കോഴിക്കോട്ടുനിന്ന് നാടുകാണിച്ചുരം കയറി ഊട്ടിയുടെ തണുപ്പിലേക്ക് കൂപ്പുകുത്തുമ്പോള്‍ പഴയ മായികക്കാഴ്ചകളായിരുന്നു മനസ്സുനിറയെ. അവിടുത്തെ ചുവന്ന പൂക്കളുടെ മണം, ഓറഞ്ചിന്റെയും കാരറ്റിന്റെയും രുചി, ചോക്ലേറ്റിന്റെ മധുരം...എല്ലാം ആ സ്വപ്‌നദേശത്ത് ബാക്കിയുണ്ടാവുമോ?

തമിഴന്റെ ശകടം ഊട്ടി ബസ്സ്റ്റാന്‍ഡില്‍ ബ്രേക്കിട്ടു. 'വെല്‍ക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യു...'കിലുക്കത്തിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചലിനെപ്പോലെ ഒരു തരികിടക്കാരന്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഗൈഡുകളുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും പട തന്നെ ഇരമ്പി വരുന്നു. 'നീങ്ക കല്ലിക്കൊട്ടൈയില്‍നിന്ന് വരലാ...'ഗൈഡ് ചൂണ്ടയിടുന്നു. 'കല്ലിക്കൊൈട്ട' അതേതുനാട്. 'അത് നമ്മ ഊര് താനേ...'ഫോട്ടോഗ്രാഫര്‍ പ്രദീപ് തമിഴ് പരിഞ്ജാനം മടിയില്ലാതെ പുറത്തെടുത്തു. കാലിക്കറ്റിനെയാണ് ഊട്ടിക്കാരന്‍ കല്ലിക്കൊട്ടൈയാക്കിയത്. ഊട്ടിയുടെ പേര് ഉദഗമണ്ഡലം. എല്ലാത്തിലുമുണ്ട് ഇത്തിരി തമിഴ്‌പ്രേമം. 'സാര്‍, ഉങ്കള്‍ക്ക് റൂം കെടാക്കാതെ,സൈറ്റ് സീയിങ്ങ്,ടാക്‌സി...'ഗൈഡുമാര്‍ സേവനസന്നദ്ധരായി പിന്നാലെയു്. 'നമ്മളിതെത്ര തവണ ഊട്ടി കണ്ടവരാ, നീ പോ മോനെ ദിനേശ' എന്ന മട്ടില്‍ ഞങ്ങള്‍ നെഞ്ചും വിരിച്ചങ്ങ് നടന്നു.

വെല്‍ക്കം ടു ഊട്ടി

പൊടി പറത്തിയോടുന്ന വണ്ടികള്‍, ചുവന്ന ചേലചുറ്റി തിരുവാമത്തൂരിലേക്ക് തീര്‍ത്ഥയാത്ര പോവുന്ന തമിഴ് മങ്കമാര്‍,പന നൊങ്കും ചോളം പുഴുങ്ങിയതും വില്‍ക്കുന്ന പെട്ടിക്കടക്കാര്‍. ആദ്യകാഴ്ചയില്‍ ഈ തമിഴ് നഗരത്തിന് യാതൊരു മാറ്റവുമില്ല. തെരുവിന്റെ ഏതൊക്കെയോ മൂലകളില്‍നിന്ന് യൂക്കാലിപ്‌സിന്റെ മണം മൂക്കിലേക്ക് ഇരച്ചുകയറുന്നുണ്ട്. അലഞ്ഞുതിരിയുന്ന കുതിരകളും പശുക്കളും. അവയ്ക്കിടയിലൂടെ, തണുപ്പിന്റെ ചിറകിലേറി നടന്നു. ഇടയ്ക്ക് ഒരു തണുത്ത കാറ്റ് വന്ന് ചൂളം കുത്തിപ്പോയി. 

