ര്‍മ്മകള്‍ക്ക് അറകളുണ്ട്. നിര നിരയായി അടുക്കി വെച്ചിരിക്കുന്ന, എന്നാല്‍ ഇടയ്ക്ക് നിരതെറ്റി മാത്രം കാണപ്പെടുന്ന, നൊമ്പരത്തിന്റെയും സന്തോഷത്തിന്റെയും പശ്ചാത്താപത്തിന്റെയും കുറ്റബോധത്തിന്റെയും പലനിറം കലര്‍ന്ന അറകള്‍. ആ അറകളില്‍ എവിടെയോ നിന്ന്... പലവിധ ചിന്തകള്‍ക്കിടയില്‍ നിന്ന് ഞാന്‍ വലിച്ചു പുറത്തിട്ടു നോക്കുന്ന താളുകളില്‍ ഒന്നാണ് മാമച്ചന്‍. കാലമിത്രയായിട്ടും എനിക്ക് വേണ്ടത്ര പിടിതരാതെ, വഴുതി മാറുന്ന അറിയാപ്പുറങ്ങളുടെ മറവില്‍ നിന്നവന്‍ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് ഇന്നും എന്നെ നോക്കി ചിരിക്കാറുണ്ട്.

ഏഴാം ക്ലാസ്സില്‍ വെച്ചാണ് ഞാന്‍ മാമച്ചനെ പരിചയപ്പെടുന്നത്. ഞങ്ങളുടെ വേദപാഠ ക്ലാസ്സില്‍ ഏറ്റവും പുറകിലെ ബെഞ്ചില്‍ തലകുനിച്ച് ഒരു ദിവസം മാമച്ചന്‍ പ്രത്യക്ഷപ്പെട്ടു. അതും വര്‍ഷത്തിന്റെ പകുതിക്ക് വെച്ച്. പള്ളിയില്‍ നിന്നും ക്ലാസ്സിലേക്ക് ഓടിക്കേറി വന്ന ഞങ്ങള്‍ പുതിയ കുട്ടിയെ കണ്ട് ആദ്യം ഒന്നമ്പരന്നു. പെണ്‍കുട്ടികള്‍ അടക്കി ചിരിച്ചു. ചിലര്‍ പോയി പേരു ചോദിച്ചു. ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുന്ന അവന്‍ തന്റെ മുന്നില്‍ വെച്ചിരുന്ന സ്വന്തം നോട്ടുബുക്കിന് കുറുകെ ഇട്ടിരിക്കുന്ന കറുത്ത് തടിച്ച റബ്ബര്‍ ബാന്‍ഡില്‍ പിടിച്ചു അലക്ഷ്യമായി വലിച്ചു കൊണ്ടിരുന്നു. 

ഫിലോമിന സിസ്റ്റര്‍ ക്ലാസ് എടുക്കാന്‍ വന്നപ്പോള്‍ അവനെ പരിചയപ്പെടുത്തി പറഞ്ഞു, "എല്ലാവരും മാമച്ചനോട് ഹലോ പറഞ്ഞെ! അവന്‍ അങ്ങനെ അധികം സംസാരിക്കാറില്ല, എന്ന് കരുതി നിങ്ങള്‍ അവനോടു സംസാരിക്കാതിരിക്കരുത്. ദൈവം തരുന്നതാണല്ലോ അസുഖങ്ങള്‍, അത് മാമച്ചന് കുറച്ചുണ്ട്. അതുകൊണ്ട് നിങ്ങള്‍ എല്ലാവരും മാമച്ചനെ കൂടെ കൂട്ടണം." ഇത് കേട്ടതും ക്ലാസ്സിലെ എല്ലാവരും കൂടി മാമച്ചനെ തിരിഞ്ഞു നോക്കി.  എന്റെ കൂട്ടുകാരന്‍ ജോസ് മാര്‍ക്കോസ് പറഞ്ഞു, "നോക്കിക്കേ, അവന്റെ കാലിലോട്ടു നോക്കിക്കേ! കോലു പോലെ ഇരിക്കുന്നു. അയ്യേ! ഇവന് എന്ത് അസുഖമാണ്?"

വാസ്തവത്തില്‍ മാമച്ചന്റെ രോഗം എന്തായിരുന്നു? ആ! അറിയില്ല. അവന്‍ നല്ല വെളുത്തിട്ടാണ്. വലിയ ചെവികള്‍. അങ്ങനെ അധികം സംസാരിക്കില്ല. മിക്കവാറും തല കുമ്പിട്ടേ ഇരിക്കുകയുള്ളൂ. ചോദ്യങ്ങള്‍ക്ക് ചിലപ്പോള്‍ മറുപടി പറയില്ല. മുട്ടിനു കീഴെ കാലുകള്‍ തീരെ ശോഷിച്ചിരിക്കുന്നത് കൊണ്ട് നടക്കുമ്പോള്‍ കാലുകള്‍ വളഞ്ഞു കൂട്ടിയിടിക്കും. അതു കൊണ്ട് തന്നെ പതുക്കയെ നടക്കുകയുള്ളൂ. പഠനത്തില്‍ പുറകോട്ടാണ്. "തനിക്ക് മാര്‍ക്കൊക്കെ കുറവാണല്ലോ? എന്താ ഒന്നും പഠിക്കാത്തേ?" വേദപാഠ ക്ലാസ്സിലെ പരീക്ഷാ പേപ്പര്‍ കിട്ടിയ അന്ന് ഞാന്‍ അവനോടു ചോദിച്ചു. "എനിക്ക് ഒന്നും ഓര്‍മ്മ വരത്തില്ല! എല്ലാം മറന്നു പോകും. പക്ഷെ കണ്ടാല്‍ ഞാന്‍ ഓര്‍ക്കും." ഞങ്ങള്‍ അപ്പോള്‍ ക്ലാസ് ബ്രേക്കിന് സ്‌കൂളിനടുത്തുള്ള പബ്ലിക് ടാപ്പില്‍ നിന്നും വെള്ളം കുടിച്ചിട്ട് ക്ലാസ്സില്‍ കയറാന്‍ വരികയായിരുന്നു. 

