"വാള മീനെ നീ കണ്ടിട്ടുണ്ടോടാ?" രാവിലെ അല്‍പ്പം വൈകി കണ്ണും തിരുമ്മി എഴുന്നേറ്റ എന്നോട് അമ്മച്ചിയുടെ (വല്യമ്മച്ചി) ചോദ്യം. തലേ ദിവസം അച്ചാച്ചനും ഉപ്പാപ്പന്മാരും ഊത്ത പിടിക്കാന്‍ പോയിട്ടുണ്ടായിരുന്നു. മാടപ്പള്ളിയിലെ ജീവിതം രണ്ടാം വര്‍ഷമായതോടെ ഒരു വിധം നാടന്‍ മീനുകളെയൊക്കെ കണ്ടാല്‍ തിരിച്ചറിയാവുന്ന വിധം വിദഗ്ധനായിക്കഴിഞ്ഞിരുന്നു ഞാന്‍. വരാലിന് മഞ്ഞ നിറം, കാരിക്ക് കറുത്ത നിറവും വിഷം കുത്തുന്ന ചെറിയകൊമ്പും, മുശിക്ക് തലയില്‍ നിന്ന് മൂന്നോ നാലോ ജോഡി ചെറിയ മീശകള്‍. കാതരമായ കുഞ്ഞിക്കണ്ണുകളുമായി കിടക്കുന്ന പള്ളത്തികള്‍. കുറുവാപ്പരലിനെ ഇപ്പോള്‍ ഏതുറക്കത്തിലും കണ്ടാല്‍ തിരിച്ചറിയാവുന്ന വിധം പണ്ഡിതനായിക്കഴിഞ്ഞു. പക്ഷേ വാള! ഇതുവരെ അങ്ങനെയൊരു മീനെ കണ്ടിട്ടില്ല. 

"നീ അടുക്കള മുറ്റത്തോട്ടു വാടാ," വീണ്ടും അമ്മച്ചിയുടെ വിളി. വടക്കുവശത്തെ മുറിയും കടന്ന് അടുക്കളയിലെ രണ്ടു പാത്രങ്ങളും തട്ടിമറിച്ചിട്ട് ആറാം ക്ലാസുകാരന്‍ വെളിയിലിറങ്ങി. പിന്നാലെ അമ്മച്ചിയും വന്നു. അവിടെ വലിയൊരു ചെമ്പേട്ടിയില്‍ മുട്ടനൊരു മീന്‍ കിടക്കുന്നു. കണ്ടാല്‍ തന്നെ പേടിവരും. തലയ്ക്കു താഴെ വെട്ടുകൊണ്ട പാടുമുണ്ട്. പേടിയുണ്ടെങ്കിലും ഇവനെ വറുത്ത്  തിന്നുന്ന കാര്യമോര്‍ത്തപ്പോള്‍ വായില്‍ വെള്ളമൂറാന്‍ തുടങ്ങി. 

എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് വീണ്ടും അമ്മച്ചിയുടെ ഇടപെടല്‍, "എടാ നീയാ പരിയമ്പുറത്തിരിക്കുന്ന (വീടിന്റെ പിന്നാമ്പുറം)  വലയൊന്നു പോയി നോക്കിക്കേ," വാളയെ കണ്ട് മയങ്ങി നിന്നിരുന്ന ഞാന്‍ മനസില്ലാ മനസോടെ പരിയമ്പുറത്തേക്ക് നടന്നു. അവിടെ മീനെ ഒറ്റിപ്പിടിക്കുന്ന ഒറ്റാലിനടുത്ത് വീശുവല പൊട്ടിപ്പൊളിഞ്ഞു കിടപ്പുണ്ട്. 

വീണ്ടും അമ്മച്ചിയുടെ അടുത്തേക്ക് ഓടി. "വലയെങ്ങനയാ അമ്മച്ചീ പൊട്ടിയത്?" "എന്നാ പറയാനാടാ... ഈ വാളയുടെ പരാക്രമമാ വല പൊട്ടിച്ചത്. കണ്ടോടാ ഇവന്റെ വലുപ്പം. രണ്ടര രണ്ടേമുക്കാല്‍  കിലോ വരും. ഇതൊന്നും വലയ്ക്കകത്തു നിക്കുകേല. നിന്റെ അച്ചാച്ചനും ഉപ്പാപ്പന്മാരും ഒരു പോലെ ശ്രമിച്ചിട്ടാ ഇവനെ കിട്ടിയത്. എന്നാലും വല പോയതൊരു സങ്കടമായിപ്പോയി." "എങ്ങനാ അമ്മച്ചീ ഇതിനെ പിടിച്ചത്. വലയിട്ടു പിടിച്ചാലെങ്ങനെയാ മീന്റെ തല മുറിയുന്നത്," പത്തുവയസ്സുകാരന്റെ സംശയങ്ങള്‍ അവസാനിക്കുന്നില്ല. 

