ങ്ങനെ അത് സംഭവിച്ചു. എന്റെ പ്രാര്‍ത്ഥന ഒന്നും കേള്‍ക്കാതെ ദൈവം ഭീകരമായി കാലുമാറി. അതെ! ഞാന്‍ രണ്ടാം ക്ലാസ്സില്‍ തോറ്റു. അതറിഞ്ഞ ദിവസം സ്‌കൈലാബ് വീണു ലോകം അവസാനിച്ചെങ്കില്‍ എത്ര നന്നായേനെ! ഡല്‍ഹി ഭീകരവാദികള്‍ സ്‌കൂള്‍ തകര്‍ത്തെങ്കില്‍ അന്ന് ഞാന്‍ വളരെയേറെ സന്തോഷിച്ചേനെ. അതൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല നാണംകെട്ടത് മിച്ചം. അന്നു സംഭവിച്ചത് മറ്റു പലതുമാണ്.

വേനല്‍ അവധി കഴിഞ്ഞു സ്‌കൂള്‍ തുറന്ന ദിവസം സദാശിവന്‍ ചേട്ടന്‍ ഒന്നുമറിയാത്ത പോലെ എന്നെ സ്‌കൂളില്‍ കൊണ്ട് വിട്ടു. വഴിയില്‍ സൈക്കിള്‍ റിക്ഷയില്‍ ഇരുന്നു ചേട്ടനും ചേച്ചിയും ഞാന്‍ കേള്‍ക്കാതെ എന്തോ കുശുകുശുക്കുന്നുണ്ടായിരുന്നു. എന്നെപ്പറ്റി എന്തോ ആണ്. ചേട്ടന്റെ മുഖം കാണുമ്പോള്‍ അറിയാം. എന്തായാലും റിക്ഷയില്‍ നിന്നും ഇറങ്ങി ഞാന്‍ നേരെ എന്റെ പഴയ ക്ലാസ്സില്‍ - രണ്ടാം ക്ലാസ്സില്‍ പോയി ഇരുന്നു. ചെല്ലുമ്പോള്‍ ക്ലാസ്സില്‍ മൊത്തം വേറെ ഏതോ പിള്ളേര്‍ പേടിച്ചു കൂട്ടം കൂട്ടമായി ഇരിക്കുന്നു. അറിയാവുന്ന ആരും ഇല്ല. ആയിക്കോട്ടെ, ഞാന്‍ കരുതി. ചിലപ്പോള്‍ മൂന്നാം ക്ലാസ്സില്‍ ഇങ്ങനെയൊക്കെ ആയിരിക്കും കാര്യങ്ങള്‍. ലോകത്ത് നമ്മുക്കറിയാത്ത ഒരുപാടു കാര്യങ്ങള്‍ ഉണ്ടല്ലോ! 

ക്ലാസ്സില്‍ രെജിസ്റ്ററില്‍ നിന്നും പേര് വിളിച്ചപ്പോള്‍ എന്റെ പേര്‍ വിളിച്ചില്ല. സാധാരണ എന്റെ പേര്‍ ആദ്യം വരുന്നതാണ്. ഞാന്‍ ചെറുതായൊന്നു കൈ പൊക്കി ഒച്ച പൊങ്ങാതെ പറഞ്ഞു, 'ടീച്ചര്‍ എന്റെ പേരു വിളിച്ചില്ല!' ടീച്ചര്‍ കണ്ണുയര്‍ത്തി എന്നെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ താഴോട്ടു നോക്കി എഴുത്ത് തുടര്‍ന്നു. ഞാന്‍ പതുക്കെ തല ചരിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കി. എന്റെ വലതു വശത്ത് കരിക്കട്ട പോലെ കറുത്ത ഒരു കുട്ടി ഇരുന്നു നടരാജ് പെന്‍സിലിന്റെ മൂട് കടിച്ചു തിന്നുന്നു. ഇടതു വശത്ത് ഒരു മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സ്റ്റൈല്‍ മുടി ചീകിയ തടിയന്‍ ഷര്‍ട്ട് ഒരു കൈ കൊണ്ടു പൊക്കി മറ്റേ കൈ കൊണ്ട്  വയര്‍ ചൊറിയുന്നു.