പതുക്കെ നടന്നു വന്നു കൊണ്ടിരുന്ന അവനോടു ഞാന്‍ കുറച്ചു അക്ഷമയോടെ പറഞ്ഞു, "ഇച്ചിരി വേഗം വാ, ഫിലോമിന സിസ്റ്റര്‍  ഇപ്പോള്‍ ക്ലാസ്സില്‍ കേറി കാണും. താമസിച്ചു ചെന്നാല്‍ നമ്മളെ വഴക്കു പറയും. വാ! വേഗം വാ!" പകുതി ഞൊണ്ടി കാലു വളച്ച് എന്റെ പിന്നില്‍ നടന്നു കൊണ്ടിരുന്ന അവന്‍ പെട്ടെന്ന് തലപൊക്കി എന്നെ നോക്കിയിട്ട് ചിരിച്ചോണ്ട് പറഞ്ഞു, "ഇല്ല! സിസ്റ്റര്‍ ഇന്നിനി ക്ലാസ്സില്‍ വരത്തില്ല! സിസ്റ്റര്‍ പോയി." എനിക്ക് ഒന്നും മനസിലായില്ല. എന്നാല്‍ കാസ്സില്‍ ചെന്നപ്പോള്‍ അവിടെ പിള്ളേരുടെ ഭയങ്കര കലപില. എല്ലാവരോടും വീട്ടില്‍ പൊക്കോളാന്‍ ടീച്ചര്‍മാരുടെ മുറിയില്‍ നിന്നും പറഞ്ഞു വിട്ടിരിക്കുന്നു. അപ്രതീക്ഷിതമായി കിട്ടിയ അവധി ആഘോഷിക്കുകയാണ് എല്ലാവരും! സിസ്റ്ററുടെ അച്ഛനെ പാമ്പ് കടിച്ചെന്ന് ആരോ അറിയിച്ചത് കൊണ്ട് സിസ്റ്റര്‍ പെട്ടെന്ന് അവരുടെ വീട്ടിലേക്കു പോയി. 

പക്ഷെ അത് മാമച്ചന്‍ എങ്ങനെ അറിഞ്ഞു? ഞങ്ങള്‍ രണ്ടു പേരും അപ്പോള്‍ കാസ്സില്‍ ഇല്ലായിരുന്നല്ലോ? ഞാന്‍ തിരിഞ്ഞ് അവനെ നോക്കി. അവന്‍ ആരോടും മിണ്ടാതെയിരുന്ന് സ്വന്തം ബുക്കിന്റെ റബ്ബര്‍ ബാന്‍ഡ് വലിക്കുന്നു.

മാമച്ചന് ഒരു കൂട്ടുകാരനുണ്ട്. ആറാം ക്ലാസ്സില്‍ പഠിക്കുന്ന പുള്ളി ജോഷി. അവരുടെ വീടുകള്‍ അടുത്തടുത്താണ്. പുള്ളി ജോഷിയും മാമച്ചനും കൂടി നടന്നാണ് വേദപാഠ ക്ലാസ്സില്‍ വരുന്നത്. പുള്ളി ജോഷിയുടെ ദേഹത്തും മുഖത്തുമൊക്കെ സ്പ്രേ പെയിന്റ് വീണ പോലെ നിറച്ചും ചെറിയ കറുത്ത പുള്ളിക്കുത്തുകളുണ്ട്. ജോഷിയുടെ അച്ഛന് പണ്ട് കശുവണ്ടി ഫാക്ടറിയില്‍ ആയിരുന്നു ജോലി. ഒരിക്കല്‍ അയാള്‍ ജോഷിയെയും കൊണ്ട് കശുവണ്ടി ഫാക്ടറിയില്‍ പോയപ്പോള്‍ അവിടെ ഒരു വലിയ തീപിടത്തമുണ്ടായി. ജോഷിയുടെ ദേഹത്ത് അന്ന് കശുവണ്ടി എണ്ണയോ മറ്റോ തെറിച്ചു വീണതാണ്. എന്നാല്‍ അവന് അതൊന്നും ഓര്‍മ്മയില്ല. 

അന്നത്തോടെ  കിട്ടിയതാണ് ഈ പുള്ളിക്കുത്തുകള്‍. ഒരുപാട് ഡോക്ടര്‍മാരെയൊക്കെ കാണിച്ചത്രേ, എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. ഏതായാലും മാമച്ചന്റെ കൂടെ വരുന്നതു കൊണ്ട് പതുക്കെ പതുക്കെ ഞാനും ജോഷിയും പരിചയക്കാരായി. ഒരിക്കല്‍ ഞാനും ജോഷിയും കൂടി പള്ളിയുടെ സിമിത്തേരിക്ക് സമീപമുള്ള തെങ്ങും തോപ്പില്‍ നിന്നും കാല് കൊണ്ട് തെറ്റിച്ചു മീന്‍ പിടിക്കുവായിരുന്നു. നല്ല മഴ സമയം. തെങ്ങും തടത്തിലെല്ലാം മുട്ടോളം വെള്ളം. ഒരു വലിയ വരാല്‍ ഞങ്ങളെ പറ്റിച്ച് അങ്ങോട്ടും ഇങ്ങോട്ടും കുറെ നേരമായി ചാടി കളിക്കുന്നു. പീറ പയ്യനായ ജോഷിയുടെ മുന്നില്‍ ഞാന്‍ തോല്‍ക്കുന്നതെങ്ങനെ? പക്ഷെ മീന്‍ ഒരു പിടിയും തരുന്നില്ല. 

vallinikkaritta recipes 13"മാമച്ചന്‍ ആണെങ്കില്‍ എപ്പോഴേ ആ മീനെ പിടിച്ചേനെ," ജോഷി ആരോടെന്നിലാതെ ഇച്ചിരി നീരസത്തോടെ പറഞ്ഞു. "മാമച്ചന്‍ തൊട്ടാല്‍ മീനൊക്കെ അനങ്ങാതെ നില്‍ക്കും. മീന്‍ മാത്രമല്ല, എല്ലാ ജീവികളും മിണ്ടാതെ അനങ്ങാതെ നില്‍ക്കും. ഞങ്ങളുടെ വീട്ടില്‍ കോഴിയെ കറിവെക്കാന്‍ പിടിക്കാന്‍ മാമച്ചനാ വരുന്നേ. അവന്‍ വന്നാല്‍ കോഴിയൊക്കെ അനങ്ങാതെ അവന്റെ അടുത്ത് വരും. അപ്പോള്‍ എന്റെ ചാച്ചന്‍ കേറി പിടിക്കും." ഇത് പറഞ്ഞിട്ട് ജോഷി ഇടത്തോട്ടും വലത്തോട്ടും നോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു. "മാമച്ചന് ഒരു മാലാഖയുമായി കൂട്ടുണ്ട്. എന്നോട് പറഞ്ഞിട്ടുണ്ട്. മാലാഖയുടെ ശക്തി കൊണ്ടാ മാമച്ചന് ഇതൊക്കെ ചെയ്യാന്‍ പറ്റുന്നെ. ആരോടും പറയല്ലേ. ഇയാളു മാമച്ചന്റെ കൂട്ടുകാരനായത് കൊണ്ട് പറഞ്ഞതാ." 

