ത്ത പിടിത്തക്കാരുടെ എന്നത്തെയും പേടിസ്വപ്നമാണ് പാമ്പുകള്‍. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുടെ ഇടപെടല്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന കരുതലോടെ ആയിരിക്കും ഓരോ ചുവടുകളും. പെട്രോമാക്‌സുകളുടെയും ടോര്‍ച്ചുകളുടെയും ഒക്കെ വെളിച്ചം ഒരു ധൈര്യമാണെങ്കിലും അപകടം ഏതു നേരത്തും സംഭവിക്കാം. ചിലര്‍ക്കെങ്കിലും പാമ്പുകടിയേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇന്നത്തെ കഥയിലെ (അല്ല സംഭവത്തിലെ) നായകന്‍ ഒരു പാമ്പാണ്. വിഷമുള്ള മൂര്‍ഖനും അണലിയുമൊന്നുമല്ല വെള്ളത്തില്‍ കാണുന്ന പുളവന്‍ എന്നു വിളിക്കുന്ന വിഷമില്ലാത്ത ഉപദ്രവകാരിയല്ലാത്ത പാവമൊരു പാമ്പ്. വെള്ളത്തില്‍ പുളഞ്ഞു പുളഞ്ഞു സഞ്ചരിക്കുന്നതു കൊണ്ടാകാം ഇവനെ പുളവനെന്നു വിളിക്കുന്നത്. നീര്‍ക്കോലി എന്നും ഇതിനു വിളിപ്പേരുണ്ട്. 

നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങി എന്നൊരു ചൊല്ലു തന്നെയുണ്ട്. അതായത് നീര്‍ക്കോലി കടിച്ചാല്‍ അത്താഴം (രാത്രിയിലത്തെ ഭക്ഷണം) ഒഴിവാക്കിയാല്‍ വലിയ കുഴപ്പമില്ലാതെ രക്ഷപ്പെടാം എന്നതാണ് സാരം. നിരുപദ്രവകാരി ആണെങ്കിലും ഊത്ത പിടിത്തക്കാര്‍ക്ക് പുളവന്‍ ഒരു  ശല്യക്കാരന്‍ തന്നെയാണ്. 

മീന്‍ പിടിക്കാന്‍  രാത്രിയില്‍ വെള്ളത്തിലിറങ്ങുമ്പോള്‍ രണ്ടു തരത്തിലാണ് ഇവനെക്കൊണ്ട് ശല്യം. ചിലപ്പോള്‍ മീന്‍ പിടിക്കുന്നതിനിടെ ഇവന്റെ കടികിട്ടാം. മറ്റൊന്ന് നമ്മള്‍ പിടിക്കാന്‍ നില്‍ക്കുന്ന ചെറു മീനുകളെ മുന്നില്‍ കയറി നിന്ന് ഇവന്‍ ശാപ്പിടും. ഇത്തരമൊരു അനുഭവത്തിലാണ് കണ്ണീരോര്‍മയായി ഒരു പുളവനുള്ളത്. 

Meen Kadhakal 8

ബന്ധുക്കാരന്‍ അച്ചായനുമായുള്ള മീന്‍ പിടിത്തം വിജയകരമായി മുന്നേറുന്ന കാലം. കാരിയുടെ കുത്തൊക്കെ കിട്ടി ചേട്ടന്‍ ഊത്ത പിടിത്തത്തില്‍ മുന്നേറിക്കഴിഞ്ഞു. കാരിയുടെ കുത്തുകിട്ടിയ അന്നത്തെ സംഭവത്തിന് ചേട്ടനും അനുജനും അമ്മയുടെ കയ്യില്‍ നിന്ന് പൊതിരെ അടി കിട്ടി. എങ്കിലും പതിവുപോലെ അമ്മയെ വെട്ടിച്ചുള്ള രാത്രികാല മീന്‍ പിടിത്തം ഞങ്ങള്‍ തുടര്‍ന്നു.

