കുട്ടിക്കാലത്ത് വായിച്ച ഒരു ചിത്രകഥയാണ്. രണ്ട് എലികളുടെ കഥ. നാട്ടില്‍ കപ്പ മോഷ്ടിച്ചും മധുരക്കിഴങ്ങ് കുത്തിത്തിന്നും ജീവിച്ച രണ്ട് കൂട്ടുകാര്‍. ഇതില്‍ ഒരാള്‍ വിദേശത്ത് പോയി. മറ്റയാള്‍ നാട്ടില്‍ തന്നെ  കപ്പമോഷണവും മറ്റ് തരികിടകളുമൊക്കൊയായി തുടര്‍ന്നു. വിദേശത്തുപോയ എലി കാശുകാരനും പരിഷ്‌കാരിയുമായിഅവധിക്ക് നാട്ടില്‍ തിരിച്ചു വന്നപ്പോള്‍ പഴയ കൂട്ടുകാരന്‍ സ്വന്തം വീട്ടിലേക്ക് (മാളത്തിലേക്ക് ) ക്ഷണിച്ചു. അവന്‍ മടികാണിച്ചപ്പോള്‍ കൂട്ടുകാരന്‍ അവസാനത്തെ അടവെടുത്തു. പഴയ കൂട്ടുകാരന്റെ ഇഷ്ട ഭക്ഷണമാണ് കപ്പ. 'എടാ നല്ല കപ്പ കഴിക്കാം. അപ്പോള്‍ പരിഷ്‌കാരി എലി അല്‍പ്പം പുച്ഛത്തോടെ ഇംഗ്ലീഷില്‍ ചോദിച്ചു' വാട്ട് ...കപ്പ?. ഉടനെ നമ്മുടെ പാവത്താന്‍ എലി പറഞ്ഞു ' വാട്ടുകപ്പയല്ലടാ ...നല്ല ഒന്നാന്തരം പച്ചക്കപ്പ'. 

kappa vatt
 കപ്പവാട്ടുന്നു 

കഥയവിടെ നില്‍ക്കട്ടെ. ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വരുമ്പോള്‍ ആദ്യം ഓര്‍മിക്കുന്നത് ആഘോഷമായി കപ്പ പറിച്ച്, തൊലി പൊളിച്ച് ചെത്തി വാട്ടി ഉണക്കുന്ന 'കപ്പവാട്ടി'നെക്കുറിച്ചാണ്. കുട്ടിക്കാലത്ത് കാത്തിരിക്കുന്ന സംഭവങ്ങളിലൊന്ന്.

എഴുപതുകളുടെ അവസാന കാലമാണ്. ചങ്ങനാശ്ശേരിയിലെ ഗ്രാമപ്രദേശങ്ങളില്‍ റബ്ബര്‍ കൃഷി ഉണ്ടെങ്കിലും പറമ്പുകളില്‍ കപ്പയ്ക്കും അതിന്റേതായ സ്ഥാനമുണ്ടായിരുന്നു. എല്ലാ വീടുകളിലും കപ്പകൃഷി കാണും. അതിനാല്‍ ഇന്നത്തെപ്പോല കപ്പ ചില്ലറയായി പറിച്ചു വില്‍ക്കുന്നത് തുടങ്ങിയിട്ടില്ല. ആവശ്യക്കാരില്ലാത്തതു തന്നെ കാരണം.

ജനുവരി അവസാനമാകുമ്പോഴേക്കും കപ്പയൊക്കെ വിളഞ്ഞ് പാകമാകും. കുറച്ച് കപ്പ ദിവസേനയുള്ള ആവശ്യത്തിനായി നിറുത്തും. ബാക്കി മുഴുവന്‍ പറിച്ച് അരിഞ്ഞ് വെള്ളുകപ്പയായോ അല്ലെങ്കില്‍ വാട്ടി, വാട്ടുകപ്പയായോ ശേഖരിച്ച് വയ്ക്കുകയാണ് പതിവ്. വെള്ളു കപ്പയെന്നാല്‍ കപ്പ അരിഞ്ഞ് വാട്ടാതെ തന്നെ ഉണക്കുന്നതാണ്. ഇത് സൂക്ഷിച്ചുവച്ച് പൊടിച്ച് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കും. വെള്ളുകപ്പയേക്കാള്‍ കൂടുതല്‍ കപ്പ വാട്ടി വയ്ക്കുന്നതാണ് പതിവ്. 

kappa vatt
വാട്ടിയ കപ്പ ഊറ്റിവച്ചപ്പോള്‍ 

ഓരോ വീട്ടിലും ഒന്നു രണ്ട് ഏക്കര്‍ കപ്പകൃഷി കാണും. കപ്പചെത്താനായി പുറത്ത് നിന്ന് മൂന്നു നാല് സ്ത്രീകള്‍ വരും. കപ്പ പറിക്കാന്‍  രണ്ടുമൂന്ന് പുരുഷ തൊഴിലാളികളും. ഇവര്‍ക്കൊപ്പം വീട്ടിലെ അങ്കിളുമാരും ആന്റിമാരുമൊക്കും അയല്‍പക്കത്തെ ചേട്ടന്‍മാരും ചേച്ചിമാരുമൊക്കെ കൂടും. ഒരുവീട്ടിലെ കപ്പ വാട്ടു കഴിഞ്ഞാല്‍ അടുത്ത വീട്ടിലേത് വാട്ടാന്‍ ഇപ്പറത്തുകാരും പോകും. മതിലുകള്‍ അതിരിടാതിരുന്ന കാലത്തെ സ്നേഹബന്ധങ്ങളുടെ മധുരമുള്ള ഓര്‍മകള്‍ കൂടിയാണത്.

