ധാര്‍കാര്‍ഡ്, കെജ്‌രിവാള്‍, ടി.പി.വധക്കേസ്, പാചകവാതക വില. ക്ഷമിക്കണം,ഈ പരിപ്പൊന്നും കുറിച്ചിത്താനത്ത് വേവില്ല. 600 പാചകക്കാര്‍ നിരന്നുനില്‍ക്കുന്ന ഈ നാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ ചുരുങ്ങിയത് 21 കൂട്ടം വിഭവങ്ങളെക്കുറിച്ചെങ്കിലും പഠിച്ചാലേ രക്ഷയുള്ളൂ. അതൂകാ് പാചകഗ്രാമത്തിലേക്കുള്ള യാത്രയില്‍ മരങ്ങാട്ടുപിള്ളി കഴിഞ്ഞപ്പോഴേ ജപിച്ചുതുടങ്ങി.'പപ്പടം,വട,ബോളി,കാളന്‍,തീയല്‍,സാമ്പാര്‍,പച്ചടി...'ആ പേരുകള്‍ കേട്ടപ്പോള്‍ കുറിച്ചിത്താനത്തെ നളന്‍മാര്‍ പരിചയം നടിച്ചു. നാട്ടില്‍ അടുപ്പുകള്‍ പുകഞ്ഞുതുടങ്ങി.

ഉപ്പും മുളകും പാകത്തിന് 

കുറിച്ചിത്താനത്തെ വനമാല കല്യാണമണ്ഡപത്തില്‍ വെച്ചാണ് ഈ ഫീച്ചര്‍ പാചകം ചെയ്യുന്നത്. അതിനുള്ള ചേരുവകള്‍ എത്തി തുടങ്ങി. പാചകക്കാര്‍ 50, വിളമ്പുകാര്‍ 30, നാട്ടുകാര്‍ ആവശ്യത്തിന്. കലവറയില്‍ ഇനിയുമുണ്ട് ഒട്ടേറെപ്പേര്‍. എല്ലാവരുംചേര്‍ന്ന് നാടിന്റെ പാചകചരിത്രം പാകം ചെയ്യുകയാണ്. പഴയിടം കേശവന്‍ നമ്പൂതിരി ആദ്യത്തെ തവി ഇളക്കി . 'പണ്ട് എല്ലാദിവസവും പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ സദ്യ ഉണ്ടായിരുന്നു. ആ അന്നദാനത്തില്‍നിന്നാണ് ഇവിടത്തെ പാചകകലയുടെ തുടക്കം. പുരുഷന്‍മാരെല്ലാം ഭക്തിയോടെ പാചകം പഠിച്ചു'ക്ഷേത്രത്തിലെ അന്നദാനത്തിന്റെ നേതൃത്വം പഴയിടം മോഹനന്‍ നമ്പൂതിരിക്കായിരുന്നു. അതേ, നമ്മുടെ യുവജനോത്സവങ്ങളിലെ സെലിബ്രിറ്റി കുക്ക്. കലോത്സവവേദികളില്‍ പഴയിടത്തിന്റെ പാചകകല ഒന്നാംസ്ഥാനം നേടിയപ്പോള്‍ അണിയറയില്‍ നാട്ടുകാര്‍ ആ ചേരുവകള്‍ മനപ്പാഠമാക്കി. കാളനും തോരനും സാമ്പാറും അവിയലും ഇവിടുത്തെ ആണുങ്ങളുടെ ഇഷ്ടചങ്ങാതിമാരായി മാറി. സലിംകുമാര്‍ ഇതാ ആ കഥയുമായി അടുപ്പിനടുത്തേക്ക് വരുന്നു.
'പതിനാറാം വയസ്സില്‍ ജോലി തുടങ്ങിയതാണ് ഞാന്‍. വേറെ പണിയൊന്നുമില്ലാതെ നടന്നപ്പോള്‍ പഴയിടം എന്നെ വിളിച്ച് ഒപ്പം കൂട്ടുകയായിരുന്നു. അദ്ദേഹത്തിനൊപ്പം അഞ്ചെട്ട് വര്‍ഷം നിന്ന ശേഷമാണ് സ്വന്തമായി പാചകത്തിനിറങ്ങിയത്'പഴയിടത്തിന്റെ ശിഷ്യര്‍ പെട്ടെന്ന് വളര്‍ന്നു. അവരിലൂടെ നാട് മൊത്തം പാചകത്തിലേക്ക് തിരിഞ്ഞു.

