ങ്കശ്ശേരി കടപ്പുറത്തുനിന്ന് ഒരു കൂക്കി വിളി ഉയര്‍ന്നു.അതുകേട്ട് അരയക്കുടിലുകളില്‍ വിളക്കുകള്‍ തെളിഞ്ഞു. കിഴക്ക് വെള്ള കീറിയിട്ടില്ല.ഉറക്കച്ചടവില്‍ ഇറങ്ങിവന്നവര്‍ കിഴക്കോട്ട് നടന്നു.നേര്‍ത്തനിലാവില്‍ കറുത്ത നിഴലുകളുടെ ഘോഷയാത്ര.അഴിഞ്ഞുകിടക്കുന്ന മുടി വാരിക്കെട്ടി മരയ്ക്കാത്തിമാര്‍ കൂരയുടെ വാതില്‍ ചാരി. ഉറഞ്ഞുകിടക്കുന്ന കടലില്‍ ജലയാനങ്ങള്‍ ഇളകിത്തുടങ്ങി.

'എന്താടോ കൂവേ ...'രണ്ടു വരത്തന്‍മാരെ കണ്ടിട്ടാവും കടപ്പുറത്തുകൂടെ ഒരു ബലിഷ്ഠകായന്‍ നടന്നെത്തി.കടലിനോട് മല്ലിടുന്ന കരുത്തുണ്ട് ഫ്രാന്‍സിസിന്.പതിനൊന്നു വയസ്സുമുതല്‍ കടലിലെ മലരും ചുഴിയും പച്ചവെള്ളംപോലെ നിശ്ചയം.

''മീനിന് രുചിയില്ലാത്ത സമയാ ഇത്.ചിങ്ങവും കന്നിയുമാവണം മീന്‍ നെയ് വെക്കാന്‍.അഷ്ടമുടി കായലിലെ ചെളിയും മണ്ണും തിന്ന് നെയ് വെച്ച് അവ തിരികെ വരും.ഇഷ്ടംപോലെ കുട്ടികളുമുണ്ടാവും കൂടെ.'' ഫ്രാന്‍സിസിന്റെ സ്മൃതികളില്‍ ഒരു ചാകരക്കാലം തെളിഞ്ഞുവന്നു.അയാള്‍ ചെവിയോര്‍ത്തു.അങ്ങ് നീലക്കടലിന്റെ ആഴങ്ങളില്‍ മീന്‍കൂട്ടത്തിന്റെ ചൂളംവിളി. അയാള്‍ വെള്ളത്തിലേക്ക് പങ്കായം കുത്തിയിറക്കി.''ഇതില്‍ ചെവി ചേര്‍ത്തുവെച്ചാല്‍ മതി. മീനിന്റെ പൊളപ്പ് മനസ്സിലാവും.കല്ല് പൊട്ടുന്നപോലെ ശബ്ദംകേള്‍ക്കാം.അവിടെ വലയെറിഞ്ഞാല്‍ കുട്ട നിറയും.'' കടലിന്റെ രഹസ്യങ്ങള്‍ അറിയാവുന്ന മുക്കുവന്റെ പാഠങ്ങള്‍.കരയിലിരിക്കുന്നവന്  ഇതെല്ലാം വെറും കൗതുകങ്ങള്‍.

പറഞ്ഞുതീരുമ്പോഴേക്കും തോണിയില്‍ ചാടിക്കയറി ഫ്രാന്‍സിസ് പങ്കായം ചലിപ്പിച്ചുതുടങ്ങി.തിരമാലകളെ കീറിമുറിച്ചുകൊണ്ട് ആ വഞ്ചിയൊരു ചാട്ടുളിപോലെ പടിഞ്ഞാറോട്ട് കുതിച്ചു.അപ്പോള്‍ കരയിലേക്ക് വലിയൊരു തിരയൊഴുകി വന്നു.പഞ്ചാരമണലില്‍ പതിഞ്ഞ ഞങ്ങളുടെ കാലടിപ്പാടുകള്‍ ആ തിരയൊഴുക്കിക്കൊണ്ടുപോയി.

കൊല്ലത്തിനെന്നും ഈ കടലാണ് കണി.നീണ്ടകരയും ചെറിയഴീക്കലും പൂന്തേന്‍തുറയും എരവിപുരവും വ്യാപിച്ചുകിടക്കുന്ന ആഴി.അതിനെ തൊട്ട് നീണ്ടുനീണ്ടുകിടക്കുന്ന കരകള്‍.അവയില്‍ ജീവിതം കൊരുക്കുന്ന പച്ചമനുഷ്യര്‍.

