രു സാധാരണക്കാരിയായിരുന്നു എന്റെ അമ്മ. എല്ലാ അമ്മമാരെയും പോലെ തന്നെ ഒരു സാധാരണ അമ്മ. കളര്‍ മങ്ങിയതും കറകള്‍ വീണതുമായ സാരികള്‍ കളയാതെ പെട്ടിയില്‍ വെച്ച് സൂക്ഷിച്ചു വീട്ടില്‍ ഉടുക്കുന്ന അമ്മ. പറമ്പിലെ കുളിമുറിയുടെ ഭിത്തിയില്‍ ചിതലിനെ കൊല്ലാന്‍ മണ്ണെണ്ണ ഒഴിക്കുന്ന അമ്മ, അടയിരുന്ന കോഴി വിരിയിച്ച മുട്ടയില്‍ എത്ര പിട, എത്ര പൂവന്‍ എന്ന് തിരയുന്ന അമ്മ, ഫ്രിഡ്ജില്‍ ഏറ്റവും താഴെയായി ഇരിക്കുന്ന തക്കാളി മറ്റു പച്ചക്കറികള്‍ മൂടി കാണാതായി അവസാനം കണ്ടെത്തുമ്പോള്‍ അത് ചീഞ്ഞു പോയെല്ലോ എന്നോര്‍ത്ത് വിഷമിക്കുന്ന ഒരു സാധാരണ വീട്ടമ്മ. 

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരു നേഴ്സായിരുന്നു എന്റെ അമ്മ. അന്ന് അച്ഛന്‍ ഞങ്ങളുടെ കൂടെയില്ല. കെനിയയില്‍ ഏതോ സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മക്കളുമായി തനിച്ചു ജീവിക്കാന്‍ അമ്മ യഥാര്‍ത്ഥത്തില്‍ ഗുസ്തി പിടിക്കുകയായിരുന്നു എന്ന് തന്നെ പറയാം. 

അവരായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. വൈകിട്ട് ആറു മണിക്ക് ബസ് ഇറങ്ങി നടന്നു വീട്ടില്‍ വന്നു സാരി പോലും മാറ്റാതെ, അത് ഒന്ന് പൊക്കി കുത്തി അമ്മ  നേരെ അടുക്കളയിലേക്കു കയറും. അപ്പോഴേക്കും ഞങ്ങള്‍ കളിയൊക്കെ കഴിഞ്ഞു കുളിച്ചു കയറി പഠിക്കാന്‍ ഇരിക്കണം. വീട്ടു ജോലികള്‍ ചെയ്യുന്നതിന്റെ ഇടയ്ക്ക് അമ്മ ഞങ്ങള്‍ ഓരോത്തരെയായി അടുത്ത് വിളിച്ചിരുത്തി പാഠപുസ്തകം തുറന്നു വായിപ്പിക്കും, ഹോം വര്‍ക്ക് ഉണ്ടോന്നു ചോദിക്കും, മലയാളവും ഇംഗ്ലീഷും പാഠങ്ങള്‍ ഉച്ചത്തില്‍ വായിപ്പിക്കും, പദ്യങ്ങള്‍ കാണാതെ പഠിപ്പിക്കും.

ഒന്‍പതു മണിക്ക് മുമ്പേ ഭക്ഷണം തന്നു ഞങ്ങളെ കിടത്തി തുണി കഴുകുക, പാത്രം കഴുകുക, ഉടുപ്പുകള്‍ തുന്നി കേടു പാടുകള്‍ തീര്‍ക്കുക മുതലായ ജോലികളില്‍ ഏര്‍പ്പെടും. ഉറക്കത്തില്‍ ചിലപ്പോള്‍ കണ്ണ് തുറന്നു നോക്കുന്ന ഞാന്‍ കാണുന്നത് അറുപതു വാട്ട് ബള്‍ബിന്റെ പരിമിത വെട്ടത്തില്‍ ഭിത്തിയില്‍ ചാരിയിരുന്നു പകുതി ഉറങ്ങി ഈ വക ജോലികള്‍ ചെയ്യുന്ന അമ്മയെയാണ്. 

vallinikkaritta recipes 15രാപ്പകലുള്ള കഠിനമായ ജോലികള്‍ അമ്മയുടെ മനസിനെയും ശരീരത്തെയും വല്ലാതെ തളര്‍ത്തിയിരിക്കണം. അതുകൊണ്ടാവണം ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് അമ്മയ്ക്ക് 'മെനിന്‍ജൈറ്റിസ്' വന്നത്. അക്കാലത്ത് ശക്തമായ തലവേദനയും ഉറക്കമില്ലായ്മയും അമ്മയെ ദിനംപ്രതി വശംകെടുത്തി. മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ അമ്മയെ രോഗം മൂര്‍ച്ചിച്ചത് കാരണം തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയിലേക്ക് ഇടയ്ക്ക് വെച്ച് മാറ്റി.

ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല എന്ന് തന്നെ എല്ലാവരും കരുതി. വീട്ടിലെ ഏറ്റവും ചെറിയവനായ എന്നോട് മാത്രം കാര്യങ്ങളുടെ ഗൗരവം ആരും പറഞ്ഞില്ല. സ്വയം ചിന്തിച്ചു മനസിലാക്കാന്‍ എനിക്ക് ആയതുമില്ല. കുളത്തിലും, കരയിലും, മരത്തിന്റെ മുകളിലും കശുവണ്ടി ചുന വീണ ശരീരവും അമ്മയെ കാത്തിരിക്കുന്ന മനസുമായി ഞാന്‍ മാസങ്ങള്‍ എങ്ങനെയോ തള്ളി നീക്കിയിരിക്കണം. 

സര്‍ജറിക്ക് രണ്ടു ദിവസം മുന്‍പ് അമ്മയുടെ സഹോദരന്‍ വന്നു ഞങ്ങളെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി. ഞങ്ങള്‍ ചെല്ലുമ്പോള്‍ അമ്മ ആശുപത്രി കട്ടിലില്‍ എണീറ്റ് ചാരി ഇരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നനഞ്ഞു തിളങ്ങി. 'മക്കളേ...' എന്ന് വിളിച്ചു ഞങ്ങളെ മൂന്ന് പേരെയും കെട്ടിപിടിച്ചു നെറ്റിയില്‍ ഉമ്മ വെച്ചു അന്ന് അമ്മ. എന്റെ മുഖത്ത് വീണ അമ്മയുടെ ശ്വാസത്തിന് അന്ന് മരുന്നിന്റെ മണമായിരുന്നു. ഇടയ്ക്ക് എപ്പോഴോ അമ്മയുടെ കട്ടിലില്‍ മുഖം കുത്തി കിടന്നപ്പോള്‍ കിടക്കവിരികളില്‍ ഞാന്‍ സര്‍ഫ് ടിറ്റര്‍ജന്റ് പൌഡര്‍ മണത്തു.

എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ  മൂന്ന് മാസങ്ങള്‍ക്ക് ശേഷം രോഗത്തെ അതിജീവിച്ചു വീട്ടില്‍ തിരിച്ചെത്തി. കുറച്ചുകാലത്തെ ബെഡ് റസ്റ്റ് പറഞ്ഞിട്ടുള്ളതിനാല്‍ ഈ സമയത്ത് വീട്ടില്‍ സഹായത്തിനായി അയല്‍പക്കത്തുള്ള ഒരു അമ്മാമ്മയെ ചട്ടം കെട്ടി. ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണോ എന്ന് അറിയില്ല, അമ്മ ഞങ്ങളെ മൂന്ന് പേരെയും പതുക്കെ പതുക്കെ വീട്ടു ജോലികള്‍ പരിചയപ്പെടുത്തി തുടങ്ങി. 

ചേട്ടനും ചേച്ചിക്കും കറികളും കൂട്ടാനും ഒക്കെ വെയ്ക്കാന്‍ ലളിതമായ രീതിയില്‍ കാണിച്ചു കൊടുത്തപ്പോള്‍ എനിക്ക് ഉള്ളി പൊളിക്കാനും, റവ വറുക്കാനും, ഇഞ്ചി തൊലികളഞ്ഞ് വൃത്തിയാക്കാനുമെല്ലാം പഠിപ്പിച്ചു തന്നു. അടുക്കളയിലെ ഈ ചെറു പരിശീലനം ഞാന്‍ കോളേജില്‍ എത്തുന്ന വരെ അമ്മ തുടര്‍ന്നിരുന്നു.