നാട്ടില്‍ ഓരോ ആണ്‍കുട്ടി ജനിക്കുമ്പോഴും നിന്നെ ഞാനൊരു പാചകക്കാരനാക്കാമെന്ന് അമ്മമാര്‍ നേര്‍ച്ച തുടങ്ങി. കുട്ടികളുടെ കൈയില്‍ വെണ്ടയും മുരിങ്ങക്കോലും കളിക്കോപ്പുകളായി. അതിലൊരു കുട്ടി ഇതാ സ്വന്തം അനുഭവവുമായി മുന്നില്‍ വരുന്നു. ജയന്‍പന്നിക്കോട്ട്. 25 വര്‍ഷമായി കലവറ മാത്രമാണ് ലോകം.' ആദ്യകാലത്ത് ദേഹണ്ഡം ഉറക്കമിളച്ച് പണിതിട്ട് പിറ്റേദിവസം വീട്ടില്‍ പോരുന്ന ജോലിയായിരുന്നു. പ്രത്യേകിച്ച് പ്രതിഫലമൊന്നും കിട്ടില്ല. തലേദിവസത്തെ ചോറ് പാചകക്കാര്‍ക്ക് ഉപ്പുമാവാക്കി കൊടുക്കാന്‍ വീട്ടുകാര്‍പറയും.അന്നൊക്കെ ആഹാരംപോലും കിട്ടാതെ കഷ്ടപ്പെട്ടാണ് പാചകക്കാര്‍ വീട്ടിലെത്തുക. ആ കാലമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ അഞ്ചുപേര്‍ ചേര്‍ന്ന് മോഹനേട്ടനൊപ്പം കാറ്ററിങ്ങ് സര്‍വീസ് തുടങ്ങി. ഇതൊരു പ്രൊഫഷന്‍ ആക്കാമെന്ന് അന്നാണ് മനസ്സിലാവുന്നത്.' ഇതേ ആശയവുമായി മറ്റുള്ളവരും ഒപ്പം നടന്നു. കുറിച്ചിത്താനത്താകെ കാറ്ററിങ്ങ് യൂണിറ്റുകള്‍ പടര്‍ന്നുപൂവിട്ടു. അവര്‍ സദ്യകള്‍ ഏറ്റെടുത്തു, ഗ്രാമത്തിന്റെ കൈപ്പുണ്യം കോട്ടയം ജില്ലയില്‍നിന്ന് പുറത്തേക്ക് തിളച്ചുതൂവി. തൊട്ടടുത്ത എറണാകുളത്തേക്കും തൃശ്ശൂരേക്കും മലബാറിലേക്കും രുചിക്കൂട്ടുകള്‍ പരന്നു. പിന്നെ തിരുവനന്തപുരത്തും കൊല്ലത്തുമെല്ലാം കുറിച്ചിത്താനത്തുകാര്‍ അടുപ്പുകൂട്ടി.

കോട്ടയത്തിനെന്നും തനതായ ചില രുചിക്കൂട്ടുകളുണ്ടായിരുന്നെന്നാണ് കുറിച്ചിത്താനത്തുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. അതില്‍ തങ്ങള്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നെന്ന് അവര്‍ സമ്മതിക്കുന്നു.

