭര്‍ത്താവ് കളര്‍ ചോക്കുകള്‍ കൊണ്ട് അതിമനോഹരമായ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ടായിരുന്നു. ആ മുറിക്കു മുമ്പിലായി ഒരു കുളവും അതിനു ചുറ്റുമായി ധാരാളം മരങ്ങളും ഉണ്ടായിരുന്നു. കഠിനമായ ഉച്ചവെയില്‍ പോലും ഇലകള്‍ക്കിടയിലൂടെ താഴോട്ടു കടന്നിരുന്നില്ല. 

അത്രയും നാള്‍ സ്‌കൂളിലെ കുട്ടികള്‍ മാത്രം കൂട്ടുകാരായി ഉണ്ടായിരുന്ന എനിക്ക് അങ്ങനെ പുതിയ കുറെ കൂട്ടുകാരെ കിട്ടി. അങ്ങനെ മരത്തിലും കുളത്തിലും ചാടി മറിഞ്ഞ് എന്റെ ഹിന്ദി പഠനം ആരംഭിച്ചു. 

ഹിന്ദി ക്ലാസ്സുകള്‍ രാവിലെ എട്ടിനു തുടങ്ങി ഉച്ചയ്യ്ക്ക് അവസാനിക്കും. പല ബാച്ചുകളിലായി പല കോഴ്സുകാരും ഇതിനിടയ്ക്ക് വന്നു പോകും. എന്റേത് തുടക്കക്കാര്‍ക്ക് വേണ്ടിയുള്ള 'പ്രാഥമിക്' കോഴ്സാണ്. ആണും പെണ്ണുമായി പത്തു പതിനഞ്ചു പേരുണ്ട്. പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ടീച്ചര്‍ ഇടയ്ക്ക് വീട്ടു ജോലികള്‍ക്കായി അടുക്കളയിലേക്കു പോകും. തിരിച്ചു വരുമ്പോള്‍ പഠിപ്പിച്ച ഭാഗങ്ങള്‍ കാണാതെ ചൊല്ലണം, എന്നാലെ വീട്ടില്‍ പോകാന്‍ പറ്റൂ. എനിക്കാണെങ്കില്‍ പഠിച്ചത് എന്തെങ്കിലും മനസിലായി വരുമ്പോഴേക്കും തന്നെ ബാക്കി എല്ലാവരും പോയി അവിടെ ഞാനും ടീച്ചറും മാത്രമാകും. അപ്പോഴവര്‍ എന്നെ ഒട്ടും ദേഷ്യപ്പെടാതെ ക്ലാസ്സില്‍ നിന്നും വീട്ടിലേക്കു വിളിച്ചു കൊണ്ട് പോയി അടുക്കളയില്‍ ഒരു തടി കസേരയില്‍ കൊണ്ടിരുത്തും, പഠിപ്പിക്കും. "മോന്‍ കാണാതെ ഒന്ന് പറഞ്ഞെ, ഞാന്‍ ഒന്ന് കേള്‍ക്കട്ടെ" എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കും. എവിടെ? ഞാന്‍ "ബച്ചേ ഖേത് മേം ഖേല്‍തെ ഹൈ, കുത്തേ ദവ്ടതെ ഹൈ" എന്നൊക്കെ പറഞ്ഞു വരുമ്പോഴേക്കും സൂര്യന്‍ തലയ്ക്കു മീതെ പൊങ്ങി ഊണ് കാലമാവും. 