ഇടയ്ക്കിടയ്ക്ക് അടുക്കളയില്‍ അമ്മയെ തേങ്ങ തിരിങ്ങിയോ, പയര്‍ മുറിച്ചോ, ചപ്പാത്തിക്ക് മാവ് കുഴച്ചോ സഹായിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ പറയും, "എടാ ഇവിടെ വന്നു കയറുന്ന പെണ്ണുങ്ങള്‍ക്ക് നീയൊന്നും ഒരു ബുദ്ധിമുട്ടുമുണ്ടാക്കരുത്. കെട്ടി കൊണ്ട് വരുന്നത് അതിനെയൊന്നും അടുക്കളയില്‍ ഇട്ടു പീഡിപ്പിക്കാനല്ല. ഈ ജോലി പെണ്ണുങ്ങളുടേത്, ഈ ജോലി ആണുങ്ങളുടേത് എന്നൊന്നും എഴുതി വെച്ചിട്ടില്ല, എല്ലാ ജോലിയും എല്ലാവര്‍ക്കും ചെയ്യാം. അവരെയൊക്കെ പറ്റാവുന്ന പോലെ സഹായിച്ചു കൊടുക്കണം. 

vallinikkaritta recipes 15ഇച്ചിരി പാത്രം കഴുകി വെച്ചാലോ, കട്ടിലിലെ ബെഡ്ഷീറ്റ് മാറ്റിയാലോ ആരുടേയും കൈയോന്നും തേഞ്ഞു പോകില്ല! അത് മാത്രമല്ല, നിന്റെ ഭാര്യ എപ്പോഴെങ്കിലും വയ്യാതെ കിടക്കുകയാണെങ്കില്‍ അന്ന് രാവിലെ ഒന്ന് എണീറ്റ് ഒരു സാമ്പാര്‍ ഉണ്ടാക്കി കുറച്ചു ഇടലിയും പുഴുങ്ങി അവളെ പോയി വിളിക്കണം. അങ്ങനെയൊക്കെ ചെയ്യണം. ചെയ്തിരിക്കണം. ഒരു ആണ് സ്നേഹിക്കേണ്ടത് സാരി മേടിച്ചു കൊടുത്തും, സ്വര്‍ണം മേടിച്ചു കൊടുത്തും മാത്രമല്ല, ഭാര്യയ്ക്ക് കൈസഹായമായി നിന്ന് കൊണ്ടും കൂടെയാണ്."

അപ്പോള്‍ അമ്മയെ ശുണ്ഠി പിടിപ്പിക്കാന്‍ ഞാന്‍ ചോദിക്കും, "എങ്കില്‍ അമ്മയ്ക്ക് തെങ്ങില്‍ കയറി തേങ്ങ പറിക്കാമോ? ആണുങ്ങള് മാത്രമല്ല പെണ്ണുങ്ങളും തെങ്ങില്‍ കേറട്ടെ! എല്ലാവര്‍ക്കും എല്ലാ ജോലിയും ചെയ്യാമല്ലോ." ഒട്ടും അമാന്തിക്കാതെ അമ്മ അപ്പോള്‍ പറയും, "കേറണം, ആവശ്യമെങ്കില്‍ കേറണം. സ്വയം എല്ലാം ചെയ്തു പഠിക്കണം. നിന്റെയൊക്കെ അച്ഛന്‍ ഇവിടെ ഇല്ലായിരുന്ന കാലത്ത് ഞാന്‍ തന്നെയാണ് ഇലക്ട്രിക് ഫ്യൂസ് കെട്ടിയിരുന്നതും, കാലിഗ്യാസ് കുറ്റി മാറ്റിയിരുന്നതും, ഈ വീടിന്റെ പ്ലാന്‍ വരപ്പിക്കാന്‍ ഓടിയതും, മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചു കിട്ടാന്‍ നടന്നതുമൊക്കെ. നീയൊക്കെ പാചകവും വീട് പണികളും എല്ലാം കുറച്ചു പഠിച്ചിരുന്നാല്‍ ജോലി കിട്ടിയൊക്കെ ദൂരെ സ്ഥലത്ത് താമസിക്കുമ്പോള്‍ ആരുടേയും മുന്‍പില്‍ തല കുനിക്കേണ്ടി വരില്ല. അപ്പോള്‍ നീയൊക്കെ ഞാന്‍ ഈ പറഞ്ഞത് ഓര്‍ക്കും, നോക്കിക്കോ!" അമ്മ കുറച്ചു ഭീഷണി സ്വരത്തില്‍ പറയും. 

