കുറുമ്പനാടത്തുള്ള അമ്മവീട്ടില്‍ നിന്നുള്ള എല്‍.പി. സ്‌കൂള്‍ പഠനത്തിനു ശേഷം മാടപ്പള്ളിയിലെ അച്ചാച്ചന്റെ വീട്ടിലേക്ക് മാറിയ സമയം. 1980-ലാണ്, അഞ്ചാം ക്ലാസിലേക്കു കയറിയിട്ടേയുള്ളൂ. ക്ലാസ് തുടങ്ങി അധിക ദിവസമായിട്ടില്ല. ആഘോഷമായി മഴക്കാലം തുടങ്ങിക്കഴിഞ്ഞു. മഴയുള്ള ഒരു വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതാണ്. കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മച്ചി (അച്ചാച്ചന്റെ അമ്മ) പറഞ്ഞു, "എടാ ഇന്ന് നിന്റെ അച്ചാച്ചനൊക്കെ ഊത്ത പിടിക്കാന്‍ പോകുന്നുണ്ട്." 

'എന്ത് ഊത്ത?' എനിക്കൊന്നും മനസ്സിലായില്ല. അമ്മച്ചി വിശദീകരിച്ചു, 'ഊത്ത പിടുത്തമെന്നാല്‍ മഴക്കാലത്തെ മീന്‍ പിടുത്തം.' ഞങ്ങളുടെ നാട്ടിലെ പ്രമുഖ തോടുകളായ ചേന്നമറ്റം തോട്ടിലും പെരുമ്പനച്ചി തോട്ടിലും കുന്നന്താനം തോട്ടിലുമൊക്കെ മഴക്കാലത്ത് മുട്ടയിടാനായി മീന്‍ കൂട്ടത്തോടെ കയറിവരും. ആ കാലത്ത് തോടുകളില്‍ ഊത്തയുടെ പെരുന്നാളാണ്.

ഒത്തു കിട്ടിയാന്‍ ഇഷ്ടം പോലെ മീന്‍ കിട്ടും. കുറുമ്പനാടത്ത് ചേട്ടനും കൂട്ടുകാര്‍ക്കുമൊപ്പം തോട്ടില്‍ തോര്‍ത്തു വിരിച്ച് വാഴയ്ക്കാ പരലിനെയും കല്ലട മുട്ടിയെയും ഒക്കെ പിടിച്ചതല്ലാതെ കറിവയ്ക്കാന്‍ പറ്റുന്ന മീനെയൊന്നും അന്നുവരെ ഞാന്‍ പിടിച്ചിട്ടില്ല. ഈര്‍ക്കില്‍ കാണിച്ച് ഞണ്ടിനെപ്പിടിക്കുന്നതും മറ്റൊരു ഓര്‍മ. 

മാടപ്പള്ളിയില്‍ വീടിന്റെ ചായ്പില്‍ ഒറ്റാലും ചെറിയ വീശുവലയുമൊക്കെ ഇരിക്കുന്നതു കണ്ടിട്ടുണ്ടെങ്കിലും കൂട്ടുചേര്‍ന്നുള്ള മീന്‍പിടുത്തമൊന്നും എന്റെ ചെറിയ ബുദ്ധിയില്‍ ഉദിച്ചിരുന്നില്ല. 

Food Storyഞങ്ങള്‍ കുടുംബ വീട്ടിലാണ് താമസം. അന്ന് അച്ചാച്ചന്‍ കടയില്‍ നിന്നും നേരത്തെയെത്തി. വൈകാതെ ഉപ്പാപ്പന്മാര്‍ (അച്ചാച്ചന്റെ അനുജന്മാരും കസിന്‍സും) അവരവരുടെ വീടുകളില്‍ നിന്നുമെത്തി. അച്ചാച്ചന്റെ അനുജന്‍ ജോപ്പച്ചന്റെ കൈയില്‍ ഒരു പെട്രോമാക്സുണ്ട്. വൈദ്യുതിയെത്തിയിട്ടില്ലാത്ത അക്കാലത്ത് കല്യാണത്തിനും പള്ളിപ്പെരുന്നാളിനും ഉത്സവത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും പെട്രോമാക്സ് എന്ന വലിയ ചില്ലുവിളക്കാണ് ആശ്രയം. 