നീണ്ടകരയിലെ പുറംകടലിനുമുകളില്‍ കടല്‍ക്കാക്കകള്‍ വട്ടമിട്ടു പറക്കുന്നു.ഒന്നിന്റെ കൊക്കില്‍നിന്ന് കരയിലേക്ക് രണ്ട് മത്തികള്‍ ഉതിര്‍ന്നുവീണു.'ഇന്ന് മത്തിയാമത്തി...'കരയില്‍ ആരവങ്ങളുയരുന്നു.തലേന്നു മീന്‍തേടി പോയവര്‍ തിരിച്ചുവരികയാണ്.അതിന്റെ ആദ്യശകുനമറിയിച്ചതാണ് കാക്കകള്‍. അതോടെ ഐസ് പെട്ടികളുമായി സൈക്കിളുകളും ബൈക്കുകളും തീരത്തേക്ക് കുതിച്ചു.അതുവരെ പരദൂഷണത്തിലേര്‍പ്പെട്ടിരുന്ന തടിച്ചിപ്പെണ്ണുങ്ങള്‍ മുണ്ടിന്റെ കോന്തല മുറുക്കി. കുട്ടികള്‍ വഞ്ചിയടുക്കുംമുന്നേ വെള്ളത്തിലേക്ക് എടുത്തുചാടി. ഇരുകൈകളിലും കിട്ടാവുന്നത്ര മത്തി കൈക്കലാക്കി അവര്‍ തിരിച്ചുനീന്തി.അത് അവരുടെ പങ്കാണ്.കുട്ടകളിലേക്ക് ചൊരിയുന്ന മത്തി പുറത്തേക്ക്് വീഴുമ്പോള്‍ കോരിയെടുക്കാന്‍ വയസ്സത്തിത്തള്ളകള്‍ മത്സരിച്ചു.കേരളത്തിന്റെ ഏറ്റവും വലിയ മീന്‍പാടത്തില്‍ സന്തോഷത്തിന്റെ അലകള്‍.

 ''ഇവിടെയാണ് കൂടുതല്‍ ചെമ്മീന്‍ കിട്ടുക.കേരളത്തിലാകെയുള്ള മീനിന്റെ മൂന്നിലൊന്നും ഇവിടെനിന്നാ പിടിക്കുന്നേ...''അല്‍പം അഭിമാനത്തോടെയാണ് രാജു ആ സാമ്പത്തികശാസ്ത്രത്തിലേക്ക് തിരിഞ്ഞത്.ഭാഗ്യനക്ഷത്രം ബോട്ടിന്റെ സ്രാങ്കാണ് കക്ഷി.പക്ഷേ നാലുദിവസമായി ഈ വഞ്ചി നീറ്റിലിറങ്ങിയിട്ട്.ചിലപ്പോള്‍ മീനുകള്‍ കൂട്ടത്തോടെ വലയില്‍ കയറും.വലിയൊരു ചാകരക്കോളില്‍ സന്തോഷിക്കുമ്പോഴാവും വല ഒന്നാകെ മുറിച്ച് അവ പുറത്തേക്ക് ചാടുക.ഏതു കരളുറപ്പുള്ള മുക്കുവനും ഒരുനിമിഷം തകര്‍ന്നുപോവും.അവര്‍ക്ക് നിസ്സഹായരായി തിരികെ കര പറ്റേണ്ടിവരും.പിന്നെ വല നന്നാക്കിയെടുക്കുംവരെ പട്ടിണി.അങ്ങനെയൊരു നിര്‍ഭാഗ്യദിനത്തിലാണ് രാജുവും കൂട്ടുകാരും.അവരുടെ ചെമ്പിച്ച കൈകളിലൂടെ ആ വലയ്ക്ക് വീണ്ടും ജീവന്‍ വെക്കുന്നു.

''തീരെ ഭാഗ്യമില്ലാത്തോര് ഞങ്ങളാ മക്കളെ...'', അരികില്‍നിന്ന് ചെമ്മീന്‍ നുള്ളുന്ന മറിയാമ്മ ശ്രദ്ധ ക്ഷണിച്ചു.''ഒരുപാട് വര്‍ഷമായി ഈ പണി ചെയ്യുന്നു.നമ്മുടെ കാലം ഇങ്ങനെത്തന്നെ തീരുമെന്നാ തോന്നുന്നത്.'' അവര്‍ സ്വന്തം ജീവിതത്തോട് പരിഭവിച്ചു.30 വര്‍ഷമായി ചെമ്മീന്‍ നുള്ളുകയാണ് മറിയാമ്മ.അതുകൊണ്ട് ഭര്‍ത്താവും മക്കളുമുള്ള കുടുംബം കഞ്ഞികുടിച്ചുപോവുന്നു.ബോട്ടില്‍ ചെമ്മീന്‍ വരുമ്പോള്‍ ഇവര്‍ ലേലം കൊള്ളും.അത് തോട് കളഞ്ഞ് കമ്പനികള്‍ക്ക് വില്‍ക്കും.അവരത് പാത്രത്തിലടച്ച് കപ്പല്‍ കയറ്റിവിടും. മറ്റ് രാജ്യങ്ങളിലെ തീന്‍മേശകളിലേക്കാണ്  ഉപ്പും മുളകും പുരട്ടി ചെമ്മീനിന്റെ വിരുന്ന്‌പോക്ക്.തീന്‍മേശകളിലെത്താതെ രക്ഷപ്പെടുന്നകൂട്ടരുമുണ്ട്. അതിന് നല്ല തറവാട്ടില്‍ ജനിക്കണമെന്നുമാത്രം, കാരച്ചെമ്മീനിനെപ്പോലെ. മുട്ടയിടുന്ന കാരചെമ്മീന് ഒന്നിന് 25000ത്തിലേറെ വിലയുണ്ട്.ഹാച്ചറികള്‍ക്ക് കിട്ടിയാല്‍ പൊന്നുംവിലയ്ക്ക് കൊണ്ടുപോവും.കൊല്ലാനല്ല,വളര്‍ത്താന്‍.