പച്ചടി കിച്ചടി എല്ലാംവെച്ചുഎനിക്കുമാത്രം കിട്ടിയില്ല

'കോട്ടയത്തിന് എരിവും പുളിയും കുറച്ച് മുന്നോട്ട് വേണം. മീനായാലും മട്ടനായാലും ചിക്കനായാലും ഇനി സാമ്പാറാണെങ്കിലും അതിലൊരു മാറ്റവുമില്ല. വടക്കോട്ട് പോവുന്തോറും എരിവും പുളിയും കുറയും.' മോഹന്‍ബാബു രുചി വൈവിധ്യങ്ങളുടെ ചെമ്പെടുത്ത് അടുപ്പത്തുവെയ്ക്കുന്നു. എങ്കിലും ഇവിടുത്തെ പാചകക്കാര്‍ എല്ലായിടത്തും കോട്ടയത്തിന്റെ രീതികളല്ല പ്രയോഗിക്കുന്നത്. ഓരോ നാട്ടിലെയും രുചിയറിയാന്‍ അവര്‍ക്ക് ചില പൊടിക്കൈകളുണ്ട്. കറിയില്‍ ഉപ്പുചേര്‍ക്കുന്ന പോലുള്ളൊരു വിദ്യ 'ഞങ്ങള്‍ ഓരോ സ്ഥലത്തും പാചകത്തിന് ചെല്ലുമ്പോള്‍ അവിടുത്തെ വീട്ടുകാരോട് ചോദിക്കും, ഇവിടെ എരിവ് എങ്ങനെ വേണം, പുളി എങ്ങനെ വേണം എന്നൊക്കെ. പോരെങ്കില്‍ രണ്ടുദിവസം മുമ്പേ അവരുടെ വീട്ടില്‍ ചെന്ന് ഊണൊക്കെ കഴിക്കും. എന്നിട്ട് ആ രുചിയൊക്കെ സദ്യവട്ടത്തില്‍ പരീക്ഷിക്കും' സുരേഷ് നാണം കുണുങ്ങി. ഈ സൂത്രത്തില്‍ ഇവര്‍ ഒരുക്കുന്ന വിഭവങ്ങള്‍ക്കുമുന്നില്‍ അതിഥികള്‍ വീഴുന്നു. കുറിച്ചിത്താനത്തുനിന്ന് ആര് സദ്യയൊരുക്കാന്‍ പോയാലും ഇതുവരെ മോശമായില്ലെന്ന് അനുഭവങ്ങളുടെ സര്‍ട്ടിഫിക്കറ്റുമുണ്ട്.

കുറിച്ചിത്താനത്തിന്റെ മാസ്റ്റര്‍പീസ് ഐറ്റം പച്ചടിയാണ്. വെളുത്ത കളറുള്ള അന്യദേശ പച്ചടിയെ ഈ നാട്ടുകാര്‍ സ്വര്‍ണനിറത്തിലാക്കി മാറ്റിയ കഥയുമായി ഇതാ സുധാകരന്‍ ഹാജര്‍. 'പൈനാപ്പിള്‍, മാമ്പഴം, മത്തങ്ങ അങ്ങനെ പലതുകൊണ്ടും ഞങ്ങള്‍ പച്ചടിയുണ്ടാക്കും. പഴ വര്‍ഗങ്ങളായാലും പച്ചടിക്ക് നല്ലതാണ്. സാധാരണ പച്ചടിക്ക് ചേരുവ വരട്ടിയെടുത്ത് നാളികേരവും കടുകും കൂടെ അരച്ചുകലക്കുകയാണ് ചെയ്യുക. അത് പക്ഷേ ലൂസായിരിക്കും. വെളുത്ത നിറവും. ഇവിടുത്തെ പച്ചടി ഗോള്‍ഡന്‍ കളറാണ്. പഴവും പൈനാപ്പിളും കൂടെ വരട്ടിയെടുത്ത് അതില്‍ പഞ്ചസാരയും കൂടെ ചേര്‍ക്കുന്നതാണ് ഈ നിറത്തിന്റെ രഹസ്യം'.

സുധാകരനൊരുക്കുന്ന പച്ചടിയില്‍ മോഹന്‍ബാബു ഒരു പൊടി മഞ്ഞളിടുന്നു'ഞങ്ങള്‍ തിരുവാതിര പുഴുക്ക് പോലെ ഒരെണ്ണം പരീക്ഷിക്കാറുണ്ട്. എല്ലാ പച്ചക്കറി കൂട്ടുകളും ഇട്ടുകൊണ്ടൊരു പ്രത്യേക തീയല്‍. തേങ്ങയും മല്ലിയും മുളകും വറുത്തരച്ച് പുളിയും കഷ്ണങ്ങളുമിട്ട് വേവിച്ച് എണ്ണയൊഴിച്ച് കറിവേപ്പിലയിടും. ഇത് വേറെ എവിടെയും ഇല്ലാത്തതുകൊണ്ട് നല്ല അഭിപ്രായമാണ്.'കുറിച്ചിത്താനത്തിന്റെ തനതുരുചികള്‍ക്ക് തീ പിടിക്കുകയാണ്. നമുക്ക് കൊതിയോടെ കാത്തിരിക്കാം. കടലാസില്‍ പഴം വടയും പപ്പടബോളിയും ഉഴുന്നുവടയും നിരക്കുന്നുണ്ട്.

