ഉണക്ക സ്രാവ് കൊസമ്പരി
മീൻ വിഭവങ്ങൾക്ക് തന്നതായ രുചിക്കൂട്ട് പിന്തുടരുന്ന ശൈലിയാണ് കൊങ്കണി അടുക്കളകളിലേത്. മിക്ക വിഭവങ്ങളും തലമുറകളായി കൈമാറുന്ന പാചകരീതികളിൽ തയ്യാറാക്കുന്നതാണ്. ഓരോ മീനിനും ഓരോ രുചിക്കൂട്ടുണ്ട്, ചിലത് ആ മീനിന് മാത്രം അവകാശപ്പെടാവുന്നതും.
ഉണക്ക നെല്ലിക്ക മത്തിക്കറിയിൽ മാത്രമേ ഞങ്ങൾ ചേർക്കാറുള്ളൂ. ചെമ്മീൻ കറികളിൽ കായവും നിർബന്ധം. മുള്ളിലവ് കായയും മീൻകറികളിൽ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ രുചിയുടെ വിഭിന്ന തലത്തിൽ മീൻ വിഭവങ്ങൾ ആസ്വദിക്കാറുണ്ട്.
ഇത്തരത്തിൽ ഒരു പാട് ഇഷ്ടമുള്ള വിഭവമാണ് ഇന്ന് ചേർക്കുന്ന ഉണക്ക സ്രാവ് കൊണ്ടുള്ള ഈ ചമ്മന്തി. " മോരി കൊസമ്പരി " എന്നാണ് കൊങ്കണിയിൽ വിളിക്കുക. മോരി എന്നാൽ സ്രാവും, കൊസമ്പരി എന്നാൽ ഈ രീതിയിലുള്ള ചമ്മന്തിയേ പൊതുവായി വിളിക്കുന്ന പേരുമാണ്.
Also Read
ഉണക്ക സ്രാവ് പാകം ചെയ്തെടുക്കുന്ന രീതി തന്നെയാണ് ഇതിന്റെ പ്രത്യേകത, കനലിൽ ചുട്ടെടുത്താണ് ഉണക്ക സ്രാവ് ഇതിൽ ചേർക്കുന്നത്. കനലിൽ ചുട്ടെടുക്കുന്ന ഏത് ഭക്ഷണത്തിന്റെയും മാറ്റ് കൂട്ടുന്നത് അതിന്റെ ആ ത്രസിപ്പിക്കുന്ന മണം തന്നെയാണല്ലോ. ആ മാജിക്ക് സ്രാവിലും കാണും. ഉണക്ക മീനിനെ " നാറ്റം " എന്ന പേരിൽ മാറ്റി നിർത്തുന്നവർ പോലും ഈ രുചി ഇഷ്ടപ്പെടും.
മറ്റൊരു പ്രത്യേകത എന്തെന്നാൽ, സ്രാവ് ചുട്ടെടുക്കുന്നു എന്നതൊഴിച്ചാൽ ബാക്കി ചേരുവകൾ ഒന്നും നമ്മൾ പാകം ചെയ്യുന്നില്ല എന്നതാണ്. എല്ലാം പച്ചയ്ക്ക് ചേർത്ത് മിക്സ് ചെയ്യുന്നതാണ്. അത്കൊണ്ട് തന്നെ എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. അൽപം ആലങ്കരികമായി പറഞ്ഞാൽ ഉണക്ക സ്രാവ് കൊസമ്പരി ഉണ്ടേൽ ഒരു പറ ചോറുമുണ്ണാം.
ചേരുവകൾ
ഉണക്ക സ്രാവ് - 150 ഗ്രാം
തേങ്ങാ തിരുമ്മിയത് - ഒന്നര കപ്പ്
സവാള ഇടത്തരം -2 എണ്ണം
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - 5-6 എണ്ണം
വറ്റൽമുളക് അല്പം എണ്ണയിൽ ചുവക്കെ വറുത്തത് - 3-4 എണ്ണം
വെളിച്ചെണ്ണ - 2 ടീസ്പൂൺ
ഉപ്പ് ആവശ്യമെങ്കിൽ മാത്രം
തയ്യാറാക്കുന്ന വിധം
ഉണക്ക സ്രാവ് വാഴയിലയിൽ പൊതിഞ്ഞ് ഒരു വാഴ നാര് കൊണ്ട് കെട്ടി നല്ല ചൂടായ കനലിൽ പൊതിഞ്ഞു വെയ്ക്കുക.ഒരു 10 മിനിറ്റുകളോളം ചുട്ടെടുക്കണം. അപ്പോഴേക്കും നല്ല മണം വരുന്നതായിരിക്കും. ഇനി വാഴയിലയിൽ നിന്നും മാറ്റി നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി പിച്ചി എടുക്കുക. (നല്ലവണ്ണം ഉപ്പ് ഉള്ള ഉണക്ക സ്രാവ് ആണെങ്കിൽ ചുട്ടെടുത്ത ശേഷം ഒരു മണിക്കൂറോളം വെള്ളത്തിലിട്ടു വെയ്ക്കാവുന്നതാണ്. ശേഷം ഈ വെള്ളം ഊറ്റികളഞ്ഞ് സ്രാവ് പിഴിഞ്ഞ് എടുക്കാവുന്നതാണ്.)
ഇനി തേങ്ങാ, പച്ചമുളക്, സവാള,വറ്റൽമുളക് കഷണങ്ങളാക്കിയത് എന്നിവ കൈ കൊണ്ട് തന്നേ നന്നായി ഞെരടി മിക്സ് ചെയ്യണം. ഇതിലേക്ക് സ്രാവ് കഷണങ്ങളും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം. മീതെ വെളിച്ചെണ്ണ ഒഴിക്കാം. ഈ അവസരത്തിൽ രുചിച്ചു നോക്കി,ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർക്കാം. ചോറിനൊപ്പം വിളമ്പാവുന്നതാണ്.
നോട്ട്
ഇനി കനൽ ഓപ്ഷൻ ഇല്ലാത്തവർക്ക് , ചൂടായ തവയിൽ ഉണക്ക സ്രാവ് നിരത്തി ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കാം. എന്നിട്ട് വേണമെങ്കിൽ സ്രാവ് കഷ്ണങ്ങൾ ഒരു കൊടീൽ കൊണ്ട് നേരിട്ട് തീയിൽ പിടിച്ചു ചുട്ടെടുക്കാവുന്നതാണ്.
Content Highlights: unakka sravu kosambari, unakka sravu curry, unakka meen curry, konkani fish curry, konkani recipes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..