ഴക്കാലത്ത് നിങ്ങള്‍ ഹൈറേഞ്ചില്‍ സഞ്ചരിച്ചിട്ടുണ്ടോ? മഞ്ഞും മഴയും കാടും കുന്നും ഇടുക്കിയുടെ ജീവിതച്ചൂരുള്ള കാഴ്ചകളും... മനസ്സില്‍ ഒരിക്കല്‍ പതിഞ്ഞാല്‍ ഒരിക്കലും മറക്കില്ല അതിന്റെ രുചി. കൊതിപ്പിക്കുന്ന ഭക്ഷണം, മത്തു പിടിപ്പിക്കുന്ന ജീവിതം! 

തൊടുപുഴയില്‍ നിന്നും മൂലമറ്റം റൂട്ടില്‍ സഞ്ചരിച്ചാല്‍ കുളമാവിലെത്താം. നാടുകാണി വളവുകള്‍ക്കപ്പുറം മഞ്ഞില്‍ സ്വയമൊളിപ്പിച്ച പോലെ എന്റെ നാട്. അവിടെനിന്നു തുടങ്ങാം ഇടുക്കിയുടെ തീറ്റഭ്രാന്ത്! കുടിയേറ്റക്കാരന് അധ്വാനത്തോളം തന്നെ ഭക്ഷണവും വേണം. മീന്‍ മുതല്‍ മരച്ചീനി വരെ. പോര്‍ക്ക് മുതല്‍ പഴഞ്ചോറ് വരെ. തരാതരംപോലെ എന്തും!

കുളമാവിനടുത്താണ് വടക്കേപ്പുഴ തടാകം. മീന്‍ പുളയ്ക്കുന്ന ജലാശയം. വലുതും ചെറുതുമായ ധാരാളം മീനുകള്‍. 'ഗോള്‍ഡ് ഫിഷി'നെ കിട്ടിയാലാണ് ആഘോഷം! അതിന്റെ കൂടെ ചെറിയ വരാലും തിലോപ്പിയും കിട്ടും. കഴിഞ്ഞ ദിവസം ചൂണ്ടയിട്ടപ്പോള്‍ 'ലവന്‍' കുടുങ്ങി; ഗോള്‍ഡ് ഫിഷ് ! 

ചേമ്പിലയില്‍ പൊതിഞ്ഞ് ആരെയും കാണിക്കാതെ വീട്ടില്‍ കൊണ്ടു വന്നു. ചെതുമ്പല്‍ കളഞ്ഞ് മരക്കട്ടയില്‍ വച്ച് പീസാക്കി. മസാലയും കുരുമുളകും ഇട്ട് ഫ്രൈ ആക്കിയപ്പോഴേയ്ക്കും ആര്‍ത്തലച്ച് മഴ വന്നു. കൂടെ ചെണ്ടമുറിയന്‍ കപ്പയും. പൊരിച്ച ഗോള്‍ഡിന്റെ ആറു കഷണങ്ങളും നാവിലൂടെ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. അതങ്ങനെയാണ്, ആമാശയത്തിന്റെ ആഴങ്ങള്‍ തേടി യാത്ര ചെയ്യുന്നവയാണ് ഇടുക്കിയിലെ തീന്‍പണ്ടണ്ടങ്ങളെല്ലാം. 

Gold Fish drawingമൂലമറ്റം- ഇടുക്കി റോഡില്‍ 'അശോക് കവല' കഴിഞ്ഞാല്‍ കെ.എസ്.ഇ.ബി. ഇന്റര്‍മീഡിയറ്റിലേയ്ക്ക് തിരിയുന്ന ജംഗ്ഷനുമുകളിലായി ഡോണ്‍ (Don) എന്നൊരു ഹോട്ടലുണ്ട്. ഹോട്ടലാണെന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ട്! ഒരു ചെറിയ വീട്. അതിന്റെ മുമ്പില്‍ പന്തലുപോലെ കെട്ടി കുറച്ച് ഡസ്‌കും ബെഞ്ചും. പക്ഷേ ഈ ഹോട്ടല്‍ തപ്പി എത്രയോ പേര്‍ എത്തുന്നു. ചെന്നപ്പോള്‍ ഊണിന്റെ തിരക്ക്. സുശീലച്ചേച്ചി കിടന്നു നട്ടം തിരിയുന്നു. അവരാണ് നടത്തിപ്പ്. 