ആലപ്പുഴയൊരു പുഴയല്ല

fish2

ആലപ്പുഴ ചുങ്കം റോഡിലെ കള്ളുഷാപ്പ്.അകത്തേക്ക് അന്നനട വെക്കുന്ന പെണ്‍കുട്ടികളെ കണ്ട് ഞെട്ടിയിരിപ്പാണ് ഞങ്ങള്‍.പക്ഷേ ഷാപ്പിലെ വിളമ്പുകാരന്‍ ഗോപാലപിള്ള ചേട്ടനുമാത്രം യാതൊരു ഭാവഭേദവുമില്ല.കായലില്‍ കുറ്റിയടിച്ച പോലെ ഒറ്റനില്‍പാണ് ചേട്ടന്‍. ഉയരുന്ന രക്തസമ്മര്‍ദത്തിലേക്ക് ഒടുവില്‍ അദ്ദേഹം  ആശ്വാസം തളിച്ചു.

''ഇവിടെ കള്ളുകുടിക്കാന്‍ അധികമാരും ഷാപ്പില്‍ കയറാറില്ല. പ്രായമായ അപ്പച്ചന്‍മാരെങ്ങാന്‍ വന്നാലായി.ഇപ്പോള്‍ ഭക്ഷണംകഴിക്കാനാണ് കള്ളുഷാപ്പ.്'' ആവിപറക്കുന്ന കപ്പയും അപ്പോള്‍ പിടിച്ച കൊഞ്ചും അദ്ദേഹം സുന്ദരിമാര്‍ക്കുമുന്നില്‍ നിരത്തി.

'അല്ലേലും മീന്‍കറി കൂട്ടണേല്‍ ആലപ്പുഴ തന്നെ വരണം' ആ പുകഴ്ത്തലില്‍ ചേട്ടന്‍ ശരിക്കും മൂക്കുകുത്തി വീണു. കുടംപുളിയിട്ടു മൂപ്പിച്ച വറ്റയും കുനുകുനെ അരിഞ്ഞ കരട്ടിയും കൊഞ്ചുപീരയും നിരനിരയായി വന്നുകൊണ്ടിരുന്നു. ഇതിനിടെ ചേട്ടന്‍കാണാതെ അകത്തുനിന്ന് ഒളികണ്ണിടുന്ന കള്ളിന്‍കുടം. മീന്‍ കണ്ട പൂച്ചയെപ്പോലെ ഞങ്ങള്‍ പരുങ്ങിനിന്നു.

ആലപ്പുഴയില്‍ പായിക്കുളങ്ങരയും പഴയങ്ങാടിയും പുന്നപ്രയും പുറക്കാടും കടലിന് ഒരേഭാവം. അലകളൊതുക്കി അത് ശാന്തമായി കിടന്നു. ''ഇത് കോരിക്കൊടുക്കുന്നതിന്റെ ലക്ഷണമാ.ശാന്തമായി കിടക്കുമ്പോഴാണ് ചാകര വരുന്നത്'', പുറക്കാട് തീരത്തുനിന്ന് രാജു സ്വപ്‌നംകണ്ടു. ഓരോ മത്സ്യത്തൊഴിലാളിയിലുമുണ്ട് ഈയൊരുപ്രതീക്ഷ. ഇന്നല്ലെങ്കില്‍ നാളെ കടല്‍ അവര്‍ക്ക് വേണ്ടതെല്ലാം നല്‍കുമെന്ന ആഗ്രഹം.

ചീട്ടുകളിയുടെ ലഹരിയില്‍ നിന്ന് പിന്‍വലിഞ്ഞ് രാജു കടലിലൊരു ട്രയല്‍റണ്ണിനിറങ്ങി.വലയുടെ നാരുകള്‍ കടലില്‍ ചീതറിവീണു.അത് വലിച്ചുമുറുക്കി തീരത്തേക്ക് തുറന്നുവെച്ചപ്പോഴോ.ആകെ കുരുങ്ങിയത് മൂന്നുനാല് പീക്കിരി ഞെണ്ടുകളും ഒന്ന് രണ്ട് വെള്ളി ശംഖുകളും.അവരെ ഗൗനിക്കാതെ അയാള്‍ വല ചുരുട്ടിക്കെട്ടി. പാവം ഞെണ്ടിന്‍കുഞ്ഞുങ്ങള്‍. തോടില്‍ പറ്റിയ മണല്‍ കുടഞ്ഞുകളഞ്ഞ് അവ പരിഭ്രമത്തോടെ വെള്ളത്തിലേക്ക് വലിഞ്ഞിറങ്ങി.

 ഇടയ്ക്കിടെ മഴയുടെ ചെറുവെള്ളിനൂലുകള്‍ പൊട്ടിവീഴുന്നുണ്ട്. ഈ നേരങ്ങളില്‍ ആലപ്പുഴയെത്തേടി ഒരുപാട് സ്വപ്‌നകാമുകര്‍ ഒഴുകിയെത്താറുണ്ട്.അവര്‍ രുചിയുടെ തീരങ്ങളില്‍ വന്ന് അലസരായി രാപ്പാര്‍ക്കും.
''ഇപ്പോള്‍ ടൂറിസം കമ്മിയാ.സാധാരണ ടൂറിസ്റ്റുകള്‍ വരാറാവുമ്പോഴേക്കും ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയുമെല്ലാമെത്തും.അതോടെ സന്ദര്‍ശകരുടെ വരവുനില്‍ക്കും.ഇത്തവണ രോഗങ്ങള്‍ കുറവായിരുന്നു.അതുകൊണ്ട് ആളുകള്‍ കൂടുതല്‍ വരുമെന്ന് കരുതി..ആ പ്രതീക്ഷ പക്ഷേ മുല്ലപ്പെരിയാര്‍ കൊണ്ടുപോയി.'', ഹരിപ്പാട്ടേക്ക് വണ്ടിയോടിക്കുന്നതിനിടയില്‍ ടാക്‌സി ഡ്രൈവര്‍ അജിത്ത്കുമാറിന് നിരാശ.