കപ്പ പറിക്കുന്ന ദിവസം ഞങ്ങള്‍ കുട്ടികള്‍ എന്തെങ്കിലും കാരണമുണ്ടാക്കി സ്‌കൂളില്‍ പോകില്ല. വീട്ടുകാരും ഒരു കണ്ണുവാട്ടം കാണിക്കും.  രാവിലെ തുടങ്ങുന്ന കപ്പപറിക്കല്‍ മുതല്‍ രാത്രിവൈകി നീളുന്ന കപ്പവാട്ടുവരെ കണ്ടും ഇടയ്ക്ക് ചില കുസൃതികളൊക്കെ   ഒപ്പിച്ചും ഞങ്ങളങ്ങനെ നടക്കും.

വെയില്‍ ഉറയ്ക്കുന്നതിന് മുമ്പു തന്നെ  വാട്ടാനുള്ള കപ്പ പറിച്ചിരിക്കും. അപ്പോഴേക്കും കപ്പ ചെത്താനുള്ള ചേച്ചിമാര്‍ എത്തും. ഓരോരുത്തര്‍ക്കും ചെത്താനുള്ള കപ്പ നോട്ടക്കാരനായ ചേട്ടന്‍ എത്തിച്ചുകൊടുക്കും. എത്ര അളവ് കപ്പ് ചെത്തി എന്നതിനനുസരിച്ചാണ് കൂലി. സ്ത്രീകള്‍ വാശിയോടെ കപ്പ പൊളിക്കലും ചെത്തും നടത്തും. അതിനിടയ്ക്ക് കഥകളും പരദൂഷണവും പറയും. ചെത്തുന്നതിനിടിയല്‍ ചിലരുടെയെങ്കിലും കൈമുറിയും. പിന്നെ മുറിവിനുള്ള ശുശ്രൂഷകളാണ്.
വൈകുന്നേരമാകുമ്പോഴേക്കും കപ്പചെത്തിക്കഴിയും. സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലമായി കൂലിയും ഒരു പങ്ക് കപ്പയും കൊടുത്ത് വിടും.

ഇതിനിടെ  പുരുഷന്‍മാര്‍ കപ്പ വാട്ടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാകും. വലിയ ചെമ്പിലാണ് കപ്പവാട്ടുന്നത്. ഇതിനുള്ള അടുപ്പ് കപ്പക്കാലായില്‍ തന്നെ ഒരിടത്ത് കൂട്ടും. 

kappa

ഞങ്ങള്‍ കുട്ടികള്‍ കൊതിയോടെ കാത്തിരിക്കുന്നത് കപ്പവാട്ടിനായാണ്. അങ്കിളുമാര്‍ കുറച്ച് കപ്പക്കിഴങ്ങുകള്‍ എടുത്ത് മാറ്റി വച്ചിട്ടുണ്ടാകും. വലിയ തീയില്‍ ചെമ്പില്‍ കപ്പ വാട്ടുന്നതിനിടയില്‍ അങ്കിളുമാര്‍ മാറ്റിവച്ച കപ്പക്കിഴങ്ങുകള്‍ അടുപ്പിലേക്കിടും. ഒരു വശത്ത്  തിളച്ച വെള്ളത്തില്‍ കപ്പ വേകുന്നതിന്റെ മണം. അതിനെ തോല്‍പ്പിച്ചുകൊണ്ട് ചുട്ട കപ്പയുടെ മണം അടുപ്പില്‍ നിന്ന് ഉയരും. കുറച്ചു കഴിയുമ്പോള്‍ കമ്പുകൊണ്ട് തോണ്ടി കപ്പ അങ്കിളുമാര്‍ അടുപ്പില്‍ നിന്ന് പുറത്തെടുക്കും. അതോടെ ഞങ്ങളുടെ കാത്തിരിപ്പിന് അവസാനമാകുകയാണ്.

