ക്കാലത്തെ എല്ലാ കുട്ടികളെയും പോലെ അമ്മ വീട് എന്റെയും ദൗര്‍ബല്യമായിരുന്നു. നാലാം ക്ലാസ് വരെ അവിടെ നിന്നു പഠിച്ചതിന്റെ  തിളക്കമുള്ള ഓര്‍മകള്‍ അമ്മവീട്ടിലേക്ക്  മടക്കി വിളിച്ചുകൊണ്ടിരിക്കും. അമ്മച്ചി (അമ്മയുടെ അമ്മ) സ്‌നേഹം കൂടി ചേര്‍ത്ത് ഉണ്ടാക്കിത്തരുന്ന രുചികരമായ പലഹാരങ്ങള്‍. കസിന്മാരോടൊപ്പം പാടത്തും തോട്ടിലുമെല്ലാം കളിച്ചു തിമിര്‍ക്കാനുള്ള സാധ്യതകള്‍. എങ്ങിനെയും ഒരു അവധികിട്ടിയാല്‍ കുറുമ്പനാടത്തുള്ള (പൈലിക്കവല) അമ്മവീട്ടിലേക്ക് എന്തെങ്കിലും കാരണമുണ്ടാക്കി ഞാന്‍ പോകും. 

കുട്ടനാട്ടുകാരിയായ അമ്മച്ചി ഉണ്ടാക്കുന്ന നാടന്‍ പലഹാരങ്ങളുടെ രുചി ഒന്നു വേറെ തന്നെയായിരുന്നു. ഇലയടയും കൊഴുക്കട്ടയും വട്ടയപ്പവും കുമ്പിളപ്പവും പുട്ടും പാലപ്പവും വെള്ളേപ്പവുമൊക്കെ അമ്മച്ചിയുടെ കൈകൊണ്ടുണ്ടാക്കുമ്പോള്‍ രുചി ഇരട്ടിക്കും. ബന്ധുക്കളും  അയല്‍പക്കക്കാരുമെല്ലാം മൂലയിലെ ചിറ്റമ്മയുടെ (അമ്മച്ചിയെ അങ്ങനെയാണ് മറ്റുള്ളവര്‍ വിളിച്ചിരുന്നത്) പലഹാരത്തിന്റെ ഫാന്‍സുമായിരുന്നു. വീടിന്റെ നാലതിരുകളിലൂടെ ആരെങ്കിലും പോയാല്‍ അമ്മച്ചി അവരെ വിളിച്ച് ഇതൊക്കെ കഴിപ്പിച്ചേ വിടുകയുമുണ്ടായിരുന്നുള്ളു അമ്മച്ചി. ലോകത്തോട് വിടപറഞ്ഞിട്ട് എട്ടുവര്‍ഷമായിട്ടും ചിറ്റമ്മയുടെ പലഹാരക്കഥകള്‍ ഇന്നും ബന്ധുക്കള്‍ കാണുമ്പോള്‍ പരസ്പരം പങ്കുവയ്ക്കുന്നതിലറിയാം അമ്മച്ചിയുടെ കൈപ്പുണ്യത്തിന്റെ പ്രശസ്തി. 

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, ഓണപ്പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ തുറന്ന ആദ്യ ആഴ്ച. പരീക്ഷാ പേപ്പറുകള്‍ കാണിച്ചു തുടങ്ങി. ഒരു വിധം കുഴപ്പമില്ലാത്ത മാര്‍ക്കുകള്‍ എല്ലാ വിഷയത്തിനുമുണ്ട്. ഇതു മുതലെടുത്ത് ശനിയാഴ്ച അമ്മ വീടുവരെ പോകാനുള്ള വഴിയുണ്ടാക്കണം. വെള്ളിയാഴ്ച വൈകുന്നേരം അമ്മയെ പതുക്കെ സോപ്പിട്ടു. വൈകിട്ട് അച്ചാച്ചന്‍ വരുമ്പോള്‍ മൂലയില്‍ വീട്ടില്‍ (അമ്മവീട്) പോകാന്‍ സമ്മതം വാങ്ങിച്ചു തരണം. ഓണത്തിനു പോയിട്ട് വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ എന്ന് അമ്മ. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ സമ്മതം മൂളി. 
 
