ങ്ങള്‍ മാടപ്പള്ളിക്കാര്‍ക്ക് കരിമീനെന്നത് മീന്‍ കച്ചവടക്കാരി ചേച്ചിമാര്‍ അലൂമിനിയം ചട്ടിയില്‍ കൊണ്ട് തരുമ്പോള്‍ കിട്ടുന്ന അപൂര്‍വ വസ്തുവാണ്. കിട്ടാനുള്ള ബുദ്ധിമുട്ടും വിലക്കൂടുതലും കാരണം കുട്ടിക്കാലത്ത് കരിമീനിനെക്കുറിച്ചുള്ള ഓര്‍മകള്‍ അധികം ഇല്ല. കുട്ടനാട്ടുകാരി വല്യമ്മച്ചി (അമ്മയുടെ അമ്മ) പറഞ്ഞു കേട്ടിട്ടുള്ള കരിമീന്‍ കഥകള്‍ മാത്രമായിരുന്നു ആശ്വാസം. കരിമീന്‍ കിട്ടാത്തതിന്റെ പേരിലുള്ള ഞങ്ങളുടെ സങ്കടം മാറ്റിയിരുന്നത് പളളത്തിയെന്ന മീനാണ്. 

കാഴ്ചയില്‍ കരിമീനിന്റെ അനുജനെപ്പോലിരിക്കും പള്ളത്തി മീന്‍. വലിയ വലിപ്പമൊന്നുമില്ല. തേങ്ങ അരച്ചു പീരവയ്ക്കാനും പൊടിമീന്‍ പോലെ വറക്കാനും ഉഗ്രന്‍. ചെറുപ്പം മുതലേ നമ്മള്‍ ഇതിന്റെ ആരാധകനാണ്. മീന്‍പീരക്കൊതി ഒമ്പത് വര്‍ഷം മുമ്പ് ഒരു പിറന്നാള്‍ ദിനം മെഡിക്കല്‍ കോളേജിലെത്തിച്ചതിന്റെ ഓര്‍മകള്‍ ഇപ്പോഴും ഓരോ പിറന്നാള്‍ ദിനത്തിലും ഓര്‍മയിലെത്തും.

കോഴിക്കോട് സ്‌പോര്‍ട്‌സ് ഡസ്‌കില്‍ നിന്നും കോട്ടയം ഡസ്‌കിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയിട്ട് ആറേഴു മാസമേ ആയിട്ടുള്ളു. ഞാനാണെങ്കില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കട്ട ഫാനാണ്. സ്‌പോര്‍ട്‌സ് ഡസ്‌കില്‍ നിന്നു മാറിയെങ്കിലും ശനിയാഴ്ചയും ഞായറാഴ്ചയും എങ്ങനെയും സമയമുണ്ടാക്കി കളികാണും. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഇഷ്ട ടീം. എങ്കിലും ലിവര്‍പൂളിന്റെയും ചെല്‍സിയുടെയും ആഴ്‌സണലിന്റെയുമെല്ലാം മത്സരങ്ങള്‍ കാണും. 

അന്നൊരു ഞായറാഴ്ചയായിരുന്നു... എന്റെ പിറന്നാള്‍ ദിനം. അന്നു ഞാന്‍ കോട്ടയത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ജന്മദിനം പ്രമാണിച്ച് ശനിയാഴ്ചയും ഞായറാഴ്ചയും ഓഫും അവധിയുമാക്കി എടുത്തു. രണ്ടു ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കളി കാണാം എന്നൊരു ഗൂഡലക്ഷ്യവുമുണ്ട്. അവധിയല്ലേ, ശനിയാഴ്ച രാവിലെ തന്നെ ചന്തയില്‍ പോയി. ഭാഗ്യമോ നിര്‍ഭാഗ്യമോ അന്ന് കിട്ടിയത് പള്ളത്തി മീനാണ്. ഭാര്യ പീരക്കറി തന്നെ വയ്ക്കുകയും ചെയ്തു. 

ക്ലൈമാക്‌സ് ഉണ്ടായത് വൈകുന്നേരമാണ്. എട്ടുമണിക്ക് അന്ന് ലിവര്‍പൂളിന്റെ കളിയാണ്. വഴക്കു പിടിച്ചാണ് പിള്ളാരുടെ കയ്യില്‍ നിന്നും റിമോട്ട് സ്വന്തമാക്കിയത്. ഒമ്പതു മണിയായപ്പോഴേക്കും ഭാര്യയുടെ ഓര്‍ഡര്‍ വന്നു, ഭക്ഷണം കഴിക്ക്. ഞാനാകട്ടെ യാതൊരു മൈന്‍ഡുമില്ലാതെ കളി കാണുന്നതു തുടര്‍ന്നു. ഒരു ഗോളിന് പിന്നിട്ടു നിന്നിരുന്ന ലിവര്‍പൂള്‍ സമനില പിടിച്ചു നില്‍ക്കുകയാണ്. കളി തീരാന്‍ അധിക സമയമില്ല. 