Vallinikkaritta Recipes 4th story

'യൂ സ്റ്റാന്‍ഡ് അപ്പ്. ടേക്ക് യുവര്‍ ബാഗ് ആന്‍ഡ് വാട്ടര്‍ ബോട്ടില്‍ ആന്‍ഡ് കം വിത്ത് മി', ടീച്ചര്‍ എന്റെ അടുത്ത് വന്നു പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. എന്തോ പ്രശ്നമുണ്ട്. പ്രൈമറി ടീച്ചര്‍മാര്‍ വഴക്ക് പറയുമ്പോഴാണ് സാധാരണ ഇംഗ്ലീഷ് പറയുക. മിഴിച്ചു നോക്കി നില്‍ക്കുന്ന എന്നോടായി ടീച്ചര്‍ വീണ്ടും പറഞ്ഞു 'കൊച്ചെ, ബാഗും പാത്രങ്ങളുമെടുത്തു എന്റെ കൂടെ വാ. എന്ത് പറഞ്ഞാലും ചുമ്മാ മിഴിച്ചു നോക്കും''. അങ്ങനെ ആദ്യ ദിവസം തന്നെ ടീച്ചര്‍ എന്നെ പിടിച്ചു പുറകിലെ ബെഞ്ചില്‍ കൊണ്ട് ചെന്നിരുത്തി. ആ, കൊള്ളാമല്ലോ! എനിക്കറിയാവുന്ന പഴയ ക്ലാസ്സിലെ മൂന്ന് പേര്‍ ആ ബെഞ്ചില്‍ ഉണ്ട്. എന്നാല്‍ എല്ലാരും വിഷണ്ണരായി ഇരിക്കുവാണ്. ആരും ഒന്നും മിണ്ടുന്നില്ല! ഞാന്‍ എല്ലാവരെയും നോക്കി ചിരിച്ചു. എന്നാല്‍ ആരും എന്നെ നോക്കി ചിരിച്ചില്ല! 

ഇങ്ങനെ ഒന്നോ രണ്ടോ ആഴ്ച പോയിക്കാണും. ചിലപ്പോള്‍ മാതാപിതാക്കള്‍ പറഞ്ഞത് കൊണ്ടാവണം, എന്റെ ചേച്ചിയും ചേട്ടനും ഇതേപ്പറ്റി എന്നോട് ഒന്നും മിണ്ടിയില്ല. പക്ഷെ എനിക്ക് എവിടെയോ എന്തോ ഒരിത്.  ക്ലാസ്സില്‍ ചോദ്യം ചോദിക്കുന്ന ടീച്ചര്‍മാര്‍ ഞങ്ങളുടെ ബഞ്ചിനെ മാത്രം ഒഴിവാക്കും. ഞങ്ങളോട് ചോദിക്കില്ല. സുഖമുള്ള ഏര്‍പ്പാട് ആണെങ്കിലും ഒരു രണ്ടാനമ്മനയം പോലെ. പഴയ രണ്ടാം ക്ലാസിലെ കൂട്ടുകാരെ ഒന്നും കാണാനുമില്ല. അവരെല്ലാം എവിടെ പോയി? എന്തോ ഒരു പ്രശ്നമുണ്ട്. ടെക്സ്റ്റ് ബുക്ക് ഒക്കെ പഠിക്കുമ്പോള്‍ ഒരു എളുപ്പം. എല്ലാ പാഠഭാഗവും എവിടെയോ വായിച്ചു മറന്ന പോലെ, ആ... ആര്‍ക്കറിയാം? 