അച്ചാച്ചന്‍ അന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലര്‍ക്കാണ്. ചങ്ങനാശ്ശേരി ഹെഡ്‌പോസ്റ്റ് ഓഫീസിലാണ് ജോലി. വൈകിട്ട് അച്ചാച്ചന്‍ വന്നപ്പോള്‍ അമ്മ എനിക്കുവേണ്ടി സൈഡ് പറഞ്ഞു. ഒത്തിരി നിര്‍ബന്ധത്തിനു ശേഷം സമ്മതം കിട്ടി. ശനിയാഴ്ച രാവിലെ തന്നെ അമ്മവീട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കമായി. ആയിടെയാണ് വെങ്കോട്ട- മാമ്മൂട്- ചങ്ങനാശ്ശേരി റൂട്ടില്‍ എസ്.എം. മോട്ടോഴ്‌സ് എന്ന ബസ് സര്‍വീസ് തുടങ്ങുന്നത്. ചെമപ്പും വെള്ളയും പെയിന്റുമായി ഇപ്പോഴും ഞങ്ങളുടെ നാടിന്റെ പ്രതീകമായി എസ്.എം. മോട്ടോഴ്‌സിന്റെ പിന്മുറക്കാര്‍ സര്‍വീസ് നടത്തുന്നുണ്ട്. പത്തു കിലോമീറ്റര്‍ അകലെയുള്ള പട്ടണമായ ചങ്ങനാശ്ശേരിയെയും ഞങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട്. 

രാവിലെ ഏഴേമുക്കാലിനുള്ള ട്രിപ്പില്‍ തന്നെ എസ്.എം. മോട്ടോഴ്‌സില്‍ കയറി പെരുമ്പനച്ചിയിലേക്ക്. അവിടെ നിന്നും കോട്ടയം ബസില്‍ കയറി പൈലിക്കവലയിലും ഇറങ്ങി. അന്ന് അമ്മയുടെ വീട് റോഡില്‍ നിന്നും മൂന്നൂറു മീറ്റര്‍ അകലെയാണ്. പൈലിക്കവലയില്‍ ബസിറങ്ങി മണ്‍റോഡിലൂടെ നടന്ന് ചെറിയ തോടിനുമുകളിലുള്ള പാലവും കടന്നുവേണം മൂലയിലെ വീട്ടിലേക്കു പോകാന്‍. തോടിനടുത്തെത്തിയപ്പോഴേ ബേബിച്ചനങ്കിളിന്റെ (മൂത്ത അമ്മാവന്റെ) മക്കളായ ഷിബുവിനെയും സന്തോഷിനെയും കണ്ടു. രണ്ടു പേരും തോര്‍ത്തും ചൂണ്ടയുമൊക്കെയായി (സേഫ്റ്റിപിന്‍ വളച്ച് അതില്‍ നൂലുകെട്ടിയതാണ് ചൂണ്ട) മീന്‍പിടുത്തത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നെ കണ്ടതും രണ്ടു പേര്‍ക്കും ആവേശമായി. 

'വേഗം വാ. നമുക്കു മീന്‍ പിടിക്കാം. ഇവിടെ പൊത്തില്‍ മുശിയിരിപ്പുണ്ട്,' ഒറ്റ ഓട്ടത്തിന് വീട്ടിലെത്തി ഡ്രസും മാറി അതുപോലെ തന്നെ തിരികെയോടി തോട്ടിലെത്തി. മീന്‍പിടുത്തം തകര്‍ത്തു മുന്നേറുകയാണ്. വാഴയ്ക്കാ പരലിനെയും കല്ലടമുട്ടിയെയും പോലെ തിന്നാന്‍ കൊള്ളാത്ത മീനെയൊക്കെയാണ് തോര്‍ത്തു കൊണ്ട് വാരുമ്പോള്‍ കിട്ടുന്നത്. അതിനെയൊക്കെ കുപ്പിയിലെ വെള്ളത്തില്‍ ഇട്ടു വച്ചു. മുശിക്കായി ചൂണ്ടയിട്ടിട്ട് ചൂണ്ടയില്‍ കൊത്താന്‍ വരുന്നത് വട്ടോനാണ് (കഴിക്കാന് കൊള്ളാത്ത ഒരിനം മീന്‍). അവന്മാരാകട്ടെ സേഫ്റ്റി പിന്നില്‍ കോര്‍ത്ത മണ്ണിരയെ ഒറ്റവെട്ടിന് വിഴുങ്ങിയിട്ട് ഞങ്ങളെ പറ്റിച്ച് പോകുകയാണ്. 