18 കൂട്ടം വിഭവങ്ങള്‍ ചേര്‍ത്ത ഊണാണ് ഇവിടുത്തെ പ്രത്യേകത. കഴിക്കാന്‍ ഇരുന്നപ്പോള്‍ ഒരു ടാക്സി കാര്‍ പാഞ്ഞുവന്നു ഹോട്ടലിനുമുമ്പില്‍ നിര്‍ത്തി. അതില്‍ നിന്നും നാലുപേര്‍ ചാടി ഇറങ്ങി ഹോട്ടലിലേക്കു പാഞ്ഞുകയറി. അതില്‍ ഒരാള്‍ ഡ്രൈവറായ ചെറുപ്പക്കാരനെ ചൂണ്ടണ്ടിപ്പറഞ്ഞു, ''എന്നാ പറയാനാ, തൊടുപുഴ കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ എത്ര ആവശ്യപ്പെട്ടിട്ടും ഇവന്‍ ജന്മം ചെയ്താലും വണ്ടി ഒരു ഹോട്ടലിലും നിര്‍ത്തുന്നില്ല! പറയുവാ, ഞാന്‍ ഒരു കടയില്‍ കൊണ്ടു പോയി ചോറ് വാങ്ങിച്ച് തരും!'' ഡ്രൈവര്‍ പറഞ്ഞു.''എന്റെ പൊന്നു ചേച്ചി ചോറ് ഇല്ലായിരുന്നെങ്കില്‍ ഇവന്മാര്‍ എന്നെ കൊന്നു തിന്നേനെ !'' 

Susheela chechi'ഒരാള്‍ക്ക് കഴിക്കാനുള്ളതുണ്ടോ' എന്നു ചോദിച്ചാണ് ഇടുക്കി ഡി.എം.ഒ. ഇതിനിടയ്ക്ക് അങ്ങോട്ടുവന്നത്. തൃശൂര്‍ സ്വദേശിയാണ് ഡി.എം.ഒ., കഴിച്ച് ഇറങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു, ''ഇതിന്റെ കൂട്ട് എനിക്ക് പറഞ്ഞു തരണം.'' നാലുമണിയായപ്പോള്‍ അടുത്ത വീട്ടിലെ പേരപ്പന്‍ പശുവിനെ അഴിച്ചു വിട്ടതിനു ശേഷം ഹോട്ടലിലേക്ക് വന്നു. പഴം പൊരിയും ചായയും കഴിച്ചു. സുശീലച്ചേച്ചിയെ നോക്കി പറഞ്ഞു, ''ഇവള്‍ എന്തു കണ്ടാലും കറിയാക്കിക്കളയും! വല്യ പുള്ളിയാ!''

ഈ  ഊണിന് 60 രൂപയാണ്. വിഷം അടിച്ചെത്തുന്ന കാബേജും കോളിഫ്‌ലവറും ഇവിടെ വാങ്ങാറില്ല. മഴ പെയ്തു വാഴ വീണാലും അതു വെട്ടി ഒരുക്കി കറിയാക്കാന്‍ സുശീലച്ചേച്ചി അവിടെ പാഞ്ഞെത്തും. ഇവിടുത്തെ 'ഒലത്ത് ഇറച്ചി ' ബോര്‍ഡിലെ ജീവനക്കാര്‍ വന്ന് വാങ്ങിക്കൊണ്ടുപോകാറുണ്ട്! 

