ര്‍ഷത്തില്‍ ഒരിക്കല്‍ നാടകമെന്ന കല ഞങ്ങളെയെല്ലാം ആവേശിക്കും. വാളും വാള്‍ പയ്യറ്റും കിരീടവും... എല്ലാം കൂടി പൊടി പൂരം!

ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ എന്റെ ഒരു കസിന്റെ വീടുണ്ട്. അവിടെ എല്ലാ മാസവും ചിത്ര മഞ്ജുഷ ചിത്രകഥയും പൂമ്പാറ്റ അമര്‍ ചിത്രകഥയും ബാലരമയുമൊക്കെ വാങ്ങിക്കും. പിന്നെ അമ്പിളി അമ്മാവന്‍ എന്ന ഒരു കുട്ടികളുടെ മാസികയും. ഇവയെല്ലാം ഞങ്ങളുടെ വീട്ടിലോട്ടു ചേച്ചിയും ഞാനും കൂടി വായിക്കാനായി എടുത്തോണ്ട് വരും. ടിവി പ്രചാരത്തില്‍ ഇല്ലാത്തതുകൊണ്ട് ഈ പുസ്തകങ്ങളായിരുന്നു അന്ന് ഞങ്ങളുടെ ഭാവനയെ ത്രസിപ്പിച്ചിരുന്നത്.

പള്ളിയുമായി ബന്ധപ്പെട്ട് വേദപാഠ ക്ലാസ്സിന്റെ ആനിവേഴ്സറിക്ക് നാടക മത്സരത്തിന് രാജാവിനും പട്ടാളക്കാരനും കൊള്ളക്കാരനും ഞങ്ങള്‍ ഉടയാടകള്‍ തീരുമാനിക്കുന്നത് ഈ ചിത്രകഥകള്‍ നോക്കിയാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ബൈബിള്‍ കഥകളിലെ സീസറിനെയും റോമാ ചക്രവര്‍ത്തിയേയും കണ്ടാല്‍ അക്ബറിനെയും റാണാ പ്രതാപ് സിങ്ങിനെപ്പോലെയും ഒക്കെ ഇരിക്കും. മൊത്തം ഒരു ലോക്കല്‍ സെറ്റപ്പ്!

രാജാവും രാജാപാര്‍ട്ടുമെല്ലാം എനിക്ക് അല്ലെങ്കില്‍ തന്നെ ഇഷ്ടമാണ്. എനിക്ക് സ്വന്തമായി അമ്പും വില്ലും വാളും ശൂലവും ഒക്കെയുണ്ട്. മടല് ചെത്തിമിനുക്കി സില്‍വര്‍ പേപ്പര്‍ ഒട്ടിച്ച് ഞാന്‍ എല്ലാം ഭംഗിയായി ഉണ്ടാക്കിയിട്ടുണ്ട്.

സമയം കിട്ടുമ്പോഴെല്ലാം കശുമാങ്ങ ലക്ഷ്യമാക്കി അമ്പെയ്ത് പ്രാക്ടീസ് ചെയ്യാറുണ്ട്. അര്‍ജുനനെ പോലെ കശുമാങ്ങയുടെ ഞെട്ട് അമ്പെയ്തു വീഴ്ത്താന്‍ എനിക്ക് കഴിയും എന്ന് ഞാന്‍ എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടായിരുന്നു. ഏതായാലും തെങ്ങിനും, ചെടിക്കുമെല്ലാം മോട്ടോര്‍ വെച്ച് നനയ്ക്കുമ്പോള്‍ ഞാന്‍ പൂര്‍ണ ആയുധപാണിയായിരിക്കും.

എന്നുവച്ചാല്‍ വലതു കൈയില്‍ വെള്ളം നനയ്ക്കുന്ന ഓസ്, ഇടത്തെ കൈയില്‍ കമ്പ് വലിച്ചു കെട്ടിയുണ്ടാക്കിയ വില്ല്, ട്രൗസറിന്റെ ബെല്‍റ്റ്‌ലൂപില്‍ കൂടി താഴോട്ട് ഇട്ടിരിക്കുന്ന ഉടവാള്‍, മുതുകത്ത് കെട്ടിത്തൂക്കിയ കോഴിത്തൂവല്‍ ഘടിപ്പിച്ച അമ്പുകള്‍ എന്നിങ്ങനെ. 

mathi meen peeraഒരിക്കല്‍ കുറെ നാള്‍ പനിയായത് കൊണ്ട് ഹിന്ദി ക്ലാസ്സില്‍ പോകാത്തത് കാരണം സരോജിനിയമ്മ ടീച്ചര്‍ പറഞ്ഞുവിട്ടതിനുസരിച്ചു എന്നെ കാണാന്‍ വന്ന സഹപാഠികള്‍ കണ്ടത് ഒരു ട്രൗസര്‍ മാത്രം ഇട്ട് പൂര്‍ണ ആയുധധാരിയായി നില്‍ക്കുന്ന എന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടും കണ്ടു. രണ്ടു കൂട്ടരും വാ പൊളിച്ചു. എനിക്ക് ഓടിപ്പോയി ഒരു ഷര്‍ട്ട് ഇടാനുള്ള അവസരം പോലും കിട്ടിയില്ല.

