ച്ചാച്ചന്റെയും ഉപ്പാപ്പന്‍മാരുടെയും മീന്‍പിടിത്തത്തിന്റെ വീരകഥകളൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ ചേട്ടന് ഒരാഗ്രഹം. നമുക്കും മീന്‍ പിടിക്കാന്‍ പോവണം. ഞങ്ങളുടെ നാടായ മാടപ്പള്ളി ഇയ്യാലിയില്‍നിന്ന് ചേന്നമറ്റം തോടും നടയ്ക്കപ്പാടം തോടും കടന്നാണ് നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്‌കൂളിലേക്ക് പോകുന്നത്. അന്ന് ബസ് കയറണമെങ്കില്‍ വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ നടന്ന് മാമ്മൂട്ടില്‍ പോകണം.

പത്തു പൈസ കൊടുത്ത് പെരുമ്പനച്ചിയില്‍ ഇറങ്ങാന്‍ നില്‍ക്കുന്ന  ഞങ്ങളെ കാണുമ്പോഴേ മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും വരുന്ന ബസുകാര്‍ ഡബിള്‍ ബെല്ലടിച്ചു വിടും. ഇതൊരു സ്ഥിരം കലാപരിപാടി ആയതോടെയാണ് നടരാജന്‍ മോട്ടോഴ്സില്‍ (രണ്ടു കാലും വച്ച് ആഞ്ഞ് നടക്കുക - അതാണ് ഞങ്ങളുടെ നടരാജന്‍ മോട്ടോഴ്സ്) തോടും വരമ്പും കയറി  സ്‌കൂളിലേക്കുളള യാത്ര  പതിവാക്കിയത്. 

ഞങ്ങളെന്നു പറഞ്ഞാല്‍ സംഘത്തിലെ ഏറ്റവും ജൂനിയര്‍ അഞ്ചാം ക്ലാസുകാരന്‍ ഞാനാണ്. ചേട്ടന്‍ ഏഴാം ക്ലാസില്‍. കസിന്‍ റജി എട്ടില്‍. പിന്നെ നാട്ടുകാരായ രാജു, സണ്ണി, തോമാച്ചന്‍ ,ഇമ്മാനുവല്‍ , സിബിച്ചന്‍ തുടങ്ങിയവര്‍. മാങ്ങയെറിഞ്ഞു വീഴ്ത്തിയും ആഞ്ഞിലിമരത്തില്‍ വലിഞ്ഞു കയറി പഴുത്ത ആഞ്ഞിലിച്ചക്ക പറിച്ചുതിന്നുമൊക്കെ സ്‌കൂളിലേക്കുള്ള പോക്കും വരവുമൊക്കെ ഞങ്ങള്‍ ആഘോഷിച്ചു.

മുതിര്‍ന്നവര്‍ പറിച്ചിടുന്ന ആഞ്ഞിലിച്ചക്കയും മാങ്ങയുമൊക്കെ പെറുക്കികൂട്ടുകയാണ് എന്റെ പണി. തോടുകള്‍ കടന്നുള്ള യാത്രക്കിടയിലാണ് മീന്‍പിടുത്തത്തെക്കുറിച്ചുള്ള ചര്‍ച്ച വന്നത്. നടയ്ക്കപ്പാടത്തിനടുത്ത് കൊക്കോത്തോട്ടത്തിലെ ഇടത്തോട്ടുകളില്‍ വരാലും കുഞ്ഞുങ്ങളുമായി പോകുന്നത് ഞങ്ങള്‍ കണ്ടിട്ടുമുണ്ട്.

ക്ലാസില്‍പ്പോകാതെ മീന്‍പിടിക്കാന്‍ പോയാല്‍ വീട്ടിലും സ്‌കൂളിലും അറിയും. രണ്ടിടത്തുനിന്നും നല്ല പെട കിട്ടുകയും ചെയ്യും. എങ്കില്‍ പിന്നെ ശനിയാഴ്ച ആയാലോ. സംഘത്തിലെ മൂന്നു നാലു പേര്‍ സമ്മതിച്ചു. ബാക്കിയുള്ളവര്‍ക്കൊക്കെ വീട്ടില്‍ പണിയുണ്ട്. പശുവിന് പുല്ലുപറിക്കണം . അതിനെ തീറ്റണം .പിന്നെ വീട്ടിലെ പച്ചക്കറികൃഷിയും മറ്റും. അതിനാല്‍ മുങ്ങാന്‍ പറ്റില്ല.ഏതായാലും ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു.