ചേട്ടന്‍ മീന്‍പിടിത്തത്തില്‍ ഉസ്താദായെങ്കിലും ഞാന്‍ അപ്പോഴും അപ്രന്റീസിന്റെ റോളിലാണ്. മഴക്കാലത്തെ ഒരു രാത്രിയില്‍ ഞങ്ങള്‍ മൂന്നുപേരും അടുത്ത ദൗത്യവുമായി പുറപ്പെട്ടു. പുതുമഴ ആയതിനാല്‍ ഊത്തയുടെ നല്ല കയറ്റമുണ്ട്. പങ്കിപ്പുറം കഴിഞ്ഞ് നടയ്ക്കപ്പാടം കണ്ടത്തിലെ ഇടത്തോട്ടിലെത്തിയപ്പോഴേ ബന്ധുക്കാരന്‍ അച്ചായന്‍ സിഗ്നല്‍ തന്നു. 

ഇവിടെ നിന്നും തുടങ്ങാം. ഇഷ്ടം പോലെ മീനുണ്ടിവിടെ. വലയുമായി ഇടത്തോട്ടില്‍ അച്ചായന്‍ നിന്നു. കുറുവാപ്പരല്‍ ഉള്‍പ്പെടെ പലതരം പരലുകള്‍ കൂട്ടത്തോടെ വലയില്‍ വന്നു കേറുന്നുണ്ട്. ചേട്ടനാണ് പെട്രോമാക്‌സ് പിടിച്ചിരിക്കുന്നത്. എന്റെ കയ്യില്‍ ചാക്കും. "എടാ പെട്രോമാക്‌സ് കുറച്ചുകൂടി നീക്കി പിടിയെടാ. എന്നാലല്ലേ എനിക്ക് വെളിച്ചം കിട്ടൂ," മീനിനെ കിട്ടുന്ന ആവേശത്തില്‍ അച്ചായന്‍ അലറുന്നുണ്ട്. 

വലയില്‍ കുറച്ചു മീന്‍ കുരുങ്ങിയാലുടന്‍ അച്ചായന്‍ കരയ്ക്കു കയറും.' നിന്ന് ഉറക്കം തൂങ്ങാതെ വേഗം ചാക്കു തുറക്കെടാ' പകുതി ഉറക്കത്തില്‍ നിന്നിരുന്ന എന്നോടാണ്. ഇതിനിടയില്‍ ഞാനെപ്പഴോ മയങ്ങിപ്പോയിരുന്നു. ചാക്കില്‍ മീന്‍ ഇടുന്നതിനിടെയാണ് ചേട്ടന്‍ സന്തോഷം കൊണ്ട് വിളിച്ചു കൂവുന്നത്. ദേ ഇവിടെ ഒത്തിരി മീന്‍ ഇങ്ങോട്ടുവാ... 

Meen Kadhakal 8

അച്ചായനും പുറകെ ഞാനും ചേട്ടന്‍ നില്‍ക്കുന്നിടത്തേക്ക് ഓടി. "എടാ ഇത് ചില്ലാന്‍ കൂരിയാണ്. അവന്മാരിങ്ങനെ കൂട്ടത്തോടെ സഞ്ചരിക്കുന്നത്," പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ കണ്ട് ഞാന്‍ വാ പൊളിച്ച് നിന്നു പോയി. കൂരി വര്‍ഗത്തില്‍പ്പെടുന്ന മൂന്നു ഇഞ്ചു മുതല്‍ അഞ്ചു ഇഞ്ചു വരെ വലുപ്പമുള്ള മീനാണ് ചില്ലാന്‍ കൂരി. ഇതിന് മുള്ളുമുണ്ട്. മുള്ള് കയ്യില്‍ കൊണ്ടാല്‍ പഴുക്കും. 