Meen Kadhakalമീന്‍ കിട്ടാതെ മടുത്ത ഞങ്ങള്‍ തോട്ടിലിറങ്ങി വീണ്ടും തോര്‍ത്തിന് മീന്‍പിടുത്തം തുടങ്ങി. അതിനിടയിലാണ് ഒരു പട്ടി തോട്ടില്‍ ഞങ്ങളുടെ മുമ്പിലായി നില്‍ക്കുന്നത് കണ്ടത്. ഉടനെ പട്ടിയെ ഓടിക്കാനായി ഞങ്ങളുടെ ശ്രമം. ഞങ്ങളുടെ ബഹളം കാരണം പട്ടി കുതിച്ചു ചാടി ഓടി. അതിന്റെ വായില്‍ നിന്ന് വെള്ളമൊലിക്കുന്നുണ്ടായിരുന്നു. വൈകാതെ ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി മീന്‍ പിടിത്തം പാളിയതും പട്ടിയെ ഓടിച്ച കാര്യവും അതിന്റെ വായില്‍ നിന്ന് വെള്ളമൊലിക്കുന്ന കാര്യവുമാക്കെ ഞങ്ങള്‍ വിശദമായി പറഞ്ഞു. വല്ല പേപ്പട്ടിയോ മറ്റോ ആണോ. എല്ലാവരും സംശയം പ്രകടിപ്പിച്ചു. 

ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി തിരിച്ചു വന്ന് കാപ്പികുടിയൊക്കെ കഴിഞ്ഞപ്പോഴാണ് ബേബിച്ചനങ്കിള്‍ വിവരം പറഞ്ഞത്. ഇന്നലെ തോട്ടില്‍ കണ്ടത് പേപ്പട്ടിയാണെന്നു തോന്നുന്നു. പള്ളിയില്‍ പോയവരെയൊക്കെ ഓടിച്ചെന്നു പറയുന്നതു കേട്ടു. പട്ടിയെ കിട്ടിയുമില്ല.  ഇനി എന്നാ ചെയ്യും. വീട്ടില്‍ ആകെ ചര്‍ച്ചയായി. വല്യമ്മച്ചിയും ബേബിച്ചനങ്കിളും അന്നക്കുട്ടി ആന്റിയും ഏലിയാമ്മ ആന്റിയുമാണ് അന്ന് വീട്ടിലുള്ളത്. കുരുത്തംകെട്ടവന്മാര്‍... ഇവന്മാരു മൂന്നും പട്ടി ഇറങ്ങിയ വെള്ളത്തില്‍ നിന്നാണ് കളിച്ചത്. പട്ടിയുടെ വായിലെ വെള്ളം ഒലിച്ച് ഇവരുടെ ദേഹത്തും അണുക്കള്‍ കയറിക്കാണുമോ? ദൈവമേ ഇനി എന്നാ ചെയ്യും. ആകെ ജഗപൊകയായി കാര്യങ്ങള്‍. 

