പുഡ്ഢി നോൺച്ചേ
വേനൽക്കാലത്തെ ചൂട് അസഹ്യമാണെങ്കിലും, വെയിലിന്റെ കാരുണ്യത്തിൽ ഉടലെടുക്കുന്ന പല രുചികളുണ്ട്. വേനൽക്കാലം, പല തരം കൊണ്ടാട്ടങ്ങളുടെയും, പപ്പടങ്ങളുടെയും മാമ്പഴത്തിരയുടെയുമൊക്കെ കാലമാണ്. മിക്കതും വെയിലത്തുണക്കി സൂക്ഷിച്ചു വെയ്ക്കുന്നത് പിന്നീടുള്ള പെരുമഴക്കാലത്ത് പച്ചക്കറികളുടെയും മറ്റും ലഭ്യത കുറയുമ്പോൾ ഊണിനും മറ്റും മാറ്റ് കൂട്ടാനാണ്.
വേനൽക്കാലം മാമ്പഴക്കാലം കൂടെയാണല്ലോ. അപ്പോൾപ്പിന്നെ പച്ചമാങ്ങാ ഉണക്കി, അച്ചാറിടാതെ എങ്ങനാ? കൊങ്കണികളുടെ പ്രിയപ്പെട്ട അച്ചാർ എന്ന് വേണമെങ്കിലും പറയാം. കൊങ്കണിയിൽ ഇതിനു പേര് പച്ചമാങ്ങാ " പുഡ്ഢി നോൺച്ചേ ". പുഡ്ഢി എന്ന് വെച്ചാൽ പൊടി. നോൺച്ചേ എന്നാൽ അച്ചാറെന്നും. പേരുപോലെ ചാറൊന്നുമില്ലാതെ മുളക് പൊടിച്ച മസാല കൂട്ടിൽ ഉണക്കിയ മാങ്ങാ കഷ്ണങ്ങൾ പുതഞ്ഞു കിടക്കും. എന്ത് രുചിയാണെന്നോ?
പച്ചമാങ്ങാ അരിഞ്ഞു പൊരിവെയിലത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റിലോ മറ്റോ ഉണക്കി എടുക്കുന്നതിൽ തുടങ്ങും ഈ അച്ചാറിന്റെ മേളം. ഒരു കാൽഭാഗമെങ്കിലും വൈകുന്നേരം ആവുമ്പോഴേക്കും കുട്ടികൾ തിന്നും തീർക്കും. വെയിലിനു മണമുണ്ടോ? ഉണ്ടെന്നേ ഞാൻ പറയൂ. ഇത്തരം വിഭവങ്ങളിൽ കിട്ടും ആ പൊരിവെയിലിന്റെ നിറഞ്ഞ മണം.
Also Read
നല്ല വിളഞ്ഞ, മാങ്ങാണ്ടിയൊക്കെ ഉറച്ചു കഴിഞ്ഞ പച്ചമാങ്ങാ വേണം ഈ അച്ചാറിനെടുക്കാൻ. കഴിയുന്നതും മരത്തിൽ നിന്നും പറിച്ച ഉടനെയുള്ളവ. കൂടുതൽ പഴകിയാൽ അത് അച്ചാറിന്റെ ദീർഘകാല നിലനിൽപ്പിനെയും ബാധിക്കും. അച്ചാറുണ്ടാക്കി ഭരണിയിൽ കുത്തി നിറച്ചു, ഭരണിയുടെ വാ തുണി വെച്ചു മൂടികെട്ടി കഴിഞ്ഞാൽ പിന്നീട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് കഴിക്കാൻ എടുക്കേണ്ടത്. ചോറിനും കഞ്ഞിക്കുമൊപ്പം വിശേഷമാണ്. എങ്കിലും ഇത്തിരി അച്ചാറിൽ ശകലം വെള്ളം ഒഴിച്ച്, രണ്ട് പച്ചമുളക് ഞെരടി, പച്ച വെളിച്ചെണ്ണ മീതെ ഒഴിച്ചു എടുക്കുന്ന ഗൊജ്ജുവിനും ആരാധകർ ഏറെ. ഇത് ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം വരേ കഴിക്കാം. വേനലിന്റെ കടുപ്പം കുറയും മുൻപേ പച്ചമാങ്ങാ " പുഡ്ഢി നോൺച്ചേ " ഉണ്ടാക്കി നോക്കൂ.
.jpg?$p=35cdac0&&q=0.8)
ചേരുവകൾ
- പച്ചമാങ്ങ - 20 എണ്ണം
- വറ്റൽമുളക് 250 ഗ്രാം
- കടുക് 1/4 കപ്പ്
- കായപ്പൊടി 2 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
പച്ചമാങ്ങയുടെ തൊലി ചെത്തിക്കളയുക. നീളത്തിൽ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി അടച്ചു വെച്ചു ഒരു രാത്രി മുഴുവനും വെയ്ക്കുക.
പിറ്റേന്ന് ഇതിൽ നിന്നും വെള്ളം ഊറി വന്നിട്ടുണ്ടാകും. ആ വെള്ളം മുഴുവനും പിഴിഞ്ഞ് കളഞ്ഞു ഒരു തുണിയിൽ വിടർത്തിയിട്ട് നല്ല വെയിലത്ത് ഉണങ്ങാൻ വെയ്ക്കുക.
അടുത്ത പകൽ കൂടി ഇതേപോലെ വെയിലത്ത് വെയ്ക്കാം. ആദ്യത്തെ ദിവസം തന്നെ ഉണങ്ങി കിട്ടിയിട്ടുണ്ടെങ്കിൽ വീണ്ടും രണ്ടാമത്തെ ദിവസം വെയ്‌ക്കേണ്ടതില്ല. വെയിലിന്റെ കാഠിന്യം അനുസരിച്ചിരിക്കും. ചിത്രം രണ്ടിൽ കാണുന്ന പോലുള്ള പരുവം കിട്ടണം ഉണങ്ങിയ മാങ്ങയ്ക്ക്. വറ്റൽമുളകും ഒരു രണ്ട് മണിക്കൂർ നേരം വെയിലത്തുണക്കുക.
അച്ചാറുണ്ടാക്കാൻ നേരം ഈ വറ്റൽമുളക് അല്പം തരുതരുപ്പായി പൊടിക്കുക. ഇതിലേക്ക് കടുകും കായപ്പൊടിയും ചേർത്തു ഒന്നുകൂടെ തരുതരുപ്പായി പൊടിക്കുക. ഉണക്ക മാങ്ങയിലേക്ക് ഈ മുളക് - പൊടിക്കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക.
രുചിച്ചു നോക്കി ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർക്കുക. ഇനി വായു കടക്കാത്ത വൃത്തിയുള്ള കുപ്പിയിലോ ഭരണിയിലോ മാറ്റുക . അല്പം നാളുകൾ കഴിഞ്ഞു ഉപയോഗിക്കാം .
Content Highlights: puddi nonche recipe, konkani recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..