ഹോംമെയ്ഡ് ചോക്ലേറ്റുകളുടെയും ഹോട്ടലുകളുടെയും ബോര്‍ഡുകളാണ് ചുറ്റിലും. ഈ നാട്ടില്‍ ഏറ്റവുമധികം ക്ലച്ചുപിടിച്ച രണ്ട് സംഗതികള്‍. ഇടയ്ക്ക് നൊസ്റ്റാള്‍ജിയ വന്നൊന്ന് പാളിനോക്കി.'എവിടെ നമ്മുടെ സിനിമകളില്‍ നിറഞ്ഞുനിന്ന ഊട്ടി'. പണിതീരാത്ത വീടില്‍ സുപ്രഭാതം പാടി പ്രേംനസീര്‍ നടന്ന വീഥികള്‍, കിലുക്കത്തിലും സമ്മര്‍ ഇന്‍ ബെത്‌ലഹേമിലും പ്രത്യക്ഷപ്പെട്ട മഞ്ഞിന്‍ പുതപ്പുകള്‍. കോണ്‍ക്രീറ്റ് കാടുകളാണ് ചുറ്റും. ഒന്നുരണ്ട് ഫര്‍ലോങ്ങ് പിന്നിട്ടപ്പോഴേക്കും മനസ്സില്‍ കെട്ടിപ്പൊക്കിയ മായക്കൊട്ടാരത്തിന്റെ ആദ്യനില ഇടിഞ്ഞുപൊളിഞ്ഞുവീണു. ഈ നാടും മാറിയിരിക്കുന്നു. പച്ചപ്പുകളെ വിട്ട് പണത്തിന്റെ പിന്നാലെ ഊട്ടിയും ഓടുകയാണ്.

പെട്ടെന്ന് എവിടെ നിന്നോ 'പൊരിച്ച കോയീന്റെ' മണം. ഹോട്ടല്‍ വെല്‍ബക്കിലെ ചിക്കന്‍ ചെട്ടിനാടിനു മുന്നില്‍ തല വെച്ചുകൊടുത്തു. പൊതീനയുടെയും കറിവേപ്പിലയുടെയും തനത് ഗന്ധം. മസാലക്കൂട്ടിന്റെ ഊട്ടി സ്റ്റൈല്‍. അകമ്പടിയായി സാമ്പാര്‍,രസം, പൊരിയല്‍. നാല് വിഭവങ്ങളുടെ കൂടെ ഊണ് കുശാല്‍. പക്ഷേ ബില്ല് വന്നപ്പോള്‍ കൈ പൊള്ളിയോ!

photo 2

ചോറ് അന്വേഷിച്ചുചെന്ന വിചിത്രജീവികളെ കണ്ടിട്ടാവും ഹോട്ടലിലെ സപ്ലൈയര്‍ ഒരു കുശലം പറഞ്ഞു.'ഇവിടെ മിക്കവരുടെയും ബ്രേക്ക്ഫാസ്റ്റ് ബ്രഡാണ്. ബട്ടറോ മുട്ടയോ ചേര്‍ത്ത് ബ്രഡ് കഴിക്കും. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയെടുത്ത ശീലമാണ്.' ഹോട്ടലിലെ മെനുവിലേക്ക് നോക്കി. ബ്രഡുകൊണ്ടുള്ള വിഭവങ്ങള്‍ക്ക് അതില്‍ വിശിഷ്ട സ്ഥാനം തന്നെ നല്‍കിയിട്ടുണ്ട്. ഡിന്നറും ബ്രഡിലാക്കും ഊട്ടിയിലെ ബ്രഡ് ഭ്രാന്തന്‍മാര്‍. അതുകൊണ്ട് ബ്രഡും ബന്നുമുണ്ടാക്കുന്ന ആയിരക്കണക്കിനാളുകള്‍ ഈ നാട്ടില്‍ സുഖമായി ജീവിക്കുന്നു.  ബ്രഡിനും ബന്നിനും നല്ല നമസ്‌കാരം.

കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍...

കിതച്ചും ഇരമ്പിയും പോവുന്ന ഒരു ട്രെയിനിന്റെ ശബ്ദം. ഉദകമണ്ഡലം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പൈതൃക വണ്ടി (ഹെറിറ്റേജ് ട്രെയിന്‍)പുറപ്പെടാന്‍ സമയമാവുന്നു. നമ്മുടെ എത്രയോ സിനിമകളില്‍ ഈ വണ്ടി കൂവിപ്പാഞ്ഞിട്ടുണ്ട്. ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയം വരെ തുരങ്കങ്ങളും മലകളും കടന്ന് ഒരു സ്വപ്‌ന സഞ്ചാരം. ഞങ്ങളും പച്ചച്ചായമടിച്ച സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് വെച്ചുപിടിച്ചു. കളിവണ്ടിയില്‍ കയറാന്‍ സഞ്ചാരികളുടെ തിരക്കാണ്. ടിക്കറ്റ് കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി. കറക്ട് സമയത്ത് ടിക്കറ്റ് തീര്‍ന്നു. കല്യാണസദ്യക്ക് ക്യൂനിന്നിട്ട് അകത്തുകേറും മുന്നേ ഗേറ്റടച്ച പോലെയായി. ട്രെയിനില്‍ കയറിപ്പറ്റിയ ഭാഗ്യവാന്‍മാരെ, ശുഭയാത്ര.