 ഇവിടുത്തെ ആണുങ്ങളെല്ലാം പാചകക്കാരാണെങ്കിലും വീട്ടില്‍ സ്ത്രീകളാണ് പുലികള്‍. അടുക്കള അവര്‍ പുരുഷകേസരികള്‍ക്ക് വിട്ടുകൊടുക്കില്ല. ആണുങ്ങള്‍ക്ക് അതിലൊട്ട് പരിഭവവുമില്ല' ഞങ്ങളീ പണിയെല്ലാം കഴിഞ്ഞ് ചെല്ലുമ്പോള്‍ ഭാര്യമാരുണ്ടാക്കുന്ന ഭക്ഷണത്തിനാണ് രുചിയുള്ളതായി തോന്നുന്നത്. 'സുധാകരന്‍ സ്ത്രീപക്ഷം പിടിച്ചു. അപ്പോള്‍ എവിടെ നിന്നോ ഒരു കുറുക്ക് കാളന്റെ മണം വന്നു. നല്ല മുരിങ്ങക്കോലും തേങ്ങ വറുത്തരച്ചതും കൂടിക്കലരുന്ന ഒരു സമ്മിശ്രഗന്ധം. സദ്യയൊരുങ്ങുകയായി. ഇനി വിളമ്പുകാരെ നോക്കാം.

കുറച്ച് ചോറ് മോരൊഴിച്ച് കഴിക്കാലോ

ഇപ്പോള്‍ ലോകത്തെ ഏത് സദ്യവിളമ്പുകാരനെ കണ്ടാലും കല്യാണരാമനിലെ ഇന്നസെന്റിനെയല്ലേ ആദ്യം ഓര്‍മ വരുന്നത്. കൊമ്പന്‍മീശ പിരിച്ച്, മുണ്ടൊന്ന് മാടിക്കുത്തി, ചോറിന്റെ തളികയുമെടുത്ത് വിളമ്പാന്‍ ഓടുന്ന ആ ഗജകേസരി. സിനിമയിലെ ആ വിളമ്പുകാരനെ നേരിട്ട് കണ്ടാല്‍ പക്ഷേ  കുറിച്ചിത്താനത്തുകാര്‍ ഓടിച്ചുവിടും. കാരണം അവര്‍ അതിഥികള്‍ക്ക് സ്‌നേഹവും കരുതലും കലര്‍ത്തിയാണ് സദ്യ വിളമ്പുന്നത്. പാചകക്കാരുടെ ഇരട്ടിയുണ്ട് ഇവിടെ സദ്യവിളമ്പുകാര്‍. ഗ്രാമത്തിലെ 400 പേരോളം ഈ തൊഴിലിലുണ്ട്.
'ആരു സദ്യ വിളമ്പാന്‍ വിളിച്ചാലും അവരുടെ ആളുകളായി നിന്നാണ് ഞങ്ങള്‍ സര്‍വീസിന് പോവുന്നത്. പെണ്‍കുട്ടിയുടെ കല്യാണസദ്യയൊരുക്കാന്‍ പോയാല്‍ ഞങ്ങള്‍ ആ വീട്ടുകാരായങ്ങ് മാറും. വിളമ്പുകാര്‍ക്ക് പ്രത്യേക യൂണിഫോമൊന്നുമില്ല. അതുകൊണ്ട് ആരില്‍നിന്നും ഞങ്ങള്‍ വേറിട്ടുനില്‍ക്കുന്നുമില്ല.'18 വര്‍ഷമായി സദ്യ വിളമ്പുന്ന  മോഹന്‍ബാബു പറഞ്ഞു. ഓരോ ദിവസവും പുതിയ ആളുകള്‍ വിളമ്പിന്റെ അണിയില്‍ ചേരുന്നുണ്ട്.