ദീര്‍ഘകാലത്തെ ഇംഗ്ലീഷ് മരുന്നുകള്‍ അമ്മയുടെ ആരോഗ്യത്തെ പതുക്കെ പതുക്കെ നശിപ്പിച്ചിരുന്നിരിക്കണം. അതുകൊണ്ടായിരിക്കണം ഒരു ചായ പോലും കുടിക്കാത്ത, ഭക്ഷണത്തില്‍ മിതത്വം പാലിച്ചിരുന്ന അമ്മയ്ക്ക് കുടലില്‍ കാന്‍സര്‍ വന്നത്. ഒരു നേഴ്സ് ആയ അവര്‍ അതിന്റെ ഗൗരവം ശരിക്കും മനസിലാക്കി. ഡിഗ്രി കഴിഞ്ഞു കൊല്ലത്ത് ജോലി നോക്കി കൊണ്ടിരുന്ന എന്നെ അമ്മ ഒരു ദിവസം വീട്ടില്‍ വിളിപ്പിച്ചു. കട്ടിലില്‍ അടുത്തിരുത്തി, ശബ്ദം വിറയ്ക്കാതെ, തൊണ്ട ഇടറാതെ എന്നോട് കാര്യം പറഞ്ഞു.

"അമ്മയ്ക്ക് ഇനി ഏറിയാല്‍ ഒരു ഒന്‍പതു മാസം. ഒരു സര്‍ജറി വേണ്ടി വരും. പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല, പക്ഷെ ചെയ്തേക്കാം. ചെയ്തില്ലെന്ന് വേണ്ട. നിന്റെ ചേട്ടനും ചേച്ചിയുമായി ഒരിക്കലും നീ ഒരു കാരണവശാലും പിണങ്ങരുത്. കൂടപ്പിറപ്പിനു പകരം കൂടപ്പിറപ്പ് മാത്രമേയുള്ളൂ. അച്ഛനെ നോക്കണം. പുള്ളിക്ക് മുന്‍ശുണ്ഠിയുണ്ട്, അത് മനസിലാക്കി പെരുമാറണം. നല്ലത് ചെയ്തു നന്നായി ജീവിക്കണം," ഇത് പറഞ്ഞിട്ട് അമ്മ കട്ടിലില്‍ നിന്നും എണീറ്റ് എന്റെ നെറ്റിയില്‍ ചുംബിച്ചു.

കുറച്ചു നേരം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല...  

ഇടയ്ക്കെപ്പോഴോ അമ്മയുടെ കൈ പിടിച്ചു ഞാന്‍ പറഞ്ഞു, "എല്ലാവര്‍ക്കും അവരുടെ അമ്മമാര്‍ വലുതാണ്. എനിക്കും അങ്ങനെ തന്നെയാണ്‌. ഞങ്ങളുടെ കുട്ടിക്കാലത്തിന് ഓര്‍മ്മകള്‍ ഉണ്ടാക്കി തന്നത് അമ്മയാണ്. അമ്മയാണ് അടിച്ചതും, വളര്‍ത്തിയതും, പഠിപ്പിച്ചതുമൊക്കെ!" ഇത് പറഞ്ഞിട്ട് ഞാന്‍ ഒന്ന് നിര്‍ത്തി. ഞാന്‍ നിര്‍ത്തിയതല്ല, വാക്കുക്കള്‍ അങ്ങനെ നിന്ന് പോയതാണ്. എന്റെ ഹൃദയം വിങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞു. കണ്ണുകള്‍ ഉയര്‍ത്താന്‍ ശക്തിയില്ലാതെ, ആ മുഖത്ത് നോക്കാന്‍ കഴിയാതെ, ആ കൈകള്‍ എന്റെ കവിളില്‍ വെച്ച് ഞാന്‍ അമ്മയോട് പറഞ്ഞു, "അമ്മാ... ഐ ലവ് യു". അമ്മ അപ്പോള്‍ ചിരിച്ചു കൊണ്ട് വീണ്ടും എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു. 

