തിവു പോലെ  ജൂണിലെ ഒരു മഴക്കാല ദിവസം. അന്ന് ഞായറാഴ്ചയാണ്. തലേ ദിവസം അച്ചാച്ചനും ഉപ്പാപ്പന്‍മാരും മീന്‍ പിടിക്കാന്‍ പോയിരുന്നു. ധാരാളം മീന്‍ കിട്ടുകയും ചെയ്തു. രാവിലെ പള്ളിയിലും വേദപാഠ ക്ലാസിനുമൊക്കെ പോകേണ്ടിയതു കൊണ്ട് മീനൊന്നും കാണാന്‍ സമയം കിട്ടിയില്ല.

പള്ളിയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ അമ്മ മീന്‍ വെട്ടുന്ന തിരക്കിലാണ്. അരികിലുള്ള ഒരു ചട്ടിയില്‍ കണ്ടാല്‍ പാമ്പിനെ പോലുള്ള രണ്ട് ജീവികള്‍  കിടപ്പുണ്ട്. അവയ്ക്ക് ജീവനുമുണ്ട്. അയ്യോ ഇതെന്താ അമ്മേ പാമ്പ്? ഞാന്‍ അന്തം വിട്ടു നില്‍ക്കുകയാണ്. എടാ ഇത് പാമ്പൊന്നുമല്ല. വലഞ്ഞില്‍ എന്ന മീനാണ് (ബ്ലാഞ്ഞില്‍ എന്നും ചിലയിടങ്ങളില്‍ പറയും). 

കണ്ടാല്‍ പാമ്പിനെപ്പോലെ ഇരിക്കുമെന്നേയുള്ളു. ഇതിനെ കൂട്ടാന്‍ കൊള്ളുമോ അമ്മേ? എന്റെ സംശയങ്ങള്‍ അവസാനിക്കുന്നില്ല. എടാ ഇതിന് നല്ല നെയ്യാ. വറ്റിയ്ക്കാനാണ് നല്ലത്.

എന്റെ ചോദ്യവും പരുങ്ങലുമൊക്കെ കണ്ടുകൊണ്ട് അപ്പുറത്ത് നില്‍ക്കുകയായിരുന്ന അച്ചാച്ചന്‍ അടുത്തേക്കു വന്നു. ഞായറാഴ്ച ആയതുകാരണം അച്ചാച്ചന്‍ വീട്ടില്‍ തന്നെയുണ്ട്. സാധാരണഗതിയില്‍ പോയി വല്ലതും പഠിക്കെടാ എന്നും പറഞ്ഞ് എന്നെ ഓടിച്ചു വിടുകയേ ഉള്ളു. ഇന്നു പക്ഷേ ആള് അത്ര ഗൗരവത്തിലല്ല.

'എടാ ഇതൊക്കെ ചെറിയ വലഞ്ഞിലാ. ഞാന്‍ പട്ടാളത്തില്‍ നിന്ന് അവധിക്കു വന്ന സമയത്ത്  ഒരു വലഞ്ഞിലിനെ പിടിച്ചു. ഏകദേശം അഞ്ചാറു കിലോയുണ്ടായിരുന്നു.' എയര്‍ ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ചാച്ചന്‍. പതിനഞ്ചു വര്‍ഷത്തെ സര്‍വീസ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി കച്ചവടവും ചെറിയ തോതിലുള്ള വണ്ടി ബിസിനസുമായിട്ടൊക്കെ കഴിയുന്ന കാലമാണ് ഇപ്പോള്‍. 

അന്ന് അച്ചാച്ചന്‍ നല്ല മൂഡിലായിരുന്നു. പൊതുവെ പട്ടാളക്കാര്‍ ബഡായി അടിക്കുന്നവരാണ് എന്നാണ് വയ്പ്. പക്ഷേ മീന്‍പിടുത്ത കഥകളില്‍ ബഡായിയുടെ അംശമില്ലെന്നറിയാം. കാര്യങ്ങളൊക്കെ സാക്ഷ്യപ്പെടുത്താന്‍ അടുത്ത് അമ്മച്ചിയുമുണ്ട് (അച്ചാച്ചന്‍െ അമ്മ). 

Meen Kadhakal 6വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മഴക്കാലത്ത് നടത്തിയ വലഞ്ഞില്‍ പിടുത്തത്തിന്റെ കഥ അച്ചാച്ചന്‍ വിവരിച്ചു. പതിവു പോലെ അച്ചാച്ചനും ഉപ്പാപ്പന്‍മാരുമാണ് കഥയിലെ നായകന്‍മാര്‍. ഞങ്ങളുടെ നാട്ടിലെ ചേന്നമറ്റം തോടിനോടു ചേര്‍ന്നുള്ള പാടത്താണ് മീന്‍പിടുത്തം. കണ്ടത്തില്‍ കാല്‍പ്പാദത്തിനു മുകളില്‍ വരെ വെള്ളമുണ്ട്.