അവരെല്ലാം ചിരിച്ചു കൊണ്ട് എന്റെ മുറ്റത്തേക്ക് കയറിവന്നു. വായും പൊളിച്ചു ഞാന്‍ അങ്ങനെ നില്‍ക്കുവാണ്. മറക്കമ്പ് വലിച്ചു കെട്ടി ഉണ്ടാക്കിയ എന്റെ വില്ലിന്റെ ഞാണ്‍ പിടിച്ചു നോക്കി ആശ ഐസക് എന്റെ ചെവിയില്‍ പറഞ്ഞു. "സൂപ്പര്‍ ആയിട്ടുണ്ടല്ലോ, ടാര്‍സനെ പോലെയുണ്ട്." ഞാന്‍ ആകെ ചമ്മി ചൂളിപോയി.

കളികളിലെല്ലാം തന്നെ രാജാവും യുദ്ധവുമാണ് ഉണ്ടാവുക. അയല്‍പക്കത്തെ കുട്ടികളെ വിളിച്ചുവരുത്തി സൈന്യമുണ്ടാക്കി യുദ്ധത്തിനു പ്ലാന്‍ ഇടും. യുദ്ധമെന്ന് പറഞ്ഞാല്‍ അമ്പും വില്ലും കുന്തവും വാളുമൊക്കെയായി ശത്രുവായി പ്രഘ്യാപിക്കപ്പെട്ട ഒരു തെങ്ങിനെയൊ മരത്തിനെയോ  ആക്രമിക്കും. തെങ്ങിനെ ഞങ്ങള്‍ എല്ലാം കൂടെ വളഞ്ഞിട്ടാണ് ആക്രമിക്കുക. എല്ലാരും കൂടി ഒച്ചയെടുത്ത് ഓടിച്ചാടി വന്ന് തെങ്ങിനിട്ട് വെട്ടും കുത്തും. 

കൂട്ടത്തില്‍ ഏറ്റവും ധീരനായ ഞാന്‍ മുന്നില്‍ നിന്ന് തന്നെ പട നയിക്കും. ഒരു രണ്ടു- മൂന്നു മിനിറ്റ് കഴിഞ്ഞ് തെങ്ങ് ചത്തതായി കരുതി ചിത്രകഥയില്‍ കണ്ടിട്ടുള്ളത് പോലെ വിജയാരവം മുഴക്കും. മരിച്ചതായി കരുതി ഒന്നു രണ്ടു പേരെ സൈന്യത്തില്‍ നിന്നും പുറത്താക്കും. പണ്ട് കുടുംബസമേതം ആലപ്പുഴ ബീച്ചില്‍ പോയപ്പോള്‍ കിട്ടിയ ഒരു ശംഖ് ഊതി യുദ്ധ സമാപനം കുറിക്കാന്‍ ചേട്ടന്‍ പല തവണ നോക്കിയിട്ടുണ്ട്. പക്ഷെ ചേട്ടന്‍ ശംഖ് ഊതുമ്പോള്‍ കാറ്റ് മാത്രമേ വരൂ, ശബ്ദം ഉണ്ടാവില്ല.

ചേട്ടന്‍ പറഞ്ഞു, "ഈ പരിപാടി ബോറാണ്. നമുക്ക് ശരിക്കും ഒരു ത്രില്‍ വേണം. ഒരു യഥാര്‍ത്ഥ ആക്രമണം നടത്തണം." ശരിയാണ്. എത്ര നാളെന്നു വെച്ചാണ് ഒരു തെങ്ങിനെ ഇങ്ങനെ ആക്രമിക്കുക? എന്റെ മനസ്സില്‍ കൂടിയും ഈ ചിന്ത പോയിട്ടുണ്ട്. പക്ഷെ ആരെ ആക്രമിക്കും? 

അപ്പുറത്തെ വീട്ടിലെ മുത്ത് പറഞ്ഞു, "നമുക്ക് കള്ള് ചെത്തുവാന്‍ വരുന്ന ജോസഫ് ചേട്ടനെ ആക്രമിച്ചാലോ? അയാള്‍ക്ക് കോങ്കണ്ണുണ്ട്, മുശുക്ക് നാറ്റവുമാണ്." എല്ലാവര്‍ക്കും അത് സ്വീകാര്യമായി തോന്നി. കൊള്ളം, നല്ല ഐഡിയ. അയാളെ ആര്‍ക്കും ഇഷ്ടമല്ല. കുട്ടികളെ കാണുമ്പോള്‍ അയാള്‍ ചിരിക്കില്ല. പക്ഷെ എങ്ങനെ ആക്രമിക്കും? പ്ലാന്‍ ഉണ്ടാക്കേണ്ടതായിട്ടുണ്ട്. ഇന്ദ്രജാല്‍ കോമിക്സിലെ പൗരസംരക്ഷണ സേന ഡിറ്റക്റ്റീവ് ബഹാദൂറിന്റേതു പോലെ ഒരു ഫൂള്‍ പ്രൂഫ് പ്ലാന്‍! ചേച്ചിയോട് ചോദിച്ചാലോ? 