മുട്ടം- കാഞ്ഞാര്‍ റൂട്ടില്‍ കുടയത്തൂര്‍ എത്തുമ്പോള്‍ ഇടതുവശം ചേര്‍ന്ന് 'ലിജു' എന്നൊരു ഹോട്ടല്‍ ഉണ്ട്. 'എല്ലുകറി'യാണ് ഇവിടുത്തെ പ്രത്യേകത. എല്ലുകൊണ്ട് ഉണ്ടാക്കിയ കറി തന്നെ. ഒരു കഷണം എല്ലു കറി വായില്‍ വെച്ചാല്‍ 15 മിനിട്ട് നേരം പിന്നെ എല്ലില്‍ സ്വാദേറിയ കടിപിടിയാണ്! ഒരു തരം പരിസരം മറന്നുള്ള കടിപിടി! കൂടെ കഴിക്കാന്‍ ചുക്കപ്പവും ഉണ്ട്. 

jijo and ammaഅന്നമ്മ എന്നുവിളിക്കുന്ന മണിച്ചേച്ചിയാണ് ഈ ഹോട്ടലിന്റെ സാരഥി. വാഗമണ്ണില്‍ ഷൂട്ടിങ്ങിന് എത്തുന്ന സിനിമാക്കാരുടെ ഇഷ്ട വിഭവമാണ് ഈ എല്ലുകറി. സിനിമാക്കാര്‍ മുന്‍കൂട്ടി വിളിച്ചറിയിച്ചിട്ട് എല്ലുകറി മൊത്തമായി വാങ്ങിക്കൊണ്ടു പോകാറുണ്ട്. പോത്തിന്റെ എല്ലും നെഞ്ചും കൊണ്ടണ്ടാണ് എല്ലുകറി ഉണ്ടാക്കുന്നത്. 

പോത്തുമറ്റത്തെ കര്‍ഷകനാണ് കുഞ്ഞേട്ടന്‍. കുഞ്ഞേട്ടനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം തൊഴുത്തിലിരുന്ന് പശുവിന് കാടിവെള്ളം കലക്കിക്കൊടുക്കുന്നു. വീട്ടില്‍ നിന്നും ചിക്കന്‍ കറിയുടെ മണം. കുഞ്ഞേട്ടന്റെ മകന്‍ അനീഷും ഭാര്യ ഓമനച്ചേച്ചിയും ഉച്ചയൂണിന്റെ തയ്യാറെടുപ്പിലാണ്. വീടിനോട് ചേര്‍ന്ന് വലിയ ഇലകളുള്ള ചേമ്പുകള്‍ വളര്‍ന്നു നില്‍ക്കുന്നു. ''ഇതാണ് ചീനിച്ചേമ്പ് !' എന്റെ ഭാര്യ ഇതിന് ഇട്ട പേരാണ് സുന്ദരിച്ചേമ്പ്! ഇതിന്റെ തണ്ടും ഇലയും കൂട്ടി അരിഞ്ഞാല്‍ തോരന്‍ വെയ്ക്കാന്‍ ബെസ്റ്റ് ആണ്.'' കുഞ്ഞേട്ടന്‍ പറഞ്ഞു. 

ഇടയ്ക്ക് ഓമനച്ചേച്ചി എനിക്ക് കട്ടന്‍ ചായ കൊണ്ടുവന്നു. മഴകോരിച്ചൊരിയുന്ന മുറ്റത്തെ വയലറ്റ് പൂക്കളിലെ മഴത്തുള്ളികള്‍ നോക്കി ചൂടന്‍ കട്ടന്‍ ഊതിക്കുടിച്ചു. അടുക്കളയില്‍ ഒരു ടിന്നില്‍ ചക്കക്കുരു ചെറുതായി അരിഞ്ഞുണക്കിയത് വെച്ചിട്ടുണ്ട്. 'ഇതെന്തിനാണാവോ?' ഓമനച്ചേച്ചി പറഞ്ഞു, ''ചെറിയ കറികളില്‍ ഇത് കുറച്ചിട്ടാല്‍ നല്ല ടേസ്റ്റ്  ആയിരിക്കും.''