ഒടുവില്‍ കാര്യങ്ങള്‍ക്ക് തീര്‍പ്പായി. മൂന്നു പേരെയും കൊണ്ട് തിങ്കളാഴ്ച രാവിലെ തന്നെ ചിങ്ങവനം കേളച്ചന്ദ്ര ആശുപത്രിയില്‍ കൊണ്ടു പോകാം. അവിടെ പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പുണ്ട്. അതു മാത്രമല്ല കാര്യം. അന്നൊക്കെ കുത്തിവയ്ക്കുന്ന സൂചിക്ക് വലിയ നീളമുണ്ട്. ഇന്നത്തെപ്പോലെ ചെറിയ സൂചിയില്ല. കേളച്ചന്ദ്ര ആശുപത്രിയില്‍ പക്ഷേ ചെറിയ സൂചിയുണ്ട്. അവര്‍ പുറത്തു നിന്നെങ്ങോ വരുത്തുന്നതാണ്. പേപ്പട്ടി വിഷത്തിനുള്ള കുത്തിവയ്പ്പ് അന്ന് പുക്കിളിനാണ് എടുക്കുന്നത്. കേളച്ചന്ദ്രയില്‍ ചെന്നാല്‍ ചെറിയ സൂചികൊണ്ട്  കുത്തിവയ്പ് എടുക്കാം എന്ന ഗുണവുമുണ്ട്. 

വീടിന്റെ അടുത്ത് ചെത്തിപ്പുഴ സെന്റ്. തോമസ് ആശുപത്രിയും മാങ്ങാനം മന്ദിരം ആശുപത്രിയുമുണ്ടെങ്കിലും ചെറിയ സൂചി കാരണം കേളച്ചന്ദ്ര ആശുപത്രിയെന്നു തീര്‍പ്പായി. തിങ്കളാഴ്ച രാവിലെ തന്നെ  ബേബിച്ചനങ്കിളിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കൂട്ടിന് ഒരു ബന്ധുവുമുണ്ട്. വാകത്താനത്തു ചെന്നാലേ ചിങ്ങവനത്തിനു ബസ് കിട്ടൂ. പൈലിക്കവലയില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ അകലെ പൊങ്ങന്താനത്തു നിന്ന് ചിലപ്പോഴൊക്കെ ചിങ്ങവനത്തിനു ബസുണ്ട്. ഞങ്ങള്‍ നടന്ന് പൊങ്ങന്താനത്ത് എത്തിയപ്പോഴേക്കും ആ ബസ് പോയിരുന്നു. തുടര്‍ന്ന് മൂന്നു കിലോ മീറ്റര്‍ അകലെ വാകത്താനത്തേക്കായി നടപ്പ്. 
 
വാകത്താനം കവലയില്‍ ചെന്നപ്പോള്‍ 'ബേബി ഗോമതി' ബസ് ചെമപ്പും വെള്ളയും നിറത്തില്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. ഞങ്ങള്‍ അഞ്ചു പേരും ബസില്‍ കയറി. ആദ്യമായി വാകത്താനവും സമീപ പ്രദേശങ്ങളും കാണുന്ന അമ്പരപ്പില്‍ വരാനിരിക്കുന്ന വേദനിപ്പിക്കുന്ന കുത്തകളെക്കുറിച്ച് യാതൊരു സൂചന പോലുമില്ലാതെ ഞാന്‍ കാഴ്ചകള്‍ കണ്ടിരുന്നു. ചിങ്ങവനത്ത് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. പട്ടിക്ക് പേയുണ്ടെന്ന് സംശയമുണ്ടെങ്കില്‍ കുത്തിവയ്പ്പ് എടുക്കുന്നതാണ് സുരക്ഷിതമായ കാര്യം- ഡോക്ടര്‍ നയം വ്യക്തമാക്കി. 