രാത്രി മീന്‍പിടിക്കാന്‍ വെട്ടം വേണമെങ്കില്‍ പെട്രോമാക്സ് വേണം. ഇതുകൂടാതെ എവര്‍റെഡിയുടെ മൂന്നു ബാറ്ററി ഇടുന്ന നീളന്‍ ടോര്‍ച്ചുകളും അവരുടെ കൈവശമുണ്ട്. ഉപ്പാപ്പന്മാര്‍ എല്ലാവരും കൂടെ പെട്രോമാക്സ് കത്തിക്കാനുള്ള ശ്രമമായി. 

പള്ളിപ്പെരുന്നാളിനും കല്യാണ വീടുകളിലുമൊക്കെ അത്ഭുതത്തോടെ കണ്ടു നിന്നിട്ടുള്ള പെട്രോമാക്സ് അടുത്തു കണ്ടതിന്റെ സന്തോഷത്തിലാണ് ഞാന്‍. പെട്രോമാക്സില്‍ മണ്ണെണ്ണ ഒഴിക്കുകയാണ് ജോപ്പച്ചന്‍, മാന്റില്‍ മാറ്റുകയാണ് ആന്റണിച്ചായന്‍, വേറൊരു ഉപ്പാപ്പന്‍ മാമച്ചായന്‍ അതിന് കാറ്റടിക്കുന്നു. മൂന്നു തവണ വശം കെടുത്തിയ ശേഷം പെട്രോമാക്സ് കത്തി. ഉപ്പാപ്പന്മാരുടെ മുഖത്ത് പകുതി യുദ്ധം ജയിച്ച സന്തോഷം. 

പെട്രോമാക്സിന്റെ വെള്ളിവെളിച്ചത്തില്‍ എന്റെയും ചേട്ടന്റെയും മുഖവും തെളിഞ്ഞു. പെട്രോമാക്സ് കത്തിച്ചതിനു തൊട്ടുപിന്നാലെ ഊത്ത പിടിക്കാനുള്ള മറ്റ് ഉപകരണങ്ങളും സജ്ജമായി. വീശു വല, ഒറ്റാല്‍, വെട്ടുകത്തി എല്ലാം ഓരോരുത്തരുടെ കൈകളിലായി. ഇനി ദൗത്യത്തിനായി ഇറങ്ങുകയാണ്. "ഒത്തിരി മീന്‍ കിട്ടുമോ ജോപ്പച്ചാ?" ഉപ്പാപ്പന്മാരിലെ ഏറ്റവും സഹൃദയന്‍ ജോപ്പച്ചനാണ്. ആ ഒരു സ്വാതന്ത്ര്യമെടുത്തുകൊണ്ടാണ് എന്റെ ചോദ്യം. പട്ടാളക്കാരനായിരുന്ന അച്ചാച്ചനോട് അത്രയും സ്വാതന്ത്ര്യത്തില്‍ ചോദിക്കാന്‍ പേടിയാണ്. 

Food Story"നീ നോക്കിക്കോടാ ഒരു ചെമ്പേട്ടി (വലിയ അലൂമിനിയം ചട്ടി) നിറയെ മീനുമായി ഞങ്ങള്‍ വരും. നിനക്ക് ഇഷ്ടം പോലെ മീന്‍ തിന്നാം. ഒത്താ നല്ല കുറുവാ പരലിനെ തന്നെ കൊണ്ടുതരാം. നിന്റെ അമ്മയോട് വറുത്തു തരാന്‍ പറഞ്ഞാല്‍ മതി," ആത്മവിശ്വാസത്തോടെയുള്ള ജോപ്പച്ചന്റ മറുപടി. അമ്മച്ചിയോട് യാത്ര പറഞ്ഞ് അച്ചാച്ചനും ഉപ്പാപ്പന്മാരും സീണിലെ ആദ്യ ഊത്ത പിടുത്തത്തിനായി ഇറങ്ങി. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ഉച്ചത്തിലുള്ള സംസാരവും ചിരികളുമായി അവര്‍ യാത്രയാകുന്നത് വിടര്‍ന്ന കണ്ണുകളോടെ ആ അഞ്ചാം ക്ലാസുകാരന്‍ നോക്കി നിന്നു. 