കോളടിച്ചെടാ എന്നു പറഞ്ഞ് അച്ചായന്‍ വലയുമായി തോട്ടിലേക്കിറങ്ങി മീന്‍ പിടിത്തം തുടങ്ങി. ആദ്യത്തെ വീശിനു തന്നെ കുറെയധികം മീനിനെ കിട്ടി. ഇതിനിടയിലാണ് ചേട്ടന്‍ വിളിച്ചു പറയുന്നത്, "അച്ചായാ ദേ പാമ്പ്". "നീ വെട്ടമിങ്ങോട്ടു കാണിക്കെടാ. ഞാനൊന്നു നോക്കട്ട്". 

യാതൊരു കൂസലുമില്ലാതെ അച്ചായന്റെ മറുപടി. "ഓ ഇതു പുളവനാടാ," പാമ്പിനെ നോക്കിയ ശേഷം പുള്ളിയുടെ പുച്ഛ സ്വരത്തിലുള്ള മറുപടി. സ്‌കൂളിലേക്കുള്ള യാത്രയില്‍ നടയ്ക്കപ്പാടം തോട്ടില്‍ ഞങ്ങള്‍ എപ്പോഴും കാണാറുള്ള പാമ്പാണ് പുളവന്‍. ആദ്യം പേടിച്ചെങ്കിലും ഇവന്‍ ഉപദ്രവകാരിയല്ല എന്നറിഞ്ഞപ്പോള്‍ പിന്നെ ഞങ്ങളായി ദ്രോഹികള്‍. കാണുമ്പോളൊക്കെ ഇവയെ കല്ലു പെറുക്കി എറിയും. 

കൊല്ലാനല്ല, കല്ലു വെള്ളത്തില്‍ വീഴുമ്പോള്‍ പുളവന്റെ പുളഞ്ഞു പുളഞ്ഞുള്ള പോക്കു കാണാനായിട്ടായിരുന്നു ആ വികൃതി. 'ഓ... പുളവനല്ലേ' എന്ന് അച്ചായന്‍ നിസാരമായി തള്ളിയെങ്കിലും അവന്‍ ചെയ്യുന്ന 'ഉപദ്രവം' പെട്ടെന്നു തന്നെ അദ്ദേഹത്തിന് മനസ്സിലായി. വലയില്‍ മീന്‍ കയറുന്നതു കുറഞ്ഞു. നോക്കുമ്പോഴല്ലേ പുളവന്‍ നമ്മുടെ ചില്ലാന്‍മാരെ ശാപ്പിടുകയാണ്. 

Meen Kadhakal 8

ബാക്കിയുള്ളവ പാമ്പിനെക്കണ്ട് പേടിച്ച് പുറകോട്ടും പോകുന്നു. "ഓ... ഇതൊരു ശല്യമായല്ലോ," അച്ചായന്‍ വെള്ളത്തില്‍ തല്ലി പുളവനെ ഓടിക്കാനുള്ള ശ്രമമാണ്. കക്ഷിയാണെങ്കില്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ വീണ്ടും മീന്‍ വായിലാക്കാനുള്ള  ശ്രമത്തിലും. അച്ചാനയാണെങ്കില്‍ ഒച്ചവെച്ചും വെള്ളം കലക്കിയുമൊക്കെ വീണ്ടും പുളവനെ ഓടിക്കാനുള്ള ശ്രമം തുടര്‍ന്നു. വീണ്ടും നോ രക്ഷ. 

ഒടുവില്‍ സഹികെട്ട് അച്ചായന്‍ പറഞ്ഞു. "നീ അരിവാളിങ്ങെടുക്ക്," മീനിനെ വെട്ടിപ്പിടിക്കാനായി അരിവാള്‍ ഞങ്ങളുടെ കൈവശമുണ്ട്. ചേട്ടന്‍ ഉടന്‍ തന്നെ അരിവാള്‍ എടുത്ത് അച്ചായനു കൊടുത്തു. അരിവാള്‍ കൊണ്ടും വെള്ളത്തിലടിച്ച് ശബ്ദമുണ്ടാക്കി പാമ്പിനെ ഓടിക്കാന്‍ ഒരു അവസാന ശ്രമം കൂടി അച്ചായന്‍ നടത്തി നോക്കി. അവിടെയും പരാജയപ്പെട്ടു. 

