വറുത്തരച്ച രസം
കുട്ടിക്കാലത്തെ ചില ഇഷ്ടരുചികളുണ്ട്. ഊണ് വിഭവ സമൃദ്ധമല്ലെങ്കിലും ചില പ്രത്യേക രുചികൾ ഒരുമിച്ചു ചേരുമ്പോൾ അന്നത് സദ്യക്ക് തുല്യമാകുമായിരുന്നു. വിഭവങ്ങളുടെ എണ്ണമല്ല പ്രധാനം, ഉള്ളവ തമ്മിലുള്ള ചേർച്ച മതി ഊണ് തൃപ്തിയാവാൻ. അതിലൊന്നായിരുന്നു ഈ ഒരു കോമ്പിനേഷൻ. ചോറിലൊഴിക്കാൻ ചൂടോടെ ഇത്തിരി വറുത്തരച്ച രസം, അതിനു മുകളിൽ നറുമണം തൂവുന്ന നെയ്യ്. ഇത്രയും വിളമ്പിയ ഉടനെ ഭരണിയിൽ നിന്നെടുത്ത കട്ട തൈരിന്റെ ഒരു കഷ്ണം. ഇതെല്ലാം കൂടെ കുഴയ്ക്കുമ്പോഴേക്കും അടുത്ത താരം എത്തും - പപ്പടം! പിന്നെ നടക്കുന്നത് രുചിയുടെ മേളമായിരിക്കും. വല്ല ഉപ്പേരിയും കൂടെയുണ്ടെങ്കിൽ അത് ബോണസ് എന്ന് തന്നെ പറയാം.
വറുത്തരച്ചുണ്ടാക്കുന്ന രസമായത് കൊണ്ടുതന്നെ ആ മണം ഒന്ന് മതി ചോറുണ്ണാൻ. എരിവും പുളിയും നേരിയ മധുരവും കൂടെയാകുമ്പോൾ രസം കുഴച്ചുണ്ണുന്നതിൽ പരം രസം മറ്റൊന്നുമില്ല. ശകലം പരിപ്പും കൂടെ വേവിച്ചത് ചേർക്കുമ്പോ ലെവൽ ഒന്ന് മാറും. രസം പ്രേമികൾ രസത്തോടെ തയ്യാറാക്കി നോക്കണം.
ചേരുവകൾ
തക്കാളി - 2 വലുത്
പച്ചമുളക് കീറിയത് - 2 എണ്ണം
തുവരപ്പരിപ്പ് - ഒന്നര വലിയ സ്പൂൺ ...
പുളി - ഒരു ചെറു നെല്ലിക്ക വലുപ്പത്തിൽ ...
മല്ലിയില - അല്പം
ഉപ്പ്
ശർക്കര - ഒന്നര ടീസ്പൂൺ
വറുക്കാനുള്ള ചേരുവകൾ
മല്ലി - 1 1/2 ടീസ്പൂൺ
കുരുമുളക് - 3-4 എണ്ണം
ജീരകം - 1 ടീസ്പൂൺ
കായം - 1/2 ടീസ്പൂൺ
കറിവേപ്പില - രണ്ടു തണ്ട്
വറ്റൽ മുളക് - 5-6 എണ്ണം
എള്ള് - 1/2 ടീസ്പൂൺ ( ഓപ്ഷണൽ )
താളിക്കാൻ
കടുക്, കറിവേപ്പില, വറ്റൽമുളക്, എണ്ണ
തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് പ്രഷർ കുക്കറിൽ വേവിയ്ക്കുക, കൂടുതൽ വെന്തുടയരുത്. പരിപ്പ് വേവിച്ചതിൽ നിന്നും പരിപ്പ് മാറ്റിവെച്ചു ബാക്കിയുള്ള വെള്ളത്തിൽ വേണം തക്കാളിയും പച്ചമുളകും ഒരല്പം കറിവേപ്പിലയും വേവിയ്ക്കാൻ. ഉപ്പും ശർക്കരയും ഒപ്പം ചേർക്കാം. ( പരിപ്പ് പിന്നീട് ചേർക്കുന്നതാണ് )വറുക്കാനുള്ള ചേരുവകൾ അല്പം എണ്ണ ചൂടാക്കി ചെറുതീയിൽ ഒരുമിച്ചു വറുക്കാം . വറുത്ത ചേരുവകൾ പുളി ചേർത്ത് അല്പം വെള്ളമൊഴിച്ചു അരച്ചെടുക്കാം. കൂടുതൽ അരഞ്ഞു പോവരുത്. ഒരിത്തിരി തരുതരുപ്പായി വേണം അരയ്ക്കാൻ.
തക്കാളി വെന്തു വന്നതിനു ശേഷം ഈ അരപ്പ് അതിലോട്ട് ചേർക്കാം. കൂടെ വേവിച്ച പരിപ്പും കൂടെ ചേർത്ത് നന്നായി തിളപ്പിക്കണം. ആവശ്യത്തിനുള്ള വെള്ളം ചേർക്കാം. തിളച്ചു വരുമ്പോൾ വാങ്ങി വെയ്ക്കാം. മല്ലിയില മീതെ വിതറാം. കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ചു ചേർക്കാം.
Content Highlights: rasam recipe malayalam, kerala rasam recipe, konkani food recipes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..