meen kadhakal"കണ്ണോട്ട (മാടപ്പള്ളി പഞ്ചായത്തിന്റെ അതിര്‍ത്തി, തെങ്ങണ- ചങ്ങനാശ്ശേരി റൂട്ടില്‍) പാലത്തിന്റെ അവിടുത്തെ കണ്ടത്തില്‍ വച്ചാ ഇതിനെ കിട്ടിയത്. നിന്റെ ഉപ്പാപ്പന്‍ (ജോപ്പച്ചന്‍) തോടിനടുത്തുള്ള കണ്ടത്തില്‍ വീശുകയായിരുന്നു. കുറച്ചു പരലിനെയൊക്കെ കിട്ടി. അതുകഴിഞ്ഞാണ് ഇവനെക്കണ്ടത്. വാളയെന്നു വച്ചാല്‍ അവന് ഹരമാ. കുടംപുളിയിട്ടു വച്ച വാളക്കറി. വെട്ടിച്ചാടുന്ന വാളയെക്കണ്ടപ്പോള്‍ അത് വലയില്‍ നില്‍ക്കു എന്നൊന്നും ചിന്തിച്ചില്ല. വലയ്ക്കു വീശി. ഇത്രയും വലുപ്പമുള്ള വാള വലേ കിടക്കുമോ അത് വലയ്ക്കകത്തു കിടന്ന് രണ്ടു ചാട്ടവും തുള്ളലും. വലയുടെ ഒരു വശം പൊട്ടി. കുറച്ച് വണ്ണക്കൂടുതലുള്ള ഉപ്പാപ്പന്‍ ബാലന്‍സ് തെറ്റി കണ്ടത്തിലും വീണു. വാള വലയില്‍ നിന്ന ചാടിപ്പോകുന്ന സ്ഥിതിയായി. 

'വാള ചാടിപ്പോകുന്നേ... ഓടി വായോ' കിടന്ന കിടപ്പില്‍ ഉപ്പാപ്പന്‍ കൂടെയുള്ളവരെ വിളിച്ചു. ഉടനെ തന്നെ അച്ചാച്ചനും ബാക്കിയുള്ളവരും ഓടിയെത്തി. പെട്രോ മാക്സിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ വലയില്‍ നിന്ന് കുതിച്ചു ചാടാനൊരുങ്ങുന്ന വാള 'ഭീകരന്‍'. നിന്റെ അച്ചാച്ചന്റെ കൈയിലായിരുന്നു വെട്ടുകത്തി. ഒട്ടും മടിച്ചില്ല വാളയുടെ നേരെ ആഞ്ഞു വീശി. പൊങ്ങിച്ചാടിയ വാളയുടെ തലയ്ക്കു തന്നെ വെട്ടുകിട്ടി. അതോടെ അവന്റെ ശൗര്യവും അടങ്ങി. വൈകാതെ അതിനെ ചാക്കിലാക്കുകയും ചെയ്തു," അമ്മച്ചി വിവരണം നിര്‍ത്തി എന്നെ നോക്കി. 

"എടാ ഇന്നലെ ഇഷ്ടം പോലെ മീന്‍ കിട്ടി. പരലും കാരിയും മുശിയുമൊക്കെ കിട്ടി. അതൊക്കെ നിന്റെ ഉപ്പാപ്പന്മാര്‍ക്കു കൊടുത്തു. വാളയെ നമ്മളും എടുത്തു. പിന്നെ കറിവയ്ക്കുമ്പം അവര്‍ക്കു കുറച്ച് കൊടുത്താല്‍ മതി. എടാ ഈ വാള ഒരു ഭയങ്കരനാ," അമ്മച്ചി വാളയെക്കുറിച്ചുള്ള വിവരണം തുടര്‍ന്നു, "ഇതിന്റെ വായ നിറയെ ചെറിയ പല്ലുണ്ട്. അബദ്ധത്തിലെങ്ങാനും ഇതിന്റെ കടികൊണ്ടാല്‍ അവിടുത്തെ ദശയും കൊണ്ടേ പോകൂ." അതു കേട്ട് ഞാന്‍ ഒന്നുകൂടെ പേടിയോടെ വാളയെ നോക്കി. 