അതോടെ പുള്ളി അരിവാള്‍ പുളവനു നേരെ വീശി. പാമ്പിന്റെ ഉടലും തലയും രണ്ടായി പോകുന്നതാണ് പിന്നീട് കണ്ടത്. ഞാന്‍ പേടിയോടെയും സങ്കടത്തോടെയും കണ്ണുകള്‍ അടച്ചു. അന്നത്തെ മീന്‍ പിടിത്തം അവിടംകൊണ്ട് അവസാനിച്ചു. തിരിച്ചു പോകുമ്പോള്‍ മീന്‍ കിട്ടിയതിന്റെ സന്തോഷത്തേക്കാളേറെ പുളവന്റെ പിടച്ചിലായിരുന്നു എന്റെ മനസ്സില്‍. 

മത്സ്യങ്ങളുടെ മുട്ടയ്ക്ക് പലഞ്ഞില്‍ എന്നാണ് നാടന്‍ ഭാഷയില്‍ പറയാറ്. ഊത്തക്കാലത്ത് പിടിക്കുന്ന മീനുകളില്‍ ധാരാളം പലഞ്ഞില്‍ കാണും. പലഞ്ഞില്‍ കൊണ്ട് മുട്ട പൊരിച്ചതും മുട്ടത്തോരനും പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാം. 

"എങ്കില്‍ നമുക്ക് ഇന്ന് പലഞ്ഞില്‍ (മീന്‍മുട്ട) പൊരിച്ചത് തന്നെ ഉണ്ടാക്കാം..." 

Chef Bijeesh Thomas
ബിജീഷ് തോമസ് 

മീന്‍ മുട്ട  പൊരിച്ചത് 
ചേരുവകള്‍
മീന്‍ പലഞ്ഞില്‍ - 250 ഗ്രാം
ഇഞ്ചി - 5 ഗ്രാം
വെളുത്തുള്ളി - 10 ഗ്രാം
മുളകുപൊടി - ഒരു സ്പൂണ്‍
കുരുമുളകുപൊടി - രണ്ടു സ്പൂണ്‍ 
മഞ്ഞള്‍പൊടി - ഒരു ടീ സ്പൂണ്‍ 
കറിവേപ്പില - രണ്ടു തണ്ട് പൊടിയായി അരിഞ്ഞത്
വെളിച്ചെണ്ണ - 3 മില്ലി
ഉപ്പ് - ആവശ്യത്തിന് 
നാരങ്ങാ നീര് - മൂന്ന് ടീ സ്പൂണ്‍ 

പാചകം ചെയ്യുന്ന വിധം 
വെളുത്തുള്ളിയും ഇഞ്ചിയും പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക.  ഇവയും മറ്റു ചേരുവുകളും നാരങ്ങാനീരും ഉപ്പും എണ്ണയും ചേര്‍ത്ത് കുഴമ്പു പരുവത്തില്‍ ആക്കുക. ഈ കൂട്ട്  പലഞ്ഞില്‍ തേച്ച് പിടിപ്പിക്കുക. തുടര്‍ന്ന് തവയില്‍ വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക.

പാചക വിധിക്കു കടപ്പാട്: ബിജീഷ് തോമസ് (ഫ്രീലാന്‍സ് ഷെഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്) 

ചിത്രങ്ങള്‍: രജീന്ദ്രകുമാര്‍ 

കൂടുതല്‍ മീന്‍കഥകള്‍ വായിക്കാം 
​ഒറ്റാല്‍ തള്ളി മറിച്ചിട്ട 'പെരുമ്പാമ്പ്'
വലയില്‍ കുടുങ്ങിയ ഗോളും തൊണ്ടയില്‍ തറച്ച മുളളും​