mathi meen peera"എടാ മണ്ടാ! അയാള്‍ നിങ്ങളെയെല്ലാം വെട്ടിക്കൊല്ലും. നല്ല ആളെയാ നിങ്ങള്‍ ആക്രമിക്കാന്‍ പോകുന്നത്!" കിണറിന്റെ കരയില്‍ ഇരുന്നു ഇലമ്പന്‍ പുളി തിന്നുകൊണ്ടിരുന്ന ചേച്ചി ഞങ്ങളോടായി പറഞ്ഞു. ദൈവമേ! ശരിയാണല്ലോ. ജോസഫ് ചേട്ടന്റെ അരയിലെ ബെല്‍റ്റില്‍ കള്ളുചെത്തുന്ന കത്തി ഞാന്‍ കണ്ടിട്ടുണ്ട്. "അയാള്‍ കത്തിയെടുത്തു നിന്നെയൊക്കെ ശരിപ്പെടുത്തും. കമ്പും കോലുമൊക്കെയായി യഥാര്‍ഥ കത്തിയുടെ മുമ്പിലോട്ടു ചെന്നാമതി! അതു മാത്രമല്ല , അയാള്‍ ചില്ലപ്പോള്‍ കള്ളു കുടിച്ചിട്ടുണ്ടാവും. മദ്യലഹരില്‍ അയാള്‍ക്ക് എന്തും ചെയ്യാം. പോലീസ് കേസ് എടുക്കില്ല," ആണോ? ശരിയാണോ? കള്ളുകുടിയന്മാര്‍ക്ക് ആരെയും വെട്ടിക്കൊല്ലാമോ? ശരിയാവും, ചേച്ചി പറയുന്നതാണ്! പുസ്തകങ്ങള്‍ വായിക്കുന്നത് കൊണ്ട് ചേച്ചിക്ക് ഒരുപാടു കാര്യങ്ങള്‍ അറിയാം.

അങ്ങനെ ജോസഫ് ചേട്ടനെ ആക്രമിക്കാനുള്ള പരുപാടി ഞങ്ങള്‍ തല്ക്കാലം റദ്ദാക്കി. കുറച്ചു കൂടി ശക്തികുറഞ്ഞ ഒരു ഇരയെ കണ്ടുപിടിക്കണം. കണ്ടു പിടിച്ചു! ചക്കയപ്പം കൊണ്ട് നടന്നു വില്‍ക്കുന്ന കൊച്ചു ഗോപി. ആക്രമിക്കുകയും ചെയ്തു. പക്ഷെ ആക്രമിച്ചത് ഗോപിയാണ്! അടി കൊണ്ടത് ഞങ്ങള്‍ക്കും! ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.

അന്ന് ഉച്ചയ്ക്ക് ഫുഡ്ഡൊക്കെ അടിച്ചിട്ടു ഞാന്‍ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. നല്ല വെയിലും ചൂടും. ദൂരെ എന്റെ അയല്‍പക്കത്തുള്ള കൂട്ടുകാരൊക്കെ മണ്ണില്‍ കളിക്കുന്നത് കാണാം. ചേട്ടനും ചേച്ചിയും വീട്ടിലില്ല, എവിടെയോ പോയിരിക്കുകയാണ്. അമ്മ അടുക്കളയില്‍ പാത്രങ്ങളുമായി മല്ലിടുന്ന ശബ്ദം കേള്‍ക്കാം. 

അപ്പോള്‍ ദൂരെ നിന്നും ഒരു വിളി കേട്ടു. 'ചക്കയപ്പം, ചക്കയപ്പം വേണോ? രൂപയ്ക്ക് അഞ്ച് ചൂടന്‍ ചക്കയപ്പം", കൊച്ചു ഗോപിയാണ്. കൊച്ചു ഗോപിക്ക് പൊക്കമില്ല. മുരടിച്ചു പോയതാണ്. കൊച്ചു ഗോപിയുടെ അമ്മ ഗര്‍ഭിണിയായിരുന്നപ്പോള്‍ പേടി തട്ടിയത് കൊണ്ടാണ്. പണ്ട് അവര്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ എന്തോ ഒരു ദീനം വന്നു, കലശലായ ദീനം. അന്ന് പറവൂര്‍ ഉള്ള ഏതോ ഒരു പ്രമാദ വൈദ്യനാണ് അവരെ ചികിത്സിച്ചത്. വൈദ്യന്‍ അവര്‍ക്ക് കഷായമോ മറ്റോ കുടിക്കാന്‍ കൊടുത്തു. പക്ഷെ ഒരു കാര്യം, രാത്രി ആറു മണി കഴിഞ്ഞ് ഒരു കാരണവശാലും വീടിനു പുറത്തിറങ്ങാന്‍ വയ്യ! പാവം!  