അടുക്കളയില്‍ ടീച്ചര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവാക്കുന്നത് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാനും പിന്നെ പല തരം ഉള്ളി പൊളിക്കാനുമാണ്. ഒരു മുറം നിറയെ ചെറിയ ഉള്ളിയും, വെള്ളുത്തുള്ളിയും, ഇഞ്ചിയും, സവാളയും ടീച്ചര്‍ എപ്പോഴും പൊളിച്ചു കഴുകി കൂട്ടി വയ്ക്കും. "മേ മിന്റെ കൂടെ ഹും ചേര്‍ക്കണം" എന്നൊക്കെ പറഞ്ഞു കൊണ്ട് അവര്‍ പുക മറവില്‍ എണ്ണ തിളയ്ക്കുന്ന ചട്ടിയില്‍ ഇതൊക്കെ വാരിയിടും; എന്നിട്ട് സാരി തലപ്പ് കൊണ്ട് വാ മൂടി ചറ പറ ഇളക്കും. ചട്ടി 'ശൂം ശ്ഹൂ' എന്നലറിക്കൊണ്ട് കൂടുതല്‍ ആവിയും പുകയും വമിപ്പിക്കും. പിന്നെ തുരു തുരാ അടുപ്പില്‍ നിന്നും ചട്ടികള്‍ ഇറങ്ങും കലങ്ങള്‍ കേറും.. കലങ്ങള്‍ ഇറങ്ങും ചട്ടികള്‍ കേറും. സ്റ്റീല്‍ തവി കലത്തിന്റെ വക്കില്‍ തട്ടി മുട്ടുന്ന ശബ്ദം പൊങ്ങും. നനഞ്ഞ പച്ച കറിവേപ്പില തിളച്ച എണ്ണയില്‍ വീണു പൊട്ടിത്തെറിക്കും. എണ്ണയില്‍ കാച്ചുന്ന ഉള്ളിയുടെയും ഇഞ്ചിയുടെയും മണം ആ നിമിഷം ഹിന്ദിയെ ഭേദിച്ചുകൊണ്ട് എന്നെ കീഴടക്കും. 

പക്ഷെ അങ്ങനെ വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ! 

പുറത്തെ ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കരുതെന്ന് അമ്മയുടെ സ്ട്രികറ്റ് ഓര്‍ഡര്‍ ഉള്ളത് കൊണ്ട് സാധാരണ ടീച്ചര്‍ കുറച്ചു ചോറ് കഴിക്കുന്നോ എന്നു ചോദിച്ചാല്‍ തന്നെ ഞാന്‍ വ്യസനത്തോടെ നിരസിക്കും. വേണ്ട, വേണ്ടാത്തത് കൊണ്ടാ എന്ന് തലയാട്ടിക്കൊണ്ട് പറയും. എന്നാല്‍ ഒരിക്കല്‍ എന്നോട് ചോദിക്കാതെ തന്നെ, അവര്‍ ഒരു കൊച്ചു പാത്രത്തില്‍ കടുംതവിട്ട് നിറത്തില്‍ കുറുകിയ ഒരു കറി എനിക്ക് എടുത്തു തന്നു, എന്നിട്ട് സ്നേഹത്തോടെ പറഞ്ഞു "നോക്കിയേ, കഴിച്ചു നോക്കിയേ," അയ്യട! നല്ല മണവും പാത്രത്തിനു നല്ല ചൂടും. കൈവെള്ള ചെറുതായി പൊള്ളുന്നു. ശുക്രിയ പറഞ്ഞിട്ട് ഊതി ഊതി ഞാന്‍ പാത്രം താഴെ വച്ചു. എന്നിട്ട് ഒരു വിരല്‍ കൊണ്ട് കുറച്ചു തോണ്ടി നാവില്‍ വച്ചു മോണയില്‍ ഉരച്ചു രസിച്ചു. ഹമ്മോ! എന്താ രുചി! അരപ്പ് നാവില്‍ തടഞ്ഞു അലിയുമ്പോള്‍ മധുരവും എരിവും ഒരുമിച്ചു ചേര്‍ന്ന് പരക്കുന്ന ഒരു കലപില മേളം. 

പുകമറയത്ത് നില്‍ക്കുന്ന ടീച്ചറിന്റെ മുഖം തിളങ്ങി. "ഉള്ളിത്തീയല്‍ എങ്ങനെ ഉണ്ട്? ഇനി പറഞ്ഞെ.. മേമിന്റെ കൂടെ എന്താ ചേര്‍ക്കണ്ടേ? ഹും ആണോ ഹൈ ആണോ?"  