ശനിയാഴ്ച രാവിലെ അച്ചാച്ചന്‍ കടയില്‍ പോയി. അമ്മയെ എങ്ങനെ വെട്ടിച്ചു പുറത്തുകടക്കും. അന്നും ഇന്നും പിള്ളാരുടെ പിടിവള്ളിയായ സ്പെഷ്യല്‍ ക്ലാസ് തന്നെ തുറുപ്പു ചീട്ടാക്കി. അഞ്ചില്‍ പഠിക്കുന്ന നിനക്കും സ്പെഷ്യല്‍ ക്ലാസോ എന്ന് അമ്മ ചോദിച്ചു തീരും മുമ്പേ ഞാനും ചേട്ടനും അടുത്ത പറമ്പിലെത്തിക്കഴിഞ്ഞു. 

food p j joseമെയിന്‍ റോഡില്‍ കയറി കൂട്ടുകാരെ കാത്തു നില്‍പ്പായി. അരമണിക്കൂറായിട്ടും ആരെയും കാണുന്നില്ല. അവര്‍ക്കൊന്നും വീട്ടില്‍ നിന്നും വെട്ടിച്ചു ചാടാന്‍ പറ്റിയില്ല. അങ്ങനെ നിരാശരാകല്ലല്ലോ? ചേട്ടനും ഞാനും കൂടി മീന്‍ പിടിക്കാന്‍ പോകാന്‍  തന്നെ തീരുമാനിച്ചു. അപ്പോഴാണ് വേറൊരു പ്രശ്നം. ചൂണ്ടയും മറ്റും കൊണ്ടുവരാമെന്നു പറഞ്ഞത് കൂട്ടുകാരാണ്.

ഞങ്ങളുടെ കയ്യില്‍ ആകെയുള്ളത് ഒരു തോര്‍ത്തുമാത്രം. ചേട്ടന്‍ പരിഹാരം കണ്ടു. എടാ നമുക്കു തോര്‍ത്തിന് വരാലിനെ കോരാം. അച്ചാച്ചനൊക്കെ വരാലിനെ വലയ്ക്കു വീശിപ്പിടിക്കുന്നത് പറഞ്ഞ് കേട്ടുള്ള അറിവില്‍ വച്ചു കാച്ചിയതാണ്.ഞങ്ങള്‍ രണ്ടുപേരും കൂടി ഇടപ്പള്ളി കോളനിയും പങ്കിപ്പുറം കടവും കടന്ന് ലക്ഷ്യ സ്ഥാനമായി ഇടത്തോട്ടിലെത്തി. അവിടെ കൊക്കോത്തോട്ടത്തിന്റെ ഇടയിലെ ചാലുകളിലാണ് വരാലും കുഞ്ഞുങ്ങളുമൊക്കെ നീന്തിക്കളിക്കുന്നത് കിട്ടുള്ളത്. രാവിലെ പത്തരയായിരട്ടുണ്ട്. പ്രദേശത്തെങ്ങും ആളനക്കമൊന്നുമില്ല.

ഞങ്ങള്‍ ഇടത്തോട്ടിലിറങ്ങി. നിറയെ ചെളിയാണ്. തോര്‍ത്തിട്ട് ചെളിവെള്ളത്തില്‍ ഞങ്ങള്‍ വീശോടു വീശ്. വരാലിനെപ്പോയിട്ട് ഒരു വട്ടോനെപ്പോലും (വരാല്‍ വര്‍ഗത്തില്‍പ്പെട്ട ചെറിയ മീന്‍ . ഇത് കഴിക്കാന്‍ കൊള്ളില്ല) .മുന്നാഴി വെള്ളത്തില്‍ മുന്നൂറുപേരെ കളിപ്പിക്കുന്നവനെന്നാണ് വരാലിന്റെ വിശേഷണം. അതായത് പിടികൂടാന്‍ വലിയ പാടാണെന്നു സാരം. ഞങ്ങളുടെ വരാല്‍ വേട്ട ഒരു ഫലവും കാണാതെ മുന്നോട്ടു നീങ്ങുകയാണ്. കുറെ കഴിഞ്ഞപ്പോള്‍  മടുത്തു.