ഒരു ദിവസം രാത്രി ഏതാണ്ട് എട്ട് എട്ടര ആയിക്കാണും. കൊച്ചുഗോപിയുടെ അമ്മയ്ക്ക് മൂത്രമൊഴിക്കാന്‍ മുട്ടി. അവര്‍ ചൂട്ടു കത്തിച്ച് പുറത്തേയ്ക്കിറങ്ങി. ഒന്ന് മുന്നോട്ട് നടന്നതേയുള്ളൂ. ദേ, നില്‍ക്കുന്നൂ ഇരുട്ടിന്റെ മറവില്‍ 'ഒടിയന്‍'. ഒടിയന്‍, ദേഹത്തൊക്കെ പൂടയുള്ള, രണ്ടു കാലിലും മന്തൊക്കെയുള്ള ഒരു കരിംഭൂതമാണ്! ആരാ പേടിക്കാതിരിക്കുക? കൂകി വിളിച്ചു കൊണ്ട് അവര്‍ മറഞ്ഞു വീണു. ഒന്നു രണ്ടാഴ്ച പനിച്ചു കിടന്നു. കൊച്ചു ഗോപിയെ പ്രസവിച്ചപ്പോള്‍ തന്നെ കറുത്ത് ഉരുണ്ടിരിക്കുവായിരുന്നു. ദേഹത്തൊക്കെ പൂടയും ഉണ്ടായിരുന്നു. ഇതൊക്കെ എന്നോട് പറഞ്ഞു തന്നത് അയല്‍പക്കത്തെ സന്തോഷ് ചേട്ടനാണ്. എട്ടു മണികഴിഞ്ഞു ഞാനും മുള്ളാന്‍ മുട്ടിയാല്‍ പുറത്തിറങ്ങാറില്ല. എങ്ങനെയെങ്കിലും പിടിച്ചിരുന്ന് അഡ്ജസ്റ്റ് ചെയ്യും. ഒടിയനെ കണ്ടാല്‍ ഞാന്‍ പേടിച്ചു ചത്തു പോകും, ഉറപ്പ്.

കൊച്ചു ഗോപിയെ ആക്രമിക്കാന്‍ തീരുമാനിച്ചിരുന്ന കാര്യം പെട്ടന്ന് എന്റെ മനസിലെത്തി. ഞാന്‍ ഓടിച്ചെന്നു മണ്ണില്‍ ഉരുണ്ടുകൊണ്ടിരുന്ന എന്റെ കൂട്ടുകാരോട് കാര്യം പറഞ്ഞു. എല്ലാരും കൂടി ചടപടേന്ന് കാര്യം തീരുമാനിച്ചു. "അമ്പും വില്ലുമൊന്നും എടുക്കാന്‍ സമയമില്ല, ചുമ്മാ ചാടി വീണു പേടിപ്പിക്കാം," ഞാന്‍ പറഞ്ഞു. എല്ലാവരും സമ്മതിച്ചു. ഞങ്ങളല്ലാവരും വഴിക്കിരുവശവുമുള്ള പൊന്തയിലും ചേമ്പു കാട്ടിലും മറ്റുമൊക്കെയായി ഒളിച്ചു. 

"ചക്കയപ്പം വേണോ?" വിളിച്ചുകൊണ്ട് കൊച്ചുഗോപി വരികയാണ്!

ആദ്യം ചാടിവീണത് ശ്രീജേഷാണ്! 'ബാ...' എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് തെങ്ങിന്റെ  മറവില്‍ നിന്നും അവന്‍ ചാടി ചെന്നു. ഒപ്പം തന്നെ ജസ്റിനും, മുത്തും പൊന്തക്കാട്ടില്‍ നിന്നും 'ഗ്രാ' എന്നലറിവിളിച്ചു പാഞ്ഞു ചെന്നു. പെട്ടന്നുള്ള അപ്രതീക്ഷിതമായ ഈ ഒച്ചയും ബഹളവും കേട്ട് ഗോപി പേടിച്ചു പോയി. ചക്കയപ്പ കൊട്ട താഴെ വീഴാതെ അയാള്‍ മുറുക്കെപ്പിടിച്ചു. പറ്റിയ തക്കം! ഞാന്‍ കുതിച്ചെഴുന്നേറ്റു. കൊച്ചു ഗോപിയുടെ നേരെ പാഞ്ഞു ചെന്നു.

പിന്നെ എല്ലാം സ്ലോ മോഷന്‍...