vallinikkaritta recipes 15ഞാന്‍ ജീവിതത്തില്‍ വെച്ച് ചെയ്യ്തിട്ടുള്ളതില്‍ ഏറ്റവും വലിയ കാര്യം എന്താണെന്നു ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചാല്‍ ഇതു ഞാന്‍ പറയും, ഞാന്‍ എന്റെ അമ്മയോട് 'ഐ ലവ് യു' എന്ന് പറഞ്ഞിട്ടുണ്ട്, അല്ലെങ്കില്‍ പറയാന്‍ സാധിച്ചിട്ടുണ്ട്. സ്നേഹമുണ്ടെന്ന് പലപ്പോഴും ഞാന്‍ എല്ലാവരെയും പോലെ പ്രവര്‍ത്തിയില്‍ കാണിച്ചിട്ടുണ്ട്, ശരിയാണ്. പക്ഷെ സ്നേഹമുണ്ടെന്നു വാക്കുകള്‍ കൊണ്ട് അമ്മയോട് പറയാന്‍, എനിക്ക് പറ്റിയിട്ടുണ്ട്.

ഒരു വലിയ ഭാഗ്യമാണത്! ഒരാള്‍ക്ക്  ഒരു പക്ഷെ അത് അവരുടെ ഭാര്യയോടോ, ഭര്‍ത്താവിനോടോ, കാമുകനോടോ, കാമുകിയോടോ പറയാന്‍ സാധിച്ചേക്കും! പക്ഷെ മാതാപിതാക്കളോട് പറയുക എളുപ്പമല്ല. ആരും പറയാറില്ല. സ്നേഹം പറയാന്‍ നമ്മള്‍ പലരും ഇനിയും പഠിച്ചിട്ടില്ല!

ഫോണ്‍ ചെയ്താല്‍ "ഞാന്‍ ഇപ്പോള്‍ ബിസിയാണ്, നീ എന്നെ കുറച്ചു കഴിഞ്ഞു വിളിക്ക്," എന്ന് പറയാത്ത ഈ ലോകത്തിലെ ഏക വ്യക്തി നിങ്ങളുടെ അമ്മയാണ്. അവര്‍ എവിടെ നില്‍ക്കുകയുമാകട്ടെ, എന്തു ചെയ്യുകയുമാകട്ടെ, നിങ്ങളുടെ സ്വരം ഫോണില്‍ കേള്‍ക്കുമ്പോള്‍ തന്നെ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തി അവിടെ നിര്‍ത്തി, കൈ സാരിതുമ്പിലോ, ചട്ടയിന്മേലോ തുടച്ച് നിങ്ങളോട് സംസാരിക്കും. അമ്മമാര്‍ക്കെ അത് പറ്റുള്ളൂ, നിങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന ആദ്യത്തെ സ്ത്രീയാണവര്‍! അവര്‍ നിങ്ങള്‍ക്ക് വേണ്ടി കരഞ്ഞതു പോലെ, ആരും നിങ്ങള്‍ക്ക് വേണ്ടി കരഞ്ഞിട്ടുണ്ടാവില്ല, ഒരിക്കലും!

പ്രിയ വായനക്കാരാ! നിങ്ങള്‍ എന്നാണ് നിങ്ങളുടെ അമ്മയോട് അവസാനമായി സംസാരിച്ചത്? ഇന്ന്? ഇന്നലെ? കഴിഞ്ഞ ആഴ്ച? ഏതായാലും നിങ്ങളുടെ ഫോണിന്റെ കാള്‍ ലിസ്റ്റില്‍ ആ പേരു കിടപ്പുണ്ടല്ലോ. ഞാന്‍ ഇവിടെ ഒന്ന് നിര്‍ത്തി തരാം. എനിക്ക് സമയമുണ്ട്. നിങ്ങള്‍ക്കും സമയമുണ്ട്. നിങ്ങളുടെ ഫോണ്‍ ഒന്ന് എടുക്കൂ, ഒന്ന് അമ്മയെ വിളിക്കൂ, ഇപ്പോള്‍ എന്തു ചെയ്യുകയാ എന്ന് ചോദിക്കൂ. അപ്രതീക്ഷിതമായി നിങ്ങളുടെ വിളി കേട്ട അവരോടു 'ചുമ്മാ വിളിച്ചതാ അമ്മേ' എന്ന് പറയൂ. അവര് ചിരിക്കും. ചിരിച്ചു കൊണ്ട് അവര്‍ നിങ്ങളോട് സംസാരിക്കും. 