photo 3

നേരെ മാര്‍ക്കറ്റ് റോഡിലേക്ക് വിട്ടു. എങ്ങും ഊട്ടി കാണാനെത്തിയവരുടെ ബഹളം. അഴകുള്ള കാരറ്റും മുട്ടക്കൂസും കാബേജും കോളിഫഌവറും. എല്ലാം ഊട്ടിയുടെ മണ്ണില്‍ വിളഞ്ഞവ. യൂറോപ്യന്‍ പഴങ്ങള്‍ പോലും ഈ തണുപ്പിന്റെ കൊട്ടാരത്തില്‍ ജനിക്കുന്നുണ്ട്. വാല്‍നട്ട്,ദുരിയന്‍,പ്ലം തുടങ്ങി രസമുള്ള പഴങ്ങളുടെ നിര. ഇടയിലെവിടെയോ നിന്ന് ഒരു മലയാളി മണം. അതിന്റെ ഉറവിടം തേടി എത്തിയത് നമ്മുടെ നാടന്‍ ചക്കയുടെ മുന്നില്‍. മൂത്ത് പഴുത്ത് സ്വര്‍ണനിറമുള്ള ചുളകള്‍ കാട്ടി സുന്ദരന്‍ ചിരിക്കുന്നു. മുനിയാണ്ടിയെന്ന കച്ചവടക്കാരന്‍ ചക്കച്ചുളകള്‍ ചൂഴ്‌ന്നെടുത്ത് വെച്ചു. കിലോ 120 രൂപ. ചുറ്റിലും നില്‍ക്കുന്ന ചക്കക്കൊതിയന്‍മാര്‍ തിരക്കിലാണ്. അവര്‍ കടിച്ചുവലിച്ച് തുടച്ച്...എവിടെ നിന്നാവും ഈ മധുരപ്പഴം ഊട്ടി പിടിക്കുന്നത്. 'കല്ലിക്കൊൈട്ടയില്‍ നിന്ന് സാര്‍'. കോഴിക്കോട് വീണ്ടും ഗോ(കോ)ളടിച്ചു.

തിരിച്ച് വരുന്ന വഴി അടുത്തുള്ള ബേക്കറിയിലേക്ക് കണ്ണൊന്ന് പാളി. പുറത്തേക്ക് ഇത്തിരി ബലം പിടിച്ച്,എന്നാല്‍ അകത്തുനിറയെ മധുരവുമായി ചില്ലുകൂട്ടില്‍ വര്‍ക്കി ഞെളിഞ്ഞിരിപ്പുണ്ട്. ഊട്ടിയിലെ സാധാരണക്കാരുടെയും പണക്കാരുടെയുമെല്ലാം പലഹാരം. തണുത്ത രാവില്‍ വര്‍ക്കിയും നല്ലൊരു കട്ടന്‍കാപ്പിയും. ഊട്ടിക്കാരന്റെ ശീലമാണത്. കഴിച്ചുതുടങ്ങിയപ്പോഴാണ് അറിഞ്ഞത്,ആളത്ര ടഫല്ല,വായിലിടുമ്പോള്‍ തന്നെ പഫ്‌സ് പോലെ പൊടിഞ്ഞുപോയി മച്ചു.