അങ്ങനെ ഒരു ദിവസം എന്റെ മുമ്പിലെ ബെഞ്ചില്‍ ഇരിക്കുന്ന കൃഷ്ണദാസ് വി. അവന്റെ ലഞ്ച് ബോക്സ് തട്ടി മറിച്ചു. മറ്റു പിള്ളേര്‍ പഠിത്തത്തില്‍ ശ്രദ്ധ ചെലുത്തി ഇരുന്നതു കൊണ്ടാണോ എന്നറിയില്ല  ടീച്ചര്‍ എന്നെ അവന്റെ കൂടെ ഓഫീസില്‍ പോകാന്‍ വിട്ടു. ഓഫീസില്‍ പോയാല്‍ ആയ കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങി തരും. എനിക്ക് ഓഫീസില്‍ പോകുക സന്തോഷമുള്ള കാര്യമാണ്. കുറച്ചു നേരം കറങ്ങി നടക്കാം പിന്നെ പ്രിന്‍സിപ്പലിന്റെ മുറിയിലുള്ള, കുട്ടികളെ കാണിക്കേണ്ടതായ, എന്നാല്‍ ഒരിക്കലും കാണിക്കാത്ത, പലതരം കൗതുക വസ്തുക്കള്‍ കണ്ണാടിക്കൂട്ടില്‍ വച്ചിരിക്കുന്നത് കാണാം. പ്രിന്‍സിപ്പലിന്റെ  മുറിയിലേക്ക് പടികള്‍ കയറി ചെന്നില്ല, അതാ ഇരിക്കുന്നു എന്റെ കൂടെ രണ്ടാം ക്ലാസ്സില്‍ പഠിച്ച, എന്റെ ബെഞ്ചില്‍ വലതു വശത്തായി ഇരുന്നിരുന്ന, അബു സലിം! 

രണ്ടുകാലും ആട്ടികൊണ്ട് ഒരു കസേരയില്‍ ഇരുന്ന അവന്‍ എന്നെ കണ്ടതും ആട്ടല്‍ നിര്‍ത്തി വാ പൊളിച്ചു. അവന്റെയും ഭക്ഷണം തട്ടി മറിഞ്ഞു പോയിട്ട് വന്നിരിക്കുവാണ്. ഞാന്‍ ചോദിച്ചു, ''അബുവിനെ ഇപ്പോള്‍ ക്ലാസ്സില്‍ കാണുന്നില്ലല്ലോ? ഡിവിഷന്‍ മാറിയോ''? ഇല്ല! ഞാന്‍ 3 എയിലാണ്. അബു പറഞ്ഞു. ''നിന്നെ കാണുന്നില്ലാലോ? ഇന്നാണോ സ്‌കൂളില്‍ ആദ്യമായി വന്നത്? ഇന്നും കണ്ടില്ലല്ലോ''? ഇത് പറഞ്ഞിട്ട് എന്റെ കൂടെ വന്ന കൃഷ്ണദാസിനെ നോക്കി കൊണ്ട് അവന്‍ ചോദിച്ചു. ''അല്ല, ഇതാരാ നിന്റെ കൂടെ''? ഇത് കേട്ടപ്പോള്‍ കൃഷ്ണദാസ് ഒന്ന് കണ്ണു ചിമ്മി. എന്നിട്ട് സ്ഫുടമായി നിന്ന നില്‍പില്‍ പറഞ്ഞു. 

''എന്റെ പേര്‍ കൃഷ്ണദാസ് വി. ഞാന്‍ 2 ബിയില്‍ പഠിക്കുന്നു. എന്റെ ലഞ്ച് ബോക്സ് ആണ് താഴെ വീണു പോയത്. ഇവനെ എന്റെ കൂടെ ടീച്ചര്‍ വിട്ടതാണ്. ഇത് കേട്ടപ്പോള്‍ എനിക്ക് ആകെ പരിഭ്രമമായി. ഉള്ളില്‍ എവിടെയോ ഒരു പിടുത്തം. അപ്പോള്‍ ഞാന്‍ ഏതു ക്ലാസ്സിലാണ് പഠിക്കുന്നത്? ''അവിടെയും ഇവിടെയും ചുമ്മാ ചാരി നിന്ന് സ്ഥലം കളയാതെ അവിടെ ഇരിക്കൂ'', ആയ ഞങ്ങള്‍ മൂന്ന് പേരെയും ഒരു മേശ തുടച്ചിട്ടു അബു സലിമിന്റെ കൈയില്‍ പിടിച്ചു ബെഞ്ചില്‍ ഇരുത്തി. ഞങ്ങളും കൂടെ ഇരുന്നു. പഴയ ക്രിസ്ത്യന്‍ അമ്മച്ചിമാര്‍ ഇടുന്ന ചട്ടയും മുണ്ടുമാണ് ആയയുടെ വേഷം. അവര്‍ തിരിഞ്ഞപ്പോള്‍, അവരുടെ പിറകില്‍, മുണ്ടിന്റെ ഞൊറിവിശറി ചൂണ്ടിക്കാട്ടി അബു സലിം പമ്മി ചിരിച്ചു. എനിക്ക് ചിരിയൊന്നും വന്നില്ല. മൊത്തത്തില്‍ എന്തോ ഒരിത്. 