pachakappuraസുന്ദരി ചേമ്പ്, താള് തോരന്‍

ചേമ്പിന്റെ താളും ഇലയും കുരുകുരാ അരിഞ്ഞെടുക്കുക. ശേഷം ഇത്തിരി തേങ്ങ, ചെറിയ ഉള്ളി, ജീരകം, കറിവേപ്പില, കാന്താരി, ഇവ ചതച്ചെടുക്കുക. എണ്ണയൊഴിച്ച് കടുക് താളിച്ച് വറവിലേയ്ക്ക് അരപ്പും ഇലയും ഇട്ടുകൊടുക്കുക. ഉപ്പിട്ട് മൂന്നു മിനിറ്റ് അടച്ചു വെയ്ക്കുക. വെള്ളം ഒഴിക്കരുത്. തുറന്നുവെച്ച് ഇളക്കി എടുക്കുക. 

കുളമാവ് ഡാം കഴിഞ്ഞാല്‍ മുത്തിയുരുണ്ടയാര്‍ ആയി. ഇവിടുത്തെ ഹോട്ടല്‍ 'ഹൈറേഞ്ച്' കൂട്ടുകാരന്‍ ജോമോന്റെ ആണ്. മീന്‍ അച്ചാറും കപ്പയുമാണ് സ്പെഷ്യല്‍. ഹോട്ടലില്‍ ചെന്നപ്പോള്‍ ജോമോന്‍ ചോദിച്ചു, ''കപ്പയും മീനും എടുക്കട്ടെ?'' പുറത്ത് നല്ല തണുപ്പ്! ''ഒരു ചൂടു കട്ടന്‍ കൂടി വേണം...'' അകത്തേക്ക് വിളിച്ചുപറഞ്ഞു. 

മിക്ക സിനിമാതാരങ്ങളും ഇതിലെ പോകുമ്പോള്‍ ഇവിടെ ഇറങ്ങും. മീനച്ചാറും കപ്പയും കഴിക്കും. മമ്മൂട്ടിയാണ് മീനച്ചാറിന്റെ സ്വാദറിഞ്ഞ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍. തൊട്ടടുത്തുള്ള ഹോട്ടല്‍ ശിവമയത്തിലെ  പിള്ളച്ചേട്ടന്‍ പറഞ്ഞു, ''കുറച്ച് ദിവസം മുമ്പ് സുരാജ് വെഞ്ഞാറമൂടും കൂട്ടുകാരും മീനച്ചാറും കപ്പയും കഴിച്ചേച്ച് പോയി.''ജോമോന്റെ ഹോട്ടലില്‍ വെടിവട്ടം പറഞ്ഞ് ടൂറിസ്റ്റുകള്‍ മീനച്ചാര്‍ കുഴച്ച് കപ്പയും തിന്ന് പുറത്തെ മഞ്ഞും നോക്കിയിരുന്നു. 

വളവിനോട് ചേര്‍ന്നുള്ള ചെറിയ ഒരു കുന്നിന്‍ മുകളിലാണ് മുത്തിയുരുണ്ടയാറിലെ കള്ളുഷാപ്പ്. വെട്ടിയൊതുക്കിയ സ്റ്റെപ്പ് കയറിച്ചെന്നാല്‍ പച്ച പെയിന്റടിച്ച ഷാപ്പ് കാണാം. ഷാപ്പിന്റെ മുന്നില്‍ നിന്ന് നോക്കിയാല്‍ കുളമാവ് ഡാമും, ദൂരെ കിഴക്ലേച്ചി മലയും കാണാം. അങ്ങ് ദൂരെയായി നാടുകാണി മലകളും കാഞ്ഞാറും തൊടുപുഴയും. 