"വേണ്ടമ്മച്ചീ ഇതിനെ കറിവയ്ക്കണ്ട. പൊരിച്ചാ മതി...," പൊരിച്ച മീനിന്റെ ഇഷ്ടക്കാരനായ ഞാന്‍ ചിണുങ്ങി. ഉടനെ വന്നു അമ്മച്ചിയുടെ മറുപടി, "എടാ മണ്ടച്ചാരേ... വാള അത്ര രുചിയുള്ള മീനൊന്നുമല്ല. ദശയ്ക്ക് ഉറപ്പുമില്ല. വളവളാ കിടക്കും. അതുകൊണ്ട് ആരും ഇതിനെ വറുക്കാറില്ല. കറിവയ്ക്കുകയാണ് ചെയ്യുന്നത്. അതും നല്ല മുളകരച്ച് കുടംപുളിയുമൊക്കെയിട്ട്. അതു നിന്റെ അമ്മ ഉണ്ടാക്കിക്കൊള്ളും." ചോറില്‍ ചുവന്ന മീന്‍ചാറൊഴിച്ച് കുഴച്ച് ഉണ്ണുന്നതിന്റെ ആ രുചി ഓര്‍ത്ത് ഞാന്‍ മയങ്ങി നില്‍ക്കേ അമ്മയുടെ ഒച്ച ഉയര്‍ന്നു. 

meen kadhakal"രാവിലെ മീനും കണ്ടു വായുംപൊളിച്ചു നില്‍ക്കുകയാണോ. നിനക്ക് സ്‌കൂളിലൊന്നും പോകണ്ടേ," അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. ഇന്ന് പഠിത്തമുള്ള ദിവസമാണല്ലോ. ഓ ഇനി മീന്‍ കറികൂട്ടണമെങ്കില്‍ സ്്കൂള്‍ വിട്ട് വരണം. അത്താഴത്തിന് (രാത്രിഭക്ഷണം) മീന്‍ കറികൂട്ടി ചോറുണ്ണാം. മനസില്ലാ മനസോടെ ഞാന്‍ പല്ലു തേക്കാനായി കിണറ്റിന്‍ കരയിലേക്ക് നടന്നു. രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് താമസം തുടങ്ങിയപ്പോഴാണ് വാള എന്നെ പറ്റിച്ചത്. മീന്‍കാരന്‍ വാളയുണ്ടെന്ന് പറയുന്നത് കേട്ട് ഓടിച്ചെന്നപ്പോള്‍ കണ്ടത് നല്ല നീളന്‍ പാമ്പാടകള്‍. ഞങ്ങളുടെ നാട്ടിലെ പാമ്പാടയാണ് ഇവിടുത്തെ വാളകള്‍. എന്നാലും എന്റെ വാളേ... 

'വാള' കുടംപുളിയിട്ട് കറിവച്ചത് 

Chef Bijeesh Thomas
ബിജീഷ്  തോമസ് 

ചേരുവകള്‍
വാള മീന്‍ വൃത്തിയാക്കിയത് - അരക്കിലോ
വെളിച്ചെണ്ണ - 15 മില്ലി
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
ചെറിയ ഉള്ളി - അഞ്ച് അല്ലി (ചെറുതായി അരിഞ്ഞത്)
ഇഞ്ചി - 20 ഗ്രാം
വെളുത്തുള്ളി - 30 ഗ്രാം
മുളക് - രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ - ഒരു ടീസ്പൂണ്‍
കുടംപുളി - 20 ഗ്രാം
(കഴുകി ചെറുചൂടുവെള്ളത്തില്‍ (150എം.എല്‍) മുക്കി വയ്ക്കുക) 
ഉലുവാപ്പൊടി - രണ്ടു ഗ്രാം,  ഉപ്പ് - പാകത്തിന്  

തയ്യാറാക്കുന്ന വിധം 
മണ്‍ചട്ടിയില്‍ എണ്ണ നല്ലവണ്ണം ചൂടാക്കിയ ശേഷം കടുക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ഇട്ട് മൂപ്പിക്കുക. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റായി അരച്ചത് ഇടുക. ഇത് മൂത്തതിനുശേഷം മുളക് പൊടിയും മഞ്ഞള്‍പൊടിയും അല്‍പ്പം വെള്ളത്തില്‍ ചാലിച്ച് ഇതിലേക്ക് ഒഴിക്കുക. തുടര്‍ന്ന് ഉലുവാപ്പൊടിയും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് കുടംപുളിയും വെള്ളവും ഒഴിക്കുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ഇടുക. ചെറു തീയില്‍ പരമാവധി എട്ടു മിനിറ്റ് വേവിക്കുക. 

പാചകവിധി - ബിജീഷ് തോമസ് (ഫ്രീ ലാന്‍ഡ് ഷെഫ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്)

വര: ഗിരീഷ് കുമാര്‍ 

കൂടുതല്‍ മീന്‍ കഥകള്‍ വായിക്കാം 
വഴുതിപ്പോയ വരാലുകളും വിലയ്ക്കു വാങ്ങിയ അടികളും 
പെട്രോമാക്‌സിന്റെ വെളിച്ചവും ചട്ടിയിലെ മീനുകളും