അതിനിടയിലാണ് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരലര്‍ച്ച. ആരാടാ കൊക്കോ കട്ടുപറിക്കുന്നത്? തിരിഞ്ഞു നോക്കിയപ്പോള്‍ സ്ഥലമുടമസ്ഥനാണ്. സ്‌കൂളില്‍ പോകുന്ന വഴിക്ക് പുള്ളി കൊക്കോത്തോട്ടത്തില്‍ പണിയെടുക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങള്‍ കൊക്കോയുടെ കായ പറിക്കാന്‍ കയറിയതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാണ് പ്രശ്നം.

അന്ന് നാട്ടില്‍  കൊക്കോ കൃഷിയാണ് തരംഗം. ജനം മുഴുവന്‍  പറമ്പായ പറമ്പിലെല്ലാം കൊക്കോ നട്ടു. ആദ്യമൊക്കെ നല്ല വിലകിട്ടി. പിന്നെ സപ്ലൈ,  ഡിമാന്‍ഡിനേക്കാള്‍ അധികമായപ്പോള്‍ വില ഇടിഞ്ഞു. കൊക്കോ ആര്‍ക്കും വേണ്ടാതായി. വിളഞ്ഞുപഴുത്ത കൊക്കോ കായ്കള്‍ അണ്ണാന്‍മാരും കുട്ടികളും മത്സരിച്ചു തിന്നു. വാനില കൃഷിക്കു മുമ്പ് മലയാളി നടത്തിയ കൊക്കോകൃഷി ഒരു സംഭവം തന്നെയായിരുന്നു.

ചേട്ടന്റെ നിക്കറില്‍ തന്നെ  സ്ഥലമുടമ പിടുത്തമിട്ടു.സ്ഥലവും വീട്ടു പേരുമൊക്കെ ചോദിച്ച് മനസിലാക്കി. കൊക്കോക്കായ മോഷണമല്ല ഞങ്ങളുടെ ലക്ഷ്യമെന്നു മനസ്സിലാക്കിയപ്പോള്‍ പോകാന്‍ അനുവദിച്ചു. സങ്കടവും നാണക്കേടും കാരണം ഞങ്ങള്‍ രണ്ടാളും ചൂളിപ്പോയി. മീനൊന്നും കിട്ടാത്തതിന്റെ സങ്കടം. കൊക്കോക്കായ മോഷ്ടാക്കളെന്ന ആരോപണത്തിന്റെ  നാണക്കേട്. ദാഹിച്ച് തൊണ്ട വരളുന്നു. ഇനി എന്താ ചെയ്യണം. അപ്പോഴാണ് ചേട്ടന്‍ പരിഹാരം നിര്‍ദ്ദേശിച്ചത് - നമുക്ക് അമ്മയുടെ വീട്ടിലേക്കു പോകാം. 

food p j joseകുറുമ്പനാടം പൈലിക്കവലയിലാണ് അമ്മയുടെ വീട്.  ഞങ്ങള്‍ രണ്ടുപേരുടെയും വീക്ക്നെസാണ് അമ്മവീട്. രണ്ടു പേരും നാലാം ക്ലാസ് വരെ പഠിച്ചത് അവിടെനിന്നാണ്. അമ്മച്ചിയുടെയും അപ്പാപ്പന്റെയും (അമ്മയുടെ അമ്മയും അച്ഛനും) അങ്കിളുമാരുടെയും ആന്റിമാരുടെയും ഒക്കെ സ്നേഹത്തണലില്‍ കഴിഞ്ഞ സ്ഥലം.
അവിടെ ചെന്നാല്‍ അമ്മച്ചി ഉണ്ടാക്കുന്ന ഇലയടയും കൊഴുക്കട്ടയുമൊക്കെ തിന്ന് ഇപ്പോഴത്തെ സങ്കടം മറക്കാം.