"ചുമ്മാ! നൊണ... നീ കണ്ടിട്ടുണ്ടോ മാലാഖയെ? മാമച്ചന്‍ പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളൂ?" ഇത്രയും നേരം തപ്പിയ വരാല്‍ അടുത്ത തെങ്ങിന്റെ തടത്തിലോട്ടു ചാടുന്നത് നോക്കി കൊണ്ട് ഞാന്‍ ചോദിച്ചു. "ഞാന്‍ കണ്ടിട്ടില്ല. മാമച്ചനും കണ്ടിട്ടില്ല! പക്ഷെ മാമച്ചനോട് ചിലപ്പോള്‍ മാലാഖ സംസാരിക്കും. അവനത് കേള്‍ക്കാം. ചിലപ്പോള്‍ രാത്രി അവന്റെ ചെവിയില്‍ വന്നു മാലാഖ പാട്ട് പാടും. മേശപ്പുറത്തു കണ്ണാടി ഭരണിയില്‍ ഒരു ചുവന്ന ചിത്രശലഭത്തിന്റെ ചിറകും കുന്നിക്കുരുവും വെച്ചിട്ട് ജനല് പകുതി തുറന്നിട്ടാല്‍ മതി. എന്നിട്ട് മാലാഖയോട് പ്രാര്‍ത്ഥിക്കണം. അപ്പോള്‍ മാലാഖ നമ്മുടെ അടുത്ത് വരും. എന്നോട് പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ എനിക്ക് പേടിയാ", പുള്ളി ജോഷി പറഞ്ഞു നിറുത്തി. "ഞാന്‍ പോകുവാ. എനിക്ക് പോണം. തെക്കേ പാടത്തു വെള്ളം വറ്റിക്കാന്‍ ഇന്ന് മോട്ടോര്‍ കൊണ്ട് വരും. അപ്പോള്‍ അവിടെ ഇല്ലെങ്കില്‍ ചാച്ചന്‍ എന്നെ കൊല്ലും." ഇതും പറഞ്ഞ് ഊരി പോകുന്ന നിക്കര്‍ വലിച്ചു കുത്തി ജോഷി തിരിഞ്ഞു നോക്കാതെ ഓടി.

അന്ന് രാത്രി സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു, "അമ്മേ മാലാഖമാര്‍ ശരിക്കും നമ്മളെ കാണാന്‍ വരുമോ? നമ്മളോട് സംസാരിക്കുമോ?" മെഴുകുതിരി ഊതി കെടുത്തിക്കൊണ്ട് അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. "പിന്നേ! കാണാന്‍ വരുമല്ലോ! വിശുദ്ധ മേരിയെ മാലാഖ സന്ദര്‍ശിച്ചത് മോന്‍ കേട്ടിട്ടില്ലേ? പക്ഷെ നല്ല കുട്ടിയായിരിക്കണം. പിന്നെ കൊച്ചു കൊച്ചു കള്ളത്തരങ്ങള്‍ ഒക്കെ നിര്‍ത്തണം. അടുക്കളയുടെ തറയില്‍ മഷി പുരട്ടി വൃത്തികേടാക്കിയത് ആരാ? ചേട്ടനോ അതോ നീയോ? രണ്ടു പേരും അത് ഇത് വരെ ഏറ്റിട്ടില്ല! വികൃതി ഒക്കെ നിര്‍ത്തിയാല്‍ ചിലപ്പോള്‍ മാലാഖ നിന്നെ കാണാന്‍ ഇന്ന് തന്നെ വന്നേയ്ക്കും. ഇപ്പൊ നീ തല്‍ക്കാലം എന്റെ കൂടെ അടുക്കളയില്‍ വന്നു ഭക്ഷണം എടുത്തു വെയ്ക്കാന്‍ സഹായിക്ക്."  

അന്ന് രാത്രി കിടന്നപ്പോള്‍ എനിക്ക് ഉറക്കം വന്നില്ല. എന്റെ ചിന്ത മുഴുവന്‍ മാമച്ചനെ കുറിച്ചായിരുന്നു. ചിലപ്പോള്‍ മാലാഖ ഇപ്പോള്‍ മാമച്ചനുമായി സംസാരിക്കുവായിരിക്കും. മാലാഖയെ നേരിട്ട് കാണാതെ എങ്ങനെയാണ് അവന്‍ സംസാരിക്കുക? മാലാഖ എന്ത് പാട്ടാണ് ഇന്ന് പാടുക? മാമച്ചന്റെ അച്ഛനും അമ്മയുമൊന്നും മാലാഖയെ കേള്‍ക്കാത്തത് എന്താ? ഞാന്‍ പതുക്കെ എണീറ്റ് കട്ടിലില്‍ ഇരുന്നു. എന്നിട്ട് കട്ടിലിനു വലതു വശത്തുള്ള ജനലിന്റെ കുറ്റി മാറ്റി അതിന്റെ പാളി മെല്ലെ തുറന്നു. തണുത്ത കാറ്റും തെളിഞ്ഞ നിലാവും മുറിയില്‍ പരന്നു കേറി എന്റെ മുഖവും അഴയില്‍ തൂക്കിയിരുന്ന തുണികളെയും തഴുകി. നിലാവ് ഭിത്തിയില്‍ അനങ്ങുന്ന പ്രകാശത്തിന്റെ ചിത്രങ്ങള്‍ വരച്ചു. നിലാവിലും ഇരുട്ടിലുമായി എനിക്ക് മുറിയുടെ ഉള്ളില്‍ ഉള്ളതെല്ലാം തെളിഞ്ഞു കാണാം. പുറത്തു ചെറുകാറ്റില്‍ ദൂരെ തെങ്ങോലകള്‍ ആടുന്നുണ്ട്. എനിക്ക് എന്തുകൊണ്ടോ അപ്പോള്‍ എന്തെനില്ലാത്ത സന്തോഷം തോന്നി. കട്ടിലില്‍ തിരിഞ്ഞു കിടന്നു ഞാന്‍ തല വഴി മൂടി പുതച്ചു. 