ഞാന്‍ കൃഷ്ണദാസിന്റെ കൂടെ കൂട്ടു വന്നതാണെന്ന സത്യം മറച്ചു വച്ച് ഒന്നും മിണ്ടാതെ പമ്മി ഇരുന്നു. ആയ നല്ല ചുമന്ന ഒരു മീന്‍ കറിയും എന്തോ പച്ചക്കറിയും ഒരു സ്റ്റീല്‍ പത്രത്തിന്റെ അരികിലായി വെച്ച് നടുക്ക് ചോറുമായി ഓരോരുത്തര്‍ക്കും തന്നു. ''കഴിക്ക്, ഇനി പാത്രം തട്ടി മറിക്കരുത്'. ഇത് പറഞ്ഞിട്ട് അവര്‍ ഞങ്ങളുടെ കൂടെ ഇരുന്നു. വര്‍ഷങ്ങളായി കഴുകാത്ത ഒരു ഉപ്പു പാത്രം മേശയുടെ മൂലയില്‍ നിന്നും അവരുടെ അടുത്തേക്ക് നീക്കി വച്ചു, എന്നിട്ട് ഒരു കൂന ചോര്‍ ഒരു പാത്രത്തില്‍ വിളമ്പി കഴിച്ചു തുടങ്ങി. കറിയിലെ മുളക് കാരണം എന്റെ മീശയും മൂക്കുമെല്ലാം എരിഞ്ഞു കത്തി. ഒരു പിടി വെള്ളച്ചോര്‍ എടുത്തു ഞാന്‍ മീശമേല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉരച്ചു എരിവിനു ശമനം വരുത്തി. വെന്ത വായുമായി ഞാന്‍ അബു സലീമുമായി സംസാരിച്ചു തുടങ്ങി. 

അബു സലീമുമായുള്ള കുശലപ്രശ്നത്തില്‍ രണ്ടു കാര്യം എനിക്ക് മനസിലായി. ഒന്ന്, ഞാന്‍ ഇപ്പോഴും രണ്ടില്‍ തന്നെയാണ് പഠിക്കുന്നത്. ഞാന്‍ തോറ്റുപോയിരിക്കുന്നു. രണ്ട്, നന്നായി പഠിച്ചില്ലെങ്കില്‍ എന്നെ പോലെ തോറ്റ് പോകുമെന്ന് അബു സലീമിനെയും മറ്റും മൂന്നാം ക്ലാസ്സിലെ ടീച്ചര്‍മാര്‍ ഉപദേശിക്കാറുണ്ട്. ആകെ തകര്‍ന്നു പോയ ഞാന്‍ ആയയോടായി ചോദിച്ചു'' ഞാന്‍ രണ്ടിലാണോ''? ''എന്താ? അത് പോലും അറിയാന്‍ വയ്യേ?'', ആയ ചോദിച്ചു. എന്നിട്ട് നിറുത്താതെ ഒരു ഗ്ലാസ് വെള്ളം മൊത്തം കുടിച്ചു ഗ്ലാസ് താഴെ വച്ചിട്ട് കിതച്ചു കൊണ്ട് അവര്‍ പറഞ്ഞു. ''നീ രണ്ടാം ക്ലാസ്സില്‍ ആണ്. ബി ഡിവിഷനില്‍. നന്നായി പഠിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷവും തോല്‍ക്കും! വേഗം മീന്‍ മാത്രം തിന്നു തീര്‍ക്കാതെ പച്ചക്കറിയും തിന്നേ! 