പാതയ്ക്കു ചുറ്റിലും ചെറിയ നീര്‍ചാലുകള്‍.അഷ്ടമുടിക്കായലിലൂടെ തോണിയില്‍ ഒരു ഉല്ലാസസംഘം തുഴഞ്ഞുനീങ്ങുന്നു. മുന്‍കലാതിലകം കൂടിയായ വിദ്യയും കൂട്ടരും.2004 ല്‍ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ താരമായിരുന്നു ഈ നര്‍ത്തകി.നന്ദനയും ഭാഗ്യലക്ഷ്മിയും ഗോകുലും കുഞ്ഞമ്മയ്‌ക്കൊപ്പം  ചേര്‍ന്നപ്പോള്‍ കായലിനുനടുവിലൊരു കലോത്സവം തുടങ്ങി.

''കായലും കടലുമുള്ള നാടല്ലേ ഞങ്ങളുടേത്. മഴ പെയ്യുമ്പോള്‍ ഒറ്റാലുമെടുത്ത് മീന്‍തേടിയിറങ്ങലാണ് ഹോബി.ഒറ്റാലില്‍ ചെറുമീനുകള്‍ കുടുങ്ങും.വരാല്‍,കരട്ടി,കാരി...അങ്ങനെയങ്ങനെ.അതുകൊണ്ട് തീയലും അവിയലുമൊരുക്കും.പിന്നെ കക്കയിറച്ചി തോരനാണ് മറ്റൊരു ഐറ്റം.കാല്‍സ്യം റിച്ച് ഫുഡുകൂടിയാണല്ലോ അത്'', വിദ്യയുടെ വിവരണം.

ആലപ്പുഴക്കാര്‍ ഇങ്ങനെയാണ്. മീന്‍ കൊണ്ട് വേണമെങ്കില്‍ അവര്‍ സാമ്പാര്‍ പോലും വെച്ചുകളയും. ക്ഷേത്രോത്സവങ്ങള്‍ക്കുപോലും മീന്‍കൊണ്ടുള്ള അനുഷ്ഠാനമുണ്ടത്രേ. ചെട്ടികുളങ്ങര അമ്പലത്തിലെ കുംഭ ഭരണിയെത്തുമ്പോള്‍ തൊട്ടടുത്ത വീടുകളിലൊക്കെ കൊഞ്ചും മാങ്ങയുമിട്ട് തീയലൊരുക്കും. അത് ഉത്സവച്ചടങ്ങിന്റെ ഭാഗമാണ്. നിറയെ മീനുമായി കടലും ആ ഉത്സവത്തില്‍ പങ്കുചേരുന്നു. തീറ്റപ്രാന്തര്‍ക്കും അതൊരു ഉത്സവകാലം തന്നെ.

തിരമാലയെപ്പോലെയാണ് കടലിന്റെ മക്കളും.
പെട്ടെന്ന് പിണങ്ങും. അടുത്ത നിമിഷം സ്‌നേഹം കൊണ്ട് പൊതിയും 
-ടി.എന്‍ പ്രതാപന്‍ എം.എല്‍.എ

 

''ചാകരക്കാലത്ത് ഇവിടെ നെയ്മത്തി വന്നുനിറയും.ചട്ടിയില്‍ അല്‍പം മുരിങ്ങയില അരിഞ്ഞിട്ട് മുകളില്‍ ഉപ്പും കുരുമുളകും വിതറും.അതില്‍ മീന്‍ നിരത്തും.വീണ്ടും മുരിങ്ങയിലയും ഉപ്പും കുരുമുളകും ചേര്‍ക്കും. മീനിന്റെ നെയ്‌കൊണ്ടുതന്നെ അത് വെന്തുവരും.കപ്പപ്പുഴുക്കും ചുക്കിട്ട കട്ടന്‍കാപ്പിയും കൂട്ടി ഈ നെയ്മത്തി കഴിക്കണം'', വിദ്യമോള്‍ വീണ്ടും കൊതിപ്പിച്ചു.

ദൂരെ ചൂളത്തെരുവില്‍ കടല്‍ മഞ്ഞ് പുതച്ചുകിടക്കുന്നു.സുനാമി അടിച്ച തൃക്കുന്നപ്പുഴയില്‍ എല്ലും തോലുമായി കിടക്കുന്ന ചെറുകൂരകള്‍.അഷ്ടമുടിക്കായലിന്റെ തീരത്ത്  കടത്തു കാത്തിരിക്കുന്ന അബ്ദുള്‍ഖാദറിലും കടല്‍ ചില ഓര്‍മകള്‍  ഉണര്‍ത്തി. ''ഇവിടെ പത്ത്മുപ്പത് തോണിക്കാരുണ്ടായിരുന്നു.അന്നൊക്കെ ഒരിടത്ത് ഇരിക്കാന്‍ സമയമുണ്ടാവില്ല.ആളും ബഹളവും.ഇപ്പോള്‍ ഞാന്‍ മാത്രമേ ബാക്കിയുള്ളൂ'', നഷ്ടസ്മൃതികളില്‍ അയാളുടെ കണ്ണുനിറഞ്ഞു.30വര്‍ഷമായി ഇവിടെ കടത്തുകാരനാണ് അബ്ദുള്‍ ഖാദര്‍. താപനിലയത്തിനുവേണ്ടി കായലിലെങ്ങും കുഴികള്‍ നിറഞ്ഞപ്പോള്‍ ആളുകള്‍ കടത്തുപേക്ഷിച്ചു.കുഴികളില്‍ ആളുകളെ പിടിച്ചുതിന്നുന്നതരം സ്രാവുകളുണ്ടത്രേ.പക്ഷേ അബ്ദുള്‍ഖാദറിന് പേടിയില്ല.അയാള്‍ വെള്ളത്തില്‍ ജീവിച്ചയാളാണല്ലോ.