അടുത്ത ഞായറാഴ്ച ക്ലാസ്സ് കഴിഞ്ഞു പുള്ളി ജോഷിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ഞാന്‍ ഒന്നുമറിയാത്ത പോലെ മാമച്ചനോട്  ചോദിച്ചു, "മാമച്ചാ, ഈ ചെകുത്താനും, പിശാച്ചുമൊക്കെ ഉണ്ടോ? ചുമ്മാ പറയുന്നതാവും, അല്ലെ?". സ്‌കൂളിന്റെ വരാന്തയില്‍ ഇരുന്ന് തല കുനിച്ചു പിടിച്ചുകൊണ്ട് പൊരി പിടിച്ച തന്റെ വലത്തേ കാല്‍ ചൊറിയുകയായിരുന്നു അവന്‍. റബ്ബര്‍ ബാന്‍ഡ് കെട്ടി ഭദ്രമാക്കിയ പുസ്തകം ഇടത്തെ കൈയില്‍ പൊക്കി പിടിച്ചിട്ടുണ്ട്. ഞാന്‍ ചോദിച്ചത് അവന്‍ കേട്ടില്ലേ? ഒന്ന് രണ്ടു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവന്‍ പറഞ്ഞു, "എനിക്ക് അറിയത്തില്ല. പക്ഷെ മാലാഖമാര്‍ ഉണ്ട്," ഇത് പറഞ്ഞതിന് ശേഷം അവന്‍ കണ്ണുകള്‍ ഉയര്‍ത്തി എന്നെ നോക്കി. അതുപോലെ മാമച്ചന്‍ തല ഉയര്‍ത്തി നോക്കുന്നത് ഞങ്ങളാരും ഇതുവരെ കണ്ടിട്ടില്ല. തിളങ്ങുന്ന ചെറു നനവുള്ള കണ്ണിനു ചുറ്റുമുള്ള തൊലി കറുത്ത് ഇരുണ്ട് ഇരിക്കുന്നു.

ശബ്ദം താഴ്ത്തി എന്റെ കണ്ണുകളില്‍ നോക്കി അവന്‍ പറഞ്ഞു, "ഞാന്‍ കണ്ടിട്ടില്ല. പക്ഷെ എനിക്ക് അറിയാം. എന്റെ മരിച്ചു പോയ അമ്മമ്മ പഠിപ്പിച്ചു തന്നതാ. ഞാന്‍ വയ്യാത്ത കുട്ടിയല്ലേ! എന്റെ ഈ കാലും വെച്ച് നടക്കാന്‍ പാടാ. ചിലപ്പോള്‍ എനിക്ക് ചുഴലി വരും. അപ്പോള്‍ എന്നെ സഹായിക്കാന്‍ ആരും ഉണ്ടാവില്ല. മാലാഖയോട് പ്രാര്‍ഥിച്ചാല്‍ മാലാഖ നമ്മളെ കാത്തുകൊള്ളും. അതു മാത്രമല്ല എന്നെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അമ്മമ്മ എന്നെ മിഖായേല്‍ മാലാഖയ്ക്ക് അടിമ വെച്ചിട്ടുണ്ട്. എനിക്ക് മിക്കവാറും ഉടനെ മിഖായേല്‍ മാലാഖ പ്രത്യക്ഷപ്പെടും. എന്നോട് സ്വപ്നത്തില്‍ വന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞുകൂടാ".

പുള്ളി ജോഷി വന്നു വിളിച്ചപ്പോള്‍ മാമച്ചന്‍ എണീറ്റ് അവന്റെ കൂടെ പോയി. ഉറക്കെ സംസാരിക്കുന്ന ജോഷിയുടെ ശബ്ദവും അവരുടെ രൂപവും അകന്നു പോകുന്നത് ഞാന്‍ കുറച്ചു നേരം നോക്കി നിന്നു. തിരിച്ചു പോകുന്ന വഴിക്ക് തേനീച്ചക്കൂടിന് കല്ലെറിയാനുള്ള പ്ലാനുമായി പിന്നെ ജോസ് മാര്‍ക്കോസ് വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.

അങ്ങനെ വേദപാഠ ക്ലാസ്സിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കുള്ള സമയമായി. എല്ലാ ക്ലാസ്സുകളിലെ കുട്ടികളെയും പല പല ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഞാനും ജോസും 'ബ്ലൂ' ഗ്രൂപ്പാണ്. മാമച്ചന്‍ ആദ്യം 'റെഡ്' ഗ്രൂപ്പ് ആയിരുന്നു, പിന്നീട് എന്തോ കാരണം കൊണ്ട് ഞങ്ങളുടെ ഗ്രൂപ്പില്‍ വന്നു. സിസ്റ്റര്‍ പാവം മാമച്ചനെ എന്തെങ്കിലും പരിപാടിക്ക് ചേര്‍ക്കാന്‍ ശരിക്കും നോക്കി. അവസാനം ഒത്തു വന്നത് ഞങ്ങള്‍ ബ്ലൂ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ഡാന്‍സ് ടീമിന്റെ ഗ്രീന്‍ റൂം സപ്പോര്‍ട്ട്. അങ്ങനെ മാമച്ചനും ഞാനും ജോസ് മര്‍ക്കോസും പത്താം ക്ലാസിലെ കുറച്ചു ചേട്ടന്‍മാരും കൂടി മേക്കപ്പ് സാധനങ്ങള്‍ വാങ്ങുക, ഡ്രസ്സ് മടക്കി വെയ്ക്കുക, ലൈറ്റ്മാനോട് ബഹുമാനപുരസരം സംസാരിക്കുക എന്ന സപ്പോര്‍ട്ട് പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു. 

ഓടിയതൊക്കെ ഞങ്ങളാണ്. മാമച്ചന്‍ എല്ലാം നോക്കിയും കണ്ടും തലകുനിച്ച് ഗ്രീന്റൂമിന്റെ മൂലയ്ക്ക് മുഴുവന്‍ സമയവും അവന്റെ നോട്ടു പുസ്തകത്തിന്റെ റബ്ബര്‍ ബാന്‍ഡും പിടിച്ച് തിരുമ്മിക്കൊണ്ട് ഇരിക്കുകയായിരുന്നു. ഉച്ചയ്ക്ക് സിസ്റ്റര്‍ ഞങ്ങളെയെല്ലാം വിളിച്ചു കൊണ്ടു പോയി പള്ളിമേടയുടെ വലതുവശത്തുള്ള ഒരു ചെറിയ മുറിയില്‍ ഇരുത്തി കന്യാസ്ത്രീ മഠത്തില്‍ നിന്നും വരുത്തിയ വെള്ള ചോറും സാമ്പാറും കൂട്ടാന്‍ കറികളും വിളമ്പിത്തന്നു. "അവനെ നോക്കേണ്ട കേട്ടോ! മാമച്ചന്‍ അങ്ങനെ നിങ്ങളെ പോലെ എല്ലാമൊന്നും കഴിക്കില്ല," ഒരു സ്റ്റീല്‍ പാത്രത്തില്‍ നിന്നും പപ്പടം ഞങ്ങളുടെ പത്രങ്ങളില്‍ വെച്ചുകൊണ്ട് ലൂസി ചേടത്തി പറഞ്ഞു. ലൂസി ചേടത്തി മഠത്തിലെ കുശിനിക്കാരിയാണ്. 

