ങ്ങനെ അടിയും പിച്ചും തല്ലും കൊണ്ട് എങ്ങനെയൊക്കെയോ ഞാന്‍ എട്ടാം ക്ലാസ്സില്‍ എത്തി. എട്ടാം ക്ലാസ്സില്‍ ലൂക്ക് സാര്‍ ആണ് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍. രസികനായ ഒരു അധ്യാപകനാണ് അദ്ദേഹം. പക്ഷെ അതുപോലെ തന്നെ കര്‍ക്കശക്കാരനും ആണ്. ചിലപ്പോള്‍ ക്ലാസ് റൂമില്‍ സാര്‍ ഉച്ചത്തില്‍ പാട്ട് പാടും, ഞങ്ങളെ കൊണ്ട് കൂടെ പാടിക്കും. മറ്റു ടീച്ചര്‍മാരെ പോലെ എക്സ്ട്രാ ക്ലാസ് എടുത്ത് വെറുപ്പിക്കില്ല. എപ്പോഴും ചിരിക്കും. പലപ്പോഴും ചിരിപ്പിക്കും. 

ഞാന്‍ ക്ലാസ്സില്‍ രണ്ടാമത്തെ ബെഞ്ചില്‍ എന്റെ കൂട്ടുകാരുമൊത്താണ് ഇരിക്കുന്നത്. എന്റെ ബെഞ്ചില്‍ വിവേക് കൃഷ്ണരാജ്, ടോണി കെ. ദാസ്, രമേശ് എസ്. സുഗുണന്‍, മാര്‍കോസ് ലൂക്കോസ്. ഇതില്‍ വിവേക് കൃഷ്ണരാജ് അപാര പഠിത്തക്കാരനാണ്. വര്‍ഷങ്ങളായി ഒന്നാം റാങ്ക് കയ്യാള്ളുന്നവനുമാണ്. അതിന്റെയൊരു സ്ഥാനവും ഗമയും ക്ലാസ്സില്‍ അവനുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്ലാസ്സിലെ  സ്റ്റാര്‍ അഹമ്മദ് ആസാദ് ആണ്. 

ഇച്ചിരി തല്ലിപൊളിത്തരം കൈമുതലായുണ്ട് അഹമ്മദിന്. പണ്ട് തൊട്ടേ വികൃതിയാണ്. എന്‍സിസിയില്‍ അംഗമാണ്. പഠിത്തത്തില്‍ ഇച്ചിരി പുറകോട്ടാണ് എങ്കിലും ബാക്കി കാര്യങ്ങളിലൊക്കെ വളരെ മുമ്പിലാണ്. അവന്‍ എങ്ങനെ സ്റ്റാര്‍ ആയി?

അതൊരു കഥയാണ്... 

പഠിത്തവും കളികളും എല്ലാം പതിവുപോലെ പോകുമ്പോള്‍ ഒരു ദിവസം ലൂക്ക് സാറിനു ആ വിവരം ചോര്‍ന്നു കിട്ടി. അഹമ്മദ് ക്ലാസ്സില്‍ ഒരു നാടന്‍ കൈത്തോക്ക് കൊണ്ട് വന്നിരിക്കുന്നു! അവന്റെ കുടുംബ വീട്ടിലെ മച്ചിലെ ഒരു അറ തുറന്നപ്പോള്‍ കിട്ടിയതാണത്രേ! അവന്റേത് വളരെ പുരാതനമായ കുടുംബമാണ്. അടിയും വെടിയുമൊക്കെ പണ്ട് ഉണ്ടായിരുന്നതാണ്.

