ചേട്ടനൊപ്പം വരാല്‍ പിടിക്കാന്‍ പോയി ഒടുവില്‍ തല്ലു മാത്രം കിട്ടിയതാണല്ലോ ആദ്യ ഊത്ത പിടിത്തത്തിന്റെ ബാക്കി പത്രം. അതിനു ശേഷം ചൂണ്ടയിട്ടും മറ്റും മീന്‍ പിടിച്ചിട്ടുണ്ടെങ്കിലും രാത്രിയില്‍ മീന്‍ പിടിക്കാന്‍ പോകുക ഹൈസ്‌കൂള്‍ കാലം വരെ ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു. ഞങ്ങളെയും കൂടി മീന്‍ പിടിക്കാന്‍ കൊണ്ടു പോകാമോ എന്ന ചോദ്യങ്ങളെ ഉപ്പാപ്പന്മാര്‍ തീര്‍ത്തും അവഗണിച്ചു കൊണ്ടേയിരുന്നു. 

അതിനിടയില്‍ ചേട്ടന്‍ കോളേജിലെത്തി. ഞാന്‍ ഒമ്പതാം ക്ലാസിലും. അച്ചാച്ചന്‍ അക്കാലത്ത് ജോലി തേടി ദുബായിലേക്കും യാത്രയായി. ഉപ്പാപ്പന്മാരൊക്കെ ഊത്ത പിടിത്തത്തില്‍ നിന്നു വിരമിക്കുകയും ചെയ്തു. അപ്പോഴും ഞങ്ങളുടെ അടുത്ത ബന്ധത്തിലുള്ള ഒരു അച്ചായന്‍ ഊത്ത പിടിത്തം ഹോബിയായി നിലനിര്‍ത്തിക്കൊണ്ടു പോരുന്നു. അച്ചാച്ചന്‍ വീട്ടിലില്ലാത്തതിന്റെ സ്വാതന്ത്ര്യം മുതലെടുത്ത് അടുത്ത മഴക്കാലത്ത് ഊത്ത പിടിത്തത്തിനിറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 

ബന്ധത്തിലുള്ള അച്ചായനാണ് ശരണം. നേരത്തെ തന്നെ അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞു. ഞങ്ങളെയും കൂടി ഊത്ത പിടിത്തത്തിന് കൂട്ടണം. ആദ്യമൊക്കെ പുള്ളി മസിലു പിടിച്ചു നിന്നു. എടാ പിള്ളാര്‍ക്കു പറ്റിയ പണിയൊന്നുമല്ല രാത്രിയിലെ മീന്‍ പിടിത്തം. പിന്നെ നിന്റെയൊക്കെ അമ്മയറിഞ്ഞാല്‍ ആ വഴക്കും കൂടി ഞാന്‍ കേള്‍ക്കണം. കക്ഷി വഴങ്ങുന്ന ലക്ഷണമൊന്നുമില്ല. ഒടുവില്‍ ഞങ്ങളുടെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ അദ്ദേഹം സമ്മതം മൂളി. 

'രാത്രി പാമ്പിന്റെയും മറ്റും ശല്യം കാണും. വല്ലോം പറ്റിയാല്‍ എന്നെ ഒന്നും പറഞ്ഞേക്കരുത്. ഏതായാലും നീയൊക്കെ പോര്. ഇന്നു വൈകിട്ടു നമുക്കിറങ്ങാം.' അച്ചായന്റെ വാക്കു കേട്ടതും ഞങ്ങള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇനി അമ്മയറിയാതെ വീട്ടില്‍ നിന്ന് പുറത്തു കടക്കുകയെന്നതാണ് അടുത്ത പടി. തെക്കേ അറ്റത്തെ മുറിയിലാണ് ചേട്ടന്റെയും എന്റെയും കിടപ്പ്. ആ മുറിക്ക് പുറത്തേക്ക് തുറക്കുന്ന വാതിലുണ്ട്. രാത്രി അതു വഴി ഇറങ്ങിയാല്‍ അമ്മ അറിയില്ല. പുറത്തു കടക്കാന്‍ അതു തന്നെ മാര്‍ഗം. 

Meen Kadhakal 7

ഇനി സന്ധ്യയാകാനുള്ള കാത്തിരിപ്പാണ്. പ്രാര്‍ത്ഥനയും അത്താഴവുമൊക്കെ കഴിഞ്ഞ് എല്ലാവരും ഉറങ്ങാനായി പോയി, ഞങ്ങളും. അധികം വൈകാതെ ശബ്ദമുണ്ടാക്കാതെ മുറി തുറന്ന് ഞങ്ങള്‍ പുറത്തിറങ്ങി. ഇരുട്ടില്‍ അച്ചായന്റെ വീട് ലക്ഷ്യമാക്കി നടന്നു. 'എത്ര നേരമായെടാ നിന്നെയൊക്കെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്. മീന്‍ പിടിക്കാന്‍ പോകുകയും വേണം. സഹായിക്കാനായി കുറച്ചു നേരത്തെ വരാനും കഴിയുകേല'. പെട്രോമാക്സ് കത്തിക്കുന്ന തിരക്കിനിടയിലും ഞങ്ങള്‍ വൈകിയതിലുള്ള ദേഷ്യം പുള്ളി മറച്ചു വച്ചില്ല. 