പച്ചടി കിച്ചടി എല്ലാംവെച്ചുഎനിക്കുമാത്രം കിട്ടിയില്ല

ഭക്ഷണം വിളമ്പുന്നതിന് ഓരോ നാടിനും ഓരോ രീതിയുണ്ട്. 'കോട്ടയത്താണെങ്കില്‍ ചോറ് വിളമ്പിയിട്ട് നെയ്യ്,പരിപ്പ്,സാമ്പാര്‍,കാളന്‍, പ്രഥമന്‍,പിന്നെ മോര് അങ്ങനെ പോവും. തെക്കോട്ട് പോയാല്‍ സാമ്പാര്‍ കഴിഞ്ഞ് പായസം. ആലപ്പുഴ ഭാഗത്ത് മോരും രസവും കൂടെ വിളമ്പും. വടക്കോട്ട് പോയാല്‍ കുറുക്ക് കാളനാണ് ഏറ്റവും ആദ്യം വേണ്ടത്' ഷാജി ദേശാന്തരങ്ങളിലെ അനുഭവങ്ങള്‍ നിരത്തി.
അടുത്തിടെ കുറിച്ചിത്താനത്തെ വിളമ്പുകാര്‍ ഒരു കല്യാണത്തിന് പോയി. കുശിനിപ്പുരയിലെ നളന്‍ സാക്ഷാല്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ. ആറ് ബസ്സുകളിലായി 300 പേരാണ് സദ്യയൊരുക്കാനും വിളമ്പാനുമായി മലബാറിലേക്ക് പോയത്. മുന്നില്‍ നിരന്നിരുന്ന മുപ്പതിനായിരം പേരെ ഇവര്‍ രുചിയോടെ ഊട്ടി. കണ്ണൂരായിരുന്നു ആ സദ്യയുടെ ലൊക്കേഷന്‍. എല്ലാം കഴിഞ്ഞ് സംതൃപ്തിയോടെ ആ വീട്ടുകാരന്‍ ചിരിച്ചു, മന്ത്രി കെ.പി.മോഹനന്‍.

 കഥകളുടെ ചൂട് കൂടുമ്പോള്‍ ഒരാള്‍ ഓടിക്കിതച്ചുകൊണ്ട് വരുന്നു. മരങ്ങാട്ടുപള്ളി പഞ്ചായത്ത് മെമ്പറാണ്. മാണിസാറിന്റെ അണി. ഉടയാത്ത ഖദറിന്റെ ബട്ടണഴിച്ച് മെമ്പര്‍ സിറിയക് മാത്യു ചിരിച്ചു.' ഞാനും കാറ്ററിങ്ങ് സര്‍വീസ് നടത്തുന്നുണ്ട്. 20 വര്‍ഷമായി തുടങ്ങിയിട്ട്. ഞങ്ങള്‍ നോണ്‍വെജ് വിഭവങ്ങളാണ് ഒരുക്കുന്നത്.'ജനസേവനവും പാചകവും ഒരുമിച്ച് കൊണ്ടുപോവുന്നതുകൊണ്ട് മെമ്പര്‍ക്കുകുറെ നേട്ടങ്ങളുണ്ടായിട്ടുണ്ട്.  രുചിയൊരുക്കി ആളുകളെ ചാക്കിട്ടല്ലേ ആശാന്‍ രാഷ്ട്രീയത്തില്‍ കസറുന്നത്. ഈ ഫീല്‍ഡിലായതുകൊണ്ട് എളുപ്പത്തില്‍ മെമ്പര്‍ പരീക്ഷയും പാസായി.

അടുപ്പില്‍ കാച്ചുന്ന പൊന്ന് 

വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കില്‍ പട്ടിണിയാവുമെന്നാണ് സാധാരണ ചൊല്ല്.  കുറിച്ചിത്താനത്തെത്തുമ്പോള്‍ അത് അച്ചട്ട് സത്യമാണ്. ഈ നാടിന്റെ വരുമാനത്തില്‍ അമ്പത് ശതമാനത്തിലധികവും പാചകത്തില്‍നിന്നാണ് വരുന്നത്. ഇതിലെ വരുമാനംകൊണ്ടാണ് മിക്കവരും സ്വന്തമായി വീടുണ്ടാക്കിയത്. ചിലരൊക്കെ പുതിയ വണ്ടികള്‍ വാങ്ങി. വരുമാനത്തിന്റെ ഒരുപങ്ക് ജീവകാരുണ്യപ്രവര്‍ത്തനത്തിനായി അവര്‍ നീക്കിവെയ്ക്കുന്നുമുണ്ട്. 