സംഭവം ഉള്ളതാണോ? ശരിക്കും തോക്കാണോ? എല്ലാവരും അടക്കം ചോദിച്ചു. ശരിയാണ്, സംഭവം ഉള്ളതാണ്. ഈ ഞാന്‍ എന്റെ കണ്ണുകള്‍ കൊണ്ട് കണ്ടതാണ്. ഡെസ്‌കില്‍ കുഴി കുഴിച്ച് പേന കൊണ്ട് അടിച്ചു 'സൈക്കിള്‍ ബോള്‍ ഗോള്‍ഫ്' കളിക്കുമ്പോള്‍ തെറിച്ചു പോയ സൈക്കിള്‍ ബോള്‍ എടുക്കാന്‍ ക്ലാസ്സിന്റെ പുറകുവശത്തേക്ക് പോയ ഞാന്‍ രഹസ്യമായി കണ്ടതാണ്. അഹമ്മദ് ഒരു ചെറിയ കൈത്തോക്ക് ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന വി രാജുവിനെ കാണിക്കുന്നത്. വി. രാജു ക്ലാസ്സിലെ ഒരു പ്രധാന ഗുണ്ടയാണ്. 

പക്ഷെ ശരിക്കും വെടി വെയ്ക്കുന്ന തോക്കാണോ? ഉണ്ടയുള്ളതാണോ? അറിയാന്‍ വയ്യ! ഏതായാലും സംഗതി വലിയ പുലിവാലായി. കത്തിയും, പിച്ചാത്തിയും ഒന്നുമല്ല! ഒരു കൈത്തോക്ക്. പ്രശ്‌നമാകാതിരിക്കുമോ, പ്രശ്‌നമായി. 

Vallinikkaritta Recipes 10പക്ഷെ സംഭവം ലൂക്ക് സാറിന് ഒറ്റി കൊടുത്തത് ആരാണ്? കണക്കു ക്ലാസ് നടക്കുമ്പോള്‍ ലൂക്ക് സാര്‍ വന്നു ക്ലാസ്സില്‍ കയറി. എന്നിട്ട് ക്ലാസില്‍ അപ്പോള്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ജോസെഫീന്‍ മിസ്സിനെ പുറത്തേയ്ക്ക് വിട്ടു. ശേഷം കനത്തമുഖവുമായി എല്ലാവരെയും ഒന്ന് നോക്കിയിട്ട് കതക് 'ടപ്പേ' എന്ന് അടച്ചു. എല്ലാവരും വിറച്ചു പോയി. മുമ്പിലത്തെ ബെഞ്ചില്‍ ഇരിക്കുന്ന പഠിത്തക്കാരന്മാര്‍ക്ക് ഒന്നും മനസിലായില്ല. 

അല്ലെങ്കിലും ക്ലാസ്സിലെ അണ്ടര്‍ ഗ്രൗണ്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പലപോഴും ഏറ്റവും താമസിച്ച് അറിയുന്നത് ഇവരാണ്. അഹമ്മദ് തോക്ക് കൊണ്ട് വന്നു എന്നും, സാര്‍ ആ കാര്യം അറിഞ്ഞു കഴിഞ്ഞു എന്നും അപ്പോഴേക്കും മിക്കവാറും എല്ലാവര്‍ക്കും മനസിലായി. ക്ലാസിലാകെ നിശബ്ദത. സാര്‍ കസേരയില്‍ ഇരുന്നു കൊണ്ട് ക്ലാസ്സിനെ ആകമാനം വീക്ഷിച്ചു. എനിക്ക് മുള്ളാന്‍ മുട്ടുന്ന പോലെ തോന്നി. 

"അഹമ്മദ് ഇവിടെ വരൂ," തല ചരിച്ചു ക്ലാസ്സിന്റെ ലാസ്റ്റ് ബെഞ്ചില്‍ നോക്കിക്കൊണ്ട് സാര്‍ വിളിച്ചു. അഹമ്മദ് എണീറ്റു. ആ മുഖത്ത് പരമമായ ശാന്തത. 'എന്തിനാ എന്നെ വിളിച്ചേ' എന്ന ഭാവത്തിലുള്ള കണ്ണുകള്‍. "ഇവിടെ വരൂ," അവന്‍ ചെന്നു. 

