Ramasseri Idli
രാമശ്ശേരി ഇഡ്ഡലി

ടലുകടന്ന ഇഡ്ഡലിപ്പെരുമ. രാമശ്ശേരി എന്ന ഗ്രാമത്തിന് പറയാനുള്ളത് അതാണ്. പാലക്കാട്ടുനിന്ന് വാളയാറിലേക്കുള്ള വഴിയില്‍ പുതുശ്ശേരിയില്‍ നിന്ന് വലത്തോട്ട് തിരിയുമ്പോള്‍ത്തന്നെ 'രാമശ്ശേരി ഇഡ്ഡലി ലഭ്യമാണ്' എന്ന ബോര്‍ഡ് കാണാം. 

പക്ഷേ, അതിന്റെ തട്ടകത്തില്‍ത്തന്നെ ചെന്ന് രുചിയറിയുന്നതാണ് നല്ലത്. നേരേ രാമശ്ശേരിക്ക് വിടുക. അവിടെ സരസ്വതി ടീസ്റ്റാളാണ് രാമശ്ശേരി ഇഡ്ഡലി കിട്ടുന്ന ഹോട്ടല്‍. പിന്നെ ചില വീടുകളിലും ഇത് ഉണ്ടാക്കുന്നുണ്ട്. 

പത്തുകിലോ പൊന്നി അരിക്ക് ഒന്നരക്കിലോ ഉഴുന്നുപരിപ്പ്; 50 ഗ്രാം ഉലുവയും. മൂന്നും കൂട്ടി നന്നായി അരച്ചു വെക്കണം. പിറ്റേദിവസം കാലത്ത് ചുടാം. അടുപ്പിനു മുന്നിലിരുന്ന് അവര്‍ പാചക രഹസ്യം പറഞ്ഞു തുടങ്ങി. 

പലരും പരീക്ഷിക്കാറുണ്ടെങ്കിലും ഈ കൈപ്പുണ്യം മറ്റാര്‍ക്കും കിട്ടാറില്ലെന്നാണ് നാട്ടുവര്‍ത്തമാനം. വെളിപ്പെടുത്തുന്ന ചേരുവകള്‍ക്കപ്പുറം മറ്റെന്തോ രഹസ്യമുണ്ടെന്നും ജനം പറയാറുണ്ട്. വിറകടുപ്പിലാണ് ഇന്നും ഇവര്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്. 

അതും പുളിമരത്തിന്റെ വിറകുമാത്രമായിരുന്നത്രെ ആദ്യകാലങ്ങളില്‍ തീകൂട്ടാന്‍ ഉപയോഗിച്ചിരുന്നത്. മണ്‍പാത്രത്തിന്റെ മുകളില്‍ നൂല് തലങ്ങനെയും വിലങ്ങനെയും കെട്ടിവെച്ചതിന്റെ മുകളില്‍ തുണിവിരിക്കും അതിനുമുകളിലാണ് മാവ് കോരിയൊഴിക്കുന്നത്. 

തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനുമുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ചെണ്ണംവരെ വെക്കാം. ഇതെല്ലാംകൂടെ ആവി പുറത്തുപോകാത്ത രീതിയില്‍ ഒരു പാത്രംകൊണ്ട് മൂടും. ആവിയില്‍ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഓരോന്നായി ഇളക്കിയെടുക്കും. 

വാങ്ങുന്ന മണ്‍പാത്രങ്ങള്‍ പെട്ടെന്ന് പൊട്ടാന്‍ തുടങ്ങിയതോടെ അലൂമിനിയം പാത്രങ്ങള്‍ സ്ഥാനം കൈയടക്കാന്‍ തുടങ്ങിയിട്ടുണ്ട് പുളിവിറക് എന്ന സങ്കല്‍പ്പവും ഇപ്പോള്‍ നടക്കുന്നില്ല. അരിയും ഉഴുന്നുമെല്ലാം രാസവളങ്ങളുടെ സന്തതികളുമായതോടെ രാമശ്ശേരി ഇഡ്ഡലിയുടെ ഗുണനിലവാരം അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് ഉണ്ടാക്കുന്നവര്‍തന്നെ പറയുന്നു. 

Ramasseri Idli
രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കുന്നു

പണ്ട് ഒരാഴ്ച വെച്ചാലും കേടുവരാത്ത ഇഡ്ഡലി ഇപ്പോള്‍ രണ്ടു ദിവസമേ വെക്കാന്‍ പറ്റുന്നുള്ളൂ. എങ്കിലും ചമ്മന്തിപ്പൊടിയും കൂട്ടി ഇഡ്ഡലി തിന്നുമ്പോള്‍ അതിന്റെ രുചിയൊന്ന് വേറെതന്നെ. മേമ്പൊടിക്ക് കൂട്ടിയ പരിപ്പുവടയുടെ രുചിയും പറയാതെ വയ്യ. 

ഇപ്പോള്‍ വിദേശികളടക്കം നിരവധിപേര്‍ രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിയാന്‍ ഇവിടെയെത്തുന്നുണ്ട് അതുപോലെത്തന്നെ കല്യാണം, പേരിടല്‍ കര്‍മം തുടങ്ങിയ ചടങ്ങുകള്‍ക്കും ധാരാളം ഇഡ്ഡലി ഇവിടെനിന്ന് പോകുന്നുണ്ട്. വീടുവീടാന്തരം വില്‍പ്പനയ്‌ക്കെത്തുന്നത് വേറെയും. 

മുതലിയാര്‍ സമുദായക്കാരാണ് ഇതുണ്ടാക്കിയിരുന്നത്. മുമ്പിവിടെ അറുപതോളം കുടുംബങ്ങള്‍ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്നു. ഇപ്പോള്‍ നാലഞ്ച് കുടുംബങ്ങളേയുള്ളൂ. മുന്നൂറു വര്‍ഷം മുമ്പ് തുടങ്ങിയാതണത്രേ ഈ വിശേഷ പാചകം. 

കോഴിക്കോട്ടു നിന്ന് പോവാന്‍ മലപ്പുറം പെരിന്തല്‍മണ്ണ വഴി 140 കിലോമീറ്റര്‍. ട്രെയിനിനാണെങ്കില്‍ പാലക്കാട് ഇറങ്ങി ബസ്സിനു പോവണം. പാലക്കാട്- പൊള്ളാച്ചി റോഡില്‍ നിന്ന് എലപ്പുള്ളി കഴിഞ്ഞ് രാമശ്ശേരിക്കുള്ള റോഡ് കാണാം. മന്നത്ത് ഭഗവതി ക്ഷേത്രത്തിനടുത്താണ് ഇഡ്ഡലി കിട്ടുന്ന കട.