കപ്പയുടെ ചൂട് അല്‍പ്പം പോയിക്കഴിയുമ്പോള്‍ പതുക്കെ തൊലി പൊളിച്ച കളഞ്ഞ് ഓരോ പങ്ക് കുട്ടികള്‍ക്ക് തരും. ചെറുചൂടോടെ ചുട്ട കപ്പ വായിലോട്ടുവയ്ക്കുമ്പോഴുള്ള രുചി. അത് എഴുതിപ്പിടിപ്പിക്കാന്‍ പറ്റു കേല ... അനുഭവിച്ചറിയുക തന്നെ വേണം.

kappa vatt
വാട്ടിയ കപ്പ വെയിലത്തിട്ട് ഉണങ്ങിയപ്പോള്‍ 


ഇതിനിടിയില്‍ തന്നെ വാട്ടി പാകമായ കപ്പ വള്ളിക്കൊട്ടകളില്‍ ഇട്ട് വെള്ളവും കളഞ്ഞ് കപ്പക്കാലായില്‍ തന്നെ ഉണങ്ങാനായി ഇടും. എട്ടൊമ്പതു മണിയാകുമ്പോഴേക്കും ഉറക്കം വരുമെങ്കിലും ഞങ്ങള്‍ കപ്പവാട്ടും കണ്ട് അങ്ങനെ നില്‍ക്കും. രാത്രി പത്തുമണിക്കു മുമ്പ് തന്നെ കപ്പവാട്ടും ഉണക്കാനിടലുമൊക്കെ കഴിയും. കപ്പചുട്ടു തിന്നതിന്റെ രുചിയോര്‍ത്ത് സന്തോഷിക്കുമ്പോഴും നാളെ സ്‌കൂളില്‍ പോകണമെല്ലോയെന്ന ചെറിയ സങ്കടത്തോടെ ഞങ്ങള്‍ ഉറങ്ങാനായി പോകും.

രണ്ടു മൂന്നു ദിവസങ്ങള്‍ കൊണ്ട് കപ്പ ഉണങ്ങിക്കിട്ടും. അതിനിടയ്ക്ക് വേനല്‍ മഴ വന്നാലാണ് പണി പാളുന്നത്. മഴക്കാറ് കാണുമ്പോഴേ എല്ലാവരുംകൂടി കപ്പ പെറുക്കാന്‍ തുടങ്ങും. ചിലപ്പോള്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ പെയ്ത് കപ്പ നനഞ്ഞുപോകും. കപ്പയില്‍  മണ്ണും കല്ലുമൊക്കെ പറ്റി ആകെ നാശമാകും. അതിന്റെ കാര്യം പിന്നെ എത്ര ഉണക്കിയാലും പോക്കാണ്.

kappa vatt 2

ഉണങ്ങിയ വാട്ടുകപ്പ ഭദ്രമായി ചാക്കില്‍ കെട്ടി സൂക്ഷിച്ചു വയ്ക്കും. മഴക്കാലത്ത് പ്രധാന ഭക്ഷണമായിരുന്നു വാട്ടുകപ്പവേവിച്ചത്. തേങ്ങയും മഞ്ഞളുമരച്ച് വേവിക്കുന്ന വാട്ടുകപ്പയ്ക്കൊപ്പം മുളകരച്ച കോട്ടയം സ്റ്റൈല്‍ മീന്‍ കറിയുംകൂടെയാകുമ്പോള്‍  സംഗതി കൂശാലാകും. സമയമില്ലാത്തപ്പോള്‍ അമ്മച്ചി  വാട്ടുകപ്പുകൊണ്ട് ഒരു എളുപ്പപണി ചെയ്യും. വാട്ടുകപ്പ തിളപ്പിച്ച് ഊറ്റി ഇതില്‍ തേങ്ങ ചിരണ്ടിയിട്ട്  തരും. കപ്പ  തിന്നുന്നതിനിടെ ഇടയ്ക്കിടെ തേങ്ങാപ്പീര കടിക്കുമ്പോഴുള്ള സുഖം ഞങ്ങള്‍ കുട്ടിക്കാലത്ത് അനുഭവിച്ച മറക്കാത്ത രുചിയാണ്.  

ഇപ്പോള്‍ കപ്പവാട്ടൊക്കെ ഓര്‍മയായി മാറി. പലയിടത്തും അഞ്ചും പത്തും കിലോയൊക്കെ കപ്പയായി ആവശ്യത്തിന് മാത്രം വാട്ടിയെടുക്കുകയാണ്. വീട്ടിലും ഇക്കുറി അങ്ങനെയായിരുന്നു. 

മഹേഷിന്റെ പ്രതികാരം സിനിമയിലെ  ' മല മേലെ തിരിവച്ച' ...പാട്ടിന്റെ സീന്‍ ഇടയ്ക്കിടെ യു ട്യൂബില്‍  കാണുമ്പോഴും പഴയ കപ്പവാട്ടുകാലത്തെക്കുറിച്ചോര്‍ക്കും. ചുട്ടു തിന്ന കപ്പയുടെ രുചിയോര്‍ക്കും. അന്നത്തെ സ്നേഹബന്ധങ്ങളും സഹകരണവും ഓര്‍ക്കും. അങ്ങനെയും ഒരു കാലം. ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ ഇടയ്ക്ക് ആശ്വാസമായി കടന്നുവരുന്ന തണുപ്പിക്കുന്ന ഓര്‍മകള്‍...

( വീട്ടിലെ കപ്പവാട്ടിന്റെ ചിത്രങ്ങളാണ് മുകളിലേത്. അമ്മയുടെ സര്‍വസൈന്യാധിപ തങ്കചേച്ചിയാണ് കപ്പവാട്ടുന്നത്)

Content Highlight:  How to prepare kerala traditional unakka kappa