ഓടിയടുക്കുന്ന ഞാന്‍ കൊച്ചു ഗോപി ഇടത്തെ കൈകൊണ്ട് കുനിഞ്ഞ് ഒരു മടലെടുക്കുന്നത് കാണുന്നു. അപകടം മണത്തുവെങ്കിലും ഒന്നും ചെയ്യാനില്ല. അത്ര അടുത്ത് ഞാന്‍ എത്തിക്കഴിഞ്ഞു. ഒളിമ്പിക്സ് മത്സരങ്ങളില്‍ ഹാമര്‍ത്രോ ചെയ്യുമ്പോള്‍ കറങ്ങുന്ന പോലെ കറങ്ങി ഗോപി മടല്‍ കൊണ്ട് ഒറ്റ അടി. 

mathi meen peeraഅടി കൊണ്ടത് എന്റെ മുഖത്തിനാണ്. മൂക്കും വായും അടച്ച് ഒരടി കിട്ടിയപ്പോള്‍ എന്റെ ചെവിയില്‍ കൂടി കാറ്റ് 'രമേശ്' എന്നോ മറ്റോ പറഞ്ഞു പുറത്തു ചാടി. ഒരു എരുവ് ടേസ്റ്റ് എന്റെ തൊണ്ടയില്‍ കൂടെ താഴോട്ടു പോയി! ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ എല്ലാം നിലച്ചു. കക്ഷത്തിനടിയില്‍ ഒരു ചൂട് പോലെ. യോഗ ചെയ്താല്‍ മാത്രം കിട്ടുന്ന ഒരു ദിവ്യപ്രഭ എന്റെ തലയ്ക്കു ചുറ്റും പൊങ്ങിത്താണ് കറങ്ങുന്നത് ഞാന്‍ കണ്ടു. നല്ല പെരുപ്പ്. ദൂരെയെവിടെയോ ആര്‍ക്കോ ഒരു ചെറിയ വേദന പോലെ. എനിക്കാണോ വേദന? ആ! അറിയില്ല. ഞാനും പ്രപഞ്ചവും കൂടെ ഒന്നായിരിക്കുന്നു. സുഖം! സ്വസ്ഥം! ഞാന്‍ മുട്ടുകുത്തി ഇരുന്നു പോയി.

അമ്മയുടെ ഒച്ചകേട്ടാണ് ഞാന്‍ കണ്ണുതുറന്നത്. മുട്ട് കുത്തി നില്‍ക്കുന്ന എന്നോട് അമ്മ എന്തോ ചോദിക്കുന്നുണ്ട്. ഭയങ്കര വേദന. മുഖത്ത് ആരോ തീ ഒഴിച്ച പോലെ! ചുറ്റും ആരൊക്കെയോ കരഞ്ഞു കൊണ്ട് ഓടുന്ന ശബ്ദം. എന്നെ എണീപ്പിച്ചു കൈയില്‍ പിടിച്ചു നടത്തുന്നതിനിടെ അമ്മ ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്, വഴക്ക് പറയുന്നുണ്ട്, പക്ഷേ തിരിച്ച് എനിക്കൊന്നും മിണ്ടാന്‍ ആവുന്നില്ല. അമ്മ എന്റെ മുഖം ചൂടുവെള്ളത്തില്‍ തുടച്ചു. അപ്പോഴൊക്കെ ഉച്ചത്തില്‍ കൊച്ചു ഗോപിയെ ചീത്ത പറയുന്നുമുണ്ട്. 

എത്ര ചോദിച്ചിട്ടും ഞാന്‍ സംഗതി രഹസ്യമായി സൂക്ഷിച്ചു. സത്യം പറഞ്ഞാല്‍ എന്നെ അമ്മ തല്ലിക്കൊല്ലും. രാത്രി കിടക്കാന്‍ നേരം എനിക്ക് അടി കിട്ടിയതൊഴിച്ചു ബാക്കി കാര്യങ്ങള്‍ മുഴുവന്‍ ഞാന്‍ ചേട്ടനോട് പറഞ്ഞു. ചേട്ടന്‍ പറഞ്ഞു, 'ച്ഛേ! ഞാന്‍ ഉണ്ടാകേണ്ടതായിരുന്നു!' ചേട്ടന്റെ കണ്ണുകളില്‍ എന്നോടുള്ള ആരാധന തിളങ്ങി.

ആ സംഭവത്തിന് ശേഷം രാജാപാര്‍ട്ട്  ഞാന്‍ ഏകദേശം ഉപേക്ഷിച്ചു. ഏകദേശം എന്നേ പറയാന്‍ പറ്റൂ. കാരണം വര്‍ഷാവസാനം ഒരു വലിയ സംഭവം വീണ്ടും പൊങ്ങി വന്നു.

ബൈബിള്‍ നാടക മത്സരം! 

വേദപാഠ സ്‌കൂളില്‍ എല്ലാ വര്‍ഷവും നാടക മത്സരം നടക്കും. ഗ്രൂപ്പ് തിരിഞ്ഞുള്ള വാശിയേറിയ മത്സരമാണ്. ഞാനും ചേട്ടനും ഒരു ഗ്രൂപ്പാണ്. ചേട്ടന്റെ കൂട്ടുകാരെല്ലാം കൂടി ഒരു നാടകം തട്ടിക്കൂട്ടി.  വേദപാഠ സ്‌കൂളിന്റെ ഹാളിലാണ് പ്രാക്ടീസ് നടക്കുന്നത്. ഞാനും ചേട്ടനും അവിടെ ഉണ്ട്. 'മിശിഹ മഹോല്‍ത്സവം' എന്നോ മറ്റോ ആണ് അതിന്റെ പേര്. ചേട്ടന് ഒരു ഭടന്റെ റോള്‍ ഉണ്ട്. എനിക്ക് അതില്‍ ഒരു വേഷം ചെയ്യണമെന്നു അതിയായ ആഗ്രഹം ഉണ്ട്, പക്ഷെ റോള്‍ ഇല്ല. 