vallinikkaritta recipes 13"മാമച്ചനു കഴിക്കാനുള്ളത് അവന് അവന്റെ അമ്മ തന്നെ കൊടുത്തു വിട്ടിട്ടുണ്ട്. ഇല്ലെ മാമച്ചാ? ഞങ്ങളെ കൂടെ ഒന്ന് കാണിച്ചേ സ്പെഷ്യല്‍ എന്താണെന്ന്?" എന്നും പറഞ്ഞ് ലൂസി ചേടത്തി മാമച്ചന്‍ കൊണ്ടു വന്ന ചോറ് പാത്രത്തിന്റെ അടപ്പ് പൊക്കി. 

"അയ്യോ! ഇതെന്താ? ചോറും കറിയുമൊന്നും ഇല്ലേ?" പാത്രത്തില്‍ കുനിഞ്ഞു നോക്കിക്കൊണ്ട് ചേടത്തി ചോദിച്ചു. ഞങ്ങള്‍ നോക്കുമ്പോള്‍ അവന്റെ പാത്രം നിറയെ അച്ചിങ്ങ മെഴുക്കുപുരട്ടിയത്! ചോറും ഇല്ല, കറിയും ഇല്ല. ഒരു പാത്രം നിറച്ച് മെഴുക്കുപുരട്ടി. "എനിക്ക് ഇങ്ങനെയാ ഇഷ്ടം! അതിനു നിങ്ങക്കെന്താ?" മാമച്ചന്‍ തല ഉയര്‍ത്താതെ,, ശബ്ദമുയര്‍ത്താതെ ചോദിച്ചു. എല്ലാവരും ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അന്തിച്ചിരുന്നു. "ഹേയ്! എല്ലാരും വേഗം കഴിച്ചേ! പരിപാടികള്‍ തുടങ്ങാറായി. വേഗം കഴിച്ചിട്ട് ചെന്നേ!" ചേടത്തി പെട്ടെന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ മാമച്ചന്‍ പാത്രത്തിലോട്ടു നോക്കി തലയും താഴ്ത്തി ഇരിക്കുന്നു.

എല്ലാവരും കിട്ടിയതെല്ലാം കൂടി വാരി വലിച്ചു കഴിച്ച് ചിരിയും കളിയും ഉച്ചത്തിലുള്ള സംസാരവും ഒക്കെയായി ഉടന്‍ തന്നെ അവിടെ നിന്നും പോയി. അന്ന് അവിടെ വെച്ചാണ് ഞാന്‍ അവസാനമായി മാമച്ചനെ അങ്ങനെ കാണുന്നത്.

ഏകദേശം ഏഴ്- ഏഴര മണിയായിക്കാണും. ആഘോഷ പരിപാടികളെല്ലാം തന്നെ സമയവും താളവും തെറ്റി നടക്കുകയാണ്. സ്റ്റേജിലും പുറത്തുമെല്ലാം വലിയ തിക്കും തിരക്കും ബഹളവും. ഞാന്‍ സ്റ്റേജിനു വശത്തിരുന്ന് ഒരു അടിപൊളി കഥാപ്രസംഗം കേട്ടുകൊണ്ട് ഇരിക്കുവാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ പുള്ളി ജോഷി വന്നു സ്റ്റേജിനു അപ്പുറത്തെ വശത്ത് നിന്ന് എന്നെ കൈ കാണിച്ചു. അവന്‍ എന്നോട് എന്തോ പറയാന്‍ ശ്രമിക്കുവാണ്. മുഖത്ത് കുറച്ചു പരിഭ്രമം കാണാം. എനിക്ക് എന്തോ പന്തികേട് തോന്നിയെങ്കിലും കഥാപ്രസംഗത്തില്‍ ലയിച്ചിരുന്നതുകൊണ്ട് അവന്റെയടുത്ത് പോകാന്‍ തോന്നിയില്ല. അപ്പോഴേക്കും പുള്ളി ജോഷി സ്റ്റേജിനു പിന്നിലൂടെ ഓടി എന്റെ വശത്ത് വന്നു. 

"നമ്മുടെ മാമച്ചനെ കാണാനില്ല. അവന്റെ അച്ഛന്‍ അവനെ വീട്ടില്‍ കൂട്ടിക്കൊണ്ട് പോകാന്‍ വിളിക്കാന്‍ വന്നതാണ്. എല്ലായിടത്തും നോക്കി. ഒരിടത്തും കാണുന്നില്ല. ഇനിയിപ്പൊ മൈക്കില്‍ കൂടി വിളിച്ചു പറയാന്‍ പോകുവാ. ചേട്ടന്‍ കണ്ടോ അവനെ?" പുള്ളി ജോഷി ഒറ്റ ശ്വാസത്തില്‍ എന്നോട് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ചാടി എണീറ്റു. സത്യത്തില്‍ ഞാന്‍ അവന്റെ കാര്യമങ്ങ് മറന്നു തന്നെ പോയി എന്ന് പറയാം. എനിക്ക് ചെറിയ വിഷമം തോന്നി. "മാമച്ചന്‍ മേക്കപ്പ് റൂമില്‍ ഉണ്ടാവും. ആളുകള്‍ വേഷം മാറുന്നതും ഒരുങ്ങുന്നതും ഒക്കെ നോക്കി ഇരിക്കുവായിരിക്കും," ചിതറി നടക്കുന്ന ആളുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഞാന്‍ ചെറിയ കുറ്റബോധത്തോടെ പുള്ളി ജോഷിയോടായി പറഞ്ഞു. ജോഷി ഒന്നും മിണ്ടാതെ കിതച്ചുകൊണ്ട് ഇടനാഴിയില്‍ വെച്ച് വലത്തോട്ട് തിരിഞ്ഞു എങ്ങോട്ടോ ഓടിപ്പോയി.