മുഹമ്മയിലെ പാചക വൈദ്യര്‍

മൗഹമ്മയിലെ വൈദ്യരുടെ കടയിലേക്ക് ഞങ്ങള്‍ വഞ്ചിയടുപ്പിക്കുകയാണ്.എന്നും മീന്‍വിഭവങ്ങളുടെ ചാകര പെയ്യുന്ന തീരമാണ് വൈദ്യരുടെ ഹോട്ടല്‍ സ്മിത.അകത്ത് രുചിയുടെ കാറ്റും കോളും നിറയുന്നു.കരിമീന്‍ മപ്പാസും ഞെണ്ട് കറിയും കൊഞ്ച് പൊരിച്ചതും.വാഴയിലയില്‍ പൊതിഞ്ഞെടുത്ത ചെമ്മീനിന് മാദകഗന്ധം. എരിവും ഉപ്പും പാകത്തിനുചേര്‍ത്ത രുചി ഔഷധങ്ങള്‍.'കേരളത്തില്‍ ഏതെല്ലാം മീനുണ്ടോ അതെല്ലാം ഇവിടെ കിട്ടും.' വൈദ്യരുടെ വെല്ലുവിളി.അതുപറഞ്ഞ് മുന്നിലേക്ക് നീക്കിനിര്‍ത്തിത്തന്നു ചൊകചൊകന്ന മുപ്പത് മീന്‍ ഇനങ്ങള്‍.

മുഹമ്മയിലെ നാട്ടുകാരാണ് വൈദ്യം പഠിച്ച വിജയതിലകനെ പാചകത്തിന്റെ ഡോക്ടറാക്കിയത്.''1969ല്‍ തിരുവനന്തപുരം ആയുര്‍വേദകോളേജില്‍നിന്ന് ഡി.എ.എം.കഴിഞ്ഞിറങ്ങിയതാണ് ഞാന്‍ .എം.എല്‍.എ.യായ കെ.കുഞ്ഞിരാമനൊക്കെ എന്റെ സഹപാഠിയായിരുന്നു.അന്ന് വീട്ടുകാര്‍ക്ക് നാട്ടിലൊരു ഹോട്ടലുണ്ട്. ഇടയ്‌ക്കൊക്കെ ഞാന്‍ സഹായിക്കാന്‍ വരും.അവസാനമായപ്പോള്‍ ഓരോരുത്തരായങ്ങ് തലയൂരിപ്പോയി.കട എന്റെ തലയിലുമായി'', വൈദ്യര്‍ കഥ ചുരുക്കിപ്പറഞ്ഞു.അത്രയേ നേരമുള്ളൂ ആശാന്.പുറത്ത് വയറിന് ചികിത്സ തേടിയെത്തുന്നവര്‍ ബഹളംവെക്കുന്നു.നാട്ടുകാരാണ് ഹോട്ടലിന് വൈദ്യരുടെ കടയെന്ന് പേരിട്ടത്.ആളുകള്‍ അങ്ങനെ വിളിച്ചപ്പോള്‍ വിജയതിലകനും സ്വന്തം പേരങ്ങ് മറന്നുപോയി.

ഓര്‍മകളുടെ മഴ പെയ്ത്ത്‌

image four

ഫോര്‍ട്ട്‌ കൊച്ചിയിലും കൊടുങ്ങല്ലൂരും ഒരു മഴപ്പെയ്ത്തിന്റെ കോളുണ്ട്. ചരിത്രത്തിന്റെ പ്രതാപത്തില്‍ ആ പഴയതീരങ്ങള്‍ വിറങ്ങലിച്ചുകിടന്നു.നാട്ടിക തീരത്തുണ്ട് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.പഴയൊരു കടല്‍ജീവിതത്തിന്റെ ഓര്‍മയുമായി.

''കുട്ടിക്കാലത്ത് അച്ഛന്‍ വരുന്നതും കാത്ത് ഞാനീ തീരത്ത് വന്നുനില്‍ക്കും.വഞ്ചി നിറയെ മീനുമായാവും ആ തോണിയുടെ വരവ്.എന്നെപ്പോലെ അതും കാത്തുനില്‍ക്കുന്ന വേറെയാളുകളുമുണ്ട്.ആരോഗ്യം ക്ഷയിച്ച പഴയ തൊഴിലാളികള്‍.അവരെല്ലാം സഹായംതേടി വരുന്നവരാണ്.കൈ നീട്ടുന്നവര്‍ക്കെല്ലാം അച്ഛന്‍ മീന്‍പൊതികള്‍ വെച്ചുകൊടുക്കും.