അപ്പൊ അതാണ് കഥ. ഞാന്‍ രണ്ടില്‍ തോറ്റു. നാണക്കേട്! ഞാന്‍ വേഗം ഭക്ഷണം കഴിച്ചു തീര്‍ത്തു. അബുസലിമിനോട് ഒന്നും പറയാന്‍ തോന്നുന്നില്ല. കൃഷ്ണദാസ് ക്ലാസ്സില്‍ ചെന്ന് പറ്റാവുന്നവരോടെല്ലാം എന്റെ അമളി പറഞ്ഞു. ആരോ ടീച്ചറിനോടും പറഞ്ഞു.  ടീച്ചര്‍ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചൂ, അയ്യേ! ഇത് പോലും അറിയാന്‍ മേലായിരുന്നോ? ഞാന്‍ ഇരുന്നു തുപ്പല്‍ വിഴുങ്ങി. നടക്കട്ടെ! ഞാനല്ലാതെ ലോകത്തെ എല്ലാര്‍ക്കും ഇതറിയാം. കൊള്ളാം! 

വൈകിട്ട് സൈക്കിള്‍ റിക്ഷ കാത്തിരുന്നപ്പോള്‍ ഞാന്‍ ചേട്ടനോട് വിമ്മിട്ടപ്പെട്ടു കാര്യം പറഞ്ഞു. അപ്പോള്‍  ചേട്ടന്‍ അതിനെക്കാള്‍ വിമ്മിട്ടപ്പെട്ടു കൊണ്ട് എന്നോട് പറഞ്ഞു, ''കുഴപ്പമില്ല, നീ വിഷമിക്കേണ്ട. ഇന്ന് മന്ത്ലി ടെസ്റ്റ് പേപ്പര്‍ കിട്ടി. ഞാന്‍ മിക്കവാറും ഈ വര്‍ഷം അഞ്ചാം ക്ലാസ്സില്‍ തോല്‍ക്കും.'' എന്നിട്ട് നിറച്ചും ചുവന്ന വരയുള്ള ഒരു ആന്‍സര്‍ പേപ്പര്‍ എന്നെ കാണിച്ചു. ശരിയാണ്. കാര്യം പരിതാപകരമാണെന്ന് കണ്ടാല്‍ അറിയാം. ചേട്ടന് കണക്കും ഹിന്ദിയും കടുംകെട്ടാണ്. എനിക്ക് കുറേശ്ശെ ആശ്വാസം തോന്നി തുടങ്ങി.  ചേട്ടനും തോല്‍ക്കുകയാണങ്കില്‍ അത്ര പ്രശ്നമില്ല. ചേട്ടന്‍ കുനിഞ്ഞു  എന്റെറ കണ്ണില്‍ നോക്കി തോളത്തു കൈവച്ചു കൊണ്ടു പറഞ്ഞു ''ഞാന്‍ തോറ്റാല്‍ നമ്മുക്ക് ഒരുമിച്ച് ഒളിച്ചോടി ബര്‍മ്മക്ക് പോകാം. ബര്‍മ്മയില്‍ പിള്ളേരെ അടിച്ചു പടിപ്പിക്കില്ല''. ഇത് കേട്ടതോടു കൂടി എനിക്ക് ശരിക്കും ആശ്വാസം തോന്നി. ഇനി തോറ്റാലും അത്ര പ്രശ്നമില്ല. ഞാന്‍ മനസ്സില്‍ പറഞ്ഞു, ബര്‍മ്മ ജയിക്കട്ടെ! 

വീട്ടില്‍ ചെന്ന് കുറച്ചു നേരം കളിച്ചു മറിഞ്ഞിട്ടു അടുക്കളയില്‍ കേറി അതും ഇതുമൊക്കെ കഴിച്ചു കഴിഞ്ഞിട്ടു ഞാന്‍ എല്ലാം മറന്നൊന്ന് കുളത്തില്‍ ചാടി നീന്തി. രാത്രി ഭക്ഷണം കഴിച്ചിട്ട് ഞാന്‍ വരാന്തയില്‍ വന്നു. മുകളില്‍ കത്തുന്ന ബള്‍ബിന്റെ ചെറിയ വെട്ടത്തില്‍ ചേച്ചിയും അമ്മയും കൂടെ പഴയ ഉടുപ്പുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുകയാണ്. ഞങ്ങളുടെ യൂണിഫോം വെള്ള ഷര്‍ട്ടും നീല നിക്കറുമാണ്. സ്‌കൂളില്‍ നിന്നും വരുമ്പോള്‍ മണ്ണില്‍ കിടന്നു മറിഞ്ഞിട്ടു വരുന്നതിനാല്‍ നല്ല ചെളിയുടെ കളര്‍ ആയിരിക്കും. ഇവയെല്ലാം അമ്മ ചൂട് വള്ളത്തില്‍ മുക്കി വച്ച് കഴുകും. 