അവര്‍ പോയിക്കഴിഞ്ഞിട്ടും എന്റെ സംശയം മാറുന്നില്ല. "മീന്‍ കിട്ടുമോ അമ്മച്ചീ?" "നീ പോയിക്കിടന്നുറങ്ങെടാ, ഒമ്പതുമണിയാകാറായി." വൈദ്യുതിയില്ലാത്ത അക്കാലത്തെ ഒമ്പതുമണി ഞങ്ങള്‍ കുട്ടികള്‍ക്ക് പാതിരാത്രിയാണ്. അമ്മച്ചിയുടെ മറുപടി ശകാരത്തിലൊതുങ്ങി. അച്ചാച്ചനും ഉപ്പാപ്പന്‍മാരും കൊണ്ടുവരാന്‍ പോകുന്ന മീനുകളെക്കുറിച്ചോര്‍ത്ത് എനിക്ക് ഉറക്കം വരുന്നില്ല. എന്തൊക്കെ മീന്‍ കിട്ടുമായിരിക്കും. ചിന്തിച്ച് ചിന്തിച്ച് കിടന്ന് വൈകിയാണ് ഞാന്‍ ഉറങ്ങിയത്. 

രാവിലെ എഴുന്നേറ്റപ്പോള്‍ നേരം വൈകി. ഒറ്റ ഓട്ടമായിരുന്നു അമ്മച്ചിയുടെ അടുത്തേക്ക്. "അമ്മച്ചീ മീന്‍ കിട്ടിയോ? അവരെല്ലാം എന്തിയേ?" 

"നീ അടുക്കളയില്‍ പോയി നോക്കെടാ." രാവിലെ കട്ടിലിലിരുന്ന് ബൈബിള്‍ വായിക്കുകയാണ് അമ്മച്ചി. വായന തടസപ്പെടുത്തിയതില്‍ അമ്മച്ചിക്കു ദേഷ്യം. വെറുതെ ഇരിക്കുമ്പോഴെല്ലാം അമ്മച്ചി കട്ടിലിലിരുന്ന് ബൈബിളോ മറ്റു പ്രാര്‍ത്ഥനാ പുസ്തകങ്ങളോ വായിക്കുകയായിരിക്കും. എന്റെ അമ്മയുടെ ആങ്ങളയുടെ മകന്‍ അവധിക്ക് വീട്ടില്‍ വന്നപ്പോള്‍ ഇത് കണ്ട്  അന്തം വിട്ട് "ഇതെന്നാ മാടപ്പള്ളിയിലെ അമ്മച്ചി പരീക്ഷയ്ക്ക് പഠിക്കുകയാണോ," എന്ന് ചോദിച്ചതൊക്കെ ഇപ്പോഴും മറക്കാത്ത രസമുള്ള ഓര്‍മകള്‍. 

Food Storyഅമ്മച്ചിയുടെ ദേഷ്യം കണ്ട്  എനിക്ക് ആശങ്കയായി. ഇനി മീനൊന്നും കിട്ടിയില്ലേ. അടുക്കളയില്‍ അമ്മ രാവിലെ കാപ്പി ഇടാനുള്ള തിരക്കിലാണ്. ചിലപ്പോ അമ്മയും ദേഷ്യപ്പെടും. ഏതായാലും അതുണ്ടായില്ല. "നീ മുറ്റത്ത് ചെന്നു നോക്ക് അവിടെ ചട്ടിയിലുണ്ട്  മീനുകള്‍." വെളിയിലിറങ്ങി നോക്കിയപ്പോള്‍ ഒരു വലിയ കറിച്ചട്ടി ഇരിക്കുന്നു. ഒരു ചട്ടിയില്‍ ജീവനുള്ള മീനുകള്‍ പിടയ്ക്കുന്നു. മറ്റേ ചട്ടിയില്‍ ഏഴോ എട്ടോ ജീവനില്ലാത്ത മീനുകള്‍ കിടപ്പുണ്ട്. വാലില്‍ പുള്ളിയും ചെതുമ്പലുമൊക്കെയായി നല്ല സുന്ദരക്കുട്ടപ്പന്മാര്‍. 

"ഇതെന്തൊക്കെ മീനാ," അപ്പോഴേക്കും അമ്മച്ചി വായന കഴിഞ്ഞ് ഇറങ്ങി വന്നിരുന്നു. "എടാ ഇങ്ങു വാ. ഈ ജീവനുള്ളത് വരാലും മുശിയും കാരിയുമൊക്കെയാണ്.  അതൊന്നും അത്ര പെട്ടെന്ന് ചാകില്ല. മറ്റേ ചട്ടിയിലുള്ളതാണ് കുറുവാ പരലുകള്‍". ജോപ്പച്ചന്‍ വാക്കു പാലിച്ചു. ചട്ടിയിലെ സുന്ദരന്മാരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു. അതിനിടിയിലും എനിക്ക് സംശയം. "അതെന്നാ അമ്മച്ചി ചെമ്പേട്ടി നിറയെ മീന്‍ കൊണ്ടുവരുമെന്നു പറഞ്ഞിട്ട് ഇത് രണ്ടു ചട്ടിയല്ലേ ഉള്ളൂ," മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു. 