അങ്ങനെ മൂന്നു പേരെയും അവിടെ അഡ്മിറ്റ് ചെയ്തു. കൂട്ടിന് അങ്കിളും. പതിനൊന്നരയായതോടെ ആദ്യ കുത്തിവയ്പ്പിനായി അരങ്ങൊരുങ്ങി. ട്രീറ്റ്‌മെന്റ് റൂമിനു മുന്നില്‍ ഞങ്ങളെക്കൂടാതെ ഏഴെട്ടുപേര്‍ കൂടി കുത്തിവയ്പ്പിനായി കാത്തു നില്‍പ്പുണ്ട്. അപ്പനും അമ്മയും രണ്ടു മക്കളുമടക്കം ഒരു കുടുംബം. വേറെ രണ്ട് ചേട്ടന്മാര്‍. രണ്ടു കൊച്ചു കുട്ടികള്‍ ഇങ്ങനെ. ചിലരെ വീട്ടിലെ പട്ടി കടിച്ചതാണ്. ചിലരെ നടന്നു പോകുമ്പോള്‍ വഴിയില്‍ വച്ചു പട്ടി കടിച്ചത്. ഓരോരുത്തരായി ഇഞ്ചക്ഷന്‍ വാങ്ങിച്ചു മടങ്ങുകയാണ്. പുക്കിളിനു ചുറ്റുമുള്ള ആദ്യ കുത്തിവയ്പില്‍ ഞങ്ങള്‍ കസിന്‍സ് മൂന്നുപേരുടെയും കണ്ണിലൂടെ ഒരുപോലെ കണ്ണു നീരു വന്നു. 

ഇനി ഇതുപോലെ എട്ടോ പത്തോ എണ്ണമാണ് കാത്തിരിക്കുന്നത്. അന്നു രാത്രി ഉറക്കത്തിനിടെ പുക്കിളിലേക്ക് നീണ്ടു വരുന്ന സൂചി സ്വപ്നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. ആദ്യത്തെ രണ്ടു  മൂന്നു ദിവസത്തെ കുത്തിവയ്പ് കഴിഞ്ഞപ്പോള്‍ വേദന സഹിക്കാമെന്നായി. നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സ്‌നേഹ പൂര്‍ണമായ ഇടപെടലും മറ്റു രോഗികളുമായുള്ള സൗഹൃദവും പങ്കുവയ്പുമൊക്കെയായി ഒരാഴ്ച് പെട്ടെന്നു കടന്നുപോയി. 

ഇതിനിടയില്‍ അച്ചാച്ചന്റെ പെങ്ങള്‍ കുഞ്ഞാന്റി തിരുവല്ലയിലെ ജോലി സ്ഥലത്തു നിന്നും  കുട്ടികളുടെ കുറെ പുസ്തകങ്ങളും മറ്റു സമ്മാനങ്ങളും ഒക്കെയായി  എത്തി. മുത്തശ്ശി എന്ന ബാല മാസിക കുഞ്ഞാന്റി അന്നു കൊണ്ടു തന്നപ്പോഴാണ് ആദ്യമായി കാണുന്നത്. പൂമ്പാറ്റയും കുട്ടികളുടെ ദീപികയും ബാലരമയുമൊക്കെയേ കോട്ടയംകാരായ ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നുള്ളു. കുഞ്ഞാന്റിയുടെ വരവോടെ ഞങ്ങള്‍ ആശുപത്രിയിലെ സഹപട്ടികടിയേറ്റവരുടെ ഇടയില്‍ വി.ഐ.പികളുമായി. 

Meen Kadhakalകുത്തിവയ്പ് തീര്‍ത്ത് ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരാഴ്ചത്തെ സൗഹൃദച്ചരടുകള്‍ പൊട്ടുന്നതിന്റെ സങ്കടമുണ്ടായിരുന്നു മനസ്സില്‍. ഏതായാലും മുശി പിടിക്കാന്‍ പോയി പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടി വന്നതിന്റെ സങ്കടവും തമാശയുമൊക്കെ കുറച്ചു മാസങ്ങളോളം ഞങ്ങളുടെ മനസിലുണ്ടായിരുന്നു. കേളച്ചന്ദ്ര ആശുപത്രി ഇന്നില്ല. അവിടെ ഇപ്പോള്‍ ഏതോ ഫാക്ടറിയാണെന്നു തോന്നുന്നു. ചങ്ങനാശ്ശേരിയില്‍ നിന്നും എം.സി. റോഡിലൂടെ കോട്ടയത്തേക്ക് പോകുമ്പോള്‍ ചിങ്ങവനമെത്തുമ്പോള്‍ ഇപ്പോഴും ഞാന്‍ അറിയാതെ ഇടത്തു വശത്തേക്ക് കണ്ണെത്തിക്കും. പഴയ കേളച്ചന്ദ്ര ആശുപത്രി കാണാന്‍. ഇനി ഒക്കെത്തിനും കാരണക്കാരനായ മുശി തേങ്ങവറുത്തരച്ച് കറിവയ്ക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