അമ്മേ! സുരേഷ് ഗോപി സിനിമയിലെ പോലെ ക്രോസ് വിസ്താരം തുടങ്ങി. അഹമ്മദിന് ഒന്നും അറിയില്ല, മനസിലാവുന്നില്ല. "അത് കളിത്തോക്കാണോ അല്ലയോ?" സര്‍ ചോദിച്ചു. "ഏതു തോക്ക്?" നിഷ്‌കളങ്കമായ ഉത്തരങ്ങള്‍. അവന്റെ ബാഗ് വരുത്തി എല്ലാം എടുത്തു പുറത്തു വച്ച് പരിശോധിച്ചു. ഇല്ല, ഒന്നും ഇല്ല. ഇതിപ്പോള്‍ എല്ലാവര്‍ക്കും സംശയമായി, ഇനി അവന്‍ തോക്ക് കൊണ്ട് വന്നില്ലേ? എല്ലാം ഒരു തോന്നലാണോ? 

സാര്‍ വിട്ടില്ല. അദ്ദേഹം ദേഷ്യം കൊണ്ട് ചുവന്നു. ''എല്ലാവരും കൂടെ എന്നെ തോല്‍പ്പിക്കാനാ ഭാവം? നിങ്ങള്‍ എല്ലാവരും ആലപ്പുഴ ജയിലില്‍ പോകും. എടടാ തോക്ക്!'' എന്ന മട്ടിലായി. പിന്നെ ക്ലാസ്സിലെ എല്ലാവരെയും ഓരോരുത്തരെയും ബാഗുമായി അടുത്തേയ്ക്ക് വിളിപ്പിച്ചു പരിശോധിച്ചു. 

നോ രക്ഷ... നോ തോക്ക്!

"നീ കള്ളനല്ലേ, പറയൂ.. നിന്നെ ഞാന്‍ എങ്ങനെ വിശ്വസിക്കും? നിന്റെ ബാപ്പായെ വരെ നീ പറ്റിച്ചിട്ടില്ലേ?" ശരിയാണ്, അങ്ങനെ ഒരു കാര്യമുണ്ട്. പക്ഷെ അതൊരു രണ്ടു മൂന്നു മാസം മുമ്പത്തെ കാര്യമാണ്. കഥയിലെ നായകന്‍ അഹമ്മദിന്റെ ബാപ്പയാണ്. പുള്ളിക്ക് സ്വന്തമായി ഒരു ബുക്ക് ബൈന്‍ഡിങ് യൂണിറ്റുണ്ട്. അഹമ്മദ് ബാപ്പയെ അവധി ദിവസങ്ങളില്‍ ജോലിയില്‍ സഹായിക്കാറുണ്ട്. ഒരിക്കല്‍ ക്ലാസ്സിലെ കുട്ടികളുടെ ടെക്സ്റ്റ് ബുക്ക് ബൈന്‍ഡ് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു അവന്‍ എല്ലാവരുടെയും കൈയില്‍ നിന്ന് പൈസ പിരിച്ചു. ഇന്ന് തരാം, നാളെ തരാം എന്ന് പറഞ്ഞതല്ലാതെ ആരുടേയും ബുക്ക് ബൈന്‍ഡ് ചെയ്തതുമില്ല പൈസ തിരിച്ചു കൊടുത്തതുമില്ല. 

അവസാനം സംഭവം ലൂക്ക് സാര്‍  അറിഞ്ഞു. ആകെ കോലാഹലമായി. അഹമ്മദിന്റെ ബാപ്പയെ സ്‌കൂളില്‍ വിളിപ്പിക്കാന്‍ തീരുമാനിച്ചു. സ്‌കൂളില്‍ വന്നു ക്ലാസ് ടീച്ചറിനെ കാണണം എന്ന് രഹസ്യമായി ഒരു കത്ത് സാര്‍ അവന്റെ വീട്ടില്‍ കൊടുത്തു വിട്ടു. കത്ത് കൊണ്ട് കൊടുത്തത് അന്‍വര്‍ സാദത്ത് ആണ്. ബാപ്പയെ ചുമ്മാ വിഷമിപ്പിക്കേണ്ട എന്ന് കരുതി സാര്‍ കത്തില്‍ എന്തിനാണ് വിളിപ്പിക്കുന്നത് എന്ന് പറഞ്ഞിരുന്നില്ല. കത്തിന്റെ കാര്യം രഹസ്യമായി വയ്ക്കണമെന്നും പറഞ്ഞു.