ഞാന്‍ എങ്ങോട്ടെന്നില്ലാതെ പള്ളിമുറ്റത്തോട്ടു ഇറങ്ങി നടന്നു. പള്ളിയുടെ പൊക്കത്തുള്ള വലിയ കുരിശിനു കീഴെയുള്ള നിയോണ്‍ ബള്‍ബ് അവിടെങ്ങും സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന പ്രകാശം പരത്തുന്നു. ഞാന്‍ ഓരോ അടി വയ്ക്കുമ്പോഴും എന്റെ പിന്നില്‍ നിഴല്‍ മണ്ണില്‍ പരന്നു ഇഴഞ്ഞു പുറകേ വന്നു. ദൂരെ കുരിശിനു ഇടതു വശത്തായി കുറച്ച് പൊന്തക്കാടുണ്ട്. ആ പൊന്തക്കാടിന് അപ്പുറത്താണ് ഞങ്ങള്‍ കുട്ടികള്‍ വെള്ളം കുടിക്കാനായി പോകുന്ന പൊതുടാപ്പ്. പെട്ടെന്ന് കുറച്ചു പേര്‍ ഒച്ച വെച്ചുകൊണ്ട് ആ പൊന്തക്കാടിന് സമീപത്തേയ്ക്ക് ഓടുന്നത് ഞാന്‍ കണ്ടു. എന്റെ ഹൃദയം ഒന്ന് നടുങ്ങി. 

ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ കാണുന്നത് പൊന്തക്കാടിന്റെ അരികിലായി മലര്‍ന്നു കിടക്കുന്ന മാമച്ചനെയാണ്. അവന്റെ കണ്ണുകള്‍ കണ്ണുനീര്‍ നിറഞ്ഞു തുറന്നിരുന്നു. ഇടത്തെ ചിറിയില്‍ നിന്നും തുപ്പല്‍ ഒലിച്ചിറങ്ങിയിരുന്നു. മടങ്ങി കിടന്നു പതുക്കെ വിറയ്ക്കുന്ന കൈകളില്‍ മൊത്തം മണ്ണ് പറ്റിയിരിക്കുന്നു. "ചുഴലിയാണ്, ചെറുക്കന് പണ്ടേ ഉള്ളതാ. ഭാഗ്യം അവിടെയും ഇവിടെയും ഒന്നും ചെന്ന് വീഴാഞ്ഞത്," ആരോ പിറുപിറുത്തു. എന്നെ കണ്ടതും മാമച്ചന്‍ പതുക്കെ ചിരിക്കുന്ന പോലെ ചുണ്ട് അനക്കി എന്റെ നേരെ കൈ പൊക്കി. അവന്റെ മുഖം പ്രകാശിക്കുന്ന പോലെ തോന്നി എനിക്ക്. 

ആരൊക്കെയോ ചേര്‍ന്ന് പൊക്കിയെടുത്തപ്പോള്‍ അവന്‍ എന്റെ നേര്‍ക്ക് തല ചെരിച്ചു വളരെ ശബ്ദം താഴ്ത്തി ഒരു രഹസ്യം പോലെ പറഞ്ഞു, "ഞാന്‍ കണ്ടു. ഞാന്‍ കണ്ടതാ! മാലാഖ എന്നോട് സംസാരിച്ചു. ഇപ്പോള്‍ ഞാന്‍... കണ്ടതാ!" 

ഞാന്‍ ഒന്നും മിണ്ടിയില്ല. എന്റെ നാവിറങ്ങിപ്പോയത് പോലെ. ഓടി വന്നവര്‍ മാമച്ചനെ തലയ്ക്കു മുകളില്‍ എടുത്തു കൊണ്ട് പോകുന്നത് നിയോണ്‍ ലൈറ്റിന്റെ പ്രകാശത്തില്‍ ഞാന്‍ നോക്കിനിന്നു. ആളുകളും ബഹളങ്ങളും അകന്നപ്പോള്‍ ഞാന്‍ അവിടെ തനിച്ചായി. ഇല്ല! ഞാന്‍ തനിച്ചല്ല! ആരോ എന്റെ ചുറ്റുമുണ്ട്. പരതിചുറ്റും നോക്കിയ ഞാന്‍ പൊന്തകാട്ടില്‍ നിന്നും തല താഴ്ത്തി കണ്ണുകള്‍ ഉയര്‍ത്തി എന്നെ നോക്കുന്ന രണ്ടു മൂന്നു പട്ടികളെയും, പൂച്ചകളെയും ഇരുണ്ട പ്രകാശത്തില്‍ കണ്ടു. അപ്പോള്‍ ഒരു പാമ്പ് പതുക്കെ ഇഴഞ്ഞ് എന്റെ ഇടത്തെ വശത്തുകൂടി ഒരു കമ്പിലേയ്ക്ക്  പിടിച്ചു കയറുന്നതും കണ്ടു. 

എനിക്ക് എന്തുകൊണ്ടോ ഒട്ടും പേടി തോന്നിയില്ല. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്റെ കാലില്‍ മാമച്ചന്റെ റബ്ബര്‍ ബാന്‍ഡ് ഇട്ടു കെട്ടിയ നോട്ടു ബുക്ക് തട്ടി തടഞ്ഞു. ഞാന്‍ അതെടുത്ത് മണ്ണ് തട്ടി കണ്ണുകളില്‍ അടുപ്പിച്ചു നോക്കി. അതിന്റെ പുറം ചട്ടയാകെ തണുത്തിരിക്കുന്നു. അത് ഞാന്‍ എന്റെ  ബുക്ക് കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗില്‍ ഇട്ടു.

മാമച്ചനെ പിന്നെ ഞങ്ങള്‍ ആരും കണ്ടിട്ടില്ല. അവന്റെ തൃക്കാക്കരയിലുള്ള ഏതോ അമ്മായി വന്ന് അവനെ അങ്ങോട്ട് കൊണ്ടുപോയതായി കേട്ടു. ഇടയ്ക്ക് കുരിശിനു സമീപമുള്ള പൊന്തക്കാടിന്റെ അടുത്തുകൂടി പോകുമ്പോള്‍ ഞാന്‍ അവനെ ഓര്‍ക്കും. പുള്ളി ജോഷിയോട് ഒരിക്കല്‍ ഞാന്‍ അവനെക്കുറിച്ച് ചോദിച്ചു. "അറിയാന്‍ മേല. അവന്‍ ഇനി വരുമെന്ന് തോന്നുന്നില്ല. രോഗം മാറ്റാന്‍ വേണ്ടി കൊണ്ടുപോയതാ എന്നും പറഞ്ഞ് അവന്റെ അമ്മ എന്റെ അമ്മയോട് എപ്പോഴും കരയും. വരത്തില്ല, ഉറപ്പാ," പുള്ളി ജോഷി അവന്റെ ദേഹത്തുള്ള പുള്ളികളില്‍ പെരുവിരല്‍ കൊണ്ട് പതുക്കെ ചൊറിഞ്ഞു കൊണ്ട് കണ്ണുകളില്‍ ആലോചനാ ഭാവം വരുത്തി പറഞ്ഞു.