കൂട്ടത്തില്‍ ഏറ്റവും ചെറുതായ ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ അവര്‍ക്കറിയാമോ എന്ന് സംശയം. എനിക്ക് വേണ്ടി അവര്‍ ആരും കാത്തു നില്‍ക്കുകയോ എന്നോടായി ഒരു വാക്ക് മിണ്ടുകയോ ഇല്ല. കൂട്ടത്തില്‍ ഞാനും അവര്‍ പോകുന്നിടത്തൊക്കെ പോകും, എല്ലാവരും ചിരിക്കുമ്പോള്‍ ചിരിക്കും, അത്രതന്നെ. പക്ഷെ റിഹേഴ്സലില്‍ ഒരു സൈഡിലിരുന്ന് പങ്കെടുത്ത് എനിക്ക്  ഡയലോഗുകള്‍ മുഴുവനും കാണാപാഠമറിയാം. കുളിക്കുമ്പോഴും കണ്ണാടി നോക്കി മുടി ചീകുമ്പോഴുമൊക്കെ ഞാന്‍ ഡയലോഗുകള്‍ സ്റ്റൈലായി പറഞ്ഞു രസിക്കാറുണ്ട് .

യേശുവിനെ വധിക്കാന്‍ പീലാത്തോസ് വിധി പറയുന്ന രംഗമാണ് നടക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞു അരങ്ങേറ്റമുള്ളതുകൊണ്ട് ഹാഫ് മേക്കപ്പില്‍ ഇരുട്ടത്ത് മെഴുകുതിരി വെളിച്ചത്തിലാണ് റിഹേഴ്സല്‍. യേശുവിനു താടിയും മീശയും, ഭടന്മാര്‍ക്ക് പടച്ചട്ട എന്നിങ്ങനെ ഭാഗികമായ മേക്കപ്പുണ്ട്. എല്ലാവരും ലിപ്സ്റ്റിക് ഒക്കെ ഇട്ടിട്ടുണ്ട്. അങ്ങനെ സിറ്റ്വേഷനില്‍ ലയിച്ചിരിക്കുവാണ്. ഞാന്‍ ഉദ്വേഗം കൊണ്ട് ചെറുതായി വിറയ്ക്കുന്നുമുണ്ട്. അപ്പോഴത്തെ ഒരു സീനില്‍ യേശു പീലാത്തോസിനെ നോക്കി. എന്തിനോ ഉള്ള മറുപടിയായി പുച്ഛഭാവത്തില്‍ 'ഹ ഹ ഹാ ഹ ഹാ...' എന്ന് ചിരിക്കുകയാണ്. ഇനി പീലാത്തോസ് ആണ് മറുപടി പറയേണ്ടത്. എല്ലാരും പീലാത്തോസിനെ നോക്കി. പീലാത്തോസ് എല്ലാവരെയും തിരിച്ചും! ബ്ലും! പോയി!

പീലാത്തോസ് ബ്ലിങ്ങസിയ! ഒരു ശബ്ദവും വരുന്നില്ല. പറയേണ്ടതെന്താണെന്ന് മറന്നു പോയതാണ്. അപ്പോള്‍ ഡയലോഗ് അറിയാവുന്ന ചേട്ടന്‍ വിളിച്ചു പറഞ്ഞു. 'നിറുത്തെടാ നിന്റെയീ പൊട്ട ചിരി!' അങ്ങനെ പറയാനാണ് ആഗ്രഹിച്ചത്. പക്ഷെ പറഞ്ഞത് 'നിറുത്തെടാ നിന്റെയീ പട്ട ചിരി!' എന്നാണ്. ഒരു നിമിഷം. ലോകം നിശബ്ദമായി. പിന്നീടു പിലാത്തോസ് ചിരിച്ചു, യേശു ചിരിച്ചു, ഭടന്മാര്‍ എല്ലാംകൂടി കൂട്ടുകൂടി അമറി ചിരിച്ചു. പാവം ചേട്ടന്‍! എനിക്ക് ചിരി വന്നു ചത്ത് പോകുമെന്ന് തോന്നി. പക്ഷെ ചിരിച്ചാല്‍ പിന്നീട് ചേട്ടന്‍ എന്നെ കൊല്ലുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ചിരിച്ചില്ല. മനസ് മാറാന്‍ എട്ടിന്റെ ഗുണന പട്ടിക മനസ്സില്‍ ചൊല്ലി! 

"എയിറ്റ് വണ്‍ ഈസ് എയിറ്റ്. എയിറ്റ് ടൂസ് ആര്‍ സിക്സ്ടീന്‍, എയിറ്റ് ത്രീസ് ആര്‍..."