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. ക്ലാസൊക്കെ തുടങ്ങി ഒരു പത്തു പത്തരയായി കാണും. അഹമ്മദിന്റെ ബാപ്പ ദേ ഒരു സൈക്കിളില്‍ സ്‌കൂളില്‍ എത്തുന്നു, എന്നിട്ട് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനു സമീപമായി സൈക്കിള്‍ സ്റ്റാന്‍ഡില്‍ ഇട്ടു നില്‍ക്കുന്നു. പീരീഡ് ബ്രേക്ക് ആയപ്പോള്‍ അഹമ്മദ് ഓടി ബാപ്പയുടെ അടുത്തേയ്ക്ക് പോയി. പിന്നെ തിരിച്ചു വന്നു എല്ലാവര്‍ക്കും അവരില്‍ നിന്നും മേടിച്ച പൈസ തിരിച്ചു നല്‍കി. അവന്റെ ബാപ്പ സാറിനെ കണ്ടില്ല, സാര്‍ ബാപ്പയെയും. "എന്റെ ബാപ്പക്ക് നിറയെ ബൈന്‍ഡിങ് പണിയുണ്ട്. അതാ ടെക്സ്റ്റ് ബുക്ക് ചെയ്യാന്‍ പറ്റാഞ്ഞേ... ബാപ്പക്ക് സമയമില്ല. എല്ലാരുടെയും പൈസ ബാപ്പ തിരിച്ചു തന്നില്ലേ? പോരെ?"

കാര്യം, അതങ്ങനെ അവസാനിച്ചതായിരുന്നു. പക്ഷെ പന്തടിച്ച പോലെ അത് വീണ്ടും പൊങ്ങി. അഹമ്മദിന്റെ നിര്‍ഭാഗ്യം, അല്ലാതെ എന്ത് പറയാന്‍? ഒരിക്കല്‍ തന്റെ സ്‌കൂട്ടര്‍ പഞ്ചര്‍ ആയപ്പോള്‍ ലൂക്ക് സാര്‍ കേറിയത് അവന്റെ ബാപ്പയുടെ ബൈന്‍ഡിങ് യൂണിറ്റിന്റെ തൊട്ടടുത്ത കടയില്‍. കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ അഹമ്മദിന്റെ ബാപ്പ സാറിനോടായി ഇങ്ങനെ പറഞ്ഞു, "സാറേ, ഞങ്ങള്‍ പാവങ്ങളെ ഇങ്ങനെ പിരിക്കല്ലേ! സ്‌കൂളിന്റെ നൂറാം വാര്‍ഷിക ആഘോഷം എന്നും പറഞ്ഞു എന്റെ കൈയില്‍ നിന്നും മേടിച്ചെടുത്തത് രൂപാ ആയിരത്തി അഞ്ഞൂറാ. വന്നു കാണണം എന്നും പറഞ്ഞു കത്ത് കൊടുത്തപ്പോഴേ ഞാന്‍ വിചാരിച്ചു. അന്ന് സാറിനെ കണ്ടിരുന്നെങ്കില്‍ കൂടുതല്‍ പൈസാ പൊട്ടിയേനെ. എന്റെ കൊച്ചിന്റെ കൈയില്‍ പൈസ കൊടുത്ത കൊണ്ട് രക്ഷപെട്ടു". 

Vallinikkaritta Recipes 10അപ്പോള്‍ അങ്ങനെയാണ് കഥ. അഹമ്മദ് എല്ലാവരെയും സമര്‍ത്ഥമായി പറ്റിച്ചു. നൂറാം വാര്‍ഷിക പിരിവിനു വേണ്ടിയാണ് ബാപ്പയെ വിളിപ്പിച്ചതെന്നും, നേരില്‍ കണ്ടാല്‍ കൂടുതല്‍ പൈസ ചോദിക്കുമെന്നും പറഞ്ഞു അവന്‍ ബാപ്പയെ വിശ്വസിപ്പിച്ചു. ബാപ്പയുടെ കൈയില്‍ നിന്നും മേടിച്ച പൈസയാണ് അവന്‍ എല്ലവര്‍ക്കും വീതിച്ചു കൊടുത്തത്. എങ്ങനെയുണ്ട് ബുദ്ധി? ഈ കഥയാണ് സാര്‍ ഇപ്പോള്‍ ഉദ്ധരിക്കുന്നത്!