ഭാര്യയുടെ നിര്‍ബന്ധം രോഷപ്രകടനമായപ്പോള്‍ ചോറും മീന്‍കറിയുമെടുത്ത് കഴിച്ചു കൊണ്ടായി കളി കാണല്‍. കളി തീരാന്‍ നിമിഷങ്ങളെ ഉള്ളൂ. ലിവര്‍ പൂളിന്റെ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെരാര്‍ഡ് പന്തുമായി മുന്നേറി വെള്ളിടി പോലൊരു ഷോട്ടിലൂടെ ഗോള് നേടി. ഗോളിന്റെ ആവേശത്തിനിടെ കഴിച്ചു കൊണ്ടിരുന്നു മീനിന്റെ മുള്ള് എന്റെ  തൊണ്ടയിലും കുടുങ്ങി. ഇനി എന്താ ചെയ്യുക. ചോറ് ഉരുള ഉരുട്ടി കഴിച്ചു നോക്കി. ഒരു രക്ഷയുമില്ല. ഭാര്യ റോബസ്റ്റാ പഴവുമായി വന്നു. അതു കഴിച്ചിട്ടും മുള്ള്  തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്ന ഫീലിങ് തന്നെ. ആശുപത്രിയില്‍ പോകുകയേ ഇനി രക്ഷയുള്ളു. 

Meen Kadhakal 5രാത്രി പത്തു മണിയാകാറായി. കുട്ടികള്‍ രണ്ടും ചെറുതാണ്. ഭാര്യയെയും കുട്ടികളെയും തനിച്ചാക്കി സ്‌കൂട്ടറുമെടുത്ത് നാഗമ്പടം എസ്.എച്ച്. മെഡിക്കല്‍ സെന്ററിലേക്ക് വിട്ടു. കാഷ്വാലിറ്റിയില്‍ ഒരു ലേഡി ഡോക്ടറാണ്. ഡോക്ടറും സഹായികളായ മെയില്‍ നേഴ്‌സുമാരുമെല്ലാം വിശദമായി നോക്കിയിട്ടും തൊണ്ടയില്‍ ഒന്നും കാണാനില്ല. മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ ഡോക്ടര്‍ ഉപദേശിച്ചു. രാത്രിയില്‍ എങ്ങും പോകില്ലെന്ന് ഞാനും. 

മുള്ള് തൊണ്ടയിലിരുന്ന് ഇന്‍ഫക്ഷനാകും അതിനാല്‍ നിര്‍ബന്ധമായും പോകണമെന്ന് ഡോക്ടറുടെ സ്‌നേഹപൂര്‍ണമായ ഉപദേശം. രാത്രി പത്തര കഴിഞ്ഞു. ഇനി ഒറ്റയ്ക്ക് എങ്ങനെ മെഡിക്കല്‍ കോളേജില്‍ പോകാനാണ്. അപ്പോഴാണ് ബുദ്ധി ഉദിച്ചത്. ഓഫീസിലേക്ക് പോയാലോ. അവിടെ നിന്നും കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചുകൊണ്ട് ആശുപത്രിയില്‍ പോകാം. ഓഫീസില്‍ ചെന്ന് ന്യൂസ് എഡിറ്റര്‍ രാജഗോപാലേട്ടനോട് (ടി.കെ. രാജഗോപാല്‍) വിവരം പറഞ്ഞു. 

നെടുമുടി രാജേഷ് (ബി. രാജേഷ്‌കുമാര്‍) അപ്പോഴേക്കും ഇടുക്കി ഷിഫ്റ്റ് കഴിഞ്ഞ് ഫ്രീ ആയിരുന്നു. മെഡിക്കല്‍ കോളേജിനടുത്താണ് താമസവും. ഞങ്ങള്‍ രണ്ടു പേരും കൂടി രാജേഷിന്റെ ബൈക്കില്‍ യാത്രയായി. അതിനിടെ മെഡിക്കല്‍ കോളേജ് ലേഖകന്‍ ദയാലിനെ (എസ്. ദയാല്‍) വിളിച്ച് വിവരം പറയുകയും ചെയ്തു. മെഡിക്കല്‍ കോളേജിലെത്തുമ്പോഴേക്കും ദയാല്‍ നേരത്തെ തന്നെ അവിടെ ഹാജര്‍. 