ചേട്ടാനുജന്മാര്‍ പാടത്തിന്റെ പല  ഭാഗത്തായി മീന്‍പിടിക്കുന്ന തിരക്കിലാണ്. കയ്യില്‍ ഒറ്റാലും വീശുവലയും വെട്ടുകത്തിയും എല്ലാമുണ്ട്. അതിനിടയിലാണ് ജോപ്പച്ചന്റെ (അച്ചാച്ചന്റെ അനുജന്‍) വിളി. 'ജോണീ (അച്ചാച്ചന്റെ പേരാണ്) ഓടി വാ. ഒറ്റാലിനകത്ത് ഒരു പെരുമ്പാമ്പു കുടുങ്ങി. എന്നെ ഇപ്പം തട്ടിയിടും.

കുറച്ചു വണ്ണം അധികമാണ് ജോപ്പച്ചന്. പെരുമ്പാമ്പു തട്ടിയാല്‍ വെള്ളത്തില്‍ വീഴുക തന്നെ ചെയ്യും. ഇരുട്ടത്ത് ടോര്‍ച്ചുമായി അച്ചാച്ചന്‍ ജോപ്പച്ചന്റെ അടുത്തേക്കു പാഞ്ഞു.

ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ഒറ്റാലിനകത്ത് വളഞ്ഞു ചുരുണ്ടു കിടക്കുകയാണ് നമ്മുടെ കഥാനായകന്‍ - പെരുമ്പാമ്പല്ല, നല്ല സൊയമ്പന്‍ വലഞ്ഞില്‍. പിടിക്കാന്‍ ചെല്ലുമ്പോള്‍ പാമ്പിനെപ്പോലെ വലഞ്ഞില്‍ ചീറ്റി ശബ്ദമുണ്ടാക്കും. ഇരുട്ടത്ത് ജോപ്പച്ചന്‍ ഇത് പെരുമ്പാമ്പാണെന്നു തെറ്റിദ്ധരിച്ചതാണ്.

ഇനി എന്തു ചെയ്യും. ഒറ്റാലിനകത്തിട്ട് വലഞ്ഞിലിനെ വെട്ടിപ്പിടിക്കാനാകില്ല. അച്ചാച്ചന്‍ പതുക്കെ ജോപ്പച്ചന്റെ കയ്യില്‍ നിന്നും ഒറ്റാലിന്റെ നിയന്ത്രണം ഏറ്റെടുത്തു. വലഞ്ഞില്‍ ഒറ്റാലിനകത്തു കിടന്ന് ശക്തമായി പിടയുകയാണ്. 

അച്ചാച്ചന്‍ കാലില്‍ ബലംകൊടുത്ത് മുട്ടുകൊണ്ട് ഒറ്റാല്‍ തള്ളി മുമ്പോട്ടു നീക്കി. ജോപ്പച്ചന്‍ ടോര്‍ച്ചടിച്ച് വെട്ടം കാണിച്ചു കൊടുത്തു. കുറെ സമയത്തെ ശ്രമത്തിനൊടുവില്‍ ചേട്ടനും അനുജനും ചേര്‍ന്ന് ഒറ്റാല്‍ പാടത്തിന്റെ അരിക് വരെ കൊണ്ടെത്തിച്ചു. 

Meen Kadhakal 6പാടത്തിനോട് ചേര്‍ന്ന് മാമ്മൂട്- വെങ്കോട്ട- തിരുവല്ല റോഡ് ആണ്. അന്ന് അത് മണ്‍റോഡാണ്. രണ്ടുപേരും ചേര്‍ന്ന് ഒറ്റാല്‍ സഹിതം വലഞ്ഞിലിനെ റോഡിലേക്ക് പൊക്കിയെറിഞ്ഞു. കൂക്കി വിളിച്ചതോടെ മറ്റുള്ളവരുമെത്തി. റോഡിലിട്ട് വലഞ്ഞിലിന്റെ തലയ്ക്കു തന്നെ വെട്ടരിവാളിനു വെട്ടി. എന്നിട്ടെടുത്ത് ചാക്കിലാക്കി. 

ചേന്നമറ്റത്ത് ഇപ്പോള്‍ പാടങ്ങളൊന്നുമില്ല. കപ്പകൃഷിയാണ്. വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ കപ്പകിട്ടും. തിരുവല്ലയില്‍ നിന്നും വെങ്കോട്ട- മാമ്മൂട് വഴി കിഴക്കന്‍ മേഖലയിലേക്കും തിരിച്ചും വണ്ടികളില്‍ പോകുന്നവര്‍ ഇവിടെ നിന്നും കപ്പ വാങ്ങിക്കുന്നത് പതിവാണ്. എന്നും കപ്പ കിട്ടുന്ന സ്ഥലമെന്നാണ് ഇപ്പോള്‍ ചേന്നമറ്റത്തിന്റെ പ്രശസ്തി. 