Vallinikkaritta Recipes 4th storyഞാന്‍ ക്ലാസ്സില്‍ തോറ്റ് പോയിട്ട് അമ്മയെന്താ എന്നോട് പറയാഞ്ഞത്? ഞാന്‍ ചെറിയ വ്യസനത്തോടെ ചോദിച്ചു? ഇത് കേട്ടതും തയ്യല്‍ നൂല് കടിച്ചു പൊട്ടിച്ചു കൊണ്ടിരുന്ന ചേച്ചി ഒറ്റ ചിരി. ഞാന്‍ ദേഷ്യത്തോടെ ചേച്ചിയെ നോക്കി. അതിനു നീ തോറ്റ് പോയതല്ലല്ലോ? അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. നിനക്ക് വയസു പോരാത്തത് കൊണ്ട് ഒരു വര്‍ഷം കൂടി രണ്ടാം ക്ലാസ്സില്‍ ഇരുത്തിയതാണ്. ഈ വര്‍ഷം മോന് ശരിയായ  വയസാകും. അപ്പോള്‍ പിന്നെ പ്രശ്നമില്ല. എല്ലാം എളുപ്പം പഠിക്കാം. ഞാന്‍ ഒന്നും മിണ്ടാതെ കുറച്ചു നേരം അമ്മയും ചേച്ചിയും ചെയ്യുന്നതൊക്കെ നോക്കിയിരുന്നു. അപ്പോള്‍ ഞാന്‍ തോറ്റതല്ല. മനസ്സിന് ഒരു ശാന്തത തോന്നി. ഞാന്‍ തലയുയര്‍ത്തി ചന്ദ്രികയില്‍ മൂടിയ മുറ്റത്ത് നിശ്ചലമായി നില്‍ക്കുന്ന ചെടികളെയും മരച്ചില്ലകളെയുമൊക്കെ നോക്കി. തണുത്ത ഇളംകാറ്റ് എന്നെ ചെറുതായി തലോടുന്നുണ്ടോ? 

വിചാരിച്ച പോലെ കാര്യങ്ങള്‍ അത്ര മോശമായി കലാശിച്ചില്ല. കാരണം മൂന്ന് നാല് മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ എന്റെ ക്ലാസ്സും, പുതിയ കൂട്ടുകാരുമായി സമരസപ്പെട്ടു. ക്ലാസ് ടീച്ചര്‍ എന്നെ പുറകിലെ ബെഞ്ചില്‍ നിന്നും മാറ്റി മൂന്നാമത്തെ ബെഞ്ചില്‍ ആക്കുകയും എന്റെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങി. ഒളിച്ചോട്ടത്തെ കുറിച്ച് ചേട്ടനും ആകെ ഒരു മൗനം. ഓണാവധി വന്നപ്പോഴേക്കും ജീവിതം വീണ്ടും പഴയ പോലെ ഉഷാറായി. വീട്ടിലെ കോഴി അടയിരുന്നു നിറയെ കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞു. മുറ്റത്തെ റെഡ് മുസന്ദ്ര പൂത്തു. കിണറു തേകി വശങ്ങളില്‍ ഇഷ്ടിക വിരിച്ചു. ഓണത്തിന് തലേന്ന് മടലു വെട്ടി ഒരു ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കി അതില്‍ എന്റെ പേരുമെഴുതി കളിക്കാനായി അച്ഛന്‍ എനിക്ക് തരികയും ചെയ്തു. 

വറ്റല്‍മുളകിട്ട നല്ല ചുവന്ന മീന്‍കറി 
ചൂടായ എണ്ണയില്‍ ഒന്നോ രണ്ടോ വറ്റല്‍ മുളക് ഇടുന്ന നിമിഷം... ഹോ! ആ നിമിഷത്തിലുണ്ടാകുന്ന ഒരു മണമുണ്ട്... പെട്രോളിന്റെ മണം കഴിഞ്ഞാല്‍ എനിക്ക് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള മണം അതാണ്. ചെറിയ വിശപ്പോട് കൂടി പാചകത്തിന് ഇറങ്ങിയാല്‍ ഈ മണം മൂക്കില്‍ കൂടി കയറി നേരെ തലച്ചോറിലെത്തി അവിടെ ഒന്ന് തലകുത്തിമറിഞ്ഞിട്ടു കണ്ണിലൂടെ നീരായി പൊടിഞ്ഞു ചെറിയൊരു നീറ്റലോടു കൂടി പുറത്ത് വരും. വറ്റല്‍മുളക് ചെറിയ എണ്ണമയമോടുകൂടെ കറിയില്‍ പൊങ്ങി കിടക്കുന്നത് കാണുമ്പോള്‍... അകെ മൊത്തം ഒരു ചേലാണ്... 