ചേട്ടനും അനുജനും കൂടി വെയിലത്ത് നടരാജന്‍ മോട്ടോഴ്സില്‍  നാലുകിലോമീറ്ററിലധികമുള്ള പൈലിക്കവലയിലേക്ക് വലിച്ചു വിട്ടു. പെരുമ്പനച്ചിയില്‍ ചെന്നാല്‍ പൈലിക്കവലയ്ക്ക് ബസുകിട്ടും .കൈയില്‍ അഞ്ചിന്റെ പൈസയുണ്ടായിട്ടുവേണ്ടേ ബസില്‍ കയറാന്‍. നടപ്പുതന്നെ ശരണം. ഉച്ചയ്ക്ക് വീട്ടില്‍ വന്നു കയറിയ ഞങ്ങളെ കണ്ട് 
അമ്മച്ചിക്ക് അത്ഭുതം. വീട്ടില്‍ പറയാതെയാ വന്നതന്നൊന്നും പറയാന്‍ പോയില്ല. ഉച്ചയൂണ് കഴിഞ്ഞുപിന്നെ കസിന്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം കളിയായി. വൈകുന്നേരം തിരിച്ചു പോകാമെന്നായിരുന്നു വിചാരം.

അതിനിടയിലാണ് ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് അമ്മച്ചിയുടെ വിളി വരുന്നത്. എടാ അച്ചാച്ചന്‍ വന്നിട്ടുണ്ട്. നിങ്ങളെ കൂടെ പോകാന്‍ വിളിക്കുന്നു. ഞങ്ങളുടെ നെഞ്ചു കിടുങ്ങി. ദൈവമേ ... കള്ളത്തരമെല്ലാം പൊളിഞ്ഞു. ഇനി എത്ര അടികിട്ടുമെന്നു കണക്കുകൂട്ടിയാല്‍ മതി. ഏതായാലും കൂട്ടുകാരുടെ മുന്നില്‍ വച്ച് അടി വാങ്ങിക്കുന്നില്ല. ഞങ്ങള്‍ രണ്ടുപേരും അടുത്ത പറമ്പിലേക്ക് മുങ്ങി.

കുറെ നേരം കാത്തുനിന്ന ശേഷം അച്ചാച്ചന്‍ മാടപ്പള്ളിക്കു മടങ്ങി. എന്തോ ആവശ്യത്തിന് ചങ്ങനാശ്ശേരിക്ക് പോയ അച്ചാച്ചന്‍ ഭാര്യവീട്ടില്‍ കൂടി ഒന്നു കയറിപ്പോകാമെന്നു കരുതി വന്നതാണ് ഞങ്ങളുടെ പദ്ധതി പൊളിച്ചത്. ഏതായാലും  ഞങ്ങള്‍ അമ്മയുടെ  വീട്ടിലുണ്ടെന്നറിഞ്ഞു. കള്ളം പറഞ്ഞതിനും കുരുത്തക്കേടു കാണിച്ചതിനുമൊക്കെ അടിയും കിട്ടുമെന്നുറപ്പായി. എങ്കില്‍ ഇനി ഞായറാഴ്ച വൈകിട്ടു തിരിച്ചുപോയാല്‍ മതി എന്നു ചേട്ടനും അനുജനും കൂട്ടായ തീരുമാനമെടുത്തു. 

പിറ്റേന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ധൈര്യമെല്ലാം പമ്പ കടന്നു. അച്ചാച്ചന്‍ പുറത്തെങ്ങോ പോയിരിക്കുകയാണ്. അമ്മയുടെ വക ശകാരം കഴിഞ്ഞു. വൈകാതെ അച്ചാച്ചനെത്തി. ഒന്നും പറയുന്നില്ല. കുരിശുവര (സന്ധ്യാ പ്രാര്‍ത്ഥന) കഴിഞ്ഞതോടെ അച്ചാച്ചന്‍ തനി സ്വരൂപം പുറത്തെടുത്തു. ചൂരലൊക്കെ  നേരത്തെ തയ്യാറാക്കി വച്ചിട്ടുണ്ട്. ചേട്ടനെയാണ് ആദ്യം വിളിച്ചത്. ആ ശബ്ദം കേട്ടപ്പോഴേ ഞാന്‍ എടുത്തു ചാടി പുറത്തേക്ക് ഓടി. എന്തു ചെയ്യും. അഞ്ചാം ക്ലാസുകാരന്റെ ബുദ്ധിയല്ലേ. തൊട്ടടുത്ത പറമ്പിലാണ് അച്ചാച്ചന്റെ കസിന്‍ മാമച്ചായന്റെ വീട്.