മാര്‍ക്കറ്റില്‍നിന്ന് എസ്‌കേപ്പ് ചെയ്തു. പക്ഷേ വരുന്ന വഴിയില്‍നിന്ന് വീണ്ടുമൊരു രുചിഭൂതം കണ്ണിറുക്കുന്നു. മുളകിന്റെ മാല കാട്ടി അത് വശീകരിച്ചു. എണ്ണയില്‍ കിടന്ന് ചുവന്നുവരുന്ന മുളക് ബജി. ഊട്ടിയിലൊരു പാലക്കാടന്‍ ബജിപ്പെരുമ. കോങ്ങാടുള്ള കെ.കെ. ചന്ദ്രനാണ് നളന്‍. 27 വര്‍ഷമായി ഊട്ടിയെ എരിവില്‍ കുളിപ്പിക്കുന്ന വിരുതന്‍ 'പഠിത്തം കഴിഞ്ഞ് തൊഴിലൊന്നും കിട്ടിയില്ല, ഇവിടെ വന്ന് ഒരു കടയില്‍ സഹായിയായി. പിന്നെ സ്വന്തമായൊരു ടിഫിന്‍ സ്റ്റാള്‍ തുടങ്ങി. മുളക് ബജിയും വടയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കി വിറ്റു. ഇപ്പോള്‍ വീടായി, കുടുംബമായി. എല്ലാം ഈ ബജി തന്ന ഭാഗ്യം'ചന്ദ്രന്‍ ബജിയെ നമിച്ചു. ഊട്ടിയില്‍ ജീവിതം കരുപ്പിടുപ്പിച്ചെടുത്ത ആയിരക്കണക്കിന് മലയാളികളുടെ പ്രതിനിധി. ഇന്ന് മലയാളിയില്ലെങ്കില്‍ പിന്നെന്ത് ഊട്ടി.

'ഞാന്‍ വന്ന കാലത്ത് ഇത്രയും ആളുകളും കെട്ടിടങ്ങളുമൊന്നും ഇല്ല. അന്നൊക്കെ മെയിന്‍ റോഡില്‍ ഒരു സെന്റ് സ്ഥലം ചില്ലറ വിലയ്ക്ക് കിട്ടും. ഇന്ന് സെന്റിന് 25 ലക്ഷത്തിന് മുകളിലാണ് വില' ഊട്ടിയുടെ വളര്‍ച്ചയില്‍ വിസ്മയം പൂണ്ടുനിന്നു ചന്ദ്രന്‍. ഇടയ്ക്ക് ചട്ടിയില്‍നിന്നൊരു പൊട്ടിത്തെറി കേട്ടു. കുറച്ചുമുന്നേ വെളിച്ചെണ്ണയിലേക്ക് വീണ ചില കടുക് മണികള്‍ തമ്മിലുള്ള കലപിലകളാണ്. അവയെ സമാധാനിപ്പിക്കാനാവണം ചന്ദ്രന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെട്ടു .കടലമാവില്‍ മൈദയും ജീരകവും കായവും അരച്ച് ചേര്‍ത്തു. അതില്‍ നെടുകെ ചീന്തിയ മുളകിട്ട് എണ്ണയില്‍ മുക്കിയെടുത്തു. ചൂടന്‍ ബജികള്‍ കൊട്ടയിലേക്ക് വീഴുന്നു.

അപ്പോഴും പുറത്ത് തണുപ്പ് പെയ്തുകൊണ്ടിരുന്നു. സ്വെറ്റര്‍ ഒന്ന് കൂടി മുറുക്കിക്കെട്ടി. എരിവ് കഴിഞ്ഞല്ലോ. ഇനി മധുരത്തിന്റെ ഊഴമാവും.

kavitha

മധുരഭാണ്ഡം തേടി 

മധുരങ്ങളുടെ നാടായിരിക്കുന്നു ഊട്ടി. മുക്കിന് മുക്കിന് മൊട്ടിട്ട നിരവധി മധുരക്കടകള്‍. ഊട്ടി ഹോംമെയ്ഡ് ചോക്ലേറ്റ്. റോം ആന്‍ഡ് റായി സിന്‍, കാഷ്യൂ റിച്ച്, റോസ്റ്റഡ് കാഷ്യൂ,ബിററര്‍ ക്രഞ്ച്, ഫ്രൂട്ട് ആന്‍ഡ് നട്ട്, വൈറ്റ് ടബോളന്‍, ഡെയ്റ്റ്‌സ് ആന്‍ഡ് നട്ട്‌സ്, പ്ലെയിന്‍ മില്‍ക്ക്, മില്‍ക്കി വൈറ്റ്...എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടില്‍ ചോക്ലേറ്റ് വൈവിധ്യങ്ങളുടെ നിര. ഈ മധുരക്കനികള്‍ പിറക്കുന്ന സ്ഥലം കാണാനൊരു മധുരപ്പൂതി മൊട്ടിട്ടു.