കുറച്ചു കഴിഞ്ഞു റിഹേഴ്സല്‍ രാത്രി ഭക്ഷണത്തിനായി പിരിഞ്ഞു. പള്ളിയുടെ അടുത്തുള്ള ഒരു വീട്ടിലാണ് എല്ലാര്‍ക്കും ഭക്ഷണം പറഞ്ഞിരിക്കുന്നത്. നാടകത്തില്‍ യേശുവായി അഭിനയിക്കുന്ന സൈമണ്‍ ചേട്ടന്റെ  വീടാണ് അത്. അങ്ങേര്‍ എന്റെ ചേട്ടന്റെ വേദപാഠ ക്ലാസ്മേറ്റ് ആണ്. പുള്ളിയുടെ കൂടെ പോയി വീട്ടില്‍ നിന്നും ഭക്ഷണം സൈക്കിളില്‍ എടുത്തു കൊണ്ട് വരണം. മിക്കവാറും ഞാനും സൈമണ്‍ ചേട്ടനും കൂടി ചേട്ടന്റെ bsa slr ല്‍ ആണ് പോകാറ്. ചോറും പിന്നെ ഒരു വാഴക്ക തോരനോ, പയറ് മെഴുക്കുപുരട്ടിയതോ, മത്തി പീര പറ്റിച്ചതോ പോലെ എന്തെങ്കിലും എപ്പോഴും കൂട്ടാനായി ഉണ്ടാകും.

പിന്നെ ഒരു ഒഴുക്കന്‍ മട്ടിലുള്ള മീന്‍ കറിയുമാണ് ഭക്ഷണം. അത് വാഴയിലയില്‍ പൊതിഞ്ഞ് ഒരു കുട്ടയിലാക്കി മടിയില്‍ വച്ച് പുറകുവശത്തെ കാരിയറില്‍ കാല്‍ അപ്പുറവും ഇപ്പുറവുമായി ഇട്ട് ഞാന്‍ ഇരിക്കും. പുള്ളി സൈക്കിള്‍ ചവിട്ടും. പേടിച്ചിട്ടു സിമിത്തേരിയുടെ ഭാഗത്തേക്ക് ഞാന്‍ നോക്കാറേയില്ല. ഇതാണ് പതിവ്. ഇങ്ങനെ പള്ളിയുടെ മുമ്പിലുള്ള റോഡിലൂടെ ഞങ്ങള്‍ തിരികെ വരികയാണ്. കാറ്റത്തു സൈമണ്‍ ചേട്ടന്റെ വെപ്പ് മുടിയും താടിയും ചെറുതായി പറക്കുന്നു. ചെറുതായി കിതയ്ക്കുന്നുമുണ്ട്. റോഡിന്റെ വളവു തിരിഞ്ഞതും ഞങ്ങള്‍ക്ക് മുമ്പില്‍ രണ്ടു പോലീസുകാര്‍. അന്ന് സൈക്കിളില്‍ ലോഡ് വയ്ക്കുന്നത് അന്താരാഷ്ട്ര കുറ്റമാണ്. സൈമണ്‍ ചേട്ടന്‍ പറഞ്ഞു "അയ്യോ പെട്ടു!" 

പോലീസുകാര്‍ ഞങ്ങളെ തുറിച്ചു നോക്കി. എന്നിട്ട് ഉച്ചത്തില്‍ ചോദിച്ചു "ഇതെന്താടാ യേശു രാത്രി യൂദാസിനെയും ലോഡ് വച്ചു കൊണ്ട് പോകുന്നോ? വാടാ ഇവിടെ," അമ്മേ! ഞാന്‍ വിറച്ചു. ചിരിച്ചു കൊണ്ട് അവരില്‍ ഒരാള്‍ സൈമണ്‍ ചേട്ടന്റെ താടിക്ക് പിടിച്ചു പതുക്കെ വലിച്ചു. "നീ സുകുമാരക്കുറുപ്പ് ആണോടാ?" അടുത്ത ചോദ്യം. എന്നിട്ട് കൈയില്‍  ഉണ്ടായിരുന്ന ഒരു ചെറിയ വടി കൊണ്ട് കുട്ടയിലെ ചോറ് പൊതിയില്‍ കുത്തി എന്നിട്ട് ചേട്ടനോടായി ചോദിച്ചു, "ഇതെന്തുവാടാ യേശൂ? അഞ്ചപ്പം ആണോടാ?"

ഒറ്റശ്വാസത്തില്‍ സൈമണ്‍ ചേട്ടന്‍ എല്ലാ കഥയും പറഞ്ഞു. "ശരി ചെല്ല്! പീലാത്തോസ് അവര്‍കള്‍ ഇനി ഞങ്ങള്‍ കാരണം രാത്രി മീനും കൂട്ടി ചോറ് കഴിക്കാതെ വെറും വയറ്റില്‍ കിടക്കേണ്ട, ഓടടാ," എന്ന് പറഞ്ഞ് വടി കൊണ്ട് സൈക്കിളില്‍ അടിച്ചു. വിറച്ചു കൊണ്ട് സൈമണ്‍ ചേട്ടന്‍ എണീറ്റ് നിന്ന് ചവിട്ടി സൈക്കിള്‍ പറത്തി. ഞാന്‍ അട്ട പിടിച്ചിരിക്കുന്നതു പോലെ പുറകിലെ കാരിയറില്‍ ഇടത്തോട്ടും വലത്തോട്ടും താളത്തില്‍ ആടിക്കൊണ്ടു പിടിച്ചിരുന്നു.