ഇരുട്ടിലൂടെ ഓടി ഞാന്‍ മാമച്ചായന്റെ അടുക്കളയ്ക്കും കന്നുകാലിക്കുടിനും ഇടയില്‍ പാത്തു നിന്നു. ചേട്ടന്റെ ശിക്ഷ ഒരു അടിയില്‍ ഒതുങ്ങി. വീട്ടില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കുന്നില്ല. ഞാന്‍ പേടിച്ചു വിറച്ച് നില്‍ക്കുകയാണ്. അതിനിടയില്‍ ഒരു കൈ എന്റെ ചുമലില്‍ത്തന്നെ പിടുത്തമിട്ടു. മറ്റാരുമല്ല. അച്ചാച്ചന്‍ തന്നെ. അവിടെ വച്ചു തന്നെ ചൂരല്‍കൊണ്ട്  ഒരെണ്ണം കിട്ടി. വീട്ടില്‍ച്ചെന്നിട്ടായിരുന്നു ചൂരല്‍ വിരുന്ന്. കിട്ടാതെ പോയ വരാലുകളെക്കുറിച്ചും കിട്ടിയ ചൂരല്‍ക്കഷായത്തെക്കുറിച്ചുമോര്‍ത്ത് കരഞ്ഞുകരഞ്ഞ് രാത്രി എപ്പോഴോ ഞാന്‍ ഉറങ്ങി. സ്വപ്നങ്ങള്‍ തകര്‍ത്ത് ഒരു വരാല്‍ വേട്ട. 

Chef Bijeesh Thomas
ബിജീഷ്  തോമസ് 

ളരെ രുചിയുള്ള മീനാണ് വരാല്‍. തൃശ്ശൂര്‍ക്കാരുടെ ഇഷ്ടമീനാണ്. അവിടെ ബ്രാല്‍ എന്നാണ് വിളിക്കുന്നത്. കരിമീനിനേക്കാള്‍ വിലയാണ് അവിടെ ബ്രാലിന്. പൊരിച്ചുകൂട്ടാനാണ് ഏറെ നല്ലത്. പച്ചവരാലിന്റെ ദശ അരകല്ലില്‍ വച്ച് ഒന്നു ചതച്ചെടുത്താല്‍ കുറച്ച് മയം വരും. കുരുമുളകും മുളകുപൊടിയുമൊക്കെ ഇട്ട് വെളിച്ചെണ്ണയില്‍ വറക്കുന്ന വരാലിന്റെ രുചി ഇതെഴുതുമ്പോഴും എന്റെ നാവിന്‍തുമ്പിലുണ്ട്. വരാല്‍ പച്ചക്കുരുമുളകരച്ച് പുരട്ടി വറക്കുന്ന വരാല്‍ പെപ്പര്‍ ഫ്രൈ ആണ് ഇന്നത്തെ സ്പെഷ്യല്‍

വരാല്‍ പെപ്പര്‍ ഫ്രൈ 
ചേരുവകള്‍
വരാല്‍ വറക്കാന്‍ പാകത്തില്‍ മുറിച്ചത്  - 500 ഗ്രാം
വെളുത്തുള്ളി - 20 ഗ്രാം 
പച്ചക്കുരുമുളക് - 30 ഗ്രാം
നാരങ്ങാ നീര് - 10 മില്ലി
കറിവേപ്പില - രണ്ടു തണ്ട്
മഞ്ഞള്‍ - ഒരു ഗ്രാം 

തയ്യാറാക്കുന്ന വിധം
വെളുത്തുള്ളിയും പച്ചക്കുരുമുളകും  കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇതില്‍ നാരങ്ങാനീരും ചേര്‍ക്കുക. ഈ അരപ്പ് മീന്‍ കഷണങ്ങളില്‍ നന്നായി തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം വെളിച്ചെണ്ണയില്‍  ചെറു തീയില്‍ വറുത്ത് കോരുക.

പാചകവിധി- ബിജീഷ്  തോമസ് ( ഫ്രീ ലാന്‍സ് ഷെഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ് )

വര​: മനോജ്കുമാര്‍ തലയമ്പലത്ത് 

കൂടുതല്‍ മീന്‍ കഥകള്‍ വായിക്കാം 
പെട്രോമാക്‌സിന്റെ വെളിച്ചവും ചട്ടിയിലെ മീനുകളും 
വലയില്‍ കുടുങ്ങിയ ഗോളും തൊണ്ടയില്‍ തറച്ച മുളളും