ഏതായാലും തോക്ക് പരിശോധന ഒന്നും ഫലവത്തായില്ല. അവസാനം, ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉച്ചയൂണിന് ബെല്ലടിച്ചു. തോക്ക് ഉണ്ടോ ഇല്ലയോ, ആര്‍ക്കും അറിഞ്ഞു കൂടാ! വിശപ്പുള്ളതു കൊണ്ട് എല്ലാവരും ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. സാറും പോയി. ഞാനും തടിയന്‍ ജോബിയും മാര്‍കോസും കൂടിയാണ് സാധാരണ ഊണ് കഴിക്കാറ്. ഇതില്‍ ജോബി ഒരു ഭക്ഷണ പ്രാന്തനാണ്. നാല് അടുക്കാണ് അവന്റെ കറിപ്പാത്രം. ഇപ്പോള്‍ ജോബിയുടെ കുഞ്ഞമ്മ പ്രസവം കഴിഞ്ഞു താല്‍ക്കാലികമായി എന്തോ കാരണത്താല്‍ അവന്റെ വീട്ടില്‍ നില്‍ക്കുകയാണ്. 

ജോബിയുടെ അഭിപ്രായത്തില്‍ അവന്റെ കുഞ്ഞമ്മ ഒരു പാചകറാണിയാണ്. അത് കുറച്ചു നാളായി ജോബിയുടെ ശരീരത്തില്‍ കാണാനുമുണ്ട്. ഈ കുഞ്ഞമ്മയുടെ ഭര്‍ത്താവിനു സ്വന്തമായി എവിടെയോ കള്ളുഷാപ്പുണ്ട്. ഇന്ന് അവര്‍ ഷാപ്പിലൊക്കെ ഉണ്ടാക്കുന്നതു പോലത്തെ ചൂരക്കറി ഉണ്ടാക്കി കൊടുത്തു വിട്ടിരിക്കുവാണ്. ഞാന്‍ ഒരിക്കല്‍ ഈ കറി തിരുവല്ലയിലുള്ള എന്റെ ആന്റിയുടെ  വീട്ടില്‍ നിന്നും കഴിച്ചിട്ടുണ്ട്. അന്ന് രുചി പിടിച്ചതാണ്. പിന്നീടൊന്നു കഴിക്കാനും പറ്റിയില്ല. ഇന്ന് രാവിലെ ജോബി എന്നോട് പറഞ്ഞതാണ് കറിയുടെ കാര്യം. അപ്പോഴേ ഞാന്‍ പറഞ്ഞു കാര്യങ്ങള്‍ ബുക്ക് ചെയ്തിരുന്നു.

ഞാന്‍ എന്റെ ചോറ് പാത്രം തുറന്ന് അക്ഷമനായി ഇരിക്കുകയാണ്. മാര്‍കോസ് വെജിറ്റേറിയന്‍ ആയതുകൊണ്ട് കറി കൊണ്ടു പോകും എന്ന് പേടിയില്ല. ജോബി ആദ്യം അവന്റെ ചോറ് പൊതി തുറന്നു. എന്നിട്ട് തട്ട് തട്ടായിട്ടുള്ള കറിപ്പാത്രം ഓരോന്നായി തുറന്നു ചുറ്റും നിരത്തി. പയര്‍ തോരന്‍, അവിയല്‍, മാങ്ങാ അച്ചാര്‍, പപ്പടം, കൊണ്ടാട്ടം, കട്ടിത്തൈര് പിന്നെ ഏറ്റവും വലിയ തട്ടില്‍ ചൂരക്കറിയും! അവന്റെ കുഞ്ഞമ്മ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന സ്‌പെഷ്യല്‍ കറി പാത്രമാണ്, ഒട്ടും ചൂട് പുറത്തു പോവില്ല. 