toddy shopബീഫ് ഉലര്‍ത്തിയതും പന്നിക്കറിയുമായി മീശ ശശിയണ്ണന്‍ വന്നു. ചേട്ടനാണ് ഷാപ്പ് നടത്തിപ്പ്. രണ്ടിനും സൂപ്പര്‍ ടേസ്റ്റ്! കള്ള് തെങ്ങും പനയും ഉണ്ട്. ചിലര്‍ കുപ്പിയുമായി പുറത്തേക്ക് പോയി കാടിന്റെ ഭംഗി ആസ്വദിച്ച് കള്ള് മോന്തുന്നത് കാണാം. തൊട്ടടുത്ത ഡസ്‌കില്‍ താളം പിടിച്ച് ഒരു മൂപ്പിലാന്‍ പാടുന്നു, ''കാനനചോലയില്‍ ആട് മേയ്ക്കാന്‍... ഞാനും വരെട്ടേയോ നിന്റെ കൂടെ....'' ഈ തണുപ്പത്ത് എങ്ങനെയാണ് ഈ തണുത്ത കള്ള് ഇവര്‍ കുടിക്കുന്നതാവോ! എങ്ങനെ കുടിക്കാതിരിക്കും... നല്ല കിടിലന്‍ ബീഫും പോര്‍ക്കും ഉണ്ടണ്ടല്ലോ കൂട്ടിന്. 

ബേബിച്ചായന്റെ 'മഹിമ ഇന്‍'
ഇടുക്കി ചെറുതോണിയിലെ 'മഹിമ ഇന്‍' എന്ന ഹോം സ്റ്റേ ഹോട്ടല്‍ മിക്കവര്‍ക്കും അറിയാം. കട്ടപ്പന റൂട്ടില്‍ വൈശാലിപ്പാറയ്ക്ക് എതിര്‍വശത്തായി ഒരു ചെറിയ കുന്നിന്‍ ചാരത്തായി തീര്‍ത്തിരിക്കുന്ന മനോഹരമായ സത്രം. സഹൃദയനായ ബേബിച്ചനാണ് ഇതിന്റെ ഉടമ. ധാരാളം സുഹൃത് ബന്ധങ്ങളുള്ള  ആള്‍. ഹോട്ടലിനോട് ചേര്‍ന്ന് മുളകൊണ്ടണ്ടുള്ള ഷെഡ്ഡിലിരുന്ന് തീ കാഞ്ഞ് കൂട്ടുകാരോട് തമാശ പറഞ്ഞിരിക്കുകയാണ് ബേബിച്ചായന്‍. 

പനയും മുളയും കൊണ്ട് നിര്‍മ്മിച്ച, മഞ്ഞ നിറം പൂശിയ ഷെഡ് ചൂണ്ടി ബേബിച്ചന്‍ പറഞ്ഞു, ''ഇതില്‍ ഇറച്ചി ചുട്ടുതിന്നാം. കള്ളും കുടിക്കാം. അട്ട കടിക്കാതെ സുഖമായി കിടന്നുറങ്ങാം, പാട്ട് പാടാം. എല്ലാത്തിനും പറ്റിയ സ്ഥലം!'' കനലിന് മേല്‍ കാല്‍വച്ച് ബേബിച്ചായന്‍ തുടര്‍ന്നു, ''നമ്മുടെ ശരീരം മൊത്തം തണുത്തു കിടക്കുമ്പോ, ഉള്ളംകാല്‍ ദാ, ഇങ്ങനെ ചൂടാക്കി വിട്ടാല്‍ മതി.'' 