വമ്പന്‍ വലഞ്ഞിലിനെ കിട്ടിയതോടെ അന്നത്തെ മീന്‍പിടുത്തം സഹോദരന്‍മാര്‍  അവസാനിപ്പിച്ചു. ആഘോഷമായി വീട്ടിലേക്കുള്ള യാത്ര. വലഞ്ഞിലിനെ കാണാന്‍ അയല്‍പക്കക്കാരും ബന്ധുക്കളുമൊക്കെ കേട്ടറിഞ്ഞ് എത്തി. അഞ്ച് വീട്ടുകാര്‍ക്ക് ഓരോ കിലോ വീതം എടുക്കാനുണ്ടായിരുന്നു അന്നത്തെ മീന്‍. വലഞ്ഞില്‍ വറ്റിച്ചതു കൂട്ടാന്‍ എന്തു രുചിയാണെന്നറിയാമോടാ? 

ഈല്‍ എന്ന ഒരു തരം കടല്‍ മത്സ്യമുണ്ട്. ശത്രുക്കള്‍ വന്നാല്‍ അത് ശരീരത്തില്‍ നിന്ന് കറണ്ട് ഉത്പാദിപ്പിച്ച് അവരെ തുരത്തും. ആ ഈലിന്റെ ഒരു വകഭേദമാണ് ഈ വലഞ്ഞില്‍. അച്ചാച്ചന്‍ പറഞ്ഞു നിര്‍ത്തി. അപ്പോഴേക്കും ചട്ടിയിലെ രണ്ടു വലഞ്ഞിലുകളുമായി അമ്മ മല്‍പ്പിടുത്തം തുടങ്ങിയിരുന്നു. 

വലഞ്ഞിലിന്റെ തൊലികളഞ്ഞ് വൃത്തിയാക്കുക അല്‍പ്പം പ്രയാസമേറിയ സംഗതി തന്നെയാണ്. പണ്ട് ചാരമിട്ട് പിടിച്ച് തൊലിയില്‍ ഈര്‍ക്കില്‍ കയറ്റി പൊളിച്ചാണ് ഇത് വൃത്തിയാക്കിയിരുന്നത്. ഇനി എങ്ങനെയാണ് വലഞ്ഞില്‍ വറ്റിച്ച് കറിവയ്ക്കുന്നത് എന്നു നോക്കാം. 

വലഞ്ഞില്‍ വറ്റിച്ചത് 

Meen Kadhakal 6
ചേരുവകള്‍ 
തൊലി കളഞ്ഞ് വൃത്തിയാക്കിയ വലഞ്ഞില്‍ - 500 ഗ്രാം
വെളുത്തുള്ളി - 30 ഗ്രാം
ഇഞ്ചി - 20 ഗ്രാം
(ഇഞ്ചിയും പച്ചമുളകും കൂടി അരച്ചെടുക്കുക)
പച്ചമുളക് നെടുകെ പിളര്‍ന്നത് - രണ്ടെണ്ണം
കറിവേപ്പില - രണ്ടു തണ്ട്
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് - 100 ഗ്രാം
കുടംപുളി - 30 ഗ്രാം (വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക)
കാശ്മീരി മുളകുപൊടി - രണ്ടര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - 20 മില്ലി
ഉലുവാപ്പൊടി - രണ്ടുഗ്രാം
ഉപ്പ് - പാകത്തിന് 

Chef Bijeesh Thomas
ബിജീഷ് തോമസ്

തയ്യാറാക്കുന്ന വിധം
മീനും കുടംപുളിയും ഒഴികെയുള്ള ചേരുവകള്‍ എല്ലാം ഒരു മണ്‍ചട്ടിയില്‍ ഒരുമിച്ച് നല്ലവണ്ണം ഇളക്കുക. ഇതിലേക്ക് കുടംപുളി ചേര്‍ക്കുക. അതിനു ശേഷം 100 മില്ലി വെള്ളം ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. 

ചാറു കുറുകി വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇതിലേക്ക് ഇടുക. തിളച്ചു തുടങ്ങുമ്പോള്‍ അടപ്പുവച്ച് മണ്‍ചട്ടി അടച്ചുവച്ച ശേഷം എട്ടു മിനിറ്റ് ചെറു തീയില്‍ വേവിക്കുക. വലഞ്ഞില്‍ വറ്റിച്ചത് തയ്യാര്‍. കപ്പയ്ക്കും പുഴുക്കിനുമൊക്കെയൊപ്പം കഴിക്കാന്‍ ഇത് അതികേമമാണ്. 
(പാചക വിധിക്കു കടപ്പാട് - ബിജീഷ് തോമസ്, ഫ്രീ ലാന്‍സ് ഷെഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്) 

വര: രജീന്ദ്രകുമാര്‍ 

കൂടുതല്‍ മീന്‍ കഥകള്‍ വായിക്കാം 
വലയില്‍ കുടുങ്ങിയ ഗോളും തൊണ്ടയില്‍ തറച്ച മുളളും 
മുശിയെ പിടിക്കാന്‍ പോയ പോക്കും, പട്ടി തന്ന എട്ടിന്റ പണിയും