ആവശ്യമുള്ള സാധനങ്ങള്‍ 
മീന്‍ - അരക്കിലോ (മാംസമുള്ള മീന്‍ ഏതുമാകാം) 
വറ്റല്‍മുളക് നാല് എണ്ണം
മുളകുപൊടി രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി - എട്ടു മുതല്‍ പത്തു അല്ലി, നീളത്തില്‍ അരിഞ്ഞത് 
വെളുത്തുള്ളി -നാല് അല്ലി , നീളത്തില്‍ അരിഞ്ഞത് 
ഇഞ്ചി - ഇടത്തരം കഷണം, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
കുടമ്പുളി നാല് കഷണം, നന്നായി കഴുകി പതിനഞ്ചു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തത് 
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ - ആവശ്യത്തിന് 

എന്നാല്‍ ഉണ്ടാക്കിയാലോ?
ഒരു മണ്‍ചട്ടിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഉലുവയിട്ടു മൂപ്പിച്ചതിനു ശേഷം കറിവേപ്പില, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, എല്ലാം കൂടിയിട്ട് നന്നായി വഴറ്റുക. എന്നിട്ട് നീളത്തില്‍ കീറിയ വറ്റല്‍മുളക് ചേര്‍ത്ത് ഇളക്കുക. പിന്നീട് മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ യഥാക്രമം ചേര്‍ക്കുക. ഓരോന്നും ചേര്‍ത്തതിനു ശേഷം ഇളക്കിയിട്ടാണ് അടുത്തത് ചേര്‍ക്കേണ്ടത്. മുളകുപൊടി ഇട്ടതിനു ശേഷം തീ കുറച്ചു പകുതി മൂപ്പിക്കുക. 

കുടമ്പുളി ഇച്ചിരി വെള്ളത്തില്‍ പിഴിഞ്ഞ് ആ പുളിയും വെള്ളവും ചട്ടിയില്‍ ഒഴിക്കുക. വേണമെങ്കില്‍ വെള്ളത്തിന്റെ അളവ് നോക്കിയതിനു ശേഷം കൂടുതല്‍ ഒഴിക്കുക. അരപ്പ് നന്നായി തിളച്ചതിനു ശേഷം മാത്രം മീന്‍ ഇടുക. ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. കുറഞ്ഞ തീയില്‍ മൂടി വെയ്ക്കാതെ മീന്‍ വേവിക്കുക. കുറുകി കഴിയുമ്പോള്‍ വാങ്ങി വെച്ചു വിളമ്പാം. 

ഓര്‍ക്കുക: എരിവാണ് ചുവന്ന മീന്‍കറിയുടെ ഹൃദയമെങ്കിലും അധികം മുളക് ചേര്‍ക്കുന്നത് കറിയുടെ രുചിയെ തിരിച്ചറിയാന്‍ പറ്റാത്തതാക്കും. എരിവ് അധികം വേണ്ടാത്തവര്‍ കാശ്മീരി മുളകുപൊടി ഉപയോഗിച്ചാല്‍ കറിക്ക് നല്ല നിറം ലഭിക്കും.

ഉപയോഗം: കപ്പയുടെ കൂടെ നന്നായിരിക്കും. ചോറിന്റെ കൂടെ പ്രധാന കറിക്ക് കൂട്ടായി ചേരും. കൂടെ കുടിക്കാന്‍ വെള്ളത്തിന് പകരം ഉപ്പിട്ട ചൂട് കഞ്ഞിവെള്ളം വെച്ചാല്‍ അത്യുഗ്രം. 

(കൊച്ചിയിലെ ഐഡിയസ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com) 

വര: ദേവപ്രകാശ്‌