അവന്‍ മീന്‍ കറിയില്‍ കൈയിട്ടു മുകളിലത്തെ വലിയ മീന്‍ കഷണം എടുത്തു സ്വന്തം പാത്രത്തില്‍ വച്ചു എന്നിട്ട് പാത്രം എനിക്ക് നീട്ടി. കൊതിയോടെ നോക്കിയപ്പോള്‍ താഴെയായി ഒരു വലിയ മീന്‍ കഷണം. അമ്പടാ! ഞാന്‍ അതിന്റെ വാലില്‍ പിടിച്ചു പൊക്കി! 

ഒരു നിമിഷം, ലോകം സ്തംഭിച്ചുവോ? 

എന്റെ കൈയില്‍ ഒരു തോക്ക്! എണ്ണയില്‍ മുങ്ങി കറി ഒലിപ്പിച്ചു കൊണ്ട് ഒരു കറുത്ത കൈ തോക്ക്. "ദേഏഏഏഎ... തോക്ക്!" മാര്‍കോസ് അലറി. ഞാന്‍ പേടിച്ചു വിറച്ചുപോയി. എല്ലാവരും ചാടി എണീറ്റു. മാര്‍കോസ് അമറിക്കൊണ്ട് ചാടി എണീറ്റു. മാര്‍കോസിന്റെ കൂക്കി വിളികേട്ട് പിള്ളേര്‍ ഓടിക്കൂടി. ആകെപ്പാടെ തിക്കും തിരക്കും ഉന്തും തള്ളും! ചൂരക്കറിയും തോരനും അവിയലുമെല്ലാം കൂടി ദാ കിടക്കുന്നു താഴെ! ലൂക്ക് സാര്‍ ഓടി വന്നു, ഹെഡ്മാസ്റ്റര്‍ വന്നു, പ്യൂണ്‍മാര്‍ നാലും വന്നു. എനിക്ക് തലചുറ്റി. എന്റെ കൈയില്‍ നിന്നും തോക്ക് താഴെ വീണു. 

"കളിത്തോക്കാണ്", ചൂരല്‍ കൊണ്ട് കുത്തി നോക്കിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. ലൂക്ക് സാര്‍ അപ്പോള്‍ തന്നെ ക്ലാസിന്റെ മൂലയ്ക്ക് ഒന്നും അറിയാത്ത പോലെ ഊണ് കഴിച്ചു കൊണ്ടിരുന്ന അഹമ്മദിന്റെ ചെവിക്കു പിടിച്ച് എണീപ്പിച്ചു. "എടെടാ! അതെടുക്കെടാ," സാര്‍ അവനോടു പറഞ്ഞു. കൈത്തോക്ക് ഇടത്തെ കൈയില്‍ പിടിച്ചു അഹമ്മദും, അവന്റെ ചെവിക്കു പിടിച്ചു കൊണ്ട് ലൂക്ക് സാറും, അവര്‍ക്ക് പിന്നാലെ വരിവരിയായി ആര്‍ത്തലയ്ക്കുന്ന ഒരു കൂട്ടം കുട്ടികളും ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് പോയി. എല്ലാം അലങ്കോലമായി.

ഈ തോക്ക് മീന്‍ കറിയില്‍ എങ്ങനെ വന്നു? എനിക്ക് ആകപ്പാടെ സങ്കടവും ദേഷ്യവും വന്നു. എത്രനാള്‍ കൊതിച്ചതാണ് ഒരു ചൂരക്കറി. എല്ലാം പോയില്ലേ! തിരിഞ്ഞു നോക്കിയ ഞാന്‍ കാണുന്നത് താഴെ കിടക്കുന്ന മീന്‍ കഷണം എടുത്തു പാത്രത്തില്‍ തിരിച്ചുവെയ്ക്കുന്ന ജോബിയെയാണ്. 