അപ്പോള്‍ കൂടെയുള്ള തുഴക്കാര്‍ കുറ്റപ്പെടുത്തും...'അല്ല നാരായണ,മീനിങ്ങനെ വെറുതെ കൊടുത്താല്‍ എങ്ങനെയാ.'അവരോട് അച്ഛന്റെ മറുപടി.'ഒരു മീനിനെ ദാനം കൊടുത്താല്‍ പത്ത് മീനിനെ കടലമ്മ തരുമെടോ.' കടപ്പുറത്തിന്റെ മനസ്സാണത്.ആരു സഹായത്തിനു കൈനീട്ടിയാലും അവര്‍ കൈയിലുള്ളതെല്ലാം വാരിക്കൊടുക്കും. അന്യരുടെ കാര്യമാണ് അവര്‍ക്ക് പ്രധാനം.തിരമാലയെപ്പോലെയാണ് കടലിന്റെ മക്കളും. പെട്ടെന്ന് പിണങ്ങും.അതേപോലെ തൊട്ടടുത്ത നിമിഷം സ്‌നേഹംകൊണ്ട് പൊതിയും.നിമിഷനേരംകൊണ്ടാണ് വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവുമുണ്ടാവുക. കടലുമങ്ങനെത്തന്നെ...ശാന്തമായിരിക്കുമ്പോള്‍ അത് നമ്മെ സ്വപ്‌നങ്ങള്‍ കൊണ്ട് ഊട്ടും. ക്ഷോഭിക്കുമ്പോഴോ.അത് കരയെത്തന്നെ വിഴുങ്ങിപ്പോവും.''എത്രസുന്ദരമായ ഉപമ !കടലിലെ ജോലി കഴിഞ്ഞ് വന്നാണല്ലോ പ്രതാപനും എം.എല്‍.എ ആയത്.

ചാവക്കാടെത്തുമ്പോള്‍ കടലിന് മഞ്ഞനിറംപടരുന്നു. ഉച്ചവെയിലിലെ സൂര്യന്‍ മേഘക്കീറുകള്‍ക്കിടയില്‍ ഒളിച്ചുംപാത്തും കിടന്നു.തീരത്ത് മയക്കത്തിലാണ്ട വയസ്സന്‍ തോണികള്‍. അവിടുന്നും വിട്ട് അങ്ങ് കോഴിക്കോട്ടേക്ക്. അവിടെ ബേപ്പൂരില്‍ നങ്കൂരമിട്ടുകിടക്കുന്ന ഉരുവിനെ തൊട്ടുരുമ്മി ഒരു കാറ്റ് പറന്നുപോയി. ഉണക്കാനിട്ട സ്രാവും തിരണ്ടിയും നിറച്ച പനമ്പുപായകള്‍ മറിഞ്ഞുവീണു. അല്‍പ്പമകലെ കൊയിലാണ്ടിയില്‍ നുരച്ചുപതയുന്ന കടലിനും അപ്പുറത്ത് ആകാശത്തിന്റെ ചെരിവില്‍ കുറെ കറുത്ത പൊട്ടുകള്‍,മഹാസാഗരത്തില്‍ ഭീമന്‍വഞ്ചികള്‍ പോലും വെറും കളിയോടങ്ങള്‍ പോലെ. തിക്കോടി വിളക്കും വെള്ളിയാങ്കല്ലും ഒരു നിഴലുപോലെ പ്രത്യക്ഷമാവുന്നു.പഴയ വണിക്കുകളുടെയും പോരുകാരുടെയും നഗരമായ വടകര വടക്കന്‍പാട്ടിന്റെ കിലുക്കത്തില്‍ ക്ഷണിക്കുന്നു, കാരയ്ക്കാട് കടപ്പുറത്തേക്ക്...

ഉന്‍മാദത്തിന്റെ രാവുകള്‍

five

ചുരുണ്ടുകിടക്കുന്ന മാനവും അതിന്റെ നിഴല്‍പതിഞ്ഞ കാരയ്ക്കാട് തീരവും ഒരു മഴക്കാലം  ഓര്‍മിപ്പിച്ചു.തീരത്ത് മഴ അലറിപ്പെയ്യുമ്പോള്‍ കടലിന് ഉന്മാദമാണ്. അപ്പോള്‍ ആകാശത്തെ തൊടാനെന്ന വണ്ണം തിരമാലകള്‍ ഇരമ്പി ഉയരും. പളുങ്കുമണികള്‍ പോലെ വെള്ളത്തുള്ളികള്‍ ചിതറിവീഴും.കടല്‍ കരയെ പുണരും.ആ നിഗൂഢമായ ആലിംഗനത്തില്‍ വീടുകള്‍ ഒഴുകിപ്പോവും. കടപ്പുറത്ത് കൂട്ടനിലവിളികള്‍ ഉയരും.പക്ഷേ അപ്പോഴും വീടു നഷ്ടപ്പെടുന്നവരൊന്നും ഇവിടെ ഒറ്റയാവില്ല. അയലത്തുള്ളവര്‍ അവര്‍ക്ക് പായും വിരിപ്പും നല്‍കും.അവരുടെ കൂര പിന്നെ മറ്റുള്ളവര്‍ക്കുകൂടിയാണ്.അത് കടപ്പുറത്തെ മാത്രം നിയമം.