നമ്മള്‍ എല്ലാം എങ്ങോട്ടാണ് ഈ ഓടുന്നത്? ജീവിതം എന്തു ചെറുതാണ്. 

ഒരു സാധാരണക്കാരിയായിരുന്നു എന്റെ അമ്മ. എല്ലാ അമ്മമാരെയും പോലെ തന്നെ ഒരു സാധാരണ അമ്മ. കാച്ചിയ പപ്പടം എണ്ണ കളയാന്‍ സ്റ്റീല്‍ പാത്രത്തില്‍ ചരിച്ചു വെയ്ക്കുന്ന, പൊരിച്ച മീന്‍ എല്ലാ മക്കള്‍ക്കും തുല്യമായി വീതിക്കുന്ന, പരിഭവം പറയുന്ന, പിണങ്ങുന്നതിനെക്കാള്‍ വേഗത്തില്‍ ഇണങ്ങുന്ന, തിളങ്ങുന്ന കണ്ണുകള്‍ ഉള്ള ഒരമ്മ. നിങ്ങളുടെ അമ്മയെ പോലെ ഒരമ്മ. 

Sambarനാടന്‍ സാമ്പാര്‍
ചേരുവകള്‍:
സാമ്പാര്‍ പരിപ്പ് - 1 കപ്പ്
തക്കാളി -  ഇടത്തരം വലുപ്പം, 2 എണ്ണം
വെണ്ടയ്ക്ക - 6 എണ്ണം, ചെറുവിരല്‍ നീളത്തില്‍ അരിഞ്ഞത് 
മുരിങ്ങിക്ക - 1 എണ്ണം, ചെറുവിരല്‍ നീളത്തില്‍ അരിഞ്ഞത് 
വഴുതനങ്ങ - 1 എണ്ണം, നാളായി മുറിച്ചത് 
സവാള -  ഇടത്തരം വലുപ്പം, 1 എണ്ണം
ഉരുളകിഴങ്ങ് - ഇടത്തരം വലുപ്പം, 1 എണ്ണം
കാരറ്റ് - 1 എണ്ണം
പുളി - 1 ചെറുനാരങ്ങ വലിപ്പത്തില്‍
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന് 
ഉപ്പു - ആവശ്യത്തിന് 
സാമ്പാര്‍ പൊടി - 3 ടേബിള്‍സ്പൂണ്‍ 
വെളിച്ചെണ്ണ - 5 ടേബിള്‍സ്പൂണ്‍ 
കടുക് - 1 ടേബിള്‍സ്പൂണ്‍ 
ഉലുവ - 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 5 എണ്ണം

എന്നാല്‍ ഉണ്ടാക്കിയാലോ?
ആദ്യം പരിപ്പ് കഴുകി ഒരു കുക്കറില്‍ നല്ലപോലെ വെന്ത് ഉടയുന്ന പരുവത്തില്‍ വേവിക്കുക. വേവിച്ചു കഴിഞ്ഞ് ഇത്  ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിനു ശേഷം പുളി ഒരു 2 കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ്, ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്കു അരിഞ്ഞ് വച്ച പച്ചകറികളും, കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക.

പച്ചകറികള്‍ കൂടുതല്‍ വെന്തു പോകാതെ നോക്കുക. ഇനി ഇതിലേക്ക് സാമ്പാര്‍ പൊടി കുറച്ചു വെള്ളത്തില്‍ ചാലിച്ച് വേവിച്ച് വച്ചിരിക്കുന്ന പരിപ്പും കൂടി ചേര്‍ത്ത് നല്ലതുപോലെ 2 മിനുട്ട് തിളപ്പിക്കുക. ഉപ്പോ പുളിയോ കുറവുണ്ടെങ്കില്‍ ഈ സമയത്ത് ചേര്‍ക്കാം. ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ ചൂടാവുമ്പോള്‍ കടുകും ഉലുവയും ഇട്ടു പൊട്ടിച്ച് കറിവേപ്പിലയും വറ്റല്‍മുളകും മൂപ്പിച്ച് സാമ്പാറില്‍ ഒഴിക്കുക. 

(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com)
വര: ദേവപ്രകാശ്