ചൂരക്കറി Vallinikkaritta Recipes 10ജോബി അന്നു കൊണ്ടുവന്ന പോലത്തെ ചൂരക്കറി പിന്നീടു ഞാന്‍ കഴിക്കുന്നത് കുട്ടനാട്ടിലെ കള്ളുഷാപ്പുകളില്‍ നിന്നാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരുമൊത്ത് ഷാപ്പില്‍ നിന്നും ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോള്‍ ചൂരക്കറി എന്റെ പൊടിമീശ എരിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഊണ് കഴിഞ്ഞ് നല്ല ചൂടുള്ള കഞ്ഞിവെള്ളം കുടിയ്ക്കുമ്പോള്‍. പുളിശ്ശേരിയും ചൂരക്കറിയും വിരുദ്ധ ആഹാരങ്ങളാണെന്ന് ആളുകള്‍ പറയുമെങ്കിലും അത് നല്ല ബെസ്റ്റ് കോമ്പിനേഷനാണ്.

ആവശ്യമുള്ള സാധനങ്ങള്‍
ചൂര മീന്‍- 1/2 കിലോ 
മുളകുപൊടി- 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍ 
വെളുത്തുള്ളി- 8 അല്ലി, നന്നായി നുറുക്കിയത്
ഇഞ്ചി- ഒരു കഷണം, നന്നായി നുറുക്കിയത്
ചുവന്നുള്ളി- അരക്കപ്പ്, ചെറുതായി അരിഞ്ഞത് 
കുടംപുളി- 3 എണ്ണം
ഉലുവാപ്പൊടി- അര ടീസ്പൂണ്‍ 
കടുക്- ആവശ്യത്തിന് 
കറിവേപ്പില 2 തണ്ട് 
വെളിച്ചെണ്ണ ആവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന് 

എന്നാല്‍ ഉണ്ടാക്കിയാലോ?
മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വലുപ്പത്തില്‍ മുറിച്ചെടുക്കുക. കുറച്ച് ഉപ്പുവെള്ളത്തില്‍ കുടംപുളി കുതിര്‍ത്തു വയ്ക്കുക. മുളകുപൊടിയും മഞ്ഞള്‍പൊടിയും അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പാക്കുക. ഇനി ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയിടുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. അരിഞ്ഞ ചെറിയ ഉള്ളി ചേര്‍ത്ത് സ്വര്‍ണ നിറമാവും വരെ വറുക്കുക. മുളക്- മഞ്ഞള്‍ പേസ്റ്റ് ചേര്‍ത്ത് എണ്ണ തെളിയും വരെ ഇളക്കുക. 

ഇതിലേക്ക് അരക്കപ്പ് വെള്ളവും കുടംപുളി പിഴിഞ്ഞവെള്ളവും കൂടി ചേര്‍ക്കണം. തിള വന്നതിനു ശേഷം മീന്‍കഷണങ്ങള്‍ ചേര്‍ക്കാം. ഇനി ഇതില്‍ ഉലുവാപ്പൊടി ചേര്‍ത്ത് പത്തു മിനുട്ട് ചെറുതീയില്‍ വേവിക്കാം. വേണമെങ്കില്‍ ഇപ്പോള്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. അടുപ്പില്‍ നിന്ന് വാങ്ങുന്നതിന് മുന്‍പ് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക. കുറച്ച് നേരം അടച്ച് വെച്ചതിനു ശേഷം വേണം അടുപ്പില്‍ നിന്നും വാങ്ങാന്‍. 

(കൊച്ചിയിലെ ഐഡിയ സ്‌പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com)
വര: ദേവപ്രകാശ് 

വള്ളിനിക്കറിട്ട കൂടുതല്‍ റെസിപ്പികള്‍ വായിക്കാം

ഐ ലവ് യു മാമ്പഴ പുളിശ്ശേരി

ഒരു ഇഞ്ചിക്കറി ഗദ്ഗദം

പോലീസ് പിടിച്ച മീന്‍പീര! 

ഊരിപ്പോയ നിക്കറും ഞണ്ടുകറിയും

ഉള്ളിത്തീയലും ഹിന്ദി ട്യൂഷനും തമ്മിലുള്ള അന്തര്‍ധാര! 

മീന്‍കറിയുടെ എരിവും തോല്‍വിയുടെ പുളിയും! 

മഴക്കാലവും മീന്‍ മപ്പാസും 

കശുവണ്ടി കുമ്പസാരവും ഞായറാഴ്ച ബീഫും... 

'ഹോ! എന്തായിരുന്നു ആ കാലം!