തീ കാഞ്ഞു കഴിഞ്ഞില്ല, മുഖ്യ പാചകക്കാരന്‍ ജിജോ വന്ന് ബേബിച്ചായനോട് പറഞ്ഞു. ''ഏഷ്യാഡ് റെഡി''! ഏഷ്യാഡോ? അതെന്താ? ''അതാണ് ഭായ് കപ്പ ബിരിയാണി.'' ജിജോ പറഞ്ഞു. ഇടുക്കിക്കാര്‍ കപ്പ ബിരിയാണിക്ക് പറയുന്ന പേരാണ് 'ഏഷ്യാഡ്.'എല്ലിട്ടും വേവിക്കും, ഇറച്ചിയിട്ടും വേവിക്കും. 

baby chettan's placeആവി പറക്കുന്ന ഒരു പ്ലെയിറ്റ് കപ്പ ബിരിയാണി മുമ്പിലെത്തി. കൂടെ ഒരു ഗ്ലാസ് ഇളനീരും. ഒറ്റയിരിപ്പിന് കപ്പ ബിരിയാണി അകത്താക്കി! എന്താ ടേസ്റ്റ്! വയറു നിറഞ്ഞു പോയി. ഇനി മലയിറങ്ങണം. അടിവാരത്തില്‍ വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ഇടുക്കിയുടെ വശ്യതയില്‍ മുങ്ങിജീവിക്കുന്നവര്‍ക്കായി മലമുകളില്‍ അപ്പോഴും വെളിച്ചം പരന്നു കിടന്നു.

സുശീലചേച്ചിയുടെ സദ്യവട്ടം
ചെമ്മീനും തേങ്ങയും പൊടിച്ചത്/ ചള്ളാസ്, ചക്കക്കുരുവും മുരിങ്ങയും തീയല്‍/ പയറും കപ്പളവും തോരന്‍/ ഉപ്പുമാങ്ങ ചമ്മന്തി/ പാവയ്ക്കവറുത്ത് കിച്ചടി/ പച്ചടി/ ചക്കത്തീയല്‍/ വെണ്ടണ്ടക്ക തക്കാളി തീയല്‍/ ചക്കക്കുരു മപ്പാസ്/ മെഴുക്കുപുരട്ടി/ ചക്കക്കുരു ഈര്‍ക്കില്‍ പരുവത്തില്‍ അരിഞ്ഞ് ഇഞ്ചിയും, തൈരും ചേര്‍ത്തത്/ ചേമ്പിന്റെ ഇല കൂമ്പ് കെട്ടി ചെമ്മീനുമിട്ട് തോരന്‍/ തകരയിലയും ചേമ്പിലയും നേര്‍മ്മയായരിഞ്ഞ് തോരന്‍/ വാഴപ്പിണ്ടണ്ടിയും ഉണക്കമീനും തോരന്‍/ വെണ്ടണ്ടക്ക വട്ടം കണ്ടിച്ച് കടലമാവ് കൂട്ടി തൈര് ഒഴിച്ച കറി/ പൊരിച്ച മീന്‍. 

എല്ലുകറി
പോത്തിന്റെ മുഴനെഞ്ചാണ് ഇതില്‍ ചേര്‍ക്കുന്നത്. എല്ലു കഴുകി വെള്ളം തോരാന്‍ വെയ്ക്കുന്നു. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ എണ്ണയില്‍ വഴറ്റി, മുളകുപൊടി, മല്ലിപ്പൊടി എല്ലാം കൂടി മൂപ്പിച്ച് എല്ലില്‍ ചേര്‍ക്കുന്നു. കൂടെ ഉപ്പും മഞ്ഞളും. ചേരുവകള്‍ എല്ലാം ചേര്‍ത്തിട്ട് അടുപ്പില്‍ വെയ്ക്കുക. വെന്തു വറ്റിക്കഴിയുമ്പോള്‍ കുഴമ്പു പരുവത്തിലാകും. വെള്ളം വറ്റുമ്പോഴേയ്ക്കും ഈ എല്ലുകള്‍ വെന്തിരിക്കും. പിന്നീട് കടുക് വറുത്തിടാം. വിളമ്പാം. 

വര: ദേവപ്രകാശ് 

ഇടുക്കി യാത്രയില്‍ ദേവപ്രകാശിന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക