കോളേജില്‍ വിലസി നടക്കുന്ന പിള്ളേര്‍ക്ക് പെട്ടെന്നൊരുദിവസം ബിസിനസ്‌ചെയ്യാന്‍ തോന്നിയാല്‍ എങ്ങനെയിരിക്കും? ഇക്കായീസിനോട് ചോദിച്ചാല്‍ ''നൈസായിരിക്കും ബ്രോ' നിങ്ങളും തുടങ്ങീന്...'' എന്ന് കോഴിക്കോടന്‍ ശൈലിയില്‍ മറുപടികിട്ടും. 

വീട്ടിലിരുന്ന് ചട്ടിപ്പത്തിരിയും ഇറച്ചിപ്പത്തിരിയും സമൂസയുമൊക്കെ കഴിക്കുന്നതിനിടെ 'അടിപൊളി മലബാറി ഫുഡ്ഡെല്ലാം നാട്ടാര്‍ക്കുംകൂടി വിളമ്പിയാലോ' എന്ന ചിന്തയാണ് ആറു സൂഹൃത്തുക്കളെ 'ഇക്കായീസ്' എന്ന ഫുഡ് വാനിലേക്ക് നയിച്ചത്. 

ഭട്ട് റോഡ് ബീച്ചില്‍ സായാഹ്നം ചെലവഴിക്കാനെത്തുന്നവര്‍ക്ക് ഇപ്പോള്‍ ഇക്കായീസില്‍ നിന്ന് എന്തെങ്കിലും കഴിക്കാതെ 'beach outing' പൂര്‍ണമാകില്ല. എന്‍. ഫുലൈജ്, ഒ. ഫലാഹ്, മുഹമ്മദ് നസീസ്, ഫാസില്‍, ഷാസ് ആദില്‍, ഷൈമ എന്നിവരാണ് ഇക്കായീസിനു പിന്നില്‍. എല്ലാവരും കോളേജ് വിദ്യാര്‍ഥികള്‍. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിനുവേണ്ടി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആറുപേരും സുഹൃത്തുക്കളാകുന്നത്.
 
എന്നാല്‍ ഒരുമിച്ചുചേര്‍ന്ന് എന്തെങ്കിലും ചെയ്താലോ എന്നായി. കോഴിക്കോട്ടാകുമ്പോള്‍ ഭക്ഷണം മാറ്റിനിര്‍ത്തി എന്തു ചിന്ത. വീട്ടമ്മമാര്‍ തയ്യാറാക്കുന്ന തനത് വിഭവങ്ങള്‍ ചേരുവകള്‍ കൈമോശംവരാതെ നാട്ടുകാര്‍ക്ക് വിളമ്പണമെന്ന് നിര്‍ബന്ധം. എന്നാല്‍പ്പിന്നെ വീടുകളില്‍നിന്നുത്തന്നെ വിഭവങ്ങള്‍ എത്തിക്കാമെന്നായി. ആശയത്തിനുപിന്നില്‍ കോളേജിലെ അധ്യാപകരുടെയും പെയിന്‍ പാലിയേറ്റീവ് പ്രസ്ഥാനത്തിലെ വളണ്ടിയര്‍മാരുടെയും പിന്തുണയുമെത്തി. പിന്നെ ആറുപേരുംചേര്‍ന്ന് എട്ടുലക്ഷം രൂപ മൂലധനമായി സമാഹരിച്ച് ഇക്കായീസിനുവേണ്ടി ഇറങ്ങി.

വീട്ടമ്മമാരുടെ കൈപ്പുണ്യം ഇക്കായീസിലേക്ക്..

കോഴിക്കോട് നഗരത്തിന്റെ വിവിധഭാഗത്തുള്ള വീട്ടമ്മമാരാണ് ഇക്കായീസിന്റെ ശക്തി. കൈപ്പുണ്യമുള്ള 'ഹോംഷെഫു'മാരെ തേടിയായിരുന്നു ആദ്യയാത്ര. കുറ്റിച്ചിറ, വെങ്ങാലി, പൊറ്റമ്മല്‍, നടക്കാവ്... നാടുമൊത്തം അലഞ്ഞ് 16 പേരെ കണ്ടെത്തി. ഓരോരുത്തര്‍ക്കും അവരുടെതായ സ്‌പെഷല്‍ വിഭവങ്ങള്‍.

അമേരിക്കന്‍ പത്തിരി മുതല്‍ എഗ് മസാല, ഇറച്ചിപ്പത്തിരി, സമൂസവരെ നീളുന്ന ലഘുഭക്ഷണങ്ങള്‍, പൂരി, ചപ്പാത്തി, നൈസ് പത്തിരി, വെള്ളയപ്പം, കൂട്ടി ബീഫും മീനും ചിക്കനും വിവിധതരം... അടുക്കളകളില്‍നിന്ന് തനത് വിഭവങ്ങളെത്തി. പിന്നെ ഒരു ഫുഡ് വാന്‍ സംഘടിപ്പിച്ച് വിദേശരാജ്യങ്ങളിലൊക്കെ കാണുമ്പോലെ കിടിലന്‍ ഫുഡ് വാനാക്കി. മഞ്ഞനിറത്തില്‍ കറുപ്പില്‍ ഇക്കായീസ് എന്ന് പേരിട്ട് വാന്‍ പുറത്തിറക്കി. 

ഉച്ചയോടെ വീടുകളില്‍നിന്ന് വിഭവങ്ങള്‍ ശേഖരിക്കും. അപ്പോള്‍ത്തന്നെ വീട്ടമ്മമാര്‍ക്ക് ലാഭവിഹിതം ഉള്‍പ്പടെ കൈമാറും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി 11.30 വരെ ഭട്ട് റോഡ് ബീച്ചിലുണ്ടാകും ഇക്കായീസ്. രുചിയും വിഭവങ്ങളുടെ വ്യത്യസ്തതയുംകൊണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കായീസ് ഹിറ്റ്. 

ഇനി ഓണ്‍ലൈനാകും..

ഇക്കായീസിന്റെ സേവനങ്ങള്‍ അടുത്ത ആഴ്ചയോടെ ഓണ്‍ലൈനില്‍ കൂടി ലഭ്യമാകും. വീട്ടില്‍ നിന്നുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇക്കായീസിന്റെ സ്വന്തം ഹോംഷെഫുമാര്‍ തയ്യാറാക്കുന്ന ഭക്ഷണം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഊണും പ്രഭാതഭക്ഷണവും എല്ലാം ഇങ്ങനെ ലഭ്യമാക്കും.

ഒപ്പം ഇക്കായി കട എന്ന ഓപ്ഷനില്‍ പോയാല്‍ വീട്ടില്‍ തയ്യാറാക്കുന്ന പത്തിരി, പുട്ട്, കൂവ, പൂള, അവിലൂസ്, മുളക്, മല്ലി, പൊടികള്‍-എല്ലാംകിട്ടും. www.ikkayi.com എന്ന സൈറ്റ് ഒരാഴ്ചയ്ക്കകം തയ്യാറാകും. ഒപ്പം ഇതേപേരില്‍ മൊബൈല്‍ ആപ്പും എത്തും. 

ഇക്കായീസ് വിജയമാകുമ്പോള്‍ സന്തോഷിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് ഫുലൈജിന്റെയും സുഹൃത്തുക്കളുടെയും പക്ഷം. ഒന്ന് എല്ലാവരും പോക്കറ്റ് മണിക്കായി വീട്ടുകാരെ ആശ്രയിക്കുന്ന പ്രായത്തില്‍ത്തന്നെ സ്വന്തം വരുമാനമായി, നാട്ടുകാര്‍ക്ക് വീടുകളില്‍ നിന്നുത്തന്നെ വൃത്തിയും രുചിമുള്ള തനത് വിഭവങ്ങള്‍ നല്‍കാം, പിന്നെ ഇക്കായീസിന്റെ ഹോംഷെഫുമാരായ വീട്ടമ്മമാര്‍ക്ക് മോശമല്ലാതെ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്, ഇനി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കൂടി കൂടുതല്‍ വിപുലപ്പെടുത്തണം... അപ്പോപ്പിന്നെ ഇക്കായീസ് ജോറായി മുന്നോട്ടുപോവട്ടെ, അല്ലെ...