ഞങ്ങളെയും കൂട്ടി നേരെ ഡോക്ടറുടെ അടുത്തേക്ക്. അദ്ദേഹം പരിശോധിച്ചിട്ട് ഒന്നും കാണുന്നില്ല. എക്‌സ് റേ എടുക്കാന്‍ നിര്‍ദ്ദേശം. എക്‌സ് റേ എടുക്കുന്നിടത്ത് നല്ല തിരക്ക്. അപകടവും മറ്റും പറ്റി രാത്രി നമ്മളേക്കാള്‍ വിഷമിച്ചു നില്‍ക്കുന്ന ധാരാളം പേര്‍. അതിനിടയില്‍ എന്റെ തൊണ്ടയിലെ മുള്ള് അത്ര കാര്യമല്ലല്ലോ. പുറത്തു പോയി എക്‌സ്‌റേ എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പാതിരാത്രി മെഡിക്കല്‍ കോളേജിന് പുറത്തുള്ള സ്ഥാപനത്തില്‍ നിന്നും എക്‌സ് റേ എടുത്തു. ഇനി അത് കിട്ടാനായുള്ള കാത്തരിപ്പ്. 

എക്‌സ് റേ കിട്ടിക്കഴിഞ്ഞപ്പോള്‍ മൂന്നു പേരും കൂടി അത് ചികഞ്ഞു പരിശോധിച്ചു. എവിടെയാ മുള്ള് തടഞ്ഞിരിക്കുന്നത്. ഒന്നും കാണുന്നില്ല. അതിനിടയ്ക്ക് വെള്ള പാടു പോലെ എന്തോ ഒന്ന് എക്‌സ് റേയില്‍ കണ്ടു. ഞങ്ങള്‍ ഉറപ്പിച്ചു. ഇതു തന്നെ മുള്ള്. വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. അദ്ദേഹം എക്‌സ് റേ നോക്കിയിട്ട് പറഞ്ഞു. മുള്ളൊന്നും കാണുന്നില്ല. ഒരു കാര്യം ചെയ്യ്. തല്‍കാലം ഇവിടെ അഡ്മിറ്റ് ചെയ്യാം. ബാക്കി നാളെ രാവിലെ നോക്കാം. 

ദൈവമേ... നാളെ പിറന്നാളാണ്. എല്ലാം കൊളമായി. ഇനി എന്തു ചെയ്യും. നേഴ്‌സ് വന്ന് ഇന്‍ജക്ഷനും ഗുളികകളുമൊക്കെ തന്നു. അതിനിടെ കോട്ടയം ഡസ്‌കില്‍ നിന്നും കൂട്ടുകാരെല്ലാം എത്തി. രാജേഷ് കൂടെ നില്‍ക്കാമെന്നു പറഞ്ഞെങ്കിലും രാവിലെ വന്നാല്‍ മതിയെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് അവനെ യാത്രയാക്കി. അതിനു പിന്നാലെ മറ്റു കൂട്ടുകാരും മടങ്ങി. 

Meen Kadhakal 5പിറന്നാള്‍ ദിനം ആശുപത്രിയിലായതിന്റെ അസ്വസ്ഥതയില്‍ രാവിലെ എഴുന്നേറ്റിരിക്കുമ്പോഴാണ് അത്ഭുതം. മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആയ കസിന്‍ പ്രിയ വാര്‍ഡിലൂടെ പോകുന്നു. എന്നെ കണ്ടതും അവള്‍ ഓടി വന്നു. വിവരങ്ങള്‍ തിരക്കിയ ശേഷം അവള്‍ ഡോക്ടറെ കാണാനായി പോയി. അച്ചാച്ചാ ഇനി തൊറാസിക് സര്‍ജനെക്കൊണ്ട് നോക്കണമെന്നാ ഡോക്ടര്‍ പറഞ്ഞത്. 

ഒരു മുള്ള് പറ്റിച്ച പണിയേ. ഏതായാലും ഒരു തീരുമാനമെടുത്തു. രാജേഷ് വരുമ്പോള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടില്‍ പോകണം. ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം. വൈകാതെ ചായയുമൊക്കെയായി രാജേഷ് എത്തി. അവനോട് കാര്യം പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും കൂടി ഡോക്ടറെ പോയി കണ്ടു. സ്വയം പോകുന്നുവെന്ന് എഴുതി വയ്ക്കാമെങ്കില്‍ വിടാമെന്ന് ഡോക്ടര്‍. രാജേഷെന്ന സാക്ഷിയുടെയും കൂടി ബലത്തില്‍ ഡിസ്ചാര്‍ജ് കിട്ടി. 

എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുകയാണെങ്കില്‍ നേരെ ഇങ്ങുവന്നേക്കണമെന്ന് നിര്‍ദ്ദേശവും തന്നാണ് അദ്ദേഹം യാത്രയാക്കിയത്. ഇതിനിടെ ദയാലും വന്നു. തിങ്കളാഴ്ച നമുക്ക് തൊറാസിക് സര്‍ജനെ കാണാമെന്ന് ദയാലും. രാജേഷിന്റെ ബൈക്കില്‍ വീട്ടിലേക്ക്. പിറന്നാള്‍ തലേന്ന് രാത്രി മുഴുവന്‍ മെഡിക്കല്‍ കോളേജില്‍ ചിലവഴിച്ച അനുഭവവുമായി. ഏതായാലും വൈകുന്നേരം പായസം വച്ചും കേക്കു മുറിച്ചുമൊക്കെ ഭാര്യ പിറന്നാള്‍ ഗംഭീരമാക്കി. 

മുള്ളിന്റെ കേസുമായി പിന്നെ ആരുടെയടുത്തും പോയില്ല. തിങ്കളാഴ്ചയായതോടെ വേദന കുറഞ്ഞു. മുള്ള് തൊയില്‍ കുടുങ്ങിയെങ്കിലും പഴമോ ചോറുരളയോ കഴിച്ചപ്പോള്‍ ഇറങ്ങിപ്പോയതായിരിക്കും എന്നാണ് എന്റെ വിശ്വാസം. മുള്ള് കൊണ്ട് തൊണ്ട മുറിഞ്ഞതായിരിക്കാം അവിടെ തടഞ്ഞിരിക്കുന്നതായി എനിക്ക് തോന്നിയത്. ഏതായാലും മറക്കാത്ത ഒരു പിറന്നാള്‍ ദിനമാണ് പള്ളത്തി പീരക്കറി എനിക്ക് സമ്മാനിച്ചത്. 

നമുക്കിനി പള്ളത്തി പീരക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം 

Chef Bijeesh Thomas
ബിജീഷ് തോമസ്

പള്ളത്തി പീരക്കറി
ചേരുവകള്‍
പള്ളത്തി - അരക്കിലോ
ചെറിയ ഉള്ളി - 50ഗ്രാം
പച്ചമുളക് - 5 എണ്ണം
വെളുത്തുള്ളി - 20  ഗ്രാം
മഞ്ഞള്‍പ്പൊടി - മൂന്ന് ഗ്രാം
തേങ്ങ ചിരണ്ടിയത് - ഒരു മുറി
ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം
ഇത്രയും സാധനങ്ങള്‍ മിക്‌സിയില്‍ ചതച്ച് വയ്ക്കുക. ഇതും മീനുമായി മിക്‌സ് ചെയ്ത് പത്തു മിനിറ്റു വയ്ക്കുക. ഇതില് 20 ഗ്രാം കുടംപുളിയും ചേര്‍ക്കുക (കുടംപുളി ഇല്ലെങ്കില്‍ ഒരു പച്ചമാങ്ങയോ എഴുപതു ഗ്രാം ഇലുമ്പന്‍ പുളിയോ ആയാലും മതി). 

ഒരു മണ്‍ചട്ടിയില്‍ 10- 20 മില്ലി വെളിച്ചെണ്ണ എടുത്ത് ഇതില്‍ ഒരു തണ്ട് കറിവേപ്പിലയും പൊടിയായി അരിഞ്ഞ 5 ഗ്രാം ഇഞ്ചിയും ഇട്ട് മൂപ്പിക്കുക. തുടര്‍ന്ന് അരപ്പും മീനും കൂടി ഇതിലേക്ക് ഇട്ട് ചെറുതീയില്‍ അഞ്ച് മിനിട്ട് വേവിക്കുക. 

(പാചക വിധിക്കു കടപ്പാട് - ബിജീഷ് തോമസ്, ഫ്രീ ലാന്‍സ് ഷെഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്) 

വര: ഗിരീഷ് കുമാര്‍  

കൂടുതല്‍ മീന്‍ കഥകള്‍ വായിക്കാം 
മുശിയെ പിടിക്കാന്‍ പോയ പോക്കും, പട്ടി തന്ന എട്ടിന്റ പണിയും 
വാള പൊട്ടിച്ച വലയും കുടം പുളിയിട്ടു വച്ച കറിയും