ഈ സംഭവങ്ങള്‍ നടന്നതിനു ശേഷം ഏകദേശം മൂന്നോ നാലോ ആഴ്ച ആയിക്കാണും. അടുത്ത ദിവസം കൊല്ലത്ത് കുടുംബത്തിലെ ഏതോ ചടങ്ങിനു പോകാനായി അമ്മ രാത്രി അടുക്കി പെറുക്കുവാണ്. രാത്രി ഒന്‍പതു- ഒന്‍പതര സമയം ആയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് കൊടുക്കാനായി അച്ചാറും മറ്റും ഉണ്ടാക്കിക്കൊണ്ട് പോകുവാനുള്ള തയ്യാറെടുപ്പിലാണ് അമ്മ. "എടാ! നിന്റെ ഈ പ്ലാസ്റ്റിക് കവര്‍ ഞാന്‍ എടുക്കുവാണ്. ഞാന്‍ തിരിച്ചു വരുമ്പോള്‍ നീ ഓര്‍ത്തു മേടിച്ചോ," എന്ന് പറഞ്ഞ് അമ്മ എന്റെ ബുക്ക് കൊണ്ട് പോകുന്ന പ്ലാസ്റ്റിക് കവര്‍ കട്ടിലില്‍  തുറന്നു തട്ടി. "വേഗം! ഈ ബുക്കൊക്കെ ഷെല്‍ഫില്‍ എടുത്തു വെച്ച് ഇനി കിടന്നു ഉറങ്ങിക്കെ. രാവിലെ എനിക്ക് പോകേണ്ടതാണ്. ലൈറ്റ് ഓഫ് ആക്കണം,"  പകുതി പരിഭവത്തില്‍ പറഞ്ഞു കൊണ്ട് അമ്മ ലൈറ്റ് ഓഫ് ആക്കി എന്റെ മുറിയുടെ വാതില്‍ അടച്ചു പുറത്തേയ്ക്ക്  പോയി.

മറ്റു ബുക്കുകളുടെ കൂട്ടത്തില്‍ നിന്നും വിട്ടു മാറി മാമച്ചന്റെ വെള്ള നോട്ടുബുക്ക് അരണ്ട പ്രകാശത്ത് എന്റെ മെത്തയില്‍ കിടന്നു തിളങ്ങി.  എന്റെ വരണ്ട തൊണ്ടയില്‍ അപ്പോള്‍ എന്തോ തടയുന്ന പോലെ. ഞാന്‍ കട്ടിലില്‍ കയറി കാല് മടക്കിയിരുന്നു കൊണ്ട് ആ പുസ്തകം രണ്ടു കയ്യില്‍ എടുത്തു. 

നിശബ്ദത... എന്റെ ഭാരം തന്നെ കുറഞ്ഞു പോയത് പോലെ. അപ്പോള്‍ ലോകം നിന്ന് പോയോ! 

ഞാന്‍ ചുറ്റും നോക്കി. ഇടതു വശത്തായി ചേട്ടന്‍ മൂടിപ്പുതച്ചു കിടക്കുന്നത് എനിക്ക് കാണാം. വലതു വശത്തെ തുറന്നിട്ട ജനലില്‍ കൂടി ചന്ദ്രിക നിറഞ്ഞ രാത്രി നിശ്ചലമായി നില്‍ക്കുന്നു. മരങ്ങളുടെ നീണ്ട നിഴലുകള്‍ വേലിയില്‍ വീണു കിടക്കുന്നു. ചെടിച്ചട്ടിയിലെ പൂക്കള്‍ സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ തിളങ്ങുന്നു. അങ്ങ് ദൂരെ ആരോ ആരോടോ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടോ?

കൈയ്യില്‍ എടുത്ത പുസ്തകത്തിനെ ബന്ധിച്ചിരുന്ന റബ്ബര്‍ ബാന്‍ഡ് ഞാന്‍ ഊരി മാറ്റി. എന്റെ മടിയില്‍ വെച്ച് കൊണ്ട് ആ പുസ്തകം ഞാന്‍ തുറന്നു. 

vallinikkaritta recipes 13വെറും ശൂന്യമായ പുസ്തകം. വെളുത്ത.. വരയിടാത്ത പേജുകള്‍ക്ക് തുടര്‍ച്ചയായി വെളുത്ത വരയിടാത്ത പേജുകള്‍. ചന്ദ്രികയില്‍ മുങ്ങി അപ്പോള്‍ ആ താളുകള്‍ തിളങ്ങി. എന്നാല്‍ എവിടെയോ ഇടയ്ക്ക് വെച്ച് അവിടെയും ഇവിടെയുമായി കുത്തിവരച്ച പോലത്തെ ചിറകുകളുടെ പടങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മാമച്ചന്‍ വരച്ചതാണ്. വലിയ ചിറകുകള്‍, ചെറിയ ചിറകുകള്‍, തൂവലുകള്‍ അടരുന്ന ചിറകുകള്‍, സൂര്യനെ പോലെ വിരിഞ്ഞു നില്‍ക്കുന്ന ചിറകുകള്‍. ഏകദേശം പുസ്തകത്തിന് നടുവിലായി കറുത്ത മഷി കൊണ്ട് വടിവൊത്ത അക്ഷരങ്ങളില്‍ എന്തോ എഴുതിയിരിക്കുന്നത് ഞാന്‍ കണ്ടു. പുസ്തകം ഞാന്‍ കണ്ണിനോട് അടുപ്പിച്ചു. നിറഞ്ഞ ചന്ദ്രികയില്‍ ഞാന്‍ ആ എഴുതിയിരിക്കുന്നത് വിറയ്ക്കുന്ന എന്റെ സ്വരം ചെറുതായി ഉയര്‍ത്തി വായിച്ചു. 

വിശുദ്ധ മിഖായേലിനോടുള്ള ജപം
"പരിശുദ്ധ മിഖായേലേ, 
സ്വര്‍ഗത്തിന്റെ കാവല്‍ക്കാരാ,
എനിക്ക് രക്ഷയായിരിക്കേണമേ.

എന്നെ എല്ലാ അപകടങ്ങളില്‍ നിന്നും 
നീ കാത്തു കൊള്ളേണമേ
അവശ്യഘട്ടങ്ങളില്‍  തുണയില്ലാതെ 
ഞാന്‍ ഉഴറുമ്പോള്‍
നിന്‍ കരങ്ങളില്‍ നീ എന്നെ സംരക്ഷിക്കണേ!