അതറിഞ്ഞിട്ടാവും രാജഗോപാല്‍ വീട്ടിലെ അടുക്കളയിലേക്ക് ക്ഷണിച്ചു. ഹോംമെയ്ഡ് ചോക്ലേറ്റ് വില്‍പനക്കാരനാണ് കക്ഷി. മുട്ടക്കൂസും കോളിഫഌവറും അതിരിടുന്ന ചെറിയ വഴിയിലൂടെ അയാളുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്തു. അകത്ത് രാജഗോപാലിന്റെ നല്ലപാതി കവിത ചോക്ലേറ്റ് ഉരുക്കി അച്ചിലൊഴിക്കുന്ന തിരക്കിലാണ്.'ജീവിക്കാന്‍ വേണ്ടിയാണ് ചെറുപ്പത്തില്‍ ഊട്ടിയിലേക്ക് വന്നത്. ഇപ്പോള്‍ സ്വന്തമായി വീട് വെച്ചു. അത്യാവശ്യം സൗകര്യങ്ങളായി. ജീവിതംതന്നെ മാറിപ്പോയി.'മലയാളം ഇടകലര്‍ത്തിയ തമിഴില്‍ രാജഗോപാല്‍ മൊഴിഞ്ഞു. ഊട്ടിയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരെയുള്ള മേല്‍ഗവട്ടി ഗ്രാമത്തിലായിരുന്നു അയാളുടെ വീട്. വിവാഹം കഴിഞ്ഞുവന്നപ്പോള്‍ ചോക്ലേറ്റ് നിര്‍മാണം ഭാര്യ കവിത ഏറ്റെടുത്തു. ഇപ്പോള്‍ വില്‍പന മാത്രമാണ് ഭര്‍ത്താവിന് ഡ്യൂട്ടി.

അടുക്കളയില്‍ കൊക്കൊപൗഡര്‍ ആവിയില്‍ ചൂടാക്കിവെച്ചിരിക്കുന്നു. ഇനി വിവിധ പരിപ്പുകള്‍ ചേര്‍ത്ത് അത് പ്രത്യേകം അച്ചുകളിലേക്ക് ഒഴിക്കും. അത് ഉറച്ച് വരുമ്പോള്‍ മുറിച്ചെടുത്ത് പാക്കറ്റുകളില്‍ നിറയ്ക്കുന്നു. ലളിതം,മധുരതരം ഈ സാങ്കേതിക വിദ്യ. ഇന്ന് നാലായിരം പേരോളം ഊട്ടിയില്‍ ചോക്ലേറ്റുണ്ടാക്കുന്നു. ദിവസം പതിനായിരം രൂപയുടെ ചോക്ലേറ്റ് ഒരു ചെറിയ കടയില്‍തന്നെ വിറ്റുപോവുന്നു. ജീവിതം ഒഴുകാന്‍ എന്തെല്ലാം വഴികള്‍.

വണ്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് വിട്ടു. ഏഷ്യയിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നാണ്. അകത്ത് പൂക്കളുടെ വസന്തം. ചെടികളുടെ തളിര്‍പ്പുകള്‍. എങ്ങും ഫോട്ടോഗ്രാഫര്‍മാരുടെ തിരക്ക്. മൊബൈല്‍ കാമറയില്‍ പ്രിയപ്പെട്ടവരെ പകര്‍ത്തുന്നവര്‍. മഴച്ചീളുകള്‍ക്കിടയിലൂടെ സൂര്യവെളിച്ചം അരച്ചിറങ്ങുന്നു. ഇളംചൂടില്‍,ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റിന്റെ കൈപിടിച്ച് പൂക്കളുടെ ഇടയിലൂടെ ഓടി. മുന്നില്‍ ഓടുന്ന കുസൃതിമണികള്‍,നീലയും വയലറ്റും റോസും ഉടുപ്പിട്ട മനുഷ്യക്കുഞ്ഞുങ്ങള്‍. മനുഷ്യസമുദ്രത്തിലൂടെ ഇത്തിരിനേരം വെറുതെ തുഴഞ്ഞു. ഗാര്‍ഡന്റെ വാതിലില്‍ യൂക്കാലിപ്‌സും തേനും മസാല ടീയും വില്‍ക്കുന്ന തോഡാസിന്റെ കട കണ്ടു. ഊട്ടിയിലെ ആദിമ നിവാസികളാണ്. പഴമയോടുള്ള കൗതുകവുമായി അവരുടെ ചുറ്റിലും കുറെ കാഴ്ചക്കാര്‍ കൂടിയിട്ടുണ്ട്. 