'ആ ഒറ്റാലും വലയും കത്തിയുമൊക്കെ എടുത്ത് പിടിക്ക്. ഇപ്പോഴേ വൈകി' അച്ചായനൊപ്പം പുള്ളിയുടെ ഒരു കൂട്ടുകാരനും ഊത്തപിടിക്കാന്‍ ഒപ്പമുണ്ട്. വല കൂട്ടുകാരന്‍ അച്ചായന്‍ വാങ്ങി. പെട്രോമാക്സ് ചേട്ടന്റെ കയ്യില്‍. എനിക്ക് പിടിക്കാന്‍ ഒരു വെട്ടുകത്തിയും കിട്ടി. രാത്രി പത്തു മണിയോടെ ആദ്യ പ്രൊഫഷണല്‍ ഊത്ത പിടിത്തത്തിനായി ഞങ്ങള്‍ യാത്രയായി. ഇടപ്പള്ളി കോളനിയും പങ്കിപ്പുറവും നടയ്ക്കപ്പാടവും കടന്ന് പെരുമ്പനച്ചി കണ്ടത്തില്‍ എത്തിയതോടെ നില്‍ക്കാന്‍ അച്ചായന്‍ സിഗ്‌നല്‍ തന്നു. 

കണ്ടത്തിനിടയിലെ ചെറിയ കൈത്തോട്ടിലൂടെ പരലും കുറുവാപ്പരലുമൊക്കെ കൂട്ടത്തോടെ കയറി വരുന്നത് പെട്രോമാക്സിന്റെ വെളിച്ചത്തില്‍ അച്ചായന്‍ കണ്ടു കഴിഞ്ഞു. അതാണ് നില്‍ക്കാനുള്ള ഉത്തരവിനു പിന്നില്‍. പെട്ടെന്നു തന്നെ വീശു വല വാങ്ങി അദ്ദേഹം തോടിനു കുറുകെ വച്ചു. വല നിറയെ പരലും കുറുവാപ്പരലും. വലയില്‍ കിടന്നു പിടയ്ക്കുന്ന മീനുകളെ കണ്ട് ഞാനും ചേട്ടനും വാപൊളിച്ചു നില്‍ക്കുയാണ്. 

'എടാ ആ ചാക്ക് വേഗമിങ്ങെടുക്ക്, ഞങ്ങളുടെ കയ്യില്‍ നിന്നും ചാക്ക് വാങ്ങി അദ്ദേഹം വലയില്‍ നിന്ന് മീനുകളെ പെറുക്കി പെറുക്കി ഇട്ടു. 'എടാ ചാക്ക് മുറുകെ പിടിച്ചേക്കണേ. മീനൊന്നും കളഞ്ഞേക്കരുത്. എന്റെ കയ്യില്‍ നിന്നും നല്ല വീക്കു വാങ്ങിക്കും' ഉത്തരവുകള്‍ പുറകെ പുറകെ വരികയാണ്. ആദ്യ ശ്രമത്തില്‍ തന്നെ ഒത്തിരി മീന്‍ കിട്ടിയതോടെ ഞങ്ങള്‍ക്കും സന്തോഷമായി.
'എടാ തോട്ടില്‍ മുശിയും വരാലുമൊക്കെയുണ്ട്. ആ ഒറ്റാലിങ്ങെടുത്തേ? അച്ചായന്‍ വീണ്ടും ആക്ടീവായി. 

Meen Kadhakal 7

മീന്‍ പിടുത്തത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയാണ്. കൂട്ടുകാരന്റെ കയ്യില്‍ നിന്നും ഒറ്റാലും പിടിച്ചു വാങ്ങി പുള്ളി പണി തുടങ്ങി. 'എടാ ഉറക്കം തൂങ്ങാതെ നീയിങ്ങോട്ടു വന്നേ. ചേട്ടനോടാണ്. ദേ ഈ ഒറ്റാലിനകത്ത് മുശിയുണ്ട്. നീ ഇങ്ങനെ നിന്നാല്‍ മതിയോ? മീന്‍ പിടിക്കേണ്ടേ. പതുക്കെ കൈയിട്ട് ഇങ്ങ് പിടിച്ചെടുത്താല്‍ മതി. 'മടിച്ചു നിന്ന ചേട്ടനെ പുള്ളി ഉശിരു കേറ്റി. കൂടുതലൊന്നും ആലോചിക്കാതെ ചേട്ടന്‍ ഒറ്റാലിനകത്തു കൈ ഇട്ടു. മീന്‍ വഴുതിപ്പോകുകയാണ്. 