അങ്ങനെ മഴ പെരുമ്പറ കൊട്ടുന്ന ദിനങ്ങളില്‍ രുചിയുടെ കാറ്റുപിടിക്കുന്ന ചില വീടുകളുണ്ട്.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓരോര്‍മ.''വേനല്‍ക്കാലത്ത് ധാരാളം തിരണ്ടിയും സ്രാവും കിട്ടും. അത് കഴുകി ഉപ്പുപുരട്ടി ഉണക്കാനിടും. വെയില്‍ കൊള്ളുന്തോറും അത് ചുരുങ്ങിച്ചുരുങ്ങി ഈജിപ്ഷ്യന്‍ മമ്മി പോലെയാവും.അടുക്കളയിലെ മച്ചിലും ചായ്പിലെ കലവറയിലും അത് തൂങ്ങിക്കിടക്കും.

മുരിങ്ങാക്കായ വലിയ കഷ്ണങ്ങളാക്കി മുറിച്ച് ചേര്‍ത്ത തേങ്ങയരച്ച ഉണക്കസ്രാവ് കറി ഏതു ഫിഷ് മോളിയേയും വെല്ലും.അതുപോലെ ഉണക്കച്ചെമ്മീനും ചക്കക്കുരുവും ചേര്‍ത്തൊരു വെപ്പുണ്ട്.അതില്‍ കാന്താരി മുളകും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചുചേര്‍ക്കും.മീതെ ഒരു കയില്‍ വെളിച്ചെണ്ണയും ഒഴിക്കും.എന്താ അതിന്റെയൊരു മണം.വടക്കനരിയുടെ ചോറ് താനെ താണുപോവും.

പുനത്തിലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കടപ്പുറത്തുനിന്നൊരു അരുളപ്പാട് :  ''ഓനും ഞാനും ഒന്നായിട്ട് ഉള്ളതാ.ഞാള് രണ്ടാളും മടപ്പള്ളി സ്‌കൂളിലാ പഠിച്ചത്....ഞാന്‍ പിന്നെ രണ്ടില്‍ പഠിത്തം നിര്‍ത്തി...ഞാനുമായിട്ട് അത്രേം ബന്ധമുള്ളയാളാ.അതാ ഓന്‍ന്ന് പറഞ്ഞുപോയത്'', കുമാരന്‍ വെളിച്ചപ്പാട് കളിക്കൂട്ടുകാരനെക്കുറിച്ച് വാതോരാതെ സംസാരിച്ചു.ഇപ്പോള്‍ 65 വയസ്സായി വെളിച്ചപ്പാടിന്.നാലഞ്ചുകൊല്ലംമുമ്പുവരെ കടലില്‍ പോയിരുന്നു.ഇനിയും വേണമെങ്കില്‍ പങ്കായം പിടിക്കാമെന്നുള്ള തന്റേടമുണ്ട്. പത്തുവയസ്സുതൊട്ടേ ശീലിച്ചതല്ലേ അത്. ''അന്ന് 28 വലക്കാരുണ്ട് ഈട..തണ്ട് വലിച്ചും പായ് കെട്ടിയും കടലില്‍ പോവും. എന്തൊക്കെ വലകളാ. മുള്ളന്‍കൊല്ലി,അയിലക്കൊല്ലി,വക്ക് വല, നത്തലിന്റെ വല,അയിലച്ചാളവല,മത്തിച്ചാള വല...ഇന്നൊരു വളയ്ക്കുന്ന വല മാത്രം മതി.എല്ലാ മീനും അതില് വീഴും'', കാലത്തിന്റെ പോക്കിനെക്കുറിച്ച് ആലോചിച്ച് വെളിച്ചപ്പാട് അല്‍പനേരം താടിക്ക് കൈയും കൊടുത്തിരുന്നു.എന്തൊക്കെയോ സങ്കടങ്ങളുടെ കടലില്‍ പെട്ടപോലെ.

''അന്ന് വണ്ടീം കാര്യമൊന്നുമില്ല.കിഴക്ക് കല്ലാച്ചി,കക്കട്ട്,കുറ്റിയാടീന്നൊക്കെ കാവുകാര് വരും,ഓര് കൊണ്ടോയേന്റെ ബാക്കി ഉപ്പിടും. ആ കാലം ഈട കോയിക്കോട് ടൗണ് പോലാണ്.ഇവിടെല്ലാം നിറച്ച് ചായപ്പീട്യേളാണ്.അന്ന് ഞാള് മീനുംനോക്കി വെള്ളിയാങ്കല്ലും വിട്ടിട്ട് കടലില് വളരെ ദൂരംപോവും. ഇങ്ങുന്നു നോക്ക്യാ കര കാണൂല.ദിക്ക് തിരിയാന്‍ ഞാള് കുറിവെക്കും. നക്ഷത്രവും ലൈറ്റ് ഹൗസുമൊക്കെയാ കുറി.''

പഴമക്കാരുടെ ഓര്‍മകള്‍ നിറയെ അന്നത്തെ കടപ്പുറമുണ്ട്. ഇവിടം നിറയെ ഓലപ്പുരകളായിരുന്നു.ഇപ്പോള്‍ ഏതൊരു തീരവുംപോലെ കാരയ്ക്കാട്ടും കോണ്‍ക്രീറ്റ് വീടുകള്‍ നിറഞ്ഞു.പുതിയ ചെറുപ്പക്കാര്‍ പഠിച്ച് സര്‍ക്കാര്‍ ഉദ്യോഗംനേടിക്കഴിഞ്ഞു.കടലില്‍ പോവുന്നവര്‍ തന്നെ ഒരേസമയം മറ്റ് ജോലികളും നോക്കുന്നു.അതിനെ മാത്രം ആശ്രയിച്ചുകഴിയുന്നവരുടെ കുറ്റിയറ്റുതുടങ്ങി.