മാറി മറിഞ്ഞോ എല്ലാം

പ്രകൃതി ഭംഗിയാണ് ഊട്ടിയിലേക്ക് സഞ്ചാരികളെ ക്ഷണിച്ചുവരുത്തിയത്. പക്ഷേ അമിതമായ ടൂറിസംഭ്രമം ഈ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പണ്ട് കിലുക്കം ഷൂട്ട് ചെയ്ത സ്ഥലമായ കാന്തലില്‍ അതിന്റെ ആദ്യ അടയാളങ്ങള്‍ കു. സിനിമയിലെ പച്ചമൈതാനങ്ങളുടെയും വേലിപ്പൂക്കളുടെയും മനോഹരമായ ഓര്‍മയുണ്ട്. ചെന്നപ്പോഴോ, കെട്ടിടങ്ങളുടെ കാട് മാത്രം. ചലച്ചിത്രങ്ങളുടെ ഭാഗ്യലൊക്കേഷനായിരുന്നു ഇവിടം. ജെന്റില്‍മാന്‍,ഗീതാഞ്ജലി,കാതല്‍കോട്ടൈ,മിന്നലൈ,ഉള്ളത്തൈ അള്ളിത്താ...തമിഴിലെ വിജയകാവ്യങ്ങളെല്ലാം ഊട്ടിയില്‍ പിറന്നതാണ്. ഇപ്പോള്‍ ഷൂട്ടിങ്ങുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ഒരു നാട് അതിന്റെ കടക്കല്‍ തന്നെ കത്തിവെക്കുകയാണ്.

 പ്രകൃതി സ്‌നേഹിയായ ഒരാള്‍ ഇതാ ക്ഷുഭിതനായി വരുന്നു. പഴയ ഊട്ടിയെ നിലനിര്‍ത്താനായി കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ശിവദാസ്,പാലക്കാട്ടുകാരന്‍.'20 വര്‍ഷം കൊണ്ട് ഇവിടെ വന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയെ തകിടം മറിച്ചു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിത്തുടങ്ങി. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. മൂന്നുമാസം മുമ്പ് ഊട്ടിയുടെഅടുത്തിറങ്ങിയ കടുവ രണ്ടുപേരെ കൊന്നു. കാട്ടിലെല്ലാം വീടുകള്‍ കെട്ടുകയല്ലേ. കമ്പ്,ചോളം തുടങ്ങി പാരമ്പര്യ വിളകളായിരുന്നു നേരത്തെ ഊട്ടിയിലെ കൃഷി. ഇപ്പോള്‍ കാരറ്റ്,കോളിഫഌവര്‍ പോലെ പണം കായ്ക്കുന്ന വിളകളിലേക്ക് ആളുകള്‍ വഴിമാറി. ഇത് പ്രകൃതിയെ തകിടം മറിച്ചു. കെട്ടിടങ്ങള്‍ പെരുകി, തണുപ്പ് കുറഞ്ഞു'ശിവദാസ് ആശങ്ക പങ്കുവെച്ചു. നെസ്റ്റ് എന്നൊരു സംഘടനയുണ്ടാക്കി പ്രതിരോധം ചമയ്ക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. 

'ഈ മേഖലയില്‍ വിഷമുള്ള പാമ്പുകള്‍ ഉണ്ടായിരുന്നില്ല. ഊട്ടിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കല്ലട്ടിയില്‍ ഈയിടെ പാമ്പിനെ കണ്ടു. മുമ്പ് കൊതുകില്ലാത്ത ദേശമായിരുന്നു. ചിക്കുന്‍ഗുനിയ എന്ന പേരുപോലും ഊട്ടിക്കാര്‍ക്ക് പരിചിതമല്ല. ഇപ്പോള്‍ ഇവിടെയും കൊതുക് മൂളിത്തുടങ്ങി. തണുപ്പ് എത്രയോ കുറഞ്ഞു. ഊട്ടി എന്നതിന്റെ സ്വഭാവം തന്നെ മാറി.' ദേശത്തിന്റെ തകര്‍ച്ചയില്‍ അദ്ദേഹം ദുഃഖിതനാണ്.