റിസ്‌ക് എടുത്തിട്ടാണെങ്കിലും അന്ന് വൈകിട്ട് അമ്മയോട് ഈ കാര്യം പറഞ്ഞു. "അമ്മെ എന്താ ടേസ്റ്റ്! സൂപ്പറാ," "ആണോ? നീ അവര്‍ക്ക് വലതും ബാക്കി വെച്ചോ അതോ മൊത്തം കഴിച്ചോ?" അമ്മ ചോദിച്ചു. മൂത്ത ബീന്‍സില്‍ നിന്നും കുരുക്കള്‍ അടര്‍ത്തി എടുക്കുകയായിരുന്നു അമ്മ അപ്പോള്‍. നമ്മുക്ക് നോക്കാം കസേരയില്‍ നിന്ന് എണീക്കുമ്പോള്‍ എന്റെ വിടരുന്ന മുഖം കണ്ടിട്ടാവണം അമ്മ പെട്ടന്ന് പറഞ്ഞു, "ഇന്നല്ല, വേറെ ഒരു ദിവസം. അമ്പടാ! ഒരു പെരുവയറന്‍." ശരി, അങ്ങനെയെങ്കില്‍ അങ്ങനെ. 

അങ്ങനെ ഒരു ദിവസം, അതായത് ഞങ്ങളുടെ അയല്‍ക്കാരന്‍ പീറ്റര്‍ ചേട്ടന്റെ വീട്ടില്‍ തെങ്ങു വെട്ടാന്‍ ആള് വന്ന ദിവസം, രാവിലെ ഏകദേശം പന്ത്രണ്ടു മണിക്ക് അമ്മ എന്നെ അടുക്കളയില്‍ നിന്നും ഉറക്കെ വിളിച്ചു. "ഡാ! നീ എവിടെയാ. ഇവിടെ വാ." എനിക്ക് ദേഷ്യം വന്നു. എന്റെ മുന്നില്‍ മൂന്ന് നാല് തടിയന്മാര്‍ നിന്ന് തെങ്ങു കെട്ടി വലിക്കുവാണ്. കാണേണ്ട കാഴ്ചയാണ്. അപ്പോഴാണ് രസംകൊല്ലി വിളി. ചെന്നില്ലങ്കില്‍ പിച്ച് കിട്ടും, ഉറപ്പ്. ഓടി ചെല്ലുമ്പോള്‍ ഞാന്‍ കാണുന്നത് ഒരു പാത്രം നിറച്ചു ചോറുമായി ചിരിച്ചു കൊണ്ട് അമ്മ കാത്തിരിക്കുന്നതാണ്. കൂടെ ഉള്ളിത്തീയലും പിന്നെ ചമ്മന്തിയും. തെങ്ങു വെട്ടാന്‍ വന്നവര്‍ പോകാന്‍ പറ. ഞാന്‍ കരുതി. 

ചോറില്‍ കറി ഒഴിച്ച് ഒരു പിടി തിന്നിട്ടു അമ്മയെ നോക്കി ഞാന്‍ നാക്ക് വളച്ചു ശൂളമടിച്ചു. താടിക്കു കൈ കൊടുത്ത് ഇരിക്കുന്ന അമ്മ അപ്പോള്‍ ചിരിച്ചു. ബുക്കില്‍ നിന്നും കണ്ണുകള്‍ എടുത്തു ചേച്ചി എന്നെയും അമ്മയെയും നോക്കി ചോദിച്ചു, "എന്താ?" 

ഉള്ളിത്തീയല്‍ കഴിക്കുമ്പോള്‍ ഇന്നും ഞാന്‍ അറിയാതെ ഒന്ന് ശൂളമടിച്ചു പോകാറുണ്ട്. 