ഞങ്ങള്‍ ചെല്ലുമ്പോള്‍ ബാക്കിയെല്ലാവരും ഇതൊന്നും അറിയാതെ ചിരിച്ചുല്ലസിച്ച് രസിക്കുവാണ്. സൈമണ്‍ ചേട്ടന്‍ (യേശു) സമയം കളയാതെ എല്ലാരേയും വിളിച്ചു കൂട്ടി കുട്ടയില്‍ നിന്ന് അഞ്ചു പൊതികളെടുത്തു എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കി. ചേട്ടന്റെ കൈകള്‍ അപ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നോ? ഉവ്വോ? 

mathi meen peeraമത്തി പീര പറ്റിച്ചത് 
ചട്ടിയില്‍ പീരയുണ്ടാക്കുന്നതാണ് ഉത്തമം.  ഇടത്തരം മത്തിയാണ് പീര പറ്റിക്കാന്‍ നല്ലത്, തീരെ അങ്ങ് ചെറുതായാല്‍ മൊത്തം മുള്ളാവും. കോകോല മത്തിയും വട്ട മത്തിയും പീര പറ്റിക്കാന്‍ കൊള്ളില്ല, നല്ല നാടന്‍ മത്തി തന്നെ വേണം. 

ആവശ്യമുള്ള സാധനങ്ങള്‍
മത്തി- 1/2 കിലോ
ചുമന്നുള്ളി- 7-8 എണ്ണം
പച്ചമുളക്- 4-5 എണ്ണം 
ഇഞ്ചി- ചെറിയ ഒരു കഷണം ചെറുതായി നുറുക്കിയത്
കറിവേപ്പില 3 തണ്ട്
കുടംപുളി- 2 എണ്ണം
കാശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
തേങ്ങ- അര മുറി (തിരുമ്മിയത്) 
വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

എന്നാല്‍ ഉണ്ടാക്കിയാലോ?
മത്തി നന്നായി കഴുകി കല്ലുപ്പില്‍ അല്ലെങ്കില്‍ വെറും ഉപ്പില്‍ ഉളുമ്പ് കളഞ്ഞു വൃത്തിയാക്കി എടുക്കുക. കൈവിരലിന്റെ നീളമുള്ള മത്തിയാണെങ്കില്‍ മുറിക്കേണ്ട. അല്ലെങ്കില്‍ മുറിച്ചു കഷണങ്ങളാക്കി വയ്ക്കുക. 

തേങ്ങ  തിരുമ്മിയത്, മഞ്ഞള്‍, മുളകുപൊടി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക. അരയ്ക്കുന്നതില്‍ ചുമന്നുള്ളി അവസാനം ചേര്‍ക്കുന്നത് അരപ്പിന്റെ രുചി വര്‍ധിപ്പിക്കും.

ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറുതീയില്‍ ചൂടാക്കി കറി വേപ്പിലയിട്ട് പൊട്ടിക്കുക. ഇതിലേക്ക് നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പിട്ട് ഇളക്കുക. ശേഷം മീന്‍ കഷണങ്ങള്‍ കൈകൊണ്ടു വാരിയിട്ടു പുളിയും ഉപ്പും ചേര്‍ത്ത്  വെള്ളമൊഴിച്ച് ചെറുതായി ഇളക്കുക. 

അധികം വെള്ളമൊഴിക്കാതെ ശ്രദ്ധിക്കുക. ഇടയ്ക്ക് ഇളക്കി, അടച്ചു വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക. ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണ മുകളില്‍ തൂവി അടച്ചു വയ്ക്കാം. 

ഓര്‍ക്കുക:
മത്തിത്തോരന്‍ നന്നാകുന്നത് കുറച്ചു മണിക്കൂര്‍ ഇരുന്നതിനു ശേഷമാണ്. കുടംപുളി ഇച്ചിരിയിറങ്ങി കഴിയുമ്പോള്‍ ഒന്ന് ചൂടാക്കിയാല്‍ ബെസ്റ്റ്. രാത്രി കഞ്ഞിയുടെ കൂടെ കഴിക്കാന്‍ കേമം.

(കൊച്ചിയിലെ ഐഡിയ സ്പേസ് കമ്മ്യൂണിക്കേഷന്‍സിലെ ക്രിയേറ്റീവ് ഹെഡ് ആന്‍ഡ് കോപ്പി റൈറ്ററാണ് ലേഖകന്‍, arackaldenis@gmail.com)

വര: ദേവപ്രകാശ്