രാത്രികളില്‍ എന്റെ ചാരത്ത് വന്നു
നീ എന്നോട് സംസരിക്കണേ
നിന്നെ കാണുവാനായി  
എന്‍ കണ്ണുകള്‍ നീ തുറക്കേണമേ

പരിശുദ്ധ മിഖായേലേ, 
സ്വര്‍ഗത്തിന്റെ കാവല്‍ക്കാരാ,
എനിക്ക് ഈ രാത്രി നീ രക്ഷയായിരിക്കേണമേ." 

ഇങ്ങനെ വായിച്ചു തീര്‍ത്ത് ആ പുസ്തകം ഞാന്‍ എന്റെ മുമ്പില്‍ വെച്ചു.  എന്റെ കുഞ്ഞു ഹൃദയം വല്ലാതെ തണുക്കുന്ന പോലെ എനിക്ക് തോന്നി. ആ നിമിഷം ഒരു ചെറിയ കാറ്റ് ജനലില്‍ കൂടി കയറി വന്ന് എന്നെ ചുറ്റിപ്പൊതിഞ്ഞു. എന്റെ രോമങ്ങളെല്ലാം എഴുന്നേറ്റു വന്നു. എന്റെ മുന്നിലെ പുസ്തക താളുകള്‍ക്കിടയില്‍ നിന്നും അപ്പോള്‍ ഒരു ചെറിയ വെള്ള തൂവല്‍ ഒഴുകിയിറങ്ങി. ആ തൂവല്‍ ചെറുകാറ്റില്‍ ആടി പൊങ്ങി എന്നെ വലംവെച്ച് മുറിയുടെ നടുക്ക് ഉയര്‍ന്നു നിന്നു. ഒരു നിമിഷം! കറങ്ങിത്തിരിയുന്ന ചെറു കാറ്റ് ആ തൂവലിനെ വലിച്ചുകൊണ്ട് ജനാലയ്ക്കു പുറത്തേയ്ക്ക് ശാന്തമായി ഒഴുകി പോയി.

ചന്ദ്രികയില്‍ ആ മുറിയാകെ അപ്പോള്‍ കത്തി ജ്വലിച്ചുവോ? എന്റെ കണ്ണുകളില്‍ പ്രകാശത്തിന്റെ ഒരു മിന്നലാട്ടം! എപ്പോഴാണ് ഞാന്‍ ഉറക്കത്തിലേക്ക് വീണത്? 

നീല നിറമുള്ള പ്രകാശത്തില്‍ ഞാന്‍ മൂടിപ്പോയി. എന്റെ മുറിയിലേക്ക് ചുവന്ന ഒരു ചിത്രശലഭം ദിക്കറിയാതെ പാറി പറന്നു വരുന്നത് ഞാന്‍ കണ്ടു. എന്റെ അമ്മ കുഞ്ഞായ എന്നെ പായയില്‍ കിടത്തി പാട്ടുപാടി കുളിപ്പിക്കുന്നത് ഞാന്‍ കണ്ടു. കളിച്ചു തളര്‍ന്നു നടന്നു വരുന്ന എനിക്ക് എപ്പോഴും ചിരിച്ചു കൊണ്ട് സ്റ്റീല്‍ ഗ്ലാസില്‍ വെള്ളം തരുന്ന ഭവാനി ചേച്ചിയെയും കനിവുള്ള ചിരിക്കുന്ന മുഖമുള്ള ജോണ്‍ പ്രാന്തനെയും, ഹോര്‍ലിക്സ് കുപ്പിയില്‍ ഞാന്‍ വളര്‍ത്തുന്ന നീല വാലുള്ള ഗപ്പിയേയും ഞാന്‍ അന്ന് കണ്ടു. എനിക്ക് ചൂടും തണുപ്പും അപ്പോള്‍ ഒരുമിച്ചു തോന്നി.

കൈയ്യില്‍ വെള്ളി ദണ്ടും തലയില്‍ സ്വര്‍ണ്ണ കിരീടവുമുള്ള മിഖായേല്‍ മാലാഖ അന്ന് രാത്രി സ്വപ്നത്തില്‍ ആ പന്ത്രണ്ട് വയസുകാരനോട് സംസാരിച്ചു.

അച്ചിങ്ങ മെഴുക്കുപുരട്ടിachinga mezhukkupurattiആവശ്യമുള്ള സാധനങ്ങള്‍:
അച്ചിങ്ങാ പയര്‍ - ഒരു 20 എണ്ണം
തേങ്ങാക്കൊത്ത്  കാല്‍ കപ്പ്
പച്ചമുളക്  4 എണ്ണം
മഞ്ഞള് പൊടി - ആവശ്യത്തിനു
വറ്റല്‍ മുളക് - 2 എണ്ണം ചതച്ചത്
ചെറിയ ഉള്ളി  - 3-4 എണ്ണം
ആവശ്യത്തിന്‌ ഉപ്പ്, എണ്ണ, കറിവേപ്പില

എന്നാല്‍ ഉണ്ടാക്കിയാലോ?
അച്ചിങ്ങാ പയര്‍ നന്നായി കഴുകി നീളത്തില്‍ മുറിച്ചെടുക്കുക. കുറച്ചു വെള്ളം തളിച്ച്  മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്തു ചെറുതായി വേവിക്കുക. കുറച്ചു കഴിയുമ്പോള്‍ വെള്ളം വറ്റി ഒതുങ്ങും. അപ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുക. ഇനി ഒരു കുഴിയന്‍ ചട്ടിയില്‍  വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്തും ചെറിയ ഉള്ളി അരിഞ്ഞതും കറി വേപ്പിലയും ഇട്ടു ഇളക്കുക. വഴന്നു വരുമ്പോള്‍ മുളക് ചതച്ചതും കൂടി ചേര്ത്തു നന്നായി വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അച്ചിങ്ങാ പയറും കൂടി ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. അച്ചിങ്ങാ മെഴുക്കുപുരട്ടി തയ്യാര്‍. 

(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com) 

വര: മനോജ്കുമാര്‍ തലയമ്പലത്ത്‌ 

പ്രേമ പരവശയായ ചക്കക്കുരു തോരന്‍ 

മായാത്ത ചിരിയും ചെമ്മീന്‍ ഉലര്‍ത്തിയതും 

ഒരു നിറതോക്കും ചൂരക്കറിയും 

ഐ ലവ് യു മാമ്പഴ പുളിശ്ശേരി