'എടാ നോക്കി നില്‍ക്കാതെ വേഗം പിടിയെടാ' അച്ചായന്‍ വിടുന്ന മട്ടില്ല. പിന്നെ കേള്‍ക്കുന്നത് അയ്യോ എന്ന അലര്‍ച്ചയാണ്. ഒറ്റാലിനകത്തു നിന്നും ചേട്ടന്‍ കരഞ്ഞു കൊണ്ട് കൈവലിച്ചതും ഒരു മീന്‍ തെറിച്ചു പോകുന്നതും കണ്ടു. ചേട്ടന്‍ വേദന കൊണ്ട് കൈ കുടഞ്ഞു ചാടുകയാണ്. മുശിയാണെന്നു കരുതി ചേട്ടന്‍ പിടിച്ചത് കാരിയെന്ന മീനെയാണ്.  വിഷമുള്ളുകൊണ്ട് നല്ല കുത്തുകുത്തുന്ന മീന്‍. ചേട്ടന്‍ പിടിച്ചതും അപ്പോള്‍ തന്നെ കാരി പണി കൊടുത്തു. 

'ഇങ്ങു വാടാ. ഇതാണ് മീന്‍ പിടുത്തത്തിലെ ആദ്യ പാഠം. കാരിയെ പിടിച്ചാല്‍ കുത്തു കിട്ടും. മനസ്സിലായോ ' മീന്‍ പിടിക്കാനിറങ്ങിയാല്‍ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു എന്ന ഭാവത്തില്‍ അച്ചായന്‍ പ്രഭാഷണം നടത്തുകയാണ്. ചേട്ടനാണെങ്കില്‍ വേദന കൊണ്ട് പുളയുന്നു. വീട്ടില്‍ ചെന്നാല്‍ അമ്മയുടെ കയ്യില്‍ നിന്നു കിട്ടുന്ന വഴക്കിന്റെയും അടിയുടെയും കണക്കോര്‍ത്ത് ഒരു എത്തും പിടിയും കിട്ടാതെ ഞാനും നിന്നു.

ഇനി കാരി മീന്‍കൊണ്ട് പുതിയ ഒരു വിഭവമുണ്ടാക്കുന്നത് നോക്കാം...    പുളിയില അരച്ച് കാരി കനലില്‍ ചുട്ടെടുത്തത് 

Meen Kadhakal 7

ചേരുവകള്‍ 
വൃത്തിയാക്കിയ കാരി - 500 ഗ്രാം
വാളന്‍ പുളിയുടെ തളിരില - ഒരു കപ്പ് (കഴുകി വൃത്തിയാക്കിയത്) 
കാന്താരി മുളക് - 10 എണ്ണം 
ചെറിയ ഉള്ളി - 10 എണ്ണം
തേങ്ങ ചിരണ്ടിയത് - കാല്‍ മുറി
വെളിച്ചെണ്ണ - 20 മില്ലി
ഇഞ്ചി - 20 ഗ്രാം
ഉപ്പ് - പാകത്തിന് 

Chef Bijeesh Thomas
ബിജീഷ് തോമസ്

ചേരുവകള്‍ 
മീന്‍ ഒഴികെയുള്ള ചേരുവകള്‍ എണ്ണയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. വാട്ടിയെടുത്ത മഞ്ഞള്‍ ഇലയില്‍ (മഞ്ഞള്‍ ഇല കിട്ടിയില്ലെങ്കില്‍ വാഴയില ആയാലും മതി) അരപ്പ് പുരട്ടിയ ശേഷം ഇതില്‍ മീന്‍ വയ്ക്കുക. മീന്റെ പുറത്തും ഉള്ളിലും അരപ്പ് തേച്ച ശേഷം ഇലകൊണ്ട് പൊതിയുക. തുടര്‍ന്ന് ഇതിനെ അലൂമിനിയം ഫോയില്‍ കൊണ്ട് പൊതിയുക. ഇനി ചെറു കനലില്‍ എട്ടു മിനിറ്റോളം ഇട്ട് ചുട്ടെടുക്കുക. തവയിലും ഇത് പാചകം ചെയ്യാം. അപ്പോള്‍ അലൂമിനിയം ഫോയിലില്‍ പൊതിയേണ്ട ആവശ്യമില്ല. ഇലയില്‍ പൊതിഞ്ഞ് നേരെ തവയില്‍ ചുട്ടെടുക്കാം. 

(പാചക വിധിക്കു കടപ്പാട് - ബിജീഷ് തോമസ്, ഫ്രീലാന്‍സ് ഷെഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്) 
വര: രജീന്ദ്രകുമാര്‍ 

കൂടുതല്‍ മീന്‍ കഥകള്‍ വായിക്കാം 
വലയില്‍ കുടുങ്ങിയ ഗോളും തൊണ്ടയില്‍ തറച്ച മുളളും 
ഒറ്റാല്‍ തള്ളി മറിച്ചിട്ട 'പെരുമ്പാമ്പ്'