പ്രകൃതിയുടെ നിറം മാറുന്ന കാഴ്ചകള്‍ വേറെയും കണ്ടു. ചില വീടുകളില്‍ ഫാന്‍ ഫിറ്റ് ചെയ്യുന്നു. ഹോട്ടലുകളില്‍ എ.സി. പിടിപ്പിക്കാനുള്ള ശ്രമങ്ങളുമു്. ഇത് രണ്ടുമില്ലാത്ത കെട്ടിടങ്ങള്‍ ഇനി ഊട്ടിയില്‍ കാണുമോ എന്തോ. ഇപ്പോള്‍ മെയ് മാസമാവുമ്പോള്‍ ഊട്ടിയും വിയര്‍ക്കുകയാണ്. യാത്രയ്ക്കിടെ മറ്റൊരു അത്ഭുതംകൂടെ മുന്നില്‍ വന്നു നിന്നു. കുലച്ചുനില്‍ക്കുന്നൊരു കദളി വാഴ. ഇതുവരെ വാഴ വളരാത്ത നാടായിരുന്നു ഊട്ടി.

വഴിയിലെങ്ങും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയാണ്. ടൂറിസ്റ്റുകള്‍ക്കായി നിര്‍മിക്കുന്ന കോട്ടേജുകള്‍. പലരും നിലവിലുള്ള വീടുകള്‍തന്നെ കോട്ടേജുകളാക്കി മാറ്റുന്നു. ഊട്ടിയില്‍ ഇപ്പോള്‍ മൂവായിരം കോട്ടേജുകളുണ്ടെന്നാണ് കണക്ക്. 800 ഹോട്ടലുകളും. സര്‍വം ടൂറിസം മയം. 

ഊട്ടി ക്രൈംബ്രാഞ്ചിലെ എസ്.ഐ. ഹരിദാസും വിഷമം പങ്കുവെച്ചു.  'ഈ സ്ഥലത്തിന്റെ ഭംഗിയെല്ലാം പോയി. ഇപ്പോള്‍ ടൂറിസ്റ്റുകളായി വരുന്നവര്‍ പോലും ഇവിടെ വീട് കെട്ടുന്നു. ഊട്ടിയില്‍ ജനിച്ചവരൊന്നും ഇവിടെയില്ല. വിരുന്നുകാരായി വന്നവര്‍ വീട്ടുകാരായി മാറി.'അദ്ദേഹം സങ്കടം നിരത്തി. 

train

ഗണപതി ഭഗവാന്‍ തുണ

അകലെയുള്ള മലകളില്‍ ചെറുതായി കോടമഞ്ഞ് പൊഴിയുന്നുണ്ട്. റോസ് ഗാര്‍ഡനിലെ പൂക്കളുടെയും ചിത്രശലഭങ്ങളുടെയും ഇടയിലൂടെ ഇത്തിരി നേരം നടന്നു. വെറും 48 മണിക്കൂര്‍ കൊണ്ട് ജയലളിത സൃഷ്ടിച്ചെടുത്ത  റോസാപ്പൂ വിപ്ലവം. അടുത്തുള്ള വിജയ് നഗറില്‍നിന്ന് ഗണേശ സ്തുതികള്‍ കേള്‍ക്കുന്നു. ഒന്ന് തൊഴുത് പോവാമെന്ന് കരുതിയെത്തിയത് ഒരു വീടിന്റെ അകത്തളത്തില്‍. പ്രാര്‍ത്ഥനാമുറിയില്‍ ഗണപതി ഭക്ത. നിഷാലി മഞ്ജുഭാഷിണി. വീട്ടിലെ ഒരു മുറി നിറയെ ഗണപതി വിഗ്രഹങ്ങള്‍, പെയിന്റിങ്ങുകള്‍, കീ ചെയിനുകള്‍. ഗണപതികളുടെ എണ്ണം ആറായിരം കവിഞ്ഞിരിക്കുന്നു.'2008ല്‍ ഞാനൊരു പാറക്കെട്ടില്‍ വീണു. കൈയിലൊരു ഗണപതി വിഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അന്ന് മുതല്‍ ഞാന്‍ ഭഗവാന്റെ രൂപങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി 'നിഷാലി കൈകള്‍ കൂപ്പി.