കുറിച്ചിത്താനത്തെ പുതുതലമുറ ഉയര്‍ന്ന കോഴ്‌സുകള്‍ പഠിക്കുന്നൊക്കെയുണ്ട്. പക്ഷേ മുതിര്‍ന്നാല്‍ അവര്‍ അടുക്കളയില്‍ തന്നെ കയറിയെത്തും. ഇതാ ഒരൊന്നാന്തരം ആത്മകഥയുമായി ജിജിത്ത് തോമസ്. 'ഞാന്‍ നഴ്‌സിങ്ങാണ് പഠിച്ചത്. പക്ഷേ പണ്ടുതൊട്ടേ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ താത്പര്യമായിരുന്നു. 15 വര്‍ഷമായി വീട്ടുകാര്‍ക്ക് ഹോട്ടലുണ്ട.് അതുകൊണ്ട് ഭക്ഷണം കൊടുക്കുക എന്നത് വലിയ കാര്യമായിട്ടാണ് തോന്നിയത് ഞാനും അതുതന്നെ ചെയ്യുന്നു' ഗ്രീന്‍കാറ്ററിങ്ങിന്റെ പ്രൊപ്രൈറ്ററുടെ ചിരി.
കുറിച്ചിത്താനം കഥകളുടെ ഒടുവില്‍ മേമ്പൊടിക്ക് രണ്ട് ചേരുവകള്‍ കൂടെ ബാക്കി. ആദ്യത്തെയാള്‍ അനിയന്‍. കക്ഷി പക്ഷേ പാചകക്കാരനല്ല. 'രണ്ടുവര്‍ഷത്തെ കണക്കെടുത്തപ്പോള്‍ ഓണക്കാലത്ത് കോട്ടയത്ത് ഏറ്റവും കൂടുതല്‍ പാര്‍സല്‍ പോയത് കുറിച്ചിത്താനത്തുനിന്നാണ്. അത്രയും ദേഹണ്ഡക്കാരുണ്ട്. എന്നാലോ ആരും തമ്മില്‍ ശത്രുതയും മത്സരവുമൊന്നുമില്ല.'ഐക്യത്തിന്റെ കാഹളം. പാചകക്കാര്‍ കൈകോര്‍ത്തുനില്‍ക്കൂന്നു.

പൂതൃക്കോവില്‍ ക്ഷേത്രത്തിന്റെ മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ ഒരുപൊടി കൂടെ മധുരം ചേര്‍ക്കുന്നു.'നല്ലൊരു തൊഴില്‍ സംരംഭമായി ഇത് വളര്‍ന്ന് വികസിച്ചിരിക്കുന്നു. ഈ തരത്തിലൊരു പ്രശസ്തി വന്ന ശേഷം ഒരുപാട് വികസനം ഇവിടെ നടക്കുന്നുണ്ട്. സദ്യ നന്നാവാന്‍ നല്ല പച്ചക്കറി വേണം. ഇത് തിരിച്ചറിഞ്ഞുകൊണ്ട് കുറിച്ചിത്താനത്തുകാര്‍ ഇപ്പോള്‍ വീട്ടുമുറ്റത്ത് പച്ചക്കറി നട്ടുതുടങ്ങി. എല്ലായിടത്തും കൃഷി തകര്‍ക്കുന്നു.സ്‌കൂളിലെ കൊച്ചുപിള്ളേര്‍ പോലും കൃഷിയിലേക്ക് വലതുകാല്‍ വെയ്ക്കുകയാണ്. ഇതൊക്കെ ഈ പാചകം നാട്ടില്‍ കൊണ്ട് വന്ന മാറ്റങ്ങളാണ്. ' 
ഫീച്ചര്‍ തിളച്ച് വേവുമ്പോള്‍ എവിടെ നിന്നോ പരിപ്പുവട നിറച്ച ഒരു തളിക മുന്നില്‍വന്നു. ചൂടനും എരിയനും സര്‍വോപരി കമ്യൂണിസ്റ്റുമായ ആ വടയ്‌ക്കൊപ്പം കട്ടന്‍ചായയും കൂട്ടുകൂടുന്നു. ഇപ്പോള്‍ ചുറ്റിലും കുറെ കറുമുറെ ശബ്ദങ്ങള്‍ മാത്രം. 

 ഏറ്റവും ഒടുവില്‍ ആ പാചകക്കാരിലെ പത്തമ്പതുപേര്‍ മുന്നില്‍വന്ന് നെഞ്ചുവിരിച്ച് നിന്നു. അപ്പോഴാണ് മുകളില്‍ കണ്ട ആ ഫോട്ടോ പിറന്നത്. അതുംകഴിഞ്ഞ് എല്ലാരും ഒത്തൊരുമിച്ചൊരു നഴ്‌സറി ഗാനം പാടി. 'പരിപ്പുവെച്ചു, പായസം വെച്ചു,പച്ചടി,കിച്ചടി എല്ലാം വെച്ചു. എല്ലാര്‍ക്കും കിട്ടി,എല്ലാര്‍ക്കും കിട്ടി എനിക്കുമാത്രം കിട്ടിയില്ല.' അവര്‍ കുഞ്ഞുങ്ങളെപ്പോലെ പുതിയ ഊട്ടുപുരകള്‍ തേടിപ്പോയി.