മുശി തേങ്ങ വറുത്തരച്ച് കറിവച്ചത്
ചേരുവകള്‍
മുശി വൃത്തിയാക്കിയത് - അരക്കിലോ
വെളിച്ചെണ്ണ - 5 മില്ലി
ഉണക്കമല്ലി - 10 ഗ്രാം
ഉണക്കമുളക് - 20 ഗ്രാം
ഉലുവ - ഒരു ടീസ്പൂണ്‍ 
തേങ്ങ ചിരണ്ടിയത് - അരമുറി (വേറെ അരമുറി തേങ്ങകൊണ്ട് തേങ്ങപ്പാല്‍ ഉണ്ടാക്കി വയ്ക്കണം)
കറിവേപ്പില - രണ്ട് തണ്ട് 

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ മല്ലിയും ഉണക്ക മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. അതിനുശേഷം തേങ്ങചിരണ്ടിയത് ഇതിലിട്ട് സ്വര്‍ണനിറമാകുന്നതുവരെ മൂപ്പിക്കുക. ഇത് മിക്‌സിയില്‍ തരിഇല്ലാതെ അരച്ചെടുക്കുക. 

വെളിച്ചെണ്ണ - 5 മില്ലി
കടുക് - ഒരു ടീസ്പൂണ്‍ 
വറ്റല്‍ മുളക് - മൂന്നെണ്ണം
ചെറിയ ഉള്ളി അല്ലികള്‍ - 5 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി -10 ഗ്രാം 
വെളുത്തുള്ളി - 20 ഗ്രാം (ഇവ രണ്ടും കൂടി അരച്ച് പേസ്റ്റ് ആക്കുക)
കറിവേപ്പില - ഒരു തണ്ട്
തക്കാളി - 1 (എട്ടു കഷണങ്ങളായി മുറിക്കുക)
വാളമ്പുളി - 15 ഗ്രാം (ഇത് വെള്ളത്തില്‍ ചാലിച്ചെടുക്കുക)
ഉപ്പ് - പാകത്തിന് 

Chef Bijeesh Thomas
ബിജീഷ്  തോമസ് 

പാചകം ചെയ്യുന്ന വിധം
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇതില്‍ കടുക്, വറ്റല്‍ മുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ഇട്ട് മൂപ്പിക്കുക. ഇതില്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മൂപ്പിക്കുക. തുടര്‍ന്ന് ഇതില്‍ തക്കാളിക്കഷണങ്ങളും ഇട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് ആദ്യം അരച്ചുവച്ച തേങ്ങ മസാലക്കൂട്ട് ചേര്‍ക്കുക.

തുടര്‍ന്ന് വാളമ്പുളി ചാലിച്ചതും 100 മില്ലി രണ്ടാം പാലും ചേര്‍ത്ത് തിളപ്പിക്കുക. അതിനു ശേഷം മീന്‍ കഷണങ്ങള്‍ ഇടുക. മീന്‍ എട്ടുമിനിറ്റുവരെ വേവിച്ച ശേഷം തലപ്പാല് (ഒന്നാം പാല്‍) ഒഴിച്ച്  ചെറുതായി ചൂടാക്കി വാങ്ങി വയ്ക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണയും കൂടി ഒഴിക്കുക. 

പാചകവിധി- ബിജീഷ്  തോമസ് ( ഫ്രീ ലാന്‍സ് ഷെഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ് )  

വര: സി.വി. ദ്വിജിത് 

കൂടുതല്‍ മീന്‍ കഥകള്‍ വായിക്കാം​
വാള പൊട്ടിച്ച വലയും കുടം പുളിയിട്ടു വച്ച കറിയും 
വഴുതിപ്പോയ വരാലുകളും വിലയ്ക്കു വാങ്ങിയ അടികളും