ulli theeyalചെറു ഉള്ളിത്തീയല്‍
ഞങ്ങളുടെ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ വിളമ്പുന്ന ഒരു കറിയല്ല ഉള്ളിത്തീയല്‍, അത് മിക്കവാറും അമ്മ ചന്തയില്‍ നല്ല മുഴുത്ത ചുവന്നുള്ളി കാണുമ്പോള്‍ മാത്രം വാങ്ങിച്ചു കൊണ്ട് വന്നു ഞങ്ങള്‍ക്കായി ഉണ്ടാക്കുന്ന ഒരു കറിയാണ്. വീട്ടില്‍ എല്ലാവര്‍ക്കും ഉള്ളിത്തീയല്‍  ഇഷ്ടവുമാണ്. കറി തീര്‍ന്നു കഴിയുമ്പോള്‍, ചട്ടി വടിച്ചു നക്കാറാകുമ്പോള്‍, ആ ചട്ടിയില്‍ രണ്ടു പിടി ചോറിട്ടു പിരട്ടി അല്‍പ്പം നാരങ്ങാ അച്ചാറും കൂട്ടി കഴിച്ചു നോക്കണം. ഹോ! ജൂഹി ചൗളയുടെ ചിരി കാണുന്ന പോലത്തെ സുഖമാണ് അത്!

ഉപയോഗം: ചോറിന്റെ കൂടെ ഒരു കൂട്ടു കറിയായിട്ട് ചേരും. കറി എന്തു മാത്രം കുറുകണം എന്നത് ഓരോരുത്തരുടെയും രീതിക്ക് അനുസരിച്ച് തീരുമാനിക്കാം.

ആവശ്യം വേണ്ട സാധനങ്ങള്‍
ചുവന്നുള്ളി - 1/4 കിലോ
തേങ്ങ ചിരകിയത് - 1/2കപ്പ്
ഉലുവ - 1/4 ടീ സ്പൂണ്‍
മല്ലിപ്പൊടി - 1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - 1/4 ടീ സ്പൂണ്‍
മുളകുപൊടി - 2 ടീ സ്പൂണ്‍
കറിവേപ്പില - 1 തണ്ട് 
വെളിച്ചെണ്ണ - 5 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീ സ്പൂണ്‍
ഉണക്കമുളക് - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വാളന്‍പുളി - 1/4 കപ്പ്, വെള്ളത്തില്‍ ഇട്ടു വെച്ചത്

എന്നാല്‍ ഉണ്ടാക്കിയാലോ?
ഒരു ഇടത്തരം ഫ്രൈയിംഗ് പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കുക. ചൂടാകുമ്പോള്‍ ഉലുവ ഇട്ട് ഇളക്കുക. ഏകദേശം മുപ്പത് സെക്കന്റിന് ശേഷം ചിരകിയ തേങ്ങയിട്ടു ചെറുതീയില്‍ വറുക്കുക. തേങ്ങ സ്വര്‍ണ നിറമാകുമ്പോള്‍ മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ചേരുവകളുടെ പച്ചമണം പോകുന്നത് വരെ ഇത് ചെയ്യണം. എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂട് പോകാനായി വെക്കുക. ചൂട് പോയതിനു ശേഷം ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക. 

ഒരു പാന്‍ അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് നന്നായി ചൂടാക്കുക. ഇതില്‍ കടുക് ചേര്‍ത്ത് പൊട്ടി തീരുന്ന സമയം ഉണക്കമുളകിന്റെ കഷണങ്ങള്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയതിനു ശേഷം നേരത്തെ അരിഞ്ഞു വെച്ച ഉള്ളിയും കൂടെ ചേര്‍ത്ത് വഴറ്റുക. ഉള്ളി സ്വര്‍ണ്ണ നിറമാകുമ്പോള്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് വീണ്ടും വഴറ്റുക. 

ഇനി പുളി പിഴിഞ്ഞെടുത്ത വെള്ളം ഒഴിച്ച് നന്നായി ഇളക്കിയ ശേഷം അതിനെ തിളയ്ക്കാനായി ഇടുക. തിളച്ചു തുടങ്ങുമ്പോള്‍ വറുത്തരച്ച തേങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ വേവിക്കുക. ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ തീയണച്ച് ഇറക്കി വെക്കുക. 

(കൊച്ചിയിലെ ഐഡിയസ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com) 

വര: ദേവപ്രകാശ്‌