ഉണക്ക സ്രാവ് കൊണ്ടുള്ള അമ്പട്ട്
പച്ചമീൻ കറികളിലെ വൈവിദ്ധ്യം പോലെ തന്നേ ഉണക്ക മീൻ വിഭവങ്ങൾക്കും കൊങ്കണി ഭക്ഷണത്തിൽ നല്ല പ്രാമുഖ്യമുണ്ട്. മിക്കതും രുചിയേറിയതും ആയിരിക്കും.
എല്ലാ കറികളും പരമ്പരാഗതമായ രുചിക്കൂട്ടുകളോടെ ഉണ്ടാക്കുന്നതാണ്. ചെമ്മീൻ, സ്രാവ്, മുള്ളൻ, പരവ ഒക്കെയാണ് ഉണക്കമീൻ വിഭവങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത്. ഓരോ മീനിനും അതിന്റേതായ പാചകരീതിയുമുണ്ട്. ഉണക്കച്ചെമ്മീൻ മുരിങ്ങയ്ക്കയും വെള്ളരിക്കയുമൊക്കെയിട്ടുണ്ടാക്കുന്ന കറിയിൽ ഒരല്പം വെന്ത പരിപ്പ് കൂടെ ചേർക്കും. രുചിയും കൊഴുപ്പും കൂടും. മുള്ളനും പരവയുമൊക്കെ, തേങ്ങ, വെളുത്തുള്ളി, വറ്റൽ മുളക് എന്നിവ ഇടിച്ച കൂട്ടിൽ വറ്റിച്ചെടുക്കും. അതിനൊപ്പം അല്ലെങ്കിൽ ഒരു പൊടിക്ക് മുന്നിൽ നിൽക്കും ഉണക്ക സ്രാവ് കനലിൽ ചുട്ടെടുത്തുള്ള " കൊസമ്പരി ". മറ്റൊരവസരത്തിൽ അത് പരിചയപ്പെടുത്താം.
ഇന്ന് പരിചയപ്പെടുത്തുന്ന വിഭവം ഉണക്ക സ്രാവ് കൊണ്ടുള്ള കറിയാണ്. ചോറിലൊഴിച്ചു കൂട്ടുന്ന സ്വദിഷ്ടമായ കറി. സവാള താളിച്ചു ചേർക്കുന്ന എല്ലാ കറികളെയും "അമ്പട്ട്" എന്നാണ് കൊങ്കണിയിൽ പറയുക. അപ്പോളിത് ഉണക്ക സ്രാവ് കൊണ്ടുള്ള "അമ്പട്ട് ". ഉണക്ക മീൻ ഫാൻസ് തീർച്ചയായും ഉണ്ടാക്കി നോക്കണം.
Also Read
പാചകരീതി
ചേരുവകൾ
1. ഉണക്ക സ്രാവ്- 200 ഗ്രാം
2. തേങ്ങ തിരുമ്മിയത്- രണ്ട് കപ്പ്
3. സവാള- 2 ഇടത്തരം
4. വറ്റൽ മുളക്- 15- 20
5. വാളൻ പുളി- ഒരു ചെറു നെല്ലിക്ക വലുപ്പത്തിൽ
6. ഉപ്പ്- ആവശ്യമെങ്കിൽ മാത്രം.
7. വെളിച്ചെണ്ണ - 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ഉണക്ക സ്രാവ് അരമണിക്കൂർ നേരം വെള്ളത്തിൽ ഇട്ടു വെയ്ക്കുക. ഉപ്പ് അധികമുണ്ടെങ്കിൽ ഇത് വഴി കുറഞ്ഞു കിട്ടും.
വറ്റൽ മുളക് ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക. ചൂടാറിയ ശേഷം തേങ്ങയും വാളൻപുളി യും ചേർത്ത് വളരെ നന്നായി അരച്ചെടുക്കുക.
ഒരു സവാള ചെറുതായി അരിഞ്ഞതും ഉണക്ക സ്രാവിൻ കഷ്ണങ്ങളും ഒന്നര കപ്പ് വെള്ളമൊഴിച്ചു ഒരുമിച്ചു തിളപ്പിക്കുക. ഇതിലേക്ക് അരപ്പ് ചേർത്തിളക്കി, ഒഴിച്ച് കറിയുടെ പാകത്തിൽ വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ശ്രദ്ധിക്കുക, ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. ഉണക്കമീനിൽ തന്നേ ആവശ്യത്തിന് ഉപ്പുണ്ടാകുമല്ലോ. കറി പാകമാകുമ്പോൾ വാങ്ങി വെയ്ക്കാം. ഇനി ഒരു കുഞ്ഞു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. നന്നായി വഴണ്ട്, നല്ല ബ്രൗൺ നിറമാകുമ്പോൾ കറിയുടെ മീതെ താളിച്ചൊഴിക്കാം.
ഉണക്ക സ്രാവിന്റെ "അമ്പട്ട്" തയ്യാർ.
Content Highlights: unakka sravu curry, unakka meen curry, konkani food items, konkani non veg recipes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..