അപ്പോള്‍, കടലില്‍നിന്ന് കുറെ വെള്ളക്കുമിളകള്‍ പൊങ്ങി.ഒപ്പം ഒരാളും. മടിശ്ശീല നിറയെ കല്ലുമ്മക്കായ. മുണ്ടിന്റെ കോന്തലയില്‍നിന്ന് രമേശന്‍ അത് തീരത്തേക്ക് ചെരിഞ്ഞിട്ടു.''പുലര്‍ച്ചെ മൂന്ന് മണിക്ക് കടലില്‍ പോയി വന്നതാണ്.കടല്‍ കയറ്റമുണ്ട്.അതുകൊണ്ട് മീന്‍ കുറവാണ്.പിന്നെ ഇതൊരു കാല്‍ മണിക്കൂര്‍ പരിപാടി.ഒരു പൈന്റിനുള്ള കാശൊപ്പിക്കാം.'' അയാള്‍ ആവേശത്തോടെ ചിരിച്ചു. പൈന്റ് ഫുള്ളാക്കാനുള്ള ഉത്സാഹത്തില്‍ രമേശന്‍ വീണ്ടും ഉപ്പുവെള്ളത്തിന്റെ ചൂരിലേക്ക് മുങ്ങാംകുഴിയിട്ടു.

തൊട്ടരികിലെ റെയില്‍പാളത്തിലൂടെ ചെന്നൈ മെയില്‍ മൂളിക്കൊണ്ട് പറന്നുപോയി.മാഹി സ്‌റ്റേഷന്‍ വയലറ്റ്‌നിറം പുതച്ചിരിക്കുന്നു.എങ്ങും വിരിഞ്ഞുനില്‍ക്കുന്ന കണ്ണാന്തളി പൂക്കള്‍.അതിന്റെ ഛായയില്‍ സുന്ദരിയായി മയ്യഴിപ്പുഴ. അകലെ കണ്ണൂരും പയ്യാമ്പലവും വളപട്ടണവും ആഴീക്കലും കോള് പ്രതീക്ഷിച്ചുകിടക്കുന്നു.

കാഞ്ഞങ്ങാട്ടെ ആകാശത്ത് ചെമപ്പ് രാശിപടര്‍ന്നുകഴിഞ്ഞു. തീരത്ത് തെങ്ങിന്‍ തലപ്പുകളുടെ നിഴലുകള്‍.കടലിലെ കൊമ്പന്‍മാരെ തേടിപ്പോയ മനുഷ്യര്‍ തിരികെയെത്തുകയാണ്.കച്ചവടം കഴിഞ്ഞുബാക്കിയായ മീനുകള്‍ അവര്‍ കുടികളിലേക്ക് വീതംവെക്കുന്നു. മക്കളുടെ ഒരുമ കണ്ട് സന്തോഷിക്കുന്ന തൃക്കണ്ണാട് ദേവി.''കൊടുങ്ങല്ലൂരമ്മ കരകയറി വന്നതെന്നാണ് വിശ്വാസം. ഞങ്ങള്‍ക്ക് എല്ലാറ്റിനും തുണ ഈ ദേവിയാണ്്'', തീരത്തെ കൂട്ടുകാര്‍ ബാബുവും ചന്ദ്രനും ദേവീക്ഷേത്രത്തിലേക്ക് നോക്കി കൈകൂപ്പി. അടുത്ത് ഭയഭക്തിയോടിരിക്കുന്ന മൂക്കുത്തിക്കാരിയോട് കടല്‍വിഭവങ്ങളുടെ കുറിപ്പടി ചോദിച്ചു.'ഈട ചെമ്മീനും എളമ്പക്കയുമാ കിട്ടുക.അതുകൊണ്ട് ഞങ്ങ അച്ചാറിടും.' അതുംപറഞ്ഞ് ആ മത്സ്യകന്യക കുടിലിലേക്ക് വലിഞ്ഞു.

കടപ്പുറത്ത് വിരിച്ചിട്ട മണലിന്റെ ചൂട് അപ്പോഴും ശമിച്ചിട്ടില്ല.പൂഴിത്തരികളിലൂടെ വേച്ചുവേച്ച് രണ്ടുപേര്‍ നടന്നുവന്നു.'മഴ പെയ്യുമെന്ന് തോന്നുന്നു', ഒരാള്‍ മുകളിലോട്ട് നോക്കി പ്രവചിക്കുന്നു.കടലമ്മ പഠിപ്പിക്കുന്ന വിരുതാണത്.അരമണിക്കൂര്‍ കഴിഞ്ഞതേയുള്ളു.പടിഞ്ഞാറുനിന്ന് മേഘക്കീറുകള്‍ വന്ന് ആകാശത്തെ മൂടി.ഒന്നുരണ്ട് വെള്ളിടികള്‍. മഴത്തുള്ളികള്‍ പൊട്ടി വീണുതുടങ്ങി.ആദ്യമഴയില്‍ നനഞ്ഞ് കടല്‍ത്തീരം തണുത്തുകിടന്നു. 

ലേഖനം ഗൃഹലക്ഷ്മി മാസികയില്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍: ജയേഷ് പി