ഫേസ്ബുക്കില്‍ ഗജമുഖനായി പ്രത്യേകം ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട് നിഷാലി. എവിടെ യാത്ര പോവുമ്പോഴും പുതിയൊരു ഗണപതിക്കായി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അതിനിടയില്‍ പച്ചരൂപത്തിലുള്ള ഗണപതിയെ കണ്ടു.'അത് ബിസ്‌കറ്റ് കൊണ്ട് ഉണ്ടാക്കിയതാണ്. ബിസ്‌കറ്റ് നന്നായി പൊടിച്ചെടുത്ത് ബദാം ചേര്‍ത്ത് കുഴച്ച് ഗണപതി രൂപത്തിലേക്ക് മാറ്റി.'ഭക്തിയില്‍നിന്നും പിറക്കുന്ന ഭക്ഷണം. അവനവന്റെ ആനന്ദം കണ്ടെത്താന്‍ എന്തെല്ലാം വഴികള്‍. 

ഞങ്ങളും ഒരു ആനന്ദമാര്‍ഗത്തിലേക്ക് തിരിഞ്ഞു. വണ്ടി ഊട്ടിത്തടാകത്തിലേക്ക് പോട്ടെ. '80 രൂപ' ഓട്ടോക്കാരന്‍ ഒട്ടുംവിട്ടുതന്നില്ല.  റോഡിലെ കുഴികളില്‍ വീണും വീഴാതെ വെട്ടിത്തിരിഞ്ഞും ഓട്ടോ പാഞ്ഞു. ഒന്നരകിലോമീറ്ററിന് 80 രൂപ. അത്രയും ദൂരത്തിന് 17 രൂപ 50 പൈസ വാങ്ങുന്ന എന്റെ കോഴിക്കോട്ടെ ഓട്ടോ ചേട്ടന്‍മാരെ, സ്വസ്തി !

lake

തടാകക്കരയില്‍ ഉല്ലാസം പൊടിപൊടിക്കുന്നു. ബോട്ടിങ്ങിനായി ആളുകള്‍ ഒഴുകി വരികയാണ്. പടമെടുക്കുന്നവര്‍,കോണ്‍ കൊറിക്കുന്നവര്‍,അകലെ വെള്ളത്തിലെ ഓളങ്ങള്‍ എണ്ണുന്നവര്‍. മനുഷ്യനില്‍ സന്തോഷം നിറഞ്ഞുതൂവുന്നു.

 പൈന്‍ മരങ്ങളുടെ ഇടയിലൂടെ തടാകക്കരയിലേക്ക് നടന്നു. മരങ്ങള്‍ക്കിടയില്‍ ഒരു പ്രണയജോടി. തക്കുടു,തങ്കുടു,പൊന്നിന്‍കുടം എന്നൊക്കെയാവും ആ കാമുകന്‍ തമിഴില്‍ മൊഴിയുന്നത്. സ്‌നേഹത്തിന് എന്തെല്ലാം തമിഴ് ഭേദങ്ങള്‍!

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കളിലൊന്ന് കീഴടക്കാനാണ് അടുത്ത ശ്രമം. 8652 അടി ഉയരമുള്ള ദോഡബെട്ട പീക്കിലേക്ക് വണ്ടി ഞരങ്ങിക്കയറി. പോവുന്ന വഴിയില്‍ ഹൈലാന്‍ഡ് എന്ന ത്രിനക്ഷത്ര ഹോട്ടലിലൊന്ന് മുഖം കാണിച്ചു. ഷെഫ് തോമസും സുഹൃത്തും ഇറയെന്ന ചെമ്മീന്‍ വിഭവവുമായി നില്‍ക്കുന്നു.  മൂക്കുംകുത്തി വീണുപോയി. വിദേശി സഞ്ചാരികള്‍ ഊട്ടിഫുഡില്‍ മയങ്ങിയിരിക്കുന്നു.

ദോഡാബെട്ട പീക്കിലെത്തി. സമയം ഇരുട്ടുകയാണ്. താഴെ ഭൂമിയില്‍ രാത്രി വെളിച്ചം പരക്കുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലെ പ്രകാശം  പൊഴിക്കുന്ന കെട്ടിടങ്ങള്‍. ശരിക്കും വെളിച്ചത്തിന്റെ തുരുത്തില്‍ പെട്ട പോലെ. സുന്ദരമായ രാത്രിയിലേക്ക് ഊട്ടിയും കരിമ്പടം വലിച്ചിട്ടു. 

ലേഖനം ഗൃഹലക്ഷ്മി മാസികയില്‍ പ്രസിദ്ധീകരിച്ചത്