"എടാ മണ്ടാ... നിന്റെ അച്ചാച്ചനടക്കം അഞ്ചു പേരല്ലേ മീന്‍ പിടിക്കാന്‍ പോയത്. മീനൊക്കെ ഒത്തിരി കിട്ടി. മീന്‍ അഞ്ചായി ഭാഗിച്ചതിന്റെ ഒരു വീതമാണിത്. മനസ്സിലായോ," ഞാന്‍ തലയാട്ടി. "അവരൊക്കെ എപ്പഴാ അമ്മച്ചീ വന്നത്." "വെളുപ്പിനെ അഞ്ചു മണിയായിക്കാണും," അമ്മച്ചിയുടെ മറുപടി. എനിക്ക് സന്തോഷമായി. ഇനി കുറുവാ പരല് ഉച്ചയ്ക്കു വറുത്തു ചോറിനൊപ്പം തിന്നാം. അതിന് അമ്മയെ ചട്ടം കെട്ടണം. അമ്മ ഏതായാലും സമ്മതിച്ചു. പൊരിച്ച കുറുവാ കൂട്ടിത്തന്നെ ശനിയാഴ്ചത്തെ ഊണ് ഗംഭീരമാക്കി. 

കുറുവ പൊരിച്ചത്
വലിയ ഇനം പരലാണ് കുറുവാ പരല്‍. മുളകും കുരുമുളകും അരച്ച്  വറുക്കാനാണ് ഏറെ നല്ലത്. മുള്ളുണ്ടെന്ന ഒരു കുഴപ്പമേ ഉള്ളൂ. പച്ച കുറുവ വറുത്തു തിന്നുന്നതിന്റെ രുചി അനുഭവിച്ചു തന്നെ അറിയണം.

Chef Bijeesh Thomas
ബിജീഷ് തോമസ് 

ചേരുവകള്‍ 
കുറുവ മീന്‍ - അര കിലോ 
മുളകു പൊടി10 ഗ്രാം    
കുരുമുളക് പൊടി10 ഗ്രാം 
മഞ്ഞള്‍പ്പൊടിരണ്ട് ഗ്രാം 
നാരങ്ങാനീര് പാകത്തിന് 
ഉപ്പ് - പാകത്തിന് 
കറിവേപ്പിലഒരു തണ്ട് ചെറുതായി അരിഞ്ഞത് 
വെളിച്ചെണ്ണമീന്‍ പൊരിക്കാന്‍ ആവശ്യത്തിന് 

പാചകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കുറുവാ മീനിന്റെ വശങ്ങളില്‍ കത്തി കൊണ്ട് ഒന്നോ രണ്ടോ വരയുക. മുളകുപൊടി, കുരമുളകു പൊടി, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ പാകത്തിന് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് കുഴമ്പു പരുവത്തില്‍ അരച്ചെടുക്കുക. വരഞ്ഞു വച്ചിരിക്കുന്ന മീനില്‍ ഈ കൂട്ട് തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ മാറ്റി വയ്ക്കുക. അരപ്പ് മീനില്‍ പിടിച്ച ശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. 

പാചക വിധി - ബിജീഷ് തോമസ് (ഫ്രീലാന്‍സ് ഷെഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്. മുംബൈ താജ്, ഐ.ടി.സി. തുടങ്ങിയ ഹോട്ടലുകളില്‍ ഷെഫ് ആയിരുന്നു) 

വര: മനോജ്കുമാര്‍ തലയമ്പലത്ത്‌

കൂടുതല്‍ മീന്‍ കഥകള്‍ വായിക്കാം 
ഒറ്റാല്‍ തള്ളി മറിച്ചിട്ട 'പെരുമ്പാമ്പ്' 
മുശിയെ പിടിക്കാന്‍ പോയ പോക്കും, പട്ടി തന്ന എട്ടിന്റെ പണിയും!